വാട്ടീസ് ന്യൂസ്...
'A dog biting a man is not a news. But a man biting a dog is defenitely a news.' 
'News comes from North East West and South'

തീര്‍ന്നില്ല, നിര്‍വചനം അനന്തമായി നീളും. പറഞ്ഞത് വാര്‍ത്തയെക്കുറിച്ചാണ്. എന്താണ് ശരിക്കും വാര്‍ത്ത. അതൊരു മത്സ്യത്തെപ്പോലെയാണ് പഴകിയാല്‍ കേടാകും. പട്ടി മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ല, മറിച്ച് മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണ്, അതിന് ഒരു ന്യൂസ് വാല്യവും ഉണ്ട്.

അപ്പോള്‍ എന്താണ് ഈ ന്യൂസ് വാല്യു...
ഒരു വാര്‍ത്തയ്ക്ക് ഒരു ന്യൂസ് വാല്യു ഉണ്ടാകണം. ജേണലിസം ക്ലാസുകളില്‍ എത്തുമ്പോള്‍ പഠിപ്പിക്കുന്ന ആദ്യത്തെ പാഠമാണിത്. എന്താണ് വാര്‍ത്ത? എന്താണ് ന്യൂസ് വാല്യു?. ഏവരും അത് ഉരുവിട്ട് പഠിച്ചു. പിന്നെ സ്റ്റോക് ഹോം സിന്‍ഡ്രോം, സ്‌കൂപ്പ്, സ്റ്റിങ് ഓപ്പറേഷന്‍, എംപഡഡ് ജേണിലസം, വാട്ടര്‍ഗേറ്റ് സ്‌കൂപ്പ് അങ്ങനെ അന്വേഷണാത്മകവും ആഴത്തിലുള്ളതുമായ പത്രപ്രവര്‍ത്തനത്തിന്റെ അസംഖ്യം ഉദാഹരണങ്ങള്‍. കേട്ടാല്‍ ഒരുതരം അപസര്‍പ്പക പ്രവര്‍ത്തനമാണിതെന്ന് തോന്നണം. മാത്രവുമല്ല ഭാവിയില്‍ ഇതാണ് തങ്ങള്‍ ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തനം എന്ന് തോന്നിക്കുകയും വേണം. 

പ്രിന്റ് മീഡിയയും-വിഷ്വല്‍ മീഡിയയും ഒരുമിച്ചാണ് പഠിക്കാനുള്ളത്. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തനത്തിന്റെ സമഗ്ര മേഖലയും അറിഞ്ഞെന്നും പഠിച്ചെന്നുമുള്ള അഹംബോധവും ഉണ്ടാകുന്നില്ലേയെന്നൊരു സംശയം!. ചില തലക്കെട്ടുകള്‍ കേട്ട് ഞങ്ങള്‍ കോരിത്തരിച്ചിട്ടുണ്ട്. 
'വിജയന്‍ മിന്നല്‍ പിണറായി'
'നിങ്ങളായിരുന്നു നെഞ്ചിലെ തീ'
'ഇനി ഞാന്‍ ഉപസംഹരിക്കട്ടെ'...

 ഇനി പറയുന്നത് ഓഫ് ബീറ്റ് (off beat) ആണ്. പലരെയും മരിക്കുന്നതിന് മുമ്പേ കൊല്ലും. എന്നിട്ട് പുതിയ തലക്കെട്ട് ഇടണം. ഇതും മാധ്യമപഠനത്തിലുണ്ടത്രെ. എംടിയുടെ 'സുകൃതം' എന്ന സിനിമ തന്നെ ഉദാഹരണമുണ്ടല്ലോ. പിന്നെ ലാബ് ജേണല്‍, വിഷ്വല്‍ സ്റ്റോറി (ഹാഡ് സ്റ്റോറിയും, സോഫ്റ്റ് സ്റ്റോറിയും), ഡോക്യുമെന്ററി, മാഗസിന്‍ നിര്‍മ്മാണം, ഇത്യാദി കലാപരിപാടികളും. അങ്ങനെ ഒരുവര്‍ഷം നീളുന്ന മാധ്യമപഠനം അവസാനിക്കുന്നു. പക്ഷേ, എന്താണ് മാധ്യമപ്രവര്‍ത്തനം എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കും. പിന്നെ കുറവുവരുത്താന്‍ പാടില്ലല്ലോ വെച്ചുകാച്ചും.

A dog biting a man is not a news. But a man biting a dog is defenitely a news.
'അപ്പോള്‍ ക്ലിഫ് ഹൗസില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ ഒരു പട്ടികടിച്ചാലോ അത് വാര്‍ത്തയല്ലേ' - തിരിച്ചു ചോദിച്ചത് കേരളത്തിലെ ഒരു മുതിര്‍ന്ന വിഷ്വല്‍ മീഡിയ ജേണലിസ്റ്റാണ്. സദസ്സ് നിശ്ചലമായി, ശരിയാണ് മനുഷ്യന്‍ പട്ടിയെ കടിക്കണമെന്നില്ല, മറിച്ച് പട്ടി മനുഷ്യനെ കടിച്ചാലും ഒന്നാംപേജില്‍ വാര്‍ത്തയാണ്. 

മാധ്യമപഠനം അവസാനിച്ചു. ഇനി ഇന്റേണ്‍ഷിപ്പാണ്. അതും കേരളത്തിലെ പ്രമുഖമായ ചാനലില്‍. രാവിലെ പത്ത് മണിക്ക് തന്നെ ചാനല്‍ ബ്യൂറോയില്‍ എത്തണം. പതിവുപോലെ കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് പിടിച്ചു. പക്ഷേ, കാലവര്‍ഷം ആര്‍ത്തിരമ്പി പെയ്തതുകൊണ്ട് വഴി മുഴുവന്‍ ബ്ലോക്കായി. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലും തുടങ്ങി. അങ്ങനെ അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. വന്നപാടെ പരിചയപ്പെട്ടതുപോലുമില്ല ബ്യൂറോ ചീഫ് പറഞ്ഞു.

 'കിഡ്‌സണ്‍ കോര്‍ണറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപരിപാടിയുണ്ട് പോയി റിപ്പോര്‍ട്ട് ചെയ്തുവരുക, ക്യാമറമാനും കാറും ഉണ്ട്'.
അരനിമിഷത്തേക്ക് സ്തംഭിച്ചുനിന്നു. 'റിപ്പോര്‍ട്ട് ചെയ്ത് പരിചയമില്ല' -ഞാന്‍
സാവധാനം പറഞ്ഞു.  -'പിന്നെ നിങ്ങള്‍ എന്താണ് പഠിച്ചത്'.   അത്... അത്...
വാക്കുകള്‍ക്കായി തടഞ്ഞു. പിന്നെ രണ്ടും കല്‍പ്പിച്ച് ബാഗില്‍നിന്ന് പേപ്പറും പേനയുമൊക്കെ എടുത്തു റെഡിയായി. ഉടന്‍ ബ്യൂറോ ചീഫ് പറഞ്ഞു. 'ഇത് പത്രമല്ല, വിഷ്വല്‍ മീഡിയയാണ് പേപ്പറിന്റെയും പേനയുടെ ആവശ്യമൊന്നുമില്ല, പത്തോ പന്ത്രണ്ടോ വാക്കുകള്‍കൊണ്ട് ഒരു സ്റ്റോറി നില്‍ക്കണം'.  -ഞാന്‍ തലകുലുക്കി.

പിറ്റേന്നും മഴ കുറയുന്ന ലക്ഷണമില്ലായിരുന്നു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഓഫീസിലെത്തുമ്പോള്‍ ബ്യൂറോ ചീഫ് എന്നെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നി. അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. 'എന്താണ് നിങ്ങള്‍ പഠിച്ചത്'  ഞാന്‍ പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം'. 
'എന്താണ് വാര്‍ത്തയുടെ പ്രാധാന്യം, വാര്‍ത്ത എന്നാല്‍ എന്ത്?'

ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു. വാര്‍ത്തയെന്നാല്‍ മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്ത, പക്ഷേ, ഉമ്മന്‍ ചാണ്ടിയെ പട്ടികടിച്ചാലും വാര്‍ത്തയാണല്ലോ.... പിന്നെ ധൈര്യപൂര്‍വം പറഞ്ഞു. 'നമുക്ക് ചുറ്റുമുള്ളതെല്ലാം വാര്‍ത്തയാണ് അതില്‍ ന്യൂസ് വാല്യു ഉള്ളവ തിരഞ്ഞെടുക്കണം. '
'ഒലക്ക' ബ്യൂറോ ചീഫ് അലറി. 'ഇതൊന്നുമല്ല വേണ്ടത്. കോമണ്‍സെന്‍സാണ്'
കോമണ്‍സെന്‍സോ... അങ്ങനെയൊരു തിയറി പഠിച്ചിട്ടുമില്ല. എന്തെങ്കിലും ആകട്ടെ എതിര്‍ക്കാന്‍ പോകേണ്ടെന്ന് വിചാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു.
'മഴ കുറയുന്ന ലക്ഷണമില്ല, ഫറൂഖില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്. നീയൊരു കാര്യം ചെയ്യൂ. മറ്റ് ചാനലില്‍ ഫാറൂഖില്‍ ഉരുള്‍പൊട്ടുന്നുവെന്ന് ഫ്‌ലാഷ് പോയാല്‍ വേഗം എന്നെയറിയിക്കണം നമുക്ക് DSNG ഇടണം'.

ഞാന്‍ മറ്റ് മൂന്നുചാനലുകളില്‍ കണ്ണും കാതും കൂര്‍പ്പിച്ച് നിരീക്ഷിച്ചു. ഫറൂഖില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടോ.... ഇല്ല, എവിടെയും അങ്ങനെയൊരു വാര്‍ത്ത കാണാനില്ല. ഒരു ചാനലും കൊടുക്കുന്നില്ല. ഇടയ്ക്കിടെ ബ്യൂറോ ചീഫ് ചോദിച്ചു. 'ഫറൂഖില്‍ ഒരുള്‍പൊട്ടിയോ' -ഇല്ല. ഒരുമണിക്കൂറിന് ശേഷം വീണ്ടും ചോദിച്ചു.
'ഫറൂഖില്‍ ഉരുള്‍പൊട്ടിയോ' --ഞാന്‍ പറഞ്ഞു. ഇല്ല എവിടെയും ഫ്‌ലാഷ് പോകുന്നത് കണ്ടില്ല. ഉം എന്ന് അദ്ദേഹം നീട്ടിമൂളി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു. 
'എങ്ങനെയാണ് ഉരുള്‍പൊട്ടുന്നത്'
കളിയാക്കുന്നതാണോയെന്ന് ആദ്യം സംശയിച്ചു. എങ്കിലും മലയോര മേഖലക്കാരനായ ഞാന്‍ പറഞ്ഞു.
'ശക്തമായ മഴമൂലം മലമുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകും. മഴവെള്ളം കുത്തിയൊലിച്ച് ആകെ നാശം സൃഷ്ടിക്കും'. ബ്യൂറോ ചീഫ് ഒന്നും പറഞ്ഞില്ല. 'ഫറൂഖ് കോഴിക്കോട് ജില്ലയുടെ ഏത് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്'.  ഞാന്‍ പറഞ്ഞു-തീരദേശത്ത്.
'നിങ്ങളുടെ നാട്ടില്‍ തീരദേശത്ത് ഉരുള്‍പൊട്ടാറുണ്ടോ'- പെട്ടന്നാണ് ബോധോദയം ഉണ്ടായത്. തീരപ്രദേശത്ത് എങ്ങനെ ഉരുള്‍പൊട്ടും. വാര്‍ത്തയുടെ നിര്‍വചനവും ന്യൂസ് വാല്യുവും മാത്രമല്ല വേണ്ടത്. അല്‍പം കോമണ്‍സെന്‍സും വേണം.

Content Highlight: what is news value and common sense