2015 ആഗസ്ത് നാല്. ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പട്ടയം നല്‍കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കികൊണ്ടുളളതായിരുന്നു ഭേദഗതി. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മുപ്പതിനായിരത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കി ഉയര്‍ത്തി. പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഒരു ഏക്കറില്‍ നിന്ന് നാല് ഏക്കറായി വര്‍ദ്ധിപ്പിച്ചു. 1977 ന് മുന്‍പ് കൈവശമുള്ള ഭൂമിയ്ക്ക് പട്ടയം ലഭിക്കുമെന്ന വ്യവസ്ഥയിലും വെള്ളം ചേര്‍ക്കപ്പെട്ടു. പത്തുവര്‍ഷം മുന്‍പ് കൈവശാവകാശമുള്ള ഭൂമിയ്ക്ക് വരെ പട്ടയം കിട്ടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.  നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ സുപ്രധാന തീരുമാനം മന്ത്രി പുറത്തുവിട്ടത്.  
 
സംഗതി വളരെ പെട്ടെന്ന് കൈവിട്ടു പോയി. ഭൂമാഫിയയെ സഹായിക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി എസിന്റെ ചുവടുപിടിച്ച് കടുത്ത വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിനുള്ളിലും ശക്തമായ ചേരിതിരിവുണ്ടായി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അടൂര്‍ പ്രകാശിനോട് വിശദീകരണം തേടി. ഇത്രയും വിപുലമായ കാലയളവില്‍ പട്ടയം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് സുധീരന്‍ ചോദ്യം ചെയ്തത്. കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ എം എല്‍ എ യും മന്ത്രിയുടെ നടപടിയെ പരസ്യമായി എതിര്‍ത്തു. മന്ത്രിയുടെ പ്രഖ്യാപനം വന്ന ദിവസം തന്നെ കേരളത്തില്‍ അതിശക്തമായ എതിര്‍പ്പ് രൂപപ്പെട്ടു.
 
അരുവിക്കര തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള നാളുകളിലാണ് ഈ തീരുമാനം വന്നത്. കേരളത്തില്‍ വന്‍തോതില്‍ മതസാമുദായികധ്രൂവീകരണം നടന്ന സമയം. അരുവിക്കരയില്‍ ഹിന്ദുവോട്ടുകളെ ഏകോപിപ്പിച്ച് ബി ജെ പി യും മുസ്ലീം ക്രിസ്ത്യന്‍ വോട്ടുകളെ ഏകോപിപ്പിച്ച് യു ഡി എഫും വര്‍ഗീയ രാഷ്ട്രീയം കളിച്ചുവെന്ന് സി പി എം നേതാക്കള്‍ പരസ്യമായി പറയുന്ന കാലം. ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നീ നേതാക്കള്‍ പ്രകടമായ തോതില്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന വിമര്‍ശനം പ്രതിപക്ഷത്തിന്റേതായി നിലനില്‍ക്കുന്നുണ്ട്. അതിനിടയിലേക്കാണ് ഭൂമി പതിവ് ചട്ട ഭേദഗതി തീരുമാനം വരുന്നത്. പട്ടയത്തിന് കാത്തിരിക്കുന്ന കൈവശഭൂമിക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നും അവരെ സഹായിക്കാനാണ് ഇളവ് കൊണ്ടുവന്നതെന്നും വിമര്‍ശനമുണ്ടായി. കയ്യേറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടിയാണ് ഇളവെന്ന പ്രചാരണവും ശക്തിപ്പെട്ടു. ഭേദഗതി വരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് കേരളത്തിന്റെ പാതയോരങ്ങള്‍ മുസ്ലീം വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണെന്ന ആരോപണം ബി ജെ പി ഉന്നയിച്ചത്. ആകെക്കൂടി സംസ്ഥാനത്തെ മതസാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടു. ആ ദിവസം അങ്ങനെ കടന്നു പോയി. തൊട്ടടുത്ത ദിവസമായ ആഗസ്ത് അഞ്ചിന് മന്ത്രി അടൂര്‍ പ്രകാശ് തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു. ഭൂമി പതിവ് ചട്ടത്തിലെ ഭേദഗതി പിന്‍വലിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യം വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണെന്നും ഇനി അതുമായി മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഉച്ചയോടെയായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. ന്യൂസ് ചാനലുകള്‍ ഇത് ലൈവായി സംപ്രേഷണം ചെയ്തു. വിവാദങ്ങള്‍ കെട്ടടങ്ങി.
 
പതിവുപോലെ തിരക്കുള്ള ഒരു വൈകുന്നേരമായിരുന്നു അന്നും ഡല്‍ഹിയില്‍. പത്രമോഫീസുകളിലും ദൃശ്യമാധ്യമങ്ങളുടെ ബ്യൂറോയിലുമെല്ലാം വാര്‍ത്തകള്‍ ഡെസ്‌കിലേക്ക് അയക്കുന്നതിന്റെ തിരക്ക്. അപ്പോഴാണ് ബ്യൂറോയിലേക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ വാര്‍ത്താസമ്മേളന അറിയിപ്പ് എത്തുന്നത്. ഏഴു മണിക്ക് കേരളഹൗസിലാണ് വാര്‍ത്താസമ്മേളനം. എന്തിനാണ് ഇത്ര തിടുക്കത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് എന്ന് ചോദിച്ചപ്പോള്‍ 'കാര്യമുണ്ട് എല്ലാവരും വാ' എന്നാണ് മറുപടി. എത്ര കുത്തി കുത്തി ചോദിച്ചിട്ടും നേതാക്കള്‍ പിടി തരുന്നില്ല. വി മുരളീധരനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഡല്‍ഹിയിലുണ്ട്. തലേദിവസമാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. കേരള ഹൗസില്‍ വച്ച് കണ്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി കുശലാന്വേഷണം നടത്തിയതാണ്. വലിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചന വര്‍ത്തമാനത്തില്‍ ലഭിച്ചിരുന്നില്ല. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ രാവിലെ തന്നെ ഇരുവരും പുറപ്പെട്ടതായി അറിഞ്ഞിരുന്നു. ചിലപ്പോള്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ വല്ലതും സംഭവിച്ചിട്ടുണ്ടാകും. അതു പറയാനാകും ഇത്ര തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതാവും സസ്‌പെന്‍സ്. അമിത്ഷാ കേരളത്തെ ഉന്നം വച്ചിട്ടുണ്ട്. അദ്ദേഹം ഒരു തവണ കേരളം സന്ദര്‍ശിച്ചതാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴേക്ക് അദ്ദേഹം എന്തൊക്കെയോ അടവുകള്‍ പുറത്തെടുക്കുന്നതായി സൂചനകളുമുണ്ട്. എസ് എന്‍ ഡി പി യെ കൂടെക്കൂട്ടി അരുവിക്കര തെരഞ്ഞെടുപ്പ് കളിച്ചത് അദ്ദേഹമാണ്. അതിന്റെ ഗുണം ബി ജെ പി യ്ക്ക് അരുവിക്കരയില്‍ ലഭിക്കുകയും ചെയ്തു. എസ് എന്‍ ഡി പി - ബി ജെ പി ധാരണ സംസാരിക്കാനാണ് മുരളീധരന്‍ അമിത്ഷായെ കണ്ടത് എന്ന രാഷ്ട്രീയവര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്. ഏതായാലും സുപ്രധാന കാര്യം പറയാനാണ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നതെന്ന് ഉറപ്പിച്ചു. തത്സമയ സംപ്രേഷണത്തിനുള്ള കുടകള്‍ കേരള ഹൗസില്‍ വിടര്‍ന്നു.ഏഴു മണി വാര്‍ത്തയില്‍ പത്രസമ്മേളനം ലൈവായി സംപ്രേഷണം ചെയ്യാന്‍ ഡെസ്‌കുകള്‍ ഒരുങ്ങി.
 
പുഞ്ചിരിക്കുന്ന മുഖവുമായി വി മുരളീധരന്‍ കേരളഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവേശിച്ചു. മുരളീധരന്റെ തോളുരുമ്മി കെ സുരേന്ദ്രനും ഹാജരായി. മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് ഇരുവരും ചിരിച്ചു. എന്നാല്‍ തുടങ്ങുകയല്ലേ എന്ന് ചോദിച്ച് മുരളീധരന്‍ തുടങ്ങി. ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്ന യു ഡി എഫ് സര്‍ക്കാരിനെ മുരളീധരന്‍ നഖശിഖാന്തം എതിര്‍ത്തു. ന്യൂനപക്ഷ പ്രീണനത്തിന് ഇതില്‍പ്പരം തെളിവ് വേറെ വേണോയെന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തില്‍ ഭൂമിയില്ലാതെ ആയിരക്കണക്കിന് ദളിതന്മാരുണ്ട്. അവരെ അവഗണിച്ച് ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍. ഇത് ബോധപൂര്‍വ്വമായ നീക്കമാണ്. ബി ജെ പി ഇതൊന്നും അനുവദിക്കാന്‍ പോകുന്നില്ല. - മുരളീധരന്‍ കത്തിക്കയറി. എല്ലാം ലൈവാണ്. എന്താണ് നടക്കുന്നതെന്നും എന്താണ് നടക്കാന്‍ പോകുന്നതെന്നും ആര്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. ഇത് ഇന്നലെ എങ്ങാനും നടത്തിയ പത്രസമ്മേളനമാണോ ചാനലുകള്‍ ലൈവ്  എന്നെഴുതി  കാണിക്കുന്നത് എന്ന കണ്‍ഫ്യൂഷനായി പ്രേക്ഷകര്‍ക്ക്. ന്യൂസ് ഡെസ്‌കിലിരിക്കുകയായിരുന്ന സബ്ബ് എഡിറ്റര്‍മാര്‍ മുഖത്തോടു മുഖം നോക്കി. ഇതെന്തു പറ്റി മുരളീധരാ എന്ന ചിന്തയോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസകളും  ലൈവ് കാണുകയാണ്. സംഗതി എന്തോ വശപ്പിശകുണ്ടെന്ന് ബോധ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ വി മുരളീധരന്റെ അശ്വമേധത്തെ തടഞ്ഞുനിര്‍ത്തി ഒരു ചോദ്യം അങ്ങട് പുറപ്പെടുവിച്ചു.
 
അല്ല പ്രസിഡന്റെ,.. ഭൂപതിവ് ചട്ടത്തിലെ ഭേദഗതിയല്ലേ പറഞ്ഞുവരുന്നത് ?
അതെ...അതെ.. 
(അനര്‍ഗനിര്‍ഗളമായൊഴുകുന്ന തന്റെ വാര്‍ത്താസമ്മേളനത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിലുള്ള നീരസവും അനവസരത്തിലെ ചോദ്യത്തോടുള്ള ദേഷ്യവും പുറത്തുകാണിക്കാതെ മുരളീധരന്‍ പ്രതിവചിച്ചു)
 
അതു പിന്‍വലിച്ചല്ലോ പ്രസിഡന്റേ... മന്ത്രി അടൂര്‍പ്രകാശല്ലേ വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയാണെന്ന് പറഞ്ഞത്...
 
പിന്‍വലിച്ചോ..?
ങാ.. മന്ത്രി പ്രഖ്യാപിച്ചല്ലോ..
 
എപ്പോഴാ അത്..?
ഉച്ചയ്ക്ക്.....തിരുവനന്തപുരത്ത്..
 
ഭേദഗതി സമ്പൂര്‍ണ്ണമായും ഒഴിവാക്കി എന്നാണോ പറയുന്നത്. ?
അതെ. അങ്ങനെ തന്നെയാണ് മന്ത്രി പറഞ്ഞത്.
 
ഇരുന്ന ഇരുപ്പില്‍ ഐസുപോലെ മരവിച്ചുപോയി മുരളീധരന്‍. വലതുഭാഗത്തിരുന്ന സുരേന്ദ്രനെ നോക്കിയപ്പോള്‍ ആ മുഖത്ത് ഒരാഴ്ചയായി ഒരു തുള്ളി ചോര ഇല്ലെന്നു തോന്നി. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ രണ്ടുപേരുടേയും കയ്യിലേക്ക് നോക്കിയത്. ഇരുവരുടേയും കയ്യിലുള്ളത് നല്ല ഒന്നാന്തരം സ്മാര്‍ട്ട് ഫോണുകള്‍. വാര്‍ത്താവിനിമയരംഗം കുതിച്ചുചാട്ടം നടത്തിയ കാലത്ത് ലോകത്തിലെ ഏത് വിവരവും വിരല്‍ത്തുമ്പിലെത്തുന്ന ഉപകരണമാണ് രണ്ടുപേരുടേയും കയ്യിലിരിക്കുന്നത്. ഇരുന്നിട്ടെന്തു കാര്യം. രണ്ടുപേര്‍ക്കും അത് പ്രയോജനപ്പെട്ടിട്ടില്ലെന്ന് ആളുകള്‍ക്കാകെ ബോധ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചിരി അടക്കാന്‍ വയ്യാതെ പാടുപെട്ടു. ലൈവ് കണ്ട പ്രേക്ഷകര്‍ അന്തംവിട്ട് നില്‍ക്കുകയാണ്. തുടര്‍ന്ന് എന്താണ് പറയുക എന്നറിയാത്തതിനാല്‍ ഡെസ്‌ക് ലൈവ് സംപ്രേഷണം കട്ട് ചെയ്തില്ല. സുരേന്ദ്രന്റെ അന്താളിപ്പ് കണ്ടപ്പോള്‍ മുരളീധരന് പരിഭ്രമം ഇരട്ടിച്ചു. എത്രയും വേഗം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എവിടേക്കെങ്കിലും ഓടിപ്പോയാല്‍ മതിയെന്നായി മുരളീധരന്. സര്‍വ്വശക്തിയുമെടുത്ത് അദ്ദേഹം വീണ്ടും മാധ്യമപ്രവര്‍ത്തകരുടെ മുഖത്തുനോക്കി. അല്ല - മുഖത്ത് നോക്കിയതായി ഭാവിച്ചു.
' നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. നമുക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാം' - മുരളീധരന്‍ പറഞ്ഞൊപ്പിച്ചു. സംഗതി തീരുമാനമായതോടെ ചാനലുകള്‍ ലൈവും അവസാനിപ്പിച്ചു. പക്ഷേ, മുരളീധരന്റേയും സുരേന്ദ്രന്റേയും വിറയല്‍ മാറിയിരുന്നില്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളാണ് വാര്‍ത്താസമ്മേളനം നടത്തി ഇളിഭ്യരായിരിക്കുന്നത്. അതും ദില്ലിയില്‍. സംഭവിച്ചതിന്റെ വ്യക്തമായ ചിത്രം മനസിലാകുന്നുമില്ല. 
വാര്‍ത്താസമ്മേളന പ്രതിനിധികള്‍ക്ക് കൊണ്ടുവന്ന ചായ ഇരുവര്‍ക്കും കൊടുത്ത് നടന്ന സംഭവങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിച്ചു. അമിത് ഷാ യെ കാണാന്‍ പോയ മണിക്കൂറുകളില്‍ ലോകത്ത് എന്തെല്ലാം മാറ്റങ്ങളും സംഭവങ്ങളുമുണ്ടായിരിക്കുന്നു - ആശ്ചര്യം തന്നെ ആശ്ചര്യം എന്ന മട്ടില്‍ മുരളീധരനും സുരേന്ദ്രനും എല്ലാം കേട്ടു. നാട്ടില്‍ നിന്ന് ഒരു പരമദ്രോഹിയും ഇതൊന്നും വിളിച്ചു പറഞ്ഞില്ലല്ലോ എന്ന സങ്കടമായി പിന്നെ രണ്ടുപേര്‍ക്കും. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ സംഘടന സംവിധാനമുള്ള പാര്‍ട്ടിയാണ്. അടുത്ത തെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടാനിരിക്കുകയാണ്. അതിന്റെ സംസ്ഥാന നേതാക്കളെ വിളിച്ച് ഒരു വിവരം തരാന്‍ ഒരുത്തനും ഇല്ലാതെ പോയല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം ഇരട്ടിച്ചു. ഞങ്ങള്‍ പറഞ്ഞേനെയെന്നും നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിന്റെ വിഷയം സസ്‌പെന്‍സാക്കിയതാണ് പണി പറ്റിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഏതായാലും എല്ലാം കഴിഞ്ഞല്ലോ, ബി ജെ പി ഏതുതരത്തില്‍ പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന ചോദ്യം മുരളീധരനെ വീണ്ടും ഉന്മേഷവാനാക്കി.
' ഞങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ തീരുമാനമുണ്ടായിരുന്നു. ഈ ഭേദഗതിക്കെതിരെ ജനങ്ങളെയാകെ അണിനിരത്താനാണ് ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. നാളെ അത് സര്‍ക്കാരിന് ബോധ്യപ്പെട്ടേനെ..!
 
നാളെ ബോധ്യപ്പെടാനോ, അത് എങ്ങിനെ ?
ഞങ്ങള്‍ അത്തരത്തിലുള്ള സമരമാണ് ആസൂത്രണം ചെയ്തത്.
 
എന്ത് സമരം ?
ഹര്‍ത്താല്‍
 
ഹര്‍ത്താലോ.... അപ്പോള്‍ നാളെ ഹാര്‍ത്താല്‍ പ്രഖ്യാപിക്കാനാണോ  വാര്‍ത്താസമ്മേളനം വിളിച്ചത്. ?
'അതെ...നിങ്ങള്‍ അപ്പോള്‍ ഇടപെട്ടത് കൊണ്ടും ചോദ്യം ചോദിച്ചതുകൊണ്ടുമാണ് ഞാന്‍ അവിടെ നിര്‍ത്തിയത്. അല്ലെങ്കില്‍ ഞാന്‍ പ്രഖ്യാപിച്ചുപോയേനെ ഹര്‍ത്താല്‍. ദൈവമാണ് നിങ്ങളെക്കൊണ്ട് ഇടപെടുവിച്ചത്. ലൈവില്‍ പോയ ഹര്‍ത്താലിനെ പിന്നെ പിടിച്ചാല്‍ കിട്ട്വോ. ഇതിപ്പോ മാനം കുറച്ചല്ലേ പോയുള്ളൂ. ഹര്‍ത്താല്‍ കൂടി പ്രഖ്യാപിച്ചിരുന്നെങ്കിലോ....കേരളത്തിലേക്ക് പോകാന്‍ കഴിയുമായിരുന്നോ'...!
 
content highlights: V Muraleedharan and his undisclosed Harthal, Newsroom Kickers, EV Unnikrishnan