'അഞ്ചു ദിവസമായി നടക്കാന്‍ തുടങ്ങിയിട്ട്. ഇനി ഒരടി പോലും മുന്നോട്ട് പോകാന്‍ എനിക്കു സാധിക്കില്ല.' റോഡിനോട് ചേര്‍ന്നൊട്ടിയ തരത്തില്‍ തേഞ്ഞ് ഇല്ലാതായ ചെരുപ്പില്നിന്നു വിണ്ടുകീറിയ കാല്പാദം ഉയര്‍ത്തി കാണിച്ച് ഹരീന്ദര്‍ പറഞ്ഞു.
ജമ്മുവില്‍നിന്ന് അഞ്ചു ദിവസം മുന്‍പ് യാത്ര തുടങ്ങിയതാണ് അദ്ദേഹം. ഇനിയും 1200 കിലോ മീറ്റര്‍ സഞ്ചരിക്കണം ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്താന്‍. തല ചായ്ക്കാനൊരിടം നഷ്ടമായ ലക്ഷണക്കണക്കിന് വരുന്ന മനുഷ്യരുടെ പ്രതിനിധിയാണ് ഹരീന്ദര്‍.
പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മുഴുപട്ടിണിയിലേക്കാണ് ലക്ഷക്കണക്കിന് മനുഷ്യരെ തള്ളിയിട്ടത്. കിടപ്പാടം കൂടെ നഷ്ടമായപ്പോഴാണ് കൈയില്‍ ഒതുങ്ങാവുന്നതും എടുത്ത് തൊഴിലാളി ജനത തെരുവില്‍ ഇറങ്ങിയത്. തലക്ക് മുകളില്‍ സൂര്യന് ആളിക്കത്തിയപ്പോഴും ഗ്രാമത്തിലേക്കുള്ള വഴി തേടി അലയാന്‍ പ്രേരിപ്പിച്ചത് വരാനിരിക്കുന്ന കൊടുംപട്ടിണിയെ ഭയന്നിട്ടാണ്.
അക്ഷരാര്‍ത്ഥത്തില്‍ പലായനത്തിലാണ് ഇന്ത്യ. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച കൂട്ട പലായനങ്ങള്‍ കണ്മുന്നിലൂടെ ഒഴുകി കൊണ്ടിരിക്കുകയാണിപ്പോള്‍. കാലം നടുങ്ങുന്ന കാഴ്ചകള്‍ക്കാണ് ഓരോ തെരുവും സാക്ഷ്യം വഹിക്കുന്നത്. ഗ്രാമങ്ങളിലേക്കുള്ള യാത്രാമധ്യേ അപകടങ്ങളില്‍പെട്ടും വിശന്നും മരിച്ചവര്‍ നൂറു കണക്കിനാണ്. അവ്യക്തമായ സംഖ്യകള്‍ മാത്രമാണ് ഇപ്പോഴും ആ മനുഷ്യര്‍.
ജല്‍നയിലെ ഉരുക്ക് ഫാക്ടറി തൊഴിലാളികളായ 16 മനുഷ്യര്‍ക്ക് മുകളിലൂടെയാണ് തീവണ്ടി അലറി പാഞ്ഞു പോയത്. തൊഴിലും ഭക്ഷണവും ഇല്ലാതെ സഹികെട്ടപ്പോഴാണ് അവര്‍ റെയില്‍ പാളത്തിലൂടെ നടന്ന് വീടെത്താം എന്ന് കരുതിയത്. അവശേഷിച്ച ഗോതമ്പുകൊണ്ട് വിരലില്‍ എണ്ണാവുന്ന ചപ്പാത്തിയും കൈയില്‍ പിടിച്ചായിരുന്നു യാത്ര തുടങ്ങിയത്. എന്നാല്‍ കഠിനമായ വെയിലും വിശപ്പും അവരെ ഒരു പോലെ തളര്‍ത്തുകയായിരുന്നു.
ക്ഷീണമകറ്റാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ പാളത്തില്‍ തന്നെ തലചായ്ക്കേണ്ടി വന്നു. വിശന്ന് തളര്‍ന്ന് ഉറങ്ങിപ്പോയപ്പോള്‍ പുതിയ ജീവിതസ്വപ്നങ്ങള്‍ എപ്പോഴെങ്കിലും അവരും കണ്ടുകാണണം. എന്നാല്‍ കൂകി വിളിച്ചു വന്ന തീവണ്ടി നിമിഷനേരം കൊണ്ട് എല്ലാം അവസാനിപ്പിക്കുകയായിരുന്നു. പതിനാറ് കുടുംബങ്ങള്‍ക്ക് ഒടുവില്‍ ബാക്കിയായത് ചോരപുരണ്ട
ഏതാനും ചപ്പാത്തികള്‍ മാത്രമാണ്. അതില്‍ പുരണ്ട ചോരപ്പാടുകളില്‍ രാജ്യത്തിന്റെ ഭൂപടം നിഴലിച്ചു നിന്നിരുന്നു.
'അരി കിട്ടുന്നുണ്ട്. അത് തികയുന്നില്ല. ഉപ്പും പാലും പഞ്ചസാരയും വാങ്ങാന്‍ കൈയ്യില്‍ പൈസ ഇല്ല. അമ്മയെ ചികിത്സിക്കണം. ആരും സഹായിക്കാന്‍ ഇല്ല.' ചിന്നിച്ചിതറിയ ശരീര അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഉത്തര്‍ പ്രദേശ് പോലീസീന് കിട്ടിയ മരണക്കുറിപ്പിലെ വരികളാണിത്. ട്രെയിനിന് മുന്നില്‍ ചാടി നിസ്സഹായത അവസാനിപ്പിക്കും മുന്‍പ് ഭാനുപ്രകാശ് ഗുപ്ത കയ്യില്‍ കിട്ടിയ കടലാസുതുണ്ടില്‍ എഴുതിയ വരികളായിരുന്നു ഇത്. 50 വര്‍ഷം ഈ രാജ്യത്ത് ജീവിച്ച മനുഷ്യന് ഒരു മാസത്തെക്ക് ആവശ്യമായ ഉപ്പ് പോലും മുന്‍കൂര്‍ വാങ്ങാന്‍ പണമില്ല എന്ന യാഥാര്‍ഥ്യം ഭരണകൂടം തിരിച്ചറിയേണ്ടതുണ്ട്.
ഭാര്യയും നാലു മക്കളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബം പോറ്റിയത് സമീപത്തെ ഹോട്ടലിലെ ചെറിയ ജോലി കൊണ്ടായിരുന്നു. രാജ്യം അടച്ചതോടെ പട്ടിണിയല്ലാതെ കൈയിലൊന്നും ഇല്ലാതെയായി. മുന്നില്‍ തെളിഞ്ഞ വഴി ആത്മഹത്യ മാത്രമായിരുന്നു. വിശപ്പ് സഹിക്കാന്‍ പറ്റാതെ ജീവിതം അവസാനിപ്പിച്ച നൂറു കണക്കിന് മനുഷ്യരില്‍ ഒരു അക്കം മാത്രമായി ഭാനുപ്രകാശ് ഗുപ്തയും മാറുകയായിരുന്നു.
മഹാമാരിയേക്കാള് ആഴത്തില്‍ കൊടുംപട്ടിണി ഇന്ത്യന്‍ ഗ്രാമങ്ങളെ വിറപ്പിക്കുന്നുണ്ട്. അതിജീവന യുദ്ധത്തില്‍ തോറ്റു പോവുകയാണ് ഭൂരിപക്ഷം മനുഷ്യരും. ഈ മണ്ണില്‍ ജീവിച്ചിരുന്നിരുന്നു എന്നതിന് പലര്‍ക്കും അടയാളമായി ഉള്ളത് ശോഷിച്ചു നടുവൊടിഞ്ഞ ശരീരം മാത്രമാണ്. എന്നാല്‍ പലായനത്തിനിടെ റെയില്‍വെ പാളങ്ങളിലും റോഡരികിലും ചതഞ്ഞു മരിച്ച മനുഷ്യര്‍ക്ക് ശരീരം പോലും അന്യമാണ്. വലിയ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ഭരണകൂടം നടത്തുമ്പോഴും സാധാരണ മനുഷ്യനെ അതൊന്നും സ്പര്ശിച്ചിട്ടേയില്ലെന്ന് ഓരോ ആത്മഹത്യകളും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിജീവനം അസാധ്യമായ തുരുത്തുകളില്‍ ഒറ്റപ്പെടുകയാണ് എണ്ണമറ്റ മനുഷ്യര്‍.
ചോര കിനിയുന്ന പാദങ്ങള്‍ പറയുന്നത്

ഡല്‍ഹി-ഉത്തര്‍ പ്രദേശ് അതിര്‍ത്തികളില്‍ ഒന്നാണ് ഗാസിപുര്‍. ജോലിയും താമസസ്ഥലവും നഷ്ട്ടമായ ആയിരങ്ങള്‍ ഗ്രാമത്തിലെത്താനുള്ള വഴിതേടി അതിര്‍ത്തികളിലേക്ക് ഒഴുകുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് മനുഷ്യരെ കൊണ്ട് ഗാസിപുര്‍ നിറഞ്ഞു. അതുവരെ കുടിയേറ്റ തൊഴിലാളികളെ കണ്ട ഭാവം നടിക്കാതെ നിന്ന സര്‍ക്കാരുകള്‍ക്ക് കൂട്ട പലായനങ്ങള്‍ തലവേദനയായി. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദഫലമായി സര്‍ക്കാരുകള്‍ക്ക് വാഹന സൗകര്യം ഒരുക്കേണ്ടി വന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
അഞ്ഞൂറിലധികം ബസ്സുകളാണ് പല സ്ഥലങ്ങളിലേക്കായി പോയത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. എല്ലാ കുടിയേറ്റ തൊഴിലാളികളെയും സൗജന്യമായി നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതി വരെ ഇടപെട്ടിരുന്നെങ്കിലും ഫലപ്രദമായ നടപടികള്‍ ഇപ്പോഴും ഉണ്ടായിട്ടില്ല. ഇനിയും നിലക്കാത്ത പലായനങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഗാസിപുര്‍ അതിര്‍ത്തി എത്തും മുന്‍പുള്ള ചെറിയ തെരുവില്‍നിന്നാണ് ഹരിന്ദറിനെ കാണുന്നത്. കാറിനരികിലേക്ക് വന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ചോര കിനിയുന്ന വലതുകാല്‍ ഉയര്‍ത്തികാണിച്ച് ഇനി ഒരടി നടക്കാന്‍ വയ്യ എന്നു പറയുമ്പോള്‍ കണ്കോണില് നനവ് പടരുന്നുണ്ടായിരുന്നു. ജാര്‍ഖണ്ഡിലെ കാര്ഷികഗ്രാമത്തില്നിന്നു പട്ടിണി സഹിക്കാന്‍ വയ്യാതെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിതേടി ഇറങ്ങിയത്.
പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ നിരാശയായിരുന്നു ഫലം. പട്ടിണിക്കോലമായ ഗ്രാമത്തിലെ പ്രിയപെട്ടവരെ ഓര്‍ത്തപ്പോള്‍ പിന്മാറാന് മനസ്സുവന്നില്ല. ആ യാത്ര ചെന്ന് അവസാനിച്ചത് മഞ്ഞു പെയ്യുന്ന കാശ്മീരിലായിരുന്നു. കടുത്ത തണുപ്പ് ശരീരത്തെ മരവിപ്പിച്ചപ്പോഴും ആത്മവിശ്വാസം കൈവിടാതെ ജോലി തിരഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കുന്ന ചെറിയ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി കിട്ടി. അതിനു ശേഷം പല സ്ഥാപനങ്ങളിലായി രാപ്പകല്‍ ഇല്ലാത്ത അധ്വാനമായിരുന്നു.
കൃഷിയിലെ കനത്ത നഷ്ടം കാരണം കൂട്ട ആത്മഹത്യക്ക് തയ്യാറായ കുടുംബത്തെ കഠിനാധ്വാനം കൊണ്ടാണ് ഹരിന്ദര് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശരീരത്തിലേക്ക് തുളച്ചു കയറുന്ന മഞ്ഞു കാറ്റിന്റെ വേദനിപ്പിക്കുന്ന തണുപ്പേറ്റ് കടന്നുപോയത് വര്‍ഷങ്ങളാണ്. ജീവിതപ്രാരാബ്ധങ്ങള്‍ തീര്‍ന്നിട്ട് മലയിറങ്ങാം എന്നാണ് കരുതിയതെങ്കിലും ഒന്നിന് പുറകെ ഒന്നായി വന്ന പ്രതിസന്ധികള്‍ കാരണം കാശ്മീരില്തന്നെ തുടരേണ്ടിവന്നു. തീവ്രവാദ ഭീഷണികളും പ്രതികൂലമായ കാലാവസ്ഥയുമാണ് ജീവിതത്തെ പുറകിലേക്ക് വലിച്ചത്. പൊടുന്നനെ വന്ന മഹാമാരിയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും ജീവിതദുരിതം ഇരട്ടിയാക്കി.
ജോലി ഇല്ലാതെയായപ്പോള്‍ വാടകവീട്ടില്‍നിന്ന് ഇറങ്ങേണ്ടി വന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടെ ഇല്ലാതായപ്പോഴാണ് അത്യാവശ്യത്തിന് ഭക്ഷണവും എടുത്ത് നടന്നുപോകാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ നീണ്ട നടത്തത്തിനിടക്ക് വല്ലപ്പോഴും വരുന്ന ചരക്കുലോറികളിലും സഹായിച്ചു. ഇരുട്ടുവോളം വിജനമായ നിരത്തിലൂടെ നടന്നു. ബസ് സ്റ്റോപ്പുകളിലും അമ്പലങ്ങളിലും തല ചായ്ച്ചു. നീണ്ട അഞ്ചു ദിവസത്തിന് ശേഷമാണ് ഡല്‍ഹി എത്തിയത്. ഇനിയും 1200 കിലോ മീറ്റര്‍ സഞ്ചരിക്കണം ഗ്രാമത്തിലെത്താന്‍. എന്നാല്‍ മുന്നോട്ട് ഒരടി വക്കാന്‍ സാധിക്കാത്ത വിധം തകര്‍ന്നിട്ടുണ്ട് കാല്പ്പാദങ്ങള്. ഇന്ത്യയിലെ തൊഴിലാളിയുടെ നേര്‍ചിത്രം ആ കാല്‍പ്പാദത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
കാലം നിശ്ചലമായ കാഴ്ചകള്‍

മീററ്റ് ദേശീയപാതയില്നിന്നാണ് മുച്ചക്ര സൈക്കിളില്‍ തിങ്ങി നിറഞ്ഞ് പോകുന്ന കുടുംബത്തെ കണ്ടത്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴില്‍തേടി ഡല്‍ഹിയിലെത്തിയ ജസ്വന്തും കുടുംബവുമായിരുന്നു അത്. ജീവിതം കര പിടിക്കും എന്നു കരുതി മക്കളെയും ജസ്വന്ത് കൂടെ കൂട്ടുകയായിരുന്നു. രണ്ടു മക്കളില്‍ ഇളയ മകന് അദ്ദേഹത്തിന്റെ കൂടെ പച്ചക്കറി കച്ചവടത്തില്‍ സഹായിക്കാന്‍ നിന്നപ്പോള്‍ മൂത്തമകന് സമീപത്തെ കടയിലും ജോലി നോക്കുകയായിരുന്നു.
പച്ചക്കറി കച്ചവടത്തില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഏഴു പേരടങ്ങുന്ന കുടുംബം കഴിയുന്നത്. അതിനിടയ്ക്കാണ് മൂത്തമകന് അതുലിന്റെ രണ്ടു വയസുള്ള കുഞ്ഞിന് ഇനിയും തിരിച്ചറിയാനാവാത്ത അസുഖം പിടിപെട്ടത്. ഇതുവരെ ചികിത്സക്ക് വേണ്ടി വന്നത് ലക്ഷങ്ങളാണ്. കൈയിലുള്ളതെല്ലാം വിറ്റു പെറുക്കിയാണ് ചികിത്സ നടത്തിയത്. അവശേഷിക്കുന്നത് പച്ചക്കറി വില്‍ക്കുന്ന മുച്ചക്ര സൈക്കിള്‍ മാത്രമാണ്.
ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലാണ് ജസ്വന്തിന്റെ ഗ്രാമം. ചെറുമകന്റെ ചികിത്സയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാരണം കാലങ്ങളായി ഗ്രാമത്തിലേക്ക് പോയിട്ട്. പഴകി ദ്രവിച്ച കുടില്‍ ഇപ്പോള്‍ ഏതവസ്ഥയില്‍ ആണെന്നുള്ള ആധിയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. സാരി കൊണ്ട് വേര്‍തിരിച്ച ഡല്‍ഹിയിലെ ഒറ്റമുറി വീട്ടിലായിരുന്നു വര്‍ഷങ്ങളായി ആ കുടുംബം.
ഗ്രാമത്തിലെത്തിയാല് വീണ്ടും കൃഷി ചെയ്യാന്‍ തന്നെയാണ് തീരുമാനം. അതിനു വേണ്ട മൂലധനം കുറച്ചെങ്കിലും സുഹൃത്തിനോട് ചോദിച്ചു വച്ചിട്ടുമുണ്ട്. ഇനി പ്രതീക്ഷ ഒരിക്കല്‍ ഉപേക്ഷിച്ചു പോന്ന ആ മണ്ണില്‍ മാത്രമാണ്. നിലനില്‍പ്പിനായി പൊരുതാന്‍ തീരുമിച്ചാല് മണ്ണ് ചതിക്കാതെ കൂടെനില്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഗ്രാമത്തില്‍ എത്താനുള്ള ഏക ആശ്രയം ഇപ്പോള്‍ സൈക്കിള്‍ മാത്രമാണ്. സര്‍ക്കാരിന്റെ ബസ്സുകള്‍ക്കായി കാത്തുനിന്നാല്‍ പട്ടിണി വന്ന് വിഴുങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വകാര്യ വാഹനങ്ങളില്‍ പോകാനുള്ള അനുമതി ഉണ്ടെങ്കിലും അവശേഷിക്കുന്ന തുക അതിന് തികയില്ല. അങ്ങനെയാണ് ഉപജീവന മാര്‍ഗമായ പച്ചക്കറി സൈക്കിളില്‍ തന്നെ യാത്ര തിരിക്കാന്‍ തീരുമാനിച്ചത്.
ഇനിയും 350 കിലോ മീറ്റര്‍ പിന്നിടണം ഗ്രാമത്തിലെത്താന്‍. ഒരേസമയം എല്ലാവര്ക്കും ഇരുന്ന് സഞ്ചരിക്കാനും സാധ്യമല്ല. കുട്ടികളല്ലാത്തവര്‍ മാറി മാറി സൈക്കിളിനൊപ്പം നടന്നാണ് മുന്നോട്ട് പോകുന്നത്. ചെറിയ കയറ്റങ്ങള്‍ പോലും അവരുടെ ജീവിതം പോലെ മുന്നോട്ട് പോകാതെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. എങ്കിലും പിറന്ന മണ്ണും പുതുതായി തുടങ്ങാന്‍ പോകുന്ന ജീവിതസ്വപ്നങ്ങളെയും പ്രതീക്ഷയോടെയാണ് അവര്‍ കാണുന്നത്.
പണമില്ലാത്തവന് നടന്നു തീര്‍ക്കണം ജീവിതം
ലഭ്യമായ കണക്കുകള്‍പ്രകാരം എട്ടു കോടി തൊഴിലാളികളില്‍ 15 ലക്ഷം പേര് മാത്രമാണ് ട്രെയിനില്‍ യാത്ര ചെയ്തത്. അതും കൃത്യമായി പണം നല്‍കിയതിന് ശേഷം. എന്നാല്‍ ജോലി നഷ്ടപ്പെട്ട് അര്‍ദ്ധപട്ടിണിയില്‍ കഴിയുന്ന തൊഴിലാളിക്ക് ആ തുക അസാധ്യമായിരുന്നു. നടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിയത് ഇത്തരം സമീപനങ്ങളാണ് എണ്ണമറ്റ മനുഷ്യക്കുരുതികള്ക്കാണ് ഇത് വഴിവച്ചത്.
തൊഴിലാളിയുടെ വേദന കാണാന്‍ സാധിക്കാത്ത ഭരണകൂടങ്ങള്‍ നിലവിലെ തൊഴില്‍ നിയമങ്ങള്‍ പോലും മരവിപ്പിക്കാനാണ് തയ്യാറായത്. ഇതിലൂടെ മഹാഭൂരിപക്ഷം വരുന്ന അസംഘടിത മേഖല പാടെ തകര്‍ന്ന് തരിപ്പണമാകും. 40 കോടിയോളം വരുന്ന തൊഴിലാളികള്‍ മുഴുപട്ടിണിയിലേക്കാണ് പോകുന്നതെന്ന നിരീക്ഷണവും വാര്‍ത്തകള്‍ക്കപ്പുറത്ത് ഒരു ചലനവും സൃഷ്ടിക്കുന്നില്ല.
അസാധ്യമായ ജീവിത പരിസരമാണ് ചുറ്റും. അതിജീവനം അക്ഷരങ്ങള്‍ക്കപ്പുറത്ത് പ്രയോഗികമായില്ലെങ്കില് നമ്മളെ തോറ്റ ജനതയായിട്ടായിരിക്കും കാലം അടയാളപ്പെടുത്തുക. ജസ്വന്തിനെ പോലെ ജീവിതപരിസരത്ത് പ്രതീക്ഷയുടെ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ ഓരോ മനുഷ്യനും തയ്യാറാവേണ്ടിയിരിക്കുന്നു.
Content Highlights: Tragedy awaiting for those who return to their villages in LockDown period | Athijeevanam 43