തൊഴിലിടത്ത് അത്യധ്വാനിക്കുന്നവനാണ് ദീപക്(യഥാർഥ പേരല്ല). കഷ്ടപ്പെട്ട് പഠിച്ചാണ് അവന്‍ മാര്‍ക്കു വാങ്ങിയത്. പണിയെടുത്ത് ഘട്ടം ഘട്ടമായി വലിയ ഉന്നതികളില്‍ എത്തിയവന്‍. നിന്നു തിരിയാന്‍ സമയമില്ലാത്തതിനാല്‍ തന്നെ സ്വന്തം കുട്ടികളെ നോക്കാനോ, അടുക്കള പണി ചെയ്യാനോ ഉള്ള സമയവും ദീപക്കിനുണ്ടായില്ല. വീട്ടില്‍ വന്നാലും ഓഫീസ് ജോലി തന്നെ. അത്രയും ആത്മാര്‍ഥമായി പണിയെടുക്കുന്ന അവനെനോക്കി അവരെല്ലാവരും പറഞ്ഞു- എന്തൊരു വര്‍ക്കഹോളിക് ആണാ പയ്യന്‍.

വര്‍ക്കഹോളിക്- തൊഴിലിടത്തില്‍ ജ്വലിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും കേള്‍ക്കാനിഷ്ടമുള്ള വാക്ക്. എന്നാല്‍ വര്‍ക്കഹോളിക് എന്ന വിളിപ്പേര് തന്നെ പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ ആണുങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സവിശേഷ ആനുകൂല്യം ആണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം ദീപക്കിന്റെ സ്ഥാനത്ത് ഒരു സ്ത്രീയെ സങ്കല്‍പിച്ചാല്‍ മതി ഈ കാഴ്ച്ചപ്പാടിൽ ക്ലാരിറ്റി വരാൻ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ദീപക്കിനു പകരം ദീപക്കിന്റെ ഭാര്യയെ സങ്കല്‍പിക്കുക. ദീപക്കിനെപ്പോലെത്തന്നെ കഷ്ടപ്പെട്ട് പഠിച്ച് കർമ്മമേഖലയിൽ വലിയ സ്വപ്‌നങ്ങള്‍ നെയ്തവൾ. ഓരോ ദിനവും ഓദ്യോഗിക ജീവിതത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് ജീവിക്കാനാഗ്രഹിച്ചവൾ. പക്ഷെ ആ സ്ത്രീക്ക് വര്‍ക്കഹോളിക് എന്ന പ്രചോദനാത്മകമായ വിളിയാണോ കേള്‍ക്കേണ്ടി വരിക, അതോ കുടുംബത്തിനു ചേരാത്തവളെന്ന വിളിപ്പേരോ.

സ്വന്തം ഔദ്യോഗിക ജീവിതത്തിൽ പ്രമോഷനടക്കമുള്ള വലിയ സ്വപ്‌നങ്ങളുള്ള ഒരു സ്ത്രീ രാത്രി വീട്ടിലെത്തി ജോലി ചെയ്താല്‍ അവള്‍ക്കുള്ള വിളിപ്പേര് വര്‍ക്കഹോളിക് അല്ലെന്ന് അവളുടെ ഇടങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.. 'ജോലി, ജോലി എന്ന ഒറ്റ വിചാരമേയുള്ളൂ', 'കുട്ടികളെ ശ്രദ്ധിക്കുന്നില്ല', ' ഭര്‍ത്താവിന് രുചിയുള്ളത് വെച്ചു വിളമ്പാന്‍ അവള്‍ക്കാവില്ല' എന്ന പാട്രിയാര്‍ക്കല്‍ ഡയലോഗ് ഡലിവറി ആണ് ഓരോ ദിവസവും അവള്‍ നേരിടേണ്ടി വരിക. ഒരു പടി കൂടി കടന്ന് അവള്‍ക്ക് ജോലി ചെയ്യാന്‍ മാത്രമേ അറിയൂവെന്നും മറ്റൊന്നിനും കൊള്ളില്ല എന്നുമുള്ള തീര്‍പ്പുകളും ഉണ്ടാവും. ഒപ്പം കുടുംബം നോക്കാനറിയാത്തവളാണെന്ന കുറ്റം ചാര്‍ത്തലും.

working man

എന്താണ് പാട്രിയാര്‍ക്കി

ആണിന്റെ തൊഴിലിലെ ആത്മാര്‍ഥതയെ വര്‍ണ്ണിക്കാന്‍ വര്‍ക്കഹോളിക് എന്ന വാക്കുള്ളപ്പോള്‍ പെണ്ണിന്റെ ജോലി സ്‌നേഹം പാതകമാണ് നിലവിലെ കുടുംബസങ്കൽപങ്ങൾക്ക്. സ്ത്രീധനം, ഗാര്‍ഹിക പീഡനം, ഭര്‍തൃ ബലാത്സംഗം എന്ന് തുടങ്ങിയ അനേകമനേകം ക്രൈമുകളുടെ രൂപവും പാട്രിയാര്‍ക്കിക്കുണ്ടെങ്കിലും 'പെണ്ണുങ്ങള്‍ ജോലിക്കു പോകേണ്ടതില്ല, കുടുംബവും തൊഴിലും ഒരു പോലെ കൊണ്ടുപോവാന്‍ അവള്‍ക്കാവണം, അമ്മയില്ലാത്ത വീട്ടിലെ കുട്ടികൾ വഴിതെറ്റും' എന്ന് തുടങ്ങീ തേനില്‍ പുരട്ടിയ കാൽപനിക കെണികളും പാട്രിയാര്‍ക്കിക്കുണ്ട്.

ഇവയെല്ലാം തങ്ങളുടെ സ്വപ്‌നങ്ങളെ കടിഞ്ഞാണിടുന്ന വലിയ ട്രാപ്പാണ് എന്ന് തിരിച്ചറിഞ്ഞവരും അതിനോട് കലഹിക്കുന്നവരുമായ പുരുഷന്‍മാരും സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡറുകളുമടങ്ങുന്നതാണ് കേരളത്തിലെ ഫെമിനിസ്റ്റ് സമൂഹം. അതായത് എല്ലാ ഫെമിനിസ്റ്റുകളും സ്ത്രീകൾ തന്നെ ആവണമെന്ന് നിർബന്ധമില്ല. മാത്രവുമല്ല ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ലീവ്‌ലെസ്സ് ബ്ലൗസ്സും കൂളിംഗ്ലാസ്സുമിട്ട് നടക്കുന്ന അരാജകവാദികളായ സ്ത്രീകളുമല്ല ഫെമിനിസ്റ്റുകള്‍. 

woman kitchen
Getty images

ഇങ്ങനെയല്ല എന്റെ കേരളം, എന്നാല്‍ കണക്കുകള്‍ നോക്കൂ

സംസ്ഥാന എക്കെണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കേരളത്തില്‍ 2019ൽ പ്രസവിച്ച സ്ത്രീകളില്‍ 32 ശതമാനം പേരും ബിരുദധാരികളാണ് . പക്ഷെ അച്ഛന്‍മാരില്‍ 21 ശതമാനം മാത്രമേ ബിരുദധാരികളുള്ളൂ. 32 ശതമാനം ബിരുദധാരികളായ സ്ത്രീകളുണ്ടായിട്ടും ഈ സ്ത്രീകളിൽ 60 ശതമാനത്തിനും (59.98) ജോലി ഇല്ല. അതേസമയം 2019ൽ മക്കളുണ്ടായ പുരുഷൻമാരിൽ 2.95 ശതമാനം മാത്രമാണ് തൊഴിലില്ലാത്തവര്‍.

കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ ശേഷം തൊഴിലെടുക്കണോ വേണ്ടയോ എന്നത് പലപ്പോഴും സ്ത്രീകളുടെ നിര്‍ണ്ണയങ്ങളില്‍പ്പെടാത്ത വിഷയമായതാണ് ഈ തൊഴിലില്ലാത്ത അമ്മമാരുടെ എണ്ണം കൊണ്ട് സൂചിപ്പിക്കുന്നത്. അല്ലാതെ തൊഴിലിനോടുള്ള അവരുടെ താത്പര്യക്കുറവല്ല.

പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് ഇന്ന് പണ്ടെത്തേക്കാളേറെ രക്ഷിതാക്കള്‍ ശ്രദ്ധവെക്കുന്ന കാര്യമാണ്. എന്നാല്‍ പഠനത്തില്‍ എത്ര ഉന്നതിയില്‍ എത്തിയാലും വിവാഹം കഴിഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞ് കുടുംബം പുലര്‍ത്തുക എന്ന ഉത്തരവാദിത്വങ്ങളില്‍ തളയ്ക്കപ്പെടുകയാണ് പെണ്‍കുട്ടികള്‍. ആണിന് ജോലി വേണമെന്ന നിര്‍ബന്ധം വിവാഹമാര്‍ക്കറ്റിലുള്ളപ്പോള്‍ പെണ്ണിന് അത് നിര്‍ബന്ധമല്ലെന്നതും പാട്രിയാര്‍ക്കിയുടെ അലിഖിത നിയമങ്ങളാണ്. ഇതില്‍ ആണും പെണ്ണും ഇരകളാണ്. സഹോദരിയെ വിവാഹം കഴിപ്പിക്കാൻ കാശ് ശരിയാവാതെ വന്നതിന്റെ പേരിൽ കേരളത്തിൽ സഹോദരൻ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണല്ലോ. അയാളും ഇതേ പാട്രിയാർക്കിയുടെ ഇരയാണ്.

സ്വതന്ത്രരല്ലാതെ വളര്‍ന്ന് സ്വതന്ത്രരാവാതെ പോകുന്നവര്‍

പെണ്‍കുട്ടികളെ സംബന്ധിച്ച് ആഘോഷിച്ചു നടക്കേണ്ട പഠനകാലയളവിന്റെ ഒരു വലിയ കാലഘട്ടം വസ്ത്രത്തിലുടക്കിയാണ് കടന്നു പോകുന്നത്. കാലിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന യൂണിഫോം രീതി അപകര്‍ഷതാ ബോധവും തങ്ങള്‍ ആണ്‍കുട്ടികളോളം സ്വതന്ത്രരല്ലെന്ന തോന്നലും പെണ്‍കുട്ടികളിലുണ്ടാക്കുന്നുണ്ട്. ഈ വക സകല വിവേചനങ്ങളെയും കോംപ്ലക്സ്സുകളെയും കൗമാരകാലത്തെ ലൈംഗികാതിക്രമങ്ങളെയും ഒളിഞ്ഞുനോട്ടങ്ങലെയും  മറികടന്നാണ് പല പെണ്‍കുട്ടികളും അവരിഷ്ടപ്പെടുന്ന തൊഴില്‍ മേഖലയിലെത്തി സ്വയംപര്യപ്തരാവുന്നത്. 

Marriage
പ്രതീകാത്മക ചിത്രം | പി.ടി.ഐ

ഇങ്ങനെ എത്തിപ്പിടിക്കുന്ന കരിയറാണ് പലപ്പോഴും വിവാഹം ശേഷം പല സ്ത്രീകള്‍ക്കും ഉപേക്ഷിക്കേണ്ടി വരുന്നത്. വിവാഹ ശേഷമുള്ള തൊഴിലുപേക്ഷക്ക് പല കാരണങ്ങളുണ്ടാവാം. അതില്‍ പ്രധാനമായുള്ളത് ആണിന്റെ വീട്ടിലേക്കുള്ള പെണ്ണിന്റെ കൂടുമാറ്റമാണ്. സ്വന്തം വീട്ടില്‍ നിന്ന് ജോലിക്ക് പോയി വന്നതു പോലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോയി വരാനുള്ള സാഹചര്യം എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അസംഘടിതമേഖലയിലെയോ സര്‍ക്കാരിതര മേഖലയിലോ ജോലി ചെയ്യുന്ന സ്ത്രീകള്‍ അതിനാല്‍ തന്നെ വിവാഹം എന്ന ഒറ്റക്കാരണത്താല്‍ ജോലി ഉപേക്ഷിക്കുകയാണ്. കൂടുമാറ്റം കൂടാതെ ജോലിക്ക് തടസ്സമാകുന്ന കാരണങ്ങള്‍ വേറെയുമുണ്ട്. 'ഭാര്യയെ ജോലിക്ക് വിടാനുള്ള ഇഷ്ടമില്ലായ്മ, ഞാന്‍ ജോലി ചെയ്യുന്നുണ്ട് ഇനി നീ കൂടി സമ്പാദിക്കണമോ, പെണ്ണിനെ പണിക്ക് വിട്ട് കുടുംബം പുലര്‍ത്തേണ്ട ഗതികേടില്ലെന്ന ആണ്‍ബോധം, ഭര്‍ത്താവ് ജോലിക്ക് പോയാല്‍ കുട്ടികളെ നോക്കാന്‍ വീട്ടിലാരുണ്ട്, വയസ്സാന്‍ കാലത്ത് ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും സഹായിക്കാന്‍ ആരുണ്ട്' എന്നിങ്ങനെയുള്ള പലവിധ കാരണങ്ങള്‍ വേറെയും. നേരെ തിരിച്ച് ഇതില്‍ ഒരു ചോദ്യം പോലും പുരുഷൻമാർക്ക് ഒരു കാലത്തും നേരിടേണ്ടി വരുന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ഈ സകലചോദ്യങ്ങളെയും ചൂണ്ടുവിരലുകളെയും അതിജീവിച്ചാണ് സ്ത്രീകളില്‍ പലരും തൊഴില്‍ രംഗത്ത് നിലനിൽക്കുന്നത്. 2019ൽ പ്രസവിച്ച സ്ത്രീകളിൽ ബിരുദം പൂര്‍ത്തിയാക്കിയവര്‍ 32.64 ശതമാനവും  മെട്രിക് പൂര്‍ത്തിയാക്കിയവർ 47 ശതമാനവും ഉണ്ടായിട്ടും കേരളത്തില്‍ 2019ല്‍ പ്രസവിച്ച 60 ശതമാനം അമ്മമാര്‍ക്കും തൊഴിലില്ല എന്നത് ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ബാക്കി വരുന്ന 40 ശതമാനത്തില്‍ 21 .42 ശതമാനം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും കണക്കുകള്‍ പറയുന്നു. അതായത് കണക്കുകള്‍ പ്രകാരം 2019ല്‍ പ്രസവിച്ച 20 ശതമാനം സ്ത്രീകള്‍ മാത്രമേ തൊഴിലിടത്തിലുള്ളൂ. നന്നായി പഠിച്ചിട്ടും തൊഴിൽ മേഖലയിലെത്തി സ്വം പര്യാപ്തരാവാൻ കേരളത്തിലെ 60 ശതമാനത്തിലധികം സ്ത്രീകൾക്കും സാധിക്കാത്തത് അവരുടെ കഴിവില്ലായ്മയാണെന്ന് ഇനിയും നിങ്ങൾ പറയുന്നുണ്ടെങ്കിൽ നിങ്ങളെയും പാട്രിയാർക്കൽ ദുർഭൂതം പിടികൂടിയിരിക്കുന്നു എന്ന് സംശയലേശമന്യേ പറയാം.

തൊഴിലിടത്തിലുള്ള ആ 20 ശതമാനം സ്ത്രീകളും അവരുടെ പോരാട്ടവും

സകല വിധ വിലക്കുകളെയും അതിജീവിച്ച് തൊഴിലിടത്തിലെത്തിയ ആ 20 ശതമാനത്തെ കുറിച്ചാണ് നാമിനി സംസാരിക്കുന്നത്. ബേബി കെയറിന് ആളെ വെച്ചും, ദീര്‍ഘകാല ലീവെടുത്തും, പാട്രിയാർക്കി ആവശ്യപ്പെടുന്നതുപോലെയുള്ള തൊഴില്‍ കുടുംബബാലന്‍സ് സര്‍ക്കസ് നടത്തിയുമാണ് അമ്മമാരായ സ്ത്രീകള്‍ തൊഴിലിടത്ത് നിലനില്‍ക്കുന്നത്. ക്രിയേറ്റീവ് കരിയറിലുള്ള സ്ത്രീകളെ സംബന്ധിച്ച് വിവാഹവും പ്രസവവും കരിയറില്‍ വലിയ വിടവും സൃഷ്ടിക്കുന്നു. വളരെ പ്രൊഗ്രസ്സീവ് ആയ കുടുംബങ്ങളില്‍ എത്തിപ്പെടുന്ന സ്ത്രീകളും ഈ 20 ശതമനാത്തിന്റെ ഭാഗമാണെന്നതും ഇതോടൊപ്പം എടുത്തു പറയട്ടെ.

working women
 PTI

തൊഴിലിടങ്ങളിലെ കംഗാരു പരിചരണം

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ തൊഴിലിടങ്ങളിലേക്ക് കൂടുതലും കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളായിരിക്കും. അത് ചൂളയിലെ പണിയായിക്കൊള്ളട്ടെ, ചുമടെടുക്കുന്നവരായിക്കൊള്ളട്ടെ, ഓഫീസ് ജോലികള്‍ ചെയ്യുന്നവരായിക്കൊള്ളട്ടെ. പുരുഷൻമാരെ അത്തരത്തിൽ കാണാത്തത് അവർക്ക് കുട്ടികളോട് സ്നേഹമില്ലാഞ്ഞിട്ടല്ല പകരം വീട്ടില്‍ കുട്ടികളെ നോക്കാന്‍ ഭാര്യമാരുണ്ട് എന്ന സവിശേഷ സൗകര്യം അവരനുഭവിക്കുന്നതുകൊണ്ടാണ്. പ്രസവത്തിനെത്തിയ 80 ശതമാനം വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വീട്ടിലിരിക്കുകയാണെന്ന് കണക്കുകള്‍ തന്നെ പറയുന്നുണ്ടല്ലോ. 

സാമ്പ്രദായിക കുടുംബത്തെ സംബന്ധിച്ച് ഒരു തൊഴിലെടുക്കുന്ന സ്ത്രീ എന്നത് ഭക്ഷണ കാര്യത്തിലും വീട് നടത്തിപ്പിന്റെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നവളാണ്. കുടുംബത്തിന്റെ നല്ല നടത്തിപ്പിന് തൊഴിലെടുക്കുന്ന സ്ത്രീ അഭികാമ്യമല്ലെന്ന് കുടുംബത്തിനു തന്നെ അനുഭവപ്പെടുന്നതുകൊണ്ടാണ് ജോലിക്കു പോകുന്നതിനു പകരം വീട്ടിലിരുന്ന് കുട്ടിയെ നോക്കാന്‍ കുടുംബവും സമൂഹവും അവൾക്ക് ഉപദേശം നൽകുന്നത്. അതിന് തയ്യാറാവാത്ത സ്ത്രീകള്‍ കുട്ടികള്‍ വീട്ടില്‍ ഒറ്റക്കിരിക്കേണ്ട ഘട്ടത്തില്‍ അവരെ ഓഫീസിലേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതരാവുകയാണ്. ഓഫീസിൽ ആണുങ്ങൾക്കൊപ്പം കുട്ടികളെ കയറ്റാത്ത പ്രശ്നമൊന്നുമില്ല, പക്ഷെ കുട്ടി അമ്മമാരുടെ വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യപ്പെടുത്തലുകള്‍ നിരന്തരം സമൂഹം നടത്തുന്നതുകൊണ്ടാണ് അമ്മമാരോടൊപ്പം ഓഫീസിലെത്തുന്ന കുഞ്ഞുങ്ങൾ സാധാരണ കാഴ്ചയാവുന്നത്. ഇതിനെല്ലാം പുറമെ അച്ഛനേക്കാള്‍ വാത്സല്യവും സ്‌നേഹവും അമ്മയ്ക്കാണെന്നും അമ്മ എല്ലാം സഹിക്കുന്നവളാണെന്നുമുള്ള മഹത്വവത്കരണങ്ങളുമുണ്ടല്ലോ....

kitchen

ഉപ്പു, മുളക്, പച്ചക്കറി, നാളത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ്

ക്രിയേറ്റീവ് മേഖലയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്ന ഒരു സ്ത്രീയെ ഇന്നലെ ജോലി ശേഷം കണ്ടത് ഒരു കയ്യില്‍ പച്ചക്കറി കിറ്റും മറു കയ്യില്‍ പലചരക്ക് സാധനങ്ങളുമായാണ്. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി ലൈബ്രറിയില്‍ പോയി പുസ്തകം വാങ്ങിയോ സുഹൃത്തുക്കളുമായി ഒന്നു ചുറ്റിക്കറങ്ങിയോ, ചായപ്പീടികയില്‍ ഇരുന്ന് രാഷ്ട്രീയം പറഞ്ഞോ തന്റെ ബൗദ്ധിക മണ്ഡലം വികസിപ്പിക്കാനുള്ള അവസരം കുടുംബിനിയായ ഒരു സ്ത്രീക്ക് പലപ്പോഴും ലഭിക്കാറില്ല. മാത്രവുമല്ല വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുന്നതുവരെ നാളെ എന്തെന്നാലോചിച്ച് തലച്ചോറിന്റെ ഒരു വലിയ ഭാഗം ബ്രേക്കഫാസ്റ്റ് ചിന്തക്കായി അവള്‍ക്ക് മാറ്റിവെക്കേണ്ടി വരുന്നു . പല പുരുഷന്‍മാരെയും സംബന്ധിച്ചും അത്തരം ആലോചനകള്‍ വേണ്ടി വരുന്നില്ല എന്നത് തന്നെ പാട്രിയാർക്കൽ സമൂഹം പുരുഷന് നല്‍കിയ ഏറ്റവും വലിയ ആണ്‍ പ്രിവിലജുകളിലൊന്നാണ്. 

ജോലി കഴിഞ്ഞുള്ള ശേഷിക്കുന്ന മണിക്കൂറുകള്‍ വായനക്കും വര്‍ക്കൗട്ടിനും എക്‌സസൈസിനും യോഗക്കും സിനിമക്കും മറ്റുമായി പുരുഷന് മാറ്റിവെക്കാനാകുമ്പോള്‍ സ്ത്രീയെ സംബന്ധിച്ച് അവരുടെ തലച്ചോര്‍ അടുത്ത ദിവസം വീട്ടിലുണ്ടാക്കുന്ന ബ്രേക്ക്ഫാസ്റ്റും, വീട്ടില്‍ തീര്‍ന്ന ഉപ്പിന്റെയും മുളകുപൊടിയുടെയും കണക്കുകളില്‍ പുകയുകയാവും. വീട്ടിലിരിക്കുന്ന സമയങ്ങളില്‍ എത്ര ഭാഗം തൊഴിലെടുക്കുന്ന ഒരു സ്ത്രീക്ക് അവരുടെ അറിവുകളുടെ വികാസത്തിനായി മാറ്റിവെക്കാനാകുന്നുണ്ട്. ഈ സകലവിധ അധിക ചുമടുകളും പേറിയാണ് എല്ലാ പ്രിവിലജുകളോടെയും വിരാചിക്കുന്ന പുരുഷനുമായി ഔദ്യോഗിക ജീവിതത്തിൽ  ഒരു സ്ത്രീ മത്സരത്തിനിറങ്ങുന്നത്. അടുക്കളപ്പണി, അലക്ക് വൃത്തിയാക്കലിനു പുറമെ കുട്ടികളുടെ പഠന കാര്യം വരെ അമ്മയുടെ ചുമതലയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയതോടെ ജോലി ചെയ്യുന്ന അമ്മമാരുടെ ഭാരം വീണ്ടുമേറി.

കോഴിക്കോട്ടെ പ്രമുഖ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികയായ സ്ത്രീ പറഞ്ഞ ഒരു കാര്യമുണ്ട്- " സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നതു മാത്രമല്ല ഞങ്ങളുടെ പണി. പാരന്റ്‌സ് ടീച്ചേഴ്‌സ് മീറ്റിങ്, പല പല ആക്ടിവിറ്റികള്‍, അതിന് നേതൃത്വം കൊടുക്കല്‍ എന്നു തുടങ്ങീ എല്ലാം ചെയ്ത് വെച്ച് വീട്ടിലെത്തുമ്പോള്‍ തന്നെ വൈകും. വീട്ടിലേക്ക് വരുന്ന വഴി അവശ്യസാധനങ്ങളും വാങ്ങും വീട്ടിലെത്തി ഭക്ഷണമുണ്ടാക്കി നാളത്തേക്കുള്ളത് അരിഞ്ഞു വെച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വൈകും. ശാരീരികമായും മാനസ്സികമായും അധികഭാരമെടുത്ത് ക്ഷീണിച്ച അവസ്ഥയിലായിരിക്കും ഉറങ്ങാന്‍ കിടക്കുക. എന്നാല്‍ ഉറക്കം എപ്പോള്‍ വേണമെന്നു നിശ്ചയിക്കാനുള്ള പ്രിവിലജ് പോലും ഞങ്ങള്‍ക്കില്ല", അവര്‍ പറഞ്ഞു നിര്‍ത്തി. 

വിവാഹം കഴിച്ചിട്ടും മക്കളുണ്ടായിട്ടും കരിയര്‍ ഉപേക്ഷിക്കാത്ത ഇത്ര വലിയ അതിജീവനങ്ങളിലൂടെ കരിയര്‍ കെട്ടിപ്പടുത്ത സ്ത്രീകളെ നോക്കി ഒരു ലജ്ജയുമില്ലാതെ നമ്മള്‍ ചോദിക്കും സ്ത്രീയും പുരുഷനും തുല്യരല്ലേ എന്നിട്ടും സ്ത്രീകള്‍ക്കെന്തിനാണ് പരിഗണന എന്ന്. എന്തിനാണ് അവര്‍ക്ക് പ്രത്യേക ക്യൂ, എന്തിനാണ് രാത്രികളില്‍ അവരെ വീട്ടില്‍കൊണ്ടു ചെന്നാക്കുന്നത്....ഇതൊന്നും നിങ്ങളല്ല ചോദിക്കുന്നത്. പാട്രിയാർക്കി നിങ്ങളില്‍ ഇന്‍ജക്ട് ചെയ്ത ആണ്‍ പ്രിവിലജിന്റേതാണീ ചോദ്യങ്ങൾ.

തുടരും

ഭരണഘടനയറിയാം

ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബര് 27ന് സുപ്രീം കോടതി റദ്ദാക്കി്. ഈ വകുപ്പ് ഭാര്യയെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായാണ് കണക്കാക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 497 റദ്ദാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല ഭാര്യയെന്നത് ഉപഭോഗവസ്തുവുമല്ല എന്നതായിരുന്നു വിധിയുടെ ആത്മാവ്.
സ്ത്രീയെ അന്തസ്സില്ലാതെ കാണുന്ന വകുപ്പ് പ്രത്യക്ഷത്തില്‍ ഏകപക്ഷീയമാണെന്നും ഇതു ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതേ വ്യവസ്ഥകളുള്ള ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സി.ആര്‍.പി.സി.) 198 (2) വകുപ്പും കോടതി റദ്ദാക്കി.

ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പു നല്‍കുന്നു. സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.