നാളെ എന്തെന്ന നീക്കുപോക്കില്ലാതെ, നിവൃത്തികേടിന്റെ പടുകുഴിയില്‍ വീണുപോയ ജന്‍മങ്ങളാണ് തെരുവില്‍ കഴിയുന്ന ഓരോ ജീവനും. അവര്‍ അവരെ കുറിച്ച് പറയുന്നതാണ് അവരുടെ പേര്, അവര്‍ അവരെ കുറിച്ച് പറയുന്നതാണ് അവരുടെ ഭൂതകാലം. ഒത്തുനോക്കിയുള്ള ശരി തെറ്റുകളിലേക്ക് കടക്കാന്‍ ആധാര്‍ രേഖ പോലുള്ള യാതൊരുവിധ ഐഡന്റിറ്റികളുമില്ലാത്തവരാണിവര്‍. അവര്‍ക്ക് ശബ്ദം കൊടുക്കുന്ന ഇടമാണ് സ്ട്രീറ്റ് ലൈവ്‌സ്. കാമറ കണ്ണുകളിലൂടെ അവരുടെ ജീവിതത്തെ കുറിച്ച് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ സ്ട്രീറ്റ് ലൈവ്‌സില്‍ കഥ പറയും.

  • പേര് : ഏലീശ്വ പയസ്
  • ലൊക്കേഷന്‍ : കൊച്ചി കത്രിക്കടവ് റെയില്‍വേ പുറമ്പോക്ക്
  • ഉപജീവനമാര്‍ഗ്ഗം : സോഡാക്കമ്പനിയിൽ ചെറിയ പണി, ശുചീകരണം, ആക്രിപെറുക്കല്‍

കൊച്ചി നഗരത്തിന്റെ മാലിന്യം നിറഞ്ഞ വഴിയോരത്താണ് മാസങ്ങള്‍ക്കു മുന്‍പ് കുറെ തെരുവ് നായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്ന വൃദ്ധയെ  ആദ്യം കണ്ടത് .  ഏലീശ്വ പയസ് എന്ന 68 വയസ്സുകാരി. കത്രികടവ് റെയില്‍വേ ലൈന്‍ മുറിച്ചു കടന്ന് രണ്ടാള്‍ പൊക്കമുള്ള പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആണ് അവരുടെ വീടെന്നു പറയാവുന്ന സ്ഥലത്തെത്തിയത്. റെയില്‍വേ പുറമ്പോക്കിനു സമീപത്തെ  ഒറ്റമുറി വീട്ടില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസം. ചെറിയ ജോലികള്‍ ചെയ്ത് ജീവിതം തള്ളിനീക്കുന്ന ഇവര്‍ക് ആധാര്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല.'എനിക് ഒന്നും കഴിക്കാന്‍ കിട്ടിയില്ലെങ്കിലും ഇവര്‍ക്കുള്ളത് ഞാന്‍ 
എങ്ങനെയെങ്കിലും കൊടുക്കും '.തന്നോട് മുട്ടിയുരുമ്മി നില്‍ക്കുന്ന നായ്ക്കളെ തലോടി ഏലീശ്വ പറഞ്ഞു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

eleeswa pious
എളീശ്വ പയസ്സ്

ഭൂതകാലത്തെ കുറിച്ച് അവ്യക്തമായ ഓര്‍മ്മകളേ അവര്‍ക്കുള്ളൂ.. വീട് മൂലമ്പള്ളിയില്‍ ആയിരുന്നുവെന്നും ഒരു സഹോദരി മട്ടാഞ്ചേരിയില്‍ നിന്നു വല്ലപ്പോഴും സഹായവുമായി എത്താറുണ്ടെന്നും പറയുന്നു. ഭര്‍ത്താവും ഇവരോടൊപ്പം ഈ ഒറ്റമുറിയിലായിരുന്നു ജീവിതം. ആക്രിപെറുക്കി വിറ്റാണ് ഇരുവരും ജീവിച്ചത് . കോഴിക്കച്ചവടക്കാരില്‍ നിന്ന് കോഴിമാലിന്യം ശേഖരിച്ച് പട്ടികള്‍ക്ക് തീറ്റ കൊടുത്തും അവര്‍ ജീവിതം നിലനിര്‍ത്തി. ഇത്തരത്തില്‍ ജീവികളോടും ഇവര്‍ സ്‌നേഹം പുലര്‍ത്തിപ്പോന്നു. പത്ത- 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ സോഡാ ഫാക്ടറിയില്‍ കുറച്ചു കാലം ജോലിക്ക് പോയി. ഇപ്പോഴും ആക്രിപെറുക്കി വിറ്റാണ് ജീവിതം പുലര്‍ത്തിപ്പോരുന്നത്. 

പലപ്പോഴായി ഇവരെ തേടിയെത്തിയപ്പോഴാണ് ഏലീശ്വയെ പോലെ 20 കുടുംബങ്ങളുടെ ഒറ്റമുറി ജീവിതത്തിന്റെ ദുരിത കാഴ്ചകള്‍ കണ്ടത്. ഒരു മഴയില്‍ മുങ്ങുന്ന, വൈദ്യുതി ഇനിയും എത്തിച്ചേരാത്ത  ഷീറ്റിട്ട  കെട്ടിടത്തില്‍ ഏലീശ്വ ഉള്‍പ്പെടെ ഇരുപതോളം കുടുംബങ്ങള്‍ 10 വര്‍ഷത്തില്‍ കൂടുതലായി താമസിക്കുന്നു.1500 മുതല്‍ 2500 വരെ  പ്രതിമാസ വാടക കൊടുത്തുകൊണ്ടിരുന്ന ഇവരുടെ വീടിനു മുന്‍പിലെ  കുടിവെള്ള പൈപ്പ് ഒരു ആഡംബര വസ്തുവായി നിലകൊണ്ടു.. വൈദ്യുതി ഇല്ലാത്ത ആ ഒറ്റമുറി വീട്ടിലെ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമീപത്തെ കടയില്‍ നിന്നും മൊബൈല്‍ ചാര്‍ജ് ചെയ്തും രാത്രി തെരുവ് വിളക്കിന്റെ ചുവട്ടിലും ഓണ്‍ലൈന്‍ പഠനം മുന്‍പോട്ടു കൊണ്ടുപോയി . ലോകം മഹാമാരിയെ നേരിട്ടുകൊണ്ട് തന്നെ പുതിയ ഡിജിറ്റല്‍ യുഗത്തിലേക്കു പോകുമ്പോള്‍ ഒരു തിരിച്ചറിയല്‍ രേഖ പോലും ഇല്ലാതെ കൊച്ചി നഗരത്തിന്റെ നടുവില്‍  ഒറ്റമുറി വീട്ടിലെ ഇരുട്ടിനുള്ളില്‍ ജീവിതം തള്ളി നീക്കി ഏലിശ്വയെ പോലുള്ള കുറെ ജീവിതങ്ങള്‍.

street lives
1500 രൂപക്ക് 20 പേർ താമസിച്ച ഒറ്റ മുറി വീട്. ഇത് പുതുക്കി പണിയാനായി ഉടമ ഇവരെ ഇവിടെ നിന്ന് ഒഴിവാക്കി. ഇപ്പോൾ മറ്റൊരിടത്താണ് ജീവിതം

ഏലീശ്വ പയസിനെ കുറിച്ചുള്ള വാര്‍ത്ത വന്നതോടെ അധികാരികളുടെ ഇടപെടലുകള്‍ ഉണ്ടായി. 20 കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ ഇല്ലാത്തത് അവര്‍ക്കും അത്ഭുതമായി .അനുകൂലമായ നടപടികള്‍ ഉണ്ടാക്കുമെന്ന് ഉറപ്പും. ഒരു  മാസത്തിനു ശേഷം വീണ്ടും ഏലീശ്വയെ തിരക്കി അവിടെ എത്തിയപ്പോള്‍ കരിനിറഞ്ഞ ആ കെട്ടിടം ശൂന്യമായിരുന്നു. വൈദ്യുതിയും, കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുന്നതിനായി കെട്ടിട ഉടമ വീടുകള്‍ ഒഴിപ്പിച്ചിരുന്നു. ഒറ്റമുറി വീട്ടിലെ താമസക്കാര്‍ പലവഴിക്ക് പിരിഞ്ഞിരിക്കണം. സമീപത്തെ പാലത്തിന്റെ അടിയില്‍ താമസം തുടങ്ങിയ അവരിലൊരാളെ ഒടുവില്‍ കണ്ടെത്തി. പക്ഷെ അയാള്‍ പഴയതുപോലെ ഒന്നും സംസാരിക്കുവാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യുവാനൊ താത്പര്യം കാട്ടിയില്ല 

പമെടുത്താല്‍ അവര്‍ക്ക് പേടിയാണ്.അന്ന് പടമെടുത്ത ശേഷമാണ് ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെട്ടത്. ഇനി നിലവിലുള്ളിടത്ത് നിന്ന് കൂടി ഉടമകള്‍ ഇവരെ ഇറക്കിവിടുമോ എന്ന ഭയവുമുണ്ട് ഇവര്‍ക്ക്. മറുത്ത പറയാനുള്ള മടി കാരണം അവര്‍ മുഖത്തുനോക്കാതെ പറഞ്ഞു .'കയറി കിടക്കുവാന്‍ ഒരു കൂര ഉണ്ടായിരുന്നു. ഇപ്പൊ അതും ഇല്ലാതായി' .....

content highlights: Story of Eleeswa Pious from Kochi; Street story from Mathrubhumi