സന്തോഷമുള്ള വാര്‍ത്തയോടെ നമ്മള്‍ എഴുനേല്‍ക്കുന്നത് വിരളമായിക്കൊണ്ടിരിക്കുന്നു. ദയയും സഹാനുഭൂതിയും ബഹുമാനവും ക്ഷമയും ഇപ്പോഴുമിവിടെ ബാക്കിയുണ്ടോയെന്ന് സംശയിച്ചുപോവുന്നു പലപ്പോഴും. ഓരോ പതിനഞ്ചുമിനിറ്റിലും രാജ്യത്ത് ഓരോ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്‌സിന്റെ 2018-ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊലപാതക വാര്‍ത്തകള്‍ നമ്മളിലിന്ന് ഞെട്ടലുണ്ടാക്കുന്നതേയില്ല. പ്രതികാരവും അസഹിഷ്ണുതയുമെല്ലാം ഇന്ന് സ്വാഭാവിക ജീവിതരീതിയായി മാറിയിരിക്കുന്നു. നാം ഇങ്ങനെ വീണുപോകാനുള്ള കാരണം എന്താണ്? ഈ ചോദ്യവും അതിന്റെ ഉത്തരവും നമ്മെ മുന്നോട്ടു നയിക്കണം.
മാറ്റം തുടങ്ങേണ്ടത് വീടുകളില്‍നിന്ന്
മനുഷ്യരുടെ സാമൂഹിക ഇടപെടലിനെ സ്വാധീനിക്കാനുതകുന്ന വിധത്തിലുള്ള ഗുണപരമായ ഇടപെടല്‍ അടിയന്തരമായി ഉണ്ടാവണം. ഒരു വ്യക്തിയുടെ സ്വഭാവരൂപവത്കരണത്തിന്റെ അതേ സമയത്തുതന്നെയാണ് ഇടപെടലുകള്‍ തുടങ്ങേണ്ടതും. സംവേദനക്ഷമതയും അവബോധവും വീടുകള്‍ക്കുള്ളില്‍നിന്നുതന്നെയാണ് തുടങ്ങേണ്ടത്. പിന്നീട് സ്‌കൂളിലേക്കും അവിടെനിന്ന് പൊതുവിടങ്ങളിലേക്കും. ലൈംഗികതയെക്കുറിച്ചും ലിംഗപരമായ സ്വത്വത്തെക്കുറിച്ചും ലൈംഗിക അവയവങ്ങളെക്കുറിച്ചുമെല്ലാം കുട്ടികളോട് സംസാരിക്കണം. ഇത്തരം സംസാരങ്ങള്‍ തെറ്റായ ധാരണകളെ ഇല്ലാതാക്കും.രക്ഷിതാക്കളില്‍ അല്ലെങ്കില്‍ മുതിര്‍ന്നവരില്‍, മനുഷ്യജീവിതത്തിലെ ജൈവികമായ കാര്യങ്ങളെ കുട്ടികളെ എപ്പോള്‍, എങ്ങനെ പരിചയപ്പെടുത്തണം എന്നതിനെക്കുറിച്ച് തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. പുസ്തകത്തിലെഴുതിവെച്ചിട്ടുള്ള ലിംഗ നിര്‍വചനങ്ങള്‍ക്കപ്പുറം ലൈംഗികാവയങ്ങളെക്കുറിച്ചും ലിംഗപരമായ സ്വത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികളോട് സംസാരിക്കണം.
ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ച് സമൂഹത്തിന് ചില മുന്‍വിധികളുണ്ട്. എന്നാല്‍, അതേക്കുറിച്ച് പഠിക്കുകയോ തെറ്റു മാത്രമായ ഈ മുന്‍വിധികളെ ഇല്ലായ്മ ചെയ്യാന്‍ ഓരോ മനുഷ്യനുമുള്ള പങ്കിനെക്കുറിച്ച് ചിന്തിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ നമ്മള്‍ ചെയ്യുന്നില്ല. പകരം കാലങ്ങളായി അടിയുറച്ച ചില സങ്കല്പങ്ങളും നിബന്ധനകളും പഠിപ്പിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും അത് അങ്ങനെത്തന്നെ അടുത്ത തലമുറയിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
ആണിനെയും പെണ്ണിനെയും രണ്ടായിത്തന്നെ കണ്ടുകൊണ്ടാണ് നാം ഇപ്പോഴും പല വീടുകളിലും വളര്‍ത്തുന്നതും സംസാരിക്കുന്നതും. എന്തിനാണത്? ലിംഗാടിസ്ഥാനത്തില്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് വെവ്വേറെ പരിഗണന നല്‍കുന്നതെന്തിന് ? അനുസരണയും അടക്കവും ക്ഷമയും വേണമെന്നും 'മാന്യമായ വസ്ത്രം' ധരിക്കണമെന്നും അധികമായും ഉറക്കെയും സംസാരിക്കരുതെന്നും നമ്മള്‍ നമ്മുടെ പെണ്‍മക്കളോട് ആവര്‍ത്തിച്ച് പറഞ്ഞുപഠിപ്പിക്കുന്നത് എന്തിനാണ്? ജീന്‍സും ലെഗ്ഗിന്‍സും സ്ലീവ്ലെസ് ഉടുപ്പുകളും ധരിക്കരുതെന്ന് കുടുംബത്തിലെ അച്ഛനും ആങ്ങളയും ബന്ധുക്കളായ മറ്റ് ആണുങ്ങളും പെണ്‍കുട്ടികളോട് കല്പിക്കുന്നതെന്തിന് ? ഇത്തരം അനാരോഗ്യകരമായ കല്പനകളിലൂടെ നാം നല്‍കുന്ന സന്ദേശമെന്താണ്? പെണ്ണിന്റെ വ്യക്തിത്വമെന്നാല്‍ അവളുടെ ശരീരമോ അല്ലെങ്കില്‍ ലൈംഗികാവയവമോ ആണെന്നുള്ള സന്ദേശമാണ് അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഇതിലൂടെ നല്‍കുന്നത്. ലൈംഗിക നിര്‍വചനങ്ങളിലെ ഈ അടഞ്ഞ ചിന്താഗതി ഉടച്ചെറിഞ്ഞില്ലെങ്കില്‍ അരുതുകളെയും അല്ലാത്തവയെയും കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും സമ്മതത്തെക്കുറിച്ചുമെല്ലാം കുട്ടികളെ തുടക്കകാലത്തുതന്നെ ബോധവത്കരിച്ചില്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഇനിയും മുകളിലേക്കുതന്നെയേ പോകുകയുള്ളൂ
തുടര്‍ച്ച സ്‌കൂളില്‍
ഈ തിരിച്ചറിവുകളും അവബോധവും സ്‌കൂളുകളില്‍ തുടരണം. അതും യൂണിഫോം സംവിധാനത്തില്‍നിന്നുതന്നെ പറഞ്ഞു തുടങ്ങുകയും വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തിനാണ് രണ്ടുതരത്തിലുള്ള യൂണിഫോം? ചില സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും പാവാടയുമാണ് യൂണിഫോം. പക്ഷേ, പാവാടയ്ക്കുപുറമേ അടിയിലൊരു പാന്റ് കൂടി ധരിക്കണം. കാലുകള്‍ ആണ്‍കുട്ടികള്‍ കാണാതിരിക്കാനാണത്രേ ഇത്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന ബോധം പെണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. തങ്ങളുടെ ശരീരം ശരിക്കും തങ്ങളുടേതല്ലെന്നും മറ്റാര്‍ക്കോ സന്തോഷം നല്‍കാന്‍ വേണ്ടിയുള്ള ഉപകരണം മാത്രമാണതെന്നുമുള്ള വിശ്വാസമാണ് പെണ്‍കുട്ടികളിലുറയ്ക്കുക. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഒരു അന്യബോധം സൃഷ്ടിക്കാനും ഇത് കാരണമാകും. അതോടെ തങ്ങളുടെ സ്വത്വം വ്യക്തിത്വത്തിലോ ചിന്തകളിലോ ഇഷ്ടാനിഷ്ടങ്ങളിലോ അല്ല, മറിച്ച് ലിംഗാധിഷ്ഠിതമാണെന്ന ധാരണയാകും അവരില്‍ വളരാന്‍ തുടങ്ങുന്നതും.
ആ വിവേചനം പിന്നീട് പുതിയ ഇടങ്ങളിലേക്കും പുതിയ തലങ്ങളിലേക്കും വ്യാപിക്കും. അവിടെ ആണിനും പെണ്ണിനുമിടയില്‍ മുതിര്‍ന്നവര്‍ പരോക്ഷമായ ഒരു മതില്‍ കെട്ടുന്നതു കാണാം ഇതിനിടയ്ക്ക്. ഭിന്നലൈംഗികരെക്കൂടി അംഗീകരിച്ചുകൊണ്ട് നമ്മുടെ രാജ്യം മുന്നോട്ടുപോയിട്ടുണ്ട് (ആ അംഗീകാരം സാര്‍വത്രികമാകണമെങ്കില്‍ പക്ഷേ, ഇനിയും കുറേക്കൂടി അവബോധം നമ്മുടെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്). എങ്കില്‍പ്പോലും ലിംഗസ്വത്വത്തിലധിഷ്ഠിതമായ മുന്‍വിധികളുടെ അമിതഭാരത്താലും അതിക്രമങ്ങളാലും സ്ത്രീകളിപ്പോഴും പീഡിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നത് വേദനാജനകമായ വാസ്തവമാണ്.
ആര്‍ത്തവവും ലൈംഗികതയും ചര്‍ച്ചയാവണം
വീട്ടകങ്ങളില്‍ ലിംഭഭേദത്താല്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള വ്യത്യസ്ത അടരുകളെ ഈ മഹാമാരിക്കാലം തുറന്നുകാട്ടിയിട്ടുണ്ട്. രക്ഷിതാക്കളും കുട്ടികളും തമ്മില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇനിയുമേറെ തുറന്നു സംസാരിക്കണം. കൂടുതല്‍ ഊഷ്മളമാകണം ആശയവിനിമയം. വീട്ടിനുള്ളിലെ ആണുങ്ങളില്‍നിന്നുണ്ടായ അനുഭവങ്ങള്‍, അത് നല്ലതായാലും മോശമായാലും സ്ത്രീകള്‍ തുറന്നു പങ്കുവെക്കണം. സ്വന്തം പെരുമാറ്റരീതികളിലെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കാന്‍ ആണുങ്ങള്‍ക്ക് അതൊരു അവസരമാകും. ഭക്ഷണപാത്രങ്ങളും വസ്ത്രങ്ങളും സ്വയം കഴുകാനും പച്ചക്കറിയും പലചരക്കും വാങ്ങാനും പാചകം ചെയ്യാനും വീട്ടിലെ ആണ്‍കുട്ടികളെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കണം. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൂടെ ആണ്‍കുട്ടികളുടെ മനസ്സില്‍ ലിംഗഭേദത്തെക്കുറിച്ച് പുനര്‍നിര്‍വചനം നടത്താനും ഉപബോധമനസ്സില്‍ അതിനെ ഊട്ടിയുറപ്പിക്കാനും കഴിയും.
ആര്‍ത്തവം സമം അശുദ്ധി എന്ന ചിന്തയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ളത്. എന്താണ് ആര്‍ത്തവം എന്നോ അതേക്കുറിച്ച് മനസ്സിലാക്കാനോ അറിയാനോ ഒന്നും അധികം ആളുകള്‍ ശ്രമിക്കുന്നില്ല. ആര്‍ത്തവവും ആ നേരത്ത് അനുഭവിക്കുന്ന വേദനയും അസ്വസ്ഥതകളും വീട്ടിലെ സംഭാഷണങ്ങളില്‍ കടന്നുവരട്ടെ. സ്ത്രീകളുടെ ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് പുരുഷന്മാര്‍ക്ക് മനസ്സിലാകാനും സ്ത്രീയെ കൂടുതല്‍ ബഹുമാനിക്കാനും ഇത് സഹായിക്കും. സാനിറ്ററി പാഡുകള്‍ വാങ്ങാനും അതേക്കുറിച്ച് സംസാരിക്കാനും ആണുങ്ങള്‍ക്കുള്ള സങ്കോചം ഇല്ലാതാകുകയും അതൊരു സാധാരണ കാര്യമാണ് എന്ന ചിന്ത വളര്‍ത്തിയെടുക്കുകയും അത്യാവശ്യമാണ്.
എല്ലാവരെയും ചേര്‍ത്തുപിടിക്കാം
പത്തും പതിമ്മൂന്നും വയസ്സിന് ഇടയില്‍ പ്രായമാകുമ്പോള്‍ത്തന്നെ, സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തില്‍ ലിംഗഭേദത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികളോട് നമ്മള്‍ വിശദമായി സംസാരിക്കണം. കെട്ടുകഥകളിലൂടെയോ ഐതിഹ്യങ്ങളിലൂടെയോ അല്ല അത് സാധ്യമാക്കേണ്ടത്. പ്രായോഗികജീവിതത്തിലെ ചുറ്റുപാടുകളെ വിശദമാക്കി സംസാരിക്കുന്നതാണ് ഉചിതം. ലിംഗപരമായ ഇടങ്ങളെയും ചര്‍ച്ചകളെയും പുനര്‍നിര്‍വചിക്കാനും അതുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനും അതുവഴി ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ ലോകം രൂപപ്പെടുത്തിയെടുക്കുന്നതിനും തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായേ തീരൂ. അതിനായി സ്‌കൂള്‍ പാഠപുസ്തകങ്ങളെ, പാഠ്യ പദ്ധതിയെ പൊളിച്ചെഴുതേണ്ടതുണ്ട്. കൂടുതല്‍ സമഗ്രമായി വീട്ടകങ്ങളെയും സാമൂഹിക പരിതസ്ഥിതിയെയും ഉടച്ചുവാര്‍ക്കേണ്ടതുണ്ട്.
(സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക) aparna@zocio.net
content highlights: Aparna viswanathan column on education system, social intelligence