Panda 2ഉരുണ്ട കണ്ണും തടിയും കണ്ടവര്‍ എന്നെ പാണ്ടയെന്ന് കളിയാക്കി, പാണ്ടക്കെന്താ കുഴപ്പം, എന്നിട്ടവൾ സ്വയം വിളിച്ചു "അഞ്ജലി പാണ്ട"

 

"പോണ്‍ സൈറ്റില്‍ എന്റെ പടമുണ്ടെന്ന് രിക്കല്‍ ഒരു സുഹൃത്താണ് വിളിച്ചു പറയുന്നത് . റോഡരികില്‍ ഹെല്‍മറ്റിട്ട് കുനിഞ്ഞ് നിന്ന് എന്തോ എടുക്കുന്ന എന്റെ കാല്‍ വളരെ വള്‍ഗര്‍ ആംഗിളില്‍ പ്രജ്ക്ട ചെയ്ത് കാണിക്കുന്നതാണ് ഫോട്ടോ. ആ ഫോട്ടോയില്‍ എന്റെ മുഖവും വ്യക്തം വണ്ടി നമ്പറും വ്യക്തം. 'നമ്പര്‍ തരുമോ', 'കിട്ടുമോ' എന്ന് തുടങ്ങി അറു വഷളന്‍ അശ്ലീല കമന്റുകളാണ് എന്റെ ഫോട്ടോക്ക് കീഴെയുള്ളത്. മുഖവും സ്‌കൂട്ടര്‍ നമ്പറും കാണുന്നതു കൊണ്ടു തന്നെ ഞാനാണെന്ന് എളുപ്പം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലഞ്ചു വര്‍ഷമായി അയാളീ പണി ചെയ്യുന്നു. പാലുകൊടുക്കുന്ന അമ്മമാര്‍, തെരുവിലുറങ്ങുന്നവര്‍, ബസ്സിലിരുന്ന് യാത്രചെയ്യുന്ന സ്ത്രീകള്‍ എന്നിവരുടെയൊക്കെ ഫോട്ടോ അവരറിയാതെ പോണ്‍സൈറ്റില്‍ ഇടുന്നയാളാണയാള്‍. കേസിപ്പോള്‍ കോടതിയിലാണ്. അതിനാൽ അതേ കുറിച്ച കൂടുതൽ പറയുന്നില്ല. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സംഘര്‍ഷ ഭരിതമായിരുന്നു ആ നാളുകള്‍. കേസുമായി മുന്നോട്ടു പോകുന്നതിനാല്‍ ഒരുപാട് ഭീഷണികള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും തടിയുള്ള പെണ്ണുങ്ങള്‍ ഷേപ്പുള്ള ഡ്രസ് ഇട്ട് നടക്കരുതെന്ന ഉപദേശമാണ് ഈ സംഭവത്തോടനുബന്ധിച്ച് പലരില്‍ നിന്നും എനിക്ക് കേള്‍ക്കേണ്ടി വന്നത്. അവിടെയും പഴി കേള്‍ക്കേണ്ടി വന്നത് എനിക്കാണ്. എന്റെ തടിക്കാണ്. 

anjali and dhanush
അഞ്ജലിയും ഭർത്താവ് ധനുഷും 

പുത്തരിയല്ല ഈ വിളികളും പരിഹാസങ്ങളും

സ്‌കൂളില്‍ പോവാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണീ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും. 'എവിടെയാ നിന്റെ റേഷന്‍' എന്ന പരിഹാസ ചോദ്യം നേരിട്ടത് മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അന്നെനിക്കതിന്റെ അര്‍ഥം പോലും മനസ്സിലായിരുന്നില്ല. പൊതു പരിപാടികളിലോ ചടങ്ങുകളിലോ പങ്കെടുക്കാന്‍ മടിയുണ്ടാക്കും വിധം സമൂഹം എന്നില്‍ അപ്പോഴേക്കും അപകര്‍ഷതാ ബോധം കുത്തി നിറച്ചിരുന്നു. 

'ഉപ്പിന്‍ ചാക്ക് പോലെയായാല്‍ വല്ലവരും ഇവളെ കെട്ടാന്‍ വരുമോ, അതിന്റെ കൂടെ കറുത്തിട്ടും' എന്ന് ബന്ധുക്കള്‍ അമ്മയോട് ചോദിച്ചത് ഞാന്‍ ആറില്‍ പഠിക്കുമ്പോഴാണ്.  ഏതൊരാളെയും പരിചയപ്പെട്ടാല്‍ ഉടന്‍ അവര്‍ പറയുന്നത് തടികുറയ്ക്കാനുള്ള ഡോക്ടര്‍മാരെ കുറിച്ചും ഫിറ്റ്‌നസ് സെന്ററുകളെ കുറിച്ചുമായിരിക്കും.  

'എന്റെ കുഞ്ഞിനെക്കൊണ്ട് ഞാനെന്ത് ചെയ്യും' എന്ന് ആശങ്കപ്പെട്ടിരുന്ന ഘട്ടം എന്റെ അമ്മയ്ക്ക് ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷെ അതേ അമ്മയാണ് പിന്നീട് തലയുയര്‍ത്തി നടക്കാനും പരിഹാസങ്ങളെ അവഗണിക്കാനും മറുപടി പറയാനും എന്നെ പഠിപ്പിച്ചത്. 

കുട്ടിയാനവിളിയില്‍ നിന്ന് പാണ്ടയിലേക്കുള്ള ദൂരം

എന്റെ റൂം മേറ്റായ സ്മൃതി മനോഹര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞതിതാണ് 'നീ നിന്നെ ഇഷ്ടപ്പെടണം. മറ്റുള്ളവരുടെ താത്പര്യത്തിനനുസരിച്ച് ഒരുങ്ങരുത്' എന്ന്.  അതുവരെ ചെറിയ അപകര്‍ഷതാ ബോധം കാരണം ലൂസ് ആയ കുര്‍ത്തയും മറ്റും ഇട്ടാണ് ഞാന്‍ നടന്നിരുന്നത്. നല്ല രീതിയില്‍ വേഷം ധരിക്കാന്‍ വരെ ഞാന്‍ മടിച്ചിരുന്നു. പിന്നീടതെല്ലാം മാറി. ഇഷ്ടമുള്ള വേഷമിടാന്‍ തുടങ്ങി, മേക്കപ്പ് ചെയ്യാന്‍ തുടങ്ങി, ലിപ്‌സറ്റിക്കിടും. ആ അഞ്ചു വര്‍ഷ പഠനകാലം എന്റെ ട്രാന്‍സിഷന്‍ പിരീഡായിരുന്നു

വീപ്പക്കുറ്റി, ഉപ്പിന്‍ചാക്ക്, അരിഞ്ചാക്ക്, കുട്ടിയാന തുടങ്ങീ അനവധി നിരവധി വിളിപ്പേരുകളാണ് ചെറുപ്പം മുതല്‍ ഞാന്‍ കേള്‍ക്കേണ്ടി വന്നത്. പരിചിതമായ ബോഡിഷേമിങ് വാക്കുകള്‍ക്കിടയില്‍ കേട്ട വ്യത്യസ്ത വിളിയായിരുന്നു പാണ്ട. പാണ്ടക്കെന്താ കുഴപ്പമെന്നാണ് ആദ്യ കേള്‍വിയില്‍ എനിക്ക് തോന്നിയത്. പാണ്ടയെന്നാണ് കോളേജിലെല്ലാവരും വിളിച്ചിരുന്നത്. പലരും വീട്ടുപേരാണെന്ന് കരുതിയിരിക്കണം. ഇപ്പോള്‍ എഫ് ബിയിലും മറ്റും പേര് മാറ്റി. അഞ്ജലി പാണ്ടയായി ഞാന്‍ എന്നെ സ്വയം അവരോധിച്ചു. എന്നെ തളര്‍ത്താനും കരിവാരിത്തേക്കാനും സമൂഹം കണ്ട ടൂള്‍ ആയിരുന്നു പാണ്ട. ഇന്നതെന്റെ ഐഡന്റിറ്റിയാണ്.

കഴിക്കുന്നതിന് കണക്കു പറയുന്നവര്‍

അച്ഛന്റെയും അമ്മയുടെയും ഒറ്റ മോളാണ് ഞാന്‍. "വീട്ടില്‍ അച്ഛനും അമ്മയ്ക്കും പട്ടികള്‍ക്കും കൂടിയുള്ളതും നീയാണോ കഴിക്കുന്നത്" എന്ന് ചോദിച്ചവരുണ്ട്. കഴിക്കുന്നതു കാണുമ്പോഴുള്ള ആളുകളുടെ തീര്‍പ്പ് കല്‍പിക്കലില്‍ നിന്ന് ഒഴിവാവാന്‍ ചടങ്ങുകളിൽ വെച്ച് കഴിക്കുന്നത് തന്നെ ഒഴിവാക്കി. എപ്പോഴെങ്കിലും കഴിക്കാിരുന്നാൽ കഴിക്കുന്നിടത്ത് വന്ന് അവര്‍ പറയും 'ഇങ്ങനൊന്നും കഴിക്കല്ലേ , വീര്‍ത്തു വീര്‍ത്ത് വരും '. ആത്മവിശ്വാസം കെട്ട് ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുന്ന സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇന്ന് ഞാന്‍ അഡ്വക്കറ്റാണ്. ഞാന്‍ ആര്‍ജ്ജിച്ചെടുത്ത ശക്തിയും മനക്കരുത്തും ഇന്നെന്നെ പരിക്കേൽപിക്കാറില്ല.

കൊടുങ്ങല്ലൂരിലെ നാട്ടിൻ പുറം അന്തരീക്ഷത്തില്‍ നിന്ന് തിരുവനന്തപുരം ലോക്കോളേജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്ന ശേഷം ബോഡിഷേമേിങ് കേള്‍ക്കേണ്ടി വന്നിട്ടേയില്ല. ആ കോളേജില്‍ എന്നെ പരിചയമുള്ളവരോ സുഹൃത്തുക്കളോ ഒരിക്കല്‍ പോലും വണ്ണം കുറയ്ക്കാന്‍ എന്നോടു പറഞ്ഞിട്ടുമില്ല. 

anjali dhanush
അഞ്ജലിയും ഭര‍ത്താവ് ധനുഷും. ഫിലിം ടെക്നീഷ്യനും സൗണ്ട് ഡിസൈനറുമാണ് ധനുഷ്

'ഈ പയ്യനെന്തോ കുഴപ്പമുണ്ട്', സംശയങ്ങൾ പലവിധം

തടിച്ച് ഇരുനിറമുള്ള ഞാന്‍ മെലിഞ്ഞ് വെളുത്ത ധനുഷിനെ വിവാഹം കഴിച്ചത് പലരെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ധനുഷിനെ അഞ്ജലി ട്രാപ്പ് ചെയതതാണോ എന്ന് ചോദിച്ചവരുണ്ട്. വെളുത്ത് സുന്ദരനായ ആള്‍ എന്തിനീ പെണ്ണിനെ കല്ല്യാണം കഴിക്കുന്നു എന്നായിരുന്നു പലരുടെയും ചോദ്യം. ഈ പെണ്ണിനെ ഇവന്‍ കല്ല്യാണം കഴിക്കണമെങ്കില്‍ ഈ പയ്യനെന്തോ കുഴപ്പമുണ്ടെന്ന വരെയായി പലരുടെയും സംശയങ്ങള്‍. കറുത്ത് തടിച്ച പെണ്ണിന് മെലിഞ്ഞ് വെളുത്ത പയ്യന്‍ അവരുടെ വിദൂര സങ്കല്‍പത്തില്‍ പോലുമുള്ളതല്ല.

ധനുഷിന്റെ കുടുംബം ഒരിക്കല്‍ പോലും എന്റെ വണ്ണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ബന്ധുക്കളേക്കാള്‍ പോസിറ്റീവായാണ് അവര്‍ സംസാരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു എന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. സ്‌നേഹിച്ചുകൊണ്ടിരുന്നപ്പോള്‍ പലരും എന്നോടു പറഞ്ഞു ' വണ്ണം കുറയ്ക്കണം, കുട്ടികളുണ്ടാവാന്‍ ബുദ്ധിമുട്ടാവും" എന്നൊക്കെ. ഞങ്ങള്‍ കല്യാണം കഴിക്കുന്നതിന്റെ പ്രൈം ഇന്റന്‍ഷന്‍ കുട്ടിയുണ്ടാക്കലല്ല എന്നായിരുന്നു എന്റെ മറുപടി. അല്ലാതെ ഞാനെന്ത് പറയാന്‍. കല്ല്യാണസാരി ഉടുത്തപ്പോൾ "ഭയങ്കര പ്രായം തോന്നുന്നുവെന്നും വണ്ണം കുറയ്ക്കാമായിരുന്നു എന്നും" കല്ല്യാണ ദിവസവും പലരും പറഞ്ഞു.

പെണ്ണിന്റെ കാര്യം വരുമ്പോഴേ ഈ ചേര്‍ച്ചപ്രശ്‌നം. ആണിന് കറുത്ത നിറമാണെങ്കിലും പൊക്കം കുറവാണെങ്കിലും പെണ്ണ് അഡ്ജസ്റ്റ് ചെയ്യണം. തിരിച്ച് ആണ് അഡ്ജസ്റ്റ് ചെയ്യുന്നത് സമൂഹത്തിനാലോചിക്കാനേ വയ്യ.

ജീവിതത്തിന്റെ പല ദുര്‍ഘട ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് ഞാന്‍. പഠിപ്പേ നിർത്തി ഒന്നിനും കൊള്ളാതാവുമെന്ന് പറഞ്ഞവർക്കുമുന്നിൽ ഇന്ന് ഞാൻ അഡ്വക്കേറ്റാണ്. കല്ല്യാണം കഴിക്കാതെ വീട്ടിലിരിക്കേണ്ടി വന്നവരെ ഞെട്ടിച്ച കൊണ്ട് കല്ല്യാണം കഴിച്ചു. എന്നെപ്പോലെ തടിച്ച് കറുത്ത ആളെയായിരിക്കും എന്ന് പ്രതീക്ഷിച്ചവരുടെ തലയില്‍ ഇടിത്തീ വീണപോലെ എന്റെ രൂപഭംഗയില്‍ നിന്ന് വ്യത്യസ്തമായ രൂപഭംഗിയുള്ള ആളെ കെട്ടി. 'കുങ്കുമം തൊടുന്നില്ല, മെലിയാന്‍ ശ്രമിക്കുന്നില്ല. കോലം കെട്ടി നടക്കുന്നു' എന്നീ പറച്ചിലുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. പറയുന്നവര്‍ എല്ലാം കാലത്തും പറയും. ചിലര്‍ മാറുമായിരിക്കും എല്ലാവരുടെയും കാഴ്ച്ചപ്പാട് മാറിയൊരു സുന്ദരസുരഭില ഭൂമി എന്തായാലും എന്റെ ഭാവനയിലില്ല.

(ആക്ടിവിസ്റ്റും അഭിഭാഷകയുമാണ് അ‍ഞ്ജലി പാണ്ട അനിൽകുമാർ)

ബോഡിഷെയ്മിങ് പോലുള്ള അനുഭവങ്ങളിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ. എങ്കിൽ അനുഭവങ്ങളറിയിക്കാം- nileenaatholi@mpp.co.in

Stop Body Shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. നിറവും തടിയുമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ കല്‍പിക്കുന്നുണ്ട്. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് വാര്‍പ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ. 

 

content highlights: Anjali Panda Anilkumar speaks about her journey and the body shaming she faced