"രുപത്തി ഒന്‍പതാം വയസ്സില്‍ കയ്യില്‍ 500 രൂപയും ഒരു കറുത്ത പെട്ടിയും മൂന്ന് വയസ്സുള്ള കുഞ്ഞുമായാണ് ഡല്‍ഹിയില്‍ നിന്ന് ഞാന്‍ കേരളത്തിലേക്ക് വണ്ടി കയറുന്നത്. 5 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അന്ത്യം കുറിച്ച് ഒറ്റയ്ക്ക് ജീവിക്കാമെന്ന് തീരുമാനമെടുത്തു കൊണ്ടായിരുന്നു മടക്കം. തൊഴിലെടുത്ത് ജീവിക്കാനുള്ള കെല്‍പുള്ളതിനാല്‍ വിവാഹബന്ധത്തില്‍ നിന്നുള്ള തിരിഞ്ഞു നടത്തം എന്നെ സാമ്പത്തികമായും മാനസ്സികമായും തകര്‍ത്തില്ല. പ്രണയ വിവാഹത്തില്‍ നിന്നുള്ള എന്റെ വിടുതലിനെ എടുത്തുചാട്ടമായി കണ്ടവരുണ്ട്. പക്ഷെ അച്ഛനും അമ്മയും അനിയനും എനിക്കൊപ്പം തന്നെ നിന്നു. സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ടു തന്നെ. അതാണ് സിംഗിൾ പേരന്റായുള്ള എന്റെ ജീവിതത്തിന് ആത്മവിശ്വാസം നൽകിയത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

namitha with nikhita
നമിത മകൾ നിഖിതയ്ക്കൊപ്പം. 
സെന്റ് തെരേസാസില്‍ സൈക്കോളജി
ബിരുദത്തിന് പഠിക്കുകയാണ് നിഖിത

ഒരു എഫ്എം സ്ഥാപനത്തില്‍ ജോലി കിട്ടിയാണ് ഡൽഹിയിൽ നിന്ന് 2007ൽ കേരളത്തിലേക്ക് മടങ്ങുന്നത്. വിദ്യാഭ്യാസവും നിലവില്‍ തൊഴിലെടുത്തുള്ള പരിചയവും ജീവിതത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ എന്നെ സഹായിച്ചു, ഭര്‍ത്താവെന്നൊരാളില്ലാതെ തന്നെ. 

എന്നാൽ മോളുടെ എട്ടാമത്തെ വയസ്സിലാണ് അതുവരെയുണ്ടായിരുന്ന ജീവിതം കീഴ്‌മേല്‍ മാറി മറയുന്നത്. എട്ടാം പിറന്നാളിന്റന്ന് പനിയില്‍ നിന്നായിരുന്നു തുടക്കം. അധികം താമസിയാതെ മോള്‍ക്ക് വില്‍സണ്‍സ് രോഗം സ്ഥിരീകരിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പാരമ്പര്യ രോഗമാണിത്. ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ കോപ്പറിന്റെ അംശം വര്‍ധിക്കുന്നതാണ് രോഗാവസ്ഥ. മഞ്ഞ നിറമായി മരണവക്കിലെത്തിയ മകള്‍ക്ക് സ്വന്തം കരള്‍ മുറിച്ചു കൊടുത്താണ് കൈവിട്ടു പോകുമെന്ന് കരുതിയ അവളുടെ ജീവിതം (ഒപ്പം എന്റെയും ) ഞാന്‍ വീണ്ടും പെറുക്കി കൂട്ടുന്നത്.

സൂചി കണ്ടാല്‍ തലചുറ്റി വീഴുന്ന ആളായിരുന്നു ഞാന്‍. പക്ഷെ കരള്‍ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക പോംവഴി. അവളുടേതുമായി ചേരുമോ എന്നറിയാന്‍ രക്ത പരിശോധനയ്ക്കും മറ്റും എനിക്ക് ഇന്‍ജെക്ഷന്‍ എടുക്കേണ്ടതായി വന്നിരുന്നു. സൂചി കുത്തിയതും ഞാൻ ബോധം കെട്ടു വീണു. മോൾക്ക് താങ്ങായി നിൽക്കേണ്ടവളാണ്. പക്ഷെ ഇന്‍ജക്ഷനോടുള്ള ഫോബിയയും മകളുടെ അവസ്ഥയും സമ്മര്‍ദ്ദവുമെല്ലാമായിരിക്കണം ആ അവസ്ഥയില്‍ എന്നെ കൊണ്ടുവന്നെത്തിച്ചത്. പിന്നീട് ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് ബാക്കിയുള്ള ബ്ലഡ് ടെസ്റ്റുിനും മറ്റും ഡോക്ടര്‍മാര്‍ എന്നെ വിധേയയാക്കിയത്.

namitha

എന്റെ കരള്‍ അവള്‍ക്ക് ചേരുമെന്നറിഞ്ഞ ആ നിമിഷം, അതു മാത്രമാണ് ജീവിതത്തിലേക്കുള്ള ഏക പാത എന്ന തിരിച്ചറിവിൽ ആശങ്കയും ഭയവുമെല്ലാം വഴിമാറി. ആ നിമിഷം ഞാനെന്തിനും തയ്യാറായിരുന്നു. സൂചിയെ ഭയമുള്ള ഞാന്‍ വയറ് കീറി കരള്‍ മുറിച്ചു നല്‍കാനുള്ള ധൈര്യമാര്‍ജ്ജിച്ചു. അല്ലെങ്കിലും സാഹചര്യങ്ങളല്ലേ നമ്മെ മാറ്റി മറിക്കുന്നത്.

മോളെയും എന്നെയും ഒരേ സമയമാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകുന്നത്. എട്ട് മണിക്കൂര്‍ നീണ്ട സര്‍ജറിയില്‍ മോളുടെ കരള്‍ പൂര്‍ണ്ണമായും നീക്കി എന്റെ കരള്‍ മുറിച്ചെടുത്ത് കരൾ മാറ്റ ശസ്ത്രക്രിയയ്കക്ക് വിധേയയാക്കി. ഇപ്പോള്‍ അവളുടെ ഉള്ളിലുള്ളത് എന്റെ കരളാണ്. എന്റെ അംശമാണ് അവളുടെ കരളായിത്തീര്‍ന്നത്. ഇന്നവള്‍ക്ക് 18 വയസ്സായി. പൂര്‍ണ്ണ ആരോഗ്യവതിയാണിന്ന്. 

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷം ദുബായ് ഗോൾഡ് എഫ്എമ്മില്‍ സ്റ്റേഷൻ ആൻഡ് പ്രോഗ്രാമിങ് ഹെഡ്ഡായി ജോലി കിട്ടി. ദുബായിലേക്ക് പോകുമ്പോള്‍ സെപ്പറേറ്റഡ് ആയിരുന്നെങ്കിലും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നില്ല. ഭര്‍ത്താവ് എന്‍ഒസി നല്‍കാത്തതിനാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭർത്താവിന്റെ എൻഒസി ഇല്ലാത്തതിനാലും സിംഗിള്‍ മദര്‍ ആയതിനാലും മകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. അവള്‍ക്ക് വിസ കിട്ടിയില്ല. അവളില്ലാതെ ദുബായിലേക്ക് പോവേണ്ടി വന്നു. ആ ആറ് മാസം വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. അവളുടെ അടുത്തിരിക്കാന്‍ പറ്റാത്ത നാളുകള്‍ വേദന നിറഞ്ഞതായിരുന്നു. 5000 ദിര്‍ഹംസ് അടച്ച് മാനുഷിക പരിഗണന വെച്ചാണ് പിന്നീട് മകളെ ദുബായിലേക്ക് ഒപ്പം കൂട്ടാൻ കഴിഞ്ഞത്. അവളുടെ ജീവന് വേണ്ടിയുള്ള പോരാട്ടങ്ങളെ തരണം ചെയ്ത ആളെന്ന നിലയില്‍ പിന്നീടുണ്ടായ പ്രതിസന്ധികളൊന്നും തന്നെ എന്നെ പിടിച്ചു കുലക്കാന്‍ ശേഷിയുള്ളതായിരുന്നില്ല.

cocktail
നമിത ചെയ്ത കോക്കടെയിലുകൾ ഫുഡ്ഫോട്ടോഗ്രഫിക്കായി ഒരുക്കുന്നു

സാമ്പത്തിക മാന്ദ്യം കാരണം രണ്ട് വർഷം കഴിഞ്ഞപ്പോൾ ദുബായിലെ എഫ്എം സ്ഥാപനം അവിടെയുള്ള ഏറ്റവും സാലറി കൂടതലുള്ള മൂന്ന പേരെ പിരിച്ചു വിട്ടപ്പോൾ എനിക്കും ജോലി നഷ്ടമായി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം മോൾ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. അവൾക്ക് മരുന്ന് വാങ്ങാൻ ഞാൻ ഇനിയെന്ത് ചെയ്യും എന്നതായിരുന്നു എന്തിനേക്കാളേറെ എന്നെ അലട്ടിയത്. എന്നാൽ ജീവിതം അൽപം കൂടി മനോഹരമായ പലതും പിന്നീടെനിക്കായി കരുതിവെച്ചെന്ന് തോന്നാറുണ്ട് . 

ജോലി നഷ്ടമായ പ്രതിസന്ധിക്കിടയിൽ അധികം താമസിയാതെ ദുബായ് ഫ്ലവേഴ്സ് എഫ്എമ്മിൽ ജോലി കിട്ടുി. അവിടെ വെച്ച് സ്പാനിഷ് സുഹൃത്ത് വഴിയാണ് കോക്കടെയില്‍ മേക്കിങ് കലയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. അദ്ദേഹം ബാര്‍ അറ്റന്‍ഡറായിരുന്നു. വീട്ടിലിരുന്ന് പുള്ളിയുണ്ടാക്കുന്ന കോക്ക്‌ടെയിലിന്റെ ഭംഗിയും രുചിയുമെല്ലാം കണ്ടാണ് ആ മേഖലയിലേക്ക് ആകൃഷ്ടയാകുന്നത്.

cocktailപല മലയാളികളെ സംബന്ധിച്ചും മദ്യവും കോക്ക്ടെയിലുമെല്ലാം അടിച്ചുപൂസായി പാമ്പായിക്കിടക്കലാണ്. അതിനാലാണ് നമ്മള്‍ മോശക്കരാണെന്ന തീര്‍പ്പ് കല്‍പിക്കുന്നതും. 

namithaകോക്ക്‌ടെയില്‍ മേക്കിങ് ഇന്നെന്റെ ഹോബിയാണ്. ഫുഡ് ഫോട്ടോഗ്രാഫിയില്‍ വല്ലാത്ത പാഷനാണെനിക്ക്.  വലിയ സട്രസ്സ് റിലീഫ് ഈ ഹോബി നൽകുന്നുണ്ട്. സിംഗിള്‍ മദര്‍, കോക്ക്ടെയില്‍ ഉണ്ടാക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാവന പലതാണ്. "സിംഗിള്‍ മദറാണ്, ഒപ്പം കോക്ക്ടെയില്‍ ഉണ്ടാക്കുന്നു. അപ്പോ തീർച്ചയായും ഈ സ്ത്രീ ആല്‍ക്കഹോളിക് ആവും" എന്ന മുന്‍വിധിയാണ് പലര്‍ക്കും. ചിലയിടങ്ങളില്‍ നിന്നുള്ള അടക്കം പറച്ചിലുകള്‍ കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ നിസ്സാരമായി തള്ളിക്കളഞ്ഞിട്ടേയുള്ളൂ ഞാനതിനെയെല്ലാം.

കോക്ക്‌ടെയില്‍ ഫോട്ടോസ് ഇന്‍സ്റ്റയിലും എഫബിയിലുമെല്ലാം പങ്കുവെക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങളെയും അപഹസിക്കലിനെയും നേരിട്ടിട്ടുമുണ്ട്. കോക്ക്ടെയില്‍ ഉണ്ടാക്കാന്‍ വളരെ കുറഞ്ഞ അളവിലേ മദ്യം ഉപയോഗിക്കൂ എന്നത് അവര്‍ ചിന്തിക്കാറു പോലുമില്ല. 

ഇപ്പോൾ ഇൻസ്റ്റാ പേജിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വീക്കെന്‍ഡ് കുക്കിങ് എന്ന ഹാഷ്ടാഗിൽ ഒരു സെഗ്മെന്റ് ഞാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാ ആഴ്ചയും കോക്ക്ടെയില്‍ ഉണ്ടാക്കി റെസിപ്പീസും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കും. മെക്‌സിക്കന്‍ ടക്കീല , ജപ്പാന്‍ ജിന്‍, ബോര്‍ബോണ്‍ വിസ്‌കി അങ്ങനെ പലതിലും പലവിധ പരീക്ഷണങ്ങൾ ഇതിനോടകം നടത്തി കഴിഞ്ഞു.

cock tailമണമടിച്ചാല്‍ തന്നെ ബ്രാന്‍ഡ് ഏതെന്ന് തിരിച്ചറിയാവുന്ന പരിശീലനം നേടിക്കഴിഞ്ഞു. എന്റെ താത്പര്യം കണ്ടറിഞ്ഞ് ബാര്‍ബോക്‌സ് സമ്മാനമായി വരെ സുഹൃത്തുക്കള്‍ നൽകിത്തുടങ്ങി.

മദ്യം പലതും സുഹൃത്തുക്കള്‍ വിദേശത്ത് നിന്ന് കൊണ്ടുവരും. ഇടക്ക് അച്ഛനു കോക്ക്ടെയില്‍സ് ഉണ്ടാക്കി കൊടുക്കും. പല മലയാളികളെ സംബന്ധിച്ചും മദ്യവു കോക്കടെയിലുമെല്ലാം അടിച്ചുപൂസായി പാമ്പായിക്കിടക്കലാണ്. അതിനാലാണ് അവര്‍ പല രീതിയില്‍ മോശമായി നമ്മളെയും വിലയിരുത്തുന്നതും നമ്മള്‍ ഇതാകും എന്ന തീര്‍പ്പ് കല്‍പിക്കുന്നതും. ഇത്ര പബ്ലിക് ആയി കോക്ക്‌ടെയില്‍ പടങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ഇടുമ്പോള്‍ നെറ്റി ചുളിച്ച പലരുമുണ്ട്. അവര്‍ക്ക് നമ്മള്‍ കടന്നു പോയ വഴികളിലും അതിജീവിച്ച പ്രതിസന്ധികളും നമ്മുടെ പോരാട്ടങ്ങളുമൊന്നും അറിവുള്ളതല്ലല്ലോ. ഒരു കോക്ക്ടെയിൽ ഹോബി വെച്ച വരെ അവർ നമ്മെ അളക്കും. സിംഗിൾ മദറാണെങ്കിൽ അടക്കം പറച്ചിലുകൾ അൽപം കൂടി കൂടും. അപ്പോഴാണ് നമ്മുടെ തുറന്നു പറച്ചിലുകൾ വലിയ പോരാട്ടമാവുന്നത്".

(നിലവില്‍ മാതൃഭൂമിയുടെ ആലപ്പുഴ ക്ലബ് എഫ്എമ്മില്‍ പ്രോഗ്രാം ഹെഡ്ഡാണ് നമിത.  റിലയന്‍സ് റേഡിയോ, റെഡ് എഫ്എം, ദുബായ് ഗോള്‍ഡ് എഫ് എഫ് എം, ഫ്ളവേഴ്സ് എംഫ്എം എന്നിവിടങ്ങളില്‍ പ്രോഗ്രാം ഹെഡ്ഡും ക്രിയേറ്റീവ് ഹെഡ്ഡുമായി ജോലി ചെയ്തിട്ടുണ്ട്).

ബോഡിഷെയ്മിങ് പോലുള്ള അനുഭവങ്ങളിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ. എങ്കിൽ അനുഭവങ്ങളറിയിക്കാം- nileenaatholi@mpp.co.in

Stop Shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. നിറവും തടിയുമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. വ്യത്യസ്ത തൊഴിൽമേഖലയിലുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ കല്‍പിക്കുന്നുണ്ട്. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് വാര്‍പ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ. 

 

content highlights: Namitha Madhavankutty speaks about her jouney as a single mother, and her hobby cocktail making