Ummuഫീസില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണു ദൂരെനിന്നു ദാസേട്ടന്‍ വരുന്നതു കണ്ടത്. ഓട്ടോ ഡ്രൈവറായിരുന്ന അദ്ദേഹം വലിയൊരു അപകടത്തിനു ശേഷം രണ്ടു വര്‍ഷത്തോളം കിടപ്പായിരുന്നു. അപകടത്തിനു ശേഷം  ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞതു ചലനശേഷി തിരിച്ചു കിട്ടില്ല എന്നാണ്. എന്നാലിന്നു മുച്ചക്ര വണ്ടിയില്‍ ലോട്ടറി വിറ്റു കുടുംബം പോറ്റുന്നതു ദാസേട്ടനാണ്. ശാസ്ത്രം മനുഷ്യന്റെ കരുത്തുറ്റ മനസ്സിനു മുന്നില്‍ ഇങ്ങനെ പലപ്പോഴും തോറ്റമ്പിയതും ചരിത്രമാണല്ലോ. എനിക്കു പോകാനുള്ള ബസ് മുച്ചക്ര സൈക്കിളിനെ മറികടന്നപ്പോഴാണ്, പോകരുതെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം കൈവീശി കാണിക്കുന്നതു ശ്രദ്ധിച്ചത്.

മൂത്ത ജ്യേഷ്ഠനെപ്പോലെ പ്രിയപ്പെട്ടവനാണ് അയല്‍വാസി കൂടിയായ ദാസേട്ടന്‍. സൈക്കിളിന്റെ കൈ പെഡല്‍ ശക്തിയില്‍ കറക്കി വേഗത്തില്‍ വരുന്നുണ്ട്. ആ വേഗം കണ്ടപ്പോള്‍ ബസ് സ്റ്റോപ്പില്‍നിന്ന് ഇറങ്ങി അദ്ദേഹത്തിനടുത്തേക്കു നടന്നു. സൈക്കിള്‍ എന്റെ അടുത്തേക്ക് ചാരി നിര്‍ത്തിയിട്ടു കിതച്ചുകൊണ്ട് ഒരു പേന എന്റെ നേരെ നീട്ടി. ചുവപ്പും നീലയും കലര്‍ന്ന അതിമനോഹരമായ ഒന്ന്. എന്നിട്ടു പറഞ്ഞു, 'ടാ... ഇതു കാലു കൊണ്ട് ഉണ്ടാക്കിയതാണ്. പാലക്കാടുള്ള ഒരു ഉമ്മു. ഈ പേന മുഴുവന്‍ ഉണ്ടാക്കിയത് പേപ്പര്‍ കൊണ്ടാണ്. ഉള്ളില്‍ ഒരു വിത്തുമുണ്ട്'. ഇത് നീ വച്ചോ എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് പേന എന്റെ നേരെ നീട്ടി. അപ്പോഴേക്കും അടുത്ത ബസ് വന്നിരുന്നു. ധൃതിയില്‍ പേന വാങ്ങി ബസ്സിലേക്ക് ഓടിക്കയറി.

ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ കാന്റീനില്‍ ഇരുന്നപ്പോഴാണു പോക്കറ്റിലെ പേന സുഹൃത്ത് അരുണ്‍ കണ്ടത്. ഇത്തരം പേനകളെ കുറിച്ച് വായിച്ചിട്ടുണ്ടെന്നും ഇതുണ്ടാക്കുന്ന ഒരാള്‍ സുഹൃത്താണെന്നും പറഞ്ഞു. അപ്പോഴാണ് കൈയിലുള്ള പേനയുണ്ടാക്കിയ ദാസേട്ടന്‍ പറഞ്ഞ ഉമ്മുവിന്റെ കാര്യം ഓര്‍മ്മ വന്നത്. അതെല്ലാം അരുണിനോടും പറഞ്ഞു. ഉമ്മുവിനെ കാണണമെന്നും കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍, സുഹൃത്തായ സൂരജിനെ വിളിച്ച് ഉമ്മുവിന്റ വിലാസം വാങ്ങിത്തന്നു.

പാലക്കാട് ജില്ലയിലെ അപ്പക്കാടെത്തി. ഉമ്മുവിന്റെ വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ തീരെ പ്രയാസമുണ്ടായില്ല. ആ നാടു മുഴുവന്‍ സുപരിചിതയാണ് ഉമ്മു കൊലുസ്സ് എന്ന ഉമ്മു. ചെന്നെത്തിയത് ഓടിട്ട പഴയൊരു വീട്ടിലാണ്. അതിനോടു ചേര്‍ന്നുതന്നെ പുതിയൊരു വീടിന്റെ പണി നടക്കുന്നുമുണ്ട്. ഉമ്മുവിന് വേണ്ടി പണിയുന്ന അക്ഷരവീട്. 

Ummu

ഇനിയും തെളിയാത്ത അക്ഷരങ്ങള്‍

Ummuമധ്യവയസ്‌കയായ ഒരു സ്ത്രീ വന്ന് ആരാണെന്നും മറ്റും അന്വേഷിച്ചപ്പോള്‍ ഉമ്മുവിനെ കാണണം എന്ന ആവശ്യം അറിയിച്ചു. അവര്‍ ഉടനെ അകത്തുനിന്ന് ഒരു കസേരയെടുത്തു മാവിന്റെ തണലിനോടു ചേര്‍ത്ത് ഇട്ടുതന്നു. അകത്ത് ഇരിക്കാന്‍ സ്ഥലമില്ലെന്നും ഉമ്മുവിനെ ഇപ്പൊ വിളിക്കാമെന്നും പറഞ്ഞ് അവര്‍ പോയി. ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ആ വീട്. മേല്‍ക്കൂരയിലെ പൊട്ടി ദ്രവിച്ച ഓടുകളില്‍നിന്നു വെളിച്ചം അകത്തേക്കു പതിക്കുന്നതു തുറന്നിട്ട ജനലിലൂടെ കാണാം. ദാരിദ്ര്യത്തിന്റ ആഴം അനുവാദമില്ലാതെ കടന്നുചെന്ന വെളിച്ചം പറയാതെ പറയുന്നുണ്ട്.

ഇത്ര മനോഹരമായ പേന എങ്ങിനെയാണ് കാലുകൊണ്ട് ഉണ്ടാക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം മാത്രമല്ലായിരുന്നു. അത്രമേല്‍ അസാധ്യമായിട്ടും ഇതൊക്കെ പ്രയോഗികമാക്കുന്ന മാജിക്ക് മനസ്സിലാക്കാന്‍ കൂടെയായിരുന്നു യാത്ര. ചെറിയൊരു ജലദോഷം വന്നാല്‍ പോലും അവധി എടുക്കുന്ന എനിക്ക് ഉമ്മുവിനെ അറിയാനുള്ള തോന്നലിനു പുറകിലെ രഹസ്യവും അതുതന്നെ.

ഒറ്റ ഞെട്ടിന്റെ ബലത്തില്‍ ഏത് കൊടുങ്കാറ്റിനെയും പ്രതിരോധിക്കുന്ന ഇലകളെ പോലെ ഇടതു വശത്തേക്കു ചെരിഞ്ഞു മുഖം നിറയെ ചിരിയുമായി ഉമ്മു വന്നു. എന്താണ് ഇങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നതിനു മുമ്പ് അവര്‍ പറഞ്ഞു, ഇടതു കാലിനു നീളം കുറവാണ്.

Ummuവീടിനോടു ചേര്‍ന്ന് ഇറക്കി കെട്ടിയ വരാന്തയില്‍ ഉമ്മു ഇരുന്നു. നേരത്തെ കണ്ട സ്ത്രീ രണ്ട് ഗ്ലാസ് ചായയുമായി വന്നു. 'ഇതാണെന്റെ മൂത്ത ഇത്ത.' മൂന്ന് ഇത്തമാരും ഉമ്മയുമാണ് അവിടെ ഉള്ളതെന്നും ഉപ്പ നേരത്തെ മരിച്ചുപോയെന്നും കൂട്ടിച്ചേര്‍ത്തു. പൂക്കളുള്ള ചെറിയ ഗ്ലാസിലെ ചായ ചുണ്ടോട് അടുപ്പിച്ചപ്പോള്‍, ഉമ്മു പറഞ്ഞു 'പാലില്ല ട്ടോ, അതാണ് കട്ടന്‍ ചായ ആക്കിയത്.' അപ്പോഴും മുഖത്തു ചിരി വരുത്താന്‍ ഉമ്മുവിനൊപ്പം ഇത്താത്തയും ശ്രമിക്കുന്നുണ്ടായിരുന്നു. ഇത്താത്ത ഉമ്മുവിന്റെ ചുണ്ടോടടുപ്പിച്ച് ചായ കൊടുക്കുന്ന കാഴ്ച വാക്കുകള്‍ക്കപ്പുറമാണ്.

ആ സാഹചര്യം മാറ്റാനെന്നോണം ഉമ്മുവിന്റെ സ്‌കൂള്‍ കാലത്തെ ഓര്‍മകളെ കുറിച്ചു ചോദിച്ചു. അതു സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടാക്കിയത്. പക്ഷെ പഠിക്കാനും അറിയാനുമുള്ള അതിയായ ആഗ്രഹം ആ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നു. ജന്മനാ കൈകള്‍ ഇല്ലാതിരുന്ന ഉമ്മുവിനെ ചെറുപ്പത്തില്‍ ഏറെ പ്രയാസപ്പെട്ടാണു പുറത്തു കൊണ്ടുപോയിരുന്നത്. കാലുകളുടെ വലിപ്പക്കുറവു കാരണം നടക്കുന്നതിനും ഏറെ സമയമെടുത്തു. അതുകൊണ്ടു തന്നെ ഒന്‍പതാം വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തത്. ഉമ്മ ഒക്കത്ത് ഇരുത്തി കിലോ മീറ്ററുകള്‍ നടന്നാണ് വിദ്യാലയത്തില്‍ കൊണ്ടുപോകാറ്. ആ നടത്തം ഉമ്മയെ ഏറെ തളര്‍ത്തുമായിരുന്നു.

അക്ഷരങ്ങള്‍ മനസ്സില്‍ ഉറക്കും മുമ്പേ കുഞ്ഞ് ഉമ്മുവിന്റെ ശരീരം വേദന കൊണ്ടു പൊട്ടി പൊളിയാന്‍ തുടങ്ങി. അധിക സമയം ഇരുന്നാല്‍ ദേഹമാസകലം കടുത്ത വേദനയാണ്. ഇന്നും അതിന് ഒരു മാറ്റവുമില്ല. സ്ഥിരമായി വിദ്യാലയത്തില്‍ പോവുക എന്നതു സ്വപ്നം മാത്രമായിരുന്നു. എങ്കിലും എല്ലാം സഹിച്ചു വിദ്യയെന്ന പുതിയ അനുഭവത്തിനു മുന്നില്‍ ഏറെ ആഗ്രഹത്തോടെ ഇരുന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്.

മൂന്നാം ക്ലാസിലായപ്പോഴാണു കൈയില്ലാത്ത കുട്ടിയെന്ന വിളി ഉമ്മുവിന്റെ കാതിലേക്ക് എത്തുന്നത്. അതു കുഞ്ഞു മനസ്സിലുണ്ടാക്കിയ മുറിവു ചെറുതൊന്നുമല്ല. എങ്കിലും നിരന്തരമായ അത്തരം പരിഹാസങ്ങള്‍ ഉമ്മുവിന്റെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. തനിക്കു കൈ ഇല്ല എന്ന യാഥാര്‍ഥ്യം പതിയെ ഉള്‍ക്കൊള്ളാന്‍ അത്തരം പരിഹാസങ്ങള്‍ സഹായിച്ചു. പ്രായം കൂടുന്നതനുസരിച്ചു ശരീരഭാരവും കൂടിയതോടെ ഉമ്മക്ക് അധികസമയം എടുത്തു നടക്കാന്‍ പറ്റാത്ത അവസ്ഥയായി. വിദ്യാലയത്തില്‍ പോവുന്നതിന് അതോടെ ദീര്‍ഘവിരാമമിട്ടു. പിന്നീടു പലരും ഉമ്മുവിനെ അക്ഷരം പഠിപ്പിക്കാന്‍ വന്നെങ്കിലും അതൊന്നും കാര്യക്ഷമമായില്ല. ഇപ്പോഴും അവ്യക്തമാണ് ഓരോ അക്ഷരങ്ങളും. എങ്കിലും വൈകാതെ തന്നെ താനതൊക്കെ പഠിച്ചെടുക്കുമെന്ന് ആത്മവിശ്വാസം ഉമ്മുവിനുണ്ട്.

Ummu

കാലില്‍ പുരണ്ട നിറങ്ങള്‍

Ummuഏറെ കാലമെടുത്തിട്ടാണ് എഴുന്നേറ്റു നില്‍ക്കാനും നടക്കാനും സാധിച്ചത്. അതിനു മുമ്പൊക്കെ മുട്ടിലിഴഞ്ഞും നിരങ്ങിയുമാണ് കഴിഞ്ഞുപോയത്. അങ്ങനെ ഒരു ദിവസം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ഉണ്ടായ മുറ്റത്തെ വരകള്‍ ശ്രദ്ധയില്‍ പെട്ടു. പിന്നീടു മനഃപൂര്‍വ്വം അത്തരം വരകള്‍ കാലുകൊണ്ടു മണ്ണിലുണ്ടാക്കാന്‍ ശ്രമിച്ചു. ആയിടക്കാണു വികലാംഗ പെന്‍ഷനില്‍ പേരു ചേര്‍ക്കാന്‍ പഞ്ചായത്തില്‍ ഉപ്പയുടെ കൂടെ പോയത്. അപേക്ഷയില്‍ ഒപ്പു നിര്‍ബന്ധമാണ് എന്നു പറഞ്ഞപ്പോള്‍ കാല്‍ വിരലുകള്‍ക്കിടയില്‍ പേന വച്ച് രണ്ടു വര വരക്കുകയായിരുന്നു.

അന്നാണു യഥാര്‍ത്ഥത്തില്‍ ഉമ്മുവിന്റെ ആത്മവിശ്വാസം ഉപ്പക്കും ഉമ്മക്കും മനസ്സിലായത്. പോകുന്ന വഴി 15 രൂപയുടെ കളര്‍ പെന്‍സില്‍ വാങ്ങി അവര്‍ ഉമ്മുവിനു കൊടുത്തു. ഉപ്പ മുഹമ്മദ് ഹനീഫയേക്കാളും എത്രയോ ഇരട്ടി മധുരമുള്ള ഒരു പകലായിരുന്നു ഉമ്മുവിനന്ന്. ആദ്യമായി കിട്ടിയ ആദരവായിരുന്നു ആ കളര്‍ പെന്‍സിലുകള്‍. വീട്ടിലെത്തിയ ഉടനെ കിട്ടിയ തുണ്ടു കടലാസുകളിലെല്ലാം ഉമ്മു തന്നിലെ ചിത്രകാരിയെ വരച്ചുകൊണ്ടേ ഇരുന്നു.അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴാണ് അക്ഷരങ്ങള്‍ എഴുതി പഠിക്കാനായി വാങ്ങി തന്നിരുന്ന നോട്ടുപുസ്തകത്തിന്റെ കാര്യം ഓര്‍മവന്നത്.

ഉറങ്ങിയ ഇത്താത്തയെ വിളിച്ചുണര്‍ത്തി അലമാരക്കു മുകളില്‍നിന്നു പുസ്തകമെടുപ്പിച്ചു. എന്തു വരക്കണം എന്നതായിരുന്നു അടുത്ത പ്രശ്നം. ലോകം മുഴുവന്‍ വരച്ചാലും മതിയാകാത്തത്ര ആഗ്രഹമായിരുന്നു ആ രാത്രിയില്‍. അപ്പോഴാണു ജനലിനോട് ചാരിവച്ച നിസ്‌ക്കാരപ്പായ ശ്രദ്ധയില്‍ പെട്ടത്. നിസ്‌കാര രീതികള്‍ മുഴുവന്‍ ഒന്നില്‍നിന്ന് ഒന്ന് എന്ന കണക്കില്‍ വരച്ചു. ദൂരെനിന്നു വാങ്കു വിളി കേട്ടപ്പോഴാണു നേരം പുലര്‍ന്നു തുടങ്ങി എന്നു മനസിലായത്. പിന്നീടെപ്പോഴോ ഉറക്കത്തിലേക്കു വീണു.

ഉപ്പ വിളിക്കുന്നു വേഗം എഴുന്നേല്‍ക്ക് എന്ന് ഇത്താത്ത വന്നു പറഞ്ഞപ്പോഴാണ് ഉണര്‍ന്നത്. അതിനു മുമ്പെ അദ്ദേഹം അകത്തേക്കു കടന്നുവന്നു. സാധരണ കാണാത്ത മുഖഭാവം ഉമ്മുവിനെ കുറച്ചൊന്നു പേടിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിലെ പുസ്തകം കൂടെ കണ്ടപ്പോള്‍ ആ പേടി വര്‍ദ്ധിച്ചു. കാരണം തലേന്നു രാത്രി വരച്ച പുസ്തകമായിരുന്നു അത്. അദ്ദേഹം മുട്ടുകുത്തി തനിക്കഭിമുഖമായി ഇരുന്ന് ഒറ്റ കെട്ടിപ്പിടുത്തമായിരുന്നു. പറയാനുള്ളതെല്ലാം അതില്‍ ഉണ്ടായിരുന്നു. പലതരം വര്‍ണ്ണങ്ങളിലുള്ള പെന്‍സിലുകളുമായാണ് അന്നു വൈകീട്ടു പണി കഴിഞ്ഞ് ഉപ്പ വന്നത്.

ആ നിറങ്ങള്‍ പിന്നീടങ്ങോട്ടു പുതിയ സ്വപ്നങ്ങള്‍ കൂടെയാണ് ഉമ്മുവിനു കൊടുത്തത്. ചിത്രകാരിയായി അറിയപ്പെടാനാണ് ഏറ്റവും വലിയ ആഗ്രഹം. ഏറ്റവും ഇഷ്ടമുള്ള വെള്ള നിറം പോലെ ഉമ്മുവിന്റെ മനസ്സും നിറം കലരാതെ ആ സ്വപ്നത്തിനു പുറകെ രാപ്പകലുണ്ട്.

പടര്‍ന്നു പന്തലിക്കുന്ന പേനകള്‍

Ummuകുട്ടികളുടെ ചാനലുകളില്‍ വരുന്ന ഷോകള്‍ മുടങ്ങാതെ കാണാറുണ്ടായിരുന്നു. അവിടെ നിന്നാണ് പേപ്പര്‍ വെട്ടി ഓരോ രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. കത്രിക കാല്‍ വിരലുകള്‍ക്കിടയില്‍വച്ച് പേപ്പര്‍ മുറിച്ചെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു. എങ്കിലും നിരന്തര പരിശ്രമത്തിലൂടെ അത് അനായാസമാക്കി. അവിചാരിതമായാണ് പേപ്പര്‍ പേനകളെ കുറിച്ച് അറിയാന്‍ സാധിച്ചത്. അന്വേഷണങ്ങള്‍ ഒടുവില്‍ എത്തിയത് ശിവമണി സാറിലായിരുന്നു. അദ്ദേഹം പേപ്പര്‍ പേന ഉണ്ടാക്കാനുള്ള സാമഗ്രഹികളുമായി ഒരിക്കല്‍ ഉമ്മുവിന്റെ അടുത്തെത്തി. ഒറ്റത്തവണ അദ്ദേഹം പേന നിര്‍മ്മിച്ചു കാണിച്ചപ്പോള്‍ തന്നെ ഉമ്മുവിനത് ഉള്‍ക്കൊള്ളാനായി. അദ്ദേഹം കൊണ്ടുവന്ന സാമഗ്രഹികള്‍ ഉപയോഗിച്ച് മനോഹരമായ മറ്റൊരു പേന ഉമ്മു ഉണ്ടാക്കുകയായിരുന്നു. അതിശയത്തോടെ അദ്ദേഹം കുറച്ചു സമയം കൂടെ അവിടെ ഇരുന്നു. പേനയുണ്ടാക്കാന്‍ കൊണ്ടുവന്ന എല്ലാ സാമഗ്രഹികളും ഉമ്മുവിനെ ഏല്‍പിച്ചു സന്തോഷത്തോടെ അദ്ദേഹം മടങ്ങി.

എല്ലാ പേനക്കുള്ളിലും ഒരു വിത്തു വെക്കുമായിരുന്നു. അതായിരുന്നു ഉമ്മവിനെ വലച്ച ഏറ്റവും വലിയ പ്രശ്‌നവും. കാരണം ഉമ്മുവിന്റെ ആഗ്രഹം വലിയ മരമാകുന്ന വിത്തു താന്‍ ഉണ്ടാക്കുന്ന പേനക്കുള്ളില്‍ ഉണ്ടാവണം എന്നും അതു പടര്‍ന്നു പന്തലിച്ച് ഒരു പാടു പേര്‍ക്കു തണലാകണം എന്നുമായിരുന്നു. എന്നാല്‍ അതു പ്രയോഗികമല്ലെന്ന യാഥാര്‍ഥ്യം ഏറെ സങ്കടത്തിനിടയാക്കി. എങ്കിലും ഒരു പാട് ആലോചനക്ക് ശേഷം അതിനൊരു പരിഹാരം കണ്ടെത്തി. പടര്‍ന്നു പന്തലിക്കുന്ന, മധുരമുള്ള ഫലങ്ങള്‍ തരുന്ന, പേനക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്ന്. ഉമ്മുവിന്റെ പ്രിയപ്പെട്ട പഷന്‍ഫ്രൂട്ട് ആയിരുന്നു അത്.

ഇതിനകം പതിനായിരത്തോളം വിത്തുപേനകള്‍ ഉമ്മു ഉണ്ടാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം അത്രതന്നെ തണലും മധുരമുള്ള ഫലങ്ങളും തരുന്ന പാഷന്‍ഫ്രൂട്ട് കൂടെ എവിടെയൊക്കെയോ തളിരിട്ടും കായ്ച്ചും നില്‍ക്കുന്നുണ്ട് എന്നുകൂടെയാണ്. ഉമ്മു കാലുകൊണ്ട് ഒരാവാസ വ്യവസ്ഥയെ തന്നാലാവും വിധം സൃഷ്ടിക്കുകയാണ്. അതിന് ഇരട്ടി മധുരം വള്ളികളില്‍ തൂങ്ങിയാടുന്ന ഓരോ ഫാഷന്‍ ഫ്രൂട്ടും നല്‍കുന്നുണ്ട്.

ഇന്ന് ഈ കുടുംബം ജീവിക്കുന്നത് ഉമ്മുവിന്റെ കാല്‍വിരലുകളില്‍ മുളച്ചു പൊന്തുന്ന വിത്തുപേനകളില്‍ നിന്നാണ്. എന്നാല്‍ എല്ലാറ്റിലുമുപരി അതു തുടരുന്നതിനു പിന്നില്‍ ഉമ്മുവിനു തന്റേതായ ഇഷ്ടങ്ങളും കാരണങ്ങളും ഉണ്ട്. അക്ഷരങ്ങള്‍ എഴുതാന്‍ അറിയാത്ത താന്‍ ഉണ്ടാക്കുന്ന പേനകള്‍, ഒരായിരം അക്ഷരങ്ങള്‍ക്കു പിറവി കൊടുക്കുന്നു എന്നത് ഉമ്മുവില്‍ ഉണ്ടാക്കുന്നത് അതിയായ സന്തോഷമാണ്. അടുത്തുള്ള വിദ്യാലയത്തിനു നിര്‍മ്മാണച്ചെലവു മാത്രം വാങ്ങി നൂറു കണക്കിനു പേന കൊടുത്തതിനു പിന്നിലെ കാരണവും അതാണ്. പടര്‍ന്നു പന്തലിക്കുന്ന പാഷന്‍ ഫ്രൂട്ടിനെക്കാള്‍ ഏറെ ഉയരെ ഉമ്മുവിനും അവള്‍ കണ്ട സ്വപ്‌നങ്ങള്‍ക്കും ഉണ്ട്. അത് ഒരു പുതിയ ചിന്തക്കു തണല്‍ വിരിക്കുകയാണിപ്പോള്‍.   

നഷ്ടപ്പെട്ട ജീവിതം കണ്ടെത്തി കൊടുക്കണം 

Ummuശാരീരിക പരിമിതികള്‍കൊണ്ട് അനുദിനം നീറി കഴിയുന്നവര്‍ക്ക് ഒരു സ്വയം തൊഴില്‍ സംരംഭമാണ് ഉമ്മുവിന്റെ ലക്ഷ്യം. സ്വന്തം അനുഭവത്തില്‍നിന്ന് ഉമ്മുവിനു പറയാനുള്ളത് ഒന്ന് മാത്രമാണ്. 'എന്നെപ്പോലെ ശാരീരിക വ്യത്യസ്തതകളുള്ളവരെ സഹതാപത്തോടെ നോക്കുന്നതിനു പകരം ഒരിക്കലെങ്കിലും ചേര്‍ത്തു പിടിക്കാന്‍ തയ്യാറായാല്‍ മതി'.

അത്തരത്തില്‍ ഉമ്മുവിനെ ചേര്‍ത്ത് പിടിച്ച പ്രിയപ്പെട്ട സുഹൃത്താണ് സുഹ്റ. അവിചാരിതമായി ഉമ്മുവിന്റെ ഇത്താത്തയില്‍ നിന്നാണ് അവളെ കുറിച്ച് സുഹ്റ അറിയുന്നത്. ആദ്യമായി ഉമ്മുവിനെ കാണാന്‍ വന്നപ്പോള്‍ മൈലാഞ്ചി ഇട്ടുകൊടുക്കാന്‍ കഴിയില്ലല്ലോ എന്ന ഒറ്റ സങ്കടം മാത്രമായിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ മായാത്ത മൈലാഞ്ചി പരസ്പ്പരം അവര്‍ ഹൃദയത്തില്‍ ചാര്‍ത്തിയിരുന്നു. പിന്നീടങ്ങോട്ട് ഉമ്മുവിന് പുതിയ ജീവിതനിറങ്ങള്‍ കണ്ടെത്തികൊടുക്കാന്‍ ആ സൗഹൃദം വഴിവച്ചു.

നല്ല പാട്ടുകാരി കൂടെയാണ് ഉമ്മു എന്നു സംസാരത്തിനിടക്ക് ഇത്താത്തയാണു പറഞ്ഞത്. ഒരു പാട്ടു പാടുമോ എന്നു ചോദിച്ചു പൂര്‍ത്തിയാക്കും മുന്‍പേ പാട്ടു തുടങ്ങി. എല്ലാം പടച്ചുള്ള അള്ളാ....എല്ലാര്‍ക്കും കാരുണ്യം ഏകുന്നോനെ. 

പാടിത്തീര്‍ത്ത ഓരോ വരികളിലും ഉമ്മു നിഴലിച്ചു നില്‍ക്കുന്നുണ്ട്. കാരുണ്യത്തിന്റെ വറ്റാത്ത കൈ അവളിലുണ്ട്. പേന വിറ്റ് ഉണ്ടാക്കിയ പൈസയില്‍നിന്നു മിച്ചം വച്ചിരുന്ന നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തിട്ടുണ്ട്. അതിജീവനത്തിലേക്ക് ഒരു ജനതയെ കൈ പിടിച്ച് ഉയര്‍ത്താന്‍ രാപ്പകല്‍ കാലുകൊണ്ട് അധ്വാനത്തിന്റെ പുതുചരിത്രമെഴുതുകയാണ് ഉമ്മു.

Content Highlights: Ummu, girl without hands makes pictures and seed pen