2011 ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളുടെ പേരില്‍ നടുക്കടലില്‍ നില്‍ക്കുന്ന സമയം. സോളാര്‍ കേസിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ അറസ്റ്റിലാവുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു. സരിതാ നായരുടെ പ്രത്യക്ഷപ്പെടല്‍ കോളിളക്കം ഉണ്ടാക്കുന്നു. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടികയും സരിതയുമായി അടുപ്പം സൂക്ഷിച്ചവരുടെ വിവരങ്ങളും പുറത്തുവരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടി ശാലുമേനോന്റെ വീട്ടില്‍ പോയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നു. ഇങ്ങനെ ആകെക്കൂടി കലങ്ങി മറിഞ്ഞതാണ് രാഷ്ട്രീയ കാലാവസ്ഥ. കോണ്‍ഗ്രസിന് ഘടക കക്ഷികളെ വിശ്വാസമില്ല. ഘടക കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെയും വിശ്വാസമില്ല. എ യും ഐ യും പരസ്യമായി തന്നെ രണ്ടു തട്ടില്‍. ആരൊക്കെ എന്തൊക്കെ വിളിച്ചു പറയുന്നു എന്നതിന് ഒരു നിശ്ചയവുമില്ല. മുന വെച്ചതും ഭീഷണിപ്പെടുത്തുന്നതും കുറിക്കു കൊള്ളുന്നതുമായ വാചകങ്ങളാണ് നിരുപദ്രവകരമെന്ന് തോന്നിക്കുന്ന മട്ടില്‍ ബോധപൂര്‍വ്വം പലരും വിളിച്ചു പറയുന്നത്. എന്റെ കയ്യില്‍ തെളിവുണ്ട്, രേഖയുണ്ട്, കോള്‍ ലിസ്റ്റുണ്ട്, സരിതയുടെ കത്തുണ്ട്, വീഡിയോയുണ്ട് എന്നൊക്കെ പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ വെല്ലുവിളിക്കുകയാണ്. ദൃശ്യമാധ്യമങ്ങളില്‍ സോളാര്‍ ചര്‍ച്ചയാണ് സര്‍വ്വത്ര. എരിവും പുളിയും പാകത്തിന് ചേര്‍ക്കപ്പെട്ട സോളാര്‍ വിഭവമായിരുന്നു ദൃശ്യമാധ്യമങ്ങള്‍ക്ക് എന്നും അത്താഴത്തിന്.
 
ചര്‍ച്ചയുടെ ഭാഗമാകാന്‍ ഒരു ചാനലിന്റെ കോട്ടയം സ്റ്റുഡിയോയില്‍ എത്തിയിരിക്കുകയാണ് ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷി നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ്ജ്. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ പി സി ജോര്‍ജ്ജ് അതിന്റെ പുറകെയുണ്ട്. കേസിന്റെ വഴിത്തിരിവുകളും ഗതിവിഗതികളും അദ്ദേഹത്തിന് അറിയാമെന്നാണ് മറ്റുപാര്‍ട്ടികളും സര്‍ക്കാരും പൊതുജനങ്ങളുമൊക്കെ വിശ്വസിച്ചുകൊണ്ടിരിക്കുന്നത്. പകുതിയില്‍ നിര്‍ത്തിയ പ്രസ്താവനകളും ഞാന്‍ എല്ലാം അങ്ങ് പറയും എന്ന തരത്തിലുള്ള പറഞ്ഞുവയ്ക്കലുകളും കേരള രാഷ്ട്രീയത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഞാനിപ്പോ ബോംബ് പൊട്ടിക്കും എന്ന പി സി ജോര്‍ജ്ജിന്റെ സസ്‌പെന്‍സ് കളി ദൃശ്യമാധ്യമങ്ങള്‍ക്ക് ഹരമായി. ജോര്‍ജ്ജ് ആര്‍ക്കെതിരെ എന്ത് പറയും എന്നതില്‍ ജോര്‍ജ്ജിന് പോലും ഉറപ്പില്ലാത്ത തരത്തിലാണ് സംഭവങ്ങള്‍ പുരോഗമിച്ചത്.
 
അമ്പുകൊള്ളാത്തവരില്ല കുരിക്കളില്‍ എന്ന ചൊല്ലുപോലെയായിരുന്നു സോളാര്‍ കേസിന്റെ സ്ഥിതി. ആരോപണ വിധേയരാവത്തരും സോളാര്‍ സംഭവങ്ങളുമായി ബന്ധമില്ലാത്തവരും സര്‍ക്കാരിനകത്തും പുറത്തും ആരുമില്ലെന്നായി. ചെളി അങ്ങോട്ടും ഇങ്ങോട്ടും വാരിയെറിഞ്ഞ് സകലരും സായൂജ്യരായി. നാളെ പുതിയത് വരും, ഇതിനെക്കാള്‍ വലുത് വരാനിരിക്കുന്നു തുടങ്ങിയ നേതാക്കളുടെ വാക്കുകളിലും പ്രസ്താവനകളിലും പ്രതീക്ഷയര്‍പ്പിച്ച് പ്രേക്ഷകരും പുറകെയുണ്ട്. ഇന്നത്തെ നായകന്‍ - നാളത്തെ വില്ലന്‍ എന്ന രീതിയില്‍ ഉദ്വേഗജനകമായ ട്വിസ്റ്റുകളാണ് സോളാര്‍ കേസ് നല്‍കിക്കൊണ്ടിരിക്കുന്നത്. സ്റ്റുഡിയോയില്‍ കയറിയിരുന്ന പി സി ജോര്‍ജ്ജ് ചര്‍ച്ചയില്‍ ആരൊക്കെയാ പങ്കെടുക്കുന്നതെന്ന് അന്വേഷിച്ചു. എന്നിട്ട് കസേരയില്‍ ചാഞ്ഞിരുന്നു.
 
പി സി ജോര്‍ജ്ജിന്റെ നടപടികളില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. അവര്‍ പരസ്യമായി ജോര്‍ജ്ജിനെ തള്ളിപ്പറയുന്നുമുണ്ട്. അതിന്റെ ഇരട്ടി കനത്തില്‍ പി സി ജോര്‍ജ്ജ് തിരിച്ചടിക്കുകയും ചെയ്യുന്നു. തന്നെ ആക്രമിക്കുന്നവരെ ഏതറ്റം വരേയും പോയി നേരിടുകയെന്നതാണ് പി സി ജോര്‍ജ്ജിന്റെ ശൈലി. അതുകൊണ്ട് അല്‍പം ചില കോണ്‍ഗ്രസുകാര്‍ മാത്രമാണ് ജോര്‍ജ്ജിനെതിരെ രണ്ടും കല്‍പ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. അക്കൂട്ടത്തില്‍പ്പെട്ട ഒരു നേതാവും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സി പി ഐ (എം), ബി ജെ പി പ്രതിനിധികള്‍ വിവിധ സ്റ്റുഡിയോകളില്‍ എത്തിക്കഴിഞ്ഞു. ജോര്‍ജ്ജിന്റെ വാദങ്ങളില്‍ നിന്ന് തുടങ്ങിയ ചര്‍ച്ച മിനുട്ടുകള്‍ക്കുള്ളില്‍  വ്യത്യസ്ത വാദമുഖങ്ങള്‍ തുറന്നിട്ടു. ഒന്നു കൂടി കറങ്ങിവന്നപ്പോള്‍ ജോര്‍ജ്ജ് പ്രതിരോധത്തിലേക്ക് മാറി. അടുത്ത ഘട്ടത്തില്‍ പി സി ജോര്‍ജ്ജ് പൂര്‍ണ്ണമായും പ്രതിരോധത്തിലായി. പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയായി ജോര്‍ജ്ജിന്. ആക്ഷന്‍ ത്രില്ലര്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പോരടിച്ചു. യമണ്ടന്‍ ഡയലോഗുകളും തട്ടുപൊളിപ്പന്‍ മറുപടികളുമായി ചര്‍ച്ച കൊഴുത്തു. കോണ്‍ഗ്രസ് നേതാവ് ആക്രമിച്ചുകളിക്കുകയാണ്. അതിന്റെ ചുവട് പിടിച്ച് അവതാരകനും തനിക്കെതിരെ തിരിഞ്ഞപ്പോള്‍ പി സി ജോര്‍ജ്ജ് ആഗ്നേയാസ്ത്രം പുറത്തെടുത്തു. മേശപ്പുറത്ത് നിന്ന് ഒരു സി ഡി വലിച്ചെടുത്ത് സ്‌ക്രീനില്‍ ഉയര്‍ത്തിക്കാണിച്ചു.
 
' ദേ ... എന്നെക്കൊണ്ടൊന്നും പറയിക്കരുത്. എല്ലാം ദേ ഇതിലൊണ്ട്. കൊച്ചുമക്കളൊക്കെ കാണുന്നതാ...ഈ ടി വി യെ. അതുകൊണ്ട് ഞാന്‍ കൂടുതലൊന്നു പറയുന്നില്ല. അമ്മപെങ്ങന്മാരെ എനിക്ക് ബഹുമാനമുണ്ട്. അല്ലേലും പറയാന്‍ കൊള്ളാവുന്ന കാര്യമാന്നോ ഇതിനകത്തിരിക്കുന്നേ. ഇപ്പോ സംസാരിക്കുന്ന ഈ മാന്യനനുണ്ടല്ലോ... ഉത്തരം പറയാന്‍ ഇച്ചിരി വിഷമിക്കും. നാണം കെട്ടു പോകും. അമ്മാതിരി കാര്യങ്ങളാ. ഇതൊക്കെ ഞാന്‍ കൈമാറാന്‍ പോകുവാ.. മുഖ്യമന്ത്രിയ്ക്ക് കൊടുക്കും. അങ്ങേര് തീരുമാനിക്കട്ടെ ഇനി എന്ത് ചെയ്യണമെന്ന്. ഇതൊക്കെ ഞാന്‍ പറയണ്ടാന്ന് വച്ചതാന്നെ. നാണക്കേട് അല്ലയോ. മാന്യമായിട്ട് പ്രശ്‌നങ്ങള്‍ തീരട്ടെ എന്ന് കരുതിയാ മിണ്ടാതിരിക്കുന്നേ. അങ്ങനെ വേണ്ടാന്നുണ്ടെങ്കില്‍ ഞാനിതെല്ലാം അങ്ങ് പരസ്യമാക്കിയേക്കാം,..എന്നാ പോരെ..'
 
സി ഡി ഉയര്‍ത്തിക്കാട്ടിയുള്ള പി സി ജോര്‍ജ്ജിന്റെ തത്സമയ പ്രകടനത്തില്‍ സകലരും ഞെട്ടി. ഇനിയെന്ത് പറയാന്‍ എന്ന മാനസികാവസ്ഥയിലായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. എല്ലാ തെളിവുകളും ദൃശ്യങ്ങളും അദ്ദേഹത്തിന്റെ കയ്യില്‍ ഇരിക്കുകയല്ലേ. കോണ്‍ഗ്രസ് നേതാവ് മിണ്ടാതായി. കസേരയുടെ കൈകളില്‍ ഇരു കൈപ്പത്തികളും അടിച്ച് ജോര്‍ജ്ജ് ചാരിയിരുന്നു, യുദ്ധം ജയിച്ച ജേതാവിനെപ്പോലെ. അധികമൊന്നും പറയാനില്ലാത്തതിനാലും സമയം തീരാറയാതിനാലും അവതാരകന്‍ ചര്‍ച്ച അവസാനിപ്പിച്ചു. 
 
ലൈവ് അവസാനിച്ച നിമിഷം മുതല്‍ ആ ചാനലിന്റെ കോട്ടയം പ്രതിനിധിയുടെ ഫോണ്‍ നിലയ്ക്കാതെ ശബ്ദിക്കാന്‍ തുടങ്ങി. ഡെസ്‌കില്‍ നിന്നാണ്. പി സി ജോര്‍ജ്ജിന്റെ കൈവശമുള്ള സി ഡി സ്വന്തമാക്കണമെന്നാണ് നിര്‍ദ്ദേശം. ഏതുവിധേനയും ആ സി ഡി സംഘടിപ്പിക്കണമെന്നും അടുത്ത വാര്‍ത്താബുള്ളറ്റിനില്‍ തന്നെ അതിലെ  വിശദാംശങ്ങള്‍ ബ്രേക്കിങ് ന്യൂസ് ആയി നല്‍കണമെന്നും ഡെസ്‌ക് ആവശ്യപ്പെട്ടു. മറ്റു ചാനലുകളുടെ പ്രതിനിധികളും വിളിക്കുകയാണ്. കിട്ടിയോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അവരും ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കിട്ടിയെങ്കില്‍ ഒരു കോപ്പി വേണം. അതിനാണ് വിളിക്കുന്നത്. വാര്‍ത്ത കൊടുക്കുന്നുണ്ടെങ്കില്‍ ഞങ്ങളോടും പറയണേയെന്ന അഭ്യര്‍ത്ഥനയോടെ അവര്‍ ഫോണ്‍ വച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍കോള്‍ അപ്പോള്‍ വെയിറ്റിങ്ങിലായിരുന്നു. സി ഡി യ്ക്കുള്ളില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അവര്‍ വിളിക്കുന്നത്. അവശേഷിച്ച ഫോണുകള്‍ കട്ട് ചെയ്ത് റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് കയറി. ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്ക് ഊരിവച്ച് ഇറങ്ങാന്‍ പുറപ്പെടുകയായിരുന്നു അപ്പോള്‍ പി സി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ മുന്നില്‍ വിലങ്ങനെ നിന്ന് എന്തായാലും സി ഡി തന്നേ പറ്റൂവെന്ന് താണു വീണ് കേണ് അപേക്ഷിച്ചു. ഇത്രയും വലിയ ബ്രേക്കിങ് വാര്‍ത്ത തനിക്ക് തരാതെ ഈ സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അമ്മയാണെ ദൈവം ചോദിക്കുമെന്ന്  ജോര്‍ജ്ജിന്റെ മുഖത്ത് നോക്കി റിപ്പോര്‍ട്ടര്‍ പറഞ്ഞു. മറ്റു ചാനലുകാര്‍ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും അവര്‍ എത്തുന്നതിന് മുന്‍പ് സി ഡി തനിക്ക് തരാന്‍ കനിവ് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. നമ്മള് തമ്മില്‍ ഇന്നും ഇന്നലേയും തുടങ്ങിയ ബന്ധമല്ലല്ലോ. ആ ബന്ധത്തിന് എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് ഇപ്പോഴാണ് പ്രകടിപ്പിക്കേണ്ടതെന്ന സെന്റിമെന്റ്‌സ് വരെ പുറത്തിറക്കി. ഒറ്റ ശ്വാസത്തിലാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചത്. 
 
റിപ്പോര്‍ട്ടറുടെ വേവലാതിയും ബേജാറും കണ്ട് മിണ്ടാതെ  നിന്ന പി സി ജോര്‍ജ്ജ്് - '  സി ഡി ഞാന്‍ മേശപ്പുറത്ത് തന്നെ വച്ചിട്ടുണ്ട് ' എന്ന് പറഞ്ഞ് പുറത്തേക്ക് നടന്നു. ഒറ്റച്ചാട്ടത്തിന് റിപ്പോര്‍ട്ടര്‍ മേശയ്ക്ക് മുകളിലെ സി ഡി കൈക്കലാക്കി. വാതിലിനടുത്തെത്തിയ പി സി ജോര്‍ജ്ജ് തിരിഞ്ഞു നിന്ന് ചോദിച്ചു.
 
അപ്പോ താന്‍ ഇത്രേം നേരം ആ സി ഡി അവിടെക്കെടന്നത് കണ്ടില്ലാരുന്നോ ? 
ഇല്ല
ആഹാ..അതു കൊള്ളാല്ലോ.. നിന്റെ മേശപ്പുറത്തൂന്നല്ലേ ഞാന്‍
ആ സി ഡി യെടുത്തേ..
മേശപ്പുറത്തൂന്നോ   ?
അതെ 
ഇത് സോളാര്‍ കേസിലെ സി ഡി അല്ലേ....?അച്ചായന്‍ ഇപ്പോ ലൈവില്‍ പറഞ്ഞേ....
ഒന്നു പോടാ അവ്ടന്ന്....സോളാര്‍ കേസ്....തേങ്ങാക്കൊല. നിന്റെ മേശപ്പുറത്ത് കണ്ട സി ഡി യാ ഞാന്‍ ലൈവില്‍ പൊക്കിക്കാണിച്ചത്. അതോണ്ടെന്നാ....അവന്മാര് അടങ്ങിയില്ലേ. അല്ല പിന്നെ....ജോര്‍ജ്ജിനോടാ അവന്മാരുടെ കളി.
 
അപ്പോഴാണ് കയ്യിലിരിക്കുന്ന സി ഡി യിലേക്ക് റിപ്പോര്‍ട്ടര്‍ നോക്കിയത്. - തെരഞ്ഞെടുത്ത പത്ത് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ - പാടിയത് കെ ജി മാര്‍ക്കോസ്.
content highlights: Newsroom kickers, EV Unnikrishnan column, PC George and Solar CD