ഞെട്ടി ഉണര്‍ന്നു നോക്കിയപ്പോള്‍ യമുന എക്‌സ്പ്രസ്സ് വേയിലൂടെ വണ്ടി അതിവേഗം പായുകയാണ്. സാധാരണ കിഷോര്‍ കുമാറിന്റെ പാട്ട് ഉറക്കെ വച്ച് വണ്ടിയോടിക്കുന്ന കിഷന്‍ സിങ്ങിന്റെ മുഖത്ത് കനത്ത നിശ്ശബ്ദതയായിരുന്നു. കണ്ണെത്താവുന്ന ദൂരം നാലു വരി പാത നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട്. നോയിഡ മുതല്‍ ആഗ്രവരെ 165 കിലോ മീറ്റര്‍ പണം കൊടുത്ത് മാത്രം സഞ്ചരിക്കാവുന്ന പാതയാണിത്. ടോള്‍ നല്‍കാതെ ഈച്ച പോലും അകത്തു കയറില്ലെന്ന് ഉറപ്പാക്കാന്‍ ഇരു വശത്തും കമ്പിവേലി കെട്ടിയിട്ടുണ്ട്. വേലിക്കു പുറത്തു ഗ്രാമങ്ങളാണ്. എണ്ണമറ്റ കാര്‍ഷിക ഗ്രാമങ്ങള്‍ക്കും നെല്‍പാടങ്ങള്‍ക്കും മുകളിലൂടെയാണ് ടാറിട്ട് വികസനം ഉറപ്പാക്കിയത്.
മഥുര എത്തുന്നതിനു മുമ്പ് ഇടത്തേക്കുള്ള പാലത്തിലൂടെ വണ്ടി താഴേക്ക് ഹാഥ്‌റസ് ലക്ഷ്യമാക്കി തിരിഞ്ഞു. നികുതിപ്പണത്തിന് മേല്‍ കൂടുതല്‍ പണം കൊടുത്ത് യാത്ര ചെയ്യാന്‍ സാധിക്കാത്തവന്റെ തകര്‍ന്ന റോഡുകളിലേക്ക്. നിറം മങ്ങി, നരച്ച തുണിയുടുത്ത മനുഷ്യക്കിടയിലൂടെ വണ്ടി നീങ്ങി. ആളില്ലാത്ത നീണ്ട പാതകള്‍ പിന്നിടുമ്പോള്‍ കാളവണ്ടികളും മനുഷ്യരും തിങ്ങി നിരങ്ങി നീങ്ങുന്ന തെരുവുകള്‍ ഇടക്കിടെ വന്നു പോകുന്നുണ്ട്. കെട്ടുകാഴ്ച്ചകള്‍ക്കപ്പുറത്തെ ഉത്തര്‍ പ്രദേശിന്റെ യഥാര്‍ത്ഥ ജീവിതമാണ് മുന്നില്‍ മിന്നി മായുന്നത്.
അവളുടെ ശബ്ദം ഞെരിഞ്ഞമര്‍ന്ന ബോല്‍ഗഡി ഗ്രാമത്തിലേക്ക് കടന്നെന്ന് മുന്നിലെ ബാരിക്കേഡുകള്‍ മനസിലാക്കിത്തന്നു. മുന്നോട്ടു പോകുംതോറും കാക്കിയിട്ട ഭരണകൂടം ശക്തിപ്പെട്ടു വരുന്നുണ്ട്. നിരയിട്ട് ബാരിക്കേഡുകള്‍ സജ്ജമാക്കിയ വഴിയോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി. ഇനിയങ്ങോട്ട് പൊലീസിനല്ലാതെ വാഹനത്തില്‍ സഞ്ചാരസ്വാതന്ത്ര്യമില്ല. കുറച്ചു മണിക്കൂര്‍ മുന്‍പ് വരെ മാധ്യമങ്ങളെയും തീണ്ടാപ്പാടകലെയായിരുന്നു നിര്‍ത്തിയത്.
പോലീസിനെ കൂടാതെ ചുറ്റും വലിയ ആള്‍ക്കൂട്ടമുണ്ട്. ഗ്രാമത്തിലേക്ക് കടക്കുന്ന വഴിക്ക് മുന്നിലെ ബാരിക്കേഡിനോട് ചേര്‍ന്ന് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. പക്ഷെ, അവിടെ കേട്ട മുദ്രാവാക്യങ്ങള്‍ മനസ്സിനെ മുറിപ്പെടുത്തുന്നതായിരുന്നു. പ്രതികളായ നാരാധമന്മാരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഠാക്കൂറുകളുടെ പ്രതിഷേധമായിരുന്നു അത്. സവര്‍ണ്ണ ജനത കൂടുതല്‍ വികൃതമായി ജാതി ഉറക്കെപറയുന്നുണ്ടായിരുന്നു. ഒപ്പം പെണ്‍കുട്ടിയുടെ താഴ്ന്ന കുലത്തെ കുറിച്ചും അവര്‍ നീചമായി പരിഹസിക്കുന്നുണ്ട്.
ബാരിക്കേ#ിന് മുന്നില്‍ തോക്കേന്തിയ പോലീസ് പട ഞങ്ങളെ തടഞ്ഞു. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് മാധ്യമ പ്രവര്‍ത്തകരാണെന്ന് ഉറപ്പാക്കി. ബാരിക്കേഡിന്റെ ഒരു വശം ചെറുതായൊന്ന് തുറന്നുതന്നു. അതിനുള്ളിലൂടെ ഞങ്ങള്‍ അവളുടെ ഗ്രാമത്തിലേക്ക് കടന്നു. ബരിക്കേഡിന്റെ ഇടയിലൂടെ തിങ്ങി ഞെരുങ്ങി കടന്നപ്പോള്‍ ഷര്‍ട്ടില്‍ അതിന്റെ തുരുമ്പ് ഉരഞ്ഞ് വേദനിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഈ ബാരിക്കേഡുകളുണ്ട്. ജാതിയുടെയും മതത്തിന്റെയും, അധികാരത്തിന്റെയുമാണവ.
പ്രത്യക്ഷത്തില്‍ തന്നെ അവ താഴ്ന്ന ജാതിയെന്നു പറയുന്ന മനുഷ്യനെ വെല്ലുവിളിക്കുന്നുണ്ട്. തടയുന്നുണ്ട്. കൊന്ന് കത്തിച്ചുകളയുന്നുമുണ്ട്. അത്രമേല്‍ ഇടുങ്ങിയ ജാതിചിന്തകള്‍ ഓരോ ഗ്രാമത്തിലും ഇപ്പോഴും നിഴലിച്ചു കിടക്കുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി ഠാക്കൂറുകള്‍ വിളിച്ചു ചേര്‍ത്ത ഗാപ്പ് പഞ്ചായത്തുകളുടെ വാര്‍ത്തയാണ് അപ്പോള്‍ ഓര്‍മ്മവന്നത്. പ്രബല ജാതിയായ ഠാക്കൂര്‍മാര്‍ അന്‍പതോളം സമീപഗ്രാമങ്ങളിലാണ് ഇത്തരത്തില്‍ യോഗം ചേര്‍ന്ന് പ്രതികള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. അതും അവള്‍ ഇല്ലാതായ അടുത്ത ദിവസങ്ങളില്‍തന്നെ. പെട്രോള്‍ ഒഴിച്ച് പോലീസ് കത്തിച്ചു കളഞ്ഞ അവളുടെ ചിതയില്‍ അപ്പോഴും കനല്‍ നീറുന്നുണ്ടാവണം.
ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ തിരയൊടുങ്ങും മുന്‍പ് അതിജീവന സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കാത്ത മനുഷ്യരുടെ നാടുകൂടെയാണ് ഇന്ത്യ. ആ ജീവിതങ്ങളെക്കൂടെ സ്പര്‍ശിക്കാതെ ഒരദ്ധ്യായവും പൂര്‍ണ്ണമാവില്ല. ഇത് അത്രമേല്‍ അനിവാര്യമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്. ഊര്‍ദ്ധശ്വാസം വലിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ ജീവിതങ്ങളുടെ ചൂട് അത്രമേല്‍ രാജ്യത്തെ പൊള്ളിക്കുന്നുണ്ട്. ചാരമാകും മുന്‍പ് അതിജീവനത്തിനും ഏറെ അപ്പുറത്തെ തുരുത്തില്‍നിന്ന് അവര്‍ യാചിക്കുന്നത് ജീവിതമാണ്.

അവളുടെ കാല്‍പാദങ്ങള്‍ മായാതെ കിടക്കുന്നുണ്ട്
രണ്ടു കിലോ മീറ്ററിനടുത്ത് നടന്നുവേണം അവളുടെ വീട്ടിലേക്കെത്താന്‍. വഴിയില്‍ നിറയെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഏതാനും മീറ്റര്‍ മുന്നോട്ട് നടന്നപ്പോഴേ വിളഞ്ഞ് പാകമായ നെല്ലിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. റോഡിന് ഇരുവശവും പാടങ്ങളാണ്. ഒരു വശത്ത് നെല്ലും മറ്റൊരു വശത്ത് ചോളവുമായി കൃഷിയിടം സമൃദ്ധമാണ്. മുന്നിലെ വഴി നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്നുണ്ട്. വിജനവും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയുമാണ് ചുറ്റും. ഇടക്കിടെ പായുന്ന പോലീസ് ജീപ്പുകള്‍ മാത്രമാണ് അതുവഴി പോകുന്ന ആകെയുള്ള വാഹനം. ഓരോ തവണ അവര്‍ പോകുമ്പോഴും വഴിയാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറയും. ചുറ്റിലുമുള്ള പൊടി കാരണം മുന്നോട്ടുള്ള വഴി കാണാന്‍ ഏറെ ബുദ്ധിമുട്ടും. എല്ലാ അര്‍ത്ഥത്തിലും പോലീസ് അവിടെ ചെയ്യുന്നതും ഒരു തരം കാഴ്ച്ച മറക്കലാണ്.
കനത്ത വെയില്‍ മുന്നോട്ടുള്ള നടത്തത്തിന്റെ വേഗത കുറച്ചു. ഇടക്ക് വല്ലപ്പോഴുമുള്ള കാറ്റാണ് ആശ്വാസമായത്. നീണ്ട നടത്തത്തിനൊടുവില്‍ ദൂരെ കല്ലുകള്‍ വെറുതെ അടുക്കി വച്ചതുപോലുള്ള വീടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. വഴിയരികില്‍ ചങ്ങലകൊണ്ട് മരത്തില്‍ കെട്ടിയിട്ട വലിയ പോത്തുകള്‍ ആളനക്കം കണ്ടതോടെ മുരളുന്നുണ്ടായിരുന്നു. പാടത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഭരണകൂടം പറയുന്നിടത്തേക്ക് ഉന്നം തെറ്റാതെ വെടിവക്കാനുള്ള നിറതോക്കുകളുമായി. ചാണകം മെഴുകിയ വീടുകളുള്ള അവളുടെ ഗ്രാമത്തിന്റെ ഗന്ധവും അതായിരുന്നു. ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളാണെങ്കിലും മിക്ക വീടുകളുടെ മുറ്റവും അകവും ഏറെക്കുറെ ഒരുപോലെയാണ്.
റോഡിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയിലൂടെ കടന്ന് അവളുടെ വീട്ടിലേക്ക് എത്തി. മാധ്യമപ്രവര്‍ത്തകരേയും പൊലീസുകരെയും കൊണ്ട് വായുസഞ്ചാരം നിലച്ച അവസ്ഥയായിരുന്നു അവിടെ. തുറസ്സായ നീണ്ട വരാന്തയും രണ്ട് മുറികളുമാണ് ആ വീട്. മുന്‍പിലായി ചോളത്തിന്റെ കമ്പും ഇലകളും കൊണ്ട് മേഞ്ഞ ചെറിയ അടുക്കളയാണ്. ആകെ ഉണ്ടായിരുന്ന ആര്‍ഭാടം കടലാസുപെട്ടികൊണ്ട് പൊതിഞ്ഞു വച്ച ടി വി യാണ്. മറ്റൊരു മൂലയില്‍ കയറുകെട്ടിയ കട്ടിലില്‍ പ്രായമായ ഒരു സ്ത്രീ കിടന്ന് മുഖം മറച്ച് ഉറങ്ങുന്നുണ്ട്.
അഛന്റെയും അമ്മയുടെയും പ്രതികരണങ്ങള്‍ എടുക്കാനായി തിരക്ക് കൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഞങ്ങളും കയറി. ഓരോരുത്തരോടായി അവര്‍ മകളെ കുറിച്ച് നെഞ്ചുപൊട്ടി പറയുന്നത് വേദനയോടെ മാത്രമെ കേള്‍ക്കാന്‍ കഴിയു. ചാണകം മെഴുകിയ തറയിലേക്ക് ഇറ്റി വീഴുന്ന ആ അമ്മയുടെ കണ്ണുനീര്‍ കറുത്ത പാടായി കിടക്കുന്നുണ്ട്. അവളുടെ കാല്‍പാടുകളും ആ വീട്ടിലെ ഏതെങ്കിലും മൂലയില്‍ ഇപ്പോഴും മായാതെ ഇരുണ്ട് കിടക്കുന്നുണ്ടാകും.

ജനാധിപത്യത്തിനപ്പുറത്തെ മറ്റൊരു ഇന്ത്യ
പെണ്‍കുട്ടികളുടെ കണ്ണീരിലും ചോരയിലും നിറം മങ്ങിപ്പോയൊരു പേരുകൂടെയാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്ന നാടാണ് യോഗിയുടെ ഉത്തര്‍ പ്രദേശ്. രാജ്യത്തിന്റെ ബലാത്സംഗ തലസ്ഥാനമെന്ന് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നവരുമുണ്ട്. ഇതില്‍ അധികവും ഇരകളായിട്ടുള്ളവര്‍ ദളിതുകളാണെന്നാണ് കണക്കും കാലവും പറയുന്നത്. ദളിതര്‍ക്കെതിരായ പീഡനങ്ങള്‍ 2017-നുശേഷം 20%ത്തിന് മുകളില്‍ വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
ബല്‍റാംപുര്‍, ബുലന്ദ്‌ഷെഹര്‍, അസംഗഢ് എന്നീ പേരുകള്‍ ഇതിന് അടിവരയിടുന്നു. കൂട്ട മാനംഭംഗം പോലെ ക്രൂര ശിക്ഷാവിധികള്‍ കല്‍പ്പിച്ച ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തിന്റെ വാര്‍ത്തകളും മറവിയിലേക്ക് മായാതെയുണ്ട്. സമാനമായ രീതിയില്‍ ഖാപ്പ് പഞ്ചായത്തുകളുള്ള നാടാണ് ഉത്തര്‍ പ്രദേശും. ജനാധിപത്യരഹിതമായി, ജാതി മേല്‍ക്കോയ്മയുള്ള ആള്‍ക്കൂട്ടങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ഭരണ സംവിധാനമാണിത്. തികച്ചും സ്ത്രീവിരുദ്ധമായ സവര്‍ണ്ണ ആണിടങ്ങള്‍.
ജാതിയില്‍ ജനിച്ച്, ജാതി ഭക്ഷിച്ച് ജാതി ശ്വസിച്ച് ജീവിക്കുന്ന ജനതയുള്ള ഇടമാണ് ഉത്തര്‍ പ്രദേശ് എന്നാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ പറഞ്ഞത്. ആ വാദം സാധ്യമാക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. മിതാലി ലാല്‍ എന്ന പത്തൊമ്പതുകാരിയായ ദളിത് പെണ്‍കുട്ടിയെ തീക്കൊളുത്തിയാണ് കൊന്നത്. പ്രതാപ്ഗഢിലെ ലാല്‍ഗഢില്‍ ഇന്നും അവളുടെ ശരീരത്തിന്റെ കരിഞ്ഞ ഗന്ധമുണ്ടാകും. ഉന്നാവിലെ ബാരാ സഗ്വാര്‍ പോലീസ് സ്റ്റേഷന് സമീപത്താണ് മറ്റൊരു ദളിത് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്. ദളിതായതിന്റെ പേരില്‍ ചാരവും മണ്ണുമായി മാറിയ നൂറുകണക്കിന് പെണ്‍കുട്ടികളുടെ കരിഞ്ഞ ഗന്ധം കാറ്റില്‍ അലയുന്ന നാടാണ് യു.പി.
ഹാഥ്‌റസ് ഒരു പട്ടികജാതി സംവരണ ലോക്സഭ മണ്ഡലമാണ്. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നു. 24 ശതമാനത്തോളം ദളിത് വോട്ടര്‍മാരുള്ള ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് ബൂല്‍ഗഢി. എങ്കിലും ജാതിയില്‍ താഴ്ന്നവനെന്ന ബോധം ആ വലിയ ശതമാന കണക്കിനെ അസാധുവാക്കുന്നുണ്ട്. അത്രമേല്‍ സവര്‍ണ്ണ ഇടപെടലുകള്‍ സമൂഹത്തിലുണ്ട് എന്നുകൂടെ മനസിലാക്കണം.
ഠാക്കൂറുകളും ജാട്ടുകളും സവര്‍ണ്ണ അധിപത്യത്തിനായി ഏതറ്റം വരെയുമുള്ള മനുഷ്യത്വ വിരുദ്ധതക്കും തയ്യാറായ കൂട്ടമായി മറിയിട്ടുമുണ്ട്. മുമ്പ് കോണ്‍ഗ്രസിനും ആര്‍.എല്‍.ഡിക്കും സ്വാധീനമുണ്ടായിരുന്നെങ്കിലും 2009-ല്‍ ജാട്ടു പാര്‍ട്ടി ജയിച്ചു. സ്വാഭാവികമായി ഇതിലൂടെ ബി.ജെ.പിക്ക് രാഷ്ട്രീയമായി വലിയ രീതിയില്‍ വിജയം കൈവരിക്കാനും സാധിച്ചു.
ദളിതുകളില്‍ തന്നെ ഏറ്റവും പിന്നോക്കവസ്ഥയില്‍ ജീവിക്കുന്ന വിഭാഗമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുള്‍പെടുന്ന വാത്മീകി സമുദായം. ഹാഥ്‌റസ് പാര്‍ലമെന്റ് അംഗമായ രാജ്‌വീര്‍ ദിലറും അവളുടെ അതേ സമുദായ അംഗമായിരുന്നു. എന്നിട്ടും അവള്‍ക്കു വേണ്ടി സ്വാഭാവികമായ ഒരിടപെടല്‍ പോലും എന്തുകൊണ്ട് ഇല്ലാതായി എന്നത് ചരിത്രം പറയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലത്തിരുന്ന് ചായകുടിക്കുന്ന രാജ്‌വീര്‍ ദിലറിന്റെ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഉയര്‍ന്ന ജാതിക്കാരന്റെ മുന്നില്‍ കസേരയില്‍ കയറി ഇരിക്കുന്നത് പാരമ്പര്യ വിരുദ്ധമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത്രമേല്‍ അസാധാരണമായ ജാതി വിധേയത്വം വച്ചു നടക്കുന്ന നേതാക്കളാണ് നാടിനെ നയിക്കുന്നത്. ഹാഥ്‌റസില്‍ അവള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിപോലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതും ഈ വിധേയത്വമാണ്. ഇന്ത്യക്കകത്തെ മറ്റൊരു ഇടമാവുകയാണ് ഹാഥ്‌റസ്.

ഭയമാണ് ചുറ്റിലും
പൊലീസുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്ത് മതിയായിരുന്നു അവളുടെ കുടുംബത്തിന്. കൂടിനിന്നവരോടായി അച്ഛന്‍ പറഞ്ഞു, 'ഇനി വയ്യ'. ഞങ്ങള്‍ പുറത്തിറങ്ങി.
മറ്റൊരു മുറിയില്‍ സഹോദരനെ കണ്ടപ്പോള്‍ അവനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. തുടക്കം മുതല്‍ സംസാരത്തിന്റെ ഒടുക്കം വരെ അവന്‍ പറഞ്ഞത് ഭയത്തെ കുറിച്ചാണ്. ഭയം കഴുകനെ പോലെ രാകി പറക്കുന്നുണ്ട് ആ കുടുംബത്തിന് ചുറ്റും. പുറത്തിറങ്ങിയല്‍ സഹോദരിയെ കൊത്തി വലിച്ചതുപോലെ ഠാക്കൂറുകള്‍ തങ്ങളെയും ഇല്ലാതാകുമെന്ന ഭയം അവന്റെ വാക്കുകളെ പലപ്പോഴും തൊണ്ടയില്‍ കുരുക്കി. ജീവിക്കാന്‍ സാധിക്കാത്ത നിലയാണ് ചുറ്റിലും എന്നു പറഞ്ഞ് ഞങ്ങള്‍ക്ക് നേരെ കൈകൂപ്പി.
സഹോദരനാണ് ഞങ്ങളെ അവളുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. കേരളത്തില്‍നിന്ന് വന്ന മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായി. പലപ്പോഴും കേരളം എന്ന് പറയുമ്പോള്‍ ഇത്തരം ഇടങ്ങളില്‍നിന്ന് കിട്ടുന്ന സ്വീകാര്യത ഒരു യാഥാര്‍ഥ്യമാണ്. സഹോദരന്‍ പറഞ്ഞതില്‍ കൂടുതലൊന്നും അദ്ദേഹത്തിന് പറയാനില്ലായിരുന്നു. ഇനി എങ്ങനെ അവര്‍ക്കിടയില്‍ ഭയമില്ലാതെ ജീവിക്കും എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ചുളിവുവീണ വെളുത്ത മുഖപേശികളില്‍ ഭയത്തിന്റെ ഇരുട്ട് പരക്കുന്നുണ്ടായിരുന്നു.
ഗ്രാമത്തില്‍ അവളുടെ കുടുംബമുള്‍പ്പെടെ വാത്മീകി സമുദായത്തില്‍പെട്ട നാലു കുടുംബങ്ങളാണുള്ളത്. ചുറ്റിലും ഠാക്കൂറുകളാണ്. മിക്ക ഗ്രാമങ്ങളിലും സമാനമായ അവസ്ഥയാണ്. സവര്‍ണ്ണജാതിയില്‍ പെട്ടവരുടെ പാടങ്ങളിലും വീട്ടുജോലിയും ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് വാത്മീകി വിഭാഗക്കാര്‍. സവര്‍ണ്ണരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രം നീങ്ങുന്ന അടിമകളാണ് ഇപ്പോഴും ദളിതുകള്‍.
കല്യാണം മുതല്‍ വീട്ടില്‍ എന്ത് ആഘോഷം നടത്താനും ഗ്രാമത്തിലെ ഠാക്കൂര്‍ കുടുംബത്തിന്റെ അനുമതി വേണം. അല്ലാത്ത പക്ഷം ഗ്രാമവിലക്ക് ഉള്‍പ്പെടെയുള്ളവ നേരിടേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ കടയില്‍നിന്ന് സാധനങ്ങള്‍ പോലും ലഭിക്കില്ല. കൂടാതെ, പൊതുനിരത്തിലൂടെ സഞ്ചരിക്കാനും പറ്റാതെയാകും. ദളിതുകള്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതും സവര്‍ണ്ണ ജനതക്കിടയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. എ പ്ലസ് നേടിയ ദളിത് വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് കല്ലേറുണ്ടായെന്ന വാര്‍ത്ത ഈ അസ്വസ്ഥതയുടെ അളവ് വ്യക്തമാക്കുന്നതാണ്. സവര്‍ണ്ണര്‍ എല്ലാ വിധേനയും ഭയപ്പെടുത്തി ദളിതുകളെ ആവശ്യാനുസരണം ഉപയോഗിക്കുകയാണ്.

അണയാത്ത ചിതയുണ്ട് ഓരോ ഗ്രാമത്തിലും
അവളുടെ വീട്ടില്‍നിന്നു പുറത്തേയ്ക്കിറങ്ങിയാല്‍ ചുറ്റിലും പാടങ്ങളാണ്. വിളയാറായ ചോളപ്പാടമാണ് നോക്കെത്താ ദൂരത്തോളം. അതുവഴി അല്‍പ്പം പോയാല്‍ അടുത്ത ഗ്രാമമാണ്. ഭൂരിപക്ഷം ദളിതുകളാണ് അവിടെ. സ്വാഭാവികമെന്ന് പറയട്ടെ, മുന്നോട്ട് പോകുംതോറും ടാറിട്ട റോഡ് പാടെ അപ്രത്യക്ഷമായി. മണ്ണിന്റെ ഒരു വഴി മാത്രമായി. ഏതാനും മീറ്ററുകള്‍ വീണ്ടും പാടത്തിന് സമീപത്തുകൂടി മുന്നോട്ട് നടക്കണം അവളെ പൊലീസ് കത്തിച്ചു കളഞ്ഞ സ്ഥലത്തെത്താന്‍. ജാതിയും മതവും പുറത്തെന്നപോലെ കാക്കിക്കുള്ളിലും ഒരുപോലെ പ്രതിഫലിക്കുന്ന സംസ്ഥാനം കൂടിയാണത്. ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമയില്‍ പൊലീസിനുള്ളിലെ ജാതി ഏതു രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
തീര്‍ത്തും അസാധാരണമായി പോലീസ് തയ്യാറാക്കിയ തിരക്കഥയായിരുന്നു അവളെ ചാരമാക്കിയത്. പിച്ചി ചീന്തപ്പെട്ട ആ ശരീരത്തെ അവര്‍ അത്രമാത്രം ഭയപ്പെട്ടിരുന്നു. സ്വന്തം രക്തത്തെ പോലും കാണിക്കാതെ മാലിന്യം കത്തിക്കുന്ന ലാഘവത്തോടെയാണ് കാക്കിപ്പട കത്തിച്ചു കളഞ്ഞത്. മറ്റൊരര്‍ഥത്തില്‍ ദളിതുകളുടെ ശബ്ധം ഉയര്‍ന്നു വരാനുള്ള അവസാന സാധ്യതക്കും അവര്‍ ആണിയടിക്കുകയായിരുന്നു.
അവളെ പെട്രോളൊഴിച്ച് ചാരമാക്കിയ അതെ ചോളപ്പാടത്തിന് സമീപമായിരുന്നു ആ ശരീരത്തെ പിച്ചി ചീന്തിയതും. ഒരേ മണ്ണില്‍ രക്തവും മാംസവും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. മനുഷ്യനെ ഓര്‍ത്ത് ആ മണ്ണ് ഇനി പൂക്കാന്‍ ആകാത്ത വിധം വേരറ്റു പോയികാണണം. അവള്‍ക്ക് ശേഷം മൂന്നോളം ബലാത്സംഗ വാര്‍ത്തകള്‍ വീണ്ടും ചാനല്‍ സ്‌ക്രീനുകളില്‍ നിറഞ്ഞിരുന്നു. എല്ലാം ഉത്തര്‍പ്രദേശില്‍. ഒടുവിലായി വന്നത് അലിഖഡിന് സമീപത്തെ ഗ്രാമത്തില്‍നിന്നു പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ്. ദീര്‍ഘനിശ്വാസം വിടും മുന്‍പെ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ സ്ത്രീക്കുമേലുള്ള അധിനിവേശം ഇരട്ടിക്കുകയാണ്.
രാജ്യത്തെ ദുഃഖിപ്പിച്ച, പിന്നീട് ഭയപ്പെടുത്തിയ, ഒടുവില്‍ വേദനിപ്പിച്ച ഫൂലന്‍ ദേവിയെക്കൂടി ഓര്‍ക്കാതെ പോകാന്‍ സാധ്യമല്ല. ഉത്തര്‍ പ്രദേശിലെ സമാനമായ ജാതിഗ്രാമത്തില്‍ തന്നെയായിരുന്നു അവരും ജനിച്ചത്. ചെറുപ്രായത്തില്‍ അച്ഛനോളം പ്രായമുള്ള ഒരാളെ വിവാഹം ചെയ്യേണ്ടി വന്ന ദളിത് സ്ത്രീയായിരുന്നു അവര്‍. ജാതിയുടെ പേരില്‍ പല തവണ ബലാത്സംഗം ചെയ്യപ്പെട്ട ഫൂലന്‍ ദേവി പിന്നീട് ചമ്പല്‍ സംഘത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ശേഷം സ്വന്തമായി സായുധ സേനതന്നെ അവര്‍ രൂപീകരിച്ചു. തന്നെ ബലാത്സംഗം ചെയ്ത 20 ഠാക്കൂറുകളെ കൊന്ന് കിണറ്റില്‍ തള്ളിയായിരുന്നു ഫൂലന്‍ ദേവി പകരം വീട്ടിയത്. കാലങ്ങള്‍ക്ക് ശേഷം അവരെ ഠാക്കൂറായ മറ്റൊരാള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഫൂലന്‍ ഒരു ഓര്‍മ്മപോലും ആവാതിരിക്കാന്‍ ഭരണകൂടവും ആകും വിധം പരിശ്രമിച്ചു. ചോദ്യം ചെയ്യലുകളെ അത്രമാത്രം ഭയപ്പെടുന്നുണ്ട് ഭരണകൂടങ്ങള്‍.
ചാരക്കൂനയായ അവളുടെ സമീപത്ത് എത്തി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ താഴ്ന്ന് തുടങ്ങിയിരുന്നു. ചുവന്ന് തുടുത്ത് അതിവേഗം ചോളപ്പാടങ്ങളില്‍ എവിടെയോ മറഞ്ഞു. ചുറ്റിലും ഇരുട്ട് പടന്നു. വെളിച്ചമില്ലാത്ത വഴികളിലൂടെ ഞങ്ങള്‍ വേഗം പുറത്തേക്ക് നടന്നു. അവളെ വലിച്ചിഴച്ച് കൊണ്ട് പോയ വഴികള്‍ അപ്പോഴും നിശ്ശബ്ദമായിരുന്നു. ഓര്‍മ്മകളില്‍ അവള്‍ അതിജീവിക്കുകതന്നെ ചെയ്യും.
Content Highlights: The smell of her charred body over the fields of Hathras | Athijeevanam 60