രണത്തെ മുഖാമുഖം കണ്ടപ്പോഴും പകര്‍ത്താന്‍ കഴിയാതെ പോയ ചിത്രങ്ങളായിരുന്നു മനസ്സില്‍. ജീവന്‍ ബാക്കിയാക്കിയ അപകടം വലത് കാലുമായാണ് പോയത്. ഇനി ഒരിക്കലും മനസ്സിലെ സ്വപ്നങ്ങള്‍ ചിത്രങ്ങളാവില്ലെന്ന് ആശുപത്രികള്‍ വിധിയെഴുതി. എന്നാല്‍ പകര്‍ത്താന്‍ സാധിക്കാതെ പോയ സ്വപ്നചിത്രങ്ങള്‍ വിമിത്ത് ഷാലിന്റെ മനസ്സില്‍ കൂടുതല്‍ മിഴിവോടെ തെളിഞ്ഞ്  നിന്നിരുന്നു. ആ കരുത്തില്‍ കിടക്കവിട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കൃത്രിമ കാലുമായി വിമിത്ത് തെരുവിലേക്കിറങ്ങി. അത് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് കൈവരിക്കുന്നത് വരെ എത്തിനില്‍ക്കുന്നു. വിമിത്ത് ഷാല്‍ എന്ന പത്ര ഫോട്ടോഗ്രാഫര്‍ ജീവിതത്തിലൂടെയും, ജീവിതം പറയുന്ന ചിത്രങ്ങളിലൂടെയും അത്ഭുതപ്പെടുത്തുകയാണ്.

കനത്ത മഴക്ക് ശേഷമുള്ള വൈകുന്നേരമാണ് കോഴിക്കോടെത്തുന്നത്. എങ്കിലും കാര്‍മേഘങ്ങള്‍ പൂര്‍ണ്ണമായി സൂര്യന് വഴികൊടുത്തിട്ടില്ല. കാറ്റിനൊപ്പം ശക്തി കുറഞ്ഞ് അപ്പോഴും ചാറ്റല്‍മഴയുണ്ടായിരുന്നു. ഫോട്ടോഗ്രാഫറെ കാണാന്‍ പോകുന്നത് കൊണ്ടാവണം, കാണുന്ന ഓരോ കാഴ്ചകളും വ്യത്യസ്തമായ ഫ്രെയിമുകളായാണ് അനുഭവപ്പെടുന്നത്. ബസ്സ് സ്റ്റാന്റില്‍ നിന്നും അദ്ദേഹം താമസിക്കുന്ന നല്ലളത്തേക്ക് ഓട്ടോയിലായിരുന്നു യാത്ര. എത്തുന്നതിന് മുന്‍പേ വിമിത്തിന്റെ ഫോണ്‍ വന്നു. വീടിനടുത്തുള്ള  മാങ്കുനി പാടത്തുണ്ട് എന്ന് പറയാനായിരുന്നു അത്. നല്ലളം കവലയില്‍ നിന്ന് ചെറു വഴികളിലൂടെ ഓട്ടോ കുതിച്ചു. പാടത്തേക്കുള്ള വഴി കൃത്യമായി പറഞ്ഞ് തന്നതിനാല്‍ മറ്റാരോടും ചോദിക്കാതെതന്നെ മാങ്കുനി പാടത്തെത്തി.

vimithshal

പാടത്തിനരികെ നില്‍ക്കുന്ന വിമിത്തിനെ ദൂരെ നിന്നേ കാണാം. അദ്ദേഹം എന്തോ ക്യാമറയില്‍ പകര്‍ത്തുകയാണ്. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് ശ്രദ്ധ മുഴുവന്‍ ക്യാമറയില്‍ കൊടുത്താണ് നില്‍ക്കുന്നത്. ശരീരത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വാക്കര്‍ വച്ചിട്ടുണ്ട്. ആ കാഴ്ച ഒരു ഫ്രെയിമിലും അത്ര എളുപ്പത്തില്‍ പകര്‍ത്താനോ പറയാനോ കഴിയുന്ന ഒന്നല്ല. വിമിത്തിന്റെ അടുത്തായി ഓട്ടോ നിര്‍ത്തി ഇറങ്ങിയപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍  കാമറയില്‍ തന്നെയാണ്. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് പാടത്തിന്റെ അങ്ങേ അറ്റത്തുള്ള പക്ഷികളെയാണ് നിശ്ചല കാഴ്ചകളാക്കി മാറ്റുന്നത്. പുറകിലായി നിന്ന എന്നെ കണ്ടപാടേ നിറഞ്ഞ ചിരിയുമായി ഹസ്തദാനത്തിനായി കൈ നീട്ടി. ഇടത് കൈ അപ്പോള്‍ വാക്കറില്‍ മുറുകെ പിടിച്ചിരുന്നു. കഴുത്തില്‍ തൂക്കിയിട്ട  കാമറ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. കാഴ്ചകള്‍ക്ക് ചെറിയൊരു ഇടവേള കൊടുത്ത് പിന്നിട്ട വഴികളിലെ അസാമാന്യ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി.

ഫോട്ടോഗ്രാഫി എന്ന സ്വപ്നം

ചെറുപ്പം മുതലേ പത്രങ്ങളില്‍ വരുന്ന വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ മായാത്തവിധം അടയാളപ്പെടുത്തുമായിരുന്നു. അക്കാലത്ത് പത്രങ്ങളില്‍ വന്നിരുന്ന മിക്ക ചിത്രങ്ങളും ബ്ലാക് ആന്‍ഡ് വൈറ്റ് ആയിരുന്നു. എങ്കിലും അവക്കെല്ലാം മനസ്സില്‍ വ്യത്യസ്തങ്ങളായ നിറങ്ങളുണ്ടായിരുന്നു.  ഫോട്ടോകളോടുള്ള ഇഷ്ടം  അനുദിനം കൂടികൊണ്ടേ ഇരുന്നു. കാലങ്ങള്‍ കഴിയുന്നതിനനുസരിച്ച് വളരെ ഗൗരവമായി ആ ഇഷ്ടവും വളര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞതോടെ സ്വപ്നത്തിലേക്ക് നടക്കാനുള്ള സമ്മതം വീട്ടില്‍ നിന്നും വാങ്ങി. അങ്ങിനെ കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ഫോട്ടോഗ്രാഫി പഠനം തുടങ്ങി.

photo

പ്രതീക്ഷകളും സ്വപ്നങ്ങളും ആ ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്ന് വൈകാതെ വെളിച്ചം കണ്ടു. ഫിലിം ക്യാമറകളായിരുന്നു അക്കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പഠിച്ചതും അത്തരം ക്യാമറകളുടെ പ്രവര്‍ത്തനത്തെ കുറിച്ചാണ്. ഒരോ ചിത്രങ്ങളും ഇരുണ്ട മുറികളില്‍ നിന്നും വെളിച്ചത്തിലേക്ക് മിഴിതുറന്നു. പല ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അത് കൂടുതല്‍ കൂടുതല്‍ മുന്നോട്ട് പോകാനുള്ള ഇന്ധനമായി. വൈകാതെ തന്നെ ഫോട്ടോഗ്രാഫി പഠനം ഏറെ പ്രതീക്ഷയോടെ പൂര്‍ത്തിയാക്കി. എന്നാല്‍ അക്കാലത്താണ് ഡിജിറ്റല്‍ ക്യാമറയുടെ വരവ്. അതോടെ ഫിലിം ക്യാമറകള്‍ കാഴ്ചവസ്തുക്കളാവുകയായിരുന്നു.

പഠിച്ച ക്യാമറയും സാങ്കേതിക വിദ്യകളും കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അടിമുടി മാറുകയായിരുന്നു. ഒരു നിമിഷംപോലും കളയാതെ പിന്നീട് ഒറ്റക്കുള്ള പഠനമായിരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെ സാങ്കേതിക വിദ്യ ലഭ്യമായ എല്ലാ പുസ്തകങ്ങളിലൂടെയും പഠിച്ചു. അതോടെ മനസ്സില്‍ പുതിയ ഫ്രെയിമുകളും അവയ്ക്കുള്ളിലെ കാഴ്ചകളും വീണ്ടും മിഴിവാര്‍ന്നു നിന്നു. എന്നാല്‍ പത്ര ഫോട്ടോഗ്രാഫര്‍ ആവുക എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു. പല ശ്രമങ്ങളും വിജയം കണ്ടില്ല. അങ്ങിനെയാണ് സുഹൃത്തും നാട്ടുകാരനുമായ അഭിയേട്ടന്റെകൂടെ പ്രാദേശിക ചാനലിലേക്ക് പോകുന്നത്.

photo

രക്തം പുരണ്ട ചിത്രങ്ങള്‍

ക്യാമറ നെഞ്ചോട് ചേര്‍ത്ത് ലോകം മുഴുവന്‍ കാഴ്ചകളാക്കാനുള്ള വ്യഗ്രത അപ്പോഴും മനസ്സില്‍ ആളി കത്തിയിരുന്നു. വൈകാതെ തന്നെ സ്വപ്നങ്ങളിലേക്കുള്ള പാത തേജസ് പത്രത്തിലൂടെ തുറന്നു കിട്ടി. മലപ്പുറത്തായിരുന്നു ആദ്യ നിയമനം. ഒട്ടും വൈകാതെ കണ്ടു തീര്‍ക്കാനുള്ള കാഴ്ചകള്‍ സ്വപ്നം കണ്ട് മലപ്പുറത്തേക്ക് വണ്ടി കയറി. ഓഫീസിന് അടുത്ത് തന്നെയുള്ള ചെറിയ വാടകവീട്ടില്‍ ജീവിതം സ്വരുക്കൂട്ടി. ഉപയോഗിക്കാന്‍ സ്ഥാപനം ക്യാമറയും കൊടുത്തു. അതായിരുന്നു പിന്നീട് രണ്ടര വര്‍ഷത്തോളം ജീവവായു. ഓരോ ദിവസവും പുതിയ കാഴ്ചകള്‍ക്കായി ആ നാട് മുഴുവന്‍ രാപ്പകല്‍ സഞ്ചരിച്ചിട്ടുണ്ട്.

ആ ഇടയ്ക്കാണ് മെട്രോ വാര്‍ത്തയില്‍ പുതിയൊരു അവസരം ലഭിച്ചത്. അങ്ങനെ വലിയ സാധ്യതകളിലേക്ക് ക്യാമറ വീണ്ടും മിഴിതുറന്നു. സ്വരുക്കൂട്ടി വച്ചതും കടം വാങ്ങിയതും എല്ലാം കൂട്ടി ഒരു ക്യാമറ വാങ്ങിയതും അക്കാലത്താണ്. നികോണ്‍ D50. മനുഷ്യ ജീവിതങ്ങളുടെ അവിസ്മരണീയമായ ഓരോ നിമിഷവും പിന്നീട് പകര്‍ത്തിയത് അതിലായിരുന്നു.

photo

സമയബന്ധിതമായി ചെയ്ത് തീര്‍ക്കാവുന്ന ജോലിയല്ല ഫോട്ടോഗ്രാഫറുടേത്. മനസ്സിലുള്ള നല്ല ചിത്രത്തിനായി സമയത്തിനും ഏറെ അപ്പുറം ആയാള്‍ക്ക് സഞ്ചരിക്കേണ്ടി വരും. അത്തരത്തില്‍ ഒരു രാത്രിയാണ് ജീവിതമാകെ അട്ടിമറിക്കപ്പെടുന്നത്. ഓഫീസില്‍ നിന്നും സുഹൃത്തുമായി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്.  എം.എസ.്പി ഗ്രൗണ്ട് കഴിഞ്ഞ് അല്‍പം മുന്നോട്ട് പോയപ്പോഴാണ് അപ്രതീക്ഷിതമായി ഓട്ടോ മുന്നില്‍ കയറി വന്നത്. അത് നേരെ വലത് കാലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ അമിത വേഗത്തിലായതിനാല്‍ ബൈക്ക് വെട്ടിച്ച് മാറ്റാന്‍പോലും സാധിച്ചില്ല. ഇടതു ഭാഗത്തേക്കായി രണ്ടുപേരും തെറിച്ചുവീണു. ഏറെ നേരം എന്താണ് സംഭവിച്ചത് എന്നറിയാതെ മരവിപ്പായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം വ്യക്തമായി. ചുറ്റും ആരൊക്കെയോ കൂടി എഴുന്നേല്‍പ്പിക്കാനും മറ്റും ശ്രമിക്കുന്നുണ്ട്. സുഹൃത്ത് ബോധം പോയി ചോര വാര്‍ന്ന് കിടക്കുകയാണ്. പിന്നെ തിരഞ്ഞത് ക്യാമറയാണ്. അത് കണ്ടതേയില്ല.

പിന്നീടാണ് താന്‍ കിടക്കുന്നതിന് ചുറ്റും ചോര തളം കെട്ടി നില്‍ക്കുന്നത് ശ്രദ്ധിച്ചത്. ഒറ്റ നോട്ടത്തില്‍ ഒന്നും കണ്ടില്ല. പിന്നെയാണ് ചിന്നി ചിതറിയ നിലയില്‍ കിടക്കുന്ന വലത് കാല്‍ കണ്ടത്. ആ കാഴ്ച്ച ഇപ്പോഴും മരവിപ്പായി കണ്ണിന് മുന്നില്‍ ഉണ്ട്. ഇടിയുടെ ആഘാതത്തില്‍ ശരീരം പൂര്‍ണ്ണമായി തരിച്ചതിനാല്‍ വേദന അറിഞ്ഞതേയില്ല. അപ്പോഴേക്കും ഓടിക്കൂടിയ ആളുകള്‍ പുറകില്‍ വന്ന വണ്ടിയില്‍ എടുത്ത് കയറ്റി. നേരെ പോയത് തൊട്ടടുത്ത സഹകരണ ഹോസ്പിറ്റലിലേക്കാണ്. എന്നാല്‍ ഗുരുതരമായ പരിക്കുള്ളതിനാല്‍ അതിവേഗം മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

ആശുപത്രികളുടെ കെടുകാര്യസ്ഥതയാണ് കാലെടുത്തത്

അവിടെനിന്നും നിമിഷങ്ങള്‍ക്കകം  പെരിന്തല്‍മണ്ണയിലുള്ള മൗലാന ആശുപത്രിയിലേക്ക് ആംബുലന്‍സ് കുതിച്ചു. അപ്പോഴേക്കും അപടത്തിന്റെ തരിപ്പ് മാറി പതിയെ വേദനയിലേക്ക് കടന്നിരുന്നു. അത് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ജീവന്‍ പോകുന്ന വേദനയായി. സഹിക്കാനാവാതെ ആര്‍ത്തു കരഞ്ഞത് പറയുമ്പോള്‍ ഇപ്പോഴും വിമിത്തിന്റെ കണ്ണില്‍ ഭീതിയുടെ നിഴല്‍ കനത്ത് നില്‍ക്കുന്നുണ്ടായിരുന്നു. കാലിന്റെ തുടയെല്ല് പൊട്ടിയതും വലതു കാലിലെ ഞരമ്പുകള്‍ ചതഞ്ഞതും മൗലാനയിലെ പരിശോധനയില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ 11 മണിവരെ അവിടെ കിടത്തിയ ശേഷം കോഴിക്കോട് മിംസിലേക്ക് കൊണ്ടുപോകാന്‍ പറയുകയാണ് ചെയ്തത്. ഉടന്‍ തന്നെ വാസ്‌ക്കുലര്‍ സര്‍ജ്ജറി നടത്തണം എന്നായിരുന്നു ഡോകടര്‍മാരുടെ നിര്‍ദ്ദേശം.

പിന്നീട് ഒട്ടും വൈകാതെ കോഴിക്കോട്ടേക്ക് തിരിച്ചു. 60 കിലോമീറ്ററിലധികം ദൂരെമുണ്ടായിരുന്നു മിംസ് ആശുപത്രിയിലേക്ക്. കടുത്ത വേദന പലതവണ ജീവനെടുത്തു.  കുണ്ടും കുഴിയും ഉള്ള റോഡുകളിലൂടെ ആംബുലന്‍സ് പാഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിലൂടെയായിരുന്നു യാത്ര. രാത്രി 12 മണിയോടെ മിംസില്‍ എത്തി. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് അന്നവിടെ വാസ്‌ക്കുലര്‍ സര്‍ജന്റെ സേവനമില്ല  എന്ന്. മിംസില്‍ നിന്നാണ് എത്രയും വേഗം വാസ്‌ക്കുലര്‍ സര്‍ജന്റെ സേവനം ലഭ്യമാക്കണം എന്ന് അറിയിച്ചത്. അല്ലാത്തപക്ഷം വലിയ അപകടത്തിലേക്ക് കാല്‍ പോകും എന്ന മുന്നറിയിപ്പും നല്‍കി. 

photo

മിംസില്‍ നിന്ന് ഉടനെ കോഴിക്കോടുള്ള മറ്റൊരു പ്രധാന ആശുപത്രിയായ ബേബി മെമ്മോറിയലിലേക്ക് വിളിച്ച് അന്വേഷിച്ചു. അവിടെയും അപ്പോള്‍ സര്‍ജനില്ല എന്ന മറുപടിയാണ് ലഭിച്ചത്. അത്തരം അന്വേഷണം മൗലാന ആശുപത്രി നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്ര ഗുരുതരമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കാരണം പെരിന്തല്‍മണ്ണയിലെ  മറ്റൊരു ആശുപത്രിയില്‍ അന്ന് വാസ്‌കുലര്‍ സര്‍ജന്‍  ഉണ്ടായിരുന്നത്രെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് 1.30 ഓടു കൂടിയാണ് കൊണ്ടുപോകുന്നത്. ആ സമയത്ത് പക്ഷെ സര്‍ജന്റെ സേവനം ലഭ്യമല്ലായിരുന്നു. അങ്ങിനെയാണ് മെട്രോ വാര്‍ത്തയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. രണ്ടുമണിയോടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ എല്ലാ സജ്ജീകരങ്ങളും ഒരുക്കാനുള്ള ശ്രമം തുടങ്ങി. അത് പുലരുവോളം നീണ്ടു. അപ്പോഴും കടുത്ത വേദന പ്രാണനെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. 4.30 ഓടെ വാസ്‌ക്കുലര്‍ സര്‍ജന്‍ എത്തി. 6 മണിയോടെ സര്‍ജറി തുടങ്ങി. അപ്പോഴേക്കും അപകടം നടന്നിട്ട് 8 മണിക്കൂര്‍ പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ സര്‍ജറിക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. രക്തഓട്ടം നിലച്ചതിലൂടെ രക്ത കുഴലുകളുടെ പ്രവര്‍ത്തനവും ആകെ തകിടം മറിഞ്ഞു. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍ തന്നെ അപകടത്തിലായതിനാല്‍ കാല്‍ മുറിക്കാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു.

photo

അതിജീവനത്തിന്റെ പുതിയ ചിത്രങ്ങള്‍

പ്രാണന്‍ പോകുന്ന വേദന കാല്‍ മുറിച്ചാല്‍ ഇല്ലാതാകും എന്നു കരുതിയാണ് ചോദിച്ചപാടെ അതിന് സമ്മതിച്ചത്. എന്നാല്‍ ഇന്നും ആ വേദന നിഴല്‍ പോലെ കൂടെയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ആശുപത്രിയില്‍ നിന്നും ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് മുറിവുണങ്ങി വീട്ടിലെത്തിയത്. സ്ട്രക്ചറില്‍ എടുത്താണ് വീട്ടിലേക്ക് കയറ്റിയത്. അല്‍പനേരം വിമിത്ത് നിശബ്ദനായി. ദീര്‍ഘ നിശ്വാസം എടുത്ത് വീണ്ടും പറഞ്ഞു തുടങ്ങി. 'മനുഷ്യന്‍ എത്ര നിസ്സാരനാണ് അല്ലേ?' വാക്കറില്‍ മുറുകെ പിടിച്ച ഇടത് കൈയിലൂടെ വിയര്‍പ്പ് തുള്ളികള്‍ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ  സുഹൃത്തുക്കളും സ്ഥാപനവും കൃത്രിമക്കാല്‍ വക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി. മൂന്ന് മാസത്തില്‍ അധികം എടുത്തു കൃത്രിമക്കാലുമായി പൊരുത്തപ്പെടാന്‍. യാത്രകളും കാഴ്ചകളുമായിരുന്നു അപ്പോഴും മനസ് നിറയെ. ആ സ്വപ്നങ്ങളാണ് വേദനയെ അതിജീവിക്കാനുള്ള മരുന്നായത്. 

പത്ത് മാസത്തോളം വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്നു. മുറ്റത്തിറങ്ങി നടക്കാം എന്ന അവസ്ഥയായപ്പോള്‍ ആദ്യം പോയത് തന്റെ പ്രിയപ്പെട്ട സ്ഥാപനത്തിന്റെ ഓഫീസിലേക്കാണ്. ഇരുന്ന് ചെയ്യാവുന്ന ജോലി അവിടെ അവര്‍  വിമിത്തിനായി കരുതി വച്ചിരുന്നു. എന്നാല്‍ ഒരു ദിവസമെങ്കിലും ക്യാമറയെടുത്ത് പുറത്ത് പോകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍. തോറ്റിട്ടില്ല എന്ന് വിധിയെയും, ആ തെരുവിനെയും ബോധ്യപ്പെടുത്തണമായിരുന്നു. അത് മനസിലുറപ്പിച്ചാണ് ചീഫ് എഡിറ്ററായ രഞ്ജി പണിക്കരുടെ അടുത്തേക്ക് പോയത്. അദ്ദേഹം ഉടന്‍ തന്നെ ഓകെ പറഞ്ഞു. അന്ന് വീണ്ടും ക്യാമറ കയ്യില്‍ എടുത്തു. അതിപ്പോഴും നെഞ്ചോട് ചേര്‍ന്ന് തന്നെ കിടക്കുന്നുണ്ട്. ഇന്നേക്ക് എട്ട് വര്‍ഷമായിരിക്കുന്നു.

മാര്‍ച്ചുകള്‍ക്കും, പ്രകടനങ്ങള്‍ക്കും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലും വരെ പോയി ഇപ്പോള്‍ പടം എടുക്കുന്നുണ്ട്. അതിനൊക്കെ സാധ്യമാക്കിയത് സഹപ്രവര്‍ത്തകരും മറ്റ് സ്ഥാപനങ്ങളിലെ സുഹൃത്തുക്കളുമാണ്. കാലില്ല എന്ന യാഥാര്‍ഥ്യം ശരീരവും മനസ്സും ഏറെക്കുറെ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതിനിടയ്ക്കാണ് സൗമ്യ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. എവിടെയോ നഷ്ട്ടപ്പെട്ടു എന്ന് തോന്നിയ കരുത്ത് സൗമ്യയിലൂടെ തിരിച്ച് കിട്ടുകയായിരുന്നു. സ്വപ്നങ്ങളിലേക്ക് നടക്കാന്‍ കൂട്ടായി ഇപ്പോള്‍ രണ്ട് കുട്ടികളും ഉണ്ട്. 

photo

മൂന്ന് ആഴ്ചയായി ഇപ്പോള്‍ ജോലിക്ക് പോകാന്‍ സാധിച്ചിട്ട്. കാരണം കൃത്രിമക്കാല്‍ ഉപയോഗ ശൂന്യമായിരിക്കുന്നു. അഞ്ച് വര്‍ഷമായിരുന്നു അതിന്റെ കാലാവധിയെങ്കിലും എട്ട് വര്‍ഷത്തോളം ഉപയോഗിച്ചു. ഇപ്പോള്‍ പുതിയ കാല്‍ വെയ്ക്കണമെങ്കില്‍ അഞ്ച് ലക്ഷത്തിലധികം രൂപ ചിലവുണ്ട്. സുഹൃത്തുക്കളും സ്ഥാപനവും അതിനുവേണ്ടി കാര്യക്ഷമമായി തന്നെ ഇടപെടുന്നുണ്ട്. വൈകാതെ സാധ്യമാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് വിമിത്ത്.

തിരികെ പോവാന്‍ നേരം വയനാട്ടിലെ കാട്ടില്‍ നിന്നെടുത്ത കുറച്ച് ചിത്രങ്ങള്‍ കൂടെ കാണിച്ചുതന്നു. കാടും പ്രകൃതിയും അക്ഷരാര്‍ത്ഥത്തില്‍ ഓരോ ഫ്രെയിമിലും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അതിലുപരി കാടിനുള്ളിലേക്ക് ഇത്ര ദൂരം കയറിയത് കൃതിമകാലുമായാണ് എന്നത് അതിശയിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ അത്രത്തോളം അലിഞ്ഞ് പോയിട്ടുണ്ട് ഫോട്ടോഗ്രാഫി. പലതവണ ശ്രമിച്ചിട്ടും നടക്കാതെ പോയ  പുലിയുടെ ഫോട്ടോ എടുക്കണം എന്നതാണ് വലിയ ആഗ്രഹം. അതി വിദൂരമല്ലാത്ത സമയത്തിനുള്ളില്‍ അതും നടക്കുമെന്ന്  എളുപ്പത്തില്‍ പറയാനാകും. അത്രമേല്‍ സ്വപ്നങ്ങള്‍ക്ക് മുന്നേ നടക്കാനുള്ള  ഉള്‍ക്കരുത്ത് നെഞ്ചോട് ചേര്‍ത്ത് വച്ചിട്ടുണ്ട്.

Content Highlights: Vimith Shal - Inspiring Story of a young photographer Who lost his leg, Athijeevanam