പെണ്‍കുട്ടികളുടെ മിനിമം വിവാഹം പ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്ന് വയസ്സ് ആക്കി ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചും ഈ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ സ്ത്രീകളുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെ ക്കുറിച്ചും വിവിധങ്ങളായ പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടികളും സ്ത്രീസംഘടനകളും കോണ്‍ഗ്രസും മുസ്ലീംലീഗും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഫെമിനിസ്റ്റ് സംഘടനകളും ഈ ബില്ലിനെ കൂട്ടായി എതിര്‍ക്കുന്നു എന്നതാണ് ഈ നിയമത്തെ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതായ രാഷ്ട്രീയ പശ്ചാത്തലം സൃഷ്ടിച്ചിരിക്കുന്നത്.
പെണ്‍കുട്ടികളെ പോഷകാഹാര ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ കൃത്യമായ പ്രായത്തിലാണ് വിവാഹിതരാവേണ്ടത് എന്നും മാതൃ മരണനിരക്ക് കുറക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കുള്ള സാധ്യത ഉയര്‍ത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ആരോഗ്യ നിയമ, വനിതാ ശിശു വകുപ്പുകളിലെ ഔദ്യോഗിക പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നത തല കര്‍മ്മ സമിതിയുടെ ശുപാര്‍ശ പ്രകാരം പെണ്‍കുട്ടികള്‍ മിനിമം 21 വയസ്സിലെങ്കിലുമായിരിക്കണം ആദ്യത്തെ ഗര്‍ഭ ധാരണം നടത്തേണ്ടത് എന്നാണ് ഈ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇരുപത്തി ഒന്നു വയസ്സോടെയാണ് പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ച പൂര്‍ണ്ണമാകുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍ ഇരുപത്തി ഒന്നു വയസ്സിനു ശേഷമുള്ള പ്രസവം തന്നെയാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. സ്ത്രീപുരുഷ തുല്യതയുടെ അടിസ്ഥാനത്തില്‍ നിയമപരമായ വിവാഹപ്രായം എന്നത് ഇരുകൂട്ടര്‍ക്കും ഒരേ പ്രായമായിരിക്കണം നിശ്ചയിക്കേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്രയൊക്കെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ക്കനുകൂലം എന്ന് തോന്നുന്ന ഈ നിയമഭേദഗതിയെ ധാരാളം സ്ത്രീകള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.

എന്നാല്‍, ഈ കാരണങ്ങളാല്‍ മാത്രം ഈ നിയമഭേദഗതിയെ പിന്തുണയ്ക്കുമ്പോള്‍ മറ്റു വലിയ ജനാധിപത്യ നഷ്ടങ്ങളെക്കുറിച്ച് മറന്നു പോകുന്നു എന്നത് ഈ വിഷയത്തിനുള്ളിലെ ദുരന്തപൂര്‍ണ്ണമായ വൈരുദ്ധ്യമായിത്തീരുന്നുണ്ട്.

child marriageവിവാഹപ്രായത്തില്‍ സ്ത്രീപുരുഷ തുല്യതയ്ക്കു വേണ്ടി ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയാല്‍ 99 ശതമാനം ആണ്‍കുട്ടികളും പതിനെട്ടു വയസ്സില്‍ വിവാഹം കഴിക്കില്ലെന്ന് നമുക്കറിയാം. അതുപോലെയായിരിക്കണം പെണ്‍കുട്ടികളുടെ കാര്യത്തിലും വിവാഹ പ്രായത്തിന്റെ സാമ്പത്തിക, സാമൂഹ്യ, ജെന്റര്‍ സയന്‍സ് പ്രവര്‍ത്തിക്കേണ്ടത്. അതിനു വേണ്ടത് സമൂഹത്തിലാകെ വലിയ തോതിലുള്ള സ്ത്രീപക്ഷ ബോധവത്കരണവും പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും തൊഴില്‍ അവസരത്തിനും സര്‍ക്കാര്‍ നല്‍കേണ്ടതായ അധിക പിന്തുണാ സംവിധാനങ്ങളും നിയമപരിരക്ഷയുമാണ്.

പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും ദരിദ്ര വിഭാഗങ്ങളിലും മതവിശ്വാസങ്ങള്‍ പഴയകാലത്തു നിന്ന് മാറ്റാതെ അനുവര്‍ത്തിച്ചു വരുന്ന ഹിന്ദു മുസ്ലീം വിഭാഗങ്ങളിലും 18 വയസ്സിനു മുന്‍പു തന്നെയോ പതിനെട്ടു വയസ്സു തികയുന്നതോടെയോ പെണ്‍കുട്ടികളുടെ വിവാഹം നടത്തിവരുന്നുണ്ട്. വിവാഹപ്രായം ഇരുപത്തി ഒന്നിലേക്ക് ഉയര്‍ത്തുന്നത് മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാധ്യത നല്‍കുന്നു എന്നതും പ്രതീക്ഷിമ്പോഴും ദരിദ്ര പിന്നാക്ക വിഭാഗങ്ങളിലെ ഡ്രോപ് ഔട്ടായ പെണ്‍കുട്ടികള്‍ക്ക് അത്തരം പ്രതീക്ഷകള്‍ക്ക് അവസരമില്ല.

2017 ലെ യു എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ 27 ശതമാനം പെണ്‍കുട്ടികളും മിനിമം വിവാഹപ്രായമായ 18 വയസ്സിലും താഴെയുള്ള പ്രായത്തില്‍ വിവാഹിതരാവുന്നവരാണ്. യു എന്‍ കണക്കിനേക്കാളും യഥാര്‍ത്ഥത്തില്‍ എത്രയോ കൂടുതലാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ശൈശവവിവാഹങ്ങള്‍. മിനിമം വിവാഹപ്രായം 18 ആയിരിക്കുമ്പോള്‍ത്തന്നെ ഇന്നത്തെ ഇന്ത്യയില്‍ 13 വയസ്സിലും 14 വയസ്സിലും പെണ്‍കുട്ടികളെ വിവാഹിതരാക്കുകയും അവര്‍ പ്രസവിക്കാനിടയാക്കുകയും ചെയ്യുന്നത് ബീഹാര്‍, രാജസ്ഥാന്‍, യു പി തുടങ്ങി പല സംസ്ഥാനങ്ങളിലും സര്‍വ്വ സാധാരണമാണ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കുന്നതിന് ആദ്യത്തെ സമഗ്രമായ ഇടപെടല്‍ നടത്തേണ്ടത് ഈ മേഖലകളിലാണ്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ദാരിദ്ര്യത്തിന്റെ, പോഷകാഹാരക്കുറവിന്റെ, വിദ്യാഭ്യാസ നിഷേധത്തിന്റെ, പതിനെട്ടു വയസ്സു പൂര്‍ത്തിയായതിനു ശേഷം മാത്രമുള്ള വിവാഹ, ലൈംഗിക, പ്രത്യുത്പാദന, മാതൃ, ശിശു അവകാശ നിഷേധങ്ങളുടെ, തൊഴിലും സ്ഥിരവരുമാനവും നേടാനുള്ള നിഷേധങ്ങളുടെ നിലവിലുള്ള രൂക്ഷതകള്‍ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയാല്‍ പരിഹരിക്കപ്പെടുമോ? ഉദാഹരണത്തിന്, അട്ടപ്പാടി പോലുള്ള സ്ഥലങ്ങളില്‍ 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങള്‍ മരിച്ചു പോകുന്നതിനെ, കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വിവാഹപ്രായവും പോഷകാഹാരക്കുറവും എന്ന ലളിതയുക്തി കൊണ്ട് മറികടക്കാനാവുന്നതല്ല. പ്രായം കൂടും തോറും അവരുടെ ദാരിദ്ര്യവും കൂടിക്കൊണ്ടേയിരിക്കുകയാണ്. അവര്‍ സ്വന്തമായി തീര്‍ത്തും വിഭവങ്ങളില്ലാത്തവരാണ്. രാജ്യവ്യാപകമായി ഈ അവസ്ഥയെ പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തുണ്ട് പദ്ധതികള്‍?

Modi

കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യപരമായി തിരക്കു പിടിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവത്ക്കരണ കോര്‍പ്പറേറ്റ് മുതലാളിത്ത സാമ്പത്തിക നയങ്ങളുടേയും പൊതു വിഭവങ്ങള്‍ വിറ്റഴിക്കുന്നതിന്റേയും ഫലമായി ഇന്ത്യയിലെ ദരിദ്രകോടികളായ മനുഷ്യരുടെ, വിശേഷിച്ച് പെണ്‍കുട്ടികളുടെ പോഷകാഹാര ദാരിദ്ര്യം വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. മൂന്നു വര്‍ഷം വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ മാത്രം ദരിദ്ര, പാര്‍ശ്വവത്കൃത വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ ലഭിക്കുകയുമില്ല. ഡിമോണിറ്റൈസേഷനും കര്‍ഷകവിരുദ്ധ നിയമവും പൗരത്വ ഭേദഗതി നിയമവും, കാശ്മീരിന്റെ ഭരണഘടനാവകാശം റദ്ദാക്കുന്ന നിയമവും ഇന്ത്യയിലെ പൗരാവകാശങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു കൊണ്ടു വരുന്ന പുതിയ ഭേദഗതിയിലെ ആപല്‍സൂചനകളെ വേര്‍തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ജാഗ്രതയുണ്ടായിരിക്കണം.

യഥാര്‍ത്ഥത്തില്‍, ബി ജെ പി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടു വരുന്ന വിവാഹനിയമ ഭേദഗതിക്ക് സ്ത്രീസംരക്ഷണത്തിന്റേയും സ്ത്രീശിക്ഷയുടേയും ഇരുതല മൂര്‍ച്ചയുള്ള വാളിന്റെ സ്വഭാവമുണ്ട്. പെണ്‍കുട്ടികളുടെ പ്രണയം, ലൈംഗികത, ഇതര മതത്തില്‍ പെട്ടവരുമായുള്ള വിവാഹം എന്നിവയോടെല്ലാം കടുത്ത അക്രമാസക്തിയോടെ പെരുമാറുന്ന ഹിന്ദുത്വ സംഘപരിവാര്‍ ഭരണകൂടമാണ് ഈ ഭേദഗതിക്കു വേണ്ടി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച പോലുമില്ലാതെയാണ് കേന്ദസര്‍ക്കാര്‍ എല്ലാ പുതിയ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഹിന്ദു മുസ്ലീം പ്രണയങ്ങളും വിവാഹങ്ങളും നിരോധിക്കാന്‍ 'ലൗജിഹാദ്' ഉണ്ടെന്ന കുപ്രചരണം നടത്തി അതിനെ തടയാന്‍ വേണ്ടി എന്ന ന്യായം പറഞ്ഞ് നിയമമുണ്ടാക്കിയിട്ടുണ്ട്.

വാലന്റൈന്‍സ് ഡേയില്‍ മാത്രമല്ല, മുഴുവന്‍ ദിവസങ്ങളിലും അക്രമാസക്തമായ സദാചാര പോലീസിങ് നടത്താന്‍ പുതിയ വിവാഹ പ്രായ ഭേദഗതി നിയമത്തെ ഉപയോഗിക്കാം.  പെണ്‍കുട്ടികളുടെ ലൈംഗികനിയന്ത്രണ നിയമമായിക്കൂടി ഈ നിയമഭേദഗതിയെ ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്.

2006 ലെ ശൈശവ വിവാഹ നിയമത്തില്‍ വരുത്തുന്ന പുതിയ ഭേദഗതിയെത്തുടര്‍ന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ടിലും 1955 ലെ ഹിന്ദു മാര്യേജ് ആക്ടിലും മറ്റു വ്യക്തി നിയമങ്ങളിലും ഭേദഗതികള്‍ വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയുമില്ലാതെ എന്തു തരം നിയമ നിര്‍മ്മാണവും നടത്താം എന്നത് കയ്യടിച്ച് അംഗീകരിക്കാനാവുമോ? ഇത്തരം ഒരു നിയമഭേദഗതി ആരു കൊണ്ടു വരുന്നു എന്നത് തന്നെയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനമായ കാര്യം. ഒരു സെക്കുലര്‍ ഭരണകൂടം, ജനാധിപത്യ പ്രക്രിയകളിലൂടെ ഇത്തരം ഒരു നിയമം കൊണ്ടു വരാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ ഉള്ളടക്കത്തിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടി വരികയില്ല. എന്നാല്‍, കുപ്രസിദ്ധനായ ഒരു കശാപ്പുകാരന്‍ അരുമയായ മൃഗത്തെ സംരക്ഷിച്ചു വളര്‍ത്താനാണെന്നു പറഞ്ഞു വാങ്ങുന്നത് വളര്‍ത്തി വലുതാക്കി കൊല്ലാനാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

പതിനെട്ട് വയസ്സ് എന്ന നിലവിലുള്ള വിവാഹ പ്രായം ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന നിയമഭേദഗതി ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സവിശേഷമായ ആശങ്കകളെ നിസ്സാരമായി കാണാനാവില്ല. പോക്സോ നിയമം നടപ്പാക്കിയപ്പോള്‍ ആദ്യം ജയിലുകളില്‍ അടയ്ക്കപ്പെട്ടവരില്‍ ഇന്ത്യയിലെ, നമ്മുടെ വയനാട്ടിലെയടക്കം നിഷ്‌ക്കളങ്കരായ ആദിവാസി ആണ്‍കുട്ടികളുമുണ്ടായിരുന്നു എന്ന കാര്യം ഓര്‍ക്കണം. അതുവരേയും ജീവിച്ചു വന്ന സാമൂദായികാചാര പ്രകാരമുള്ള വിവാഹങ്ങള്‍ കുററകരമായിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള നിയമം വരുമ്പോള്‍ അതിനു മുമ്പ് ഉണ്ടാകേണ്ടതായ സാമൂഹ്യ സുരക്ഷാ പരിപാടികളും നിയമ ബോധവത്രകരണവും മുന്നറിയിപ്പുകളും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ലഭിക്കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായി ജനങ്ങളെ അറിയിക്കേണ്ടതുണ്ട്.

കേരളത്തിലെ ചര്‍ച്ചകള്‍

കേരളത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ എന്നെ ആശ്വസിപ്പിച്ച ഒരു കാര്യം, പതിനെട്ടു വയസ്സു കഴിഞ്ഞ പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി, ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നു സംസാരിക്കാന്‍ മുഖ്യധാരാ സ്ത്രീ സംഘടനകള്‍ ആദ്യമായി നിര്‍ബ്ബന്ധിതമായി എന്നതാണ്. വിശേഷിച്ചും, അനുപമയുടെ സമരം കണ്ട കേരളത്തില്‍. മറ്റൊന്ന്, വ്യക്തിപരമായ അനുഭവ തലത്തില്‍ നിന്നുകൊണ്ട് പലരും 21 വയസ്സ് എന്ന ഭേദഗതിയെ സര്‍വ്വാത്മനാ പിന്തുണക്കുന്നത് കണ്ടു. പെണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം, ജോലി എന്നീ സാധ്യകളെ ഊന്നിക്കൊണ്ടാണ് ഇത്തരം പിന്തുണയ്ക്കല്‍ കണ്ടത്. കേരളത്തില്‍ നിലവിലുള്ള ശരാശരി വിവാഹ പ്രായം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നതാണ്. ശക്തമായ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഉന്നം വെച്ചു നല്‍കുന്നതിലൂടേയും അതിനിയും ഉയര്‍ത്താനാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കാര്യം വ്യക്തമാണ്. ലൈംഗികത എന്നത് വിവാഹശേഷം മാത്രം സാമൂഹ്യ, കുടുംബ സമ്മതിയുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ മനുഷ്യ ലൈംഗികത എന്നത് പ്രകൃതി സഹജമായ യാഥാര്‍ത്ഥ്യമാണ്. ഇന്നത്തെ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായാലും, സ്വന്തം ചോയ്സ് അനുസരിച്ചാണെങ്കിലും ഇരുപത്തി ഒന്നു വയസ്സിനുള്ളില്‍ അത് കുറ്റകരമാണെന്ന് വ്യാഖ്യാനിക്കാന്‍ കൂടി സാധിക്കുന്ന ഒരു നിയമമായി അതിനെ ദുര്‍വിനിയോഗിക്കാനാവും.

പെണ്‍കുട്ടികള്‍ എല്ലാവരും ഇരുപത്തൊന്നു വയസ്സിനു മുമ്പ് ലൈംഗികസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. എന്നാല്‍ ആഗ്രഹിക്കുന്ന ധാരാളം പെണ്‍കുട്ടികളുമുണ്ട്. ലൈംഗിക വിദ്യാഭ്യാസം ലഭിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ അവകാശമുണ്ട്. ആ അവബോധം, ചെറുപ്രായത്തിലുള്ള ഗര്‍ഭധാരണം ഒഴിവാക്കി, ആരോഗ്യകരമായി ലൈംഗികബന്ധത്തെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കും.

എന്റെ വ്യക്തിപരമായ അഭിപ്രായം ഇപ്പോഴുള്ള മിനിമം വിവാഹ പ്രായമായ പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ എപ്പോള്‍ ലൈംഗിക ബന്ധം വേണം, ആരെ വിവാഹം കഴിക്കണം, എപ്പോള്‍ വിവാഹം കഴിക്കണം, എപ്പോള്‍ പ്രസവിക്കണം, വിവാഹം കഴിക്കണോ കഴിക്കാതിരിക്കണോ, പ്രസവിക്കണോ പ്രസവിക്കാതിരിക്കണോ തുടങ്ങിയ കാര്യങ്ങള്‍ മുന്നറിവുകളോടും ഉത്തരവാദിത്വത്തോടും കൂടി സ്വയം തീരുമാനിക്കാനാവുന്ന അവകാശമാണ് യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക് വേണ്ടത്. ആ തീരുമാനത്തോട് ബഹുമാനം കാണിക്കാനും പിന്തുണക്കാനും കുടുംബങ്ങള്‍ക്ക്, മതനേതൃത്വങ്ങള്‍ക്ക്, ഭരണകൂടത്തിന് കഴിയണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ വിവാഹത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഇന്നും കുടുംബത്തിലെ മുതിര്‍ന്നവരും മതങ്ങളും വിപണിയും ഭരണകൂടവും ചേര്‍ന്നാണ് കയ്യടക്കിയിരിക്കുന്നത്. അത് മാറണം. ഒരു ജനാധിപത്യ സമൂഹത്തില്‍ വിവാഹ നിയമങ്ങള്‍ പൗരരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായകരമായ ഒരു ഉപകരണം മാത്രമേ ആകാന്‍ പാടുള്ളു.

content highlights: CS Chandrika's observation on raising legal age of marriage for women to 21