ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാക്കള്‍ മാറുന്ന കാലത്തിന്റെ വഴികളറിയാതെ ഏതോ കാലത്തിനൊപ്പം മരവിച്ചുനില്‍ക്കുകയാണെന്നു തോന്നുന്നു. മിക്ക ചാനലുകളുടെയും ഉള്ളടക്കം ശ്രദ്ധിച്ചാലറിയാം എന്തുമാത്രം വിഷലിപ്തമാണതെന്ന്. ഏതെങ്കിലും തരത്തില്‍ സ്ത്രീവിരുദ്ധത വിളമ്പുന്നതാണ് ഓരോ പരിപാടിയും. വ്യത്യസ്തരീതികളിലാണെന്നുമാത്രം. ലക്ഷക്കണക്കിന് കാഴ്ചക്കാരുടെ മനസ്സുകളിലേക്ക് അക്രമവാസനകളും ലിംഗവിവേചനവും വംശീയാധിക്ഷേപവും മെല്ലെ കുത്തിവെക്കുകയാണവ. കാഴ്ചക്കാരെ കൂട്ടാനായി ഇത്തരം വിഷംനിറഞ്ഞ വികാരങ്ങള്‍ വില്‍ക്കുകയാണ് മുഖ്യധാരാ വിനോദമാധ്യമങ്ങള്‍. എത്രമേല്‍ വിഷം താങ്ങാനാകും നമുക്ക്? ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് എവിടെയാണ് അതിര്‍വരവരയ്‌ക്കേണ്ടത്?

ഓരോ കഥാപാത്രങ്ങളും പുറത്തേക്കുതള്ളുന്ന മോശം വാക്കുകളും മാനസികവും വൈകാരികവും വാചികവും ശാരീരികവുമായ ഉപദ്രവങ്ങളും നിന്ദ്യവും ലൈംഗികച്ചുവ നിറഞ്ഞതുമായ സംഭാഷണങ്ങളുമെല്ലാം ടി.ആര്‍.പി. റേറ്റിങ് കൂട്ടാനുള്ള കുറുക്കുവഴികളാണിന്ന്. ഒരു ദേശീയചാനലില്‍ അടുത്തിടെനടന്ന ശ്രദ്ധേയമായ റിയാലിറ്റി ഷോയില്‍ ഒരു പുരുഷ മത്സരാര്‍ഥി തന്റെ സഹമത്സരാര്‍ഥിയായ സ്ത്രീയെ തറയിലേക്ക് തള്ളിയിട്ട് കൈകള്‍ പിടിച്ചുതിരിക്കുന്നതുകണ്ടു. അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. നിര്‍മാതാക്കള്‍ ഇതിനെ ശാരീരിക ഉപദ്രവമായി കണക്കാക്കില്ല. അയാളെ പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും ആ മത്സരാര്‍ഥിയുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കുറെ ആരാധകരുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരുകാര്യം.

കുട്ടികളെയും വെറുതേവിടാതെ

ഇനി കുട്ടികളുടെ റിയാലിറ്റി ഷോകള്‍ നോക്കാം, അണിയറയില്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന വൈകാരികവും മാനസികവുമായ സമ്മര്‍ദവും അനാരോഗ്യകരമായ മത്സരപ്രവണതയും ഭാവിയില്‍ അവരുടെ മാനസിക-വൈകാരിക വികസനത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. വിജയിയാവാനും പണമുണ്ടാക്കാനും പ്രശസ്തിനേടാനുമുള്ള അടങ്ങാത്ത ആഗ്രഹം അവരിലെ നിഷ്‌കളങ്കതയെ ചെറുപ്പത്തിലേ ഇല്ലാതാക്കുന്നു. പെട്ടെന്നുണ്ടാകുന്ന പ്രശസ്തി ജീവിതത്തെക്കുറിച്ച് അയഥാര്‍ഥമായ ചിത്രം അവരുടെ മനസ്സില്‍ വരഞ്ഞിടുന്നു. വിധികര്‍ത്താക്കളുടെ ലിംഗവിവേചനപരവും ശരീരത്തെ അപമാനിക്കുന്നതുമായ (ബോഡി ഷെയ്മിങ്) അഭിപ്രായപ്രകടനങ്ങളാണ് ഇതില്‍ ഏറ്റവും മോശമായ ഒന്ന്. ലിംഗഭേദത്തെയും അതിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ഗൗരവമല്ലാത്ത കാഴ്ചപ്പാടാണ് ഇത് കുട്ടികളിലുണ്ടാക്കുക.അസഭ്യങ്ങളും സ്ത്രീവിരുദ്ധതയും വിനോദത്തിന്റെ രൂപത്തില്‍ നമ്മുടെ സ്വീകരണമുറികളിലേക്ക് ഒറ്റരാത്രികൊണ്ട് കടന്നുവന്നതല്ല. എന്തുകൊണ്ടാണ് റിയാലിറ്റി ഷോകളെക്കുറിച്ച് നാം കൂടുതല്‍ ചിന്താധീനരാകുന്നത്. കാരണം, ഫിക്ഷനുകള്‍ അല്ലെങ്കില്‍ പരമ്പരകള്‍ യാഥാര്‍ഥ്യമല്ലെന്നും അത് തയ്യാറാക്കപ്പെട്ട തിരക്കഥ മാത്രമാണെന്നും നമുക്കറിയാവുന്നതുകൊണ്ട്. കരച്ചിലും പിടിച്ചുതള്ളലും ഉന്തലും അപമാനിക്കലും അലറിക്കരയലും വളച്ചൊടിക്കലുമൊക്കെത്തന്നെയാണ് രാജ്യത്തുള്ള റിയാലിറ്റി ഷോകളുടെയെല്ലാം പ്രധാന ഉള്ളടക്കം. എന്നിട്ടും നാമെപ്പോഴും 'റിയാലിറ്റി' തന്നെ ആവശ്യപ്പെടുന്നതെന്തിനാണ്. കണ്ണീര്‍ പരമ്പരകളില്‍ കാണുന്നതോ അതില്‍ക്കൂടുതലോ തന്നെയല്ലേ നമ്മള്‍ അവിടെയും കാണുന്നത്.

വിഷലിപ്തം

ഒരിക്കലും അവസാനിക്കാത്ത കെണിയൊരുക്കലുകളും ശബ്ദമുയര്‍ത്തലും ഇടയ്ക്കിടെയുള്ള പൊട്ടിത്തെറികളും നിറഞ്ഞതാണ് അമ്മായിയമ്മ-മരുമകള്‍ സീരിയലുകള്‍. ചുറ്റുമുള്ളവരിലേക്ക് വിഷംപടര്‍ത്തുന്ന സര്‍പ്പങ്ങളായി അമ്മായിയമ്മയും മരുമകളും പ്രതിഷ്ഠിക്കപ്പെടുന്നു. അതേസമയം, പരമ്പരാഗത വേഷമണിഞ്ഞ മതവിശ്വാസികളായ സ്ത്രീകളാകട്ടെ ദേവതകളെപ്പോലെ സ്വീകരിക്കപ്പെടുന്നു. ഇത്തരം അടഞ്ഞ ചിന്തകളില്‍നിന്ന് നമ്മളെന്നാണ് മുക്തരാകുക? നമ്മുടെ എഴുത്തുകാരും തിരക്കഥാകൃത്തുക്കളും അവരുടെ ജീവിതത്തില്‍ നല്ല ചിന്തകളുള്ള, പ്രോത്സാഹനം നല്‍കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? അതോ സ്ത്രീകളെക്കുറിച്ച് നൂറ്റാണ്ടു പഴക്കമുള്ള അടഞ്ഞ ചിന്തയും ലിംഗവിവേചന മനോഭാവും കാഴ്ചക്കാര്‍ക്കുള്ളില്‍ ആഴത്തിലിറങ്ങണമെന്ന കുടിലോദ്ദേശ്യമാണോ അവര്‍ക്കുള്ളത്? സീരിയല്‍ക്കഥകളെയും കഥാപാത്രങ്ങളെയും കുറിച്ച് വീടുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മനംപുരട്ടലുണ്ടാക്കുന്നതാണെന്ന് പറയാതെവയ്യ.

ഇത്തരം പരിപാടികളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അപമാനത്തിനും ശാരീരികവും വാക്കാലുമുള്ള ആക്രമണങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. വിനോദത്തിന്റെപേരില്‍ ഇത്തരം ആഭാസം പ്രചരിപ്പിക്കുന്നത് ചോദ്യംചെയ്യാതെ, വീണ്ടും വീണ്ടും ഇത്തരം കാഴ്ചകള്‍ നമ്മള്‍ ആകാംക്ഷാപൂര്‍വം കണ്ടുകൊണ്ടേയിരിക്കുന്നു. ഓരോ വഴക്കുകളും നമ്മളെ ആവേശം കൊള്ളിക്കുന്നു, വാക്കുകൊണ്ടുള്ള ആക്രമണങ്ങളും തള്ളലും ഉന്തലും ചാനല്‍ മാറ്റാതെ കണ്ടുകൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യര്‍ പരസ്പരം ഒച്ചയെടുക്കുമ്പോള്‍, ഒരാള്‍ വാക്കുകൊണ്ടോ മറ്റേതെങ്കിലും വഴിയോ മറ്റൊരാളെ നിരന്തരം ഉപദ്രവിക്കുന്നതു കാണുമ്പോള്‍ ആ സ്‌ക്രീനില്‍നിന്ന് നമുക്ക് കണ്ണെടുക്കാന്‍ തോന്നാതിരിക്കുന്നത് എന്തുകൊണ്ടാണ്. നല്ലതിനും ചീത്തയ്ക്കുമിടയില്‍ ഒരു രേഖ വരയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരാണ്? 
എവിടെ വേണം സെന്‍സറിങ്

മോശം ഉള്ളടക്കങ്ങളെ കുറയ്ക്കുന്നത് സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുമോ? ചാനല്‍ പരിപാടികളില്‍ നമുക്ക് വലിയരീതിയില്‍ സെന്‍സറിങ്ങിന്റെ പ്രശ്‌നം വരുന്നില്ല. വൃത്തികെട്ടതും തെറ്റായ ധാര്‍മികതകളെ മഹത്ത്വവത്കരിക്കരിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഭേദം ആരോഗ്യകരമായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നേെതല്ലയെന്ന് ചിലരെങ്കിലും ചോദിക്കുന്നു. ഇത്തരം വിഷലിപ്തമായവയെ ന്യായീകരിക്കുന്ന കുറേപ്പേരെയും നാം കാണുന്നുണ്ട്. കാഴ്ചക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കത്തോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അവരത് കാണാതിരിക്കണമെന്നും മറ്റുള്ളവര്‍ അത് കാണുന്നെങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് അയുക്തിയാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, കെട്ടുകഥകളും സത്യവും വേര്‍തിരിച്ചറിയാന്‍ കഴിവുള്ള ഒരു പ്രേക്ഷകസമൂഹമുള്ള ലോകത്തായിരുന്നു നാമെങ്കില്‍ ഈ വാദം നിലനില്‍ക്കുമായിരുന്നു. എന്നാല്‍, അതല്ല സ്ഥിതി. 

മാറാന്‍ സമയമായി

ആരോഗ്യകരമായ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കൊണ്ടുവരാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ? സ്വപ്നം കാണുന്ന, നിലനില്‍ക്കുന്ന കെട്ടുപാടുകളെ ചോദ്യംചെയ്യുന്ന, പുതിയത് തേടുന്ന ഉള്ളടക്കങ്ങളുണ്ടാക്കാന്‍ തിരക്കഥാകൃത്തുകളെ പിന്നോട്ടുവലിക്കുന്നതെന്താണ്? ഒരു ചാനലിലെ പരിപാടിയെ കോപ്പിയടിച്ച് മറ്റൊരു രൂപത്തില്‍ മറ്റൊരിടത്ത് അവതരിപ്പിക്കുന്നത് 'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍' എന്നു പറയുന്നതുപോെലയാണ്. കഥകളുണ്ടാക്കുന്നവര്‍ ധൈര്യശാലികളും പ്രതികരണശേഷിയുമുള്ളവരാകുന്നില്ലെങ്കില്‍, അവരുടെ കഥകളും തിരക്കഥകളും അതിനനുസരിച്ച് മാറുന്നില്ലെങ്കില്‍ ടെലിവിഷന്‍ കാഴ്ചകള്‍ ഇനിയും യുക്തിരഹിതവും നിന്ദ്യവും കാണികളുടെ മനസ്സിനെ പ്രഹരിക്കുന്നതുമായി തുടരും.  

(സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക. )