മരത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ചുളിവു വീണ് പാതി കൂമ്പിയ ഗുര്‍ദീപിന്റെ കണ്ണില്‍ തീയാളി. പഞ്ചാബിലെ ഫരിദ്‌കൊട്ടില്‍നിന്നാണ് മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ അദ്ദേഹം പ്രക്ഷോഭത്തിന് എത്തിയത്. ആറു മാസത്തെക്കുള്ള അരിയും ഗോതമ്പുമായാണ് ഗ്രാമം അദ്ദേഹമടങ്ങുന്ന കര്‍ഷകരെ സമരമുഖത്തേക്ക് അയച്ചത്. മരിക്കാന്‍ പോലും തയ്യാറായിട്ടാണ്  എത്തിയതെന്ന് പറയുമ്പോള്‍ വാക്കുകളുടെ ദൃഢനിശ്ചയം കൊണ്ട് അദ്ദേഹത്തിന്റെ  മുഷ്ടികള്‍ ചുരുണ്ടിരുന്നു.

ഇനിയൊരു തലമുറയെക്കൂടെ ആയുസ്സെത്താതെ പാടങ്ങളില്‍ ജീവനൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ ഉറക്കെ പറയുന്നത്. വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകള്‍ ചോരക്കറ കൊണ്ട് ചേര്‍ന്നൊട്ടിപ്പോയിട്ടുണ്ട്. മനസിന്റെ മാത്രമല്ല മണ്ണിന്റെ കരച്ചിലിനു കൂടി സ്വന്തം കണ്ണില്‍നിന്നു ചുടുനീരൊഴുക്കുന്നവരാണ്. അവര്‍ വന്നത് സമരത്തിനാണ്. സമരം തന്നെ ജീവിതമാക്കിയവര്‍. ഒരുപാട് വഴിപാട് സമരങ്ങള്‍ കണ്ട് തഴമ്പിച്ചിട്ടുണ്ട് തലസ്ഥാന പാതകള്‍. എന്നാല്‍ കര്‍ഷക ബില്ലിനെതിരെ രാജ്യത്ത് ഉയരുന്ന മുദ്രാവാക്യങ്ങള്‍ ഭരണകൂടത്തിന് നിരാകരിക്കാന്‍ സാധിക്കാത്ത വിധം ശക്തമാണ്.

പ്രക്ഷോഭകരായ കര്‍ഷകജനതയെ ഇത്രമേല്‍ ആത്മവിശ്വാസത്തോടെ അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. മുന്‍പും നീതിക്കായി ഗ്രാമങ്ങള്‍ ഇളകി വന്ന ചരിത്രം ഇന്ത്യന്‍ വഴികളില്‍ ഒട്ടേറെ ഉണ്ട്. അത്തരത്തില്‍ നടന്ന ചരിത്ര സമരങ്ങളുടെ മുന്‍നിരയില്‍ ഈ പ്രക്ഷോഭങ്ങള്‍ രേഖപ്പെടുത്താതെ പോകാന്‍ കാലത്തിനാകില്ല. സമരമല്ല യഥാര്‍ത്ഥത്തില്‍ നടക്കുന്നത് വിസ്‌ഫോടനമാണ്.

കണ്ണീര്‍പ്പാടം വിട്ട് കരേറി വരുന്നവന്റെ പൊട്ടിച്ചിതറലാണ് തലസ്ഥാന അതിത്തികളില്‍ കാണുന്നത്. പല ഭാഷ സംസാരിക്കുന്ന, പല നിറവും അഭിരുചിയുമുള്ള മനുഷ്യര്‍ ഒന്നായി ചേരുകയാണിവിടെ. ആ ജനതയുടെ വിയര്‍പ്പിന് ഒരു ഗന്ധവും ഉഴുതുമറിച്ച് അവരുണ്ടാക്കുന്ന ഫലങ്ങള്‍ക്ക് ഒരേ രുചിയുമാണ്. അത്രമേല്‍ പരസ്പരം കണ്ണി ചേര്‍ക്കുന്ന വേരുകള്‍ ഈ മണ്ണില്‍ ആഴ്ന്ന് കിടക്കുന്നുണ്ട്. ജഗവീന്ദ് സിങ്ങിനേയും ഗണേശ് കുമാറിനേയും ഗുര്‍ദീപിനെയും കൂട്ടിയിണക്കി ഒറ്റ ശബ്ദമാക്കുന്നത് ആ അദൃശ്യ വേരുകളാണ്. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള പോരാട്ടങ്ങളെ കുറിച്ച് ഇനി അവര്‍ പറയും.

Gurdeep
ഗുര്‍ദീപ്‌ | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

ജീവന്‍ മരണ പോരാട്ടമാണിത്- ഗുര്‍ദീപ്

ഡല്‍ഹിയെ മലയിറങ്ങി വരുന്ന തണുപ്പ് പതിയെ പൊതിഞ്ഞു കൊണ്ടിരിക്കുകയാണ്. സൂര്യന്‍ പകലവസാനിക്കാന്‍ നില്‍ക്കാതെ മിഴിയടക്കുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. അഞ്ച് മണിക്ക് മുന്‍പെ  സൂര്യവെളിച്ചം മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമാകും. ആ അവസ്ഥയിലാണവര്‍ തണുത്തുറയാത്ത മനസ്സുമായി രാപ്പകല്‍  തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത്.

ട്രാക്റ്ററിലാണ് പത്തു പേരടങ്ങുന്ന കര്‍ഷക സംഘത്തോടൊപ്പം ഗുര്‍ദീപ് സമരമുഖത്ത് എത്തിയത്. നെല്ലും ഗോതമ്പും മാറി മാറി കൃഷിചെയ്യുന്ന മൂന്നേക്കര്‍ കൃഷിഭൂമിയുണ്ട് അദ്ദേഹത്തിന്. ആ ഭൂമിയില്‍നിന്ന് കിട്ടുന്ന ആദായം കൊണ്ടാണ് അനിയന്റെ കുടുംബം ഉള്‍പ്പെടെ പതിമൂന്ന് പേര്‍ കഴിയുന്നത്. മിക്ക സമയങ്ങളിലും വിചാരിച്ചത് പോലെ വിളവ് ലഭിക്കില്ല. പിന്നീട് അടുത്ത വിളവെടുപ്പ് വരെ മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കും. മറ്റൊരു വഴിയുള്ളത് പ്രമാണിയുടെ കയ്യില്‍നിന്നു കൊള്ളപ്പലിശക്ക് പണം വാങ്ങലാണ്. കടം വീട്ടാന്‍ കഴിയാതെ പാടവരമ്പിലെ മാവില്‍ ജീവനൊടുക്കിയ അച്ഛനെ ഓര്‍ക്കുമ്പോള്‍ പിന്തിരിയും.

ആവശ്യത്തിനുള്ള വെള്ളമോ വൈദ്യുതിയോ ഗ്രാമത്തില്‍ ഇപ്പോഴും ലഭ്യമല്ല. പലപ്പോഴും മണിക്കൂറുകള്‍ വൈദ്യുതി നിലക്കും. പാടത്തേക്ക് വെള്ളമടിക്കണമെങ്കിലും അരി മില്ലിലെ കാര്യങ്ങള്‍ നടക്കണമെങ്കിലും വൈദ്യുതി അത്യാവശ്യമാണ്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടാത്ത അവസ്ഥയാണ്. ആ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൂടെ വരുന്നത്.

'ഇതൊക്കെ ഞങ്ങളുടെ ജീവിതാവസ്ഥ പാടേ തകിടം മറക്കാനെ ഉപകരിക്കൂ. ഇനിയും പുഴുവിനെ പോലെ നെല്‍പ്പാടങ്ങളില്‍ കരിഞ്ഞ് ചാവാന്‍ ഞങ്ങള്‍ തയ്യാറല്ല. ജീവന്‍ നഷ്ടപ്പെട്ടാലും വിജയം കാണുന്നത് വരെ പിന്മാറില്ല.' ഗുര്‍ദീപ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

Jagawinda
ജഗവിന്ദ് സിങ്‌ | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

കറുത്ത നിയമങ്ങള്‍ തകര്‍ത്തെറിയും- ജഗവീന്ദ് സിങ്

'എത്ര തന്നെ തടസ്സങ്ങള്‍ ഞങ്ങളുടെ വഴികളില്‍ സൃഷ്ടിച്ചാലും അതെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് തന്നെ പോകും. കറുത്ത നിയമങ്ങളോടുള്ള സമരപ്രഖ്യാപനമാണിത്. തലമുറകളായി ഞങ്ങളുടെ ജനത കൈമാറിവരുന്ന കാര്‍ഷിക സംസ്‌കാരം ആരുടെയും മുന്നില്‍ അടിയറ വക്കില്ല. ഞങ്ങള്‍ ഉണ്ടാക്കുന്ന വിളകള്‍ ഞങ്ങളുടെ ചോരയും നീരുമാണ്. അതിന് വിലയിടാന്‍ കോര്‍പ്പറേറ്റുകളെ പാടത്ത് കാലു കുത്തിക്കില്ല.'

മന്‍സ ജില്ലയിലെ കുഡ്ലഡ ഗ്രാമത്തില്‍നിന്നാണ് ജഗവീന്ദ് സിങ് പ്രക്ഷോഭത്തിനായി എത്തിയത്. താമസിക്കുന്ന ഭൂമി മാത്രമാണ് സ്വന്തമായി അദ്ദേഹത്തിനുള്ളത്. പാട്ടത്തിനെടുത്ത രണ്ടേക്കറിലാണ് കൃഷി. ഉരുളക്കിഴങ്ങും ഉള്ളിയും കാലവസ്ഥക്കനുസരിച്ച് കൃഷി ചെയ്യുന്നതാണ് പതിവ്. പാട്ടത്തുകയും മറ്റു ചിലവുകളും കഴിഞ്ഞാല്‍ തുച്ഛമായ തുകയാണ് ബാക്കി വരിക. അതുകൊണ്ടാണ് ആറു പേരടങ്ങുന്ന കുടുംബം കഴിയുന്നത്. ഗ്രാമം വിട്ട് ആദ്യമായാണ് അദ്ദേഹം ഇത്ര ദൂരം യാത്രചെയ്യുന്നത്. അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ തിരികെ പോകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Ganesh Kumar
ഗണേശ് കുമാര്‍ | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

മരണം വരെ പോരാടും- ഗണേശ് കുമാര്‍

ഹിസാറിലെ ഖരഗ്പുനിയയില്‍നിന്നാണ് ഗണേശ് കുമാര്‍ വരുന്നത്. ഖരഗ്പുനിയ ബര്‍വാല ബ്ലോക്ക് ഫാര്‍മേഴ്സ് യൂണിയന്റെ തലവനാണ് അദ്ദേഹം. പരുത്തിയും ചോളവുമാണ് പ്രധാന കൃഷി. അഞ്ചേക്കറോളം സ്ഥലത്ത് ഇപ്പോള്‍ കൃഷിയുണ്ട്. കാലം തെറ്റി വന്ന മഴ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ വെല്ലുവിയാണ്  ഉണ്ടാക്കിയത്.

പത്തോളം കര്‍ഷക കുടുംബങ്ങള്‍ക്ക് കൂടെ അന്നമൂട്ടുന്നത് ആ പാടമാണ്. ലാഭമായി കിട്ടുന്ന തുക എല്ലാവര്‍ക്കുമായി പങ്കിടും. കാലങ്ങളായി അതാണ് പതിവ്. പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും വരുമ്പോള്‍ മുന്നോട്ടുള്ള കാലം എങ്ങനെ ജീവിക്കും  എന്നതാണ് അദ്ദേഹം പങ്കുവെക്കുന്ന ആശങ്ക.

'രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ പോലും അനുവദിക്കാതെ ഭരണകൂടം എന്തിനാണ് തടയുന്നതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഞങ്ങള്‍ കര്‍ഷകരെ എന്തിനാണ് അധികാരവര്‍ഗ്ഗം ഭയപ്പെടുന്നത്. അവരെക്കൂടെ അന്നമൂട്ടുന്നവരല്ലേ ഞങ്ങള്‍. രാപ്പകലില്ലാത്ത ഞങ്ങളുടെ അധ്വാനമാണ് ഈ രാജ്യത്തിന്റെ നട്ടെല്ല് എന്ന് മറക്കരുത്.' രോഷത്തോടെ ഗണേശ് കുമാര്‍ പറഞ്ഞു നിര്‍ത്തി. 

മറ്റു കര്‍ഷകര്‍ക്കും പറയാനുള്ളത് സമാനമായ കാര്യങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്തെ ഉഴുതു മറിച്ച് പരുവപ്പെടുത്തിയ ജനത ഇപ്പോഴും തെരുവിലാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ക്ക് രാജ്യത്തേക്കാള്‍ പഴക്കമുണ്ട്. നേരിടുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും മാറ്റമില്ലാതെ തന്നെ തുടരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രതിസന്ധികളോട് പോരാടി അടയാളങ്ങള്‍ പോലുമില്ലാത്ത വിധം ആയുസറ്റു പോകുന്നതാണ് ഇന്നും ഗ്രാമീണ ഇന്ത്യയുടെ കാര്‍ഷിക ജീവിതം. ഗ്രാമത്തിലെ ഓരോ കുടിലിനും പറയാനുണ്ടാകും ആത്മഹത്യ ചെയ്ത കര്‍ഷകനെ കുറിച്ചുള്ള കഥകള്‍. അത്രമേല്‍ എണ്ണമറ്റ കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ട് വിളനിലങ്ങളില്‍. ആ വേദന നെഞ്ചേറ്റിയാണ് അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. അതുകൊണ്ടാണ് അവക്കിത്ര ചൂടും ചൂരുമുണ്ടാകുന്നത്. 

മിക്കവരുടെയും ശരീരത്തില്‍ കാലത്തിന്റെ ചുളിവുകള്‍ പടര്‍ന്ന് കയറിയിട്ടുണ്ട്. എങ്കിലും പ്രായം തളര്‍ത്തിയ കൈകളില്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത കര്‍ഷകമനസ്സ് മുറുകെ പിടിച്ചിട്ടുണ്ടവര്‍.

Content Highlights: We are sitting at the borders, Take back the farm law, Farmers protest | Athijeevanam