quotesമ്മള്‍ എക്‌സ്‌പോസ്ഡ് ആവുന്നതെന്തിനെന്നാണ് അവര്‍ ചോദിക്കുന്നത്. കാണാന്‍ പാടില്ലാത്തത് എന്തോ കാണിക്കുന്നുവെന്നല്ലേ അതിനർഥം. പെണ്ണുങ്ങളുടെ കാലും കയ്യും കാണാന്‍ പാടില്ലാത്തതാണോ, പ്രത്യേകിച്ച് ചിലയാളുകളുടെ സൗന്ദര്യസങ്കല്‍പത്തിന് വിരുദ്ധമായ സ്ത്രീകളുടേത്.  ഞാന്‍ എന്ത് വേഷം ധരിക്കണമെന്നത് എന്റെ കംഫര്‍ട്ട് മാത്രമല്ല എന്റെ ഇഷ്ടം കൂടിയാണ്.  

ഞങ്ങള്‍ സുഹൃത്തുക്കളുടെ ഡാന്‍സ് വീഡിയോ വൈറലായ ശേഷം ബിക്കിനിയിട്ടായിരിക്കും അടുത്ത വരവെന്ന് ചിലര്‍ പരിഹസിച്ചു കണ്ടു. വന്നു കൂടായ്കയില്ല എന്നാണ് എന്റെ ഉത്തരം. എന്തേ, കറുത്ത തടിച്ച സ്ത്രീകള്‍ക്ക് ട്രൗസറും ബിക്കിനിയുമിട്ടൂടെ. വെളുത്തുമെലിഞ്ഞ സ്ത്രീകള്‍ മാത്രമേ അവര്‍ക്കിഷ്ടമുള്ള വേഷം ധരിക്കാവൂ എന്നുണ്ടോ. ഞാൻ ഷോട്ട്‌സും സ്ലീവ്ലെസ്സുമെല്ലാം ഇടുന്നത് വള്‍ഗറാണെന്നാണ് ചിലര്‍ പറയുന്നത്. എനിക്കെന്റെ ശരീരം വള്‍ഗറല്ല. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു, ആലിംഗനം ചെയ്യുന്നു.

നീ ഒരു അമ്മയല്ലേ ഇങ്ങനെ തുടകാണിക്കുന്ന വസ്ത്രം ധരിക്കാമോ എന്നാണ് പലരുടെയും ചോദ്യം. അമ്മയ്‌ക്കെന്താ കുഴപ്പം . അമ്മയായാല്‍ ഒരു സ്ത്രീ അവരുടെ വ്യക്തിത്വവും താത്പര്യവും മാറ്റണമെന്നാണോ. എന്നെ താങ്ങിനിര്‍ത്തിയ കാലുകലും തുടകളും എനിക്ക് ഇഷ്ടമാണ്. അതിലേക്ക് ലൈംഗിക കാഴ്ച നാം കൊണ്ടുവരുന്നതെന്തിനാണ്. സ്ത്രീയുടെ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്തതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. സിനിമയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും എക്‌സല്‍ മോഡല്‍സിനെ കണ്ടുപരിചയിച്ചുള്ള ശീലം പോലും നമുക്കില്ല. 

അവർ പറയുന്ന പോരായ്മകള്‍ കുറവുകളല്ലെന്നു പറയാൻ കുടുംബത്തിനാവണം

ഒരിക്കല്‍ ശരീരത്തെ ഒരുപാട് വെറുത്തിരുന്ന ആളായിരുന്നു ഞാന്‍. അതിനിടയാക്കിയ സാഹചര്യങ്ങള്‍ വേദനാജനകവും. അന്ന് അഞ്ചിലോ ആറിലോ ആയിരുന്നു. എന്റെ അടവുകള്‍ വൃത്തിയുള്ളതാണെന്ന് പറഞ്ഞ് സ്‌കൂളിലെ പരിപാടിക്ക് മാഷ് ആദ്യം സെലക്ട് ചെയ്തത് എന്നെയായിരുന്നു. പക്ഷെ വെളുത്തനിറമില്ലെന്ന് പറഞ്ഞാണ് എന്നെ മാറ്റിനിര്‍ത്തിയത്. ബാക്കി കുട്ടികളെല്ലാം വെളുത്തിട്ടാണ് അതിനാല്‍ സയനോരയെ മേക്കപ്പിട്ട് അവര്‍ക്കൊപ്പം നിര്‍ത്താനാവില്ലെന്നാണ് അധ്യാപിക പറഞ്ഞ ന്യായം. സയനോരക്ക് പറ്റിയ മേക്കപ്പില്ലെന്ന വാക്ക് ഒരു അഞ്ചുവയസ്സുകാരിയില്‍ ഏല്‍പിച്ച മുറിവിന്റെ നീറ്റല്‍ ചെറുതായിരുന്നില്ല.

ആത്മവിശ്വാസം നഷ്ടപ്പെട്ട് അന്ന് ഞാന്‍ അവസാനിപ്പിച്ചതാണ് ഡാന്‍സ് പഠനം. ഭരതനാട്യം എനിക്കൊത്തിരി ഇഷ്ടമായിരുന്നു. അതന്ന് അവസാനിച്ചു.

sayanora
ഫോട്ടോ: സിദ്ദിഖുൽ അക്ബർ

ഒരു പക്ഷെ എന്നെ ഉള്‍വലിഞ്ഞ സ്വഭാവക്കാരിയാക്കിയതിലും എന്നിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതിലും ഈ വാക്കുകള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. മനുഷ്യര്‍ വൈവിധ്യങ്ങളുള്ളവരാണെന്നും അധ്യാപിക പറഞ്ഞത് തെറ്റാണെന്നും തോന്നിപ്പിക്കാനുള്ള തിരുത്തല്‍ വചനങ്ങളും ആരില്‍ നിന്നുമുണ്ടായില്ല.

കണക്ക് ക്ലാസ്സില്‍ വെച്ച് ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടികള്‍ ആരൊക്കെയെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ സത്യസന്ധമായി എഴുന്നേറ്റ് നിന്ന് അത് പറഞ്ഞയാളാണ് ഞാന്‍. പുറത്താക്കിയതല്ല എന്നെ വിഷമിപ്പിച്ചത്. പകരം ക്ലാസ്സിലെ പകുതിയോളം കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പിന്നീടവരുടെ പുസ്തകം നോക്കി തിരിച്ചറിഞ്ഞ ടീച്ചര്‍ അവരെയെല്ലാം ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിച്ചതും സത്യം പറഞ്ഞ എന്നെ ക്ലാസ്സ് കഴിയും വരെ പുറത്ത് നിര്‍ത്തിയതും ഇന്നും എന്നിലെ ഉണങ്ങാത്ത മുറിവുകളാണ്.

അതിന്റെ കാരണം കറുത്തവരോടുള്ള മുൻവിധികളായിരിക്കണം, സ്നേഹമില്ലായ്മയായിരിക്കണം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പോലും ഞാന്‍ ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നു. അവിടെയാണ് പാട്ടെന്റെ രക്ഷകയായത്. കൂടെയുള്ളവര്‍ക്ക് പ്രേമലേഖനങ്ങള്‍ വരുമ്പോള്‍ എന്നെ ആരും കല്ല്യാണം കഴിക്കില്ലേ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു തിരുത്തല്‍ ചിന്തകള്‍ ആരും പകര്‍ന്നു തന്നതുമില്ല.  കുടുംബത്തില്‍ നിന്നാണ് എല്ലാം ആരംഭിക്കേണ്ടത്. ഓരോ കുട്ടിയുടെയും പ്രത്യേകതകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും പലരും പറയുന്ന നമ്മുടെ പോരായ്മകള്‍ നമ്മുടെ കുറവുകളല്ലെന്നു പകര്‍ന്നു നല്‍കാനും കുടുംബത്തിനാവണം.

മറ്റുള്ളവരുടെ കൈയ്യുമായി എന്റെ നിറത്തെ താരതമ്യം ചെയ്തു നടന്നിരുന്ന ഒരു കൗമാരക്കാലവും എനിക്കുണ്ടായിരുന്നു്. ഒരു ഘട്ടത്തിൽ സ്കിൻ ലൈറ്റനിങ്ങിനു പോലും ‍ഞാൻ മുതിർന്നു. എന്റെ തനത് നിറത്തെ ഞാന്‍ ഇപ്പോഴാണ് എംബ്രേസ് ചെയ്ത് തുടങ്ങിയത്. സ്വന്തം നിറത്തിലും രൂപത്തിലും ഇപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. പക്ഷെ പാട്ടുകാരിയായി ആത്മവിശ്വാസം നേടിയപ്പോഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായി പോകുമ്പോള്‍ എന്നെ പുട്ടിയിട്ടു വെളുപ്പിക്കാനാണ് പലരും ശ്രമിച്ചത്.  ഇനി അതിന്റെ ആവശ്യമില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്നെനിക്കുണ്ട്. മേക്കപ്പ് തേക്കുന്നത് വെളുക്കാനാണെന്ന തെറ്റിദ്ധാരണ ഒരുപാടാളുകളുടെ ഇടയിലുണ്ട്. മേക്കപ്പ് നമ്മുടെ ഷേഡിനനുസരിച്ചിടാം, എന്നെ ദയവുചെയ്ത് വെളുപ്പിക്കരുതെന്ന് ഞാന്‍ ഷോകള്‍ക്ക് പോകുമ്പോള്‍ അവിടുത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളോട് ഇപ്പോള്‍ പറയാറുണ്ട്. 

കോമഡി ഷോകൾ പരിഹസിക്കുന്ന കറുത്ത രൂപങ്ങൾ

കോമഡി ഷോയില്‍ ജഡ്ജിയായി പോയ അവസരങ്ങളില്‍ അതില്‍ നിറഞ്ഞ തമാശകള്‍ പലതും നിറത്തെയും രൂപത്തെയും പരിഹസിക്കുന്നതായിരുന്നു. കറുത്ത പെണ്ണിനെ നോക്കി "നിന്നെപ്പോലെ ഒരുത്തിയെ കെട്ടിയ എന്റെ കാര്യം" എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചപ്പോള്‍ എന്റെ മുഖത്ത് ചിരി വിടര്‍ന്നതേയില്ല. എല്ലാവരും ഹാപ്പിയായിരിക്കുമ്പോള്‍ ഞാന്‍ എന്തിന് മൂഡ് കളയുന്നു എന്ന് തോന്നി പ്രതികരിക്കാത്ത ഇത്തരം അനവധി നിരവധി അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഇപ്പോള്‍ കാഴ്ച്ചപ്പാടുകള്‍ മാറി.

 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' സിനിമയുടെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചത് ഞാനായിരുന്നു. മലയാളത്തിലാദ്യമായാണ് ഒരു സ്ത്രീ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നതെന്ന് പലരും എന്നോട് പറഞ്ഞു. അതിലെ ആധികാരികത എനിക്കറിയില്ല. എന്നിട്ടും അതിനു ശേഷം ഒരു പ്രമുഖ അവാര്‍ഡ് ഷോക്കും എന്നെ പരിഗണിച്ചില്ല. പ്രോത്സാഹന സമ്മാനം പോലും തന്നിട്ടില്ല. 

വിവാഹം ഉറപ്പിച്ച സമയം ചെക്കന്റെ ഒരു ബന്ധു ചോദിച്ചത് 'അനിയത്തി നല്ലകളറുണ്ടല്ലപ്പാ നമ്മളെന്താ ഇങ്ങനായിപ്പോയത്' എന്നാണ്. ഇത്തരം ഇന്‍സെന്‍സിറ്റീവ് ആയ കാര്യങ്ങള്‍ ആളുകള്‍ തുടര്‍ന്നു കൊണ്ടിരിക്കും. പക്ഷെ ഞാന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും എന്നെ സ്‌നേഹിച്ചു കൊണ്ട്, ജീവിതത്തെ പുണര്‍ന്നു കൊണ്ട്. ആര്‍ക്കു വേണ്ടിയും ഞാന്‍ സ്വയം മാറാനൊരുക്കമല്ല. എനിക്ക് നിങ്ങളോടോരോരുത്തരോടും പറയാനുള്ളതിതാണ്- നിങ്ങള്‍
കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുക, നിങ്ങള്‍ നിങ്ങളെ അഡ്‌മൈര്‍ ചെയ്യുക. ഒരു സൈബര്‍ ഷെയിമിങ്ങിനും അടിച്ചമര്‍ത്തലിനും നിങ്ങളെ പിന്നോട്ടു വലിക്കാനാവരുത്.quotes closed

സാമൂഹിക വിഷയങ്ങൾ, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Stop body shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്. കുടുംബവും അത്തരം തീർപ്പുകളിൽ നിന്ന് പുറത്തു കടന്നിട്ടില്ല. അതിന്റെ പ്രതിഫലനങ്ങൾ സൈബറിടങ്ങളിലെ മാലിന്യമായി കാണാം. മാറട്ടെ മനോഭാവങ്ങൾ മാതൃഭൂമി ഡോട്ട്കോമിലൂടെ

content highlights: Sayanora speaks about the body shaming which she faced in her entire life