2000 ഒക്ടോബര്‍ 21 ശനിയാഴ്ച. രാത്രി പത്തുമണിയോടടുക്കുമ്പോള് ആ കാലത്തെ പ്രമുഖ ചാനലിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് ഒരു ആംബുലന്‍സ് ഇരച്ചെത്തി. ചുവന്ന ലൈറ്റിട്ട് സൈറണ്മുഴക്കിയുള്ള ആ വരവ് കണ്ടപ്പോള്‍ തന്നെ എല്ലാവരും പകച്ചു. ഗേറ്റിന് അകത്തുകടന്ന ആംബുലന്‍സ്, മുറ്റത്ത് സഡന്‍ബ്രേക്കിട്ട് നിര്‍ത്തി. ഡ്രൈവര്‍ ഇറങ്ങി ഓഫീസിനകത്തേക്ക് ഓടി.
സംഭവമെന്തെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് ഓഫീസിന് ചുറ്റുവട്ടത്തുമുള്ളവര്‍. ജീവനക്കാര്‍ മുഖത്തോട് മുഖം നോക്കി. തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരുപാടുള്ള സ്ഥലമാണ്. ഒരു തലകറക്കം പോലും വന്നിട്ടില്ല ഇതുവരെ ആര്‍ക്കും. എന്നാലും മനുഷ്യരുടെ കാര്യമല്ലേ. ഇന്ന നേരമേ വരാവൂ എന്നില്ലല്ലോ.
പ്രധാനപ്പെട്ട ഒരു വാര്‍ത്തയുടെ തുടര്‍സംഭവങ്ങള്‍ക്ക് കാത്തിരിക്കുകയായിരുന്നു ആ രാത്രിയില്‍ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍. കൊല്ലം - കല്ലുവാതുക്കലിലും കൊട്ടാരക്കര - പള്ളിക്കലിലും വിഷമദ്യദുരന്തം ഉണ്ടായിരിക്കുന്നു. ഒരു സാധാരണ പകലില്‍ നിന്ന് പതിയെ പതിയെയാണ് ആ വാര്‍ത്ത വളര്‍ന്നുവലുതായത്. തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടവര്‍ ഒരോരുത്തരായി ആശുപത്രിയിലെത്തുകയായിരുന്നു. തളര്‍ന്നുവീണവരെ മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചു. അസ്വസ്ഥത തോന്നിയവരും മദ്യം കഴിച്ചു എന്നത് കൊണ്ട് ആശങ്കയിലായവരും മുറപോലെ എത്തി. മറുഭാഗത്ത് നിന്ന് മരണവും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. നാട്ടുമ്പുറം മരണവെപ്രാളത്തിലായി. ആളുകള്‍ പരക്കം പാഞ്ഞു. കേരളമാകെ കല്ലുവാതുക്കലിലേക്ക് കാതോര്‍ത്തു.
എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രില്‍ ഒന്നുമുതലാണ് ചാരായം നിരോധിച്ചത്. അന്നേ ഒരു വിഷമദ്യദുരന്തത്തിന്റെ സാധ്യതകള്‍ പ്രവചിച്ചവരുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട ചാരായ തൊഴിലാളികള്‍ ഒരു ഭാഗത്ത്. മദ്യത്തിനടിമകളായ സാധാരണക്കാരും ദരിദ്രരും തൊഴിലാളികളുമായ വേറൊരു കൂട്ടര് മറുഭാഗത്ത്. വ്യാജമദ്യം കണക്കില്ലാതെ ഒഴുകുമ്പോള്‍ ദുരന്തം ഒട്ടും അകലെയായിരുന്നില്ല. നാലുവര്‍ഷത്തിനിപ്പുറം അത് സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഇ കെ നായനാരും എക്സൈസ് മന്ത്രി ടി ശിവദാസമേനോനും സസൂക്ഷ്മം കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ശൂന്യതയിലേക്ക് ഒരു വാര്‍ത്ത വന്നുവീണ് അത് വളര്‍ന്നുവലുതായി, പിന്നെ കൈവിട്ടുപോകുന്നത് അന്നത്തെ പ്രമുഖ ചാനലിന്റെ കൊല്ലം റിപ്പോർട്ടർ കാണുന്നുണ്ട്. കണ്മുന്നില് ദുരന്തം വലുതാകുന്നു. അരിഷ്ടത്തിന്റെ മറവിലാണ് കുഗ്രാമങ്ങളില്‍ പലയിടത്തും മദ്യവില്‍പ്പന നടന്നത്. താത്ത എന്നു വിളിക്കുന്ന ഹയറുന്നിസയുടെ പക്കല്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കായിരുന്നു അസ്വാസ്ഥ്യം. ഹയറുന്നിസയുടെ ജോലിക്കാരി കൗസല്യ വീട്ടിലേക്ക് പോകുമ്പോള്‍ മദ്യം കൊണ്ടുപോയിരുന്നു. വീട്ടിലെത്തി അതുകഴിച്ചതോടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. ഗ്രാമങ്ങളിലെ ആശുപത്രികളിലേക്ക് അവശരായവര് വന്നുകൊണ്ടേയിരിക്കുന്നു.
അതിനിടയില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടതായി വാര്‍ത്ത കിട്ടി. ഞെട്ടിക്കുന്ന ആ വാര്‍ത്ത വൈകാതെ സ്ഥിരീകരിക്കപ്പെട്ടു. എല്ലാ വഴികളും മെഡിക്കല്‍ കോളേജിലേക്ക് നീണ്ടു. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും പോലീസും ജില്ലാഭരണകൂടവും ഒരുമിച്ച് രംഗത്തിറങ്ങി. മദ്യം കഴിച്ചവരോട് മുഴുവന്‍ ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു. അനൗണ്‍സ്മെന്റ് വാഹനവും ആംബുലന്‍സും തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഇരുന്നോറോളം പേര് ആശുപത്രിയിലായി. കാഴ്ച നഷ്ടപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്താനാവാതെവണ്ണം കൂടി.
മരണസംഖ്യ - അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത് എന്നിങ്ങനെ കുതിച്ചു കയറി. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുകയും ഡസ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട് റിപ്പോർട്ടർ. പക്ഷേ, അക്കാലത്ത് ദൃശ്യമാധ്യമങ്ങളില്‍ മുഴുവന്‍ സമയവും വാര്‍ത്തയുണ്ടായിരുന്നില്ല. ഒരുമണി, ആറുമണി, പത്തര എന്നീ സമയങ്ങളിലാണ് വാര്‍ത്ത ബുള്ളറ്റിന്. കല്ലുവാതുക്കലില്‍ നിന്നും പള്ളിക്കലില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ കയ്യിലുണ്ട്. ആശുപത്രി ദൃശ്യവും ലഭിച്ചു. പത്തരമണിക്കുള്ള വാര്‍ത്തയിലേ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാവൂ. ബുള്ളറ്റിന് തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ ദൃശ്യങ്ങള്‍ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കുമെന്നത് വെല്ലുവിളിയായി തുടരുകയാണ്.
ഇത്രയും വലിയ വാര്‍ത്തയുടെ ദൃശ്യം ഇന്ന് രാത്രിയിലെ ബുള്ളറ്റിനില്‍ കാണിച്ചില്ലെങ്കില്‍ പിന്നെ നാളെയേ അത് പ്രേക്ഷകര്‍ക്ക് നല്‍കാനാകൂ. നാളത്തെ പത്രത്തില്‍ ചിത്രങ്ങളും വാര്‍ത്തയും അച്ചടിച്ചുവരികയും ചെയ്യും. എന്തുവന്നാലും ദൃശ്യം ഇന്നുരാത്രി തന്നെ പ്രേക്ഷകരിലെത്തണം. വഴിയൊന്നും കാണുന്നുമില്ല. സാധാരണഗതിയില്‍ കെ എസ് ആര് ടി സി യിലോ സ്വകാര്യ ബസിലോ ആണ് തിരുവനന്തപുരത്തേക്ക് ടേപ്പ് കൊടുത്തുവിടുക. ടേപ്പ് ഒരു കവറിലാക്കി ഡ്രൈവറെയോ കണ്ടക്ടറെയോ ഏല്‍പ്പിച്ചാല്‍ സംഗതി സുരക്ഷിതമായി അവിടെയെത്തും. ബസുകള്‍ ഓട്ടം നിര്‍ത്തിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രകോപിതരായ ജനങ്ങള്‍ വാഹനങ്ങള്‍ തടയുന്നു. ഹ്രസ്വദൂര - ദീര്‍ഘദൂര ബസുകളെല്ലാം സര്‍വീസ് നിര്‍ത്തിവച്ചു.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലും കയറ്റിവിടുന്നില്ല. പോലീസുകാരേയും ഉദ്യോഗസ്ഥരേയും പ്രതിഷേധക്കാര്‍ വഴിതടയുകയാണ്. അവശരായവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളെ മാത്രമാണ് സഞ്ചരിക്കാന്‍ അനുവദിക്കുന്നത്. ദേശീയപാതയില്‍ കല്ലുവാതുക്കല്‍ ജംഗ്ഷനിലും പാറയില്‍ കോളനിയിലും പ്രതിഷേധക്കാര്‍ സംഘടിച്ചു. യു ഡി എഫിന്റെ നേതൃത്വത്തിലാണ് ഇവിടെ ദേശീയപാത ഉപരോധിക്കുന്നത്. ബ്യൂറോയിലെ കാര്‍ ഉപയോഗിച്ച് ടേപ്പ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പദ്ധതിയും നടക്കില്ല.
ചിന്തിച്ച് ചിന്തിച്ച് റിപ്പോർട്ടർ തല പുകച്ചു. പുകഞ്ഞ തലയില്‍ നിന്ന് ഒരു ചുവന്ന വെളിച്ചം മിന്നി മിന്നി തെളിഞ്ഞു. ഡ്രൈവറോട് കാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റല്‍ മാനേജരുമായി സംസാരിച്ചു. ചുവന്ന ലൈറ്റിട്ട്, നിലവിളി ശബ്ദമിട്ട് ഒരു ആംബുലന്‍സ് റിപ്പോർട്ടറിന്റെ മുന്നിലെത്തി നിന്നു. ഡ്രൈവറെ ടേപ്പ് ഏല്‍പ്പിച്ചു. പ്രതിഷേധക്കാരേയും റോഡ് ഉപരോധക്കാരേയും മറ്റുവാഹനങ്ങളേയും മറികടന്ന് നൂറേ - നൂറില്‍ പാഞ്ഞ ആ ആംബുലന്‍സാണ് ഇപ്പോള്‍ ചാനലിന്റെ മുറ്റത്ത് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നത്.
കവറില്‍ പേരെഴുതിയിരിക്കുന്ന ന്യൂസ് എഡിറ്ററെ അത് ഏല്‍പ്പിക്കാനാണ് ഡ്രൈവര്‍ ഇറങ്ങി ഓടിയത്. കാര്യമെന്തന്നറിയാതെ റിസപ്ഷനിസ്റ്റ് ഡ്രൈവര്‍ക്ക് പുറകെ ഓടാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
'ഡേയ് . ആ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വാടകയ്ക്ക് പുറമെ ചായക്കാശ് കൂടി കൊടുത്തേക്കണം. വേഗം തിരികെ വരാനും പറയണം. ഡെഡ്ബോഡി കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ ഇവിടെ ജനം പരക്കം പായുവാ.'