ന്റെ അഞ്ചുവയസ്സുകാരന്‍ അനന്തരവന്‍ അഭി കഴിഞ്ഞയാഴ്ച എനിക്കൊപ്പമുണ്ടായിരുന്നു. കിന്റര്‍ഗാര്‍ട്ടനിലെ യു.കെ.ജി. വിദ്യാര്‍ഥി. രാവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള അവന്റെ സന്തോഷത്തോടെയുള്ള പോക്കു കണ്ടപ്പോള്‍ വല്ലാത്ത അദ്ഭുതമാണ് തോന്നിയത്. സ്‌കൂളും പഠനവുമെല്ലാം ഒരൊറ്റവര്‍ഷം കൊണ്ട് മാറിമറിഞ്ഞെങ്കിലും അധ്യാപകരെയും കൂട്ടുകാരെയും കാണാന്‍ കിട്ടുന്ന ആ സമയത്തെ അവന്‍ കാത്തിരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷവും. എന്നാല്‍, ഇപ്പോഴും കോവിഡ് മഹാമാരിയുടെ ഗൗരവവും അത് സൃഷ്ടിച്ചെടുത്ത പുതിയ ലോകക്രമവുമെന്തെന്ന് ചില രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കിയിട്ടില്ലെന്നതിനെക്കുറിച്ചുള്ള പൊരിഞ്ഞ ചര്‍ച്ചകളില്‍ ഞാനും അഭിയുടെ അമ്മയും മുഴുകിയിരിക്കേ ഒറ്റദിവസം അഭിയുടെ ഓണ്‍ലൈന്‍ ക്ലാസ് കണ്ടിരുന്നാല്‍ എനിക്കുണ്ടാകാന്‍ പോകുന്ന ഞെട്ടലിനെക്കുറിച്ച് അവളൊരു സൂചന തന്നു.

ഈ ഭാരം അവരെങ്ങനെ താങ്ങും

എന്റെ മകന്റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ഇടപെടുകയോ അവന്റെ മുറിയിലേക്ക് പാളിനോക്കുകയോ ചെയ്തിട്ടില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനായെന്ന് വിശ്വാസം വന്ന അന്നുമുതല്‍ (ഏതാണ്ട് മൂന്നുകൊല്ലം മുമ്പ്), താന്‍ ആവശ്യപ്പെടാത്തപക്ഷം അവന്റെ കാര്യങ്ങള്‍ മാതാപിതാക്കളുടെ സഹായം വേണ്ടായെന്ന ഉറച്ച തീരുമാനം എന്റെ പതിനഞ്ചുകാരനായ പുത്രനെടുത്തിരുന്നു. എന്തായാലും അഭിയുടെ ആവേശം കണ്ടതോടെ അവന്റെ ഓണ്‍ലൈന്‍ ക്ലാസൊന്നു കാണാന്‍ തോന്നി. അനുവാദം ചോദിച്ച് കൂടെയിരുന്നു. അധ്യാപകരോടും കൂട്ടുകാരോടും അവന്‍ സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതും ആശ്ചര്യത്തോടെ കണ്ടുനിന്നു. ഒരു ചെറിയ ആമുഖത്തിനുശേഷം അധ്യാപിക പാഠത്തിലേക്കു കടന്നു. ഇംഗ്ലീഷില്‍ 'എ', 'ആന്‍' എന്നീ ആര്‍ട്ടിക്കിളുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും വാക്കിന്റെ ആദ്യത്തെ അക്ഷരത്തിന്റെ ഉച്ചാരണവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതുമായിരുന്നു അന്നത്തെ ക്ലാസ്! കെ.ജി.-2 ക്ലാസാണോ ഹയര്‍ സെക്കന്‍ഡറിയാണോ, ഹൈസ്‌കൂള്‍ ക്ലാസാണോ ഞാന്‍ കണ്ടുനില്‍ക്കുന്നത് എന്നൊരു സംശയം പെട്ടെന്ന് ഉള്ളിലൂടെ പാഞ്ഞു. ആ ഞെട്ടലില്‍നിന്ന് പുറത്തുവരുന്നതിനുമുന്നേ അഭിയുടെ വര്‍ക്ക്ബുക്ക് അവന്റെ അമ്മ എനിക്കുനേരെ നീട്ടിയിട്ട് അതൊന്നു തുറന്നുനോക്കാന്‍ പറഞ്ഞു. വീണ്ടും ഞെട്ടല്‍. നമ്മുടെ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഒരു കെ.ജി. വിദ്യാര്‍ഥിക്കുള്ള അക്കാദമിക സമ്മര്‍ദമെത്രയെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അവന്റെ വര്‍ക്ക് ബുക്ക് (ഹൈസ്‌കൂള്‍ ക്ലാസിലെ സ്ഥിതിയും വ്യത്യസ്തമല്ല). ആര്‍ഗ്യൂ, കണ്ടിന്യൂ, ബാര്‍ബിക്യൂ പോലെയുള്ള വാക്കുകളെല്ലാം പഠിക്കുകയും എഴുതുകയും അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയും ഒക്കെ വേണം ആ അഞ്ചുവയസ്സുകാരന്‍.

കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും ഒരുപാട് ഗൃഹപാഠം നല്‍കണമെന്ന് അധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതും അക്കാദമിക തലത്തില്‍ കുട്ടികളെ മുന്നിലെത്തിക്കാനുള്ള അനാരോഗ്യകരമായ മത്സരത്തിനു തുടക്കമിടുന്നതും രക്ഷിതാക്കള്‍തന്നെയാണ്. ആ സമ്മര്‍ദം അങ്ങനെത്തന്നെ കുട്ടികളിലേക്ക് കൈമാറപ്പെടുന്നു

അക്കാദമിക സമ്മര്‍ദമല്ല, വേണ്ടത് സാമൂഹിക നൈപുണി

സമപ്രായക്കാരോടൊപ്പം ചേര്‍ന്ന് അവനവന്റെ കഴിവിനനുസരിച്ച് ഭാഷാപരമായ അടിസ്ഥാനവും സ്വയംപര്യാപ്തതയും സാമൂഹികമായ കഴിവുകളും നേടിയെടുക്കേണ്ട മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള പ്രായത്തിലാണ് കുട്ടികള്‍ കിന്റര്‍ഗാര്‍ട്ടനിലെത്തുന്നത്. പ്രീ-സ്‌കൂളില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകളുടെ പട്ടികയിലാണ് ഏറ്റവും പ്രാധാന്യം കുറഞ്ഞതെന്നാണ് പ്രീ-അക്കാദമിക് വിദ്യാഭ്യാസത്തെ 2000-ത്തില്‍ യുനെസ്‌കോ പ്രസിദ്ധീകരിച്ച ഏര്‍ളി ചൈല്‍ഡ്ഹുഡ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇനി മറ്റൊരു ബന്ധുവിനെക്കുറിച്ചു പറയാം. ബിരുദാനന്ത ബിരുദ വിദ്യാര്‍ഥിയായ അവള്‍ എനിക്കൊപ്പമാണ് താമസിച്ചു പഠിക്കുന്നത്. അഭി ഇന്നു പഠിക്കുന്ന ഈ വാക്കുകള്‍ നീ എന്നാണ് പഠിച്ചതെന്നോര്‍മയുണ്ടോയെന്ന് അവളോടു ചോദിച്ചുനോക്കി. ഒരു കൗതുകം. 'രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴെന്നാണ് ഓര്‍മ' എന്നായിരുന്നു അവളുടെ ഉത്തരം.

ഇക്കാലംകൊണ്ട്, കുട്ടികളുടെ സാമൂഹിക-അതിജീവന നൈപുണിയോടുള്ള ഈ അവഗണന എങ്ങനെ, എന്നുമുതല്‍ തുടങ്ങി? ഇത്രയും ചെറുപ്പത്തില്‍ത്തന്നെ കുട്ടികളില്‍ അക്കാദമിക സമ്മര്‍ദത്തിന്റെ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതെന്തുകൊണ്ടാണ്. പ്രായത്തിനനുസരിച്ചുള്ള ശേഷിക്കുമപ്പുറം, അക്കാദമികരംഗത്ത് മുന്നേറാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനൊപ്പം ചേര്‍ന്ന് മാതാപിതാക്കളും കുട്ടികളില്‍ സമ്മര്‍ദം ചെലുത്തുന്നതിനെക്കുറിച്ചായി പിന്നീട് ഞങ്ങളുടെ ചര്‍ച്ച. നഴ്‌സറി സ്‌കൂളും പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസവും ഒരു കുട്ടിയുടെ ജീവിതത്തിന്റെ അടിത്തറ പാകുന്ന വര്‍ഷങ്ങളാണെന്ന ബോധ്യമുണ്ടാകണം. അവന്‍ കടന്നുപോകുന്ന അനുഭവങ്ങള്‍, സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍, അനുഭവങ്ങളില്‍നിന്നും നേടിയെടുക്കുന്ന പാഠങ്ങള്‍, ഒരു കുട്ടിയില്‍ അറിവും ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്. ഇവിടെയാണ് കേരളത്തിലെ അങ്കണവാടിസംവിധാനം പ്രത്യേക പരാമര്‍ശവും പ്രശംസയുമര്‍ഹിക്കുന്നത്. പ്രകൃതിയെ, പരിസ്ഥിതിയെ അറിഞ്ഞുകൊണ്ടുള്ള അവരുടെ പഠനരീതിയിലൂടെ കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ചുറ്റുപാടിനെക്കുറിച്ചും നാം ജീവിക്കുന്ന ആവാസരീതിയെക്കുറിച്ചുമുള്ള ബോധ്യമുണ്ടാകുന്നു. സഹാനുഭൂതിയുടെയും കരുണയുടെയും ആദ്യപാഠം കുഞ്ഞുങ്ങളില്‍ പകരാന്‍ അങ്കണവാടികള്‍ സഹായിക്കുന്നതിങ്ങനെയാണ്.

മാറേണ്ടതുണ്ട് രക്ഷിതാക്കള്‍

കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും ഒരുപാട് ഗൃഹപാഠം നല്‍കണമെന്ന് അധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതും അക്കാദമിക തലത്തില്‍ കുട്ടികളെ മുന്നിലെത്തിക്കാനുള്ള അനാരോഗ്യകരമായ മത്സരത്തിനു തുടക്കമിടുന്നതും രക്ഷിതാക്കള്‍ തന്നെയാണ്. ആ സമ്മര്‍ദം അങ്ങനെത്തന്നെ കുട്ടികളിലേക്ക് കൈമാറപ്പെടുന്നു. അയല്‍വീട്ടിലുള്ള കുട്ടിയെക്കാള്‍ കൂടുതല്‍ മാര്‍ക്ക് എന്റെ കുട്ടിക്കാണെന്ന് പറയുമ്പോഴാണ് ഇന്നത്തെ രക്ഷിതാക്കള്‍ക്ക് ഏറ്റവും സംതൃപ്തിയുണ്ടാകുന്നത്. അതിനായി ഏതറ്റംവരെ പോകാനും അവര്‍ തയ്യാറാണ്. കാണാപ്പാഠം പഠിച്ചും ട്യൂഷന്‍ ക്ലാസുകള്‍ മാറിമാറിപ്പോയും ഏറ്റവും കൂടിയ മാര്‍ക്ക് വാങ്ങിയേ പറ്റൂവെന്ന സമ്മര്‍ദം കുഞ്ഞുങ്ങളുടെ തലയില്‍കെട്ടിവെക്കുന്നു. അക്കാദമിക സമ്മര്‍ദം ഇങ്ങനെയേറി വരുമ്പോള്‍ ബാധിക്കപ്പെടുന്നത് അവരുടെ ആശയപരമായ വികാസത്തെയാണ്.

മാതാപിതാക്കളുടെ ഒരിക്കലും തീരാത്ത ആവശ്യങ്ങളും നിര്‍ബന്ധങ്ങളും അധ്യാപകരില്‍നിന്നുള്ള സമ്മര്‍ദവും കാരണം ഓര്‍മിച്ചുവെക്കാനുള്ളതൊന്നും ഇന്നത്തെ പഠനരീതിയില്‍ നിന്നവര്‍ക്ക് കിട്ടുന്നതേയില്ല. പണമെന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാണ് ഈ സംവിധാനങ്ങളുടെ മുഴുവന്‍ പോക്ക്. അറിവിനോ നൈപുണീവികസനത്തിനോ ഒരു സ്ഥാനവുമില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളിലെ വിഷാദരോഗത്തെയും ആത്മഹത്യാപ്രവണതയിലും മേല്‍സൂചിപ്പിച്ച കാരണങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു കുട്ടി തന്നെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതിനുമുമ്പേതന്നെ, അക്കാദമികമായി മുന്നേറാനുള്ള സമ്മര്‍ദം അവരുടെ തലയ്ക്കുമേല്‍ കെട്ടിത്തൂക്കിയിട്ടുണ്ടാകും.

അച്ഛന്റെയും അമ്മയുടെയും സ്വപ്നംമുതല്‍ കൂട്ടുകാരെക്കാള്‍ കൂടുതല്‍ മാര്‍ക്കു വാങ്ങണമെന്ന ശാഠ്യംവരെ കാരണങ്ങളായി നിരത്തപ്പെടും. അനാരോഗ്യകരമായ മത്സരത്തിന്റെ ആധാരശില നാട്ടപ്പെടുന്നത് ഇവിടെ വെച്ചാണ്.

പ്രോത്സാഹിപ്പിക്കപ്പെടേണ്ടവര്‍

അവരുടെ സ്വപ്നം, താത്പര്യം, കഴിവ്, എല്ലാത്തിലുമുപരി ആശയപരമായ കുട്ടിയുടെ ശേഷി തുടങ്ങിയതെല്ലാം അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യും. വ്യക്തിയുടെ സാമൂഹിക-മാനസിക-വൈകാരികാരോഗ്യം വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ഈ കോവിഡ് കാലത്തുപോലും നാം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ക്കു പഠിക്കേണ്ടിവരുന്നത് ഈ വൃത്തികെട്ട മത്സരമാണ്. അതില്‍നിന്നു മാറിനടക്കാനുള്ള ബോധം നമുക്കുണ്ടാകാന്‍ ഇനിയുമൊരു ദുരന്തമുണ്ടാകാതിരിക്കട്ടേയെന്ന് പ്രത്യാശിക്കാം. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി, സ്‌നേഹവും കരുതലും മാര്‍ഗനിര്‍ദേശവും നല്‍കി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു നയിക്കുന്ന ഏതാനും സ്‌കൂളുകളും മാതാപിതാക്കളും അധ്യാപകരും ഇപ്പോഴും ബാക്കിയുണ്ട്. പഠനത്തിന്റെയും നൈപുണീവികസനത്തിന്റെയും മാസ്മരികതയാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാനും അവരില്‍ ആശയങ്ങള്‍ നിറയ്ക്കാനും ഈ അപൂര്‍വവംശത്തെ നാം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണം.

(സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക) aparna@zocio.net

Content Highlight: Parents don't make pressure on Children's |  Mattam Manobhavangal