യുപി ക്ലാസ്സുകളിലെത്തിയതോടെ സഹപാഠികള്‍ക്ക് എന്നോട് ഇടപഴകാൻ പേടിയായി. അവിടുന്നിങ്ങോട്ടാണ് എന്റെ ആത്മവിശ്വാസം കെടുത്തുന്ന വിളിപ്പേരുകള്‍ എനിക്ക് വീണതും. സീബ്രാ, പുള്ളിപ്പുലി, അണലി അങ്ങനെ എത്ര എത്ര പരിഹാസവിളികള്‍...

"ഴ്‌സറി ക്ലാസ്സുകളില്‍ പോയിത്തുടങ്ങിയ സമയത്ത് കൂട്ടുകാര്‍ക്ക് ഞാന്‍ കൗതുകമായിരുന്നു. "ഇതെന്താ മുഖത്ത്, എന്ത് കൊണ്ടാണ് മുഖമിങ്ങനെ" എന്ന ചോദ്യം ചോദിച്ച് അവര്‍ വരും. ലൂക്കോഡര്‍മ ആണെന്നും (വെള്ളപ്പാണ്ട്) അതെന്താണെന്നും ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കും. അവര്‍ തീര്‍ത്തും സാധാരണമായി കണ്ട് അക്കാര്യം മറക്കും. എന്നാല്‍ യുപി ക്ലാസ്സുകളിലെത്തിയതോടെ സഹപാഠികള്‍ക്ക് എന്നോട് ഇടപഴകാൻ പേടിയായി. അവിടുന്നിങ്ങോട്ടാണ് എന്റെ ആത്മവിശ്വാസം കെടുത്തുന്ന വിളിപ്പേരുകള്‍ എനിക്ക് വീണതും. സീബ്രാ, പുള്ളിപ്പുലി, അണലി അങ്ങനെ എത്ര എത്ര പരിഹാസവിളികള്‍.

ലൂക്കോഡര്‍മ ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ കഴിച്ച് തടി കൂടിയിരുന്നു. അതോടെ പുതിയ മറ്റൊരു പേരു കൂടി വീണു. ആന... ആനയ്ക്ക് തടിയും പിങ്ക് നിറത്തിലുള്ള പാടുമുണ്ടല്ലോ. അങ്ങനെ ആ വിളി കൂടിത്തുടങ്ങി. ഇക്കാരണം കൊണ്ടു തന്നെ ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും വെറുത്ത ജീവിയാണ് ആന. ഇപ്പോഴും ആനയെ കാണുമ്പോള്‍ എനിക്ക് ദേഷ്യമാണ് (പൊട്ടിച്ചിരി).

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

manju

രോഗാവസ്ഥ, പ്രതിസന്ധികൾ

മൂന്നാം വയസ്സിലാണ് കണ്ണിനു സമീപം ആദ്യമായി പാട് കാണുന്നത്. പിന്നീട് രണ്ട് കണ്ണിലും അത് കുറച്ചു കൂടി വ്യക്തമായി തുടങ്ങിയപ്പോള്‍ ത്വക്ക് രോഗവിദഗ്ധനെ കാണിച്ചു. വെളുത്ത മുഖമായതിനാല്‍ അടയാളം ആദ്യം ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീടത് ലൂക്കോഡെര്‍മയാണെന്ന് തിരിച്ചറിഞ്ഞു. പ്രതിരോധ ശേഷി കുറയ്ക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണിത്. അലര്‍ജിക് സാധ്യത ഇത്തരക്കാര്‍ക്ക് കൂടുതലാണ്. അലോപ്പതി ഇതുവരെ കാരണം കണ്ടുപിടിച്ചിട്ടില്ല ഈ രോഗത്തിന്. മാത്രമല്ല ക്യുറബിള്‍ ആയ മെഡിസിന്‍ ഇല്ല. എനിക്ക് ഭയങ്കര ചൂടിലേക്ക് ഇറങ്ങാന്‍ പറ്റില്ല. വീണ് കഴിഞ്ഞാല്‍ നന്നായി തൊലിപോകും, ചോര വരും. മാത്രമല്ല പുതുതായി വരുന്ന തൊലിയെല്ലാം തന്നെ മെലാനിൻ ഇല്ലാത്ത വെളുത്ത നിറമുള്ളതാകും. പനി അടക്കമുള്ള രോഗങ്ങള്‍ വേഗം എനിക്ക് പകരും. പ്രതിരോധ ശേഷി പൊതുവെ കുറവാണ്.

വെളിച്ചമാകേണ്ടവര്‍, വെറുപ്പ് കൈമാറിയവര്‍; അധ്യാപകര്‍

അധ്യാപകര്‍ നമുക്കെല്ലാമാണല്ലോ . പക്ഷേ, എന്റെ ഈ അവസ്ഥ എന്നിലേറ്റവുമധികം സങ്കടവും അപകര്‍ഷതയും ഉയര്‍ത്തിയത് ചില അധ്യാപകരാണ്. ഒരിക്കല്‍ ഇന്റര്‍വെല്‍ ടൈമില്‍ പതിവു പോലെ കളിക്കാനൊരുങ്ങിയ എന്റെ കൂടെ കുട്ടികളാരും തന്നെ കളിക്കാന്‍ വന്നില്ല. എന്താണെന്ന് കാര്യം തിരക്കിയപ്പോഴാണ് അതിനു പിന്നിലെ അധ്യാപികയുടെ ഇടപെടലറിഞ്ഞത്. ആ കുട്ടിയുടെ കൂടെ കളിക്കരുതെന്നും പകരുന്ന രോഗമാണെന്നും എന്റെ കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് എന്നെ പഠിപ്പിച്ച ടീച്ചറായിരുന്നു. ഇതെന്നെ വല്ലാതെ ബാധിച്ചു. പകരുന്നതല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും പകരില്ല എന്നുറപ്പുണ്ടായിട്ടും ടീച്ചര്‍ പകരുമെന്ന് പറഞ്ഞ സ്ഥിതിക്ക് അത് സത്യമാവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ഒരു പ്രായത്തില്‍ നമുക്കെല്ലാം നമ്മുടെ അധ്യാപകരല്ലേ.  അങ്ങിനെ കുറേക്കാലത്തേക്ക് കൂട്ടുകാരോടൊപ്പമുള്ള കൂട്ടുകൂടലും കളികളും വരെ ഞാന്‍ സ്വയം ഒഴിവാക്കി. കുട്ടികളുടെ കൂടെ കളിച്ച് അവര്‍ക്ക് രോഗം പരത്തേണ്ടെന്നും കുറെനാളെങ്കിലും ഞാന്‍ വിശ്വസിച്ചു..

താങ്ങും തണലുമായി നിന്ന് അച്ഛന്‍

manju with father
മഞ്ജു കുട്ടികൃഷ്ണൻ അച്ഛൻ ബി. കുട്ടികൃഷ്ണനൊപ്പം

അച്ഛന്‍ ഇടതുപക്ഷ പ്രവര്‍ത്തകനായ പുരോഗമനവാദിയാണ്. അതിനാല്‍ തന്നെ വലിയ പിന്തുണയാണ് എല്ലാ സന്നിഗ്ധ ഘട്ടത്തിലും അച്ഛനില്‍ നിന്ന് ലഭിച്ചത്. എന്റെ ഏറ്റവും വലിയ പിന്തുണയും കൂട്ടും അച്ഛനാണ്. "എന്നെ കാണാന്‍ തീരെ കൊള്ളില്ല അച്ഛാ" എന്ന എന്റെ വേദന നിറഞ്ഞ പരിവേദനങ്ങളോട് അച്ഛന്‍ ഇങ്ങനെ പ്രതികരിക്കും- "ഈ ലോകത്ത് ഏറ്റവും സുന്ദരി നീയാണ്" ... ആ വാക്കില്‍ എന്റെ എല്ലാ വേദനകളും അലിഞ്ഞില്ലാതാവും. പക്ഷേ, യൗവ്വനത്തിലേക്ക് കടന്നതോടെ കാര്യങ്ങള്‍ വീണ്ടും മാറി മറഞ്ഞു. യൗവ്വനകാലത്ത് മറ്റുള്ളവരുടെ സൗന്ദര്യസങ്കല്‍പത്തിന് ചേരാത്ത ആളായതുകൊണ്ടു തന്നെ ഞാന്‍ വല്ലാതെ ഉള്‍വലിയാന്‍ തുടങ്ങി. എന്റെ സമപ്രായക്കാര്‍ക്ക് കിട്ടുന്ന സോഷ്യല്‍ ആക്‌സപ്റ്റന്‍സ് എനിക്ക് കിട്ടുന്നില്ല എന്ന തിരിച്ചറിവ് എന്നെ വല്ലാതെ ബാധിച്ചു. അതിനുള്ള മറുമരുന്നായാണ് അക്കാദമിക തലത്തിലും മറ്റ് കോക്കറിക്കുലര്‍ ആക്ടിവിറ്റീസിലും ഞാന്‍ കൂടുതല്‍ വ്യാപരിക്കാന്‍ തുടങ്ങിയത്. മഞ്ജു കൊള്ളാമെന്ന് പറയിപ്പിക്കണമെന്നായി എനിക്ക്. പക്ഷേ, പലപ്പോഴും എനിക്ക് സ്ട്രഗ്ഗിള്‍ ചെയ്യേണ്ടി വന്നു. ഒരു ഗ്രൂപ്പിനിടയില്‍ ആത്മവിശ്വാസം നഷ്ടപ്പെടാതെ സ്മാര്‍ട്ട് ആയി നില്‍ക്കുമ്പോഴായിരിക്കും പിറകില്‍ നിന്ന് ആ പഴയ ആന വിളി വരുന്നത്.

നോര്‍മല്‍ കുട്ടിയായി പരിഗണിക്കപ്പെടാന്‍ ഞാന്‍ കൊതിച്ചെങ്കിലും എന്റെ വീട്ടിലൊഴികെ മറ്റാര്‍ക്കും ഞാന്‍ നോര്‍മലല്ലായിരുന്നു. ബസ്സില്‍ കയറുമ്പോള്‍ മുതിര്‍ന്ന സ്ത്രീകള്‍ ചോദിക്കും എന്താ മുഖത്തെന്ന്. ഈ ചോദ്യങ്ങള്‍ കൂടിയതോടെ ഞാന്‍ റിബലായിത്തുടങ്ങി. എന്താ മുഖത്ത് എന്ന് അവര്‍ ചോദിക്കുമ്പോല്‍ 'നിങ്ങടെ മുഖത്ത് ഉള്ളതൊക്കെ തന്നെയാണ് എന്റെ മുഖത്ത്' എന്ന ഉത്തരം കരുതിവെച്ചായി എന്റെ യാത്രകള്‍. പലപ്പോഴും ആളുകള്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത് സംസാരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു തുടങ്ങി. തറുതല പറഞ്ഞു തുടങ്ങിയതോടെ ഞാന്‍ പലര്‍ക്കും അഹങ്കാരിയായി. അങ്ങനെ കല്ല്യാണങ്ങള്‍ പോലുള്ള പൊതു ചടങ്ങുകളില്‍ നിന്ന് കൂടുതലായി ഞാന്‍ വിടുതല്‍ വാങ്ങി.

സമപ്രായക്കാരുടെ വിവാഹം അമ്മയിലുണ്ടാക്കിയ ട്രോമ

വായിച്ചും ജേണലിസത്തില്‍ ബിരുദമെടുത്തും എന്റെ ലോകവും കാഴ്ച്ചപ്പാടുകളും മാറി വന്ന് തുടങ്ങിയ പ്രായത്തിലാണ് വിവാഹമെന്ന സമ്പ്രദായത്തിന്റെ പേരില്‍ വീണ്ടും വേട്ടയാടലുകള്‍ തുടങ്ങിയത്. സമപ്രായക്കാരുടെ കല്ല്യാണം കഴിഞ്ഞു തുങ്ങിയ കാലത്ത് 'നിങ്ങളുടെ മോള്‍ടെ കല്ല്യാണം എന്തായി ' ചോദ്യങ്ങള്‍ അമ്മയ്ക്കും ധാരാളമായും നേരിടേണ്ടി വന്നു. വേദനാജനകമായിരുന്നു. അമ്മയ്ക്കാ ചോദ്യങ്ങള്‍. രാത്രിയിലെ അമ്മയുടെ കരച്ചിലുകള്‍ ഞാന്‍ കാരണമാണെന്നുള്ളത് എന്നെ കൂടുതല്‍ വേദനിപ്പിച്ചു. ചോദ്യങ്ങള്‍ കുറയ്ക്കാന്‍ പൂര്‍ണമായും ഇത്തരം ഒത്തുചേരലുകളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഞാന്‍ മാറി.

പ്രിന്റ് മീഡിയയിലായതാണ് ലൂക്കോഡര്‍മ്മ ഞാനെന്ന ജേണലിസ്റ്റിന് ബാധ്യതയാവാതിരുന്നതും. ഒരുപക്ഷേ ദൃശ്യമാധ്യമത്തിലായിരുന്നെങ്കില്‍ ഞാന്‍ വീണ്ടും ട്രോമയിലേക്ക് പോയേനെ 

പിന്നീട് സര്‍വൈവലിന്റെ ഭാഗമായി ലിറ്ററേച്ചറിലേക്കും ജേണലിസത്തിലേക്കും മാറി. ജേണലിസം എന്നിലുണ്ടാക്കിയ ആത്മവിശ്വാസത്തെ അളക്കാനാവില്ല. അത്രമാത്രം ആത്മവിശ്വാസമാണ് എനിക്കീ ഫീല്‍ഡ് നല്‍കിയത്. പ്രിന്റ് മീഡിയയിലായതാണ് ലൂക്കോഡര്‍മ്മ ഞാനെന്ന ജേണലിസ്റ്റിന് ബാധ്യതയാവാതിരുന്നതും. ഒരുപക്ഷേ ദൃശ്യമാധ്യമത്തിലായിരുന്നെങ്കില്‍ ഞാന്‍ വീണ്ടും ട്രോമയിലേക്ക് പോയേനെ. കാരണം നാളിതുവരയെും ലൂക്കോഡര്‍മ അവസ്ഥയുള്ള ഒരാള്‍ വാര്‍ത്ത വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ലൂക്കോഡര്‍മക്കാരി വാര്‍ത്ത വായിക്കുന്നു എന്ന് പറയാന്‍ വേണ്ടി വായിപ്പിക്കുമായിരിക്കാം, ശിശുദിനത്തിന് കുട്ടികളെ കൊണ്ട് വാര്‍ത്ത വായിപ്പിക്കുന്നതു പോലെ. പക്ഷേ, അങ്ങനെ ചെയ്യുന്നതിലൂടെ ലൂക്കോഡര്‍മ്മ എന്ന അവസ്ഥയോടുള്ള പൊതു ബോധം മാറുന്നില്ല. മാത്രമല്ല എന്തോ അസാധാരണ കാര്യം ചെയ്ത പോലെയാണ് ആളുകള്‍ക്ക് അതെല്ലാം അനുഭവപ്പെടുന്നത്. 

ഫോട്ടോഷൂട്ട്

manju kuttikrishnan
മഞ്ജു കുട്ടികൃഷണൻ ചെയ്ത ഫോട്ടോ ഷൂട്ട്

തൊലിയുടെ ഈ അവസ്ഥ എന്റെ പരിമിതിയല്ല എന്ന് എനിക്കൊരു ഘട്ടത്തില്‍ എന്നെ തന്നെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനാലാണ് ഞാന്‍ ഫോട്ടോഷൂട്ടിനു മുതിര്‍ന്നത്. പക്ഷേ, പൊതു സമൂഹം ഇന്ത്യയിലെ ആദ്യ ലൂക്കോഡര്‍മ മോഡല്‍ എന്നെല്ലാം പറഞ്ഞു കൊണ്ടാണ് അതിനെ ആഘോഷിച്ചത്. സ്‌കിന്‍ എന്നത് മാത്രമല്ല, മുടന്തോ മറ്റ് ഏതെങ്കിലും വിസിബിളായ പ്രത്യേകതകള്‍ ഉള്ള ആളുകളെ സാധാരണ വ്യക്തിയായി കാണാന്‍ മലയാളി ഇനിയും ശീലിച്ചിട്ടില്ല. ജസീന കടവിലിന്റെ നേതൃത്വത്തില്‍ ഞാന്‍ ചെയ്ത ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയായതോടെ പല പ്രശസ്ത ബ്രാന്‍ഡുകളും എന്നെ ആഡിന് മോഡലായി ക്ഷണിച്ചിരുന്നു. പക്ഷേ, ഞാനതെല്ലാം നിരസിച്ചു. അതിന് എനിക്കെന്റേതായ കാരണങ്ങളുണ്ട്. എന്നെ മോഡലാക്കുന്നതിലൂടെ ഈ സ്‌കിന്‍ കണ്ടീഷന്‍ കൂടുതല്‍ അസാധാരമാണെന്ന പൊതുബോധമാണ് സൃഷ്ടിക്കപ്പെടുക. എന്നെപ്പോലുള്ള സ്‌കിന്‍ കണ്ടീഷനുള്ള മറ്റാളുകളെ അവര്‍ മോഡലാക്കാന്‍ ഭാവിയില്‍ തയ്യാറാണെങ്കില്‍ ഒരുപക്ഷേ, ഞാനതിനു സമ്മതം മൂളിയേനെ. ഒരു തുടക്കമെങ്കിലും വേണമെന്ന നിലയിലാണ് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമെല്ലാം ആദ്യം യെസ് പറഞ്ഞത്. കണ്ടു കണ്ടല്ലേ സാധാരണമാകൂ. അതിന് തുടക്കമാവാന്‍ ഫോട്ടോഷൂട്ടിനു സാധിച്ചു. മോഡലിങ്ങിനെ, ഈ അവസ്ഥയെ സാധാരണവത്കരിക്കാനുള്ള ടൂള്‍ ആയി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ പ്രൊഫഷനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

പ്രതീക്ഷ നല്‍കുന്ന പുതിയ തലമുറ

വെള്ളപ്പാണ്ടുള്ളൊരാളെ നമ്മുടെ തലമുറ കാണുന്നതുപോലെയല്ല പുതിയ തലമുറ കാണുന്നത്. ഞാന്‍ താമസിക്കുന്ന വീടിനടുത്തുള്ള കുട്ടിക്ക് ഞാന്‍ സൗന്ദര്യമുള്ളവളാണ്. എന്റെ  മുഖത്തെ അടയാളം അവളെ സംബന്ധിച്ച് ഭംഗിയേറെയുള്ള ഒരു ടാറ്റു ആണ്.  എനിക്കും ആ ടാറ്റു വേണമെന്നാണ് അവളെന്നോട് പറയാറ്. എന്റെ സഹപ്രവര്‍ത്തകന്റെ കുട്ടി അവളുടെ അച്ഛനോട് പറഞ്ഞത് എനിക്ക് ആ ചേച്ചീടെ സ്‌കിന്‍ വേണമെന്നാണ്. കുട്ടികള്‍ നിഷകളങ്കരാണ്. "വെളുത്തയാളുകള്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരാണ്, പൊക്കമുള്ളയാളാണ് സുന്ദരന്‍", എന്നിങ്ങനെയുള്ള സങ്കല്‍പം പിന്നീടാണ് നമുക്ക് വരുന്നത്. നമ്മുടെ സൗന്ദര്യ സങ്കല്‍പം സമൂഹമാണ് മാറ്റുന്നത് . കുട്ടികള്‍ക്കങ്ങനെയല്ല.

പ്രണയവും വിവാഹവും ഔദാര്യമാവരുത്

മാരേജ് മാര്‍ക്കറ്റെന്നത് ഒരു വരയും കുറിയും പാടുമില്ലാത്ത എല്ലാം തികഞ്ഞ ആളെ സെലക്ട് ചെയ്യലാണല്ലോ. ആ മാര്‍ക്കറ്റില്‍ എനിക്ക് ഒട്ടും വിലയില്ല. അതിനാല്‍ ഞാനതിന് പോയിട്ടില്ല. പിന്നെ മാരേജ് എന്ന സങ്കല്‍പം എന്നെ ആകര്‍ഷിച്ചിട്ടുമില്ല. വീട്ടുകാര്‍ എനിക്കായി ആലോചനകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ വഴങ്ങിക്കൊടുക്കാത്തിനാലാണ ഇതുവരെ വിവാഹം കഴിക്കാഞ്ഞത്. അല്ലാതെ എന്നെ കെട്ടാനാളില്ലാത്തുകൊണ്ടല്ല. 

ഇനി ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ എന്നെപ്പോലുള്ള അവസ്ഥയുള്ളവരെ വിവാഹം കഴിക്കുന്നത് ഔദാര്യമായാവും സമൂഹത്തിനനുഭവപ്പെടുക. ബന്ധം വേര്‍പ്പെടുത്തപ്പെട്ടാലും എന്റെ രോഗാവസ്ഥ കാരണമെന്ന് സമൂഹം ചിന്തിക്കും.. വെള്ളപ്പാണ്ടുള്ള ഒരു സ്ത്രീക്കും അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട്. അവരും നോ പറയും. അത് തീര്‍ത്തും സാധാരണവുമാണ്. പ്രണയവും വിവാഹവും എന്നെപ്പോലൊരാള്‍ റിജക്ട് ചെയ്യുന്നത് പലർക്കും സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടാവില്ല. പക്ഷേ, ബന്ധങ്ങളിൽ എനിക്കിതുവരെയും റിജക്ഷന്‍ നേരിടേണ്ടിവന്നിട്ടില്ല. പല ബന്ധങ്ങളും ഞാന്‍ റിജകട് ചെയ്തതാണ്. അത് തീര്‍ത്തും സാധാരണവുമാണ്. 

അന്ന് അധ്യാപകര്‍ കൂടെ കളിക്കരുതെന്ന പറഞ്ഞ് സഹപാഠികളെ പിന്തിരിപ്പിച്ച ഞാന്‍ ഇന്ന് അതേക്കാള്‍ വലിയ സാമൂഹിക ജീവിതമാണ് ജേണലിസത്തിലൂടെ അനുഭവിക്കുന്നത്. ഇന്ന് ദേശാഭിമാനിയില്‍ ചീഫ് സബ് എഡിറ്ററാണ്. എത്രയെത്ര പ്രമുഖരെയും അല്ലാത്തവരെയും ഇക്കാലയളവില്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തു. ജേണലിസമാണ് എന്നെ സമൂഹ ജീവിയാക്കിയത്. എന്റെ ശക്തികളെ എനിക്ക് ഓര്‍മ്മപ്പെടുത്തിയത്. എന്നെ ഞാനായി നിലനിര്‍ത്തിയതും."

Stop body shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്.  നമുക്ക് കോമഡിയാവുന്നത് അതിനിരയാവുന്നവർക്ക് ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളാവാം. വിഷാദത്തിലേക്കും മറ്റുപല മാനസിക വ്യഥകളിലേക്കും അവർ കൂപ്പുകുത്തിയേക്കാം.  മാറട്ടെ മനോഭാവങ്ങൾ മാതൃഭൂമി ഡോട്ട്കോമിലൂടെ

conntent highlights: leucoderma Journalist Manju speaks about her journey