'ഞാന്‍ അറിയാതെ ഇവിടെ ഒരു ഇല അനങ്ങില്ല. അനങ്ങാന്‍ ഞാന്‍ അനുവദിക്കില്ല' - മാധ്യമ പ്രവര്‍ത്തകരില്‍ ഇങ്ങനെയും ചിലരുണ്ട്. ഒരേ സ്ഥലത്ത് വര്‍ഷങ്ങളോളം ജോലിചെയ്ത് പരിചയുമള്ളവരായിരിക്കും ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തുന്നവരില്‍ ഭൂരിഭാഗവും. കാലങ്ങളായി അവര്‍ വളര്‍ത്തിയെടുത്ത ബന്ധങ്ങളും വാര്‍ത്ത ഉറവിടങ്ങളുമാണ് ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഈ ആത്മവിശ്വാസം കൊണ്ടുനടക്കുന്നവരിലേക്ക് തന്നെ വാര്‍ത്ത എത്തണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എത്താം എത്താതിരിക്കാം. അതൊരു വിശ്വാസവും പ്രതീക്ഷയും മാത്രമാണ്. കിട്ടുന്ന എല്ലാ വാര്‍ത്തകളും ഇത്തരക്കാര്‍ തങ്ങളുടെ മിടുക്കു കാണിക്കാന്‍ ഉപയോഗിക്കും. ഒന്നാമതായി, താന്‍ അറിയാതെ ഇവിടെ ഒന്നും നടന്നിട്ടില്ല - ഇനി നടക്കുകയുമില്ല എന്ന ഭാവം എപ്പോഴും സൂക്ഷിക്കും. എത്ര വലിയ കുഴിയില്‍ വീണാലും അത് വിദ്യയാക്കാനുള്ള അസാമാന്യ തൊലിക്കട്ടി കൂടെക്കൊണ്ടു നടക്കും.
 
തൃശൂരില്‍ ജോലി ചെയ്യുകയായിരുന്ന ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന് മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാമുണ്ട്. ആസേതുഹിമാചലം വരെയുള്ള എല്ലാ കാര്യങ്ങളും ഞാന്‍ അറിയുന്നു. തത്കാലം തൃശൂര്‍ ജില്ലയിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് എന്നെ സ്ഥാപനം ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു മാത്രം ഞാന്‍ തൃശൂരില്‍ നില്‍ക്കുന്നു എന്നാണ് മട്ട്. 
 
ഒരു പതിറ്റാണ്ട് മുന്‍പുള്ള ഒരു വേനല്‍ക്കാലം. തൃശൂരിലെ പൂരപ്പറമ്പുകളെല്ലാം സജീവമായ നാളുകള്‍. ഓട്ടോറിക്ഷകള്‍ പോലെ ഒരോ തിരിവില്‍ നിന്നും ഒരു ആന നടന്നു വരുന്ന കാലം. ഈ ആനയൊക്കെ ഏതാണ്, എവിടേക്കാണ് എന്ന് തൃശൂരുകാര്‍ക്കേ അറിയൂ. ഏതോ ക്ഷേത്രത്തിലെ പൂരം കഴിഞ്ഞ് നട്ടുച്ച വെയിലില്‍ നടുറോഡിലൂടെ നടക്കുകയായിരുന്ന ഒരാന ഉഷ്ണം സഹിക്കാതെ വന്നപ്പോള്‍ അസ്വസ്ഥത കാട്ടി. മുന്നില്‍ കണ്ട ലോറിയെടുത്ത് മറിച്ചിട്ടു. രണ്ടു കടകള്‍ തകര്‍ത്തു. തടയാന്‍ വന്ന പാപ്പാനെ നിലത്തിട്ട് ചവുട്ടി. പാപ്പാന്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സമീപത്തുതന്നെയുണ്ടായിരുന്ന വിദഗ്ദസംഘമെത്തി പെട്ടെന്നുതന്നെ ആനയെ തളയ്ക്കുകയും ചെയ്തു. എല്ലാം കാലദൈര്‍ഘ്യമില്ലാതെ സംഭവിച്ചിരിക്കുന്നു. സംഭവങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് ഈ വാര്‍ത്ത കഥാനായകനായ ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ ചെവിയിലെത്തിയത്. ഇത്രയും വലിയൊരു സംഭവം നടന്നിട്ടും താന്‍ അറിയാന്‍ വൈകിപ്പോയതില്‍ അദ്ദേഹം വ്യാകുലനായി. നടുറോഡില്‍ ആനയ്ക്ക് മദമിളകി, വാഹനം മറിച്ചിട്ടു, കട പൊളിച്ചു, പാപ്പാനെ ചവിട്ടി - എന്നിട്ടും ഒരു ഫോണ്‍ കോള്‍ പോലും ആരും ചെയ്തില്ല. നഗരത്തിനോട് ഇത്രയും അടുത്തു നടന്ന സംഭവം ഞാന്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ഇതില്‍പ്പരം നാണക്കേട് വേറെയുണ്ടോ. മാലോകര്‍ എന്തു കരുതും. മാലോകരുടെ കാര്യം പോട്ടെ. നമ്മുടെ ഡെസ്‌കില്‍ ഉള്ളവര്‍ എന്തുവിചാരിക്കും. ഇവന്‍ പഴയ പോലെ സംഭവങ്ങളൊന്നും അറിയുന്നില്ലെന്ന് അവര്‍ കരുതില്ലേ. അതു എന്നെപ്പൊലെ ഒരാള്‍ക്ക് ക്ഷീണമല്ലേ. മറ്റു ചാനലുകാര്‍ അറിയുന്നതിന് മുന്‍പെ 
എന്തെങ്കിലും അഭ്യാസം നടത്തിയേ മതിയാവൂ. ഫോണെടുത്ത് വേഗം ഡെസ്‌കിലേക്ക് വിളിച്ചു.
 
' അതെ ഒരു ബ്രേക്കിങ്ണ്ട്ട്ടാ..
എന്താ..?
തൃശൂരില്‍ ആന ഇടഞ്ഞു.
ജനം പരിഭ്രാന്തിയില്‍
ഇത് വേഗം കൊട്ക്ക് . എന്നിട്ട് ഞാന്‍ പറയണത് അതുപോലെ വരിവരിയായി എഴുതിയെടുക്ക്. 
ശരി....
ന്നാ..എഴുതിക്കോ..
ഇടഞ്ഞ ആന ലോറി മറിച്ചിട്ടു
രണ്ടു കടകള്‍ തകര്‍ത്തു
പാപ്പാനെ നിലത്തിട്ടു ചവുട്ടി
ചവിട്ടേറ്റ പാപ്പാന്‍ മരിച്ചു
എഴുതീലോ അല്ലേ. ഇനി ഞാന്‍ അവസാനം പറഞ്ഞ നാലു വരി രണ്ടു മിനുട്ട് ഗ്യാപ്പില്‍ ഒരോന്നായി കൊടുക്കണം. ആദ്യം ലോറി മറിച്ചിട്ടത്, പിന്നെ കട തകര്‍ത്തത്, പാപ്പാനെ ചവുട്ടിയത്, മരിച്ചത് അങ്ങനെ - മനസിലായില്ലേ.'
 
മനസിലായി, പക്ഷേ ചേട്ടാ, ഇതൊക്കെ സംഭവിച്ചു കഴിഞ്ഞതാണോ, ആണെങ്കില്‍ ഒരുമിച്ചുകൊടുക്കുന്നതല്ലേ നല്ലത്. മാത്രമല്ല പാപ്പാന്‍ മരിച്ചുവെന്നും ചേട്ടന്‍ പറഞ്ഞല്ലോ..'
 
ഏയ് സംഭവിച്ചിട്ടൊന്നുല്ല്യാ... സംഭവിക്കൂന്നാ ഞാന്‍ പറഞ്ഞതേയ്. അഥവാ സംഭവിച്ചാല് നമ്മള് വാര്‍ത്തേല് പുറകിലാകാന്‍ പാടില്ല. അതാ മുന്‍കൂട്ടി പറഞ്ഞേ. ഗണേശനാ ഇടഞ്ഞത്. അവന്‍ ഇടഞ്ഞാ ഉറപ്പായും ഒരു ലോറി മറിച്ചിടും. രണ്ടു കടേം പൊളിക്കും, പാപ്പാനേം കൊല്ലും. അത് അച്ചട്ടാ. കൊല്ലം പത്തുപതിനഞ്ചായേ നമ്മള് ഈ പണി തൊടങ്ങീട്ട്. തൃശൂരിലെ ഓരോ ആനേം നമ്മളറീം. എന്താ നടക്ക്വാന്നും അറീം. നിങ്ങള് ധൈര്യായി കൊടുത്തോ. ഞാനല്ലേ പറേണെ.
content highlights: newsroom kickers, EV Unnikrishnan, elephant musth