"നാട്ടിലെ ഒരു പെണ്‍കുട്ടിയോട് എനിക്ക് പ്രേമമായിരുന്നു. അവരെ കാണാന്‍ കൊതിച്ച് നടന്ന നാളുകള്‍. ഒരു കല്ല്യാണ വീട്ടില്‍ അവര്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാനവിടെ ചെന്നു. അവരെ കൂടുതല്‍ നേരം കാണാനായി അവരും കുറെയാളുകളും വന്ന വാനില്‍ കല്ല്യാണം കഴിഞ്ഞ് അവരോടൊപ്പം തിരികെ പോരാന്‍ ഞാന്‍ പദ്ധതിയിട്ടു. വാനില്‍ കയറിയതു മുതല്‍ പ്രണയം തുറന്നു പറയണമെന്നത് ഉള്ളില്‍ തിരതല്ലി. അതിനുള്ളില്‍ ഇരിക്കാന്‍ സ്ഥലമില്ലാത്തതൊന്നും എനിക്കൊരു പ്രശ്‌നമേയായിരുന്നില്ല. ഞാനവരെ പ്രേമസുരഭിലമായി നോക്കി. അവരും എന്നെ നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു, 'മോനിങ്ങ് വാ, മടിയിലിരുന്നോ'.....

ആ പ്രണയം നൂറായിരം ചില്ലു കഷണങ്ങളായി ആ വാനില്‍ ചിതറി...വാന്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തും വരെ ഇടക്കിടെ അവര്‍ ചോദിച്ചു, 'മോന്‍ ഒകെ അല്ലേേേേേേേ.....'

കേള്‍ക്കുമ്പോള്‍ വലിയ തമാശയായി നിങ്ങള്‍ക്ക് തോന്നാം.  തമാശയാണല്ലോ എന്റെ ആയുധവും. പക്ഷെ അവഹേളനങ്ങളാല്‍ മുറിവേറ്റവന്റെ ആത്മവിശ്വാസം ആര്‍ജ്ജിക്കാനുള്ള അവസാനത്തെ അടവായിരുന്നു എനിക്കെന്റെ തമാശകളത്രയും. തമാശയാണ് ഇന്ന് കാണുന്ന ഞാനായി എന്നെ മാറ്റിയത്. വാ തുറന്ന് ചിരിക്കാന്‍ പോലും ആത്മവിശ്വാസമില്ലാതിരുന്ന അന്തര്‍മുഖനായിരുന്നു ഞാന്‍. അതിൽ നിന്ന് നിങ്ങളറിയുന്ന ശ്രീകാന്തിലേക്കുള്ള ദൂരം അത്ര ചെറുതല്ല.

നാട്ടുകാർക്ക് നമ്പോലൻ, ജീവനില്ലാത്തവൻ, പ്രണയത്തിനായി കൊതിച്ചവൻ

വിദ്യാലയ കാലത്തെല്ലാം ഞാനെല്ലാവര്‍ക്കും വലിപ്പമില്ലാത്ത ആരോഗ്യമില്ലാത്ത ഒരു നമ്പോലന്‍ കുഞ്ഞായിരുന്നു. അപകര്‍ഷതയെ പരകോടിയിലെത്തിക്കും വിധം അസ്ഥിക്കൂടം വിളിയും, ജീവനില്ലാത്ത കുഞ്ഞെന്ന അപഹാസ്യവും വേണ്ടുവോളം ഞാന്‍ കേട്ടിട്ടുണ്ട്.

ആരെപ്പോലെ തന്നെ പ്രണയവും ഞാന്‍ കൊതിച്ചു. പക്ഷെ നിരതെറ്റിയ പല്ലും മെലിഞ്ഞുണങ്ങിയ ശരീരം വെച്ചുള്ള കളിയാക്കലുകളും ദിവസേന നേരിട്ട വ്യക്തിയായതിനാല്‍ ഒന്നു ചിരിക്കാന്‍ പോലുമുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. പ്രണയം എനിക്കന്യമായി തന്നെ തുടര്‍ന്നു. ഒരിക്കല്‍ ഒപ്പം പഠിച്ച കുട്ടിയോട് പ്രണയം തുറന്നു പറഞ്ഞപ്പോള്‍ "കോന്ത്രം പല്ലുള്ള നിന്നെപ്പോലുള്ള കൊരങ്ങനെ ആര് പ്രേമിക്കാന്‍" എന്നാണവൾ ചോദിച്ചത്. എട്ടാം ക്ലാസ്സിലെ ആ നിരാകരണം വലിയ രീതിയില്‍ എന്നെ ബാധിച്ചു. നിരാകരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. പക്ഷെ അത് മറ്റൊരാളെ ബോഡി ഷെയിം ചെയ്തു കൊണ്ടാവുമ്പോഴാണ് വലിയ വിഷയമാവുന്നത്. അതിനു ശേഷം ഒരുപാട് വർഷങ്ങളോളം വാ കൈ കൊണ്ടു മറച്ചു പിടിച്ചാണ് ഞാന്‍ ചിരിച്ചതത്രയും.  തമാശകേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കാതെ ചിരിയെല്ലാം എടുത്തു കളഞ്ഞ നാളുകൾ. 24-25 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു പിന്നീട് വാതുറന്ന് ചിരിക്കാനുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍. വാ തുറന്നു ചിരിക്കാനുള്ള ആത്മവിശ്വാസം കെടുത്തിയത് പ്രണയാഭ്യര്‍ഥനായായിരുന്നെങ്കില്‍ ഒരു പതിറ്റാണ്ടിനു ശേഷം വാ തുറന്ന് ചിരിക്കാനുള്ള കോണ്‍ഫിഡന്‍സ് നല്‍കിയതും പ്രണയമായിരുന്നു.

vettiyarനിരാകരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. പക്ഷെ അത് മറ്റൊരാളെ ബോഡി ഷെയിം ചെയ്തു കൊണ്ടാവുമ്പോഴാണ് വലിയ വിഷയമാവുന്നത്. 

വളര്‍ച്ചയില്ലായ്മയെച്ചൊല്ലിയുള്ള പരിഹാസം

sreekanth vettiyar
ശ്രീകാന്ത് വെട്ടിയാർ, കുട്ടിക്കാല ചിത്രം

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. നീ ചത്തില്ലേ, അസ്ഥിക്കൂടമായല്ലോ തുടങ്ങിയ പറിച്ചിലുകള്‍ നേരിടേണ്ടി വന്നിരുന്നു. കല്ല്യാണങ്ങള്‍ പോലുള്ള പൊതു ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറേയില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പൊതുവെ താത്പര്യം തങ്ങളേക്കാള്‍ പ്രായവും ആകാരവും ഉയരവുമൊക്കെ ഉള്ള ആളുകളെയാണല്ലോ. അങ്ങനെയൊരു പൊതുബോധമാണല്ലോ നിലനില്‍ക്കുന്നത്. എന്നെപ്പോലെ മെലിഞ്ഞ് 10 ല്‍ പഠിക്കുമ്പോള്‍ പോലും ആറാം ക്ലാസ്സ് പ്രായം തോന്നിയിരുന്ന ചെക്കനെ സംബന്ധിച്ച് എന്റെ പ്രണയവാഞ്ചയ്ക്ക് കടുത്ത വെല്ലുവിളി തന്നെ എന്റെ രൂപമുയര്‍ത്തി. അതോടൊപ്പം അധ്യാപകര്‍ പുലര്‍ത്തിയ ജാതീയ വേര്‍തിരിവുകളും വീട്ടിലെ സാമ്പത്തികമില്ലായ്മയുമെല്ലാം കൂടുതല്‍ അപകര്‍ഷതാ ബോധം ഉള്ളില്‍ വളര്‍ത്തി. ഒന്നിനും കൊള്ളാത്തവരായി എഴുതി തള്ളിക്കൊണ്ടുള്ള അധ്യാപകരുടെ പെരുമാറ്റം ഒരു ഉയര്‍ത്തെഴുന്നേല്‍പിനു പോലും ത്രാണിയില്ലാത്ത വിധം എന്റെ വ്യക്തിത്വ വികാസത്തെ ഇല്ലാതാക്കി.

സ്കൂളെന്ന ജാതീയ കണ്ണാടി

മോശമില്ലാതെ ഞാന്‍ പഠിക്കുമായിരുന്നു. പക്ഷെ മറ്റ് പല കുട്ടികളെയും പോലെ തന്നെ അധ്യാപകരുടെ ലവെബള്‍ ചൈല്‍ഡ് ആയിരുന്നില്ല ഞാന്‍. നല്ല കുട്ടിയാവാനും പഠിക്കാനും എത്ര ശ്രമിച്ചാലും ടീച്ചര്‍ താത്പര്യം കാട്ടിയിരുന്നില്ല എന്ന മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം അവര്‍ ഒന്നിനും കൊള്ളാത്തവനെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. എന്ത്‌കൊണ്ടാണ് ടീച്ചര്‍ക്കെന്നോട് ഇത്രമാത്രം വെറുപ്പ്  അന്നെനിക്ക് മനസ്സിലായില്ലായിരുന്നു . പക്ഷെ പിന്നീടാണ് അതില്‍ ജാതീയതയുടെ അംശമുണ്ടെന്ന തിരിച്ചറിവുണ്ടാവുന്നത്. വലിയ ജന്‍മി കുടുംബത്തിലാണ് ടീച്ചറുടെ ജനനം. ഒരു ദിവസം ക്ലാസ്സില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ടീച്ചര്‍ എന്നെ വഴക്കു പറഞ്ഞു. എന്നാല്‍ ' നമ്മുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇതുപോലെ ഹോം വര്‍ക്ക് ചെയ്യാതെ വന്നിട്ടുണ്ടോ' എന്ന ടീച്ചറുടെ ചോദ്യം എന്നെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തും പൊലയാണ് എനിക്കനുഭവപ്പെട്ടത്. അന്നാണ് ടീച്ചറുടെ ഉള്ളിലുള്ള ജാതീയതയുടെ കാഠിന്യം ഞങ്ങളില്‍ പലരും തിരിച്ചറിഞ്ഞത്. അവരോട് എനിക്കിപ്പോഴും പൊറുക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടങ്ങോട്ട് ടീച്ചറെ കാണുമ്പോഴേക്കും എന്റെ ആത്മ വിശ്വാസമത്രയും ചോര്‍ന്നൊലിച്ചു പോവും. ഓരോ ദിവസവും സ്‌കൂളില്‍ വരുമ്പോള്‍ ടീച്ചറിന്നു വന്നിട്ടുണ്ടോ എന്നാണെന്റെ കണ്ണുകള്‍ പരതിയിരുന്നത്. വന്നെന്ന് കണ്ടാല്‍ ആകെ ഡൗണ്‍ ആകും. എത്ര നന്നായി പഠിച്ചു ചെന്നാലും എന്നോടൊരിക്കല്‍ പോലും ആ അധ്യാപിക മതിപ്പോടെ പെരുമാറിയിട്ടില്ല. ഒരു ദിവസം കവിത ചൊല്ലി ടീച്ചറെ ഇംപ്രസ് ചെയ്യാമെന്ന് കരുതി വീട്ടിലിരുന്ന് കുത്തിയിരുന്ന കവിത പഠിച്ചു സ്കൂളിൽ പോയി. പക്ഷെ ഇവനൊക്കെയാണോ പാടാന്‍ വരുന്നതെന്ന ഒറ്റ ചോദ്യത്തില്‍ പഠിച്ചതുപോലും ഞാന്‍ മറന്നു. ആ അധ്യാപിക എന്റെ ഉള്ളില്‍ എന്നും ഭയവും അപകര്‍ഷതാ ബോധവും മാത്രമേ നിറച്ചിട്ടുള്ളൂ. ആ സ്‌കൂളിലുള്ളവരില്‍ ഭൂരിഭാഗം അധ്യാപകരും പ്രത്യേക സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നത് മറ്റൊരു കാര്യം.

vettiyarടീച്ചറുടെ ആ ചോദ്യം പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തും പോലെയാണ് അനുഭവപ്പെട്ടത്. ഒന്നിനും കൊള്ളാത്തവരാണെന്ന തോന്നലുണ്ടാക്കിയ സ്ഥലമായിരുന്നു എനിക്ക് സ്‌കൂള്‍

ഒന്നിനും കൊള്ളാത്തവരാണെന്ന തോന്നലുണ്ടാക്കിയ സ്ഥലമായിരുന്നു എനിക്ക് സ്‌കൂള്‍. എന്റെ സ്ട്രങ്ത് പോയിന്റുകളെ പരിപോഷിപ്പിക്കാതെ എന്റെ ബലഹീനതകളെ കുറിച്ച് മാത്രം ഓര്‍മ്മിപ്പിച്ച ഇടം. പല സുഹൃത്തുക്കളും തമാശക്കെന്ന് പറഞ്ഞ് നടത്തിയ കളിയാക്കലുകളും എന്റെ ആത്മവിശ്വാസത്തെ തകര്‍ത്തു. ഒരു പ്രായം വരെ എനിക്ക് പുഷ അപ് എടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. കാരണം അതിനു ശ്രമിച്ചപ്പോഴൊക്കെ "നീയോ പുഷ് അപ്പ്"എന്ന് ചോദിച്ച് സുഹൃത്തുക്കള്‍ കളിയാക്കും. സൗഹൃദമെന്നത് കളിയാക്കാനുള്ള ലൈസന്‍സല്ല. എന്നാൽ കളിയാക്കലാണ് തമാശ എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. അതനുഭവിച്ച ആളായതുകൊണ്ടു തന്നെ എന്റെ തമാശകളില്‍ ബോഡി ഷേമിങ്ങോ വംശീയ സ്വഭാവമുള്ള കളിയാക്കലുകളോ വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുമുണ്ട്.

നാട്ടിലെ പുട്ടുറുമീസ്

sreekanth vettiyar
 ശ്രീകാന്ത് ഗൾഫിൽ പോകും മുമ്പുള്ള കാലത്തെ ഫോട്ടോ

ദരിദ്ര പശ്ചാത്തലമുള്ള കുടുംബമായതുകൊണ്ട് തന്നെ വിദ്യാലയത്തില്‍ നിന്ന് നേരിട്ട ജാതിവിവേചനവും സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും നേരിട്ട ആരോഗ്യമില്ലാത്തവനെന്ന പരിഹാസവിളികളും നിറഞ്ഞ് കുട്ടിക്കാലം പലപ്പോഴും ദുരിതമായിരുന്നു. ഒരിക്കല്‍ എനിക്കു വീണ ഇരട്ട് പേര്(പുറത്ത് പറയാന്‍ കൊള്ളില്ല. അതിനാല്‍ പറയുന്നുമില്ല) വിളി ഒഴിവാക്കാന്‍ കൂട്ടത്തിലുള്ളവന് കാശ് വരെ വാഗ്ദാനം ചെയ്യുന്ന ഗതികെട്ട അവസ്ഥയില്‍ വരെ ഞാൻ എത്തിയിരുന്നു. അതിജീവിക്കാനായി എന്റെ കുഞ്ഞ് മനസ്സ് പല മാര്‍ഗ്ഗങ്ങളും തേടിക്കൊണ്ടിരുന്നു. അക്കാലത്ത് സുരേഷ്‌ഗോപിയുടെ പോലീസ് സിനിമകള്‍ എനിക്കാശ്വാസമായിരുന്നു. അതെനിക്ക് വലിയ സന്തോഷം തന്നു. പോലീസ് യൂണിഫോം കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ സ്‌കൗട്ടിന് ചേര്‍ന്നത്. പക്ഷെ ദാരിദ്ര്യം കാരണം യൂണിഫോം കിട്ടാൻ വൈകി. വീട്ടില്‍ കരഞ്ഞു കാലുപിടിച്ച് കാശ് കിട്ടി യൂണിഫോം തിരുവനന്തപുരത്ത് നിന്ന് വന്നപ്പോഴേക്കും പത്താംക്ലാസ്സിലായി. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സ്‌കൗട്ടില്‍ നിന്ന് പത്താം ക്ലാസ്സുകാരെ മാറ്റിനിര്‍ത്തിയിരുന്നു. അങ്ങനെ റേഷന്‍ കടയില്‍ യൂണിഫോം ഇട്ട് പോയാണ് ഞാന്‍ നിര്‍വൃതിയടഞ്ഞത്. അങ്ങനെ കിട്ടിയ പേരാണ് പുട്ടുറുമീസ്. പലതിനെയും അതിജീവിച്ച് ഐടി പഠനം പൂര്‍ത്തിയാക്കി കടം വാങ്ങിയാണ് ഗള്‍ഫില്‍ ജോലിക്കു പോകുന്നത്. അതിനാൽ തന്നെ ഗൾഫിൽ ചെന്ന പലരും മൊബൈൽ ഫോൺ വാങ്ങിയപ്പോഴും എനിക്കതിനൊന്നും കഴിഞ്ഞിരുന്നില്ല.

ഗൾഫ് കാലം നേടിത്തന്ന ഭാരം 

ഗള്‍ഫാണ് എന്നെ മാറ്റിയത്. ഗള്‍ഫ് ജീവിതവും ഓണ്‍ലൈന്‍ വീഡിയോകളും നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. 50 കിലോയായി ഗള്‍ഫില്‍ പോയ ഞാന്‍ 90 കിലോയായാണ് തിരിച്ചു വരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഐസിയുവില്‍ തമാശകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ കുട്ടിക്കാലത്ത് ചോര്‍ന്നു പോയ ആത്മവിശ്വാസമെല്ലാം തമാശയിലൂടെ ഞാന്‍ വീണ്ടെടുത്തു.  പലതരം അപകര്‍ഷതകൾ മൂലം ആകെ ഡൗണ്‍ ആയപ്പോള്‍ വീഡിയോകളും തമാശയുമാണ് എനിക്ക് രക്ഷയേകിയത്. പിന്നീട് തമാശയായിരുന്നു എന്റെ പ്രതിരോധ മാര്‍ഗ്ഗം. എന്നെ കളിയാക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ തമാശയിലൂടെ അതിനെ പ്രതിരോധിച്ചു. എന്റെ പേര് പോലും അറിയാത്ത അധ്യാപകരുണ്ടായിരുന്നു പഠിക്കുന്ന കാലത്ത്. എന്നാല്‍ ഇന്നെനിക്ക് മൂന്ന് ലക്ഷത്തോളം യൂട്യൂബ് സബ്സ്രൈബേഴ്സ് ഉണ്ട്. രണ്ടരലക്ഷത്തിലേറെ ഫോളോവേഴ്സ് ഫെയ്സ്ബുക്കിലുമുണ്ട്. ഇപ്പോള്‍ മഞ്ജുവാര്യരും സൗബിനും അഭിനയിക്കുന്ന മഹേഷ് വെട്ടിയാര്‍ സിനിമയില്‍ തരക്കേടില്ലാത്ത റോളുമുണ്ടെനിക്ക്. തമാശ വീഡിയോകള്‍ ചെയ്തു തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നേയുള്ളൂ. പക്ഷെ ഇന്നെനിക്ക് ഒരു അസ്ഥിത്വമുണ്ട്. ഇനിയൊരു ജാത്യാധിക്ഷേപത്തിലും ഞാൻ തളരില്ല.  അഭിനയം തുടരും ഒപ്പം തമാശ വീഡിയോകളും ട്രോളുകളും. പക്ഷെ ഒരു തമാശ പോലും മറ്റൊരുവനിൽ\ മറ്റൊരുവളിൽ അപകര്‍ഷതാ ബോധം വളര്‍ത്തുന്നതോ, ജാതീയമായി അധിക്ഷേപിക്കുന്നതോ, ബോഡിഷേമിങ്ങോ, സ്ത്രീ വിരുദ്ധമോ ആവരുതെന്ന തീര്‍പ്പുണ്ടെനിക്ക്. കാരണം അപ്പറയുന്നതൊന്നും തമാശയല്ലൊരിക്കലും . അതിനെ നിങ്ങള്‍ക്ക് പൊളിട്ടിക്കല്‍ കറക്ടനെസ്സെന്നോ സെന്‍സിറ്റിവിറ്റിയെന്നോ വിളിക്കാം..."

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Stop body shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്. ഒപ്പം ജാത്യാധിക്ഷേപങ്ങളും പലർക്കും തമാശകളാണിന്നും. നമുക്ക് കോമഡിയാവുന്നത് അതിനിരയാവുന്നവർക്ക് ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളാവാം. വിഷാദത്തിലേക്കും മറ്റുപല മാനസിക വ്യഥകളിലേക്കും അവർ കൂപ്പുകുത്തിയേക്കാം.  മാറട്ടെ മനോഭാവങ്ങൾ മാതൃഭൂമി ഡോട്ട്കോമിലൂടെ

content highlights: Sreekanth Vettiyar Speaks about the Bodyshaming and racist attitude which he faced in life