mohanan master
ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട
ശേഷം സി പി എം നേതാവ് മോഹനന്‍ 
കോടതിവരാന്തയില്‍ നിന്ന് വെള്ളം കുടിക്കുന്നു. (PTI file photo)
ര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 13 ാം പ്രതിയായിരുന്നു അക്കാലത്ത് സി പി ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി മോഹനന്‍ മാസ്റ്റര്‍. രാഷ്ട്രീയ ഗൂഡാലോചനയാണ് ആരോപിക്കപ്പെട്ട കുറ്റം. വിചാരണ തടവുകാരനായി ഒരു വര്‍ഷത്തിലധികം അദ്ദേഹം ജില്ലാ ജയിലില്‍ കഴിഞ്ഞു. മോഹനന്‍ മാസ്റ്ററെ കോടതി ശിക്ഷിക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
ഒരു വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം വിധിദിനമെത്തി. മാസങ്ങള്‍ക്ക് മുന്‍പുള്ള ഇടക്കാല വിധിയില്‍ ഇരുപത് പേരെ കോടതി വെറുതെ വിട്ടിരുന്നു. 2014 ജനുവരി 22 ന് വിധി കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍  കോടതി പരിസരത്ത് തമ്പടിച്ചു. കേരളം മുഴുവന്‍ ടെലിവിഷന് മുന്നിലാണ്. രാവിലെ ആറുമുതല്‍ ദൃശ്യമാധ്യമങ്ങള്‍ തത്സമയ സംപ്രേഷണം തുടങ്ങി. കോടതി ആരംഭിക്കാന്‍ നേരമായപ്പോള്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയായി. പ്രതികളുടെ നെഞ്ചിടിപ്പ് പുറത്തുകേള്‍ക്കാം. എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിയാണ് കേസില്‍ വിധി പറയുന്നത്. 
 
കോടതി നടപടികള്‍ തുടങ്ങി. ജഡ്ജ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നു. 36 പ്രതികളില്‍ 21 ആളുകളുടെ പേര് വായിച്ചു. എല്ലാവരോടും എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തെളിവുകളുടെ അപര്യാപ്്തതയില്‍ വെറുതെ വിടുന്നതായി പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് പുറത്തു പോകാമെന്നും അറിയിച്ചു. വിട്ടയയ്ക്കപ്പെട്ടവര്‍ പുറത്തേക്കിറങ്ങി. ആ 21 പേരുടെ പട്ടികയില്‍ പി മോഹനന്‍ ഉണ്ടായിരുന്നില്ല. ബാക്കിയുള്ള പ്രതികളുടെ പേരുകള്‍ ഓരോന്നായി കോടതി വായിക്കാന്‍ തുടങ്ങി. മുന്‍പ് ഇടക്കാല വിധി പ്രഖ്യാപിച്ച നേരത്ത് ആദ്യം വെറുതെവിട്ടവരുടെ പേരും രണ്ടാമതായി കുറ്റക്കാരുടെ പേരുമാണ് ജഡ്ജ് വായിച്ചിരുന്നത്. വെറുതെ വിട്ടവരുടെ കൂട്ടത്തില്‍ ഇല്ലാത്തവര്‍ കുറ്റക്കാരായിരിക്കുമെന്നത് 'സാമാന്യ യുക്തി' യാണല്ലോ. 
 
ഒട്ടും സമയം പാഴാക്കാതെ, മോഹനന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതായി ദൃശ്യമാധ്യമങ്ങള്‍ ബ്രേക്കിങ് അടിച്ചു. സി പി ഐ (എം) നിയന്ത്രണത്തിലുള്ള കൈരളിയും വാര്‍ത്ത ബ്രേക്ക് ചെയ്തു. മോഹനന്‍ കുറ്റക്കാരനാണെന്ന വാര്‍ത്തയില്‍ കേരളം ഞെട്ടി. റിപ്പോര്‍ട്ടര്‍മാര്‍ കോടതിയ്ക്ക് പുറത്തെത്തി ലൈവ് തുടങ്ങി. തൊട്ടപ്പുറത്ത് ഇതെല്ലാം കണ്ട് പി മോഹനന്റെ ഭാര്യ കൂടിയായ കുറ്റ്യാടി എം എല്‍ എ - കെ കെ ലതിക നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ കോടതിമുറിക്കുള്ളില്‍ പ്രവേശിച്ചിരുന്നില്ല. വാര്‍ത്തയറിഞ്ഞതോടെ ലതികയുടെ മുഖം മ്ലാനമായി. കോടതിയ്ക്കകത്ത് പ്രതിഭാഗം അഭിഭാഷകര്‍ സ്തംബ്ധരായി ഇരിക്കുകയാണ്. ലാവലിന്‍ കേസില്‍ അന്നത്തെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനുവേണ്ടി സി ബി ഐ കോടതിയില്‍ ഹാജരായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരനാണ് മോഹനന് വേണ്ടി വിചാരണ കോടതിയില്‍ അന്തിമ വാദം നയിച്ചിരുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍ പിള്ള, കെ ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെല്ലാം കേസില്‍ പ്രതിഭാഗത്തിനായി വാദിച്ചിട്ടുണ്ട്. ജഡ്ജി വിധി വായിക്കുമ്പോള്‍ പ്രതികളുടെ ഇരിപ്പിടത്തില്‍ കെ സി രാമചന്ദ്രന്റെ വലതുഭാഗത്തായി  ഇരിക്കുകയായിരുന്നു മോഹനന്‍. ക്ഷീണത്താല്‍ രാമചന്ദ്രന്റെ ചുമലിലേയ്ക്ക് മോഹനന്‍ തല ചായ്ച്ചു. കണ്ണുകള്‍ അടഞ്ഞു. രാമചന്ദ്രന്‍ മോഹനനെ ചേര്‍ത്തുപിടിച്ചു.
 
അപ്പോഴേക്കും രാഷ്ട്രീയ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. റോഡില്‍ പ്രകടനം തുടങ്ങി. സ്വാധീനമേഖലകളില്‍ ആര്‍ എം പി ലഡു വിതരണം നടത്തി. ഇതിനിടയില്‍ 12 പ്രതികളുടെ പേര് ജഡ്ജ് വായിച്ചു. അവരുടെ കുറ്റങ്ങള്‍ വിശദീകരിച്ചു. കേസില്‍ നിങ്ങള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നതായി ജഡ്ജ് പ്രസ്താവിച്ചു. 
ഇനി മൂന്ന് പ്രതികളാണ് ശേഷിക്കുന്നത്. പി മോഹനന്‍, ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം കെ കെ കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതി ബാബു എന്നിവരാണ് അവര്‍. അടുത്തതായി ഈ മൂന്നുപേരുകളും ജഡ്ജി വായിച്ചു. കുറ്റം സംശയാതീതമായി തെളിയിക്കപ്പെടാത്തതിനാല്‍ മൂവരേയും വിട്ടയയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന്  മനസിലായില്ല. അഭിഭാഷകര്‍ മുഖത്തോട് മുഖം നോക്കി. വ്യക്തതയ്ക്കായി പരസ്പരം ചോദിച്ചു.
കെ സി രാമചന്ദ്രന്റെ തോളില്‍ കണ്ണടച്ചു കിടക്കുകയായിരുന്ന മോഹനനെ തട്ടി വിളിച്ചു. അനക്കമില്ല. ആരോ വെള്ളം കൊണ്ടുവന്ന് മുഖത്ത് തെളിച്ചു. കണ്ണുതുറന്ന മോഹനന്‍, ചുറ്റും ആള്‍ക്കൂട്ടം കണ്ടപ്പോള്‍ വീണ്ടും ഞെട്ടി. രണ്ടാമതും ബോധം പോകും മുന്‍പെ കൂടെയുള്ളവര്‍ കാര്യം പറഞ്ഞു.
'മാഷേ, മാഷ് കുറ്റക്കാരനല്ല' 
പറഞ്ഞയാളുടെ മുഖത്തേക്ക് മോഹനന്‍ മാഷ് തുറിച്ചു നോക്കി. മാഷിന് ഒന്നും മനസിലായില്ല. വെറുതെ വിടാതിരുന്നതുകൊണ്ടാണല്ലോ തനിക്ക് ബോധം പോയത്. ബോധം വന്നപ്പോള്‍ കുറ്റക്കാരനല്ല പോലും. ചിരിക്കാനും കരയാനും കഴിയാതെ തലയ്ക്കടിയേറ്റതുപോലെ നില്‍ക്കുന്ന മോഹനന്‍ മാഷെ മറ്റുള്ളവര്‍ പൊക്കിയെടുത്ത് കോടതിയ്ക്ക് പുറത്തെത്തിച്ചു. അടുത്ത നിമിഷത്തില്‍ ദൃശ്യമാധ്യമങ്ങളിലും പി മോഹനന്‍ കുറ്റവിമുക്തനായി.
content highlights: newsroom kickers, TP murder case, Mohanan master acquittal but channels reported him as convict