അസാധാരണമായ സന്ദർഭത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. കോവിഡ്‌ അട്ടിമറിച്ച സാമൂഹികാന്തരീക്ഷം കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും വലിയ വൈകാരികസമ്മർദമാണ്‌  സൃഷ്ടിക്കുന്നത്‌.  ആത്മഹനനത്തോളമെത്തുന്ന സമ്മർദം. ഗൗരവകരമായ ഒരു അടിയന്തര  ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ക്രിയാത്മകമായി എന്തുചെയ്യാൻ പറ്റുമെന്നതിനെക്കുറിച്ച്‌ വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ അപർണ വിശ്വനാഥൻ എഴുതുന്ന പംക്തി ആരംഭിക്കുന്നു-  മാറ്റാം മനോഭാവങ്ങൾ

covid
പ്രതീകാത്മകചിത്രം | Photo: PTI

വൈവിധ്യത്താലും നിറഭേദങ്ങളാലും സമ്പന്നമായ ഇടമെന്ന് ഉദ്‌ഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തെ മുമ്പില്ലാത്തവിധത്തിൽ അസഹിഷ്ണുതയും അരക്ഷിതത്വവും അക്ഷമയും കൈയടക്കിയിരിക്കുന്നു. തന്നിൽനിന്നും  സാമൂഹികബന്ധങ്ങളിൽ‌നിന്നും മനുഷ്യനെ വേർപെടുത്തുന്നതാണ് നിർഭാഗ്യവശാൽ ഈ മൂന്ന് 'അ'കാരങ്ങൾ. സഹാനുഭൂതിയും കരുതലും സാമാന്യബോധവും ഏറ്റവും അത്യാവശ്യമായിരിക്കേണ്ട ഇക്കാലത്ത് യുക്തിക്ക് നിരക്കാത്ത, ഭയപ്പെടുത്തുന്ന കാരണങ്ങൾ ഇന്ത്യയിൽ ആളുകളുടെ ജീവനെടുക്കുന്നുവെന്നത് സങ്കടമാണ്. ഈ പ്രതീക്ഷാനഷ്ടങ്ങളെയും ജീവിതങ്ങളെയും കുറിച്ച് നാം ആഴത്തിൽ ചിന്തിച്ച സമയംകൂടിയാണിത്.

ഒരു വ്യക്തിക്ക് അയാളുടെ ആയുസ്സിൽ എവിടെയൊക്കെ എത്തിപ്പെടാനും  തിരഞ്ഞെടുക്കലുകൾ നടത്താനും എന്തൊക്കെ അഭിപ്രായങ്ങൾ പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടോ, ആ അനുഭവങ്ങളുടെയും പരിചയസമ്പത്തിന്റെയും ആകെത്തുകയാണ് ജീവിതം. എന്നാൽ, അകത്തും പുറത്തുമുള്ള ഒട്ടേറെ ഘടകങ്ങളാൽ ആ സ്വാതന്ത്ര്യം അടിക്കടി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ് ഇപ്പോൾ. അവനവന്റെ അസ്തിത്വവും സഹവർത്തിത്വവും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് ഇത് നമ്മളെ കൊണ്ടെത്തിക്കുക. 

അറിയണം ആ പത്തു കഴിവുകളെ

വൈവിധ്യസമ്പന്നമായ ആവാസവ്യവസ്ഥയിലൂടെയും വിരുദ്ധ ആശയങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളിലൂടെയും ഒരു കുട്ടി അവന്റെ ജീവിതത്തെ സങ്കല്‌പിക്കാനും സ്വീകരിക്കാനും തുടങ്ങുന്നതെങ്ങനെയാണെന്നറിയില്ലേ. ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ‌നിന്ന് സ്വയം ആർജിക്കുന്ന പാഠങ്ങളാണ് കുട്ടികളുടെ വൈകാരിക മാനസിക രൂപവത്‌കരണത്തിലേക്ക് നയിക്കുന്നത്. മാനസികവും സാമൂഹികവുമായ കഴിവുകൾ എന്തൊക്കയാവണമെന്ന് കൃത്യമായി പട്ടികപ്പെടുത്താൻ കഴിയില്ലെന്ന് പറയുമ്പോഴും, ഒരു വ്യക്തിയുടെ പൊതുവായ ക്ഷേമത്തിന് സാക്ഷരതയും സംഖ്യാപരമായ ബോധവും നേടുകയെന്നതിനൊപ്പംതന്നെ പ്രധാനമാണ് സാമൂഹിക വൈകാരിക നൈപുണിയും മറ്റൊരാളോട് ആശയവിനിമയം നടത്താനുള്ള ശേഷിയുമെന്ന് യൂനിസെഫ് സമ്മതിക്കുന്നു.

ദൈനംദിനജീവിതത്തിൽ നേരിടേണ്ട വെല്ലുവിളികളെയും ആവശ്യങ്ങളെയും നേരിടാനും അതിനോടൊത്തുപോകാനും ഒരു വ്യക്തിക്കുണ്ടായിരിക്കേണ്ട അടിസ്ഥാനമായ കഴിവുകളെ ജീവിതനൈപുണികളുടെ പട്ടികയിൽ‌പ്പെടുത്തിക്കൊണ്ട് ലോകാരോഗ്യസംഘടനയും ഇക്കാര്യം അംഗീകരിച്ചു. ആത്മാവബോധം, കരുണ, വിമർശനബുദ്ധി, ഭാവനാശേഷി, തീരുമാനമെടുക്കാനുള്ള ശേഷി, പ്രശ്നപരിഹാര ശേഷി, സാമൂഹികബന്ധങ്ങൾ, ആശയവിനിമയ പാടവം, മാനസികസംഘർഷങ്ങളെ നേരിടാനുള്ള കഴിവ്, വികാരം നിയന്ത്രിക്കാനുള്ള കഴിവ് ഈ പത്തുകാര്യങ്ങളാണ് അടിസ്ഥാന ജീവിതനൈപുണികളുടെ പട്ടികയിൽപ്പെടുന്നത്. ഇവയോരോന്നും തമ്മിലുള്ള വ്യത്യാസത്തെയും ജീവിതത്തിലെ ഇതിന്റെ പ്രയോഗത്തെക്കുറിച്ചും അറിയാൻ സ്കൂൾതലംമുതൽ ജീവിതനൈപുണിവികാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

ഇങ്ങനെയൊരു നിർദേശം ആദ്യമായി മുന്നോട്ടുവെക്കപ്പെട്ടത് രണ്ടു പതിറ്റാണ്ട് മുമ്പാണ്. പക്ഷേ, ഇനിയും ഈ നിർദേശം വേണ്ടപ്പെട്ടവർ പരിഗണിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ ജനസംഖ്യയുടെ പകുതിയിലേറെയും 25 വയസ്സിൽത്താഴെയുള്ളവരാണെന്നിരിക്കേ, വ്യക്തിപരമായി ഓരോരുത്തർക്കുംവേണ്ട ഈ കഴിവുകൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ അനുയോജ്യമായ മറ്റൊരിടമില്ലതന്നെ. ജീവിതനൈപുണി പഠനം നിർബന്ധമാക്കുന്നതിൽ വീഴ്ചവരുത്തുന്നത് ഒരു വ്യക്തിയുടെ മാനസികാരോഗ്യം ക്ഷയിപ്പിക്കുന്നതിലെ പ്രധാനകാരണമായി കണക്കാക്കാം.

മാറേണ്ടതുണ്ട് കാഴ്ചപ്പാട്

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഒട്ടേറെ ദുരന്തവാർത്തകൾ നാം കാണുകയും കേൾക്കുകയും ചെയ്തു. മാനസികാരോഗ്യ സംരക്ഷണവും മറ്റുള്ളവരുടെ ഇടപെടലും വേണ്ടസമയത്ത് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ, ഇതിൽ ഭൂരിഭാഗവും ഒഴിവാക്കാമായിരുന്നു. എങ്കിലും ഇനിയും വൈകിയിട്ടില്ല നാം.

മാനസികാരോഗ്യ സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇന്ന്, ഇക്കാര്യത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണംതന്നെ ഉടച്ചുവാർക്കേണ്ട സമയമായെന്ന സത്യം അംഗീകരിച്ചേ മതിയാവൂ. സ്വയം മനസ്സിലാക്കുകയും ആത്മാവബോധമുണ്ടാക്കിയെടുക്കുകയും ചെയ്യുന്നിടത്താണതിന്റെ തുടക്കം. അടിസ്ഥാന ജീവിതനൈപുണികളുടെയും വളർച്ചയുടെ, തിരിച്ചറിവിന്റെ സഹാനുഭൂതിയുടെ പാതകളിലേക്കുമുള്ള തുടക്കം അവനവനിൽനിന്നുതന്നെയാണ്. സ്കൂളും വീടുമെല്ലാം ഒന്നായിത്തീർന്ന ഈ മഹാമാരിക്കാലത്ത് ഓരോ വീട്ടിലും നൈപുണി വികസനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാവുന്നതേയുള്ളൂ.

അധ്യാപകരുടെ വേഷംകൂടിയണിയുന്ന മാതാപിതാക്കൾ, രക്ഷകർത്തൃത്വത്തിലും ശിശുപരിപാലനത്തിലുമുണ്ടായ മാറ്റങ്ങളിലേക്ക് തങ്ങളുടെ മനസ്സും ഹൃദയവും തുറന്നുപിടിക്കാനും തയ്യാറാവണം.  സ്വന്തം കുട്ടികളായാലും മറ്റു കുട്ടികളായാലും അവരും നമ്മളെപ്പോലെ ഓരോ വ്യക്തികളാണെന്നോർക്കണം. സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ള, ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമുള്ള, അവരുടേതായ ആവശ്യങ്ങളും ലൈംഗികതാത്പര്യങ്ങളും ലിംഗപരമായ സ്വത്വവുമുള്ള വെവ്വേറെ വ്യക്തികൾ. 

ആത്മപരിശോധന വേണം

തങ്ങളുടെ ഇഷ്ടങ്ങൾ കുഞ്ഞുങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളുടെ നിർബന്ധബുദ്ധിയും ഉയർന്ന മാർക്കുവാങ്ങാനുള്ള സമ്മർദവും സ്വന്തം അഭിപ്രായവും താത്പര്യങ്ങളുമുള്ള മനുഷ്യരിലേക്കുള്ള കുട്ടികളുടെ പരിണാമത്തെ ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവനവനെ കണ്ടെത്താനുള്ള എല്ലാ സ്വാതന്ത്ര്യവും കുട്ടികൾക്ക് നൽകുകയും തെറ്റുകൾതിരുത്തി മുന്നേറാൻമാത്രം മാതാപിതാക്കളും അധ്യാപകരും അവരെ സഹായിക്കുകയും ചെയ്യുന്ന കാലമുണ്ടായാൽ അതെത്ര മനോഹരമായിരിക്കും. 

രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അനുമാനങ്ങളും മുൻവിധികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത, പൂർണമായും സ്വതന്ത്രമായതായിരിക്കണം ആത്മാവബോധത്തിലേക്കുള്ള അവരുടെ പാത. ആത്മപരിശോധന നടത്താൻ നമ്മൾ മുതിർന്നവരും തയ്യാറാവണം. ‘സാമൂഹികവൈകാരിക പഠനം’ എന്നതാവട്ടെ മുന്നോട്ടുള്ള വഴിയിലെ നമ്മുടെ മുദ്രാവാക്യം.

(സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക)