njan inganeyanuളരെ മെലിഞ്ഞ് ശോഷിച്ച ശരീരപ്രകൃതിയായിരുന്നു എനിക്ക്. 13 വയസ്സിലാണ് ആദ്യമായി ഋതുമതിയാവുന്നത്. അന്നുമുതൽ സമപ്രായക്കാരുടെ അത്രയുള്ള ശാരീരിക വികാസമില്ലായ്മ എനിക്കില്ലാത്തത് ചുറ്റിലുമുള്ളവര്‍ നിരന്തരം എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. മുല തീരെയില്ല, ചന്തിയില്ല എന്നതെല്ലാം അവര്‍ കുറവുകളായി ചൂണ്ടിക്കാട്ടി. എട്ട് പത്ത് വര്‍ഷത്തോളം ഭീകരമായ അപകര്‍ഷതാബോധം ഈ ശരീരപ്രകൃതി കാരണം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സമപ്രായക്കാരായ ബന്ധുക്കളുടെ ആകാരവടിവും എന്റെ കൊലുന്നനെയുള്ള ശരീരവും എന്നും താരതമ്യം ചെയ്യപ്പെട്ടു. 

നൃത്തത്തോടെനിക്ക് വലിയ താത്പര്യമായിരുന്നു യൂണിവേഴ്സിറ്റി യൂത്ത്‌ഫെസ്റ്റിവല്‍ സംഘനൃത്തത്തിലൊക്കെ പങ്കെടുക്കുമായിരുന്നു. പക്ഷെ നൃത്താധ്യാപകരുടെയും മറ്റുള്ളവരുടെയും കണ്ണില്‍ ഞാന്‍ ആ സംഘത്തില്‍ ചേരുന്നയാളായിരുന്നില്ല. ആസനം പോര, മുല പോര അതിനാല്‍ വെച്ച് കെട്ടണം എന്നാലേ ശരിയാവൂ എന്ന നിര്‍ണ്ണയങ്ങള്‍ പരസ്യമായി തന്നെ നേരിടേണ്ടി വന്നു. മെലിഞ്ഞെന്ന കാരണം പറഞ്ഞ് നൃത്തത്തില്‍ നിന്ന് പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടു. കമന്റുകളെ ഭയന്ന് പൊതുവേദികളില്‍ പ്രത്യേക്ഷപ്പെടേണ്ട സാഹചര്യങ്ങളില്‍ നിന്നുവരെ ഞാന്‍ ഒഴിഞ്ഞുമാറി. ഒരുപക്ഷെ എന്റെ വിഷാദത്തിന്റെ തുടക്കം മുളയിട്ടത് ആ കാലങ്ങളിലാവണം.

പ്രീ ഡിഗ്രിക്ക് വിമണ്‍സ് കോളേജിലായിരുന്നു. അപസ്മാരം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതും മെലിച്ചിലിന് കാരണമായി. ഡിഗ്രിക്ക് ചേർന്നപ്പോള്‍ ആണ്‍കുട്ടികള്‍ കാല് നോക്കി കൊക്കേ എന്ന് വിളിച്ചു. ആള്‍ക്കൂട്ടത്തിലെ ആ കളിയാക്കലുകള്‍ കേട്ട് ഒറ്റയ്ക്ക് പോയിരുന്ന് കരഞ്ഞിട്ടുണ്ട്. അവര്‍ക്കത് തമാശയായിരുന്നു എനിക്കത് അവഹേളനത്തിന്റെ തീകുണ്ഡവും.

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഒരിക്കല്‍ നാടകം പഠിപ്പിക്കാന്‍ കേരളത്തിലെ പ്രശസ്തനായ ആളാണ് കോളേജിലെത്തിയത്. ടാലന്റുണ്ടായിട്ടും തിയേറ്റര്‍ പ്രൊഡക്ഷനില്‍ നിന്നുമെന്നെ മാറ്റിനിര്‍ത്തിയത് ഇവള്‍ക്ക് ശരീരമില്ല എന്ന് പറഞ്ഞാണ്. ബ്രെസ്റ്റില്ലായ്മയും പ്രശ്‌നമായി. പിന്നീട് പലരും പറഞ്ഞ് കാരണമറിയുമ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധം ഭീകരമാണ്.

കോമഡികൾ വെറും കോമഡികളായിരുന്നില്ല

ഒണക്കകൊള്ളി, കൊക്ക് അസ്ഥിക്കൂടം, തെങ്ങ് തുടങ്ങിയ പലവിധ പേരുകള്‍ ചാര്‍ത്തപ്പെട്ട് അപമാനിതയായിട്ടുണ്ട്. കോമഡി വെറും കോമഡി മാത്രമായി കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍ ഈ പറയുന്നത് ബോഡിഷെയിമിങ്ങാണെന്നും താനന്ന് അതിന് വിധേയയായിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവും എനിക്കുണ്ടായിരുന്നില്ല. അവര്‍ക്കും അതില്ല. 

22ാം വയസ്സിലായിരുന്നു വിവാഹം. വിവാഹ ദിവസം അണിഞ്ഞൊരുങ്ങിയ എന്നെനോക്കി ഈ സാരി വേഷത്തില്‍ എന്ത് മോശമാണ് ഇവളെ കാണാനെന്ന് പറഞ്ഞത് കേട്ട് സങ്കടം അണപൊട്ടിയിരുന്നു. വിവാഹ ശേഷമാണ് ഫിലിം ഫീല്‍ഡിലേക്ക് കടക്കുന്നത്. 2006 മുതല്‍ ഡോക്യുമെന്ററികളും കോര്‍പറേറ്റ് ഫിലിംസും വീഡിയോ പ്രൊഡക്ഷന്‍സും ചെയ്തു വരുന്നു. ഇപ്പോ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മറ്റുമൊക്കെയായി മെലിച്ചില്‍ എന്നത് ആളുകള്‍ക്ക് കളിയാക്കാനുള്ള വകയല്ലാതായി മാറി. എന്നിരുന്നാലും ആ ബോഡിഷെയിമിങ്ങിന്റെ അലയൊലികളാണ് പില്‍ക്കാലത്ത് വിഷാദത്തിലേക്ക് എന്നെ തള്ളവിട്ടത്. കൗമാരകാലത്തിലേ വിഷാദത്തിന്റെ പല ഛായകളും എന്നിലുണ്ടായിരുന്നെങ്കിലും പ്രകടമായത് 20കളുടെ ഒടുക്കമാണ്. ഏറെനാള്‍ വിഷാദത്തിന് മരുന്നു കഴിച്ചു.  

പ്രസവവും കുട്ടികളുടെ കാര്യങ്ങള്‍ നോക്കലും മറ്റുമായി 2011 മുതല്‍ 16 ല്‍ വരെ കരിയറില്‍ ബ്രേക്ക് വന്നു. പലരുടെയും ഉപദേശത്തിന് വഴങ്ങി ഫിലിം ഫീല്‍ഡ് വിട്ട് പിന്നീട് യുകെയില്‍ ജോലി ചെയ്തു. എന്നാല്‍ താത്പര്യമില്ലാത്ത ജോലി ചെയ്തത് വിഷാദത്തിന്റെ കഠിനദിനങ്ങളിലേക്ക് തള്ളിവിട്ടു. പിന്നെ തിരിച്ച് നാട്ടിലേക്ക് വന്ന് 2015 -16മുതല്‍ വീഡിയോ പ്രൊഡക്ഷനില്‍ സജീവമായി. 2016ലായിരുന്നു ബാലെ മ്യൂസിക് ആല്‍ബത്തിന്റെ സംവിധായക കുപ്പായമണിയുന്നത്. 2017ല്‍ റിലീസ് ചെയ്ത ബാലെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 30 ലധികം ഫിലിം ഡോക്യുമെന്‍ഡറികളും വീഡിയോ പ്രൊഡക്ഷന്‍സും ചെയ്തു. അതില്‍ തന്നെ മ്യൂസിക് വീഡിയോസും കോര്‍പറേറ്റ് പ്രൊഡക്ഷന്‍സും ചെയ്തിട്ടുണ്ട്. സംഗീതരചനയും നിർവ്വഹിച്ചു.

സംവിധാന രംഗത്തേക്ക്

2020ല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഹരിപ്രിയ ഡോക്യുമെന്ററിയും ഇതരം എന്ന ഡോക്യുമെന്റയും പനോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ഐഡിഎസ്എഫ്എഫ്‌കെക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

വിഷാദത്തിന്റെ അതികഠിനമായ അവസ്ഥകളിലൂടെ കടന്നു പോയ ഒരാളെന്ന നിലയ്ക്ക് ചുറ്റിലുമുള്ളവര്‍ ആ അവസ്ഥയെകുറിച്ച മനസ്സിലാക്കട്ടെ എന്ന് കരുതി ഞാനേറ്റ വിഷാദത്തിന്റെ അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വയം നാറാനായി എന്തിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നു എന്നാണ് ചിലര്‍ അതിനോട് പ്രതികരിച്ചത്. വിഷാദത്തെ രോഗമായി കാണാതെ നാണക്കേടായി കാണുന്ന സമൂഹമിപ്പോഴും ഉണ്ടെന്നത് ഗൗരവതരമാണ്. മടിയാണെന്നും അലസതയാണെന്നും വിഷമം ആലോചിച്ചുണ്ടാക്കുന്നതാണെന്നും ഞാന്‍ അനുഭവിച്ച വിഷാദത്തെ നിസ്സാരമായി കാണാന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരില്‍ ചിലരെങ്കിലും പുതിയ കാലത്തെ അറിവുകള്‍ സ്വായത്തമാക്കി വിഷാദത്തെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവണം എന്ന് ഞാന്‍ ആശിക്കുകയാണ്.

മാനസിക പിരിമുറുക്കങ്ങളും വിഷാദവുമൊന്നും പൊടുന്നനെ ഒരാളില്‍ വന്നു പിറക്കുന്നതല്ല. കാലങ്ങളായി അനുഭവിച്ച ട്രോമകളുടെ അനന്തരഫലമാകാം പലര്‍ക്കും അതെല്ലാം. മെലിച്ചില്‍ പറഞ്ഞുള്ള തമാശകള്‍ കൗമാരത്തിന്റെയോ യൗവനത്തിന്റെയോ ഒരു ഘട്ടത്തിലും ഞാന്‍ ആസ്വദിച്ചിരുന്നില്ല. പറയുന്നവര്‍ക്ക് അത് തമാശയാകാം. കേള്‍ക്കുന്ന ഞാന്‍ ഉരുകിത്തീരുകയായിരുന്നു. സ്വന്തം ശരീരത്തിന്‍മേലുള്ള ആത്മവിസ്വാസം നഷ്ടപ്പെട്ട് ഒറ്റയ്‌ക്കൊരു മുറിയില്‍ പോയി കരഞ്ഞുതീര്‍ത്തത്രയും മറ്റുള്ളവര്‍ എന്നെ കുറിച്ച് പറഞ്ഞ തമാശകളലട്ടിയാണ്. തമാശകളൊന്നും വെറും തമാശകളല്ല. ചിലതിന് വിഷാദത്തിന്റെ ഛായയുണ്ട്. ചിലവ ആത്മഹത്യയുടെ വിത്ത് പാകും.

Stop body shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്. കുടുംബവും അത്തരം തീർപ്പുകളിൽ നിന്ന് പുറത്തു കടന്നിട്ടില്ല. നമുക്ക് കോമഡിയാവുന്നത് അതിനിരയാവുന്നവർക്ക് ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളാവാം. വിഷാദത്തിലേക്കും മറ്റുപല മാനസിക വ്യഥകളിലേക്കും അവർ കൂപ്പുകുത്തിയേക്കാം.  മാറട്ടെ മനോഭാവങ്ങൾ മാതൃഭൂമി ഡോട്ട്കോമിലൂടെ

content highlights: Shruthi Sharanyam speaks about the body shaming which she faced