പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരിക്കുന്ന കാലം. വളരെ ചെറിയ വാര്‍ത്തകള്‍ പോലും ചാനലില്‍ കാണിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് നികേഷ്. ബുള്ളറ്റിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തവയാണെങ്കില്‍ അവ 'അപ്‌ഡേറ്റില്‍' ( സ്‌ക്രീനില്‍ താഴെയായി ചെറിയ അക്ഷരത്തില്‍ കാണുന്നത്) എങ്കിലും നല്‍കണമെന്ന് അദ്ദേഹം സബ്ബ് എഡിറ്റര്‍മാരോട് നിര്‍ദ്ദേശിക്കും. ന്യൂസ് ഡസ്‌കില്‍ ആളുകള്‍ കുറവാണെങ്കില്‍ അദ്ദേഹം തന്നെ അന്തര്‍ ദേശീയ - ദേശീയ ഏജന്‍സികള്‍ പരിശോധിച്ച് വാര്‍ത്തകള്‍ എടുത്ത് ഡി ടി പി ക്കാര്‍ക്ക് നല്‍കും. അന്ന് ഡി ടി പി ക്കാരാണ് ഇന്ത്യാവിഷനില്‍ ബ്രേക്കിങ്ങും ഫ്‌ളാഷും അപ്‌ഡേറ്റ്‌സും ടൈപ്പ് ചെയ്തിരുന്നത്. ഡെസ്‌ക് ചീഫ് അത് നോക്കി അനുമതി നല്‍കിയ ശേഷം അവ സംപ്രേഷണം ചെയ്യും. സബ്ബ് എഡിറ്റര്‍മാരെ പോലെയോ, അതിനെക്കാളേറെയോ കഴിവും പ്രാപ്തിയും വാര്‍ത്താ ബോധവുമുള്ള ഡി ടി പി ക്കാര്‍ അന്ന് ഇന്ത്യാവിഷന്റെ മുതല്‍ക്കൂട്ടായിരുന്നു. അവര്‍ ടൈപ്പ് ചെയ്ത വാര്‍ത്തകള്‍ ഒന്നു നോക്കേണ്ട ചുമതല മാത്രമേ പലപ്പോഴും ഡെസ്‌ക് ചീഫുമാര്‍ക്കുണ്ടായിരുന്നുള്ളൂ. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് കൊടുക്കുന്നതിനായി പല ടെക്‌നിക്കുകളും അവര്‍ ചെയ്തുവയ്ക്കാറുണ്ട്. എ - ഐ ഗ്രൂപ്പ് യുദ്ധത്തിന്റെ പാരമ്യത്തില്‍ കെ കരുണാകരനും ലാവലിന്‍ കേസിന്റെ കാലത്ത് പിണറായി വിജയനുമാണ് ഏറ്റവും കൂടുതല്‍ ബ്രേക്കിങ്ങുകളില്‍ വന്നിരുന്നത്. ഓരോ വാര്‍ത്ത വരുമ്പോഴും ഇവരുടെ പേര് ടൈപ്പ് ചെയ്യുക എന്നത് ശ്രമകരവും അതിലേറെ സമയനഷ്ടം ഉണ്ടാക്കുന്നതുമായിരുന്നു. ഇത് മറികടക്കുന്നതിനായി ഒരോരുത്തരുടെ പേരും ഒരോ ബട്ടണില്‍ സെറ്റ് ചെയ്ത് വച്ചാണ് ഡി ടി പി ക്കാര്‍ ഡസ്‌കില്‍ ചടുലത കാട്ടിയത്. ഉദാഹരണത്തിന് കെ എന്ന അക്ഷരത്തില്‍ വിരലമര്‍ത്തിയാല്‍ കെ കരുണാകരന്‍ എന്ന് സ്‌ക്രീനില്‍ തെളിയും. പി യില്‍ തൊട്ടാല്‍ പിണറായി വിജയന്‍, വി യില്‍ വി എസ് അച്യൂതാനന്ദന്‍. അപടകട സാധ്യത ഒഴിവാക്കി ഇവ മനോഹരമായി കൈകാര്യം ചെയ്യാനുള്ള മിടുക്കും അവര്‍ക്കുണ്ടായിരുന്നു. ഇന്ന് വാര്‍ത്താ ചാനലുകളില്‍ സബ്ബ് എഡിറ്റര്‍മാരാണ് ബ്രേക്കിങ്ങും ഫ്‌ളാഷും ടൈപ്പ് ചെയ്ത് നല്‍കുന്നത്.
പ്രത്യേകിച്ച് വാര്‍ത്തകളൊന്നും ഇല്ലാതിരുന്ന ഒരു ഉച്ചനേരത്ത് നികേഷ് ഡെസ്‌കിലേക്ക് കയറിവന്നു. അന്നത്തെ വാര്‍ത്തകളിലൂടെ ഒറ്റനോട്ടത്തില്‍ കടന്നുപോയി. സംഭവങ്ങള്‍ ഇല്ലാത്തതിന്റെ നിരാശ മുഖത്തുണ്ട്. അപ്‌ഡേറ്റ്‌സ് പരിശോധിച്ചു. വാര്‍ത്തകളെല്ലാം പഴയതാണ്. സബ്ബ് എഡിറ്റര്‍മാര്‍ ആരൊക്കെയുണ്ടെന്ന് നോക്കി. ആളുകുറവാണ്. ഉള്ളവര്‍ ചക്രശ്വാസം വലിച്ച് പണിയെടുക്കുന്നു. നികേഷ് ദേശീയ ചാനലുകളിലൂടെയും വാര്‍ത്ത ഏജന്‍സികളിലൂടേയും കണ്ണോടിച്ചു. കുറെയെണ്ണം കുറിച്ചെടുത്തു. നികേഷിനും ഇന്ത്യാവിഷന്‍ ഡെസ്‌കിനും മാത്രം വായിച്ചാല്‍ മനസിലാകുന്ന കയ്യക്ഷരത്തില്‍ അവ മറ്റൊരു പേപ്പറിലേക്ക് എഴുതി. ഡി ടി പി യില്‍ ടോജിയാണ് ഇരിക്കുന്നത്. പേപ്പര്‍ ടോജിയെ ഏല്‍പ്പിച്ച്, അവയെല്ലാം അപ്‌ഡേറ്റ്‌സില്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച് നികേഷ് കാബിനിലേക്ക് പോയി. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിനെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഉത്തരേന്ത്യയില്‍ തണുപ്പുകൂടുകയാണെന്ന വാര്‍ത്ത വരെ ആ കടലാസില്‍ എഴുതിയിട്ടുണ്ട്. പേപ്പര്‍ നിവര്‍ത്തിവച്ച് ജോജി അത് ടൈപ്പ് ചെയ്തു തുടങ്ങി.
എല്ലാം ടൈപ്പ് ചെയ്ത് പൂര്‍ത്തിയായെങ്കിലും അത് സ്‌ക്രീനില്‍ കൊടുക്കാന്‍ സമയം കിട്ടിയില്ല. അപ്പോഴേക്കും ഡെസ്‌കിലെ ഫോണില്‍ മറ്റൊരു വാര്‍ത്ത എത്തിയതിനാല്‍ ടോജി പുതിയ വാര്‍ത്തയ്ക്ക് പുറകെയായി. പത്തിരുപത് മിനുട്ട് കഴിഞ്ഞിട്ടുണ്ടാവും - നികേഷിന്റെ കാബിനില്‍ നിന്ന് ടോജീ... എന്നൊരു വിളി കേട്ടു. വാതില്‍ വലിച്ചു തുറക്കുന്ന ശബ്ദവും. ചെവിയില്‍ ഫോണും കയ്യില്‍ പേപ്പറും പെന്‍സിലുമായി നികേഷ് ഡെസ്‌കിലേക്ക് ചീറിവരികയാണ്. ആ വരവ് ഇന്ത്യാവിഷന്‍ ഡെസ്‌കിന് പരിചിതമാണ്. ചാനലില്‍ വലിയ തെറ്റുകള്‍ പോകുമ്പോഴും വന്‍ വാര്‍ത്തകള്‍ സംഭവിക്കുമ്പോഴുമാണ് നികേഷ് അതിവേഗത്തില്‍ കാബിന്് പുറത്തെത്താറുള്ളത്. സകല സബ് എഡിറ്റര്‍മാരും ഡി ടി പി ക്കാരും നികേഷിന്റെ വരവ് കണ്ട് അന്തിച്ചുനില്‍ക്കുകയാണ്. എന്താണ് സംഭവമെന്ന് അറിയാനുള്ള ജിജ്ഞാസയിലായിരുന്നു എല്ലാവരും. ടോജിക്ക് പക്ഷേ ജിജ്ഞാസ തീരെ ഉണ്ടായിരുന്നില്ല. ഈ ചീറിപ്പാഞ്ഞു വരുന്ന പണി തനിക്കാണ് - തനിക്ക് മാത്രമാണ് എന്ന് ടോജി ഉറപ്പിച്ചു. അപ്‌ഡേറ്റില്‍ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത് പഴകിയഴുകിയ വാര്‍ത്തകളാണ്. ശ്രാദ്ധം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത മരണവാര്‍ത്തകള്‍ വരെ സ്‌ക്രീനിലുണ്ട്. ഇതൊക്കെ മാറ്റാനാണ് നികേഷ് നേരിട്ടെത്തി വാര്‍ത്ത എഴുതിത്തന്നത്. അതുപോലും കൊടുക്കാതെയിരിക്കുന്ന തന്നെത്തന്നെയാണ് നികേഷ് ലക്ഷ്യമിടുന്നതെന്ന് ടോജി മനസില്‍ കണ്ടു. ടോജി ഉണര്‍ന്നു. അപ്‌ഡേറ്റ് വാര്‍ത്ത വേഗം പോസ്റ്റ് ചെയ്യണം. നികേഷ് ചോദിക്കുമ്പോള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു എന്നെങ്കിലും മറുപടി പറയണം. പഴയ വാര്‍ത്തകള്‍ മാറി പുതിയത് സ്‌ക്രീനില്‍ തെളിയാന്‍ സമയമെടുക്കുന്നതാണ് എന്ന് പറഞ്ഞു പിടിച്ചുനില്‍ക്കാം. ടൈപ്പ് ചെയ്തുവച്ച മാറ്റര്‍ ടോജി വേഗം നോക്കിയെടുത്തു.
ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന് പനി
ജോണ്‍ എബ്രഹാം മുംബൈയിലെ ആശുപത്രിയില്‍
എന്ന വരിയാണ് ടോജിയുടെ ശ്രദ്ധയില്‍ ആദ്യം പെട്ടത്. വേഗം അതു പോസ്റ്റു ചെയ്യാന്‍ തുടങ്ങി. അപ്പോഴേക്കും നികേഷ് അടുത്തെത്തിക്കഴിഞ്ഞു. ടോജിയുടെ കൈകള്‍ പതിവില്ലാത്ത വിധം വിറയ്ക്കുകയാണ്. നികേഷിന് ടോജിയില്‍ നല്ല വിശ്വാസമുള്ളതാണ്. ജോലിയില്‍ വീഴ്ച വരുത്തുന്നയാളെണെന്ന ദുഷ്‌പേര് ഇതുവരെ ടോജി കേള്‍പ്പിച്ചിട്ടില്ല. എല്ലാം തകരുമല്ലോ ദൈവമേ എന്നൊക്കെ മനസിലോര്‍ത്താണ് ടോജി ജീവന്‍രക്ഷാ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവിധം എല്ലാം ശരിയാക്കി ബട്ടണില്‍ വിരലമര്‍ത്തി. വാര്‍ത്ത സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ച പോലെ ചെറിയ അക്ഷരത്തിലെ അപ്‌ഡേറ്റ്‌സില്‍ അല്ല ആ വാര്‍ത്ത വന്നത്. നല്ല ഒന്നാന്തരം വെണ്ടയ്ക്കയില്‍ - ബ്രേക്കിങ് ന്യൂസില്‍. വെപ്രാളത്തിനിടയില്‍ ടോജി അമര്‍ത്തിയ ബട്ടണ്‍ മാറിപ്പോയി. അതാണ് അപ്‌ഡേറ്റ് വാര്‍ത്ത ബ്രേക്കിങ്ങായത്. പണി പാലും വെള്ളത്തില്‍ കിട്ടിയത് മനസിലാക്കിയ ടോജി ബ്രേക്കിങ് പിന്‍വലിക്കാനും അത് അപ്‌ഡേറ്റ് വാര്‍ത്തയിലേക്ക് മാറ്റാനുമായി ബട്ടണുകളില്‍ ആഞ്ഞാഞ്ഞ് വിരലമര്‍ത്തി. ടോജിയുടെ വെപ്രാളവും വേഗവും തുടരെത്തുടരെയുള്ള ആജ്ഞയും കംപ്യൂട്ടറിന് തീരെ രസിച്ചില്ല. അതു പൊടുന്നനെ പണിമുടക്കി. ഫലം - ജോണ്‍ എബ്രഹാമിന്റെ പനി ബ്രേക്കിങ്ങ് ന്യൂസായിത്തന്നെ നിലകൊണ്ടു. സ്‌ക്രീനില്‍ ജോണ്‍ എബ്രഹാം പനിച്ചു കിടക്കുന്നതുകണ്ട നികേഷ് ഡെസ്‌കില്‍ അലറി. അലര്‍ച്ച ടോജിയോടുള്ള ചോദ്യമായി.
ടോജീ,.. ഇത് എന്തു പറ്റീ...
സര്‍, തെറ്റു പറ്റി (പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാട്ടമില്ല)
നികേഷ് അസ്വസ്ഥാനായി ഡെസ്‌കില്‍ തലങ്ങും വിലങ്ങും നടക്കുന്നു. മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു.അഭ്യുദയകാംക്ഷികളുടെ വിളിയാണ്. അദ്ദേഹം മൊബൈലിലേക്ക് നോക്കുന്നേയില്ല. ബ്രേക്കിങ്ങ് വാര്‍ത്ത വേഗമൊന്ന് പിന്‍വലിക്കാനുള്ള തത്രപ്പാടിലാണ് ഡസ്‌കും ടെക്‌നീഷ്യന്മാരും. അതിനിടയില്‍് ഓഫീസ് നമ്പറിലേക്കും ഫോണ്‍ കോള്‍ വന്നു തുടങ്ങി. ജോണ്‍ എബ്രഹാമിന്റെ പനി ഒരു ന്യൂസ് ചാനല്‍ ബ്രേക്കിങ്ങായി നല്‍കണമെങ്കില്‍ അത് നിസാര പനി ആയിരിക്കുകയില്ലല്ലോ. എന്തു പനിയാണ് ജോണ്‍ എബ്രഹാമിന് പിടിപെട്ടിരിക്കുന്നത് എന്ന് അറിയാനാണ് പ്രേക്ഷകര്‍ വിളിക്കുന്നത്. വല്ല എച്ച് വണ്‍ എന്‍ വണ്‍ പനിയോ മറ്റോ ആണോ, അതോ പന്നിപ്പനിയാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാരകമായ അസുഖമാണോ, അതു ബോധപൂര്‍വ്വം പുറത്ത് പറയാതിരിക്കുകയാണോ - എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങളുമായി ഫോണ്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. മറുപടി നല്‍കി മടുത്ത റിസപ്ഷനിസ്റ്റ് ഫോണ്‍ ഓഫ് ചെയ്തു വച്ചു. ഡെസ്‌ക് എല്ലാ ശ്രമവും ഉപേക്ഷിച്ച് നിസഹായരായി നില്‍ക്കുന്ന ഘട്ടത്തില്‍ ടെക്‌നീഷ്യന്‍മാരുടെ ശ്രമം ഫലം കണ്ടു. ബ്രേക്കിങ്ങ് വാര്‍ത്ത സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. കംപ്യൂട്ടര്‍ ശരിയായി. പതിനഞ്ചു മിനുട്ട് നീണ്ട ജോണ്‍ എബ്രഹാമിന്റെ പനി ഭേദപ്പെട്ടു. ഡെസ്‌കിലുണ്ടായ അസ്വസ്ഥതയ്ക്ക് അയവു വന്നു. നികേഷ് ടോജിയെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കും കരച്ചിലിനുമിടയില്‍ ദൃശ്യമാധ്യമങ്ങളുടെ ന്യൂസ് ഡെസ്‌കില്‍ മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം ഭാവം ടോജിയുടെ മുഖത്തുണ്ടായി. നികേഷ് രണ്ടുവരി വാര്‍ത്ത ടോജിയോട് ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
സബ്‌സിഡി രാജ്യത്തിന് ബാധ്യതയെന്ന് സാമ്പത്തിക സര്‍വേ
സബ്‌സിഡി കൈപ്പറ്റുന്നത് അനര്‍ഹരെന്നും സര്‍വേ
' ഈ വാര്‍ത്ത വേഗം ബ്രേക്കിങ്ങില്‍ കൊടുക്കൂ. ഒരു മണി വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ ഇതു കൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ഓടിക്കിതച്ചു വന്നത്'.