മ്മുടെയും പ്രിയപ്പെട്ടവരുടെയും മാനസികവൈകാരിക ആരോഗ്യത്തില്‍ ശ്രദ്ധചെലുത്താന്‍ ഈ കോവിഡ് കാലം ഇടനല്‍കി. എങ്കിലും പ്രിയപ്പെട്ടവരെയും നമ്മെത്തന്നെയും എങ്ങനെ പരിപാലിക്കണമെന്ന വിഷയത്തിലെ അറിവും പരിശീലനവും പലര്‍ക്കും പരിമിതമാണ്. വികാരങ്ങളും തോന്നലുകളും കൈകാര്യംചെയ്യുന്നതില്‍ നമ്മില്‍ പലരും മിടുക്കരല്ല. അത് അവരവരുടേതായാലും മറ്റുള്ളവരുടേതായാലും. മാനസിക, വൈകാരിക, ആരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരം ചേര്‍ന്നുപോകേണ്ടതുണ്ട്. അതിനാല്‍, ഒരാള്‍ ശാരീരികമായി എത്രമാത്രം ആരോഗ്യമുള്ളയാളാണോ, അത്രതന്നെ മാനസികാരോഗ്യമുള്ളയാളുമായിരിക്കണം.

നാമെന്തിനു മടികാണിക്കണം

ബന്ധങ്ങളിലും മാനസികാരോഗ്യത്തിലും ആശയവിനിമയത്തിലുമെല്ലാം കഴിഞ്ഞ പത്തുമാസത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇതിനു മുമ്പൊരിക്കലും കാണാത്ത വിധമാണ്. അനുകമ്പ, സഹാനുഭൂതി, സ്‌നേഹം, കരുതല്‍ എന്നിവ നമുക്ക് ഇല്ലാതാവുകയാണോ ? വികാരങ്ങള്‍ ആത്മാര്‍ഥമായി പ്രകടിപ്പിക്കുന്നതില്‍ നാം മടികാണിക്കുന്നുണ്ടോ ? ആശയവിനിമയങ്ങളില്‍ ചിലപ്പോഴെങ്കിലും നാം പരുഷമായി പെരുമാറുന്നുണ്ടോ ? നമ്മുടെ പെരുമാറ്റങ്ങളിലും ദൈനംദിന ഭാഷയിലും നാം കൂടുതല്‍ ശ്രദ്ധനല്‍കുകയും പരിഗണന നല്‍കുകയും ചെയ്യേണ്ട സമയമാണ്. പ്രത്യേകിച്ച്, ഇതുപോലുള്ള സമയങ്ങളിലും വരാനിരിക്കുന്ന സമയങ്ങളിലും. ജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഭാഷയാലാണ് രൂപപ്പെടുന്നത്. സ്‌നേഹം, ദയ, അനുകമ്പ, കരുതല്‍, ധൈര്യം, സാമാന്യബോധം എന്നിവയുടെ ഭാഷ. ഈ നേര്‍ത്തവ്യത്യാസം നാം എങ്ങനെ മനസ്സിലാക്കാന്‍ തുടങ്ങും, കരുതലിന്റെ ഭാഷ എന്താണ് അര്‍ഥമാക്കുന്നത് ?

കരുതലിന്റ ഭാഷ

വാക്കുകളിലോ അടയാളങ്ങളിലോ രൂപത്തിലോ വിഭജിക്കപ്പെടാതെ, ഉചിതവും ഉള്‍ക്കൊള്ളുന്നതുമായ ഭാഷ ഉപയോഗിക്കാന്‍ പഠിക്കണം. മറ്റുള്ളവരുടെ വികാരങ്ങളോടും ആശങ്കകളോടും ക്രിയാത്മകമായ, ക്ഷമയുള്ള, മുന്‍വിധിയില്ലാത്ത പ്രതികരണത്തിന്റെ ഭാഷ കൂടുതല്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെ ആശങ്കകളും ഭയങ്ങളും മനസ്സിലാക്കാനോ കേള്‍ക്കാനോ നാം മടിക്കുന്നത് പല തരത്തിലാണ്; അവ നിസ്സാരമോ പ്രാധാന്യമില്ലാത്തതോ ആണെന്ന തരത്തില്‍ നിരസിക്കുന്നു; ശ്രദ്ധയോ സഹായമോ വാഗ്ദാനം ചെയ്യുമ്പോള്‍ അക്ഷമയോടെയും മുന്‍വിധിയോടെയും സമീപിക്കുന്നു. പ്രശ്‌നങ്ങള്‍ അസഹനീയമാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത വ്യക്തിക്ക്, തന്നെ കേള്‍ക്കാനും സ്വാധീനിക്കാനും കഴിയുന്ന ഒരുകൂട്ടം മനുഷ്യരുള്ളതുതന്നെ വലിയ ആശ്വാസമാണ്. അത് അയാളെ സുഖപ്പെടുത്തിയേക്കാം.

ഒപ്പമുണ്ടെന്നു തോന്നിക്കുക

ലോകം വിരല്‍ത്തുമ്പിലെ ആശയവിനിമയത്തിലേക്കും വെര്‍ച്വല്‍ ഫെയ്സ് മീറ്റിങ്ങുകളിലേക്കും ചുരുങ്ങുമ്പോള്‍ നമ്മുടെ ഭാഷ ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തേണ്ടതുണ്ട്. മറ്റുള്ളവര്‍ക്കായി നാം അവിടെ തുടരുന്നിടത്തോളം നമ്മുടെ അതിരുകള്‍ മറികടക്കാതിരിക്കാനും ലംഘിക്കാതിരിക്കാനും ശ്രദ്ധിക്കണം. അതിനായി നമ്മുടെ അതിരുകള്‍ നിര്‍ണയിക്കേണ്ടതുമുണ്ട്. ഇത് വൈകാരികമായി ജാഗ്രത പുലര്‍ത്തുകയും സാമൂഹികമായി പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.

നിങ്ങള്‍ എങ്ങനെയിരിക്കുന്നു, സുഖമാണോ എന്ന ഒരൊറ്റ ചോദ്യം മതിയാകും ചിലസമയങ്ങളില്‍ കരുതല്‍ പ്രകടിപ്പിക്കാന്‍. അനിശ്ചിതത്വങ്ങളുടെയും ഭയങ്ങളുടെയും ഈ ഇരുണ്ടകാലത്ത് പ്രത്യേകിച്ചും. ക്ഷേമാന്വേഷണ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ കൂടുതല്‍ ആത്മാര്‍ഥത പുലര്‍ത്താം. നമുക്ക് സുഖം തോന്നുന്നില്ലെങ്കില്‍/ പ്രയാസത്തിലാണെങ്കില്‍ അങ്ങനെത്തന്നെ തുറന്നുപറയാനും പഠിക്കാം.  

അനിഷ്ടത്തോടെ പെരുമാറരുത്

ഓരോരുത്തരുടെയും വേദനകളും പോരാട്ടങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പട്ടിക അനന്തവുമാണ്. ആളുകള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പരുഷമായി, അനിഷ്ടത്തോടെ പെരുമാറാന്‍ നമുക്ക് ഒരവകാശവുമില്ല. വാക്കുകളുടെയും പ്രവൃത്തികളുടെയും പ്രതികരണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നാം പഠിക്കണം. പിന്തുണയോ ദയയോ പ്രകടിപ്പിച്ച് ശീലമില്ലാത്ത ആളുകള്‍ക്കും സഹായം ചോദിക്കാന്‍ മടിയുള്ള വ്യക്തികള്‍ക്കും ഇത് എളുപ്പമായിരിക്കില്ല. എങ്കിലും, നമുക്ക് ശ്രമിക്കാം. ആവശ്യമുള്ള സമയത്ത് പ്രിയപ്പെട്ടവരുടെ സാന്നിധ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്വയം മുറിവേല്‍പ്പിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും മതിയായ ഉദാഹരണങ്ങള്‍ എത്രയോ നമുക്ക് ചുറ്റുമുണ്ട്.

നമുക്ക് ഇപ്പോള്‍ത്തന്നെ തുടങ്ങണം. മൂല്യമുള്ള, ആശ്വാസം നല്‍കുന്ന, ജീവിതത്തെ വിലമതിക്കുന്ന തുടക്കങ്ങള്‍ക്കായി ഇപ്പോള്‍ത്തന്നെ തയ്യാറാവാം.  ആലിംഗനങ്ങള്‍ നമുക്കൊരു ശീലമാക്കി മാറ്റാം. 'ഒപ്പമുണ്ട് ഞാന്‍, അത് നീ അറിയണം' എന്നതാവട്ടെ നമ്മുടെ ഭാഷ.

ഇവ ചെയ്തുനോക്കൂ...

മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ നമുക്ക് കൂടുതല്‍ സുതാര്യതയും ആത്മാര്‍ഥതയും പുലര്‍ത്താം. നമുക്ക് ചെയ്യാവുന്ന ഏറ്റവും ചുരുങ്ങിയ കാര്യങ്ങള്‍ ഇവയാണ്:

 • മറ്റുള്ളവരെ ശ്രദ്ധിക്കുക
 •  മറ്റുള്ളവര്‍ക്കുവേണ്ടി സമയമുണ്ടാക്കുക
 •  ഉറപ്പുനല്‍കുന്ന വാക്കുകളും പ്രവൃത്തികളും നിങ്ങളെക്കുറിച്ച് മറ്റേയാളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നു.
 • കരുതല്‍ക്കുറവുള്ളതായി നടിക്കരുത്
 •  നിങ്ങള്‍ എല്ലായ്പ്പോഴും തിരക്കിലാണെന്ന് പറയാതിരിക്കുക
 •  ഒരു വ്യക്തിയുടെ പ്രയാസം എത്ര നിസ്സാരമാണെങ്കിലും അതിനെ കുറച്ചു കാണാതിരിക്കുക
 •  സഹായമോ പിന്തുണയോ ആവശ്യപ്പെട്ടുള്ള വിളികളെ ഒരിക്കലും അവഗണിക്കരുത്
 •  ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ കളിയാക്കരുത്
 •  നിങ്ങളുടെ പ്രശ്‌നങ്ങളെ അവരുടേതുമായി താരതമ്യം ചെയ്യരുത്
 •  പ്രശ്‌നങ്ങളെ നിങ്ങള്‍ എങ്ങനെ നേരിട്ടു എന്നതുമായി അവരുടെ പോരാട്ടശ്രമങ്ങളെ താരതമ്യം ചെയ്യരുത്.
 •  ജീവിതത്തില്‍ എല്ലാം ഉള്ളപ്പോഴും എന്തിനാണ് ദുര്‍ബലരും വിഷാദമുള്ളവരുമായിരിക്കുന്നതെന്ന് ഒരിക്കലും അവരോട് ചോദിക്കരുത്
 •  കരയുന്നതിലോ നിങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നതിലോ അവരെ കളിയാക്കരുത്
 •  നിരന്തരം അനാരോഗ്യത്തോടെയിരിക്കുന്നതിന് ഒരിക്കലും അവരെ പരിഹസിക്കരുത്


 (സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക.  aparna@zocio.net)