കൊച്ചി എന്ന ചെറുപട്ടണം മഹാനഗരമായി മാറിയത് അജയന്റെ കണ്‍മുമ്പിലൂടെ ആയിരുന്നു.  വീടിന്റെ അടുത്തുള്ള വിശാലമായ വയല്‍ വരമ്പിന് കുറുകെയുള്ള  റെയില്‍വേപാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കരിവണ്ടിയില്ലേക്ക് ഓടി കയറുമ്പോള്‍ അജയന് 10 വയസ്സ് മാത്രമായിരുന്നു. ഇപ്പൊ അജയന് 60 വയസ്സ് കഴിഞ്ഞിരിക്കുന്നു . എന്തിനായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഉള്ള ചോദ്യത്തിന്ന് ' ഇപ്പോളും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത എന്തൊക്കെയോ കാരണങ്ങള്‍  നെടുമങ്ങാട് നിന്നും പന്തളത്തിനടുത്തുള്ള തറവാട് വീട്ടിലിലേക്കു വന്നപ്പോള്‍ ഒരു ദിവസം..'എന്നായിരുന്നു അയാളുടെ മറുപടി.

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

"ഒരു വൈകുന്നേരം ആയിരുന്നു കൊച്ചിയിലെ പഴയ ഹാര്‍ബര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. പിന്നീടങ്ങോട്ട് എന്തൊക്കെയോ ജോലികള്‍ ചെയ്തു. വലിയ പണക്കാരനാകണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്ന കാലം. പിന്നീട് മനസ്സിലായി അതൊക്കെ സിനിമയില്‍ മാത്രമാണെന്ന്", അജയൻ പറഞ്ഞു നിർത്തി.

ajayan
ഫോട്ടോ: ബി. മുരളീകൃഷ്ണൻ

ഗാന്ധിനഗറിലെ കാടുപിടിച്ചുകിടന്ന ഒരു പഴയ കെട്ടിടത്തിന്റെ മുന്‍പില്‍ വെച്ചാണ് അജയനെ കണ്ടുമുട്ടുന്നത്. മുഷിഞ്ഞ വസ്ത്രമാണെങ്കിലും അയാളുടെ മുഖത്തു നിറയെ ചിരി ആയിരുന്നു 'പാട്ട പെറുക്കിയാണ് ജീവിതം തുടങ്ങിയത്. അതിപ്പോഴും തുടരുന്നു.

"സാര്‍ വിചാരിക്കുന്നപോലെ അല്ല ഒരാള്‍ക്ക് ജീവിക്കാനുള്ള വകയൊക്കെ നിങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നവയില്‍ ഉണ്ട് . തേവരയിലെ വര്‍ക്ക് ഷോപ്പില്‍ കുറേകാലം ജോലി ചെയ്തതുകൊണ്ട് ഒരു ഗുണം ഉണ്ടായി; ഏതു വണ്ടിയും ഞാന്‍ ഓടിക്കും പക്ഷെ മേല്‍വിലാസം ഇല്ലാത്തവര്‍ക്ക് ലൈസന്‍സ് ഒന്നും കിട്ടില്ലല്ലോ. പിന്നെ ഞാന്‍ ഒരിടത്തും അങ്ങനെ സ്ഥിരമായി നില്‍ക്കാറുമില്ല . താന്‍ സ്ഥിരമായി അന്തിയുറങ്ങുന്ന കാടുപിടിച്ച കെട്ടിടത്തിന് സമീപത്തെ വാഴ കൂട്ടത്തിലേക്കു കൈചൂണ്ടി പറഞ്ഞു ; "ഈ വാഴയൊക്കെ ഞാന്‍ വെച്ചതാ, വേറെയും കൃഷി ഉണ്ടായിരുന്നു. കൊറോണ വന്നതോടെ അതൊക്കെ മുടങ്ങി .ചതുപ്പ് നിലങ്ങളായിരുന്നു ഇവിടൊക്കെ" , മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി നിര്‍വ്വികരിയ്കയോടെ കൊച്ചിയുടെ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു .

നഗരം ഒരുപാട് വലുതായി പക്ഷെ തെരുവിലെ ജീവിതം ഞാന്‍ അന്ന് വൈകുന്നേരം ട്രെയിന്‍ ഇറങ്ങിയ രാത്രിയില്‍ കണ്ടപോലെ തന്നെ, അജയൻ ദീർഘനിശ്വാസമെടുത്തു

അഞ്ച് സഹോദരങ്ങളാണ് അജയന്. ഞാന്‍ ഇവിടെയുണ്ടെന്ന് അവര്‍ക്കറിയാം; വീട്ടിലിലേക്കു പലതവണ വിളിച്ചിട്ടും ഉണ്ട്, എന്തോ ഒരിക്കലും ഇവിടം വിട്ട് എങ്ങോട്ടും പോകാന്‍ തോന്നിയില്ല അന്നൊക്കെ .'അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ പോയിരുന്നു. ഒരിക്കല്‍ മാത്രം. ഇനിയും അവര്‍ വന്നു വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന്ന് പെട്ടെന്നായിരുന്നു മറുപടി- " പോകണം". ഇപ്പോഴെന്താ അങ്ങനെ തോന്നുന്നത് എന്ന് എനിക്കറിയില്ല. 50 വര്‍ഷം മുന്‍പ് തീവണ്ടിയിലേക്ക് ഓടി കയറിയ 10 വയസ്സുകാരന്റെ മുഖ ഭാവത്തോടെ അയാൾ പറഞ്ഞവസാനിപ്പിച്ചു.

content highlights: Story of Ajayan from Kochi