• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

തളര്‍ന്ന കാലുകളുമായി കയറിയത് സംഗീതത്തിന്റെ ലോകത്തേക്കാണ് | അതിജീവനം 59

എ.വി. മുകേഷ് | mukeshpgdi@gmail.com
അതിജീവനം
# എ.വി. മുകേഷ് | mukeshpgdi@gmail.com
Oct 30, 2020, 11:45 AM IST
A A A

ബാലചന്ദ്രന്‍ മാഷായിരുന്നു പാടാനുള്ള ടിംഷയുടെ കഴിവ് തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് ഓരോ വേദികളിലും അവന്‍ കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. ഓരോ കലോത്സവവും അവന്റേത് മാത്രമായി.

# എ.വി. മുകേഷ്
Timsha
X

ടിംഷ | ഫോട്ടോ: ശങ്കര്‍രാജ്‌

അസാധാരണമായി കരയുന്ന മകനെ കണ്ടാണ് അമ്മ കാര്യം ചോദിക്കുന്നത്. നോക്കിയപ്പോള്‍ ട്രൗസറിന് താഴെ വലിയ വട്ടത്തില്‍ ചുവന്ന് തടിച്ചിരിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പൂടങ്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കരപ്പന്‍ പോലുള്ള എന്തോ ആണെന്ന്. അവ്യക്തമായി പറഞ്ഞ് അവര്‍ മരുന്ന് കുത്തിവച്ചു. 

തിരിച്ച് വീട്ടിലേക്ക് പോകാനായി തോളിലേക്ക് കിടത്തിയപ്പോഴാണ് സാരിയില്‍ എന്തോ നനവ് പടരുന്നതായി അമ്മയ്ക്ക് അനുഭവപ്പെട്ടത്. കുത്തിവച്ച കാലിലൂടെ ഒഴുകിവന്ന രക്തമായിരുന്നു അത്. സ്വാഭാവികമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മരുന്നുവച്ച് കെട്ടിവിടുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തി ഏതാനും സമയം കഴിഞ്ഞപ്പോഴേക്കും കടുത്ത വേദനയോടെ ടിംഷ കരയാന്‍ തുടങ്ങി. കാലുകള്‍ വേദനകൊണ്ട് നിലത്തുകുത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കരച്ചിലിനൊടുവില്‍ എപ്പോഴോ തളര്‍ന്ന് ഉറങ്ങി. എന്നാലത് പ്രാണന്‍ പോകുന്ന വേദനക്ക് മുമ്പുള്ള ഇടവേള മാത്രമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു കാലിലും വലിയ മുഴ പ്രത്യക്ഷപ്പെട്ടു. അവ രണ്ടും മുകളിലേക്ക് കയറാന്‍ തുടങ്ങി. 

കാഞ്ഞങ്ങാട്ടെ മലയോര ഗ്രാമമായ കോട്ടക്കുന്നില്‍ വൈദ്യുതി പോലും അക്കാലത്ത് മല കയറിയിട്ടില്ല. ഇരുട്ടിയാല്‍ മലയിലേക്കുള്ള ജീപ്പ് ഗതാഗതവും നിശ്ചലമാകും. കനത്ത മഴ കൂടെ ഉണ്ടായിരുന്ന ആ ദിവസം ഇന്നും ഭീതിയോടെയുള്ള ഓര്‍മ്മയാണ്. അച്ഛന്‍ ജോയ് അമ്മക്കൊപ്പം ടിംഷയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. കാലിലെ മുഴ പിള്ളവാദമാണെന്നും എത്രയും വേഗം സര്‍ജറിയിലൂടെ എടുത്തു മാറ്റണമെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 

പിന്നീട് സംഭവിച്ചതെല്ലാം നടുക്കുന്ന ഓര്‍മ്മകള്‍ മാത്രമാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥകൊണ്ട് ടിംഷക്ക് നഷ്ടമായത് ശരീരത്തിന്റെ പാതിയാണ്. മരുന്നു മാറി കുത്തിവച്ചതിലൂടെ വലത് കയ്യും
അരക്കു താഴേയ്ക്കും എന്നേക്കുമായി  തളരുകയായിരുന്നു. മണ്ണില്‍ കാലമര്‍ത്തി നടന്ന് തുടങ്ങും മുന്‍പെ അവനുണ്ടായ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്.

എന്നാല്‍ ദുരന്തത്തിന്റെയും വേദനയുടെയും  ട്രാക്കുകള്‍ ടിംഷക്ക് പഴങ്കഥകളാണ്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് അവനവന് ഉള്ളില്‍തന്നെയുണ്ടെന്നാണ് ടിംഷ പറയുന്നത്. കണ്ടുതീര്‍ത്ത ഓരോ സ്വപ്നങ്ങളും പ്രാവര്‍ത്തികമാക്കാനുള്ള ഓട്ടത്തിലാണ് അവനിന്ന്. ഈ വേദനക്കിടയിലും സ്വന്തമായി എഴുതി സംവിധാനം ചെയ്തത് നാല്‍പ്പതോളം ഗാനങ്ങളാണ്. സ്വകാര്യ യൂട്യൂബ് ചാനലില്‍ വീഡിയോ എഡിറ്റര്‍ ആയി ജോലിചെയ്യുമ്പോഴും പ്രതീക്ഷകള്‍ മുഴുവന്‍ സംഗീതത്തിലാണ്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് ടിംഷയുടെ ഏറ്റവും വലിയ ആഗ്രഹം. തുരുമ്പെടുത്ത് തുടങ്ങിയ ഊന്നുവടിയാണ്  കാഴ്ചയില്‍ താങ്ങി നിര്‍ത്തുന്നതെങ്കിലും, കരുത്തുറ്റ മനസ്സാണ് യഥാര്‍ത്ഥത്തില്‍ അവനെ മുന്നോട്ട് നടത്തുന്നത്.

Timsha
ടിംഷ | ഫോട്ടോ: ശങ്കര്‍രാജ്‌

ചലനം നിലച്ച ബാല്യം

കാഞ്ഞങ്ങാട്ടെ മലയോര ഗ്രാമമായ കോട്ടക്കുന്നിലെ കര്‍ഷക കുടുംബത്തിലാണ് ടിംഷ ജനിച്ചത്. മേരിയുടെയും ജോയിയുടെയും മൂന്ന് മക്കളില്‍ മൂത്തവനായിരുന്നു. 1990-കളില്‍  വാഹനസൗകര്യവും വൈദ്യതിയും മല കയറി തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. മനുഷ്യാധ്വാനത്തിന്റെ അസാമാന്യ കരുത്തു കൊണ്ടാണ് മലകളില്‍ കുരുമുളകും കപ്പയും ചേമ്പും ചേനയും വിളഞ്ഞത്. ഉപജീവനത്തിനായി ചുറ്റുമുള്ള മലകളില്‍ അവിടുത്തുകാര്‍ കൃഷിചെയ്തിരുന്നു. സ്വയം പര്യാപ്തമായിരുന്നു ഓരോ കുടുംബവും. അതിലുപരി ചുറ്റുമുള്ള അനിര്‍വചനീയമായ  പ്രകൃതിയും ജീവിതത്തിന് കൂടുതല്‍ നിറം നല്‍കിയിരുന്നു.

ദൂരെ മലകളില്‍ നിറഞ്ഞ് പൂക്കുന്ന പൂക്കളും മലമുഴക്കി വേഴാമ്പലിന്റെ ശബ്ദവും കുഞ്ഞ്  ടിംഷയുടെ ഉള്ളിലും ആഹ്ലാദം നിറക്കുമായിരുന്നു. ആ കാഴ്ചകളിലേക്ക് ഓടിയടുക്കണം എന്ന ചിന്തയായിരുന്നു ഓരോ ദിവസവും. കോടമഞ്ഞ് പൂക്കുന്ന മലമടക്കുകള്‍ കണികണ്ടാണ് അവന്‍  ഉണര്‍ന്നിരുന്നത്. എന്നാല്‍ ടിംഷയുടെ പകലുകള്‍ക്ക് മുകളില്‍ ഇരുട്ട് പടരാന്‍ അധികനാള്‍ വേണ്ടിവന്നിരുന്നില്ല.

ആശുപത്രിയില്‍നിന്നു വീട്ടിലേക്ക് അച്ഛന്‍ എടുത്തുകൊണ്ടാണ് മല കയറിയത്. പുറകിലായി നിറഞ്ഞ കണ്ണുകളുമായി അമ്മയും അവനെ നോക്കാതെ തലതാഴ്ത്തി നടക്കുകയായിരുന്നു. ഇനി ഒരിക്കലും തനിക്ക് ആ കുന്നുകള്‍ ഓടി കയറാന്‍ സാധിക്കില്ലെന്ന് അന്നവന്‍ തിരിച്ചറിയുകയായിരുന്നു. മലമുകളിലെ വീട്ടിലെത്തിയപ്പോള്‍ അന്നേവരെ കണ്ടിരുന്ന കാഴ്ചകള്‍ക്ക് മുകളില്‍ കോടമഞ്ഞ് കനത്തു നിന്നിരുന്നു.

നിശ്ചലമായിരുന്നു അപ്പോള്‍ ചുറ്റിലും. വേദനയുടെ രാപ്പകലുകള്‍ പലതും വന്നു പോയി. പല നിറങ്ങളില്‍ നിറയെ പൂക്കളുണ്ടായിരുന്ന മലകള്‍ പൂക്കാതെയായി. കോടമഞ്ഞ് അസഹ്യമായി മാറി. കാഴ്ചകള്‍ എല്ലാം തനിക്കെതിരെ നിര്‍മ്മിക്കപ്പെട്ടതുപോലെയാണ് പിന്നീട്  ടിംഷക്ക് അനുഭവപ്പെട്ടത്. ചലനം നഷ്ട്ടമായ കാലുകളുമായി അവന്‍ മാത്രമായി.

Timsha
ടിംഷ | ഫോട്ടോ: ശങ്കര്‍രാജ്‌

തുണയായ സംഗീതം

പുഞ്ചക്കര ജി.എല്‍.പി. സ്‌കൂളിലേക്ക് അച്ഛന്‍ എടുത്തതുകൊണ്ട് പോയത് ഇന്നും മനസ്സില്‍  മായാതെ കിടക്കുന്നുണ്ട്. ജീവിതത്തിലേക്കുള്ള വഴികള്‍  രൂപപ്പെടുന്നതും വേരറ്റുപോയ സ്വപ്നങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നതും അവിടെ നിന്നാണ്. കിലോമീറ്ററുകള്‍ മലയും കുന്നും നടന്നുവേണം വിദ്യാലയത്തിലെത്താന്‍. ഒരു മുടക്കവും വരുത്താതെ അച്ഛനും അമ്മയും അവനെ എടുത്ത് കൊണ്ടുപോകുമായിരുന്നു. മറ്റു കുട്ടികളെക്കാള്‍ പ്രത്യേക പരിഗണനയും അധ്യാപകര്‍ കൊടുത്തിരുന്നു. 

ആയുര്‍വേദ ചികിത്സയുടെ ഫലമായി ടിംഷയില്‍ വലിയ മാറ്റങ്ങളും അക്കാലത്ത് വന്നിരുന്നു. കൃത്യമായ ചികിത്സയിലൂടെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെ പാടെ മാറുകയായിരുന്നു. വലിയ സാമ്പത്തിക പ്രയാസങ്ങളാണ് ഈ സമയം കുടുംബത്തിന് നേരിടേണ്ടി വന്നത്. എങ്കിലും ചികിത്സ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. വിദ്യാലയ കാലമാണ്  അവന്റെ സ്വപ്നങ്ങളുടെ വേരുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയത്.

ബാലചന്ദ്രന്‍ മാഷായിരുന്നു പാടാനുള്ള ടിംഷയുടെ കഴിവ് തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് ഓരോ വേദികളിലും അവന്‍ കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. ഓരോ കലോത്സവവും അവന്റേത് മാത്രമായി. കഠിനപ്രയത്‌നത്തിലൂടെ മൂന്നാം ക്ലാസ്സില്‍ യു.പി. വിഭാഗം ഉപ ജില്ലാ കലാപ്രതിഭയായി. ലളിതഗാനം മുതല്‍ ചിത്രരചനയില്‍ വരെ ടിംഷ മാര്‍ക്കുകള്‍ വാരികൂട്ടി. തുടര്‍ച്ചയായി യു.പി. വിഭാഗം കലാപ്രതിഭയായി.  കുറവുകള്‍ക്കപ്പുറത്ത് മികവിനെ കുറിച്ചുള്ള വലിയ വാര്‍ത്തകള്‍ വന്നു. അതോടെ കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ചികിത്സക്കും മറ്റുമായി കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ വന്ന സമയം കൂടെയായിരുന്നു  അപ്പോള്‍.

വാര്‍ത്തകള്‍ കണ്ടാണ് പത്തനംതിട്ടക്കാരനായ പ്രവാസി വിദ്യാഭ്യാസ ചെലവും മറ്റും വഹിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന് അത് വലിയൊരു ആശ്വാസമായിരുന്നു. പത്തനംതിട്ട മുട്ടത്തുകോണത്തെ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു തുടര്‍പഠനം. അവിടെയും നിഴലുപോലെ എണ്ണമറ്റ സുഹൃത്തുക്കള്‍ ടിംഷക്ക് ഉണ്ടായിരുന്നു. സര്‍വ്വ മേഖലയിലും മികവുകാണിക്കുന്ന കുട്ടി എന്ന നിലക്ക് അധ്യാപകര്‍ക്കിടയിലും പ്രിയപ്പെട്ടവനാകാന്‍ അധിക സമയം വേണ്ടി വന്നില്ല. 

ഓരോ വര്‍ഷം കഴിയുംതോറും കലാ പ്രകടനങ്ങള്‍  മികവുറ്റതാക്കാന്‍ ടിംഷയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പത്തനംതിട്ടയിലും തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഏഴാം ക്ലാസ് വരെ കലാപ്രതിഭയായി. എല്ലാ അര്‍ത്ഥത്തിലും താങ്ങും കരുതലുമായി സംഗീതം കൂടെനിന്നു.
 
വേദനക്ക് കീഴടങ്ങരുത്

Timsha
ടിംഷ | ഫോട്ടോ: ശങ്കര്‍രാജ്‌

പഠനത്തോടൊപ്പം സംഗീതവും പാട്ടെഴുത്തുമായി പ്ലസ് ടു കടന്നു പോയി. അമ്മയും അച്ഛനും സാധ്യമായ എല്ലാ ജോലികളും ചെയ്യാന്‍ തുടങ്ങി. സ്വന്തം നിലയില്‍ തന്നെ മൂന്നു മക്കളുടെ വിദ്യാഭ്യാസവും ചികിത്സാചെലവും നോക്കാവുന്ന തരത്തിലേക്ക് കഠിനാധ്വാനം ചെയ്തു. പ്ലസ് ടുവിന് ശേഷം
പത്തനംതിട്ടയില്‍ തന്നെ മള്‍ട്ടിമീഡിയ പഠനത്തിനായി ചേര്‍ന്നു.  ജോലി സാധ്യത മുന്നില്‍ കണ്ടായിരുന്നു ആ തിരഞ്ഞെടുപ്പ്. അത് ഫലം കണ്ടു. പ്രാദേശിക ചാനലില്‍ വീഡിയോ എഡിറ്റര്‍ ആയി ജോലി ലഭിച്ചു.

നടന്നെത്താന്‍ സാധിക്കില്ലെന്ന് കരുതിയ സ്ഥലങ്ങളിലേക്കെല്ലാം അവന്‍ ഒറ്റക്ക് സഞ്ചരിച്ചു. കയ്യിലെ ഊന്നുവടിയെ ശരീരത്തിന്റെ ഒരു ഭാഗമായി സങ്കല്പിച്ച് മുന്നോട്ട് നടക്കുകയായിരുന്നു. കുറച്ചു നടക്കുമ്പോഴേക്കും നടുവില്‍ കെട്ടിയ ബെല്‍റ്റ് ശരീരത്തില്‍ അമര്‍ന്ന് വേദനിപ്പിക്കും. എങ്കിലും ഇന്നേവരെ ഒരു യാത്രയും വേദനയുടെ പേരില്‍ ഉപേക്ഷിച്ചിട്ടില്ല. തളരുമ്പോഴൊക്കെയും നിഴലുപോലെ സുഹൃത്തുക്കളും കൂടപ്പിറപ്പും ഒപ്പം നിന്നിരുന്നു. ഓരോ യാത്രയും അവന് ഓരോ അനുഭവങ്ങളാണ്. മുന്നോട്ട് വയ്ക്കാന്‍ സാധിക്കുന്ന ഓരോ അടിയും അത്രമേല്‍ ആത്മാവിശ്വമാണ് ആ ശരീരത്തില്‍ നിറക്കുന്നത്.

ഓരോ തവണ കലാപ്രതിഭയാകുമ്പോഴും ആരും അറിയാതെ സമ്മാനങ്ങള്‍ തരുന്ന സംസ്‌കൃതം അധ്യാപികയായ ശാന്തമ്മ ടീച്ചര്‍ പറയാറുണ്ടത്രേ, വേദനക്ക് മുന്നില്‍ കീഴടങ്ങരുതെന്ന്. മനസ്സു നിറഞ്ഞ് രഹസ്യമായി  അവര്‍ കൊടുത്ത ചെറിയ സമ്മാനങ്ങളും അവരുടെ വാക്കുകളും അവനില്‍ വലിയ പ്രതീക്ഷകളാണ് നിറച്ചിരുന്നത്. ഇന്നും മുന്നോട്ടുള്ള ഓരോ വഴിയിലും തണലായി നിന്ന അധ്യാപകരെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ടിംഷ ഓര്‍ത്തെടുക്കുന്നത്. 

ഇതിനകം നാല്‍പ്പതില്‍പരം ഗാനങ്ങള്‍ക്കാണ് വരികളെഴുതി സംഗീതം കൊടുത്തത്. കേട്ടറിയേണ്ട വിസ്മയമാണ് ആ ശബ്ദമെന്നതുകൊണ്ട് വാക്കുകള്‍ക്ക് പ്രസക്തിയില്ല. ഇന്നേവരെ സംഗീതം പഠിച്ചിട്ടില്ലാത്ത ഒരാളാണ് ടിംഷയെന്നത് അടിവരയിട്ട് വായിച്ചെടുക്കേണ്ടതാണ്.

വിധി എത്രമാത്രം പുറകോട്ട് വലിച്ചിടാന്‍ ശ്രമിച്ചാലും മുന്നോട്ട് പോകാനുള്ള മനസ്സുണ്ടെങ്കില്‍ എന്തിനെയും കീഴടക്കാമെന്നാണ് ടിംഷ പറയുന്നത്. സ്വന്തം  ജീവിതം കൊണ്ട് സാധ്യമാക്കുന്നതും  അതുതന്നെയാണ്.

Content Highlights: Timsha has lost his legs, but keeping his seat in music | Athijeevanam 59

PRINT
EMAIL
COMMENT

 

Related Articles

സ്ത്രീകള്‍ക്കായി ഇന്ന ജോലി എന്നില്ല, എല്ലാം ചെയ്യണം | അതിജീവനം 69
Social |
Social |
ആദ്യം തൂപ്പുകാരി, പിന്നെ അധികാരി; വല്ലിച്ചേച്ചി പ്രസിഡന്റായ കഥ | അതിജീവനം 68
Social |
ആനച്ചന്തത്തിന് പുറകിലെ മനുഷ്യജീവിതങ്ങള്‍ | അതിജീവനം 67
Social |
ഇമ്മിണി വല്ല്യ ഒന്ന്...! അതാണ് ഞങ്ങള്‍ | അതിജീവനം 66
 
  • Tags :
    • Athijeevanam
More from this section
Geetha
സ്ത്രീകള്‍ക്കായി ഇന്ന ജോലി എന്നില്ല, എല്ലാം ചെയ്യണം | അതിജീവനം 69
Anandavalli
ആദ്യം തൂപ്പുകാരി, പിന്നെ അധികാരി; വല്ലിച്ചേച്ചി പ്രസിഡന്റായ കഥ | അതിജീവനം 68
Raman
ആനച്ചന്തത്തിന് പുറകിലെ മനുഷ്യജീവിതങ്ങള്‍ | അതിജീവനം 67
Babeesh, Mubash
ഇമ്മിണി വല്ല്യ ഒന്ന്...! അതാണ് ഞങ്ങള്‍ | അതിജീവനം 66
Farmer's Protest
കിടങ്ങ്‌, ഇരുമ്പുലാത്തി, കോണ്‍ക്രീറ്റ് ബാരിക്കേഡ്....! പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ | അതിജീവനം 65
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.