പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമായിരുന്നു. മണ്ണിനടിയിലായ മനുഷ്യനെ തിരയാന്‍ മലയിടിഞ്ഞു വന്ന പാറകളും മണ്‍കൂനകളും മാത്രമായിരുന്നു പ്രതിസന്ധി. കോണ്‍ഗ്രീറ്റ് തൂണുകളും സ്ലാബുകളും  അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു നീക്കം ചെയ്യേണ്ടി വന്നില്ല. കാരണം അത്തരമൊരു വീട് നിര്‍മ്മിക്കാനുള്ള ശേഷി ആ മനുഷ്യര്‍ക്ക് ഇല്ലായിരുന്നു.

ആറ് തലമുറകളായി ലയങ്ങളില്‍ താമസിക്കുന്ന മനുഷ്യരുണ്ട് അവിടെ. ഇനിയും  ലയത്തിന്റെ തൂണുപോലും കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിക്കാനുള്ള ശേഷി അവര്‍ക്കായിട്ടില്ല. മണ്‍കട്ടകളും തകരഷീറ്റുകളും കൊണ്ട് നിമ്മിച്ച ഒറ്റമുറി ലയത്തിലാണ് തലമുറകളായി ജനിച്ചു മരിക്കുന്നത്. 

തുരുമ്പ് പിടിച്ച തകര ഷീറ്റുകളും ഏതാനും ചെമ്പുപാത്രങ്ങളും മാത്രമായിരുന്നു ഒടുവില്‍ അവശേഷിച്ചത്. ആ മനുഷ്യരുടെ ആകെയുള്ള സമ്പാദ്യവും അതു മാത്രമായിരുന്നു. ഇങ്ങനെ കുറച്ചു പേര്‍ ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്നതിനുള്ള അവസാന അടയാളമായിരുന്നു ഷീറ്റുകൊണ്ട് മറച്ച ലയങ്ങള്‍. അതുപോലും പാടെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. അടയാളം പോലും ഇല്ലാത്ത വിധം കുറെ മനുഷ്യര്‍ തെരുവിലെ നിലവിളിയായി അവശേഷിച്ചിരിക്കുകയാണ്. മൂന്നാറിന്റെ കോടമഞ്ഞില്‍ ആ നിലവിളികള്‍ ഇപ്പോഴും തണുത്തുറയാതെ തളം കെട്ടി നില്‍ക്കുന്നുണ്ട്.

ഡോ. പോള്‍ ഹരിസ് ഡാനിയല്‍ ഈ  മനുഷ്യരുടെ ജീവിതം അക്ഷരങ്ങളിലൂടെ  പറഞ്ഞിരുന്നു. അസമിലെ ബ്രിട്ടീഷ്   നിയന്ത്രണത്തിലുള്ള തേയിലത്തോട്ടത്തിലെ ഡോക്ടറായാണ് അദ്ദേഹം ഇന്ത്യയിലേയ്ക്ക് എത്തുന്നത്. അവിടെ കണ്ട കാഴ്ചകളില്‍നിന്നാണ് 'റെഡ് ടീ' എന്ന പ്രശസ്തമായ  നോവല്‍ എഴുതുന്നത്. അദ്ദേഹം നോവലിലൂടെ പറയാന്‍ ശ്രമിച്ചത് തോട്ടം തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചായിരുന്നു. 'രാത്രി  സുഖമായി ഉറങ്ങി രാവിലെ എഴുന്നേറ്റ് നിങ്ങള്‍ കുടിക്കുന്ന ചുവന്ന നിറമുള്ള ചായ യാഥാര്‍ഥത്തില്‍ അതുണ്ടാക്കിയ മനുഷ്യരുടെ ചോരയാണ്. സാധാരണ  മനുഷ്യന്   ലഭിക്കുന്ന ജീവിതം സ്വപ്നം കാണാന്‍ പോലും സാധിക്കാതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ വിയര്‍പ്പാണ്.' 1941-ല്‍ അദ്ദേഹം പറഞ്ഞ മനുഷ്യരുടെ ജീവിതം പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം.

Pettimudi
പെട്ടിമുടി ദുരന്തസ്ഥലം | ഫോട്ടോ: ഷഹീര്‍ സി.എച്ച്. 

ഉടുതുണിക്ക് മറുതുണിയില്ലാതായവര്‍

pettimudi
സരസ്വതി | ഫോട്ടോ: ഗോമതി

'പതിവുപോലെ ഉള്ളത് പങ്കിട്ട് കഴിച്ച് കിടക്കുകയായിരുന്നു. നല്ല മഴയായതുകൊണ്ട് കിടന്ന പാടെ ഉറങ്ങിപ്പോയി. മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയ വിടവിലൂടെ തണുപ്പ് അരിച്ച് ഇറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് തലവഴി പുതപ്പ് മൂടിയാണ് കിടന്നത്. ഉറങ്ങി കുറച്ചു നേരം കഴിഞ്ഞുകാണും. വലിയൊരു ശബ്ദം കേട്ടതുപോലെ തോന്നി, അത് എന്താണെന്ന് ആലോചിക്കുന്നതിന് മുന്‍പെ ചുമര്‍ തകര്‍ത്ത് വന്ന മലവെള്ളം കണ്ണില്‍ നിറഞ്ഞിരുന്നു. മണ്ണ് നിറഞ്ഞ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ശക്തമായ എന്തോ ഒന്ന് നെഞ്ചില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഒന്നും ഓര്‍മ്മയില്ല.'

തമിഴ് കലര്‍ന്ന മലയാളത്തില്‍ സരസ്വതി പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ ആ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നത് അറിയാമായിരുന്നു. ചളിയില്‍ പുതഞ്ഞ് കിടന്ന സരസ്വതിയെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചില്‍ പാറ വന്ന് ഇടിച്ച സ്ഥലത്തെ നീല നിറം ഇപ്പോഴും അതുപോലുണ്ട്. കാല്‍മുട്ടിന് നടക്കാന്‍ സാധിക്കാത്ത വിധം  മുറിവും. ആശുപത്രിയില്‍ നിന്നും ഓര്‍മ്മ തെളിഞ്ഞപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കുന്നത്. കൂടെ ചേര്‍ന്ന് കിടന്ന മകന്റെ മക്കളെയായിരുന്നു ആദ്യമവര്‍ തിരഞ്ഞത്. പിന്നീട് ലയത്തിന്റെ ഒറ്റമുറിയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ഒന്‍പത് പേരെയും ആശുപത്രിയില്‍ പലവട്ടം തിരഞ്ഞു. ആരും അവിടെ ഇല്ലാതിരുന്നപ്പോള്‍ അവര്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആശ്വസിച്ചു.

എന്നാല്‍ ആ പ്രതീക്ഷക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആരുടെയും നെഞ്ച് തകര്‍ക്കുന്ന ആ വാര്‍ത്ത സരസ്വതിയുടെ കാതിലും എത്തി. ഭര്‍ത്താവും മകനും മകന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ഒന്‍പത് പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു.  ഭാരതിയാറിന്റെ കവിത പാടി ഉറക്കിയ കൊച്ചു മക്കള്‍ പാറകള്‍ക്ക് ഇടയില്‍ എവിടെയോ ആണെന്ന വാര്‍ത്തകൂടി അവരുടെ അടുത്തെത്തി. ഇനി ഉണരാത്തവിധം ആ കുഞ്ഞ് കണ്ണുകളില്‍ ഇരുട്ട് കയറിയിരിക്കുന്നു എന്ന സത്യവും സരസ്വതി ശ്വാസം നിലക്കുന്നതു പോലെയാണ് കേട്ടത്.

സ്വന്തമെന്ന് പറയാനുള്ള എല്ലാം അവര്‍ക്ക് എന്നേക്കുമായി നഷ്ടമായിരിക്കുകയാണ്. അന്ന് ഉടുത്ത സാരി പോലും മാറ്റിയുടുക്കാന്‍ മറ്റൊന്ന് ഇല്ലാത്തവിധം ജീവിതം പാടെ നിലച്ചുപോയ അവസ്ഥയാണ്. ഒന്‍പത് പേരെയും അടുത്തടുത്ത് അടക്കം ചെയ്ത ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് സരസ്വതി സംസാരിച്ചത്. ഇപ്പോഴും വാക്കുകള്‍ കണ്ണീരില്‍ മുങ്ങി തൊണ്ടയില്‍ കുരുങ്ങി കിടക്കുകയാണ്. അകന്ന ബന്ധത്തിലെ പളനിച്ചാമിയാണ് അവര്‍ക്ക് അഭയം കൊടുത്തിരിക്കുന്നത്. ആ ഒറ്റമുറി ലയത്തിലാകട്ടെ അവരെക്കൂടാതെ പന്ത്രണ്ട് മനുഷ്യ ജീവികള്‍ വേറെയുമുണ്ട്. കെട്ടുകഥപോലെ അവിശ്വസനീയമെന്ന് തോന്നുന്ന ജീവിതം എങ്ങനെ ജീവിച്ചു തീര്‍ക്കുമെന്ന നിസ്സഹായത സരസ്വതിയുടെ മുഖത്ത് പ്രകടമായിരുന്നു.

Pettimudi
പെട്ടിമുടിയില്‍ ഉറ്റവര്‍ക്കായി കാത്തിരിക്കുന്ന കറുപ്പായി
 | ഫോട്ടോ: ഷഹീര്‍ സി.എച്ച്. 

ഇനിയും ഉറങ്ങാത്ത കറുപ്പായിമാര്‍

ജീവനോളം സ്‌നേഹിച്ച പതിമൂന്ന് പേരെയാണ് കറുപ്പായിക്ക് നഷ്ടപ്പെട്ടത്. അപകട സമയത്ത് ലയത്തില്‍ നിന്നും കുറച്ചു മാറിയുള്ള ശൗചാലയത്തില്‍ പോയതുകൊണ്ടാണ് അവര്‍ രക്ഷപ്പെട്ടത്. ഭര്‍ത്താവിനെയും മക്കളെയും  കൊച്ചുമക്കളെയും എന്നേക്കുമായി നഷ്ടമായി. പ്രിയപ്പെട്ടവര്‍ മണ്ണിലമരുന്ന കാഴ്ച്ച കണ്ണില്‍ ഇപ്പോഴും മായാതെയുണ്ട്.

കണ്ണിന്റെ മുന്നില്‍ നിന്നും സ്വപ്നങ്ങള്‍ മണ്ണെടുത്തു പോയതിന്റെ ആഘാതത്തില്‍ നെഞ്ച് തകര്‍ന്ന് ഇന്നും ദുരന്ത ഭൂമിയില്‍  കറുപ്പായി ഉണ്ട്. പ്രാണനായിരുന്നവരുടെ ജീവനെടുത്ത ആ മണ്ണ് ശ്മശാനതുല്യമായിട്ടുണ്ട് എങ്കിലും അത് വിട്ടുപോകാന്‍ അവര്‍ക്കാവില്ല. അത്രമേല്‍ ജീവിതം ആ മണ്ണിനോട് ഒട്ടി കിടക്കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ മുന്നേ എത്തിയ തലമുറയുടെ പിന്‍ഗാമിയാണ് കറുപ്പായിയും. തേയില ചെടി പിടിച്ചു കുലുക്കിയല്‍ പണം വാരാം എന്ന ബ്രിട്ടീഷ് കുടിലതയായിരുന്നു കാരണവന്മാരെ  അവിടെ എത്തിച്ചത്. തമിഴ് നാടിന്റെ പട്ടിണി ഗ്രാമങ്ങളില്‍ നിന്ന് വലിയ സ്വപ്നങ്ങള്‍ കണ്ട് മനുഷ്യര്‍ തണുത്തുറഞ്ഞ മൂന്നാറിലേക്ക് ഒഴുകി വരുകയായിരുന്നു. എന്നാല്‍ ഒരു നേരത്തെ ആഹാരം മാത്രം കൊടുത്ത് സായിപ്പവരെ അനായാസം അടിമകളാക്കി.

കാലങ്ങള്‍ കഴിഞ്ഞ് സ്വാതന്ത്രത്തിന്റെ പതാക ഉയര്‍ന്നെങ്കിലും മൂന്നാറിന്റെ തണുപ്പ് കുറഞ്ഞതല്ലാതെ മനുഷ്യര്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. ഒറ്റമുറി ലയത്തില്‍ ഇപ്പോഴും പുഴുവിനെപോലെ നരകിച്ചു ജീവിക്കുകയാണവര്‍. നിസ്സഹായരായ ഒരു പിടി കറുപ്പായിമാരുടെ ജീവിതത്തിലേക്കാണ് മലയിടിഞ്ഞ് വന്നത്. ഇനിയും ഉറങ്ങാന്‍ സാധിക്കാത്ത വിധം ഭീതിയാണ് അവര്‍ക്ക് ചുറ്റിലും. കണ്ണടച്ചാല്‍ മാത്രമല്ല കണ്ണ് തുറന്നിരിക്കുമ്പോഴും ചുറ്റും ഇരുട്ടാണ്. കൂരിരുട്ട്.

pettimudi
പെട്ടിമുടിയില്‍ ഉറ്റവര്‍ക്കായി കാത്തിരിക്കുന്നവര്‍ | ഫോട്ടോ: ഷഹീര്‍ സി.എച്ച്. 

ചോദ്യമില്ലാത്ത ഉത്തരങ്ങള്‍

ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട സ്വാഭാവികനീതി പോലും പലപ്പോഴും മൂന്നാറിലെ മലകളിലേക്ക് കടന്നുവരാറില്ല. തേയില തോട്ടങ്ങളില്‍ തുച്ഛമായ കൂലിക്കാണ് ഇന്നും രാപ്പകല്‍ മനുഷ്യര്‍ അധ്വാനിക്കുന്നത്. എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തോട്ടം മുതലാളിമാര്‍ തഴച്ചു വളരുന്നത്. സഹികെട്ട് തൊഴിലാളി സ്ത്രീകള്‍ തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കിയത് കേരളം എളുപ്പം മറക്കാന്‍ ഇടയില്ല. പൊമ്പിളൈ ഒരുമൈ എന്ന പേരില്‍ അവര്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ തൊഴിലാളി സംഘടനകളുടെ മുഖം മൂടി അഴിച്ചിരുന്നു. ആ സമര ചൂടില്‍ ഓടിയൊളിച്ച സംഘടനകളെ അക്കാലത്തൊന്നും അവിടെ കണ്ടിട്ടുമില്ല. പ്രധാനപ്പെട്ട തൊഴിലാളി സംഘനകളെല്ലാം തന്നെ തൊഴിലാളികളുടെ വിയര്‍പ്പിന്റെ പങ്ക് പറ്റിയിരുന്നു. അതിപ്പോഴും തുടര്‍ന്നുകൊണ്ട് ഇരിക്കുന്നു എന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്.

ആറു തലമുറകളായി ഷീറ്റു മേഞ്ഞ ഒറ്റമുറി ലയത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് ജീവിക്കേണ്ടി വരുന്നതെന്ന ചോദ്യം ആരേയും ആലോസരപ്പെടുത്തുന്നില്ല. ജീവന്‍ നഷ്ടമായവരുടെ കണക്ക് വലിയ അക്ഷരത്തില്‍ കാണിക്കുന്ന മാധ്യമങ്ങള്‍ക്കും അതൊരു ചോദ്യമേ അല്ല. ഈ വിധം  പതിറ്റാണ്ടുകളായി തൊഴിലിടത്തില്‍ കഴിയുന്ന മറ്റൊരു വിഭാഗത്തെയും ചൂണ്ടി കാണിക്കാന്‍ ഇന്ന് സാധ്യമല്ല.

ഇവിടെ നടക്കുന്ന ഗൂഢാലോചന കൂടെ തിരിച്ചറിയണം എന്നാണ് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറയുന്നത്. അത്രമാത്രം ആ ജനത അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. തോട്ടം മുതലാളിമാരും തൊഴിലാളി സംഘടനകളും ചേര്‍ന്ന് തൊഴിലാളിയുടെ ചോരയൂറ്റി ജീവിക്കുകയാണെന്ന് കൂടെ അവര്‍ പറഞ്ഞു വക്കുന്നു. ബ്രിട്ടീഷുകാര്‍ മുളപ്പിച്ചു പോയ  തേയിലചെടിക്കൊപ്പം അവരുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളും അവിടെ തന്നെയുണ്ട്. തോട്ടം തൊഴിലാളിയുടെ നിര്‍വചനം  മുതലാളിത്വത്തിന് ഇപ്പോഴും അടിമയെന്നാണ്.

അപകടകരമായ സ്ഥലത്ത് ഇനിയും ഒട്ടേറെ ലയങ്ങള്‍ ഉണ്ട്. പോകാനിടമില്ലാതെ കോടമഞ്ഞ് അരിച്ചിറങ്ങുന്ന ഒറ്റ മുറിയില്‍ ഇപ്പോഴും മനുഷ്യര്‍ കൂട്ടമായി  കിടക്കുന്നുണ്ട്. മൂന്നു  നേരത്തെ ഭക്ഷണം പോലും ലയങ്ങളിലെ ജീവിതങ്ങള്‍ക്ക് ലക്ഷ്വറിയാണ്. അവരുടെ ജീവിതത്തിന്റെ നേര്‍ സാക്ഷ്യം ഇത്രയെങ്കിലും പുറത്തറിയാന്‍ 65 മനുഷ്യ ജീവനുകള്‍ പൊലിയേണ്ടിവന്നു. എന്നിട്ടും അവരുടെ ജീവിത ദുരിതങ്ങളെ കുറിച്ച് പറയാന്‍  ഉത്തരമുണ്ടായിട്ടും ചോദ്യങ്ങള്‍ ഉണ്ടാകുന്നില്ല. ഇനിയൊരു ദുരന്തത്തിന് മുന്‍പെങ്കിലും പുരോഗമന സമൂഹമെന്ന് സ്വയം ചാപ്പ കുത്തുന്നവര്‍ അവരെ കേള്‍ക്കാന്‍ തയ്യാറാകണം.

Content Highlights: Your morning tea is their blood | Athijeevanam 54