ദൃശ്യമാധ്യമങ്ങള്‍ ഒട്ടേറെപ്പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, അത് കാണാനും വാര്‍ത്താസമ്മേളനം വിളിച്ച് നിഷേധിക്കാനും അവസരം ലഭിച്ചത് തെന്നിന്ത്യന്‍ നടി കനകയ്ക്ക് മാത്രമായിരുന്നു. 2013 ജൂലായ് 30 നാണ് കനക മരിച്ചതും വാര്‍ത്താസമ്മേളനം വിളിച്ചതും. മരിച്ചത് ആലപ്പുഴയിലും വാര്‍ത്താസമ്മേളനം ചെന്നൈയിലുമായിരുന്നു. രണ്ടും ചാനലുകള്‍ ലൈവാക്കി.

   തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കനക 2003 മുതല്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നില്ല. തമിഴ്. മലയാളം സിനിമകളിലെ മുന്‍നിരതാരങ്ങളായിരുന്നു അതുവരെ കനകയുടെ നായകന്മാര്‍. തമിഴില്‍ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരും മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരും കനകയുടെ ജോഡിയായി. തമിഴിലും മലയാളത്തിലുമായി ഒരു പിടി ഹിറ്റുകളും തീര്‍ത്തു. തമിഴില്‍, ലക്ഷങ്ങള്‍ ആരാധിക്കുന്ന ഗ്‌ളാമര്‍ നായികയായി വളരെ വേഗം മാറി. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്തകള്‍ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ കനകയെ പ്രിയങ്കരിയാക്കിയത്. പ്രശസ്ത നടി കൂടിയായ അമ്മ ദേവികയുടെ നിര്യാണത്തോടെ കനക പൂര്‍ണ്ണമായി ഉള്‍വലിയുകയായിരുന്നു. സിനിമകളിലോ, ചടങ്ങുകളിലോ കനകയെ കാണാതായി.

     ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യമാധ്യമങ്ങളില്‍ കനക നിറഞ്ഞത്. ഒരു തമിഴ് ചാനലിലായിരുന്നു ആദ്യവാര്‍ത്ത. കേരളത്തിലെ ആലപ്പുഴയില്‍ അര്‍ബുദചികിത്സയില്‍ കഴിയുന്ന നടി കനക അല്‍പം മുന്‍പ് മരണപ്പെട്ടുവെന്ന് ചാനല്‍ ബ്രേക്കിങ് ന്യൂസ് നല്‍കി. തമിഴില്‍ അത്രയും സ്വീകാര്യതയും വിശ്വാസ്യതയുമുള്ള ചാനല്‍, തെറ്റായ വാര്‍ത്ത നല്‍കില്ല എന്ന ഉറപ്പില്‍ മറ്റു ഭാഷാ ചാനലുകള്‍ അത് ഏറ്റുപിടിച്ചു. കനക അഭിനയിച്ച സിനിമകളിലെ സീനുകളും, ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള ഗ്രാഫിക്‌സും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ കൂടെ അഭിനയിച്ച നടന്മാരെ ഫോണില്‍ വിളിച്ചു. അവരുടെ അനുശോചനങ്ങളും ഓര്‍മ്മകളും തത്സമയം സംപ്രേഷണം ചെയ്തു. പകല്‍ പന്ത്രണ്ട് മണിയോടെയാണ് തമിഴിലും മലയാളത്തിലും ഈ മരണവിളിയുണ്ടായത്.

     കേരളത്തില്‍ നിന്ന് മൃതശരീരം എപ്പോള്‍ കൊണ്ടുവരുമെന്ന് അറിയാനാണ് ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ കനകയുടെ അച്ഛന്‍ ദേവദാസിനെ വിളിച്ചത്. ദേവദാസിന്റെ ഫോണ്‍ അപ്പോള്‍ തിരക്കിലായിരുന്നു. മരണവാര്‍ത്തയ്ക്ക് മറുപടി കൊടുത്ത് മടുത്ത അദ്ദേഹം, ഫോണില്‍ മാധ്യമ പ്രവര്‍ത്തകരുടെ വിളിയെത്തിയപ്പോള്‍ നേരെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൃതശരീരം ഇത്ര പെട്ടെന്ന് ചെന്നൈയിലെത്തിയോ എന്ന വെപ്രാളത്തില്‍ മാധ്യമപ്പട അണ്ണാമലൈപുരത്തെ വീട്ടിലേക്ക് കുതിച്ചു. തത്സമയ സംപ്രേഷണ വാഹനം പുറകെ ഓടി. സിഗ്നല്‍ കിട്ടത്തക്കവിധം വാഹനം മുറ്റത്ത് പാര്‍ക്ക് ചെയ്ത് ലൈവ് റെഡിയാക്കി. ഓടിയെത്തിയ മാധ്യമ സംഘം വീട്ടുമുറ്റം അല്‍പ്പാല്‍പ്പമായി പങ്കിട്ടു.

     വീട്ടില്‍ നിന്നിറങ്ങി വന്ന കനകയുടെ പിതാവ് ദേവദാസ് എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു. വാതില്‍ തുറന്ന് വരാന്തയിലേക്ക് വന്ന കനക അവരെ തൊഴുകയ്യോടെ സ്വീകരിച്ചു. ഇരിക്കാന്‍ ആവശ്യപ്പെട്ടു. നില്‍ക്കണോ, ഇരിക്കണോ, പോകണോ എന്ന ആശയക്കുഴപ്പം മാത്രമേ അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നുള്ളൂ. 'എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു. ഞാന്‍ ഉയിരോടെ തന്നെയില്ലേ ' എന്ന് കനക ചിരിച്ചുകൊണ്ടാണ് ചോദിച്ചതെങ്കിലും അത് കേട്ട് ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല ആരും. 

     ' ഞാന്‍ ഇപ്പോഴും ഒരു ഹോട്ട് സബ്ജക്ട് ആണ് എന്ന് അറിഞ്ഞതില്‍ സന്തോഷം. സ്വന്തം മരണവാര്‍ത്ത ടി വി യില്‍ കാണാന്‍ അവസരമുണ്ടാക്കിയതിന് നന്ദി. കനക എന്നു കേട്ടാല്‍ നിങ്ങള്‍ ഏതു വാര്‍ത്തയും കൊടുക്കും. അടുത്ത കാലത്തെങ്ങും ഞാന്‍ ആലപ്പുഴയില്‍ പോയിട്ടില്ല. ഞാന്‍ അവിടെ പോയ ഒരു ഫോട്ടോയെങ്കിലും നിങ്ങള്‍ക്ക് കാണിക്കാനാകുമോ ?. എനിക്ക് അര്‍ബുദമോ പ്രമേഹമോ ഇല്ല. അര്‍ബുദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോയി എന്ന് പറയുന്നത് വെറുതെയാണ്. പിന്നെ മനുഷ്യരല്ലേ ചില രോഗങ്ങളും പ്രയാസങ്ങളുമൊക്കെ ഉണ്ടാകും. ആലപ്പുഴയില്‍ എനിക്ക് ഒരു സുഹൃത്തുണ്ട്. ചാനലുകളിലെ വാര്‍ത്ത കണ്ട് അയാളും വിളിച്ചിരുന്നു. ഇപ്പോള്‍ എന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ആരെങ്കിലും വെടിവച്ചാലേ ഞാന്‍ മരിക്കൂ. മരണവാര്‍ത്ത വന്നതിലും വിഷമമില്ല. അതുകൊണ്ടാണല്ലോ നിങ്ങളെയെല്ലാവരേയും വീണ്ടും കണ്ടത്.'

       വാര്‍ത്ത വന്ന ചാനലിലെ ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ പരിചയപ്പെടണമെന്നായി കനക. 'ഒന്നിനും വേണ്ടിയല്ല, ആരാണ് നിങ്ങള്‍ക്ക് ഈ വാര്‍ത്ത തന്നത് എന്നറിയാനാണ്' - കനക പറഞ്ഞു. എന്ത്...വാര്‍ത്തയോ...ചാനലോ....എപ്പോ.. എന്ന മട്ടായിരുന്നു അപ്പോള്‍ ദൃശ്യമാധ്യമ പ്രതിനിധികള്‍ക്ക്. പതുക്കെ പതുക്കെ ഓരോരുത്തരായി സ്ഥലം കാലിയാക്കി. മരണവും നിഷേധവും ലൈവായി തന്നെ പ്രേക്ഷകര്‍ക്ക് നല്‍കിയതിന്റെ നിര്‍വൃതിയില്‍ ചാനലുകള്‍ അടുത്ത വാര്‍ത്താ ബുള്ളറ്റിനിലേക്ക് പോയി.

content highlights: Actress Kanaka death news by news channels , Ev Unnikrishnan newsroom kickers