njan inganeyanuടിയാ എന്നുള്ള വിളി പണ്ടുമുതല്‍ കേള്‍ക്കുന്നതാണ്. എന്നെ സംബന്ധിച്ച് ശക്തിയുടെ പര്യായമായിരുന്നു തടി. ക്ലാസ്സിലെ കുട്ടികള്‍ തടിയാ എന്ന് നീട്ടി വിളിക്കുമ്പോള്‍ എന്റെ ശക്തിയോര്‍ത്ത് ഞാന്‍ അഹങ്കരിക്കുമായിരുന്നു. തടിയുള്ളവര്‍ മോശക്കാരല്ല, ശക്തരാണ് എന്ന തോന്നലുളവാക്കുന്ന വാക്കുകളാണ് വീട്ടുകാരില്‍ നിന്ന് കണ്ടും കേട്ടും ശീലിച്ചത്. ഭക്ഷണം കഴിക്കുന്നവരെ എന്റെ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. കഴിക്കുന്ന മക്കളെ അവര്‍ നന്നായി പ്രോത്സാഹിപ്പിച്ചു. അതിനാല്‍ തന്നെ കുട്ടിക്കാലത്ത് തടിയോ തീറ്റിയോ ഓര്‍ത്ത് ഞാന്‍ പരിതപിക്കുകയോ സങ്കടപ്പെടുകയോ ചെയ്തിട്ടേയില്ല. തടി എന്നുമെനിക്ക് അഭിമാനവും അലങ്കാരവും അഹങ്കാരവുമൊക്കെയായിരുന്നു. 

ഒതുങ്ങിപ്പോവാതെ സ്വയം പ്രതിഫലിപ്പിച്ച് ജീവിക്കുക എന്നത് ലക്ഷ്യമായിരുന്നതുകൊണ്ട് തടിയാ വിളികള്‍ക്കിടയിലും പല മത്സരങ്ങളിലായി സ്റ്റേജില്‍ ഞാനെന്റെ സാന്നിധ്യമറിയിച്ചു.  തടിയാ വിളി കേള്‍ക്കുമ്പോള്‍ എന്റെ ശക്തി കാണിച്ചുകൊടുക്കാന്‍ നല്ല അടിയുണ്ടാക്കിയിട്ടുണ്ട് ഞാന്‍. കളിയാക്കുന്നവരോട് കായികമായി പ്രതികരിക്കാന്‍ നില്‍ക്കാതെ അവരെ അവഗണിച്ചേക്കണം എന്നാണ് അച്ഛന്‍ പഠിപ്പിച്ചത്. അച്ഛന്‍ ഡിവൈഎസ്പിയായിരുന്നു. അച്ഛനോടൊപ്പമുള്ള രാവിലെ നടത്തത്തിനിടയിലാണ് ഇത്തരം ആവേശോജ്വലമായ വാക്കുകള്‍ അദ്ദേഹം പകര്‍ന്നു നല്‍കിയിരുന്നത്. 

പിന്നീട് യൗവനത്തിലേക്ക് കടന്നപ്പോഴാണ് തടി ഒരു പ്രശ്നമായി പലരും എനിക്ക് മുന്നിലവതരിപ്പിച്ചു തുടങ്ങിയത്. ഒരിക്കല്‍ എന്റെ ഫോട്ടോ കണ്ട് എന്നെ സെലക്ട് ചെയ്ത ഒരു പ്രമുഖ സംവിധായകന്‍ എന്നോട് പറഞ്ഞത് തടിയുണ്ടെന്ന് കരുതി മോഹന്‍ലാവാവന്‍ കഴിയില്ലെന്നാണ്. ആ ഒരൊറ്റ ഡയലോഗിലാണ് സിനിമയില്‍ രംഗപ്രവേശനം ചെയ്യാനുള്ള എന്റെ ആത്മവിശ്വാസമത്രയും ചോര്‍ന്നു പോയത്. 

തടിയുടെ പേരില്‍ സിനിമയില്‍ എനിക്ക് നഷ്ടപ്പെട്ട അവസരങ്ങള്‍ അത്രയേറെയാണ്. പലതും ഹിറ്റ് സിനിമകള്‍. പക്ഷെ പോനാല്‍ പോഹട്ടും പോടാ എന്നതായിരുന്നു എന്റെ  ആപ്തവാക്യം. അതിനാല്‍ തന്നെ തടി കാരണം നഷ്ടപ്പെട്ട അവസരങ്ങളോര്‍ത്തല്ല, പകരം ഞാന്‍, ഞാനായി നിന്നു കൊണ്ട് എനിക്ക് ലഭിച്ച അവസരങ്ങളോര്‍ത്താണ് എനിക്കെന്നെ സ്നേഹിക്കാന്‍ തോന്നുന്നത്. സ്വയം സ്നേഹിക്കണോ മറ്റുള്ളവര്‍ക്ക് വേണ്ടി മാറണോ എന്ന ചോയ്സില്‍ സ്വയം സ്നേഹിക്കാനും സ്വയം ബഹുമാനിക്കാനും തന്നെ ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം എന്നെ സംബന്ധിച്ച് ഒട്ടും കഠിനമായിരുന്നില്ലതാനും. 

ദുബായില്‍ സ്റ്റേജ് ഷോകളെല്ലാം അവതരിപ്പിച്ചിരുന്ന കാലത്ത് ചിരി ഒതുക്കണമെന്ന് പലരും പറഞ്ഞിരുന്നു. ചിരിയായിരുന്നു എന്റെ ട്രേഡ്മാര്‍ക്ക്. പക്ഷെ കൃത്രിമത്വം പുലര്‍ത്തി മിതമായി സംസാരിക്കുക, മിതമായി ചിരിക്കുക എന്നതായിരിക്കണം കോമ്പയിറിങ് എന്ന് തെറ്റിദ്ധരിച്ചവരാണ് അത്തരം നിബന്ധനകള്‍ എനിക്ക് മുന്നില്‍ വെച്ചത്.  "കയ്യില്‍ മൈക്കുണ്ട് അലറിവിളിക്കരുത്, അലറിചിരിക്കരുത്" എന്ന് സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് പറഞ്ഞ് സകല ആത്മവിശ്വാസവും കെടുത്തിയ എത്രയെത്ര പേരെ ഇക്കാലം കൊണ്ട് കണ്ടുമുട്ടി. ഒരു ചിരിയുടെ പേരില്‍ ആത്മവിശ്വാസം തകര്‍ക്കപ്പെട്ട് ചിരിയൊഴിവാക്കി ഫോര്‍മലായി കോമ്പയര്‍ ചെയ്ത സന്ദര്‍ഭങ്ങളും പലവുരി കടന്നു പോയി. 

 "വയറൊക്കെ ചാടിയല്ലോടാ" എന്നവർ ചോദിക്കുമ്പോള്‍ "നിങ്ങളുടെ പല്ലൊക്കെ ഉന്തിയല്ലോ" എന്ന് തിരിച്ച് ചോദിച്ച് വായടപ്പിക്കുമായിരുന്നു ഇടക്കാലത്ത്. ഇപ്പോള്‍ എന്റെ ചിന്ത മറിച്ചാണ്. ആളുകളെ അല്‍പം കൂടി നാം സെന്‍സിറ്റൈസ് ചെയ്യേണ്ടതുണ്ട്. ആകാരവുമായി ബന്ധപ്പെടുത്തി ഇത്തരം അനാവശ്യ വര്‍ത്തമാനങ്ങള്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന പരിക്ക് ആളുകളെ ബോധ്യപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. അതിനാല്‍ തന്നെ മറ്റൊരാളെ ബോഡി ഷെയിം ചെയ്തുകൊണ്ട് ഇപ്പോള്‍ ഞാനെന്റെ ക്രോധം അടക്കാറില്ല. പകരം ആ പറച്ചിലുകളെയൊക്കെ ഉറക്കെ ചിരിച്ച തള്ളും. 

കോമഡിഉത്സവമാണ് എനിക്ക് വിലമതിക്കാനാവാത്ത ആത്മവിശ്വാസം നല്‍കിയത്. ഞാനെങ്ങനാണോ അങ്ങനെ തന്നെ പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു. തുറന്ന ചിരിയാണ് പല പ്രേക്ഷകരെയും എന്നോടടുപ്പിച്ചത് പോലും.

ജിമ്മില്‍ പോയി ലോക്ക്ഡൗണ്‍ കാലത്ത് ഞാന്‍ തടികുറച്ചിട്ടുണ്ട്. അത് കഥാപാത്രത്തിനുവേണ്ടിയാണ്. എന്റെ കഴിവില്‍ വിശ്വാസമുള്ളവര്‍ എനിക്ക് നല്‍കുന്ന കഥാപാത്രത്തിനുവേണ്ടി തടികുറയ്ക്കുന്നതും കൂട്ടുന്നതും ഞാന്‍ പ്രശ്നമായി കാണുന്നില്ല. ചിരിയുടെകാര്യത്തിലും തടിയുടെ കാര്യത്തിലും കോംപ്രമൈസ് ചെയ്യാതെ മുന്നോട്ടു പോയി വിജയം കൈവരിച്ച ശേഷമാണ് ഞാന്‍ അത്തരത്തില്‍ കഥാപാത്രത്തിനു വേണ്ടി ആകാരം മാറ്റാന്‍ ശ്രമിച്ചത്. എനിക്കെല്ലാം "ലേൺ ദി ഹാർഡ് വേ" ആയിരുന്നു. പക്ഷെ വ്യക്തിത്വം കോംപ്രമൈസ് ചെയ്യാതെ ഞാൻ ഞാനായി നിന്നതോർത്ത് ഇന്ന് അഭിമാനം മാത്രം. ഒരു പക്ഷെ ഇന്ന് ഞാൻ നേടിയ വിജയങ്ങളെല്ലാം അതിനുള്ള ഉത്തരം കൂടിയാണ്.

Stop body shaming-  മനുഷ്യരുടെ വിവിധ നിറത്തിനും രൂപത്തിനും പെരുമാറ്റ രീതികൾക്കും നൂറ്റാണ്ടുകളായി നൽകുന്ന വ്യാഖ്യാനങ്ങൾ പലതാണ്. ആ വ്യാഖ്യാനങ്ങൾക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാൻ. നിറമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുൻവിധികൾ കൽപിക്കുന്നുണ്ട്. സിനിമയും അത്തരം തീർപ്പുകളിൽ നിന്ന് വാർപ്പുകളിൽ നിന്ന് പൂർണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങൾ മാതൃഭൂമി ഡോട്ട്കോമിലൂടെ

content highlights: Actor Mithun Ramesh speaks about the body shaming which he faced