സാമൂഹികമര്യാദകളും പെരുമാറ്റരീതികളും ചെറുപ്പംമുതലേ നമ്മള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളില്‍ അത്തരമൊന്നു കാണാറില്ല. നിര്‍ദിഷ്ടമായ ഒന്നിന്റെ അഭാവമാവാം കാരണം. ഓണ്‍ലൈന്‍, സാമൂഹികമാധ്യമ ഇടങ്ങളിലെ മോശം പെരുമാറ്റം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, അവയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. 

അര്‍ഥമില്ലാത്ത ഫോര്‍വേഡുകള്‍

സാമൂഹികമാധ്യമത്തിന്റെ പ്രചാരത്തോടെ ആളുകള്‍ക്കിടയിലും ഗ്രൂപ്പുകള്‍ക്കിടയിലും ആശയവിനിമയം വേഗമേറിയതും മുഖമില്ലാത്തതുമായിമാറി. കൈമാറ്റംചെയ്തുവരുന്ന ഫോര്‍വേഡഡ് മെസേജുകളെ ആശ്രയിച്ചാണ് ഇത് നിലനില്‍ക്കുന്നത്. ഒരിക്കലും പൂര്‍ണമായി വായിക്കാത്തതും പൂര്‍ണമായി മനസ്സിലാക്കാത്തതും വ്യക്തമായി വ്യാഖ്യാനിക്കാത്തതുമായിരിക്കും ഈ ഫോര്‍വേഡുകള്‍.  നമ്മുടെ ചിന്തകള്‍  പ്രധാനമായും മീമുകള്‍, ട്രോളുകള്‍, നിരുത്തരവാദപരമായ ഫോര്‍വേഡുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായി. ഒരു വ്യക്തിയുടെ വാട്‌സാപ്പ് അല്ലെങ്കില്‍ എഫ്.ബി. ഇന്‍ബോക്‌സുകള്‍ സ്പാം ചെയ്യുന്ന ഈപ്രവൃത്തിയില്‍നിന്ന് എന്തുസംതൃപ്തിയാണ് നാം നേടുന്നത്? 

മര്യാദകള്‍ മറന്നുപോകുമ്പോള്‍

സാമൂഹികമാധ്യമത്തിന്റെ പെട്ടെന്നുള്ള വരവ് അമ്പതിനുമുകളില്‍ പ്രായമുള്ളവരില്‍ അവരുടെ സ്വന്തം കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസയും വര്‍ധിപ്പിച്ചു. സാമൂഹികമാധ്യമ മര്യാദയുടെ വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും പലരും ഡിജിറ്റല്‍ ഇടത്തില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് അന്ധരാണ്.

ഒരു കുടുംബാംഗം വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ പെട്ടെന്നു പൊതു ഇടത്തില്‍ പരസ്യമാക്കുന്നത് കുടുംബത്തിലെ അടുത്ത തലമുറയില്‍പ്പെട്ടവരെ കുഴപ്പത്തിലാക്കുന്നു. പഴയതലമുറയ്ക്ക് മനസ്സിലാകുന്ന രീതിയില്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാന്‍ പുതിയതലമുറക്കാര്‍ക്ക് പ്രയാസമാകുന്നു. ഇത് കുടുംബത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കുന്നു. പൊതു ഇടത്തില്‍ പറയാവുന്നതിനെക്കുറിച്ചും രഹസ്യമായിസൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുതുതലമുറയെ പഠിപ്പിക്കുന്നതുപോലെ, സാമൂഹികമാധ്യമത്തെ എങ്ങനെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണമെന്നതിനെക്കുറിച്ച് വീട്ടിലെ പഴയതലമുറയെ ബോധവത്കരിക്കേണ്ടതും പ്രധാനമാണ്.എല്ലാതലമുറകളിലുമുള്ള ആളുകള്‍ക്കിടയില്‍ നാം കാണുന്ന അസഹിഷ്ണുതയ്ക്ക് അവര്‍ ഓണ്‍ലൈനില്‍ എങ്ങനെ പെരുമാറുന്നു എന്നതുമായി ബന്ധമുണ്ട്. ഓണ്‍ലൈനില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നവര്‍ തമ്മിലുള്ള ചൂടേറിയ വാദങ്ങള്‍ കാണാം. ഇത് കുടുംബബന്ധങ്ങളെവരെ ബാധിക്കാന്‍ തുടങ്ങി. 

വൈകാരികപ്രതികരണങ്ങള്‍

സാമൂഹികമാധ്യമങ്ങളിലെ ആളുകളുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുമ്പോള്‍, ആശയവിനിമയത്തിലെ ഒരു പ്രത്യേക രീതിയെക്കുറിച്ച് മനസ്സിലാവുന്നുണ്ട്.  സുഹൃത്തുക്കള്‍, കുടുംബം, പരിചയക്കാര്‍, പങ്കാളികള്‍, പ്രണയിക്കുന്നവര്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിരോധവും ബന്ധം വിച്ഛേദിക്കലും എങ്ങനെ ആരംഭിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. നിസ്സാരമായി തോന്നിയേക്കാമെങ്കിലും ഇവ പരിഹരിക്കേണ്ടവയാണ്.

ഉദാഹരണത്തിന്, എല്ലാ തലമുറയിലെയും ആളുകള്‍ കുറ്റപ്പെടുത്താനോ പരാതിപറയാനോ ഉപയോഗിക്കുന്ന ചില പ്രസ്താവനകള്‍ ശ്രദ്ധിക്കാം:

  • നിങ്ങള്‍ക്ക് മറ്റയാളുടെ പോസ്റ്റ് ഇഷ്ടപ്പെട്ടു, പക്ഷേ, എന്റേത് ശ്രദ്ധിച്ചില്ല.
  • മറ്റുള്ളവരുടെ ഫോട്ടോയ്ക്കും പോസ്റ്റിനും പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ട്, പക്ഷേ, എന്റേത്  മനഃപൂര്‍വം അവഗണിച്ചു.
  • നിങ്ങള്‍ എല്ലാ വാര്‍ത്തകളും വിവരങ്ങളും ചില ആളുകളെമാത്രം അറിയിക്കുന്നു. എന്നെ ഒരിക്കലും അറിയിച്ചിട്ടില്ല.
  • നിങ്ങള്‍ ഇന്നയാളുമൊത്തുമുള്ള ഒരു ചിത്രം പോസ്റ്റുചെയ്തു, ഒരിക്കലും എന്നോടൊപ്പമുള്ളത് പോസ്റ്റുചെയ്തില്ല.
     

പഠിക്കണം, പെരുമാറ്റച്ചട്ടം

സാമൂഹികമാധ്യമത്തില്‍ സെന്‍സിറ്റീവും ബോധവാന്മാരുമായിരിക്കാനുള്ള രീതികളും മാര്‍ഗങ്ങളും ഒരാള്‍ പഠിക്കുന്നില്ലെങ്കില്‍, വൈകാരിക നാശവും  ബന്ധങ്ങളുടെ തകര്‍ച്ചയും ഉയര്‍ന്നുകൊണ്ടിരിക്കും. ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ഭൂരിഭാഗം ആളുകള്‍ക്കും എവിടെ, എന്ത് കമന്റ് ചെയ്യണമെന്നോ പോസ്റ്റുചെയ്യണമെന്നോ അറിയില്ല. 
ശരിയായ വിവരങ്ങളെയും തെറ്റായ വിവരങ്ങളെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മിസോജിനിസ്റ്റ്, സെക്‌സിസ്റ്റ്, ട്രാന്‍സ്‌ഫോബിക്, വംശീയ, ജാതി വാദികള്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ വിമര്‍ശിക്കപ്പെടാതെയും പോകുന്നു. പലപ്പോഴും ഈ വെര്‍ച്വല്‍ സ്‌പേസും ആശയവിനിമയം ചെയ്യുന്നവര്‍ക്ക് പരസ്പരം അറിയില്ല എന്നതും അവര്‍ക്ക് തോന്നുന്നതെന്തും കമന്റ് ചെയ്യാനും പോസ്റ്റുചെയ്യാനും ധൈര്യം നല്‍കുന്നു. മുഖാമുഖം ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കുമായിരുന്ന പലതും വെര്‍ച്വല്‍ സ്‌പേസില്‍ ഹൃദയശൂന്യരായി പ്രകടിപ്പിക്കുന്നു.

സാമൂഹികമാധ്യമത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലും ഒരാള്‍ അടിസ്ഥാനമര്യാദകള്‍ പാലിക്കുകയാണെങ്കില്‍, വീട്ടിലും സുഹൃത്തുക്കളുമായും പൊതു ഇടങ്ങളിലെ മറ്റുള്ളവരുമായും ആരോഗ്യകരമായ സംഭാഷണങ്ങളും ബന്ധങ്ങളും വളര്‍ത്തിയെടുക്കാം. ചെറിയശ്രമങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. പൊതു ഇടങ്ങളിലായിരിക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ റിങ് ടോണിന്റെ ശബ്ദം കുറയ്ക്കുക. ചുറ്റുമുള്ളവര്‍ക്ക് അസൗകര്യമുണ്ടാവാതിരിക്കാന്‍ പൊതുസ്ഥലങ്ങളില്‍ സംസാരിക്കുമ്പോള്‍ ശബ്ദം കുറയ്ക്കുക. പൊതുസ്ഥലങ്ങളിലോ ആളുകളുടെ നടുവിലോ ആയിരിക്കുന്ന സമയത്ത് വീഡിയോകള്‍ കാണുമ്പോഴോ വീഡിയോ കോളുകള്‍ ചെയ്യുമ്പോഴോ  ഇയര്‍ഫോണുകള്‍ ഉപയോഗിക്കുക. ഒരു ഫോര്‍വേഡ്,  അല്ലെങ്കില്‍ സന്ദേശം കൈമാറുന്നതിനുമുമ്പ് അതാവശ്യമാണോ എന്ന് സ്വയം ചോദിക്കുക. ഇമോജികള്‍ ഉപയോഗിക്കുന്നതില്‍ താത്പര്യമില്ലെന്ന് അറിയാവുന്ന ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലെങ്കില്‍, അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

നിങ്ങള്‍ വിളിക്കുന്നയാള്‍ മറ്റൊരു കോളില്‍ തിരക്കിലാണെങ്കില്‍, അയാള്‍ കോള്‍ പൂര്‍ത്തിയാക്കി നിങ്ങളെ തിരികെ വിളിക്കുന്നതുവരെ കാത്തിരിക്കുക. തുടരെത്തുടരെ വിളിച്ച് ബുദ്ധിമുട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യരുത്. ഒരു വ്യക്തി കോളിന് മറുപടിനല്‍കിയില്ലെങ്കില്‍, അതിനെ മാനിക്കുക. അവര്‍ തിരക്കിലായതോ ഫോണ്‍ അവരുടെ പക്കല്‍ ഇല്ലാത്തതോ അതുമല്ലെങ്കില്‍ കോളിന് മറുപടിനല്‍കാന്‍ കഴിയുന്ന ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരിക്കില്ല എന്നതോ ആയിരിക്കും കാരണങ്ങള്‍ എന്ന് മനസ്സിലാക്കുക. നിങ്ങളുടെ കോളിന് പ്രതികരിക്കാന്‍ അവര്‍ക്ക് സമയം നല്‍കുക. മൊബൈല്‍ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തിലേക്കുവരുമ്പോള്‍ സാമാന്യബുദ്ധി എന്നത് ആളുകളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

Content Highlights: How to use mobile Phones in Public spaces, see these guidelines