ആളുമാറി ആളെ കൊല്ലുക, തല്ലുക എന്നതൊക്കെ കേരളം മുന്‍പും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. ഒരേ പോലെ ഒമ്പതോ ഒമ്പതിനായിരമോ ഒക്കെ ഉള്ളിടത്തോളം കാലം ആ വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാം. ലോകത്ത് എല്ലായിടത്തും ഒരുപക്ഷേ അതൊക്കെ സംഭവിക്കുന്നുമുണ്ടാകാം. എന്നാല്‍ വാര്‍ത്ത കൊടുത്തപ്പോള്‍ സ്ഥാപനം മാറിപ്പോയതും എതിരാളി ആ വാര്‍ത്തയെടുത്ത് ബ്രേക്ക് ചെയ്തതുമായ കഥ മലയാളത്തിലേ സംഭവിച്ചിട്ടുണ്ടാകൂ. ഒരു കൂടുമാറ്റ കാലത്താണ് ഈ സംഭവം നടന്നത്.
ദൃശ്യമാധ്യമ സ്ഥാപനങ്ങളിലെല്ലാം ഏതെങ്കിലും ഒരു മൊബൈല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് കണക്ഷനാണ് പതിവ്. എല്ലാ മൊബൈല്‍ നമ്പറും ഒരേ സീരീസില്‍ തുടങ്ങുന്നതായിരിക്കും. അവസാന അക്കങ്ങളില്‍ മാത്രമേ മാറ്റമുണ്ടാവൂ. ഒരോ ബ്യൂറോയ്ക്കും ഒരു മൊബൈല്‍ നമ്പര്‍ സ്വന്തമായി നല്‍കും. റിപ്പോര്‍ട്ടര്‍ സ്ഥലം മാറിപ്പോയാലും നമ്പര്‍ അതേപോലെ അവിടെ തുടരും. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണിത്. ചാനല്‍ തുടങ്ങിയ കാലത്തുള്ള മൊബൈല്‍ നമ്പര്‍ തന്നെയായിരിക്കും ഇപ്പോഴും തുടരുന്നുണ്ടാവുക. എല്ലാ സ്ഥാപനങ്ങളിലും ഇതാണ് കീഴ്വഴക്കം. ഇതില്‍ ഇളവുള്ളത് ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍ ബ്യൂറോകളിലെ പ്രതിനിധികള്‍ക്ക് മാത്രമാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഇങ്ങനെ കോര്‍പ്പറേറ്റ് കണക്ഷന്റെ ഭാഗമാകാന്‍ കഴിയുമായിരുന്നില്ല. അവിടുത്തെ മേല്‍വിലാസം ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ സ്വന്തം നിലയില്‍ മൊബൈല്‍ കണക്ഷന് എടുക്കുകയാണ് പ്രായോഗികം. അതിന്റെ ബില്‍ സ്ഥാപനം അടയ്ക്കും. സിം കാര്‍ഡ് റിപ്പോര്‍ട്ടറുടെ പേരിലായിരിക്കും.
മലയാള ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധിയായി ദില്ലിയില്‍ കഴിയുന്നവര്‍ക്ക് കൂടുമാറ്റ കാലത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കേരളത്തിലാണല്ലോ സ്ഥാപനങ്ങളുടെ ആസ്ഥാനം. മേലധികാരികള്‍ ദില്ലിയില്‍ എത്തുമ്പോള്‍ അവിടെത്തന്നെ ഇന്റര്‍വ്യൂവിനുള്ള സൗകര്യം ഏര്‍പ്പെടുത്തും ചില സ്ഥാപനങ്ങള്‍. പുതുതായി തുടങ്ങുന്ന ഒരു ന്യൂസ് ചാനലിന് എത്രയും വേഗം ദില്ലിയില്‍ പ്രതിനിധികളെ ആവശ്യമായി വന്നു. ചാനല്‍ ലോഞ്ചിങ്ങിന് അധികദിവസങ്ങള്‍ ബാക്കിയില്ല. പരിചയസമ്പന്നര്‍ തന്നെ വേണം താനും. പുതിയ ആളുകളെ എത്തിച്ച് അവര്‍ ദില്ലി പരിചയപ്പെട്ടുവരാനൊക്കെ ഒരുപാട് സമയമെടുക്കും. അത്രയും കാലം ബാലാരിഷ്ടതകളുമായി മുന്നോട്ടുപോകാനാവില്ല. പരിചയമുള്ളയാളുകളാകുമ്പോള് ബന്ധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബുദ്ധിമുട്ട് വരില്ല. ദില്ലിയില്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള ഒരു മുഖം ലഭിക്കുന്നത് സ്ഥാപനത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഇന്റര്‍വ്യൂ പൂര്‍ത്തിയായപ്പോള്‍ കൊള്ളാവുന്ന ഒരാളെ എടുക്കാന്‍ തീരുമാനിച്ചു. കേരളത്തിലേക്ക് വരേണ്ടതില്ലെന്നും എത്രയും പെട്ടെന്ന് ദില്ലിയിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ഓഫര്‍ ലെറ്ററും നിയമന ഉത്തരവുമെല്ലാം മുറപോലെ പോയിക്കൊണ്ടിരുന്നു. ചാനല്‍ സംപ്രേഷണം തുടങ്ങി.
നേരം ഉച്ചയോടടുക്കുമ്പോള്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ടറുടെ ഫോണിലേക്ക് ഒരു മൊബൈല്‍ വിളിയെത്തി. മന്ത്രാലയത്തിലെ വിവരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരുന്ന ഉദ്യോഗസ്ഥനാണ്. വിശ്വസ്തന്. കേരളത്തിന് അഞ്ഞൂറ് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഒപ്പിട്ടശേഷം ഫയല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. കുറച്ചുനേരം കഴിഞ്ഞാല്‍ മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ട ആരെങ്കിലും വിവരം മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കും. അതിനുമുന്പേ വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥന് വിളിച്ചത്. വേഗം കൊടുത്തോളൂ, നിങ്ങള്‍ തുടങ്ങിയതല്ലേയുള്ളൂ എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. കേരളത്തെ സംബന്ധിച്ച് പ്രധാനമായ നല്ലൊരു വാര്‍ത്ത കയ്യില്‍ കിട്ടിയ സന്തോഷത്തിലായി റിപ്പോര്‍ട്ടര്‍. ഒരു മണിയ്ക്കുള്ള വാര്‍ത്തയില്‍ ന്യൂസ് ബ്രേക്ക് ചെയ്യാം. ബാക്ക് അപ്പ് ഫയലുകള്‍ വേഗം തപ്പിയെടുത്തു. സംസ്ഥാനമന്ത്രിമാര്‍ കേന്ദ്രമന്ത്രിയെ കാണാന്‍ വന്ന ദിവസവും അവര്‍ നല്കിയ നിവേദനത്തിന്റെ പകര്‍പ്പും കയ്യിലെടുത്തു. എത്ര ടണ്‍ ഭക്ഷ്യധാന്യമാണ് ആവശ്യപ്പെട്ടിരുന്നത്, കേരളത്തില്‍ എത്ര ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി. ഇനി ഒട്ടും സമയം കളയേണ്ടതില്ലെന്ന് തീരുമാനിച്ച് ഉടനെ ഡസ്കിലേക്ക് വിളിച്ചു. ബ്രേക്കിങ് കൊടുത്തോളാന്‍ നിര്‍ദ്ദേശിച്ചു.
കേരളത്തിന് അഞ്ഞൂറ് ടണ്‍ ഭക്ഷ്യധാന്യം
ഫയലില്‍ കേന്ദ്രഭക്ഷ്യമന്ത്രി ഒപ്പിട്ടു
അധികധാന്യം അടുത്തമാസം മുതല്‍ ലഭ്യമാകും
വരികള്‍ കൃത്യമായി പറഞ്ഞുകൊടുത്തു. തെറ്റിപ്പോകരുതെന്ന് ഫോണ്‍ എടുത്തയാളോട് പ്രത്യേകം പറഞ്ഞു. ' ഇല്ല ചേട്ടാ' എന്ന് മറുപടിയും കിട്ടി. സംപ്രേഷണം തുടങ്ങിയ ആദ്യമണിക്കൂറുകളില്‍ തന്നെ ദില്ലിയില്‍ നിന്ന് ഒന്നാന്തരം ബ്രേക്കിങ് വാര്‍ത്ത നല്‍കിയതിന്റെ നിര്‍വൃതിയില്‍ കസേര വലിച്ചിട്ട് ചാരിയങ്ങിരുന്നു. സഹായിയെ വിളിച്ച് ഒരു കട്ടന്‍ ചായ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. റിമോട്ട് കയ്യിലെടുത്ത് ചാനല്‍ മാറ്റിത്തുടങ്ങി. മലയാളം ചാനലുകള്‍ പൊതുവെ ശാന്തമായി കാണപ്പെട്ടു. സ്വന്തം ചാനലിലേക്ക് തിരികെയെത്തി. തൊട്ടപ്പുറത്തുള്ള ടെലിവിഷനുകളില്‍ മറ്റുചാനലുകളും വച്ചു. മിനുട്ടുകള്‍ക്കകം വരാനിരിക്കുന്ന ബ്രേക്കിങ്ങിനെ കണ്ണും നട്ട് കാത്തിരിക്കുകയാണ്. കട്ടന്‍ ചായ വന്നു. എന്നിട്ടും ബ്രേക്കിങ്ങ് വന്നില്ല. ഒരു ന്യൂസ് ചാനല്‍ ഇങ്ങനെയായാല്‍ എങ്ങനെ മുന്നോട്ടു പോകും. എത്രനേരമായി വാര്ത്തകൊടുത്തിട്ട്. ന്യൂസ് എഡിറ്ററെ വിളിക്കാന്‍ ഫോണെടുത്തു. വേണ്ട, ഇന്ന് തുടങ്ങിയതല്ലേയുള്ളൂ. സാങ്കേതിക പ്രശ്നങ്ങള്‍ ധാരാളം കാണും. വെറുതെ വിളിച്ച് വെറുപ്പിക്കേണ്ട. ഫോണ്‍ അവിടെത്തന്നെ വച്ചു. ഇവിടെ ബ്രേക്കിങ് പോകുമ്പോള്‍ തന്റെ പഴയ സ്ഥാപനത്തില്‍ എന്തൊക്കയാ നടക്കുകയെന്നോര്ത്തപ്പോള് ചിരിപൊട്ടി. ഡെസ്ക് ഉടനെ ദില്ലിയ്ക്ക് വിളിക്കും. ദില്ലി ബ്യൂറോയ്ക്കും ഈ വാര്‍ത്ത പെട്ടെന്ന് സ്ഥിരീകരിച്ച് നല്കാന് കഴിയില്ല. കിടക്കട്ടെ ഒരു പണി. ഞാനാരായിരുന്നുവെന്ന് അവന്മാര്ക്ക് ബോധ്യപ്പെടട്ടെ. ഹല്ലാ പിന്നെ. എന്നാലും ഈ വാര്‍ത്ത വരാതെന്തേ. മഴ പെയ്താല്‍ അണക്കെട്ടില്‍ വെള്ളമുയരുമെന്ന് ജലവിഭവ മന്ത്രി. സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി - എന്നു തുടങ്ങി അന്തവും കുന്തവുമില്ലാത്ത വാര്‍ത്തകള്‍ വലിയ അക്ഷരത്തില്‍ അടിച്ചു വരുന്നുണ്ട്. ബ്രേക്കിങ് മാത്രം കാണുന്നില്ല. മറ്റു ചാനലുകളിലേക്ക് ഒന്നു കൂടി കണ്ണയച്ചു. പഴയ സ്ഥാപനത്തില്‍ പോകുന്ന ബ്രേക്കിങ് എന്താണ്. വ്യക്തമാകുന്നില്ലല്ലോ.
കേരളത്തിന്......
ഓ..കേരളത്തിന് എന്തായാലെന്താ. ഞാന്‍ കൊടുത്തതിലും വലിയ ബ്രേക്കിങ് ഒന്നും ഇന്ന് ദില്ലിയില്‍ നിന്ന് വരാനില്ല. അല്ലെങ്കില്‍ തന്നെ തന്റെ പഴയ സ്ഥാപനത്തിലെ ബ്യൂറോയില്‍ ആരാ ഇപ്പോഴുള്ളത്. എല്ലാം കൊച്ചുപിള്ളാരല്ലേ, ഇന്നലെ ദില്ലി കണ്ടവര്‍. ഞാന്‍ അങ്ങനെയാണോ. വരുന്ന തിരുവോണത്തിന് പത്തുകൊല്ലം കഴിയും ഈ പണി തുടങ്ങിയിട്ട്. ദില്ലി സ്വന്തം കൈവെള്ളയിലാ കൊണ്ടുനടക്കുന്നേ.
മിന്നിമാഞ്ഞുകൊണ്ടിരുന്ന വരികള്‍ വീണ്ടും ദൃശ്യമായപ്പോള്‍ ആ ബ്രേക്കിങ് വാര്‍ത്ത തെളിഞ്ഞുകണ്ടു
കേരളത്തിന് അഞ്ഞൂറ് ടണ്‍ ഭക്ഷ്യധാന്യം
ഫയലില്‍ കേന്ദ്രഭക്ഷ്യമന്ത്രി ഒപ്പിട്ടു
അധികധാന്യം അടുത്തമാസം മുതല്‍ ലഭ്യമാകും
കണ്ണിലേക്ക് ഇരുട്ടുകയറുകയാണ്. ഒന്നും കാണുന്നില്ല. യാതൊന്നും മനസിലാകുന്നില്ല. ബ്രേക്കിങ് വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ പഴയ സ്ഥാപനം ദില്ലി ബ്യൂറോയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ലൈവ് സംപ്രേഷണം ചെയ്യുന്നത് അവ്യക്തമായി കണ്ടു. സകല നാഡിഞരമ്പുകളും ഒരു നിമിഷം കൊണ്ട് തളര്‍ന്നുപോയി. സ്വബോധം തിരിച്ചുകിട്ടിയ മാത്രയില്‍ ന്യൂസ് എഡിറ്ററെ വിളിച്ചു.
'എന്തായിത്. ഞാന്‍ എത്രനേരം മുന്‍പ് തന്ന വാര്‍ത്തയാണ് ഇപ്പോള്‍ അവര്‍ ബ്രേക്ക് ചെയ്തത്. എന്തുകൊണ്ടാ നമ്മള് കൊടുക്കാതിരുന്നത്. ഞാന്‍ എല്ലാ വിവരവും തന്നതല്ലേ. ഫോണ്‍ എടുത്തയാളോട് ബ്രേക്കിങ് വരികള്‍ പോലും പറഞ്ഞുകൊടുത്തു. ഇത്രയ്ക്ക് അണ്പ്രൊഫഷണലാകാമോ.'
സമനിലവിട്ടവനപ്പോലെ റിപ്പോര്‍ട്ടര്‍ ന്യൂസ് എഡിറ്ററോട് ക്ഷോഭിച്ചു. ക്ഷോഭം ഒന്നടങ്ങിയപ്പോള്‍ ന്യൂസ് എഡിറ്റര്‍ റിപ്പോര്‍ട്ടറോട് ചോദിച്ചു.
ആര്‍ക്കാ വാര്‍ത്ത കൊടുത്തത് ?
ഡസ്കില്‍
ശരി, ഞാന്‍ തിരിച്ചു വിളിക്കാം.
അല്‍പ്പസമയം പിന്നിട്ടപ്പോള്‍ ന്യൂസ് എഡിറ്ററുടെ വിളിയെത്തി.
' ഇവിടെയാര്‍ക്കും ആ വാര്‍ത്ത കിട്ടിയിട്ടില്ല. മാത്രമല്ല ഡസ്ക് ഫോണിലേക്ക് താങ്കളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് ഇന്ന് ഒരു കോളുപോലും വന്നിട്ടില്ല. താങ്കളോട് സംസാരിച്ചതായി ഒരു സബ്ബ് എഡിറ്ററും ഓര്‍ക്കുന്നുമില്ല. വിളിച്ചുവെന്ന് താങ്കള്‍ക്ക് മനസില്‍ തോന്നിയതായിരിക്കും. ഏതായാലും നല്ലൊരു വാര്‍ത്തയാണ് അവര്‍ ബ്രേക്ക് ചെയ്തത്. എല്ലാ ചാനലുകള്‍ക്കും അത് കൊടുക്കേണ്ടി വരും. പുതിയ സ്ഥാപനം എന്ന നിലയില്‍ ആ വാര്‍ത്ത നമ്മള് കൊടുത്തിരുന്നെങ്കില്‍ അതൊരു നേട്ടമായേനെ. ആളുകളുടെ പരിചയക്കുറവ് കൊണ്ട് വാര്‍ത്തകള്‍ നഷ്ടമാകരുതെന്ന് കരുതിയാണ് താങ്കളെപ്പോലുള്ളവരെ നമ്മുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത്. ഇനി അടുത്ത ബ്രേക്കിങ്ങും അവര്‍ കൊടുക്കാതെ നോക്കുക. അത്രേയുള്ളൂ' ന്യൂസ് എഡിറ്റര്‍ ഫോണ്‍ വച്ചു.
എന്നാലും എന്താണ് സംഭവിച്ചത്. ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനേ. ആരാണ് ഫോണെടുത്തത്. കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും പോലെ അവനോട് ഞാന്‍ പറഞ്ഞതാണല്ലോ. വാര്‍ത്ത കൊടുക്കാന്‍ മറന്നപ്പോള്‍ അവന് പിന്നെ മിണ്ടാതിരിക്കുന്നതാവുമോ. അതുപോട്ടെ, വാര്‍ത്തയെങ്ങനെ പഴയ സ്ഥാപനത്തിന് കിട്ടി. ആ ഉദ്യോഗസ്ഥന് എന്തായാലും അവരോട് പറയില്ല. മറ്റൊരു സോഴ്സിലൂടേയും ഇത്ര പെട്ടെന്ന് വാര്‍ത്ത അവരിലെത്തില്ല. പഴയ സ്ഥാപനത്തിന്റെ സ്ക്രീനിലേക്ക് മനസില്ലാ മനസോടെ ഒന്നുകൂടി നോക്കി. ഈശ്വരാ... ഞാന്‍ എന്റെ ഡസ്കില്‍ പറഞ്ഞുകൊടുത്ത അതേ വരികള്‍..
വേഗം മൊബൈലെടുത്തു. ഡസ്ക് നമ്പറിലേക്ക് വീണ്ടും വിളിച്ചു.
ഹലോ..
ഹലോ..
ഡസ്ക് അല്ലേ
അതെ, ഡസ്ക് ആണ്
ഇത് ദില്ലിയില്‍ നിന്ന് ദിനേശനാണ്(യഥാർഥ നാമമല്ല) ആരാ സംസാരിക്കുന്നത് ?
ദിനേശാ.....ഇത് ഞാനാടാ...നിന്റെ പഴയ ന്യൂസ് എഡിറ്റര്‍. നീ പുതിയ ചാനലില്‍ പോയെങ്കിലും ഞങ്ങളെയൊന്നും മറന്നില്ല അല്ലേ. വാര്‍ത്ത കിട്ടി. ഇവിടുത്തെ പുതിയ കുട്ടിയാ എഴുതിയെടുത്തത്. നിന്റെ മൊബൈലില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടപ്പോള്‍ ഞാന്‍ ഉടനെ ബ്രേക്കിങ് കൊടുത്തോളാന്‍ പറഞ്ഞു. അതുകൊണ്ട് ഒരുമണി വാര്‍ത്ത ഗംഭീരമായി. നല്ല റെസ്പോണ്‍സാണ്. ഒരുപാട് പേര് വിളിച്ചു. ങാ..അതു പോട്ടെ, ഞാന്‍ നിന്നെയിപ്പോള്‍ അങ്ങോട്ട് വിളിക്കാന്‍ ഇരിക്കയായിരുന്നു. ഇത്രയുമായ സ്ഥിതിയ്ക്ക് നീ നിന്റെ മൊബൈലിലെ ആ ഡസ്ക് നമ്പര്‍ ഇപ്പോത്തന്നെയൊന്ന് മാറ്റി സേവ് ചെയ്തേക്ക് . ഒരുത്തനേയും വിശ്വസിക്കാന്‍ കൊള്ളുകേലെടാ. അങ്ങനത്തെ കാലമല്ലേ.