'മലകളെ തുരന്നു തിന്നുന്നവരുടെ തലമുറകള്‍ ചിറകു വിരിക്കില്ലെന്നാണ് മലദൈവങ്ങളുടെ സത്യം. സമയം എത്തുന്നതിന് മുന്‍പെ മുടിഞ്ഞു പോകും. എന്നാ ഇപ്പൊ ദൈവങ്ങള് വരെ പണമുള്ളോരുടെ കൂടെയാണ്.'
നടരാജന്‍ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുന്‍പെ ചെവി തുളച്ചു വന്ന വലിയൊരു വെടിയൊച്ചയില്‍ നടുങ്ങി വിറച്ചു. രോഷം കൊണ്ട് വിറക്കുന്ന കൈ ചൂണ്ടി അദ്ദേഹം പറഞ്ഞു: 'അവിടെയൊരു മലയുണ്ടായിരുന്നു. ഇങ്ങനെ പാറ പൊട്ടിച്ചാല്‍ വൈകാതെ തന്നെ ചുറ്റിലുമുള്ള അഞ്ചോളം മലകള്‍ ഇല്ലാതാകും. മരങ്ങളും മൃഗങ്ങളും വെള്ളവും ഇല്ലാതായാല്‍ പണം ഉണ്ടായിട്ട് എന്ത് ചെയ്യാനാ.'
സ്വാധീനം കുറഞ്ഞ വലതുകാലിന് ഊന്നുവടി കൊണ്ട് ബലം കൊടുത്ത് അദ്ദേഹം പതിയെ എഴുന്നേറ്റു. മുറിവേറ്റ ഭൂമിയെ ദയനീയമായി നോക്കി.
ഒരു വലിയ ഭൂപ്രദേശത്തെയാകെ ക്വാറി മാഫിയ അതിവേഗം പൊട്ടിച്ച് ഇല്ലാതാക്കുകയാണ്. വന്‍മരങ്ങള്‍ മുതല്‍ അപൂര്‍വ്വ ചെടികള്‍ വരെയുണ്ടായിരുന്ന പോത്തുപാറ ഇപ്പോള്‍ ക്വാറി മാഫിയയുടെ കയ്യിലാണ്. പൊട്ടിച്ചെടുത്ത പാറകള്‍ക്കൊപ്പം നൂറ്റാണ്ടുകള്‍ പ്രകൃതിക്ക് തണലേകിയ വന്‍മരങ്ങളെല്ലാം കടപുഴകി. ഒരിക്കലും മുളച്ചുപൊങ്ങാന്‍ കഴിയാത്ത വിധം പാറമണ്ണിന് അടിയില്‍ അകപ്പെട്ടത് അപൂര്‍വ്വ ജൈവസമ്പത്താണ്. തെളിനീരൊഴുകിയ തോടുകളിലിപ്പോള്‍ പാറ പൊട്ടിക്കുന്ന വെടിമരുന്നിന്റെ അവശിഷ്ടങ്ങളാണ് കെട്ടിക്കിടക്കുന്നത്. ജലസമൃദ്ധമായിരുന്ന നാടിപ്പോള്‍ കുടിവെള്ള ടാങ്കറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജീവിക്കാന്‍ ഒരു സാധ്യതയും ഇല്ലാതായപ്പോഴാണ് ഇരുനൂറോളം കുടുംബങ്ങള്‍ മലയിറങ്ങി പോയത്. ജീവിതം വഴിമുട്ടിച്ച ക്വാറി മാഫിയക്ക് തന്നെ അനായാസം ഈ ഭൂമിയെല്ലാം കൈക്കലാക്കാനും സാധിച്ചു.
ആളൊഴിഞ്ഞ പോത്തുപാറ മലയില്‍ ഒടുവിലിപ്പോള്‍ നടരാജനും ഭാര്യ കനകമ്മയും മാത്രമാണുള്ളത്. കാടും മലയും അരുവികളും അവര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്. ഉപേക്ഷിച്ചു പോകാന്‍ സാധിക്കാത്ത വിധം അവയെല്ലാം മനസ്സിനോടും ശരീരത്തിനോടും ചേര്‍ന്നൊട്ടിയിരിക്കുകയാണ്. ആരുപേക്ഷിച്ചു പോയാലും മരണം കൊണ്ടല്ലാതെ അന്നം തന്ന മണ്ണിനെ വിട്ടുപോകില്ല എന്നവര്‍ പണ്ടെ ഉറപ്പിച്ചിരുന്നു. പിന്നീട് നടന്നത് സമാനതകളില്ലാത്ത ഒറ്റയാള്‍ സമരപോരാട്ടങ്ങളാണ്. ഒരു നാടിനെയാകെ വിഴുങ്ങിയ മാഫിയക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
പണമെറിഞ്ഞ് സ്വാധീനിക്കാനും രാഷ്ട്രീയ ദല്ലാളന്‍മാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ പല കുറി നടന്നു. എന്നാല്‍ ക്വാറി മാഫിയയുടെ ശ്രമങ്ങളൊന്നും ആ വയോധികനു മുന്നില്‍ വിലപ്പോയില്ല. നീളന്‍ ജെ.സി.ബി. പല്ലുകള്‍ക്ക് തുരക്കാന്‍ തന്റെ ഭൂമി വിട്ടുകൊടുക്കില്ല എന്നത് ഉറച്ച തീരുമാനമായിരുന്നു. അധികാരകേന്ദ്രങ്ങളും നാടും ഒറ്റപ്പെടുത്തിയിട്ടും മണ്ണിനും പ്രകൃതിക്കും വേണ്ടി ഒട്ടും പതറാതെ നില്‍ക്കുകയാണ് നടരാജന്‍. പ്രളയവും ഉരുള്‍പൊട്ടലുമുണ്ടാകുമ്പോള്‍ മാത്രം പ്രകൃതിയെ കുറിച്ച് ആവലാതി പെടുന്ന കപട പരിസ്ഥിതിബോധമല്ല അദ്ദേഹത്തെ നയിക്കുന്നത്. മനുഷ്യനും പ്രകൃതിയും രണ്ടല്ല എന്ന തിരിച്ചറിവാണ് അദ്ദേഹം പങ്കുവെക്കുന്നത്. വരുംതലമുറയ്ക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ സമരഭൂമിയാക്കി മാറ്റിയ നടരാജന്‍ നല്ല നാളേക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.

പ്രകൃതിയും മനുഷ്യനും
പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന പോത്തുപാറ കുന്നിന് മുകളിലാണ് നടരാജന്റെ താമസം. റോഡില്‍നിന്നു കാല്‍ നടയായിവേണം മല കയറി മുകളിലെത്താന്‍. ക്വാറി വന്നതോടെ ഇടവഴികളിലെ മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റി വീതിയുള്ള റോഡാക്കി. നൂറു കണക്കിന് ലോറികളാണ് കരിങ്കല്ലുകളുമായി ദിവസേന മലയിറങ്ങുന്നത്. ചെങ്കുത്തായ വഴിയിലൂടെ നടന്ന് ഏറെ ചെല്ലും മുന്‍പെ വീടു കാണാം. പ്ലാസ്റ്റിക് ഷീറ്റും തകരവും കൊണ്ട് മറച്ചു കെട്ടിയ ഒരു ഷെഡ്ഡാണ് വീട്. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ കസേരയില്‍ മുറ്റത്തുതന്നെ അദ്ദേഹം ഇരിക്കുന്നുണ്ട്. മണ്ണില്‍ താഴ്ന്ന് പോയ കസേര കാലിനോട് ചേര്‍ന്ന് വളര്‍ത്തുനായ്ക്കള്‍ തലതാഴ്ത്തി കിടക്കുന്നുണ്ടായിരുന്നു. ആളനക്കം കണ്ട പാടെ കുരക്കാനായി ചാടി എഴുന്നേറ്റെങ്കിലും നടരാജന്റെ ഒറ്റ നോട്ടം കൊണ്ട് അവര്‍ക്ക് ഞങ്ങള്‍ പരിചിതരായി.
സംസാരിക്കുമ്പോഴേയ്ക്കും പൊടുന്നനെ മാനം ഇരുണ്ട് കറുത്തു. തുള്ളിക്ക് ഒരു കുടം കണക്കെ മഴ കോരിച്ചൊരിഞ്ഞു. അദ്ദേഹം അകത്തേക്ക് വരാന്‍ ആംഗ്യം കാണിച്ച് മുന്നില്‍ നടന്നു. മരം കൊണ്ട് താങ്ങി നിര്‍ത്തിയ മേല്‍ക്കൂരക്ക് ചുറ്റും പ്ലാസ്റ്റിക്കും തകരഷീറ്റുകളും കൊണ്ട് പൊതിഞ്ഞ രീതിയിലാണ് കിടപ്പാടം. മരപ്പലകകള്‍ ചേര്‍ത്ത് വച്ച വാതിലിന്റെ വിജാഗിരി വിട്ടു കിടക്കുന്നുണ്ട്. ശ്രദ്ധയോടെ അദ്ദേഹമത് വലിച്ചു നീക്കി ഞങ്ങള്‍ക്കുള്ള വഴി തുറന്നു. കനത്ത മഴയില്‍ മുറിയില്‍ ഇരുട്ട് പടര്‍ന്നു പിടിച്ചിരുന്നു.
ആകെയുള്ളത് ബള്‍ബിന്റെ അരണ്ട വെളിച്ചം മാത്രമാണ്. ഇടുങ്ങിയ ഒറ്റമുറിയില്‍ കഷ്ട്ടിച്ച് രണ്ടു പേര്‍ക്ക് നില്‍ക്കാം.
കിടക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും തുണി ഉണങ്ങാന്‍ ഇടുന്നതും അതിനുള്ളില്‍തന്നെ. അടുപ്പിലെ പുകയേറ്റ് ബള്‍ബുപോലും കറുത്തിരുണ്ടിട്ടുണ്ട്. ബള്‍ബിനോട് ചേര്‍ന്ന് മേല്‍ക്കൂരയില്‍ വലിയ ചിലന്തിവലയുണ്ട്. അപരിചിതരെ കണ്ടതു കൊണ്ടാകണം വലയുടെ ഇരുണ്ട കോണിലേക്ക് ചിലന്തി ഉള്‍വലിഞ്ഞു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ താങ്ങി നിര്‍ത്തിയ മരത്തൂണുകള്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി കാണണം. ആത്രത്തോളം ചിതലുകള്‍ കാര്‍ന്ന് തിന്നിട്ടുണ്ട് ആ തൂണുകള്‍.
കല്ലിന് മുകളില്‍ വച്ച കട്ടിലിന് അരികില്‍ അദ്ദേഹത്തിനൊപ്പം ഞങ്ങളും ഇരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ തകര ഷീറ്റിന് മുകളില്‍ തുള്ളികള്‍ വന്ന് വീഴുന്ന ശബ്ദവും കുറഞ്ഞു. അതോടെ അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.
ഭൂപരിഷ്‌കരണത്തിലൂടെ അച്ഛന്‍ നാണുവിന് ലഭിച്ചതാണ് ആ മണ്ണ്. പിന്നീട് അച്ഛനിലൂടെ കൈമാറിയാണ് നടരാജനില്‍ എത്തിയത്. അതിനു ശേഷം സമീപത്തെ കുറച്ചു സ്ഥലം കൂടെ കൃഷിചെയ്യാനായി ചേര്‍ത്ത് വാങ്ങി. 2 ഏക്കറോളം സ്ഥലത്ത് കപ്പയും മുളകും പയറുമൊക്കെയായി സാധ്യമായ എല്ലാ കൃഷിയും ചെയ്തിരുന്നു. അന്നൊക്കെ മല കയറി വരാന്‍ മനുഷ്യര്‍ക്ക് ആവേശമായിരുന്നു. ജീവിക്കാനുള്ള എല്ലാ വിഭവങ്ങളും യഥേഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ പൊന്നു വിളയുന്ന മണ്ണിനും മനോഹരമായ ഭൂപ്രകൃതിക്കും മുകളില്‍ നിനച്ചിരിക്കാതെയാണ് മഴു വീണത്.
പാറമടകളുടെ നാട്
കച്ചവട കണ്ണോടുകൂടി മല കയറി വന്ന മുതലാളിമാര്‍ കാടു കയറി മരം മുറിക്കാനും മല തുരക്കാനും തുടങ്ങി. അമിതമായ പാറ പൊട്ടിക്കല്‍ കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു. അതോടെ കുടിവെള്ള സ്രോതസ്സുകളും കാട്ടരുവികളും ഒഴുക്കു നിലച്ച് വരണ്ടുണങ്ങി. തല്‍ഫലമായി ആനയും പന്നിയും കരടിയുമുള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീറ്റയും വെള്ളവും തേടി എത്താന്‍ തുടങ്ങി. കൃഷിയിടങ്ങളില്‍ പന്നിയുടെ ആക്രമണം വ്യാപകമായി.
ചെറിയ തോടുകളിലൂടെ വന്നിരുന്ന വെള്ളവും ഇല്ലാതായതോടെ കുടിവെള്ളത്തിനും ക്ഷാമം വന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം തകിടം മറിഞ്ഞു. മുന്നോട്ടു ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഓരോരുത്തരായി മലയിറങ്ങി. അത്തരം സ്ഥലങ്ങള്‍ വ്യാപകമായി ക്വാറി മുതലാളിമാര്‍ വാങ്ങി കൂട്ടി. മീറ്ററുകള്‍ അകലെയുള്ള മരങ്ങളുടെ അടിവേരുപോലും മുരടിക്കുന്ന തരത്തില്‍ വെടിമരുന്ന് വച്ച് പാറ പൊട്ടിക്കാന്‍ തുടങ്ങി. ഈ വിധം മുന്നോട്ട് പോയാല്‍ പച്ച തുരുത്തായിരുന്ന മല വൈകാതെ തന്നെ മരുഭൂമിയാകുമെന്നാണ് നടരാജന്‍ വേവലാതിപ്പെടുന്നത്.
പോത്തുപാറ ഉള്‍പ്പെടുന്ന കലഞ്ഞൂര്‍ ഏറ്റവും കൂടുതല്‍ പാറമടകളുള്ള കേരളത്തിലെ പഞ്ചായത്തുകളില്‍ ഒന്നാണ്.
അഞ്ച് ക്വാറികളും ഒന്‍പത് ക്രഷര്‍ യൂണിറ്റുകളുമാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയിലെ മറ്റ് മലയോര മേഖലകളുടെയും അവസ്ഥ മറ്റൊന്നല്ല.
കലഞ്ഞൂരില്‍ പാറ ലഭ്യമായ പ്രദേശങ്ങള്‍ എല്ലാം തന്നെ ഇന്ന് വമ്പന്‍ ക്വാറി മുതലാളിമാരുടെ കൈകളിലാണ്. ആറാം മൈല്‍ എന്ന പഞ്ചായത്ത് വാര്‍ഡ് ഏറെക്കുറെ പാറമട മാഫിയ വാങ്ങിച്ചു കൂട്ടിയിരിക്കുകയാണ്. അവിശ്വസനീയമായ തരത്തിലാണ് അവര്‍ ഭൂമി പൊട്ടിച്ചെടുത്ത് ഒരു ആവാസ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയകേന്ദ്രങ്ങളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ലെന്നാണ് നടരാജന്‍ പറയുന്നത്. അത് സാധൂകരിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ അനുഭവങ്ങളും.
പാറമടക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തത്തിന്റെ പേരില്‍ അധികാര ഇടങ്ങളില്‍നിന്നു വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. ഷീറ്റുകൊണ്ട് മറച്ചു കെട്ടിയ ഷെഡിന് 4425 രൂപ വീട്ടുകരം അടക്കാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസ് അതിനുള്ള ഉദാഹരങ്ങളില്‍ ഒന്നുമാത്രമാണ്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും ബന്ധപ്പെട്ടപ്പോള്‍ കൈ മലര്‍ത്തുകയാണ് ചെയ്തത്. പിന്നീട് വാര്‍ത്തകള്‍ വരികയും ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ് ആളുമാറിയെന്നു പറഞ്ഞ് അധികൃതര്‍ തടിയൂരിയത്.

ജീവന്‍ പോയാലും സന്ധിയില്ല
പശ്ചിമഘട്ട മലനിരകളുള്ള അച്ഛന്‍ കോവില്‍ വനമേഖലയോട് ചേര്‍ന്നാണ് ഈ കടുത്ത പ്രകൃതി ചൂഷണം നടക്കുന്നത്. പരിസ്ഥിതി ലോലപ്രദേശത്ത് നടക്കുന്ന ഈ കൊള്ളക്ക് അധികാര ഇടങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന വാദം പ്രസക്തമാണ്. മഹാപ്രളയത്തിന്റെ കാലത്തും രാജ്യം മുഴുവന്‍ കൊറോണയുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴും പാറ പൊട്ടിക്കല്‍ തടസ്സങ്ങളില്ലാതെ നടന്നിരുന്നു. ഇത്തരത്തില്‍ വലിയ സ്വാധീനമുള്ള ലോബിയോടാണ് നടരാജന്‍ എന്ന മനുഷ്യന്‍ നിവര്‍ന്നു നിന്ന് സമരം പ്രഖ്യാപിച്ചത്.
ഒറ്റയ്ക്കുള്ള ചെറുത്തുനില്‍പ്പ് പ്രായോഗികമല്ലെന്ന തോന്നലില്‍നിന്നാണ് പുതിയ ചിന്തകളുണ്ടായത്. തുടര്‍ന്ന് ആളൊഴിഞ്ഞ മലയില്‍ മനുഷ്യരെ എത്തിക്കാനായിരുന്നു ആദ്യശ്രമം. അതിനായി തന്റെ ഭൂമിയില്‍നിന്ന് അഞ്ച് സെന്റ് വീതം പത്ത് കുടുംബങ്ങള്‍ക്കായി ഇഷ്ടദാനം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്രപ്പരസ്യത്തിലൂടെ ഭൂരഹിതരായ കുടുംബങ്ങളെ കണ്ടെത്താനും സാധിച്ചു. ഒരു വര്‍ഷം ആ ഭൂമിയില്‍ താമസിച്ചാല്‍ മാത്രമെ രേഖകള്‍ കൈമാറൂ എന്ന ധാരണയുടെ പുറത്ത് നടരാജന്‍ മനുഷ്യരെ ഒപ്പം കൂട്ടി. എന്തും വില്‍പ്പന ചരക്കാവുന്ന ഈ കാലത്ത് പ്രകൃതിക്ക് വേണ്ടി സ്വന്തം മണ്ണ് പങ്കുവെക്കാന്‍ കാണിച്ച മനസ്സിലൂടെയാണ് നടരാജനെ ലോകമറിഞ്ഞത്.
എന്നാല്‍ അവിടെയും അദ്ദേഹത്തിന് വലിയ തിരിച്ചടികള്‍ ഉണ്ടായി. ഭൂമി സ്വന്തമായി കിട്ടിയാല്‍ ക്വാറി മാഫിയക്ക് കൈമാറാന്‍ മിക്കവരും തയ്യാറാണെന്ന കാര്യം നടരാജന്റെ ചെവിയിലുമെത്തി. അന്വേഷണത്തിലൂടെ ക്വാറി മാഫിയയുടെ പങ്ക് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ജീവിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം തന്റെ ഭൂമിയില്‍ നിന്നാല്‍ മതിയെന്ന നിലപാടെടുത്തപ്പോള്‍ ഒരു കുടുംബമൊഴികെ ബാക്കി എല്ലാവരും തിരികെ പോയി. സമരമുഖത്ത് വീണ്ടും നടരാജന്‍ ഒറ്റയാനായി. എങ്കിലും സമരം വിട്ടുവീഴ്ചകള്‍ ഏതുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം പണത്തിന്റെ സ്വാധീനമുപയോഗിച്ച് മുതലാളിമാരുടെ വേട്ടയാടലും തുടര്‍ന്നു.
താമസിക്കുന്ന ഷെഡിന്റെ കഴുക്കോല്‍ മാറ്റാന്‍ സ്വന്തം സ്ഥലത്തുനിന്ന് മരം മുറിച്ചതിന് റവന്യൂ വകുപ്പ് 46396 രൂപയാണ് പിഴയിട്ടത്. പുറമ്പോക്കില്‍നിന്നാണ് മരം മുറിച്ചതെന്നായിരുന്നു അവരുടെ വാദം. സാധ്യമായ എല്ലാ വഴികള്‍ നോക്കിയിട്ടും അവര്‍ പിഴ പിന്‍വലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോന്നി താലൂക്ക് ഓഫീസിന് മുന്നില്‍ ദിവസങ്ങളോളം സമരം നടത്തി. യാതൊരു ഫലവുമുണ്ടാകാതായപ്പോള്‍ ഒടുവില്‍ അറ്റകൈ തന്നെ പ്രയോഗിക്കേണ്ടി വന്നു. വിഷക്കുപ്പിയുമായി താലൂക്ക് ഓഫീസിന്റെ മുകളില്‍ കയറി, ജില്ലാ കളക്റ്ററെ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷം വിഷം കുടിച്ചു. അത്യാസന്ന നിലയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ ആയിരുന്നു. എങ്കിലും ഉദ്യോഗസ്ഥ ലോബി ആ വൃദ്ധന് മുന്നില്‍ കനിഞ്ഞില്ല. ഒടുവില്‍ പിഴയടക്കേണ്ടി വന്നു.
മലക്ക് കാവലുണ്ട്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഈ പ്രദേശങ്ങളെല്ലാം അതീവ പരിസ്ഥിതിലോല മേഖലയാണ്. പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 'അതീവ' എന്നുള്ള വാക്ക് എടുത്ത് കളഞ്ഞ് പരിസ്ഥിതിലോല മേഖലയാക്കി. അവിടെയാണ് മലകള്‍ പാടെ ഇല്ലാതാക്കും വിധം പാറ പൊട്ടിക്കല്‍ നടക്കുന്നത്. നൂറുകണക്കിന് ലോഡ് കല്ലുകള്‍ മലയിറങ്ങി വരുന്നത് മുതല്‍ നഗരത്തിലൂടെ പാഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തും വരെയുള്ള കരുതലിന് ഉദ്യോഗസ്ഥവൃന്ദം മത്സരമാണ്. പരിസ്ഥിതി ലോലമേഖലയെന്നല്ല എവിടെയും പണം കിട്ടിയാല്‍ നഞ്ച് കലക്കാന്‍ വലിയൊരു ലോബിതന്നെയുണ്ടെന്നാണ് നടരാജന്‍ അനുഭവത്തിലൂടെ പറയുന്നത്.
ദയ ഭായ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാന്‍ മലകയറിയിട്ടുണ്ട്. പ്രദേശത്തെ പരിസ്ഥിതി സംഘടനയായ മലമുഴക്കികള്‍ ഇപ്പോള്‍ അദ്ദേഹത്തിന് വീടൊരുക്കാനുള്ള ശ്രമത്തിലുമാണ്. ലോകമിപ്പോള്‍ മല കാക്കുന്ന നടരാജന്‍ എന്ന ഒറ്റയാനെ കൂടുതല്‍ അറിയുന്നുണ്ട്. അതിന് ഇരട്ടിയായി മറുഭാഗത്തെ മാഫിയകള്‍ അദ്ദേഹത്തിന് മേല്‍ പിടിമുറുക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നതേ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
കാലത്ത് കഴിച്ച കപ്പക്കിഴങ്ങ് മാത്രമായിരുന്നു അന്ന് വൈകുന്നേരം വരെയുള്ള അദ്ദേഹത്തിന്റെ ഊര്‍ജ്ജം. അരവയര്‍ തടവിക്കൊണ്ട് പറഞ്ഞു: 'ജീവന്‍ നഷ്ടപെട്ടാലും ഈ മലയെ കൊലക്ക് കൊടുക്കാന്‍ ഞാന്‍ കൂട്ടുനിക്കില്ല.'
മഴ വീണ്ടും കനത്തു പെയ്യാനായി കാര്‍മേഘങ്ങളെ കൂടുകൂട്ടിയിരുന്നു. ഇനിയും ഇരുട്ടിയാല്‍ ആനയിറങ്ങും എന്ന് കേട്ടപ്പോള്‍ ഉടന്‍ മലയിറങ്ങാന്‍ തീരുമാനിച്ചു. ആപ്പോഴേക്കും ചുറ്റിലും ഇരുട്ട് പടരാന്‍ തുടങ്ങിയിരുന്നു. ശക്തമായ കാറ്റടിച്ചാല്‍ പോലും തകര്‍ന്നുപോകാന്‍ സാധ്യതയുള്ള ഷെഡിലേക്ക് ദീര്‍ഘനിശ്വാസത്തോടെ ഒരിക്കല്‍ കൂടി നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
യാത്ര പറഞ്ഞ് ബള്‍ബിന്റെ അരണ്ട വെളിച്ചത്തിലേക്ക് ആ മനുഷ്യന്‍ തിരിച്ചു കയറി. ജെ.സി.ബി. പല്ലുകള്‍ക്ക് മലകളെ കൊത്തിവലിക്കാന്‍ കൊടുക്കില്ലെന്ന വിശ്വാസത്തില്‍ മരങ്ങളും ഓരോ കാറ്റിലും അദ്ദേഹത്തിലേക്ക് ചായുന്നുണ്ട്.
Content Highlights: The lone warrior against quarry mafia | Athijeevanam 49