കബനി വറ്റി വരണ്ടിരിക്കുന്നു എന്ന വാർത്ത ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ചെവിയിലേക്കെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലെ ചുട്ടുപൊള്ളുന്ന പ്രഭാതത്തിൽ സിമിയാണ് ആ വാർത്ത ജിമിയോട് പറഞ്ഞത്. ഹൃദയ വേദനകൊണ്ട് അക്ഷരാർഥത്തിൽ കണ്ണ് നിറഞ്ഞു.
ഹോസ്റ്റൽ മുറിയിലെ ജനവാതിലിലൂടെ നോക്കിയാൽ അടുത്ത കെട്ടിടത്തിന്റെ മതിലാണ് കാണുക. എന്നാൽ സങ്കടം നിറഞ്ഞ കണ്ണിൽ അന്ന് കണ്ടത് മറ്റൊന്നായിരുന്നു. കാഴ്ച്ച മറച്ച് നിൽക്കുന്ന മതിലിന് ഇരു വശത്തുകൂടെയും ആർത്തിരമ്പി വന്ന വെള്ളം, ക്ഷണ നേരം കൊണ്ട് കുത്തിയൊലിച്ച് കാട്ടാറായി മാറുകയായിരുന്നു. അങ്ങിനെ തളർന്ന് പോകുന്നതിന് മുൻപ് കളിച്ചുല്ലസിച്ച കബനിയുടെ ഓളപരപ്പുകൾ കണ്ണ് നിറയെ ഒരിക്കൽ കൂടെ കണ്ടു.

പറഞ്ഞുതുടങ്ങുന്നത് പ്രകൃതിക്കും ദുര മൂത്ത മനുഷ്യനും മുന്നിൽ കീഴടങ്ങേണ്ടി വന്ന കബനിയുടെ കഥയല്ല. കേട്ടുകേൾവി പോലുമില്ലാത്ത അസുഖം പൊടുന്നനെ വന്ന് നിശ്ചലമാക്കിയിട്ടും, കീഴടങ്ങാൻ തയ്യാറാവാത്ത രണ്ട് മനുഷ്യസ്ത്രീകളുടെ അവസാനിക്കാത്ത പോരാട്ടത്തിന്റെ കഥയാണ്.
സുഹൃത്തായ അങ്കിത ഏറെ നാളായി പറയുന്ന രണ്ട് പേരുകളാണ് ജിമിയും സുമിയും. സംസാരത്തിനിടയ്ക്ക് പലപ്പോഴും ആ പേരുകൾ കടന്നുവരും. ആദ്യമൊക്കെ കേൾക്കാൻ അത്ര താല്പര്യം കാണിച്ചില്ലെങ്കിലും നിരന്തരമായി പറഞ്ഞിരുന്ന അവരുടെ കഥകൾ ഇഷ്ടമായി തുടങ്ങുകയായിരുന്നു.പിന്നീട് എപ്പോഴോ ആണ് ശരീരം തളർന്ന ആ രണ്ട് സഹോദരിമാർ അധ്യാപകരായി എന്ന് അറിയുന്നത്. ആകാംക്ഷയ്ക്കും അത്ഭുതത്തിനും ഏറെ അപ്പുറത്തെ തുരുത്തിലേക്കാണ് ആ വാർത്ത കൊണ്ടുപോയത്. ഉടനെ തന്നെ അവരുടെ കോണ്ടാക്ട് നമ്പർ വാങ്ങി, അടുത്ത ദിവസം തന്നെ ബന്ധപ്പെടുകയായിരുന്നു.
അങ്ങിനെയാണ് കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ ഡി റ്റി ഇസ്ലാമിക് കോളേജിലേക്ക് പോകുന്നത്. വലിയ കവാടം കടന്നു ചെന്നാൽ അതിമനോഹരമായ കെട്ടിട സമുച്ചയത്തിലേക്കാണ് എത്തുക. വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിനാൽ സംസാരിക്കാനുള്ള ഇടം അവർ സജ്ജീകരിച്ചിരുന്നു. ഓഫീസിൽ നിന്നും നേരെ അറ്റൻഡർ കൊണ്ടുപോയത് അവിടേക്കായിരുന്നു. വൈകാതെ തന്നെ കൈകൊണ്ട് പൂർണ്ണമായും നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക് വീൽ ചെയറിൽ ജിമിയും സുമിയും എത്തി.

മുഖം നിറയെ ചിരിയോടെ വന്ന ജിമി ചോദിച്ചത്, 'ഇരുന്ന് മുഷിഞ്ഞോ എന്നാണ്. ആ ചോദ്യത്തിനുള്ളിൽ ഇരുപ്പിന്റെ മുഷിപ്പ് അത്രമാത്രം അറിയാവുന്ന ഒരാളുടെ നീറ്റൽ ഉണ്ടായിരുന്നു. പുറകിൽ വന്ന സുമിയുടെ വീൽ ചെയറും എനിക്കഭിമുഖമായി നിന്നു. ചക്രങ്ങളാൽ മാത്രം ചലിക്കാൻ സാധിക്കുന്ന രണ്ട് മനുഷ്യരുടെ മുന്നിൽ ഇരുന്നപ്പോൾ നെഞ്ച് പിടഞ്ഞിരുന്നു. എങ്കിലും മുഖം നിറയെയുള്ള അവരുടെ സ്വതസിദ്ധമായ ചിരി അത് അലിയിച്ചു കളഞ്ഞു.
ശരീര മസിലുകളെ നിർജീവമാക്കുന്ന സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി എന്ന അസുഖമാണ് ഇരുവർക്കും. അസുഖത്തിന്റെ സാമ്യത കൊണ്ട് മാത്രം രണ്ടുപേരെയും ഒരേ അക്ഷരങ്ങൾ കൊണ്ട് ചേർത്ത് കെട്ടാൻ സാധ്യമല്ല. കാരണം ജീവിതത്തെ തികച്ചും വ്യത്യസ്തമായ രണ്ടു കോണു കളിൽ നിന്ന് നോക്കിക്കാണുന്നവരാണ് ഇരുവരും. എങ്കിലും നിർജീവമായ ശരീരത്തോട് കീഴടങ്ങാൻ തയ്യാറാവാത്ത ജിമിയെയും സുമിയെയും രണ്ടാക്കി മാറ്റുകയും അസാധ്യമാണ്. കാരണം എല്ലാ വ്യത്യസ്തതകൾക്കുമപ്പുറം പരസ്പരം ഇഴചേർത്ത് മനസ് ഒന്നായി പടർത്തിയിട്ടുണ്ടവർ.
കബനിയ്ക്കൊപ്പം ചലനവും നിലച്ചു
വയനാട് പുൽപ്പള്ളിയിലാണ് ജുമിയും, സിമിയും പിച്ചവച്ച് തുടങ്ങിയത്. എന്നാലിന്ന് ഓർമ്മകൾ മാത്രമാണ് അന്നവിടെ പതിഞ്ഞ കാൽ പാദങ്ങൾ. കാരണം അവയ്ക്ക് മുകളിൽ വീൽ ചെയറിന്റെ ചക്രപ്പാടുകളാണ് ഇന്ന് തെളിഞ്ഞു നിൽക്കുന്നത്.
രണ്ടടി നടക്കുമ്പോഴേക്കും വയ്യെന്ന് പറഞ്ഞ്, അമ്മയോട് എടുക്കാൻ കൈപൊന്തിക്കുന്ന ജിമിയെ ഒരു മടിപിടിച്ച കുട്ടിയായാണ് എല്ലാവരും കണ്ടത്. പലപ്പോഴും ആ മടിയുടെ പേരിൽ നല്ല അടിയും കിട്ടിയിട്ടുണ്ട്. എന്നാൽ ശരീരത്തിന്റെ തളർച്ച മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നത് എങ്ങനെ എന്നു പോലും അറിയാത്ത കാലത്താണ്, മഹാവ്യാധി ജിമിയിലേക്കെത്തുന്നത്. ഓർത്തെടുത്ത അക്കാലം ജിമിയുടെ കണ്ണിൽ ഇന്നും നനവ് പടർത്തുന്നുണ്ട്.
മൂന്ന് കിലോമീറ്റർ നടന്ന് വേണം പെരിക്കല്ലൂർ സ്കൂളിലെത്താൻ. രണ്ട് ഇടവഴി കടന്നാൽ പിന്നെ കനാലാണ്. മിക്കവാറും ദിവസങ്ങളിൽ വീട്ടിലെത്തുന്നത് വൈകിയാകും. കാരണം കനാലിൽ കാണുന്ന നെറ്റിയിൽ വെള്ളപ്പുള്ളിയുള്ള മീനിനെ പിടിക്കാൻ നിന്ന് വൈകുന്നതാണ്. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നതിനാൽ വീട്ടിലെന്ന പോലെ കുഞ്ഞു ജിമി സ്കൂളിലും പ്രിയപ്പെട്ടവളായിരുന്നു.
എന്നാൽ വൈകാതെ തന്നെ കാര്യങ്ങൾ അടിമുടി മാറുകയായിരുന്നു. ഓടിച്ചാടി നടന്നിരുന്ന കനാലുകളും ഇടവഴിയും എത്ര നടന്നിട്ടും തീരാതെയായി. നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വീണ് പോകുന്ന അവസ്ഥയും വന്നു. ഓരോ വീഴ്ചയും ആഴത്തിലുള്ള മുറിപ്പാടുകൾ ആ കുഞ്ഞുശരീരത്തിൽ ഉണ്ടാക്കി. പിന്നീട് സ്കൂളിൽ പോകുന്നത് വേദന മാത്രം ഉള്ള ഓർമയായി. അത് വൈകാതെ സ്കൂൾ എന്ന് കേട്ടാൽ കരയുന്ന അവസ്ഥ വരെ എത്തി. മടിയാണ് എല്ലാത്തിനും കാരണമെന്ന് കരുതിയ അച്ഛൻ കുറുന്തോട്ടി കൊണ്ട് അടിച്ചു കൊണ്ടുപോയിട്ടുണ്ട് ഒരിക്കൽ.
എന്നാൽ വൈകാതെ ആ നെഞ്ച് പിളർക്കുന്ന സത്യം അവർ അറിയുകയായിരുന്നു. മുറ്റത്ത് സിമിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജിമി കാല് കുഴഞ്ഞ് ചെടികൾക്കുള്ളിലേക്ക് വീഴുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ കരയുന്ന ജിമിയെ അമ്മ ഓടിവന്ന് എടുത്തെങ്കിലും മണ്ണിൽ കാലുറക്കുന്നില്ലായിരുന്നു. ജിമിക്ക് എന്താണ് പറ്റിയതെന്നറിയാതെ കരയുന്ന അമ്മയുടെ കരച്ചിൽ കേട്ടാണ് അച്ഛൻ പറമ്പിൽ നിന്ന് ഓടിവന്നത്. കാര്യങ്ങൾ അത്ര നിസാരമല്ല എന്നു കണ്ട അദ്ദേഹം ജിമിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.
കബനി നദി കടന്ന് വേണം ആശുപത്രിയിലെത്താൻ. കുഞ്ഞിനെ എടുത്ത് ഓടിവരുന്ന അദ്ദേഹത്തെ കണ്ട കടത്തുകാരൻ വഞ്ചി തിരിച്ച് അവർക്കരികിലേക്ക് അടുപ്പിച്ചു. കുത്തി ഒഴുകിയിരുന്ന കബനി അപ്പോൾ ജിമിയുടെ കാലുകൾ പോലെ നിശ്ചലമായിരുന്നു.
ചികിത്സയില്ലാത്ത അസുഖം
എന്താണ് ജിമിക്ക് സംഭവിച്ചതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വ്യക്തമായില്ല. പിന്നീട് ഒട്ടും താമസിയാതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചുരമിറങ്ങുകയായിരുന്നു. കുത്തനെയുള്ള ഇറക്കങ്ങളും, മുന്നിൽ ഒന്നും കാണാത്തവിധം വളവുകളുമുള്ള ചുരത്തിന് സമാനമായിരുന്നു അവരുടെ അവസ്ഥ. ഇനിയും ഏറെ കയറ്റിറക്കങ്ങളുള്ള ചുരം പോലെ ജീവിതം അവ്യക്തമായി നിൽക്കുകയാണ്. പുലർച്ചെയോടെ മെഡിക്കൽ കോളേജിൽ എത്തി. ആദ്യം തന്നെ ഡോക്ടറെ കാണാനുള്ള സംവിധാനങ്ങൾ ചെയ്തു.
ആദ്യ പരിശോധനയിൽ തന്നെ സംശയം തോന്നിയ ഡോക്ടർ കൂടുതൽ വിശദമായ മറ്റു ടെസ്റ്റുകൾ കൂടി നടത്തി.ഒടുവിൽ പറഞ്ഞു സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി. ആദ്യമായാണ് ആ കർഷക കുടുംബം അത്രയും വലിയ ഒരസുഖത്തിന്റെ പേരുപോലും കേൾക്കുന്നത്. ഡോക്ട ർ അതേക്കുറിച്ച് വിശദീകരിച്ചു, ശരീര മസിലുകളെ പൂർണമായും നിർജ്ജീവമാക്കും. ജിമിക്ക് ഒരിക്കലും എഴുന്നേൽക്കാനാകില്ല. ചികിത്സയ്ക്കുള്ള മരുന്നുകൾ ഇതു വരെ കണ്ടു പിടിക്കാത്താതിനാൽ ഡോക്ടറുടെ പേന മേശപ്പുറത്ത് തന്നെ കിടന്നു. ആ കുടുംബത്തിന്റെ നെഞ്ചുപൊട്ടിയുള്ള വേദനയിൽ കാലം പോലും വിറങ്ങലിച്ചു പോയിരുന്നു.
പിന്നീട് നേരെ പോയത് ബാംഗ്ലൂരിലെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കായിരുന്നു. ഏറെ നാൾ വൈകാതെ അവരും പറഞ്ഞു ചികിത്സയില്ലാത്ത അസുഖമാണ്. ആയുർവേദമാണ് ഗുണകരം എന്ന അഭിപ്രായം പറഞ്ഞത് അവിടുത്തെ മുതിർന്ന ഡോക്ടറാണ്.
തുടർന്നാണ് തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് പോകുന്നത്. ഏകദേശം മൂന്ന് മാസത്തോളം അവിടെ കിടത്തി ചികിത്സ ആരംഭിച്ചു. ഇതിനിടയ്ക്കാണ് അനിയത്തി സുമിക്കും സമാനമായ രോഗലക്ഷണങ്ങൾ കണ്ടത്. ജിമിക്കൊപ്പം സുമിക്കും അങ്ങിനെ ചികിത്സയില്ലാത്ത അസുഖത്തിന് മരുന്നു കിട്ടിത്തുടങ്ങി. അതിനിടെ തന്നെ ഭീമമായൊരു തുക ചികിത്സക്കായി വേണ്ടി വന്നിരുന്നു. പിടിച്ചു നിൽക്കാൻ യാതൊരു മാർഗവുമില്ലാതെ വന്നപ്പോൾ ആകെയുള്ള കൃഷിയിടവും വിറ്റു. വലിയൊരു തുക ആയുർവേദ കോളേജിലെ മൂന്ന് മാസത്തെ ചികിത്സക്കും വേണ്ടി വന്നു.
എങ്കിലും ആശുപത്രി ജീവിതം രണ്ടുപേരുടെ ജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ വലുതാണ്. നഗര തിരക്കുകൾ വിട്ട് തിരിച്ച് ചുരം കയറുമ്പോൾ ആ രണ്ടു കുട്ടികൾക്കും ബോധ്യം വന്നിരുന്നു തങ്ങൾക്ക് ഇനി നടക്കാൻ സാധിക്കില്ല എന്ന്. ഒപ്പം അച്ഛനും അമ്മയ്ക്കും ഇരുവരുടെ അസുഖത്തെ കുറിച്ചും അതിന്റെ പരിമിതികളെ കുറിച്ചും വ്യക്തമാവുകയും ചെയ്തു. അവിടെ മുതൽ ഒരു കുടുംബത്തിന്റെ ആകെ ദിനചര്യകൾ മാറുകയായിരുന്നു. ചികിത്സ ഇനി നടത്തേണ്ടത് മരുന്നുകൊണ്ടല്ല മനസ്സുകൊണ്ടാണെന്ന ബോധ്യത്തിലേക്ക് അവർ എത്തുകയായിരുന്നു.
അക്ഷരങ്ങൾക്കപ്പുറത്തെ വിദ്യാഭ്യാസം
വൈദ്യശാസ്ത്രം കൈവിട്ട തങ്ങളുടെ പ്രിയപെട്ട കുഞ്ഞുങ്ങളെ കിടക്കയിൽ തളച്ചിടാൻ ആ മാതാപിതാക്കൾ തീരുമാനിച്ചിട്ടില്ലായിരുന്നു. മറ്റു കുഞ്ഞുങ്ങളെ പോലെ തന്നെ പഠിപ്പിക്കണം എന്ന് ആശുപത്രിയുടെ നിശബ്ദതയിൽ വച്ച് ഉറപ്പിക്കുകയായിരുന്നു. സ്കൂളിൽ കൊണ്ടു പോയി ഇരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ ജിമിയെ നാലാം ക്ലാസ്സ് വരെ പഠിപ്പിച്ചത് അമ്മയായിരുന്നു. പൂർണ്ണമായും രോഗത്തിന് കീഴ്പെട്ടിട്ടില്ലാത്തതിനാൽ സുമിക്ക് അപ്പോഴും അച്ഛന്റെ സഹായത്തോടെ വിദ്യാലയത്തിൽ പോകാൻ സാധിക്കുമായിരുന്നു.
അമ്മയ്ക്കും അച്ഛനും ജോലിത്തിരക്ക് ഉള്ളതിനാൽ സുമി വരുന്നത് വരെ ജിമി ഒറ്റക്കാണ്. അങ്ങിനെയാണ് പതിയെ നിരങ്ങി വീട്ടുവാതിൽക്കൽ എത്തിയത്. അവിടെ കണ്ട കാഴ്ചകൾ വ്യത്യസ്തമായിരുന്നു. ആറിയുന്നവരും ഇതുവരെ കാണാത്തവരുമായ കുറെ മനുഷ്യർ. പുറത്തെ റോഡിലൂടെ പോകുന്ന അവരെ ഓരോരുത്തരെയും ജിമി ശ്രദ്ധിക്കാൻ തുടങ്ങി. വൈകാതെ അങ്ങോട്ടു വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങി. ജിമിയെ അറിയാത്തവരായി പിന്നീട് അതു വഴി ആരും പോയിട്ടില്ല. വാതിൽക്കൽ കണ്ടില്ലെങ്കിൽ വീട്ടിലേക്ക് എത്തി ജിമിയോട് സംസാരിച്ച് പോകുന്നവരും പതിവായി.
പുത്തനുടുപ്പൊക്കെയിട്ട് കൂട്ടുകാരികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ നെഞ്ച് പിടയും. എങ്കിലും പനിച്ച് കിടക്കുമ്പോൾ പോലും അവരെ കാണാൻ കൃത്യസമയത്ത് വാതിൽക്കൽ വന്ന് ഇരിക്കാറുണ്ട്. കാരണം ആ കാഴ്ച ഒരു പ്രതീക്ഷ കൂടി ആയിരുന്നു.
ആയിടയ്ക്കാണ് സമീപത്തെ വിദ്യാലയത്തിലേക്ക് വീണ്ടും ചേർത്താൻ കൊണ്ടുപോകുന്നത്. എന്നാൽ അച്ഛൻ എടുത്തു കൊണ്ടു വന്ന് കസേരയിൽ ഇരുത്തിയ കുഞ്ഞിനെ ഒറ്റനോട്ടത്തിൽ തന്നെ പ്രധാനാധ്യാപിക മാർക്കിട്ടു. 'ഇതൊക്കെ പഠിച്ചിട്ട് എന്തു കാര്യം, അതുകൊണ്ട് ഇവിടെ നടക്കില്ല'. അങ്ങിനെ സ്കൂളിൽ പോയി പഠിക്കുന്ന രീതി ജിമിയുടെ കാര്യത്തിൽ മറിച്ചായി. പരീക്ഷക്ക് മാത്രം വരാം എന്ന രീതിയിലേക്ക് വന്നു. എന്നാൽ ഓണപരീക്ഷയ്ക്ക് ജിമിയുടെ മാർക്ക് കണ്ട പ്രധാനാധ്യാപികയ്ക്ക് വലിയ ഞെട്ടലാണ് ഉണ്ടായത്. കാരണം മികച്ച മാർക്ക് കരസ്ഥമാക്കിയിരുന്നു അവൾ.
അച്ഛന്റെ സുഹൃത്ത് കൂടെയായ സോമൻ മാഷ് ഈ വിവരങ്ങൾ ഒക്കെ അറിഞ്ഞ് വീട്ടിൽ വരികയായിരുന്നു. അങ്ങിനെ എട്ടാം ക്ലാസ്സ് വരെ പാഠപുസ്തകങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊടുത്തത് അദ്ദേഹമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം പുസ്തകങ്ങളുമായി ഓടിവരും. പുസ്തകങ്ങൾക്കപ്പുറത്തെ കഥകളും ജീവിതപരിസരങ്ങളും പരിചയപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. ഇടവേളകളിൽ മഹാഭാരതവും രാമായണവും വരെ അദ്ദേഹം പഠിപ്പിച്ചു. മിക്കവാറും എല്ലാം ഇന്നും ജിമിക്ക് കാണാപാഠമാണ്.
എട്ടാം ക്ലാസ്സിലെ പരീക്ഷയാണ് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായത്. കണക്ക് കൊല്ല പരീക്ഷയായിരുന്നു അന്ന്. രാവിലെ തന്നെ അച്ഛൻ ഓട്ടോയിൽ കൊണ്ട് വന്ന് ക്ലാസ്സിൽ ഇരുത്തിയിരുന്നു. അതു വരെ കണ്ടിട്ടില്ലാത്ത അധ്യാപകനാണ് ചോദ്യപ്പേപ്പറുമായി അന്ന് ക്ലാസ്സിലേക്ക് കയറി വന്നത്.
സമയമായപ്പോൾ ചോദ്യകടലാസ് വാങ്ങാൻ എല്ലാവരും എഴുന്നേറ്റ് നിന്നപ്പോൾ ഒരാൾ മാത്രം ഇരിക്കുന്നു. അതു കണ്ട് ദേഷ്യം വന്ന അദ്ദേഹം ജിമിയെ കുറെ വഴക്ക് പറഞ്ഞു. കാലിന് സുഖമില്ലാത്തതിനാൽ ആണെന്നു പറഞ്ഞിട്ടും അത് കേൾക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന്റെ ദേഷ്യം കണ്ട് പേടിച്ചു പോയ മറ്റു സഹപാഠികൾക്കും യാഥാർഥ്യം പറയാൻ ആയില്ല.
പരീക്ഷ കഴിഞ്ഞ് അച്ഛൻ ഓട്ടോയുമായി വന്ന് എടുത്ത് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് സ്വന്തം തെറ്റ് ബോധ്യപ്പെട്ടത്. അച്ഛന്റെ അടുത്തേക്ക് വന്ന് മധുമാഷാണ് എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ജിമിയുടെ മുഖത്ത് നോക്കാൻ പോലും സാധിക്കാത്ത അത്ര കുറ്റബോധം അദ്ദേഹത്തിൽ ഉണ്ടായിരുന്നു.
പിറ്റേദിവസം മലയാളം പരീക്ഷക്ക് വന്നപ്പോൾ പരീക്ഷ ഹാളിന് മുന്നിൽ തന്നെ മധുമാഷ് ഉണ്ടായിരുന്നു. അദ്ദേഹം ജിമിയെ കൂട്ടി പരീക്ഷയ്ക്കായി പ്രത്യേകം സജ്ജമാക്കിയ മുറിയിലേക്കാണ് കൊണ്ടു പോയത്. അവിടെ കൂടുതൽ വെളിച്ചവും ഫാനും മറ്റും ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഇന്നു വരെ മധുമാഷ് കൂടുതൽ പ്രകാശമായി കൂടെയുണ്ട്. വലിയ വിജയങ്ങളിലൂടെ കടന്ന് അങ്ങിനെ
പത്താം ക്ലാസ്സും എത്തി.
അപ്പോഴേക്കും സിമിയുടെ അവസ്ഥയും ഏകദേശം ജിമിക്ക് സമാനമായിരുന്നു. എങ്കിലും എത്ര കഷ്ടപെട്ടും അച്ഛൻ ഓട്ടോയിൽ ക്ലാസ്സ് തെറ്റാതെ സുമിയെ കൊണ്ടുപോകും. കണക്കൊഴികെയുള്ള എല്ലാവിഷയങ്ങളും ബിനു ടീച്ചറാണ് പഠിപ്പിച്ചത്. അവർ അധ്യാപിക മാത്രമല്ലായിരുന്നു.അതിനും ഏറെ അപ്പുറത്ത് പ്രിയപ്പെട്ടവരായിരുന്നു. ഭക്ഷണം കഴിക്കുന്നത് മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ചോറ്റുപാത്രത്തിൽ നിന്നാണ്. അതിലൂടെ വ്യത്യസ്തമായ സ്കൂൾ ഓർമയാണ് ജിമി ഉദ്ദേശിച്ചത്. ക്ലാസ്സ് നേരത്തെ വിടുന്ന സമയങ്ങളിൽ ബിനു ടീച്ചറും തന്റെ ചോറ്റുപാത്രം അവൾക്കായി കരുതാറുണ്ട്.
പത്താം ക്ലാസ്സിൽ 90 ശതമാനം മാർക്കോടെ പാസ്സായ ജിമി നാടിന്റെ മൊത്തം കൈയ്യടി വാങ്ങി. തുടർപഠനത്തിനായി ആഗ്രഹിച്ച വിഷയം സയൻസ് ആയിരുന്നെങ്കിലും ഹ്യൂമാനിറ്റീസ് എടുക്കേണ്ടി വന്നു. കഠിനപ്രയത്നം കൊണ്ട് പ്ലസ്ടുവിനും അത്ഭുതങ്ങൾ സൃഷ്ടിച്ചു. വലിയ വിജയശതമാനത്തോടെ ആ കടമ്പയും അനായാസം കടന്നു. അപ്പോഴും കൂടെ അറിവിന്റെ തണലായി ബിനു ടീച്ചർ ഉണ്ടായിരുന്നു.
കോളേജ് അഡ്മിഷനായി സമീപിച്ചത് പുൽപ്പള്ളിയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തെയായിരുന്നു. എന്നാൽ പ്രധാന അധ്യാപകൻ പറഞ്ഞത് 'നടക്കാൻ പറ്റാത്തവർക്കല്ല ഇത് തുടങ്ങിയത് എന്നാണ്'. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിക്ക് ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. വൈകാതെ വന്ന മറുപടി ജിമിക്ക് അനുകൂലമായിരുന്നെങ്കിലും കോളേജ് അധികൃതർ തിരുത്താൻ തയ്യാറല്ലായിരുന്നു. എങ്കിലും കാലിക്കറ്റ് സർവകലാശാലയുടെ സഹായത്തോടെ വിദൂര വിദ്യാഭ്യാസം ആരംഭിച്ചു. പാഠപുസ്തകങ്ങൾക്ക് ഏറെ അപ്പുറത്തെ സാമൂഹിക പാഠങ്ങൾ ഇക്കാലം കൊണ്ടു പഠിച്ചു തീർക്കുകയായിരുന്നു.
വിശ്വാസത്തിനപ്പുറത്തെ അനുഭവമാണ് ദൈവം
കുടുംബസുഹൃത്ത് വഴി തോട്ടത്തിൽ റഷീദിന്റെ ഫോൺകോൾ വന്നത് ആ ഇടയ്ക്കാണ്. പിന്നീട് പഠനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ചെയ്തത് ആദ്ദേഹമാണ്. ഒറ്റയ്ക്കുള്ള പഠനം നാളുകൾ കഴിയും തോറും പ്രയാസമേറി വന്നുകൊണ്ടിരുന്നു. സിമിയും പ്ലസ് ടുവിന് മികച്ച മാർക്ക് വാങ്ങി പാസ്സായതും ആ വർഷം തന്നെയായിരുന്നു.
അങ്ങനെ ഇരിക്കെയാണ് തോട്ടത്തിൽ റഷീദിന്റെയും മറ്റും നിർദ്ദേശ പ്രകാരം കോഴിക്കോടേയ്ക്ക് വീണ്ടും ചുരമിറങ്ങുന്നത്. എന്നാൽ ഇത്തവണത്തെ ഇറക്കം ജീവിതത്തിന്റെ ഉന്നതിയിലേക്കുള്ള കയറ്റത്തിനാണ് വഴി വച്ചത്. നേരെ അവർ കൊണ്ടുപോയത് ജെ ഡി ടി ഇസ്ലാമിക് കോളേജിലേക്കാണ്. മനസ്സിൽ മുൻ ആനുഭവങ്ങൾ ഓരോന്നായി തിരശീലയിലെന്നപോലെ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. അങ്ങിനെ യാതൊരു പ്രതീക്ഷയുമില്ലാതെ ജെ ഡി ടിയുടെ പടികയറി. എന്നാൽ കാലം ജിമിക്കും സുമിക്കുമായി പൂക്കാലം തന്നെ അവിടെ ഒരുക്കിയിരുന്നു.
സി പി മുഹമ്മദ് എന്ന മനുഷ്യന്റെ സ്നേഹത്തണൽ കൂടി ആയതോടെ കലാലയം അവർക്കായി രൂപമാറ്റം ചെയ്യപ്പെട്ടു. യാത്രാസൗകര്യത്തിനായി ഇലക്ട്രോണിക് വീൽ ചെയറും കിട്ടി. ഇരുവരുടെയും യാത്ര എളുപ്പമാക്കാൻ ലിഫ്റ്റ് സൗകര്യത്തിനൊപ്പം ക്യാമ്പസ് നിറയെ റാമ്പുകളും ഒരുക്കി.അമ്മയ്ക്കും കൂടെ താമസിക്കാൻ സൗകര്യത്തിന് ഹോസ്റ്റൽ മുറി സജ്ജമാക്കുകയും ചെയ്തു. കാരണം ഇരുവരുടെയും ശരീരം ഇന്ന് അമ്മയാണ്. ബാത്റൂമിൽ പോകുന്നത് മുതൽ വീൽ ചെയറിന്റെ ബെൽറ്റ് ഇട്ട് കൊടുക്കാൻ വരെ അമ്മ വേണം. അമ്മ പേരിനപ്പുറത്തെ വിസ്മയമായി എപ്പോഴും ഇരുവർക്കൊപ്പവുമുണ്ട്.
ജെ ഡി ടിയിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ജിമി പൂർത്തിയാക്കിയത് സർവകലാശാലയുടെ ഒന്നാം റാങ്കോടെയാണ്. സുമിയും മികച്ച മാർക്കോടെ പാസ്സായി. വർഷങ്ങൾ കടന്നുപോയി ജെ ഡി ടിയിലെ പഠനം പൂർത്തിയാക്കാനായി. മികച്ച വിജയങ്ങൾക്ക് ശേഷം പടിയിറങ്ങേണ്ട ദിവസവും വന്നെത്തി. വികാരഭരിതമായ യാത്രയയപ്പ് പ്രതീക്ഷിച്ച അവർക്ക് മുന്നിലേക്ക് കാലം വീണ്ടും കരുതിവെച്ച അത്ഭുതങ്ങൾ നീട്ടുകയായിരുന്നു. ഇന്ന് രണ്ടുപേരും അധ്യാപകരാണ്, ജെ ഡി ടിയിൽ. അതുവരെ വിശ്വാസം മാത്രമായിരുന്ന ദൈവത്തെ പല രൂപത്തിൽ അനുഭവപ്പെടുകയായിരുന്നു.
തങ്ങളെ പോലെ ജീവിതം ചക്രക്കസേരകൾക്ക് ഉള്ളിൽ തളച്ചിട്ടവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി പല പദ്ധതികളും അവർക്കുള്ളിലുണ്ട്. ഒപ്പം ഇനിയും ഏറെ മുന്നോട്ടു പോകണം. മാതൃഭൂമി യാത്ര മാഗസീനിലൂടെ മാത്രം കണ്ട സ്ഥലങ്ങൾ ഓരോന്നായി മനസ്സിലുണ്ട് കണ്ടുതീർക്കാൻ. സ്വപ്നങ്ങൾക്ക് ഒപ്പമല്ല മുന്നേ സഞ്ചരിക്കാനുള്ള ഉൾക്കരുത്ത് ഇരുവർക്കും ആവോളമുണ്ട്. പൂക്കാലത്തിനായി കാത്തിരിക്കാതെ ഒരായിരം പൂക്കൾ കഠിനാധ്വാനത്താൽ വിരിയിച്ചെടുക്കുകയാണ് ഇരുവരും. മഹത്തായ കലാലയത്തിന്റെ പടികളിറങ്ങുമ്പോൾ എന്നോ നഷ്ടപ്പെട്ട എന്റെ സ്വപ്നങ്ങൾക്ക് കൂടി ചിറക് മുളക്കുന്നതായി തോന്നി...
Content Highlights: Success Story Of Jimi And Sumi The Physically Disabled Athijeevanam 15