മദ്യപിച്ചു ബോധമില്ലാതെ വന്ന മകന്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തില്‍ മായാതെയുണ്ട്. അമ്മയാണെന്ന് കരഞ്ഞ്  പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെ പിന്നെയും മര്‍ദ്ദിക്കുകയായിരുന്നു.

പറഞ്ഞ് പൂര്‍ത്തിയാക്കും മുന്‍പെ 70 വയസ്സായ ലക്ഷ്മിയമ്മയുടെ വാക്കുകള്‍ കണ്ണീരില്‍ മുങ്ങി. ചുളിവുവീണ കവിളിലൂടെ കണ്ണുനീര്‍ മുഖമാകെ പടര്‍ന്നു. നെഞ്ച് തടവിക്കൊണ്ട്, പരുക്കന്‍ കൈകൊണ്ടവര്‍ കണ്ണു തുടക്കുന്നുണ്ടെങ്കിലും അവ വീണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

യഥാര്‍ത്ഥത്തില്‍ മര്‍ദ്ദനമേറ്റത് അമ്മയുടെ ശരീരത്തിലല്ല, വേദനിക്കുന്നതും ശരീരത്തിനല്ല. മനസ്സിനാണ്. ഉണങ്ങാന്‍ കൂട്ടാക്കാത്ത ആഴത്തിലുള്ള മുറിവുണ്ടവിടെ. നെഞ്ചു തടവിയ കയ്യെടുത്ത് ഇരിക്കുന്ന മരക്കസേരയുടെ കൈകളില്‍ അമര്‍ത്തി  സങ്കടം ഉള്ളിലൊതുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഒറ്റക്കായിപ്പോയ ആ അമ്മയുടെ മനസ്സ് പ്രിയപ്പെട്ടവരെ ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു. 
സ്‌നേഹമന്ദിരത്തിന്റെ ഓരോ ചുമരുകള്‍ക്കും ഇങ്ങനെ ഒരുപാട് അമ്മമാരുടെ കണ്ണീരിന്റെ കഥ പറയാനുണ്ടാകും. 

നൂറുകണക്കിന് അമ്മമാരാണ് ദിനംപ്രതി  തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്നത്. അവരില്‍ അപൂര്‍വ്വം പേരെ മാത്രമാണ് തിരിച്ചറിയാനും സംരക്ഷിക്കാനും സാധിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട് മാനസികനില തെറ്റിപ്പോകുന്ന വലിയൊരു ശതമാനം അമ്മമാരെക്കുറിച്ച് ഒരറിവും ഉണ്ടാകാറില്ല. എല്ലാ കണക്കുകള്‍ക്കും അപ്പുറമാണ് വെളിച്ചം കാണാതെ വീടകങ്ങളില്‍ നരകിക്കുന്നവര്‍. അവരുടെ ശബ്ദത്തിനു പോലും മക്കളുടെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകാറുണ്ട്. 

അത്തരം കാഴ്ചകള്‍ കേരളസമൂഹത്തിന് ഇന്നു സുപരിചിതമാണ്. ആരാധനാലയങ്ങളില്‍ പോലും നടതള്ളപ്പെടുന്ന അമ്മമാരുടെ എണ്ണവും ഒട്ടും കുറവല്ല. ജന്മം കൊടുത്തു വളര്‍ത്തിയ മാതാപിതാക്കളെ സ്വാര്‍ത്ഥതക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിക്കാന്‍ മാത്രം പല മക്കളും വളര്‍ന്നു വലുതായിട്ടുണ്ട്. ആ വളര്‍ച്ച എത്രത്തോളം ഉണ്ടെന്നറിയാന്‍ കേരളത്തിലെ വൃദ്ധസദനങ്ങളുടെ എണ്ണം മാത്രം നോക്കിയാല്‍ മതിയാകും. 

ചുറ്റുമുള്ള കാഴ്ചകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, കോഴിക്കോട് പെരുവയലില്‍ തീര്‍ത്തും വ്യത്യസ്തമാണ് കാര്യങ്ങള്‍. അനാഥരായ മനുഷ്യര്‍ക്കായി ജീവിക്കുന്ന ഒരമ്മയുണ്ട് ഇവിടെ. തന്നെക്കാള്‍ പ്രായം കൂടിയവര്‍ വരെ അവരെ വിളിക്കുന്നത് തങ്കമണിയമ്മ എന്നാണ്. ഒറ്റപ്പെട്ടുപോയ  മനുഷ്യര്‍ക്കായി സ്‌നേഹമന്ദിരം എന്ന പേരില്‍  സ്‌നേഹത്തിന്റെ വീടൊരുക്കിയിട്ടുണ്ട് അവര്‍.

ലക്ഷ്മിയമ്മ മുതല്‍ മക്കള്‍ ഉപേക്ഷിച്ച അഞ്ച് അമ്മമാര്‍ക്ക് തങ്കമണിയമ്മ കരുണ്യത്തിന്റെ മാതൃസ്പര്‍ശമാണ്. ഒരാളില്‍നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തങ്കമണിയമ്മ ഒരുക്കുന്നത്. പട്ടാളത്തിലായിരുന്ന ഭര്‍ത്താവിന്റെ പെന്‍ഷനും സ്വന്തമായി ചെയ്യുന്ന കൃഷിയിലൂടെയുമാണ് നടത്തിപ്പിനുള്ള ചെലവ് കണ്ടെത്തുന്നത്. ഒറ്റക്കായി പോകുന്ന ആര്‍ക്കും സ്‌നേഹമന്ദിരത്തിന്റെ വാതില്‍ യാതൊരു നിബന്ധനകളുമില്ലാതെ തുറന്നിട്ടിട്ടുണ്ട്. 
തനിച്ചായി പോകുന്ന അമ്മമാര്‍ക്കായി കാലം കരുതി വച്ച തണലാണ് സ്‌നേഹത്തിന്റെ മനുഷ്യരൂപമായ തങ്കമണിയമ്മ. 

Thankamani Amma

മനുഷ്യര്‍ക്കായി തുറന്നിട്ട പത്തായം

നാട്ടിലെ പേരുകേട്ട സമ്പന്ന കുടുംബത്തിലായിരുന്നു തങ്കമണിയമ്മ ജനിച്ചത്.
ദാക്ഷായണിയമ്മയുടെയും നാരായണന്‍ നായരുടെയും ഏഴ് മക്കളില്‍ മൂത്ത കുട്ടിയായിരുന്നു. നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന നെല്‍പാടങ്ങള്‍ കണികണ്ട് ഉണര്‍ന്നിരുന്ന കുട്ടിക്കാലമായിരുന്നു അവരുടേത്. അന്ന് കണ്ടിരുന്ന കാഴ്ചകളൊക്കെ കൃഷിയുമായി ബന്ധമുള്ളതായിരുന്നു. ആ കാഴ്ചകള്‍ തന്നെയാണ് ചെറുപ്പത്തില്‍ത്തന്നെ പാടത്തിറങ്ങി ഞാറ്റുപാട്ടുകള്‍ പാടി കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചതും. അത്തരം അനുഭവങ്ങളാണ് പിന്നീടങ്ങോട്ട് കൃഷിയെ നെഞ്ചേറ്റാന്‍ പ്രാപ്തമാക്കിയതും. ചെളിയിലും ചേറിലുമാണ് ആദ്യാക്ഷരങ്ങള്‍ കാലുകൊണ്ട് എഴുതി പഠിച്ചത്. അത്രത്തോളം അവര്‍ക്കുള്ളില്‍ കൃഷിയും കാര്‍ഷികജീവിതവും ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. മഴക്കും വെയിലിനും അനുസരിച്ച് പാകേണ്ട ഓരോ വിളയും ചെറുപ്പത്തിലെ പഠിച്ചിരുന്നു അതിന്നും മനഃപാഠമാണ്.

വിദ്യാഭ്യാസം പൊതുവെ പെണ്‍കുട്ടികള്‍ക്ക്  തീണ്ടാപ്പാടകലെ ആയിരുന്ന കാലത്താണ് തങ്കമണിയമ്മ എട്ടാം തരം വരെ പഠിച്ചത്. മായനാട് സ്‌കൂളിലെ പഠനകാലത്തിനുള്ളിലാണ് അക്ഷരങ്ങള്‍ പ്രിയപ്പെട്ട സുഹൃത്തുക്കളായത്. അപൂര്‍വ്വമായി കിട്ടുന്ന പുസ്തകങ്ങള്‍ പലകുറി വായിച്ചതും ഇന്നലെ കഴിഞ്ഞപോലെ മനസ്സിലുണ്ട്. ആ കാലങ്ങളില്‍ ദൈനംദിന  അന്നത്തിനുള്ള വക മാത്രമെ മിക്കവാറും കുടിലുകളില്‍ ഉണ്ടാകു. കപ്പയും റേഷനരിയും അന്നത്തെ ലക്ഷ്വറി ഭക്ഷണമാണ്. ഒരു പപ്പടം കഴിക്കണമെങ്കില്‍ ഓണമോ വിഷുവോ വരണം. മഴക്കാലമായാല്‍ പാടത്ത് പണിയുണ്ടാകില്ല ആ സമയങ്ങളില്‍ മിക്ക മനുഷ്യരും നിത്യപട്ടിണിയാകും. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഓരോ മഴക്കാലവും കൊടുംപട്ടിണിയുടെ ദുരിതകാലം കൂടെയാണ്. വിശന്നൊട്ടിയ വയറുമായി, ദയനീയമായി പേമാരിയെ നോക്കി നിന്നിരുന്ന മനുഷ്യരെ തങ്കമണിയമ്മ ഏറെ കണ്ടതാണ്. ആ കാഴ്ചകളാണ് അവരുടെ മനസ്സിനെ രൂപപ്പെടുത്തിയത്.

ബുദ്ധിമുട്ട് പറഞ്ഞ് ആര് വന്നാലും അമ്മ നെല്ലു കൊടുക്കുക പതിവായിരുന്നു. അപ്പോഴൊക്കെ തങ്കമണിയമ്മയും കുഞ്ഞു കൈകൊണ്ട് പത്തായത്തില്‍നിന്നു നെല്ലുവാരി സഞ്ചിയിലേക്ക് നിറക്കും. ആദ്യമൊക്കെ അതൊരു കുസൃതിയായാണ് അച്ഛനും അമ്മയും കണ്ടിരുന്നത്. എന്നാല്‍ വളരുംതോറും അതൊരു ശീലമായി മാറുകയായിരുന്നു. ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ തങ്കമണിയമ്മ ആവശ്യക്കാര്‍ക്ക് നെല്ലും ഭക്ഷണ സാധങ്ങളും ആവോളം കൊടുക്കാന്‍ തുടങ്ങി. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ വഴിയില്‍ കാണുന്ന പ്രായമായവരെ കൂട്ടി വീട്ടില്‍ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കാനും തുടങ്ങി. പത്തായപ്പുരയില്‍ ശേഖരിച്ചു വച്ച ധാന്യങ്ങളില്‍ വലിയ പങ്കും അങ്ങനെ പാവങ്ങളിലേക്ക് എത്തി. മകളുടെ അതിരറ്റ മനുഷ്യസ്‌നേഹത്തിന് മുന്നില്‍ അച്ഛനും എതിര്‍വാക്ക് ഉണ്ടായിരുന്നില്ല. ഏതു സമയം കയറി ചെന്നാലും സഹായിക്കാന്‍ ഒരാളുണ്ട് എന്നത് ആ നാടിന്റെ വിശ്വാസമായി മാറുകയായിരുന്നു. അങ്ങനെ തങ്കമണിയമ്മയും അവിടുത്തെ താഴിടാത്ത പത്തായവും നാടിന്റെ പട്ടിണിയെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടേയിരുന്നു.

Thankamani Amma

സഹജീവികള്‍ക്ക് അമ്മയാണ്

എന്നത്തേയും പോലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പതിവില്ലാത്ത കുറെ ആളുകളെ കണ്ടത്. വൈകുന്നേരത്തെ ചായ കുടിക്കുന്നതിന് ഇടയില്‍ അമ്മയാണ് പറഞ്ഞത് കല്യാണം ഉറപ്പിക്കാന്‍ വന്ന ആളുകളാണെന്ന്. 14 വയസ്സുകാരി തങ്കമണിയമ്മയുടെ സ്വപ്നങ്ങളില്‍ പോലും അങ്ങനെയൊന്ന് ഇല്ലായിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. കല്ല്യാണപ്പട്ടും ഉടുത്ത് വിവാഹ വേദിയില്‍ എത്തിയപ്പോഴാണ് വരനായ ബാലകൃഷ്ണന്‍ നായരെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ കൈ പിടിച്ച് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ പാടവും കൃഷിയും പ്രിയപ്പെട്ടവരുമായിരുന്നു. സാമ്പത്തികമായി അല്‍പ്പം പ്രയാസങ്ങള്‍ ഉള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ സഹജീവികള്‍ക്ക് പങ്കു വക്കാന്‍ കാര്യമായി ഒന്നും ഇല്ലായിരുന്നു. ഏറ്റവും സങ്കടപ്പെടുത്തിയതും അതായിരുന്നു.

പണം ഉണ്ടാക്കാനുള്ള വഴിയായി മുന്നില്‍ തെളിഞ്ഞത് കൃഷിയായിരുന്നു. കൂടെ അത്യാവശ്യം അച്ഛനും സഹായിച്ചു. അങ്ങനെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കൃഷിയും പശു വളര്‍ത്തലും ആരംഭിച്ചു. കിട്ടുന്നതെല്ലാം ആവശ്യക്കാര്‍ക്ക് വീതിച്ചു കൊടുത്തു. തങ്കമണിയമ്മയുടെ സഹായ മനസ്ഥിതി ആ നാട്ടിലും പട്ടായിരുന്നു. ആവശ്യകാര്‍ക്ക് പണമായും സാധനങ്ങളായും സഹായം നല്‍കികൊണ്ടേയിരുന്നു. വളരെ പെട്ടെന്നുതന്നെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായി തങ്കമണിയമ്മ മാറി.

ആയിടയ്ക്കാണ് ധാരാളം പേര്‍ തമിഴ്‌നാട്ടില്‍നിന്നു പല ജോലികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നത്. പലരും വന്നത് ഭാര്യയും മക്കളും അടങ്ങുന്ന ചെറുകുടുംബങ്ങളായിട്ടായിരുന്നു. അതിജീവനത്തിനായി രാപ്പകല്‍ ഇല്ലാതെ കൈക്കുഞ്ഞുങ്ങളുമായി അവര്‍ അധ്വാനിക്കുന്നത് കാണുമ്പോള്‍ വേദനയായിരുന്നു. അങ്ങനെ ഒരിക്കല്‍ പുറത്തുപോയി വരും വഴി കണ്ട ഒരു തമിഴ് കുടുംബത്തെ വീട്ടിലേക്ക് കൊണ്ടു വന്ന് ഭക്ഷണവും കാശും കൊടുത്താണ് തിരിചയച്ചത്. അത് പിന്നീട് പതിവായി. ഭാഷയ്ക്കും നിറത്തിനും ദേശത്തിനും അതീതമായിരുന്നു തങ്കമണിയമ്മയുടെ സ്‌നേഹം. ആ സ്‌നേഹത്തിന് പകരമായി അവര്‍ തങ്കമണിയുടെ കൂടെ അമ്മയെന്ന് കൂട്ടിവിളിച്ചു. ചെറിയ പ്രായത്തിലെ എല്ലാവരുടെയും കരുണാനിധിയായ അമ്മയായി തങ്കമണിയമ്മ മാറി.

അമ്മയാണ് മറക്കരുത്

Thankamani Ammaസ്‌നേഹസമ്പന്നയായ അമ്മക്ക് ഉഷകുമാരിയും അജയ കുമാരിയും അജയകുമാറും മക്കളായി വന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ ആയതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങളും ഇരട്ടിയായി. നല്ല നിലയില്‍ മൂവരെയും പഠിപ്പിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. അതു ഭംഗിയായി ചെയ്യാനും സാധിച്ചു. കടുത്ത ശ്രീരാമഭക്തയായിരുന്നു തങ്കമണിയമ്മ. വീടിനോടു ചേര്‍ന്ന് സ്ഥലം വാങ്ങി വൈദേഹിമഠം നിര്‍മ്മിക്കുന്നത് അങ്ങനെയാണ്. ആദ്യകാലങ്ങളില്‍ ആരാധന നടത്തിയതും അവര്‍തന്നെ ആയിരുന്നു. പിന്നീട് നാടിനു വേണ്ടി തുറന്നു കൊടുത്തു.

ഉപേക്ഷിക്കപ്പെട്ടു തെരുവില്‍ അലയുന്ന അമ്മമാരെ സംരക്ഷിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഏറെ നാളത്തെ ആലോചനയ്ക്കു് ശേഷം ആ സ്വപ്നത്തിന്  തറക്കല്ലിടുകയായിരുന്നു. കുടുംബവും നാടും മറിച്ചൊരാലോചനക്കും ഇട നല്‍കാതെ കൂടെ നിന്നു. 1997-ല്‍ അനാഥരായ മനുഷ്യര്‍ക്കായി 'സ്‌നേഹമന്ദിരം' അഭിമാനത്തോടെ നാടിന് സമര്‍പ്പിച്ചു. വൈകാതെ തന്നെ സ്‌നേഹമന്ദിരം ഓള്‍ഡ് ഏജ് ഹോം എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കി. ചൈത്ര ആയുര്‍വേദ ക്ലിനിക്കും മന്ദിരത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു. അന്തേവാസികള്‍ അല്ലാത്തവര്‍ക്കും ചികിത്സക്കായി സ്വകര്യമുണ്ട്.

ഇരുപതോളം അന്തേവാസികള്‍ ഉണ്ടായിരുന്നു ആദ്യകാലങ്ങളില്‍. എന്നാല്‍ പ്രായാധിക്യം കാരണം പന്ത്രണ്ട് പേര്‍ മരണത്തിന് കീഴ്പ്പെട്ടു. എല്ലാവരും അവസാനശ്വാസമെടുത്തത് അവരുടെ പ്രിയപ്പെട്ട അമ്മയായ തങ്കമണിയമ്മയുടെ കൈ ചേര്‍ത്ത് പിടിച്ചായിരുന്നു. ഓരോ ദീര്‍ഘനിശ്വാസത്തിലും അവര്‍ തിരിച്ചു വരണമെന്ന പ്രാര്‍ത്ഥനയോടെയാണ് തങ്കമണിയമ്മ അരികല്‍ തന്നെ ഇരിക്കുക. എന്നാല്‍ മരണം വിജയിക്കുക പതിവായിരുന്നു. മിക്ക ശരീരങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയതും അവര്‍ തന്നെ. മരിച്ചു എന്ന് അറിയിച്ചിട്ട് പോലും വന്നു കാണാന്‍ സമയമില്ലാത്തവരായിരുന്നു മിക്കവരുടെയും മക്കള്‍. എന്നാല്‍ അവസാനശ്വാസം വരെയും ആ അമ്മമാര്‍ ആരും തന്നെ മക്കളെ ശപിച്ചിട്ടില്ല എന്നത് നിറഞ്ഞ കണ്ണുകളോടെ തങ്കമണിയമ്മ ഓര്‍ത്തെടുക്കുന്നുണ്ട്.

ഓരോ മരണത്തിനു ശേഷവും നീണ്ട നിശബ്ദത സ്‌നേഹമന്ദിരത്തിലാകെ തളം കെട്ടി കിടക്കും. അപ്പോഴൊക്കെ എല്ലാം അവസാനിപ്പിക്കാം എന്നു കരുതുമെങ്കിലും ബാക്കി മനുഷ്യരുടെ കാര്യമോര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും മനസ്സില്‍ ഒതുക്കും. ശ്രീരാമ സ്വാമിയുടെ മുന്നില്‍ ഉള്ളു കരഞ്ഞ് പ്രാര്‍ത്ഥിക്കും. വീണ്ടും കരുണയുടെ മനസ്സുമായി സ്‌നേഹമന്ദിരത്തിലേക്ക് തന്നെ പോകും.

സര്‍ക്കാരില്‍നിന്നോ വ്യക്തികളില്‍നിന്നോ യാതൊരു സഹായവും കൈപറ്റാതെയാണ് സ്‌നേഹമന്ദിരം പ്രവര്‍ത്തിക്കുന്നത്. പട്ടാളത്തിലായിരുന്ന ഭര്‍ത്താവിന്റെ പെന്‍ഷന്‍ തുകയും കൃഷിയില്‍നിന്നുള്ള വരുമാനവുമാണ് നടത്തിപ്പിലേക്കായി നീക്കി വക്കുന്നത്. കൂടുതല്‍ വരുന്നത് തങ്കമണിയമ്മയുടെ മക്കള്‍ സ്‌നേഹത്തോടെ അമ്മക്ക് നല്‍കും. അമ്മയെന്നാല്‍ അവര്‍ക്കു വാക്കുകള്‍ക്ക് അപ്പുറത്തെ അനുഭവമാണ്. ഒറ്റക്കായി പോകുന്നവര്‍ക്കായി അവസാനശ്വാസം വരെ കൂടെനിന്ന് അമ്മയുടെ സ്‌നേഹം കൊടുക്കുമെന്നാണ് തങ്കമണിയമ്മക്ക്  പറയാനുള്ളത്. പ്രായം എല്ലാവരെയും കീഴ്‌പ്പെടുത്തുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നാണു കരുണയില്ലാത്ത മക്കളോട് അവര്‍ പറയുന്നത്. അനാഥമാക്കപ്പെടാത്ത മനുഷ്യകുലം എന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയും അമ്മ പങ്കുവക്കുന്നുണ്ട്.

Content Highlights: Thankamani Amma caring homeless mothers | Athijeevanam 48