"ലപ്പുറം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ 9ാം ക്ലാസ്സ് അധ്യാപികയായിരുന്നു എട്ട് വര്‍ഷം മുമ്പ് ഞാന്‍. അന്നത്തെ ടെക്സ്റ്റ് ബുക്കിലെ 'ബ്രേക്കിങ് ദി ബാരിയര്‍സ്' എന്ന ടോപിക്കിന്റെ ഭാഗമായി "സ്ത്രീകളും പുരുഷന്‍മാരും തുല്യരോ" എന്ന വിഷയത്തില്‍ ക്ലാസ്സില്‍ ചര്‍ച്ച നടത്തിയിരുന്നു. കുടുംബത്തിലുള്ള വേര്‍തിരിവുകള്‍, വസ്ത്രത്തിലുള്ള വേര്‍തിരിവുകള്‍, പൊതുസ്ഥലത്തെ വേര്‍തിരിവുകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെടുത്ത് കുട്ടികളെ പല ഗ്രൂപ്പുകളാക്കിയാണ് ചര്‍ച്ചയ്ക്ക് വെച്ചത്. ഈ ചര്‍ച്ചക്കിടയിലാണ് സ്‌കൂള്‍ യൂണിഫോമിലെ ഷാള്‍ ധരിക്കുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി കുട്ടികളോരോരുത്തരും മനസ്സു തുറക്കുന്നത്. കുട്ടികളുടെ ബുദ്ധിമുട്ടുകളെയും സങ്കടങ്ങളെയും ഗൗരവമായി തന്നെയാണ് അദ്യാപികയെന്ന നിലയിൽ ഞാൻ കണ്ടത്. തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനവും നൽകി. മറ്റ് പല സ്‌കൂളുകളിലെ കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി ഷാള്‍ എന്ന ഭാരം അനുഭവിക്കുന്ന 500 പെണ്‍കുട്ടികള്‍ ഒപ്പിട്ട നിവേദനവും വിദ്യാഭ്യാസമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സമര്‍പ്പിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി ഇതിന്റെ പകര്‍പ്പ് സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് നല്‍കിയതോടെയാണ് ആ അധ്യാപന കാലഘട്ടം എന്നെ സംബന്ധിച്ച് സംഘർഷഭരിതമാവുന്നത്. എന്നെപ്പോലെ തന്നെ നിവേദനത്തിൽ ഒപ്പിട്ട കുട്ടികളും ഒരുപാട് വേട്ടയാടലുകളിലൂടെ കടന്നു പോയി.

 സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സ്റ്റാഫ് മീറ്റിങ്ങ് ചേര്‍ന്ന് ഭൂരിഭാഗം അധ്യാപകരും എന്നെ ഒറ്റപ്പെടുത്തി വിചാരണ ചെയ്തു. വിഷയത്തോട് യോജിപ്പുള്ള വിരലിലെണ്ണാവുന്നവര്‍ പോലും പരസ്യമായി പിന്തുണക്കാന്‍ ഭയന്നു. കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും യോഗം വിളിച്ചു ചേര്‍ത്ത് അതികഠിനമായി തന്നെ ശകാരിച്ചു. സ്‌കൂള്‍ അസംബ്ലി കൂടി ഇനി നിവേദനം കൊടുക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും എന്ന ഭീഷണി വരെ മുഴങ്ങി. സ്‌കൂളിനും നാട്ടുകാരിൽ ചിലർക്കും ഞാന്‍ കുട്ടികളെ വഴിതെറ്റിക്കുന്നവളായി, ഫെമിനിസ്റ്റ് തീവ്രവാദിയായി, എല്ലായ്‌പ്പോഴും പ്രശ്നങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന അവഹേളിക്കേണ്ട കഥാപാത്രവുമായി.

ബാലുശ്ശേരി സ്കൂൾ നേരിട്ടപോലെതന്നെ അന്നും ഇന്നീ കാണുന്ന ചില തത്പര രാഷ്ട്രീയ സംഘടനകളൊക്കെ ചേര്‍ന്നാണ് എനിക്കും കുട്ടികള്‍ക്കുമെതിരേ ഭീഷണി മുഴക്കിയത്. ഫെമിനിസ്റ്റ് തീവ്രവാദിയാണെന്ന വിളി പലപ്പോഴായി കേൾക്കേണ്ടി വന്നു. ഒരു പത്രം അവരുടെ വാർത്തയിൽ തീവ്ര ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയായ അധ്യാപിക എന്നാണ് എന്നെ വിശേഷിപ്പിച്ചത്. ഇന്ത്യാവിഷനില്‍ വിഷയം വാര്‍ത്തയും ചര്‍ച്ചയുമായതോടെ സ്‌കൂളിനെ മാനം കെടുത്തിയവള്‍ എന്ന വിളിപ്പേരു കൂടി വന്നു.

divya divakar
ദിവ്യ

സ്‌കൂളിലേക്ക് എന്നെത്തേടി പുരുഷന്‍മാരുടെയും (തുല്യതാ സങ്കല്‍പം ഒട്ടുമില്ലാത്ത പുരുഷന്‍മാര്‍) ആണ്‍ഹുങ്കുള്ള രാഷ്ട്രീയ സംഘടനകളുടെയും ഘോഷയാത്രയായി. പ്രധാനാധ്യാപികയുടെ മുറിയിലേക്ക് സംഘടനകള്‍ വരുന്നതും എന്നെ വിളിച്ചു വരുത്തി അവരുടെ സകല വിചാരണകള്‍ക്കു വിട്ടു കൊടുക്കുന്നതും ദിവസങ്ങളോളം തുടര്‍ന്നു. നിവേദനത്തില്‍ ഒപ്പിട്ട കുട്ടികള്‍ പോലും ഭീഷണി ഭയന്ന് എന്നോട് മിണ്ടാതായി.. എന്നെ കാണുമ്പോൾ മാറി നടക്കാനും തുടങ്ങി. ഇതിനിടയില്‍ നിവേദനത്തിലെ ഷാള്‍ എന്നത് തട്ടമാക്കി മാറ്റി ചില തത്പര കക്ഷികള്‍ മുതലെടുത്ത്, അതില്‍ വര്‍ഗ്ഗീയത വരെ കൊണ്ടു വന്നു.

ഭീകരമായ ഒറ്റപ്പെടലാണ് ആ കാലയളവില്‍ ഞാനനുഭവിച്ചത്. ഇന്ത്യാവിഷനിലെ മാധ്യമപ്രവര്‍ത്തകയാണ് അന്ന് സർവ്വ പിന്തുണയും നല്‍കി എനിക്കൊപ്പം നിന്നത്. വിഷയത്തിൽ വര്‍ഗ്ഗീയത കൊണ്ടുവരാനുള്ള ശ്രമത്തെ ചെറുത്തതും അവർ തന്നെ. എന്നാല്‍ അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ ആയിരുന്ന ഐജി ശ്രീജിത്ത് വിഷയത്തില്‍ ഇടപെട്ടു. കുട്ടികളുടെ ആവശ്യം മാനിച്ച് ഷാള്‍ എന്നത് കോട്ടാക്കി മാറ്റി. ഞങ്ങൾ ആഗ്രഹിച്ചത് ഷാളിൽ നിന്ന് കോട്ടിലേക്കുള്ള മാറ്റമല്ലെങ്കിലും, നടക്കുന്ന വഴിയിലും മറ്റും കൊളുത്തിയും പാറിയും മറ്റുമുള്ള ഷാളിന്റെ ശല്യത്തിൽ നിന്ന് കുട്ടികൾ മോചിതരായി എന്നത് പ്രതീക്ഷാ നിർഭരമായിരുന്നു. കോട്ടായാലും അന്ന് നടന്നത് മാറ്റമാണ്. അന്നീ വിഷയം ഇന്നത്തേത് പോലെ ഏറ്റെടുക്കാന്‍ ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇത്രത്തോളമുണ്ടായിരുന്നില്ല. ചര്‍ച്ച ആദ്യമായി കൊണ്ടു വന്ന മാതൃഭൂമി ഡോട്ട്‌കോമിന്റെ ഇടപെടലിനെ മതിപ്പോടെ സ്മരിക്കുകയാണ്.

15ാം വയസ്സിലെ മുടിവെട്ട്

മലപ്പുറം കാളികാവിലെ കുഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. പാട്രയാര്‍ക്കിക്ക് വഴങ്ങിക്കൊടുക്കാതെയുള്ള ജീവിതത്തിന്റെ ആദ്യ ചുവടുവെപ്പ് 15ാം വയസ്സില്‍ തുടങ്ങി എന്ന് തന്നെ വേണം പറയാന്‍. ജഡപിടിക്കുന്ന മുടി, ജഡ മാറ്റുമ്പോഴുള്ള വേദന, പേന്‍ചീവലെന്ന കലാപരിപാടി എന്നിവ കാരണം മുടി എനിക്ക് അസൗകര്യമായിരുന്നു. അന്ന് വീട്ടുകാരുടെ പോലും അഭിപ്രായങ്ങളെ എതിര്‍ത്തായിരുന്നു നല്ല നീളമുള്ള മുടി തോളറ്റം വരെ വെട്ടിയത്. മുടിവെട്ടിയതിന്റെ പേരില്‍ മുത്തശ്ശി ഒരാഴ്ചയോളം മിണ്ടാതെ വരെ നടന്നു. പ്രീഡിഗ്രിക്ക് കോളേജില്‍ പോകുമ്പോള്‍ നടക്കുന്ന വഴിയിലെല്ലാം ഗുള്ളിറ്റ്( പഴയ ഫുട്ബോളർ) എന്ന് കളിയാക്കി വിളിക്കുമായിരുന്നു. ഒരിക്കല്‍ അനിയനോടൊപ്പം നടന്നപ്പോള്‍ പ്രദേശത്തെ സ്‌കൂളിലെ കട്ടികളെല്ലാം കൂടി എന്നെ കൂകി വിളിച്ചു. കൂക്കെന്ന് പറഞ്ഞാല്‍ ചെവിപൊട്ടുമാറുച്ചത്തിലുള്ള കൂക്കി വിളി. അന്നാ നാട്ടില്‍ മുടിവെട്ടിയ കോളേജ് പെണ്‍കുട്ടി പുതിയൊരു കാഴ്ചയായിരുന്നു. അനിയന് വിഷമമായി. 'ചേച്ചിയുടെ കൂടെ ഇനി ഞാനെങ്ങും പോവില്ല' എന്ന് വരെ അവൻ വിഷമത്തോടെ പറഞ്ഞു. സമൂഹത്തിന്റെ ഒഴുക്കിനൊത്ത് നീന്താത്തവര്‍ എല്ലാകാലത്തും ഇത്തരത്തിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഞാനും നേരിട്ടു. എന്നാൽ അവയൊന്നും എന്നെ അലട്ടിയില്ലെന്നത് മറ്റൊരു സത്യം".

divya divakar
ദിവ്യ ദിവാകർ പുലികളിക്കിടെ| 2016ലാണ് ആദ്യ പെൺപുലിക്കളി ടീം ഇറങ്ങിയത്. ആ ടീമിൽ ദിവ്യയുമുണ്ടായിരുന്നു

കേരളത്തിലെ ആദ്യ പെണ്‍പുലികളിലൊരാള്‍

തൃശ്ശൂരില്‍ കാലങ്ങളായി നടക്കുന്ന പുലിക്കളിയില്‍ പെണ്‍പുലി എന്ന ആശയം തുടങ്ങി വെച്ചത് തന്നെ ദിവ്യയും മറ്റു ചില സ്ത്രീകളും ചേര്‍ന്നാണ്. ആദ്യമായി പുലിക്കളിക്കിറങ്ങിയ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ദിവ്യയുമുണ്ടായിരുന്നു.

"ആണുങ്ങള്‍ മണിക്കൂറോളം കഷ്ടപ്പെട്ടിരുന്നാണ് ദേഹം മുഴുവനും പെയിന്റ് ചെയ്യുന്നത്. മാത്രവുമല്ല മണിക്കൂറുകളോളം നിര്‍ത്താതെ തുള്ളുകയും വേണം. ഇതിനൊന്നും പെണ്ണുങ്ങള്‍ക്ക് കഴിയില്ല എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അത്തരം തെറ്റിദ്ധാരണകളെ തകര്‍ക്കാന്‍ ഞങ്ങളുടെ പുലികളിക്കായി. എതിര്‍പ്പുകള്‍ ചിലഭാഗത്തു നിന്നുണ്ടായിരുന്നെങ്കിലും പുലികളിക്കിറങ്ങിയതോടെ വലിയ രീതിയിലാണ് നാട്ടുകാര്‍ ഞങ്ങളെ സ്വീകരിച്ചത്. അത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു".

divya divakar
പെണ്ണുഹഅങൾക്ക് കയറാൻ വിലക്കുണ്ടായിരുന്ന അഗസ്ത്യാർകൂടം ഹൈക്കോടതി ഉത്തരവിനു ശേഷം 
പോരാടിയ മറ്റ് സ്ത്രീകൾക്കൊപ്പം ദിവ്യ സന്ദർശിച്ചപ്പോൾ

അഗസ്ത്യാര്‍കുടം പെണ്‍യാത്ര

അഗസ്ത്യാര്‍കൂടത്തില്‍ പെണ്ണുങ്ങളെ കയറ്റണമെന്ന ആവശ്യമുന്നയിച്ച് ആദ്യം മുന്നോട്ടു വന്ന സംഘത്തിലും ദിവ്യ സജീവമായിരുന്നു. സ്ത്രീകളെ കയറ്റണമെന്ന ആവശ്യമുന്നയിച്ച് മന്ത്രിയെ കണ്ട് അവർ നിവേദനവും നല്‍കി. ഹൈക്കോടതിയില്‍ കേസും കൊടുത്തു.

"അഗസ്ത്യാര്‍ കൂടത്തില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ലോകമവസാനിക്കും എന്നു വരെ ഞങ്ങളുടെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് മന്ത്രിക്കൊപ്പമുള്ള ചര്‍ച്ചയില്‍ ചിലർ ഉന്നയിച്ചു. അതിനിടെയാണ് കോടതിയില്‍ ഞങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ അഗസ്ത്യാര്‍കൂടത്തില്‍ പെണ്ണുങ്ങളെ കയറ്റണമെന്ന ഹൈക്കോടതി വിധി വരുന്നത്. 2019ൽ ഞങ്ങൾ പെണ്ണുങ്ങലെല്ലാം ചേർ്നന് അഗസ്ത്യാർകൂടത്തിലേക്ക് യാത്രയും നടത്തി. 

ഇന്ന് പുലികളിക്ക് പെണ്ണുങ്ങള്‍ ധാരളമായി എത്തിത്തുടങ്ങി, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് എതിര്‍പ്പുകളില്ലാതെ പ്രവേശിക്കാനായി.. അന്ന് സ്‌കൂള്‍ കുട്ടികളുടെ ഷാളിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയതിനും നിവേദനം നൽകിയതിനും എന്നെ തേജോവധം ചെയ്തവര്‍, മിണ്ടാതെ നടന്നവര്‍ ഇന്നീ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പയിന്‍റെ വരവോടെ അല്‍പമെങ്കിലും മനോഭാവ മാറ്റമുണ്ടായെന്ന് പ്രതീക്ഷിക്കാം. വഴി തെറ്റിച്ച ടീച്ചറെന്ന അപഖ്യാതിയെ ചരിത്രം തിരുത്തുന്ന കാഴ്ചയല്ലേ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ".

Stop Shamingഉറപ്പുള്ള ഭാഷയില്‍ സംസാരിക്കുന്നവരെ കണ്ടാല്‍, ഒഴുക്കിനെതിരേ നീന്തുന്നവരെ കണ്ടാല്‍ വ്യവസ്തിഥികളോട് പൊരുതുന്ന സ്ത്രീകളെ കണ്ടാലെല്ലാം സമൂഹം അവരെ ഒറ്റപ്പെടുത്താനും, ഫെമിനിസ്റ്റ് തീവ്രവാദിയാക്കാനുമാണ് വെമ്പല്‍ കൊള്ളുന്നത്. പക്ഷെ ഇത്തരത്തില്‍ വിചാരണ ചെയ്യുന്നവരുടെ കുടുംബത്തിലെ സ്ത്രീകളും അവരുടെ അടുത്ത തലമുറയുമെല്ലാം ഇത്തരത്തില്‍ അവഹേളിക്കപ്പെട്ട, വിചാരണ ചെയ്യപ്പെട്ട ഉറച്ച നിലപാടുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ ഗുണഭോക്താക്കളുമാണെന്നതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെയാണ്. മുന്നോട്ടു നടക്കാന്‍ ദിവ്യയെപ്പോലെ ഒരാളോ ചെറു സംഘമോ ഉണ്ടായതുകൊണ്ടാണ് ലോകം ഇത്രത്തോളം സ്ത്രീ സൗഹാര്‍ദ്ദവും വിവേചനങ്ങള്‍ കുറവുള്ളതുമായത്. ആക്ടിവിസ്റ്റ് കുപ്പായമണിയുന്ന സ്ത്രീകളോട്, അവരുടെ  പെരുമാറ്റരീതികളോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ കല്‍പിക്കുന്നുണ്ട്. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് വാര്‍പ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ. 

 

ഇത്തരം അനുഭവങ്ങളിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ. എങ്കിൽ അനുഭവങ്ങളറിയിക്കാം- nileenaatholi@mpp.co.in

content highlights: Divya Divakar speaks about her journey as a feminist and the judgemental attitude which she face