രു പ്രഭാത സവാരിക്കിടയിലാണ് അവനെ  ശ്രദ്ധിച്ചത്. കടപ്പുറത്തിനോട് ചേര്‍ന്ന് പോകുന്ന കൂറ്റന്‍ ഫ്ളൈ ഓവര്‍. അതിനു താഴെയുള്ള നിരത്തിന് ഓരം ചേര്‍ന്ന് വിശ്രമിക്കുകയായിരുന്നു അവന്‍. ഒരു പുതിയ ദേശത്ത് എത്തിയാല്‍ ക്യാമറയുമായി  വെറുതേ ഒരു നടത്തം എനിക്ക് പ്രിയപ്പെട്ടതാണ്. സ്ഥലം  പൈതൃക നഗരമായ ആലപ്പുഴ. നടത്തത്തിനിടെ അടുത്തുള്ള തട്ടുകടക്കു മുന്നില്‍ ഒരു ചായ കുടിക്കാന്‍ ഇരുന്നതായിരുന്നു. കോവിഡ് കാലത്ത് വീട്ടില്‍ ഒരു നായയെ വാങ്ങിയത് മുതല്‍  അലഞ്ഞു നടക്കുന്ന നായക്കളെ  കൂടുതല്‍  ശ്രദ്ധിക്കുന്നതായി  തോന്നിയിരുന്നു. ശ്രദ്ധ വീണ്ടും  അവനിലേക്ക് നീണ്ടു. നീളമുള്ള  ഇടതൂര്‍ന്ന രോമം. കണ്‍മഷി ഇട്ട കറുത്ത കണ്ണുകള്‍. ഓമനത്വമുണ്ടെങ്കിലും മുഖമാകെ മുറിപ്പാടുകള്‍- തെരുവിന്റെ ക്രൗര്യമാവാം അവന് അത് നല്‍കിയത്. വെളുത്ത രോമങ്ങള്‍ അലച്ചില്‍ കൊണ്ട് മുഷിഞ്ഞിട്ടുണ്ട്. ലക്ഷണം വച്ച് നോക്കുമ്പോള്‍ ഇത് ഒരു നാടന്‍ പട്ടിയല്ല എന്ന്  മനസ്സ് പറഞ്ഞു. അല്ലെങ്കില്‍ ഒരു ക്രോസ് ബ്രീഡ് ആവാം. അപ്പോഴാണ്  ഓര്‍ത്തത് കഴിഞ്ഞ കുറച്ചു ദിവസമായി ഈ നഗരത്തില്‍  കണ്ട അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ അധികവും  ഹൈബ്രീഡ്  ആയിരുന്നല്ലോ എന്ന്.

വില കൊടുത്ത് വാങ്ങി വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന ഇവയ്ക്ക് ഈ നാട്ടില്‍ മാത്രം  എന്തേ ഈ ദുര്‍ഗ്ഗതി?.

.
ഫോട്ടോ: മധുരാജ്

സംശയം കടക്കാരനോട് ചോദിച്ചു.  ''ശരിയാണ്. എല്ലാം വളര്‍ത്തു  നായക്കളാണ്. സ്ഥലം മാറി പോകുമ്പോള്‍ യജമാനന്മാര്‍ ഇട്ട് പോകുന്നതാണ്.'' അയാള്‍ കാര്യം ചുരുക്കി  പറഞ്ഞു. ''കണ്ടില്ലെ അവനെ'' ദൂരെ കിടക്കുന്ന നമ്മുടെ കഥാ നായകനെ  ചൂണ്ടി അയാള്‍ പറഞ്ഞു.''എവിടെ നിന്നോ വന്നതാണ്. മണി (പേര് സാങ്കല്‍പ്പീകം)എന്നാണ് അവനെ നമ്മള്‍ വിളിക്കുന്നത്. നല്ല അനുസരണയാണ് .''

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

'മണീ'എന്ന്  അയാള്‍ നീട്ടി വിളിച്ചപ്പോള്‍ അവന്‍ അകലെ നിന്ന് ഓടി വന്നു. കടക്കാരന്‍  ഇട്ടു കൊടുത്ത ഭക്ഷണമാണ് അവന്റെ പ്രാതല്‍. അവനത് വാലാട്ടി കൊണ്ട് കഴിച്ചു. ഒരു കൗതുകത്തിന് അവന്റെ ഒരു Portrait ക്യാമറിയിലേക്ക് പകര്‍ത്തി. മഞ്ഞിന്റെ നനുത്ത സ്പര്‍ശമുള്ള ആ പ്രഭാതം അവന്റെ പിന്നില്‍ പാളി വീഴുന്ന വെയിലിന് ഒരു മായീക ഭാവം പകര്‍ന്നു. പക്ഷെ അവന്റെ മുന്നിലെ പാത അത്ര സുഖകരല്ല. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി യൂണിഫോം ധരിച്ച് ടൈ കെട്ടി നില്‍ക്കുന്ന കുട്ടിയെ പോലെ  ക്യാമറയിലേക്ക്  നോക്കി അവന്‍ അനുസരണയോടെ നിന്നു. കഴുത്തില്‍ അററു പോകാതെ കിടന്ന ആ നിറം മങ്ങിയ പട്ട  പഴയ യജമാനന്‍ കെട്ടികൊടുത്തത് ആകണം. അത് സ്‌നേഹവും കരുതലും നിറഞ്ഞ ഒരു ഭൂതകാലത്തെ ഓര്‍മ്മിപ്പിച്ചു. രോഗം വരുമ്പോഴും വയസ്സുകാലത്തും മനുഷ്യര്‍ സൗകര്യപൂര്‍വ്വം  ഉപേക്ഷിക്കപ്പെടുന്നവര്‍... മനുഷ്യന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്ക് മനുഷ്യന്റെ അതേ വിധി വരുന്നു...ഞാന്‍ സ്വയം ആശ്വസിച്ചു.

Representational image
തെരുവിൽ അലയുന്ന മറ്റൊരു പട്ടി | ഫോട്ടോ: മധുരാജ്

''വെള്ളപ്പൊക്കത്തില്‍ നീന്തി കരക്കടുത്തവരും കൂട്ടത്തില്‍ ഉണ്ട്.''- കടക്കാരന്‍ വിശദീകരിച്ചു. കുട്ടനാട് ഭാഗത്തെ വെള്ള പൊക്കത്തില്‍ ഉപേക്ഷിക്കപ്പെട്ട അലഞ്ഞു തിരിയുന്നവയെ  ഉദ്ധേശിച്ചായിരുന്നു അയാള്‍ അങ്ങനെ പറഞ്ഞത്. പ്രകൃതി ദുരന്തത്തിന്റെ  കണക്ക് പുസ്തകത്തില്‍ മനുഷ്യന്റെ നഷ്ടങ്ങള്‍ മാത്രമേ നാം രേഖപ്പെടുത്താറുള്ളു. എന്നാല്‍  അത് ജീവജാലങ്ങളുടെ ജാതകവും  മാറ്റിയെഴുതുന്നു.

Dogs
ഉപേക്ഷിക്കപ്പെട്ട നായ്ക്കൾ | ഫോട്ടോ: മധുരാജ്

മലാളത്തിലെ ക്ലാസിക് ചെറുകഥ ' തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' ഞാന്‍  ഓര്‍ത്തു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ സകലതും വിട്ടോടിയ തമ്പുരാന്റെയും കുടിയാനായ ചേന്നപ്പറയന്റെയും കഥ എന്ന നിലയില്‍ അല്ലല്ലോ അത് നമ്മുടെ ശ്രദ്ധ നേടിയത്. പ്രളയ വാരിധി വിഴുങ്ങാന്‍ വരുമ്പോഴും തന്റെ യജമാനനായ ചേന്നപ്പറയന്റെ കൂര അവസാന ശ്വാസം വരെ കാത്ത ആ ഉപേക്ഷിക്കപ്പെട്ട നായയുടെ വേദനാജനകമായ അന്ത്യം... അനാഥത്വം... അതാണ് ആ കഥയില്‍ നമ്മെ മഥിച്ചത്. ചേന്നന്റെ പട്ടി ഒരു നാടന്‍ പട്ടി ആകാതെ തരമില്ല. പക്ഷെ എന്റെ മുന്നിലുള്ളവ ചെറുപ്പത്തില്‍ അരുമകളായി വളര്‍ത്തിയ 'ഉന്നത കുലജാതര്‍' ആണെന്ന വ്യത്യാസമുണ്ട്. പക്ഷെ വേദനകള്‍ക്ക് മാത്രം വ്യത്യാസം ഇല്ല. കാലം മാറി പക്ഷെ കഥ മാത്രം മാറുന്നില്ല.

content highlights: K madhuraj writes about the abandoned dogs in street lives