ന്ത്യയിലെ ആദിവാസി ജീവിതങ്ങളും ആവാസ വ്യവസ്ഥയും ഇക്കാലമത്രയും നേരിട്ട അവഗണനകള്‍ക്കും ദുരിതങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കയ്യും കണക്കുമില്ല. അതിനു പുറമേ ഇന്നത്തെ കോര്‍പ്പറേറ്റ് മുതലാളിത്ത, ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്‍ കീഴില്‍ നേരിടുന്ന സമ്പൂര്‍ണ്ണ കൊള്ളകളും ക്രൂരതകളും ആദിവാസികള്‍ ഉപജീവിക്കുന്ന പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും അവരുടെ നിലനില്‍പ്പിനേയും തീര്‍ത്തും തുടച്ചു നീക്കും വിധം ഭീഷണമായ സാഹചര്യങ്ങളിലാണുള്ളത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വിവര പ്രകാരം 174 സബ്ഗ്രൂപ്പുകളടക്കം ഇന്ത്യയിലാകെ 461 ആദിവാസി വിഭാഗങ്ങളുണ്ട്. ഇതില്‍ ഭാഷ, വേഷം, ആചാരം, ഭക്ഷണം തുടങ്ങിയവയിലെല്ലാം വ്യത്യസ്ത സംസ്‌ക്കാരമുള്ള 36 ആദിവാസി വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ആദിവാസികള്‍ക്കിടയിലുള്ള ഈ വ്യത്യസ്തതകളെ കേരള വികസനത്തില്‍ ഏതു വിധത്തില്‍ അഭിസംബോധന ചെയ്യണം? സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എഴുപതാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിട്ടും എന്തുകൊണ്ട് പൊതുസാമൂഹ്യ വികസന സൂചികകളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ കേരളത്തിലും ആദിവാസികള്‍ ഇപ്പോഴും ദരിദ്രരും അവശരും തൊഴില്‍ രഹിതരും അധികാരമില്ലാത്തവരുമായി തുടരുന്നു?

2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ് ആദിവാസികള്‍ ഉള്ളത്. അതായത്, 4, 84,839 മനുഷ്യര്‍ മാത്രം. മൂന്നര കോടിയിലധികം മനുഷ്യരുള്ള സംസ്ഥാനത്ത് ആകെ 5 ലക്ഷത്തില്‍ താഴെ വരുന്ന ജനസംഖ്യ മാത്രം. ആകെ 1,07,965 കുടുംബങ്ങള്‍. ആകെ 4,762 ഊരുകള്‍. പശ്ചിമഘട്ട മേഖലയില്‍, തമിഴ് നാടിന്റേയും കര്‍ണ്ണാടകത്തിന്റേയും അതിര്‍ത്തികളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കേരളത്തിലെ ആദിവാസി വാസ സങ്കേതങ്ങളുള്ളത്. ഏതാണ്ട് 948 ആദിവാസി വാസ സങ്കേതങ്ങള്‍ വനത്തിനോടു ചേര്‍ന്നും 540 വാസ സങ്കേതങ്ങള്‍ റിസര്‍വ്വ് വനത്തിനുള്ളിലുമുണ്ട്. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ളത്.

ഇക്കാലത്തെ പുതിയ സാഹചര്യങ്ങളും കൂടി കണക്കിലെടുത്തു കൊണ്ട് കേരളത്തിലെ ആദിവാസി വികസനം സുസ്ഥിരമായി എങ്ങനെ ഇനിയെങ്കിലും സാധ്യമാക്കാനാവണം എന്ന ആലോചനകള്‍ ഗൗരവപൂര്‍വ്വം നടക്കണം. കേരളത്തിന്റെ പൊതുവായ സുസ്ഥിര വികസനം സംബന്ധിച്ച ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് അടിസ്ഥാനപരമായി ആദിവാസി വികസനത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. ആദിവാസി സമൂഹത്തിന്റെ വികസന സൂചികകള്‍ സന്തുഷ്ടകരമാണെങ്കില്‍ മാത്രമേ കേരള വികസന മാതൃക ലോകമാകെയും പ്രചരിപ്പിക്കാവുന്ന സുസ്ഥിര വികസന വിജയമായി കണക്കാക്കാനാവുകയുള്ളു എന്ന തിരിച്ചറിവുണ്ടാകുക പ്രധാനമാണ്. ആദിവാസികളുടെ ജീവിതം സുസ്ഥിരമാം വിധം സന്തോഷകരമാകുമെങ്കില്‍ മാത്രമേ കേരളത്തിന്റെ വികസനം ശരിയായ ദിശയിലേക്കു വന്നിരിക്കുന്നു എന്ന് നമുക്ക് വിലയിരുത്താനും ആശ്വസിക്കാനും സാധിക്കുകയുള്ളു.

adivasi
കാട്ടിൽ പോയി കുറുന്തോട്ടി ശേഖരിച്ചു വരുന്ന ആദിവാസികൾ | വയനാട്ടിൽ നിന്നുള്ള കാഴ്ച

ആദിവാസികളെക്കുറിച്ചുള്ള അജ്ഞത

കേരളത്തിന്റെ സമതലങ്ങളില്‍ ജീവിക്കുന്ന മുഖ്യധാരയിലെ ഭൂരിഭാഗം പേരും ഇപ്പോഴും ആദിവാസികളേയോ അവരുടെ ജീവിത പ്രതിസന്ധികളേയോ സംസ്‌ക്കാരത്തേയോ നേരിട്ടു കാണാത്തവരും അറിയാത്തവരുമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ആദിവാസികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അജ്ഞതയും ഇവിടെ ഇപ്പോഴും പ്രബലമായി നിലനില്‍ക്കുന്നുണ്ട്. 'കാട്ടുജാതിയെപ്പോലെ', 'സംസ്‌ക്കാരമില്ലാത്തവര്‍', 'അപരിഷ്‌കൃതര്‍' എന്നിങ്ങനെ പൊതുസമൂഹത്തിന്റെ വിശേഷണങ്ങള്‍ നിര്‍ലോഭമായി ആദിവാസികളെക്കുറിച്ച് പറഞ്ഞു കേള്‍ക്കാറുണ്ട്. ആദ്യമേ പറയട്ടെ, അത്തരത്തിലുള്ള വിശേഷണങ്ങള്‍ അരുത്. ആദിവാസികളുടെ സംസ്‌ക്കാര സമ്പന്നത മുഖ്യധാരാ സമൂഹത്തിന് കണക്കാക്കാന്‍ കഴിയാത്തത്രയും വലുതാണ്. അവര്‍ കാടിനെ സംരക്ഷിക്കുന്നവരാണ്. പ്രകൃതിയേയോ മറ്റു മനുഷ്യരേയോ കൊള്ളയടിക്കുന്നവരല്ല. വലിയ പ്രകൃതി ജ്ഞാനമുളളവരും ആത്മീയ ബോധമുള്ളവരുമാണ്. ലാളിത്യത്തിന്റെയും പങ്കു വെയ്ക്കലിന്റേയും കരുതലിന്റേയും സംസ്‌ക്കാരമുള്ളവരാണ്. ആദിവാസികളുടെ ജീവിതാവശ്യത്തിനുള്ള വിഭവങ്ങള്‍ കൂടി മുഖ്യധാരാ മനുഷ്യരുടെ ഉപഭോഗാസക്തി നിഷ്‌ക്കരുണം ഉപയോഗിക്കുന്നതു കൊണ്ടാണ് അവര്‍ പട്ടിണിയിലും അനാരോഗ്യത്തിലും ജീവിക്കേണ്ടതായി വന്നിരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെ മുഖ്യധാരയിലെ ശിശുമരണ നിരക്കും ആദിവാസി ശിശുമരണ നിരക്കും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കുന്നത്.

ദൃശ്യമാധ്യമങ്ങളിലൂടെ ചിലപ്പോഴൊക്കെ ആദിവാസികളുടെ പ്രശ്നങ്ങളെപ്പറ്റി, പ്രതിബദ്ധതയുള്ള ചില മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ കുറേപ്പേരെങ്കിലും കണ്ടിട്ടുണ്ടാവും. ചില മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി ആദിവാസി സ്നേഹത്താലെന്ന വ്യാജേന സത്യത്തെ മായയാക്കുന്ന വിധമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. പറഞ്ഞു വന്നത്, നിമിഷ വേഗത്തില്‍ സ്‌ക്രീനില്‍ വന്നു മറഞ്ഞു പോകുന്ന വാര്‍ത്തയിലെ ജീവിതത്തില്‍ നിന്ന് എത്രയോ വ്യാപ്തിയുള്ളതും വ്യത്യസ്തവുമാണ് അവര്‍ നേരിടുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍!

1997 ലാണ് ആദിവാസികളേയും അവര്‍ ജീവിക്കുന്ന ഭൂപ്രദേശങ്ങളും ഊരുകളും ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്. കേരള യൂണിവേഴ്സിറ്റിയില്‍ ഒരു ഗവേഷണ പദ്ധിതിയില്‍ പങ്കെടുത്തു കൊണ്ട് അട്ടപ്പാടി, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ നടത്തിയ ആദ്യ പഠനം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന തടസ്സങ്ങളും സ്‌കൂള്‍ കൊഴിഞ്ഞു പോക്കും സംബന്ധിച്ചായിരുന്നു. തുടര്‍ന്ന് 1998 ല്‍, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയെക്കുറിച്ചുള്ള പഠനം നടത്തി. ആ പഠനത്തിന്റെ സ്ഥലം വയനാട് ആയിരുന്നു. വയനാട്ടിലെ ആദിവാസി ഊരുകളില്‍ നിന്ന് പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാലമായിരുന്നു അത്. പിന്നീട് കേരളം കണ്ട ആദിവാസി ഭുസമരങ്ങളെ പിന്തുണച്ചു കൊണ്ട് അവരുടെ ഒപ്പം ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ആദിവാസി വികസന പ്രശ്നങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനു ശേഷം പത്തു വര്‍ഷക്കാലം എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സാമൂഹ്യശാസ്ത്രജ്ഞ എന്ന തസ്തികയില്‍ ആദിവാസി വികസന പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ് ആദിവാസി ജീവിതത്തിന്റെ ദയനീയമായ സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ നേര്‍ക്കു നേര്‍ നില്‍ക്കേണ്ടി വന്നത്. നിരവധി പദ്ധതികള്‍ നടപ്പിലാക്കി. എല്ലാം അവരുടെ സജീവമായ നേതൃത്വത്തോടും പങ്കാളിത്തത്തോടും കൂടി നടപ്പാക്കിയതു കൊണ്ടു മാത്രമാണ് വിജയകരമായിത്തീര്‍ന്നത്.

ആദിവാസി വികസനമെന്നാല്‍ എന്തായിരിക്കണമെന്ന് പറയാന്‍ ശേഷിയുള്ള, ഡോ. നിധീഷിനെപ്പോലുള്ള ചെറുപ്പക്കാര്‍ ഇന്ന് ആദിവാസികള്‍ക്കിടയില്‍ ഉണ്ട്. സ്വന്തം സമൂഹത്തിന്റെ ജീവിതാനുഭവങ്ങളും അമൂല്യമായ പാരമ്പര്യ അറിവുകളും ഉന്നത വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പുതിയ അറിവുകളും ചേര്‍ന്ന്, തങ്ങളുടെ സമൂഹത്തിന് ആവശ്യമായ വികസനത്തെപ്പറ്റിയുള്ള കൃത്യമായ കാഴ്ചപ്പാടുകള്‍ സര്‍ക്കാരിനും പൊതു സമൂഹത്തിനും മുന്നില്‍ വെയ്ക്കാന്‍ അവര്‍ വലിയ പ്രാപ്തി നേടിയിരിക്കുന്നു. ആദിവാസികള്‍ക്കിടയില്‍ നിന്നുള്ള ബൗദ്ധികമായ നേതൃത്വവും പ്രതിബദ്ധതയുള്ളവരുടെ പങ്കാളിത്തവും കൂട്ടായ്മയുമാണ് ആദിവാസി വികസന നയരൂപീകരണ, പദ്ധതി ആവിഷ്‌ക്കരണങ്ങളിലും നിര്‍വ്വഹണങ്ങളിലും മേല്‍നോട്ട പ്രക്രിയകളിലും ഇനിയുള്ള കാലം പ്രധാന പങ്കു വഹിക്കേണ്ടത്.

മുകളിൽ നിന്ന് താഴേക്കല്ല, താഴെ നിന്ന് മുകളിലേക്കാണ് വികസനം വേണ്ടത്

പ്രാഥമികമായി, ആദിവാസികളുടെ പ്രശ്നങ്ങളും അനുഭവങ്ങളും അറിവുകളും ആവശ്യങ്ങളും കേള്‍ക്കുകയും അതിനനുസരിച്ച് വികസന കാഴ്ചപ്പാടും മുന്‍ഗണനകളും പ്രായോഗിക തന്ത്രങ്ങളും ആദിവാസികളുടെ സജീവമായ പങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കുകയാണ് വേണ്ടത്. മുകളില്‍ നിന്ന് താഴേയ്ക്കല്ല (Top Down)താഴെ നിന്ന് മുകളിലേക്കുള്ള (Bottom Up) വികസന സമീപനമാണത്. അതു മാത്രമേ അവര്‍ സ്വന്തമെന്നു കരുതുകയുള്ളു. അല്ലാത്തതെല്ലാം അവര്‍ തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ട നിലയില്‍ നിന്നുകൊണ്ടാണ് ഇന്നോളം സ്വീകരിച്ചിട്ടുള്ളത്. 'ആദിവാസികള്‍ക്ക് എന്തു കൊടുത്താലും നന്നാവില്ല' എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? കാര്യമറിയാതെയുള്ള കുറ്റപ്പെടുത്തലാണിത്.

പണിയ ആദിവാസി പുരുഷന്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 45 ആയി കുറഞ്ഞിരിക്കുന്നു

ദാരിദ്ര്യവും ഭക്ഷണവും

പൊതു സമൂഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ശിശുമരണനിരക്കിന്റെ കാര്യത്തില്‍ മാത്രമല്ല ആദി വികസന സൂചികകളിലെ വലിയ വിടവുകള്‍ കാണിക്കുന്നത്. പണിയ വിഭാഗത്തിനിടയില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഏറ്റവും അപായകരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പണിയ ആദിവാസി പുരുഷന്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 45 ആയി കുറഞ്ഞിരിക്കുന്നു എന്നതാണ്. ഇത് സൂചിപ്പിക്കുന്ന സങ്കീര്‍ണ്ണമായ നിരവധി കാര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള പോഷകാഹാരമില്ലായ്മ, കഠിനാദ്ധ്വാനം, രോഗാതുരത, രോഗങ്ങള്‍, മദ്യപാനം, മറ്റു മോശം ജീവിത സാഹചര്യങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്നാണ് ഇതു സംഭവിക്കുന്നത്. സ്ത്രീകളുടെ വിളര്‍ച്ചയും മാതൃമരണങ്ങളും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കുന്നതും പോഷകാഹാരക്കുറവുകൊണ്ടുള്ള കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പും കൂടുതലാണ്.

കൃഷിഭൂമി അന്യാധീനപ്പെട്ടതും വനവും വയലും ജലാശയങ്ങളുമടക്കം പ്രാപ്യത നഷ്ടപ്പെട്ടു പോയതും ആദിവാസി ജീവിതത്തെ തകിടം മിറച്ചു. മുഖ്യധാരാ വികസന സങ്കല്പങ്ങളുടെ ഭാഗമായി മൊത്തം ഭൂവിനിയോഗത്തിലുണ്ടായ ദോഷകരമായ മാറ്റങ്ങളും പരിസ്ഥിതി നാശവും ആദിവാസികളുടെ തനതു ജീവിത രീതികളേയും ഭക്ഷണ സംസ്‌ക്കാരത്തേയും ആരോഗ്യത്തേയും നേരിട്ട് ബാധിക്കുകയും തകര്‍ക്കുകയുമാണ് ചെയ്തത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഏറ്റവും രൂക്ഷമായി ഇപ്പോള്‍ ബാധിക്കുന്നതും ആരോഗ്യത്തിന്റേയും അതിജീവനത്തിന്റേയും കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികളുയര്‍ത്തുന്നതും പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ നിന്ന് തീര്‍ത്തും അന്യവല്‍ക്കരിക്കപ്പെട്ട ഈ ദുര്‍ബ്ബല വിഭാഗങ്ങളെയാണ്.

സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും - വനത്തില്‍ നിന്നും വയല്‍ പ്രദേശങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പാറക്കെട്ടുകളില്‍ നിന്നും മറ്റും - ലഭ്യമായിരുന്ന ഇലവര്‍ഗ്ഗങ്ങള്‍, പയറുകള്‍, കൂണുകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍, മീനുകള്‍, ഞണ്ടുകള്‍ തുടങ്ങിയവയും കൃഷി ചെയ്തുണ്ടാക്കിയിരുന്ന ഏറ്റവും പോഷക ഗുണങ്ങളുള്ള പരമ്പരാഗത നെല്ലും ചെറു ധാന്യങ്ങളും കാട്ടു തേനും മറ്റും മുന്‍കാലത്ത് ആദിവാസികളുടെ തനതായ ഭക്ഷണരീതിയായിരുന്നു. സസ്യശാസ്ത്ര ഗവേഷകനും അദ്ധ്യാപകനുമായ ഡോ. രതീഷ് നാരായണന്‍ വയനാട്ടിലെ കാട്ടുനായ്ക്കരുടേയും പണിയരുടേയും കുറുമരുടേയും ഇടയില്‍ നടത്തിയ പഠനത്തില്‍ ഈ ആദിവാസി വിഭാഗങ്ങള്‍ക്ക് അറിയുന്നതും ഭക്ഷിച്ചിരുന്നതുമായ 101 ഇനം ഭക്ഷ്യയോഗ്യമായ വന്യ ഇലവര്‍ഗ്ഗങ്ങള്‍, 62 ഇനം പഴങ്ങള്‍, 50 ഇനം പക്ഷികള്‍, 39 ഇനം മീനുകള്‍, 36 ഇനം കൂണുകള്‍, 25 ഇനം കിഴങ്ങുകള്‍, 5 തരം തേന്‍, 5 ഇനം ഞണ്ടുകള്‍ തുടങ്ങിയവയെക്കുറിച്ച് വിവരങ്ങള്‍ രേഖപ്പടുത്തിയിട്ടുണ്ട്. അവര്‍ ഇപ്രകാരം ആശ്രയിച്ചു ജീവിക്കുന്ന ആവാസ വ്യവസ്ഥയ്ക്ക് അധിനിവേശങ്ങളാല്‍ സംഭവിച്ച അതിവേഗത്തിലുള്ള മാറ്റവും ജൈവവൈവിദ്ധ്യത്തില്‍ സംഭവിച്ച വിവരണാതീതമായ നഷ്ടങ്ങളും ആദിവാസികളുടെ ഭക്ഷണ സംസ്‌ക്കാരവും ആരോഗ്യ പരിപാലനവും കൂടിയാണ് തകര്‍ത്തത്തു കളഞ്ഞത്. കട്ടന്‍ ചായയും ചായക്കടയിലെ പൊറോട്ടയും കൂലിപ്പണിക്കാരായ ആദിവാസികളുടെ ജീവിതത്തിലെ ഭാഗമായി മാറിയത് നിസ്സാരമായിട്ടല്ല അവരുടെ ആരോഗ്യത്തെ ബാധിച്ചത്. ഭക്ഷണം ശേഖരിച്ചിരുന്ന ആവാസ വ്യവസ്ഥയും കൃഷിയും നഷ്ടപ്പെടുകയും തുടര്‍ന്ന് റേഷന്‍ അരിയെ ആശ്രയിച്ചു മാത്രം ജീവിക്കുകയും ചെയ്യുന്ന ജീവിത രീതിയിലേക്ക് എത്തിപ്പെട്ട ആദിവാസികളുടെ ഇന്നത്തെ ജീവിത നിലവാരം അവരുടെ ആരോഗ്യത്തിനുയര്‍ത്തുന്ന വെല്ലുവിളികള്‍ വലിയതാണ്. ശുദ്ധമായ വെള്ളമോ സാനിറ്റേഷന്‍ സൗകര്യമോ വൃത്തിയുള്ള വീടോ ഇല്ലാത്ത ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കി പരിഹരിക്കപ്പെടേണ്ടതാണ്.

കൃഷിഭൂമിയും അവരുടെ തനത് വിളകളും ഭക്ഷണ രീതികളും തിരിച്ചു കൊടുക്കുക എന്നത് കഴിയുന്നത്ര വേഗത്തില്‍ നടപ്പാക്കാന്‍ കഴിയണം. രക്തക്കുറവ്, പ്രോട്ടീന്‍ കുറവ് മറ്റു സൂക്ഷ്മ പോഷകങ്ങളുടെ കുറവ് എന്നിവയാല്‍ ആരോഗ്യം ക്ഷയിച്ച ആദിവാസി സ്ത്രീകളും കുഞ്ഞുങ്ങളും ലോകം ഉറ്റു നോക്കുന്ന കേരളത്തിന്റെ വികസന മാതൃകയ്ക്ക് മുന്നിലെ കടുത്ത വെല്ലുവിളിയായി ഇനിയും തുടരുന്നത് നമ്മുടെ സര്‍ക്കാരിന് മാത്രമല്ല, സംസ്‌ക്കാര സമ്പന്നരെന്നും പരിഷ്‌കൃതരെന്നും സ്വയം വിചാരിക്കുന്ന പൊതു സമൂഹത്തിനും അഭിമാനകരമല്ല. ആദിവാസി സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും അതിനനുസൃതമായ പൊതുബോധവല്‍ക്കരണവും ജാഗ്രതയോടെയുള്ള ആദിവാസി വികസനപ്രവര്‍ത്തനങ്ങളും നടത്താനും ഈ സര്‍ക്കാരിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.