കസ്തൂരിമാൻ സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച നായകകഥാപാത്രത്തെ പരിഹസിക്കാനായി നായിക സ്റ്റേജിലേക്ക് വിളിക്കുന്ന ഒരു രംഗമുണ്ട്. " രാക്കുയിൽ പാടി രാവിന്റെ ശോകം എന്ന പാട്ടിന്റെ പശ്ചാത്തലമതാണ്. സിനിമയിലേതു പോലെയല്ലെങ്കിലും അത്തരത്തിലൊരു അനുഭവത്തിലൂടെ കടന്നു പോയൊരാളാണ് യുട്യൂബർ ബിപിൻദാസ്. ഒന്നിലും പങ്കെടുക്കാത്ത ക്ലാസ്സിലെ മിടുക്കനല്ലാത്ത കുട്ടിയെ കളിയാക്കാനാണ് കുട്ടികളെല്ലാവരും അന്ന് ബിപിൻദാസിനെ വാരിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടു പോവുന്നത്. പക്ഷെ അന്ന് കയറിയ അരങ്ങിൽ നിന്ന് ഈ 36ാം വയസ്സിലും ബിപിൻ ദാസ് താഴെ ഇറങ്ങിയിട്ടില്ല. ബിപിൻദാസിന്റെ അനുഭവ കഥയാണ് ഇത്തവണ ഞാനിങ്ങനെയാണ് തീർപ്പുകൾ വേണ്ട എന്ന കോളത്തിൽ

"റമ്പിലും കാട്ടിലും ആവശ്യമില്ലാതെ വളരുന്ന സാധനം എന്ന അര്‍ത്ഥത്തില്‍ നാട്ടുകാരില്‍ ചിരെങ്കിലും എന്നെ വിളിച്ച പേരാണ് കര്‍മൂസ തണ്ട് (പപ്പായയ്ക്ക് മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ പറയുന്ന പേര്). കറുത്ത നിറത്തെ അവഹേളിക്കാനുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കരിവണ്ടെന്ന് വിളിച്ചവരും ഉണ്ട്. ആ വിളി കേട്ട് കേട്ട് കരിവണ്ടിനെ കാണുന്നത് തന്നെ എനിക്കിഷ്ടമല്ലാതായി. പക്ഷെ പിന്നീട് മനസ്സിലായി കരിവണ്ടല്ല പ്രശ്‌നം ഈ വിളിക്കുന്നവരുടെ മനോഭാവമാണെന്ന്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആദ്യ സ്‌റ്റേജ് അനുഭവം

bipin das
ബിപിൻ ദാസ്| പഴയ കാല ചിത്രം

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനറിയാതെയാണ് എന്റെ പേര് മോണോ ആക്ടിന് ചിലര്‍ കൊടുക്കുന്നത്. ഒന്നിലും ആക്ടീവല്ലാതിരുന്ന, പഠിപ്പില്‍ മിടുക്കനല്ലാതിരുന്ന എന്നെ പരിഹാസിക്കാനുള്ള അവസരമായി കണ്ടായിരുന്നു ആ നീക്കം. മത്സരത്തിന് പോകാന്‍ വിസമ്മതിച്ച എന്നെ ഉയര്‍ത്തിയെടുത്താണ് അവരെല്ലാം കൂടി സ്‌റ്റേജില്‍ കൊണ്ടുപോയി വെക്കുന്നത്.  'ഓനെയൊന്നുംം അങ്ങോട്ട് കേറ്റണ്ട. ഓനെ കേറ്റീട്ട് എന്തിണ്ടാക്കാനാ' എന്നാണ് പോകും വഴി ടീച്ചര്‍ ഓരോട് വിളിച്ചു ചോദിച്ചത്. ആ ചോദ്യം ഇന്നും എന്റെ ഉള്ളില്‍ കിടന്ന് വിങ്ങുന്നുണ്ട്. പക്ഷെ സ്റ്റേജില്‍ കയറിയ നിമിഷമാണ് ചേച്ചിക്ക് മാമന്‍ പഠിപ്പിച്ചു കൊടുത്ത തിങ്കളും താരങ്ങളും എന്ന കുഞ്ഞു മോണോ ആക്ട് ഓര്‍മ്മയില്‍ വന്നത്. ഞാനത് ചെയ്തു. അതായിരുന്നു എന്റെ അരങ്ങേറ്റം.

പരിഹാസം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ആദ്യ സ്‌റ്റേജ് അനുഭവം തന്നെ ടെറര്‍ ആയതുകൊണ്ട് സ്റ്റേജെന്നത് പിന്നീടൊരിക്കലും എന്നെ ഭയപ്പെടുത്തിയിട്ടില്ല. 

ക്ലാസ്സില്‍ പഠിക്കാത്ത കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ടു തന്നെ അധ്യാപകരുടെ സ്നേഹം എന്നെ തേടിയെത്തിയിട്ടില്ല. ഇപ്പോ ഡിപിഇപി ആയ ശേഷമല്ലേ വേറെ വഴിയില്‍ കണക്കിലുത്തരം കണ്ടെത്താനൊക്കെ കുട്ടികള്‍ക്ക് കൊടുക്കുന്ന പഠന രീതി വന്നത്. വേറെ വഴിയില്‍ ഉത്തരം കണ്ടെത്തിയതിന് ടീച്ചറുടെ കയ്യില്‍ നിന്ന് അടി വാങ്ങിയ ആളാണ് ഞാന്‍. റാങ്ക് ഫയലൊക്കെ വാങ്ങിച്ചു തന്ന് എന്നെ മനുഷ്യനെന്ന നിലയില്‍ പരിഗണിച്ച അധ്യാപകരുമുണ്ടെങ്കിലും ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞ് നില്‍ക്കുന്നത് അധ്യാപകരില്‍ നിന്നേറ്റുവാങ്ങിയ അപഹാസങ്ങളും അവഗണനയുമായിരുന്നു.

കറുത്ത നിറമുള്ളവര്‍ കൂളിങ് ഗ്ലാസ്സ് ധരിച്ചാലെന്താ

പല നിറങ്ങളിലുള്ള വേഷമിടാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ വലിയ രീതിയിലുള്ള കളിയാക്കലുകളാണ് കുട്ടിക്കാലത്തെല്ലാം നേരിട്ടിരുന്നത് അതിനാല്‍ തന്നെ കാലങ്ങളോളം നീലനിറമുള്ള വേഷമാണ് ധരിച്ചിരുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് എന്ത് കൊണ്ട് ബ്രൈറ്റ് നിറമായിക്കൂട എന്ന ചിന്തപോലും അന്ന് മനസ്സിൽ ഉയര്‍ന്നിരുന്നില്ല.. ഇന്ന് കുറെയേറെ മാറി.

കൂളിങ് ഗ്ലാസ്സ് ഇടാന്‍ വലിയ ഇഷ്ടമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എന്നോട് സഹതാപം തോന്നിയാണ് ഒരേട്ടൻ സമ്മാനമായി കൂളിങ് ഗ്ലാസ്സ് ആദ്യമായി കയ്യില്‍ തരുന്നത്. അതിട്ട് പുറത്തിറങ്ങിയപ്പോള്‍ വെളുത്ത ആളുകള്‍ക്കിട്ടാലാണ് ഭംഗിയുണ്ടാവുക എന്നും പറഞ്ഞ് നിരാശപ്പെടുത്തിയവരായിരുന്നു ഏറെയും. ഇഷ്ട നിറമുള്ള വേഷം ധരിച്ചാല്‍ പാണ്ടി ക്കളര്‍, ചാപ്രലുക്ക്, കടപ്രികളെപ്പോലെ, വടി, എല്ലൂന്നി എന്നിങ്ങനെ പല വിളികളാണ് കുറെയേറെക്കാലം നേരിട്ടിരുന്നത്. മെലിഞ്ഞ അവസ്ഥ ദാരിദ്ര്യത്തിന്റെ അടയാളമായിരുന്ന കാലത്ത് തടിക്കാന്‍ ഞാനേറെ ഇഷ്ടപ്പെട്ടു. ഇന്ന് ജിമ്മൊക്കെ വന്ന് ലക്ഷണങ്ങളൊക്കെ തിരിഞ്ഞു മറിഞ്ഞപ്പോള്‍ നിനക്കൊന്നു മെലിഞ്ഞൂടെ എന്നായി ആളുകളുടെ ചോദ്യം.
 

ഇംഗ്ലീഷ് ഭാഷ

bipin dasഇംഗ്ലീഷ് എന്നത് വെള്ളക്കാര് സംസാരിക്കുന്ന ഭാഷയാണെന്ന തോന്നലുകള്‍ ആളുകളുടെ ഉള്ളില്‍ ആഴത്തിലുള്ളതുകൊണ്ടാവാം എന്നെപ്പോലുള്ളവര്‍ സംസാരത്തിനിടക്ക് ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചാല്‍ 'അന്റ രൂപത്തിനിത് ചേരില്ലെന്ന് ' ചിലരെങ്കിലും പറയുന്നത്.  ഇംഗ്ലീഷ് പഠിക്കാനാഗ്രഹിച്ചപ്പോഴും മറ്റും മുന്‍വിധിയോടെയുള്ള പെരുമാറ്റമാണ് ടീച്ചര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നും ക്ലാസ്സില്‍ എഴുന്നേറ്റ് നിര്‍ത്തപ്പെടുന്ന പയ്യന്‍ അതായിരുന്നു അവര്‍ക്ക് ഞാന്‍. എന്നെക്കൊണ്ട് ഒന്നും പറ്റുന്നില്ലല്ലോ, ബുദ്ധിയില്ലല്ലോ എന്നോര്‍ത്ത് അന്നേറെ കരഞ്ഞിട്ടുണ്ട്. പ്ലസ്ടു പരീക്ഷ എഴുതാനിരിക്കെ നൂറ് ശതമാനം വിജയം സ്‌കൂളിന് കിട്ടില്ല എന്ന് പറഞ്ഞ് എന്നെ  പരീക്ഷയെഴുതുന്നതില്‍ നിന്ന് സ്‌കൂളുകാര്‍ മാറ്റിനിര്‍ത്തി. അന്ന് മാറ്റിനിര്‍ത്തിയ അഞ്ച് കുട്ടികളും കറുത്ത നിറക്കാരും ഒരാളൊഴികെ ബാക്കിയെല്ലാവരും ദളിതരുമായിരുന്നു. 1500 മീറ്റര്‍ ഓട്ടത്തിന് സ്‌റ്റേറ്റ് ലെവലില്‍ പങ്കെടുത്തിട്ടും മോണോ ആക്ട് പോലുള്ള കലാപരിപാടികളില്‍ സജീവമായിരുന്നിട്ടും അധ്യാപകരില്‍ പലര്‍ക്കും ഞാന്‍ മോശം വിദ്യാര്‍ഥിയായിരുന്നു. അന്നെന്നെ മാറ്റി നിര്‍ത്തിയ പല അധ്യാപകര്‍ക്കും പിന്നീട് അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ ക്ലാസ്സ് എടുത്ത് കൊടുത്തിട്ടുണ്ട് . അത് പറഞ്ഞ് ആളാവുന്നതല്ല പക്ഷെ ജീവിത വഴിയിലെ ചില രസകരമായ നിമിത്തങ്ങളാണ് ഇതൊക്കെയും.

ഫോട്ടോഗ്രാഫി ജീവിതം

പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിയാതെ പോയ ഞാന്‍ പിന്നീട്  14 കൊല്ലം ഫോട്ടോഗ്രാഫറായിട്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടു പോയത്. അന്നെല്ലാം ഞാനൊരു തോറ്റ മനുഷ്യനായിരുന്നു. ഒരിക്കല്‍ അമ്പലത്തില്‍ എന്തോ ചടങ്ങ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ നീയെന്താ ഷര്‍ട്ട് അഴിച്ചു വെക്കാത്തതെന്ന ചോദ്യം വിവേചനമായാണ് അനുഭവപ്പെട്ടത്. ഷര്‍ട്ടിട്ട് മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോയെടുക്കുന്നത് കണ്ടുകൊണ്ടാണ് എന്നോട് മാത്രം ആ ചോദ്യം ഉയര്‍ന്നത്. ഒരിക്കല്‍ കല്യാണ വീട്ടില്‍ ഷൂട്ടിന് പോയപ്പോള്‍ എന്റെ രൂപവും നിറവും കാരണം വീട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ട് സ്റ്റുഡിയോന്ന് എന്നെ തിരിച്ച് വിളിച്ച് വേറെ ആള്‍ പകരം ഫോട്ടോ എടുക്കാന്‍ പോയ അനുഭവവും ഉണ്ടായി. നമ്മുടെ പല അനുഭവങ്ങളും തോന്നലാണെന്ന് പറഞ്ഞ് ഇന്നും ഈ കാര്യങ്ങളെയെല്ലാം ലളിതവത്കരിക്കുന്നവരുമുണ്ട്.  കാരണം വേദന അതനുഭവിച്ചവനേ അറിയൂ.ക്രിയേറ്റീവ് ആയി ഫോട്ടോ എടുക്കാന്‍ കഴിയാത്തതിനുള്ള പരിമിതി, വിവേചനം എന്നിങ്ങനെ പലകാരണങ്ങളാൽ പിന്നീട് ഫോട്ടോഗ്രാഫി ഉപേക്ഷിക്കുന്നത്.  

ഒരിക്കല്‍ ഒരു സിനിമയുട ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് വേസറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട ആളുകള്‍ അവിടുണ്ടായിട്ടും എന്നോടാണ് ഉടമ വന്ന് തട്ടിക്കേറിയത്.. കൂടെയുള്ള പയ്യന്‍ ആ നാട്ടിലെ സവര്‍ണ്ണനാണ്. എന്നോട് പറഞ്ഞ ഭാഷയിലല്ലായിരുന്നു അവനോടുള്ള പെരുമാറ്റം. ' എടൊ നിന്നോട് ഇതൊക്കെ പറയേണ്ടി വന്നതില്‍ സങ്കടമുണ്ട്' എന്ന മുഖവുരയോടെയാണ് സവര്‍ണ്ണനായ വ്യക്തിയോട് അയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംഭവിച്ചിട്ട് രണ്ട് മാസം പോലുമായില്ല. അതിനാല്‍ തന്നെ കിട്ടുന്ന പ്ലാറ്റ്‌ഫോമിലൊക്കെ ഞാന്‍ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാറുണ്ട്. പറഞ്ഞ് പറഞ്ഞാലോ മാറ്റം ഉണ്ടാവൂ, വായിക്കാനും പഠിക്കാനും ഉള്ള അവകാശം വരെ മനുഷ്യര്‍ നേടിയെടുത്തതല്ലേ ആരും കൊണ്ട് വന്ന് തന്നതൊന്നുമല്ലല്ലോ.  

aduppu
അടുപ്പ വെബ്സീരീസ് പോസ്റ്റർ

അടുപ്പ് വെബ്സീരീസ്

ലോക്കഡൗണില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ മരവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭാര്യ അശ്വിനിയുടെ ഐഡിയയാണ് അടുപ്പ്. കുറച്ച് കുട്ടികളുമായി ആശാനും പിള്ളേരുമെന്ന പേരില്‍ ഫെയ്‌സ്ബുക്കിലാണ് കുഞ്ഞ് വീഡിയോകള്‍ ചെയ്താണ് തുടക്കം. ബിപിൻദാസ് പരപ്പനങ്ങാടി എന്ന എന്റെ പേര് പിന്നീട് വീഡിയോയിലൂടെ പരപ്പു എന്ന വിളിപ്പേരിലേക്ക് മാറി. ഇഷ്‌ക് സിനിമാ സംവിധായകന്‍ അനുരാജ് മനോഹര്‍ ആണ് യുട്യൂബില്‍ വെബ്‌സീരീസായി തുടങ്ങാമെന്ന നിര്‍ദേശം വെക്കുന്നത്. ഞാനും സുഹൃത്തുക്കളും നാടകക്യാമ്പിലെ ചില കുട്ടികളും ചേര്‍ന്ന് തുടങ്ങിയ അടുപ്പ് എന്ന വെബ്‌സീരീസിന്റെ അടിസ്ഥാന ഘടകം നര്‍മ്മമാണെങ്കിലും ഇതതരത്തിലുള്ള മുന്‍വിധികളോടുള്ള ചെറിയ രീതിയിലുള്ള പ്രതിരോധവും അത് മുന്നോട്ടു വെക്കുന്നുണ്ട് അടുപ്പെന്തോ മോശം വാക്കായാണ് പലരും ഉപയോഗിക്കുന്നത്. തെറിയായി പോലും പലരും ഉപയോഗിക്കുന്നു. അതിനാലാണ് വെബ് സീരീസിന് അടുപ്പെന്ന പേര് ഇടുന്നത്.

തനിനാടന്‍ ഭാഷ ഉപയോഗിക്കുന്നതാണ് അടുപ്പ് സീരീസിന്റെ പ്രത്യേകത. അതിനാല്‍ തന്നെ അടുപ്പിലെന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നതെന്ന ചോദ്യം നേരിട്ടിട്ടുണ്ട്. ഈ ഭാഷ ഉപയോഗിക്കുന്നവരും ഉണ്ട് എന്ന് മനുഷ്യരറിയണ്ടേ എന്നതാണ് എനിക്ക് അതിനുള്ള ഉത്തരം. പോളിഷ്ഡ്് ഭാഷ, മാത്രമല്ലല്ലോ എല്ലാവരും സംസാരിക്കുന്നത്. ഈ ശൈലി ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി എന്നതാണ് എന്റെ നിലപാട്. 

aduppu
10 ലക്ഷം വ്യൂ കിട്ടിയ അടുപ്പിലെ തേങ്ങാച്ചമ്മന്തി എപ്പിസോഡ്

കോവിഡിന് മുമ്പ് നാടകങ്ങളുടെ രചനയും സംവിധാനവുമായിരുന്നു പ്രധാന തൊഴില്‍. അത്തരം നാടകങ്ങള്‍ സംസ്ഥാനത്തിന് പുറത്തു പോയി കളിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യൂത്തഫെസ്റ്റിവലില്‍ ബിപിന്‍ദാസിന്റെ പത്തോളം നാടകങ്ങള്‍ക്ക് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട് ഇത് വരെ. അപ്പോഴും നാടകം പഠിപ്പിക്കാന്‍ കൂടെ വന്ന പെണ്‍കുട്ടികളോട് ഇത്തരക്കാരുടെ കൂടെ എന്തിനാ കൂടുന്നതെന്ന ചോദ്യങ്ങളുമുണ്ടായി. ഇന്ന് രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ട് അടുപ്പ് സീരീസിന്. പല എപ്പിസോഡുകളും പത്ത് ലക്ഷം പേര്‍ വരെ കണ്ടു. അടുപ്പിന്റെ ലാസ്റ്റ് എപ്പിസോഡ മുട്ടമാല ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷം പേരാണ് കണ്ടത്.

പണ്ട് ആരാണാഗ്രഹം എന്ന ചോദ്യത്തിന് പോലീസാവണം എന്ന ഉത്തരം നല്‍കിയതിന് കളിയാക്കലുകള്‍ നേരിട്ടുണ്ട്. പല ഉത്തരങ്ങളും നമ്മളാഗ്രഹിച്ചതല്ലെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് മനസ്സിലായി. ആഗ്രഹങ്ങൾ മാറി മറിഞ്ഞു.  അതിനാല്‍ തന്നെ ഒരു കുട്ടിക്ക് ആരാവിതിരിക്കാനാണ് ആഗ്രഹം എന്ന ചോദ്യം ഇനിയെങ്കിലും നാം ചോദിക്കേണ്ടത്. ആ ചോദ്യത്തിനാണ് ആ കുട്ടിയുടെ ആഗ്രഹത്തിലേക്കുള്ള വഴി പറഞ്ഞു നല്‍കാനാവുക.. 

Stop Shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. നിറവും തടിയുമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ കല്‍പിക്കുന്നുണ്ട്. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് വാര്‍പ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്കോമിലൂടെ. 

ഇത്തരം അനുഭവങ്ങളിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ. എങ്കിൽ അനുഭവങ്ങളറിയിക്കാം- nileenaatholi@mpp.co.in

content highlights: Discrimination and body shaming faced by youtuber Bipindas aka parappu