ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് മലയാള ദൃശ്യമാധ്യമരംഗം വളര്‍ന്നത്. യാതനകളും ബുദ്ധിമുട്ടുകളും അനുഭവിക്കാത്ത ആദ്യകാല ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കുറയും. സ്ഥാപനമേധാവികളും അത്രകണ്ടോ അതിന്റെ പതിന്മടങ്ങോ ദുരിതമനുഭവിച്ചിട്ടുണ്ട്. സാങ്കേതികപരിമിതികള്‍ ഒരു ഭാഗത്തും സാമ്പത്തിക പ്രയാസം മറുഭാഗത്തുമായി മലയാളദൃശ്യമാധ്യമങ്ങളെ വീര്‍പ്പുമുട്ടിച്ചു. ഇതിനിടയിലാണ് മികവുറ്റ പ്രവര്‍ത്തനങ്ങളുമായി ചാനലുകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ പന്ഥാവ് തുറന്നത്.
സാമ്പത്തിക ബുദ്ധിമുട്ടിന്റെ കഥകള്‍ മാത്രമേ അന്ന് ദൃശ്യമാധ്യമ സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ കേട്ടിരുന്നുള്ളൂ. ജില്ലാ ബ്യൂറോകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം വരുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍മാരുടെ പരാതി. കരാര്‍ വ്യവസ്ഥയിലോടുന്ന വാഹനങ്ങള്‍ക്ക് വാടക കിട്ടിയില്ലെന്ന് പറഞ്ഞ് ഉടമകളുടെ വിളി. ഡല്‍ഹിയിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ഓഫീസുകള്‍ക്ക് വാടക കൊടുക്കാത്തതിനാല്‍ അവരുടെ കുടിയിറക്ക് ഭീഷണി. ചാനല്‍ വിതരണം ചെയ്യുന്നതിനുള്ള പണം ഇനിയും തന്നില്ലെങ്കില്‍ ഡിസ്ട്രിബ്യൂഷന്‍ നിര്‍ത്തിവയ്ക്കുമെന്ന് കേബിള്‍ ശൃംഖലക്കാരുടെ മുന്നറിയിപ്പ്. അടുത്തവര്‍ഷത്തേക്കുള്ള തുക കെട്ടിവയ്ക്കാന്‍ സമയമായി എന്ന് ഡിഷ് കമ്പനി ഉടമകളുടെ ഓര്‍മ്മപ്പെടുത്തല്‍. ടാക്‌സ് അടച്ചില്ലെന്ന് സര്‍ക്കാര്‍. പി എഫ് തന്നില്ലെന്ന് തൊഴില്‍വകുപ്പ്. എല്ലാറ്റിനും പുറമെ, പാലാരിവട്ടത്തെ ഓടയുടെ സ്ലാബ് പൊട്ടിയ വാര്‍ത്ത നിങ്ങളെന്താ കൊടുക്കാത്തത് എന്ന് ചോദിച്ച് നാട്ടുകാര്‍ - എന്നിങ്ങനെ ഇരുപത്തിനാലു മണിക്കൂറും സംഭവബഹുലമായ നാളുകള്‍.
വിവിധബാങ്കുകളില്‍ നിന്ന് ഭവനവായ്പയും വാഹനവായ്പയും എടുത്തയാളുകളുടെ കാര്യമാണ് ബഹു കഷ്ടം. വായ്പാ തിരിച്ചടവ് എന്ന സ്വപ്നം തന്നെ ഏറെക്കുറെ എല്ലാവരും ഉപേക്ഷിച്ച് കഴിഞ്ഞിരുന്നു. നിത്യച്ചെലവ് - അത്രമാത്രമേ ഇപ്പോള്‍ ഉദ്ദേശിക്കുന്നുള്ളൂ. വീട്ടുവാടക, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, കേബിള്‍ - വൈദ്യുതി - വാട്ടര്‍ ബില്ലുകള്‍, പലചരക്ക് കടയില്‍ കൊടുക്കേണ്ടത് - എല്ലാം കടത്തില്‍. വല്ലപ്പോഴും എത്തുന്ന അതിഥിയാണ് ശമ്പളം. അതില്‍ നല്ലൊരുശതമാനവും വായ്പ തിരിച്ചടവിന്റെ ഭാഗമായി ബാങ്കുകള്‍ എടുക്കുകയും ചെയ്യും. ശമ്പളം അക്കൗണ്ടിലെത്തി ഏതാനും നിമിഷങ്ങള്‍ മാത്രമേ ആ തുക മുഴുവനായും അവിടെയുണ്ടാകൂ. പിന്നെ കിട്ടുന്നത് ബാങ്കുകാര്‍ ബാക്കിവച്ച പിച്ചക്കാശായിരിക്കും. കഷ്ടപ്പാടുകളില്‍ നിന്ന് ഉദിച്ച ബുദ്ധിയില്‍ ഇതിനെ മറികടക്കാനുള്ള വിദ്യ ഒരുവന്‍ കണ്ടുപിടിച്ചു. ശമ്പളം വീണ സെക്കന്റില്‍ തന്നെ എ ടി എമ്മിലൂടെ പണം പിന്‍വലിക്കുക. അക്കൗണ്ടില്‍ നിന്ന് തിരിച്ചടവ് തുക പിടിക്കാനുള്ള സമയം ബാങ്കുകാര്‍ക്ക് കൊടുക്കരുത്. ഇത് പരീക്ഷിച്ച് വിജയിച്ച തന്ത്രമാണെന്ന് ബാലന്‍സ് ഷീറ്റ് കാട്ടി കക്ഷി വിവരിച്ചു. അടുത്ത ശമ്പളവരവില്‍ ഇതിന്റെ പ്രായോഗികത ഒന്നുകൂടി തെളിയിക്കാന്‍ രണ്ടുപേര്‍ നിയോഗിക്കപ്പെട്ടു. അവരും വിജയകരമായി പണം പിന്‍വലിച്ചു. സംഗതി നടപ്പാവുമെന്ന് ബോധ്യപ്പെട്ടതോടെ വായ്പയെടുത്തവരെല്ലാവരും ശമ്പളം എന്നു വരും എന്ന കാര്യത്തില്‍ നിതാന്ത ജാഗ്രത കാട്ടിത്തുടങ്ങി. അക്കൗണ്ട് സെക്ഷനിലെ ജീവനക്കാര്‍ നടക്കുമ്പോള്‍ കൈകള്‍ പതിവിലധികം വീശുന്നുണ്ടെങ്കില്‍, മുഖത്ത് ഒരു തെളിച്ചം കാണുന്നുണ്ടെങ്കില്‍, അനാവശ്യ ധൃതി അവരുടെ ശരീരഭാഷയില്‍ പ്രകടമെങ്കില്‍ - അത് ശമ്പള വരവിന്റെ ചില സൂചനകളാണ്. അന്ന് ഓഫീസിന് പുറത്തു ഒരാളെ നിരീക്ഷണ ഡ്യൂട്ടിയ്ക്കിടും. ബാഗുമായി അക്കൗണ്ട് വിഭാഗത്തിലെ ഏതെങ്കിലും ജീവനക്കാരന്‍ പുറത്തേക്കുപോകുന്നുണ്ടോയെന്ന് നോക്കുകയാണ് അയാളുടെ ചുമതല. ഉണ്ടെങ്കില്‍ ആ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കണം. ശമ്പള ബാഗ് ബാങ്കിന്റെ കലൂര്‍ ശാഖയിലെത്തുമ്പോഴേക്കും ഒരു എ ടി എമ്മില്‍ ഒരാള്‍ എന്ന നിലയില്‍ സംസ്ഥാനത്തൊട്ടുക്കും ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.
എന്തുകൊണ്ട് ശമ്പളം വൈകുന്നു, എത്രനാള്‍ ഇങ്ങനെ തുടരും എന്ന ചോദ്യങ്ങള്‍ക്കൊന്നും സാധാരണഗതിയില്‍ ഉത്തരമുണ്ടാകാറില്ല. ഒരു കേസ് ജയിക്കാനുണ്ട്, ബില്ല് മാറിവരാനുണ്ട്, പുതിയൊരു ഇന്‍വെസ്റ്റര്‍ ഓണ്‍ ദ വേ യാണ് തുടങ്ങിയ മറുപടികളായിരിക്കും എല്ലാക്കാലവും ഉണ്ടാവുക. അതേസമയം പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ആരും ഒരുക്കമായിരുന്നില്ല. പുതുതായി ജോലിയില്‍ പ്രവേശിച്ച നവവരന്‍ കെട്ടുതാലി പണയം വച്ച് മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് കേരളത്തില്‍. കൃത്യമായി ശമ്പളം കിട്ടുന്ന സമത്വസുന്ദരലോകം വരുന്നതുവരെ കെട്ടുതാലി അവിടെ കാത്തുനില്‍ക്കില്ലെന്ന ബോധ്യത്തില്‍ സുഹൃത്തുക്കള്‍ പണപ്പിരിവ് നടത്തി കെട്ടുതാലിയുടെ കെട്ടഴിക്കുകയായിരുന്നു. അഞ്ചു ആളുകള്‍ ജോലി ചെയ്യുന്ന ബ്യൂറോയില്‍ രണ്ട് ഊണ് വാങ്ങിയും ചായക്കടയില്‍ പറ്റുപറഞ്ഞും ജീവിച്ച എത്രയോ പേരുണ്ട്. കടത്തിലോടുന്ന ദൃശ്യമാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉപാധികളില്ലാതെ ഭക്ഷണം കടം കൊടുക്കുന്ന ഒരു കട തന്നെയുണ്ടായിരുന്നു കോഴിക്കോട്ട്. കോഴിക്കോട് സി എച്ച് മേല്‍പ്പാലത്തിന് സമീപം പെട്ടിക്കട നടത്തുന്ന കോയക്കയാണ് ആ കടയുടമ. പുട്ടും ബോണ്ടയും ചായയുമാണ് അവിടുത്തെ പ്രധാന ഭക്ഷണം. സ്ഥാപനം ഏതാണെന്നും പേര് എന്താണെന്നും പറഞ്ഞ് പരിചയപ്പെട്ടാല്‍ മതി - കോയക്ക പുട്ട് എടുത്ത് പ്ലേറ്റില്‍ വയ്ക്കും. പിന്നെ സ്ഥാപനം സംബന്ധിച്ചോ, ശമ്പളം സംബന്ധിച്ചോ ഒരക്ഷരം കോയക്ക ചോദിക്കില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് പറയും. ചര്‍ച്ചയ്ക്ക് തയ്യാറാകും. വിശകലനം നടത്തും. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീട് എപ്പോഴെങ്കിലും വഴിയേ നടന്നുപോകുന്നത് കണ്ടാല്‍പ്പോലും കോയക്ക വിളിച്ച് ഭക്ഷണം തരും. പറ്റ് തുക കുറിച്ചിടുന്ന ശീലം കോയക്കയ്ക്കില്ല. ചോദിക്കുകയുമില്ല. കാശ് കിട്ടുമ്പോള്‍ കൃത്യമായി കൊണ്ടുപോയി കൊടുത്തവരും കൊടുക്കാതെ പോയവരും കൂട്ടത്തിലുണ്ട്. എല്ലാ വാര്‍ത്തകളും കോയക്ക കാണും. നന്നായത് നന്നായി എന്നുപറയും. ട്രെയിനികള്‍ക്ക് കോയക്കയില്‍ നിന്ന് പ്രത്യേക പ്രോത്സാഹനം കിട്ടും. ജേണലിസം പഠിച്ചതു കൊണ്ടായില്ല, ചെയ്യണമെന്ന് കോയക്ക ചായയടിച്ച് സ്ഥാപിക്കും. ആരെയെങ്കിലും ഒരു ദിവസം കണ്ടില്ലെങ്കില്‍ എവിടെപ്പോയി എന്ന ചോദ്യവുമുണ്ടാകും.
പട്ടിണിക്കാലത്തും നട്ടുച്ചവെയിലിലെ ലൈവില്‍ കോഴിക്കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ വാടാതെ നിന്നത് കോയക്കയുടെ ചായയുടെ കരുത്തിലായിരുന്നു. ബ്യൂറോ ചെലവിനുള്ള കാശ് വല്ലപ്പോഴും അക്കൗണ്ടിലെത്തുമ്പോള്‍ എണ്ണയടിച്ച് വണ്ടി മലയോരത്തേക്ക് പോകും. ഒരു ദിവസം പത്ത് സ്റ്റോറി വരെ ഒരുമിച്ച് ഷൂട്ട് ചെയ്യും. തിരിച്ചുള്ള വരവ് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഒരു കലവറനിറയ്ക്കല്‍ ഘോഷയാത്രയാണെന്നുതോന്നും. ചക്ക, മാങ്ങ, പപ്പായ - അങ്ങനെ ഫലമൂലാദികള്‍ ഡിക്കിയില്‍ നിറഞ്ഞിരിക്കും. ദൃശ്യമാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇടയ്ക്കിടെ പത്രങ്ങളില്‍ വാര്‍ത്ത വരുന്നതുകൊണ്ട് നാട്ടുകാരോട് ഒന്നും പറഞ്ഞറിയിക്കേണ്ടി വരാറില്ല.
ഒരു ജ്വല്ലറിയുടെ പരസ്യം മാത്രമാണ് ചാനലില്‍ പോകുന്നത്. അതേയുള്ളൂ ഏക വരുമാനമാര്‍ഗ്ഗം. ഇരുപത്തിരണ്ടു കാരറ്റ് സ്വര്‍ണത്തിന്റെ പരസ്യം ഇരുപത്തിനാലുമണിക്കൂറും കാണിച്ചുകൊണ്ടിരിക്കും. വാര്‍ത്തയ്ക്കിടയിലും പ്രോഗ്രാമിനിടയിലും രാത്രി ചര്‍ച്ചയ്ക്കിടയിലും ഈ പരസ്യം പ്രത്യക്ഷപ്പെടും. പരസ്യം ചാനലില്‍ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നില്ല എന്നതൊഴിച്ചാല്‍ അത്രയും ബഹുമാനവും ആദരവുമാണ് ആ പരസ്യത്തോട് ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. അന്നദാതാവായ പൊന്നു തമ്പുരാന്‍ എന്നാണ് പട്ടിണിക്കിടയിലും തമാശ പറയാന്‍ കഴിവുള്ള സരസന്മാര്‍ പറയുക. ആയിടക്കാണ് സ്ഥാപനത്തില്‍ പുതിയ ജേണലിസ്റ്റ് ട്രെയിനികള്‍ ജോലിക്കെത്തിയത്. വന്‍തുക മുടക്കി ജേണലിസം കോഴ്‌സു പൂര്‍ത്തിയാക്കിയവരാണ് മിക്കവരും. രണ്ടു വര്‍ഷത്തെ പഠനവും ഹോസ്റ്റല്‍ ജീവിതവും കൊണ്ട് കയ്യിലുള്ള കാശൊക്കെ തീര്‍ന്നവര്‍. ആദ്യത്തെമാസം കുഴപ്പമില്ലാതെ പോയി. തുടക്കത്തിന്റെ ആവേശവും മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്സാഹവും തീര്‍ന്നപ്പോഴാണ് കാശും തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ട്രെയിനികള്‍ എത്തിയത്. ഈ രാജ്യത്തൊന്നും ശമ്പളം മാസത്തിലല്ലേ കൊടുക്കുക. ജോലിയില്‍ പ്രവേശിച്ചിട്ട് മാസം മൂന്ന് ആകാറായല്ലോ എന്നെല്ലാം ചിന്തിച്ച് വശായിരിക്കുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്ന് പണ്ടൊരു കവി ശങ്കിച്ചതുപോലെ ശമ്പളം ആരോടു ഞങ്ങള്‍ ചോദിക്കേണ്ടു എന്ന ത്രിശങ്കുസ്വര്‍ഗത്തിലായി ട്രെയിനികള്‍. തങ്ങളെ സെലക്ട് ചെയ്ത ഇന്റര്‍വ്യൂ ബോര്‍ഡിനോടോ, എല്ലാമെല്ലാമായ എഡിറ്റോറിയല്‍ ഹെഡ്ഡിനോടോ, പാതിമെയ്യായ മാനേജ്‌മെന്റിനോടോ, പിന്നെയതില്‍ പാതിമെയ്യായ എച്ച് ആര്‍ മാനേജരോടോ - സര്‍വ്വത്ര ആശയക്കുഴപ്പം. ആരോട് ചോദിച്ചാലും കിട്ടാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് ഉണ്ടാകാനുള്ള പ്രായമായിട്ടില്ല താനും. കൂട്ടത്തിലൊരുത്തന്‍, കൂട്ടത്തില്‍ സഹൃദയനെന്ന് തോന്നിയ ന്യൂസ് എഡിറ്ററുമായി കൂട്ടുകൂടി. ഹോട്ടല്‍ ചെലവിനെക്കുറിച്ചും വീട്ടുവാടകയെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ ന്യൂസ് എഡിറ്റര്‍ക്ക് സംഭവം മനസിലായി. അയാളും വല്ലപ്പോഴും കിട്ടുന്ന ശമ്പളത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
അല്ല സാറെ എന്നു കിട്ടും
എന്ത് ?
ശമ്പളം
ശമ്പളമോ, അപ്പോള്‍ നിങ്ങളോട് ആരും ഒന്നും പറഞ്ഞില്ലേ. അല്ലെങ്കില്‍ തന്നെ പറയുന്നതെന്തിനാ, ചാനലില്‍ എപ്പോഴും കാണിക്കുന്നതല്ലേ
എന്ത് ?
എന്ത് എന്ന് എന്നോടു ചോദിക്കാതെ ആ ചാനലിലോട്ട് നോക്ക്. എന്നിട്ട് ആ പറയുന്നത് കേള്‍ക്ക്.
ട്രെയിനികള്‍ മുഖം ഒറ്റയടിക്ക് ടി വി യിലേക്ക് തിരിച്ചുവച്ചു. പതിവ് ജ്വല്ലറി പരസ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ആ പരസ്യം ഇങ്ങനെ അവസാനിച്ചു.
പണിക്കൂലിയില്ല, പണിക്കുറവില്ല
ഏവര്‍ക്കും സ്വാഗതം
ഇപ്പോ എല്ലാവര്‍ക്കും കാര്യം മനസിലായല്ലോ
പണിക്ക് കൂലിയില്ല - പണിക്ക് കുറവുമില്ല.
അതോണ്ട്, എന്റെ മക്കള് പോയി പണി ചെയ്താട്ടെ. അടുത്ത വാര്‍ത്താ ബുള്ളറ്റിന്‍ തുടങ്ങാറായി.
content highlights: financial crisis of Kerala news channels in its earlier stage, Newsroom kickers by EV Unnikrishnan