വേരുകള്‍ അറ്റുപോയ ഒരു ചെടി, മണ്ണില്‍ വീണ്ടും വേരാഴ്ത്തി വന്മരമായി പടര്‍ന്ന് പന്തിലിക്കുന്നിടത്തുനിന്ന് തുടങ്ങുന്നതോ, അതോടുകൂടി അവസാനിക്കുന്നതോ അല്ല അതിജീവനം. മരണം മുന്നില്‍ നില്‍ക്കുമ്പോഴും ജീവന്റെ പുതിയ നാരുവേരെങ്കിലും മണ്ണിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്നിടത്താണ് അതിജീവനം ആരംഭിക്കുന്നത്. ഇവിടെ കൃഷ്ണയിലൂടെ പറയാന്‍ ശ്രമിക്കുന്നത് അത്തരമൊരു വേരാഴ്ത്തലിന്റെ അതിജീവന കഥയാണ്. നിഴലിന് മുകളില്‍ മരണം ഒന്നിലേറെ തവണ വന്നപ്പോഴും മനക്കരുത്തുകൊണ്ട് മുന്നോട്ട് നടന്ന ഈ ഉത്തരാഖണ്ഡുകാരി ഗ്രാമീണഇന്ത്യയുടെ പരിച്ഛേദമാണ്. ജാതിയും സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളും ഗ്രാമീണജനതയുടെ ജീവിതത്തില്‍ എത്രമാത്രം നഞ്ചു കലക്കുന്നുണ്ടെന്ന് അവരുടെ ജീവിതവഴിയിലൂടെ വായിച്ചെടുക്കാം.
പുല്ലുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അച്ഛന് കുമാറിന്റെയും അമ്മ കൗസല്യ ദേവിയുടെയും അഞ്ചാമത്തെ മകളായി കൃഷ്ണ ജനിക്കുന്നത്. ജീവിതവും ഐതീഹ്യവും ഒരുപോലെ ഒഴുകുന്ന യമുനയുടെ കരയിലായിരുന്നു ആ കൊച്ചുകുടില്‍. കൃഷിക്ക് വേണ്ടതായിട്ടുള്ള ഫലഭൂയിഷ്ട്ടമായ മണ്ണും ശുദ്ധജലവും യമുനാനദി ആവോളം കൊടുത്തിരുന്നു. എന്നാല്‍ മറ്റൊരു തീക്ഷ്ണമായ മുഖം കൂടെയുണ്ട് യമുനയ്ക്ക്. വെന്തുരുകുന്ന ചൂടു കഴിഞ്ഞാല്‍ പിന്നെ മഴയുടെ ഊഴമാണ്. പെയ്തൊഴിഞ്ഞ് പോകുന്ന മഴയല്ല, പലപ്പോഴും ഉത്തരാഖണ്ഡില്‍ ഉണ്ടാകാറുള്ളത്. അത് മഹാപ്രളയമായി മാറുന്നത് പതിവാണ്. അപ്പോള്‍ യമുന മനുഷ്യന് വരച്ച അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ച് ജീവിതത്തിന് മുകളില്‍ വന്നു കൊലവിളിക്കും. ഐതീഹ്യമനുസരിച്ച് സൂര്യഭഗവാന്റെ പുത്രിയും മൃത്യുവിന്റെ ദേവനായ യമരാജന്റെ സഹോദരിയുമാണ് 'യമുന'. അതായത് മരണത്തിന്റെ സഹോദരി.

ചിത്രം: സുജികുമാര്‍
ഓരോ മഴക്കാലവും ദുരിതങ്ങളുടെ കാലം കൂടെയാണ്. പുല്ലുമേഞ്ഞ കൂരയ്ക്കുള്ളിലേക്ക് മഴയ്ക്കൊപ്പം യമുന ഇരച്ചുകയറി വരും. അങ്ങനെ ഒരു പ്രളയക്കാലത്താണ് സഹോദരനെ നഷ്ടമായത്. സ്വന്തമായി ഒരു നുള്ളു ഭൂമിപോലും ഇല്ലാത്തതിനാലാണ് ആ ദുരിതക്കരയില് നിന്നും രക്ഷപെടാന്‍ പറ്റാതെ അവര്‍ക്ക് ജീവിക്കേണ്ടി വന്നിരുന്നത്. അതിനു പുറകില്‍ ഉത്തരാഖണ്ഡിലെ ജീര്‍ണിച്ച ജാതിവ്യവസ്ഥയുടെ കഥ കൂടെയുണ്ട്. വ്യത്യസ്ത ജാതിയില്‍ പെട്ടവരായിരുന്നു യമുനയുടെ അച്ഛന് കുമാറും അമ്മ കൗസല്യ ദേവിയും. മഞ്ഞുപെയ്യുന്ന താഴ്വരയിലേക്ക് ആപ്പിള്ക്കൃഷിക്കായി പോയപ്പോഴാണ് കുമാര്‍, കൗസല്യദേവിയുമായി പ്രണയത്തിലാകുന്നത്.
ആപ്പിള്‍ക്കൃഷി വിളവെടുത്ത ശേഷം മലയിറങ്ങുമ്പോള്‍ ഉയര്‍ന്നജാതിയില്‍പെട്ട കൗസല്യയും കുമാറിനൊപ്പം ഉണ്ടായിരുന്നു. പ്രണയത്തിന് മുമ്പില്‍ ജാതി അവര്‍ക്ക് തടസ്സമായിരുന്നില്ല എങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. ജാതിപ്രമാണിമാരുടെ ആള്‍ക്കൂട്ട അക്രമണത്തില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു അവര്‍. ഒടുവില്‍ യമുനാതീരത്താണ് ആ ഓട്ടം അവസാനിച്ചത്. പലകാരണങ്ങള്‍ കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ ആ നദിതീരത്ത് നിസ്സഹായരായി ജീവിതം തള്ളിനീക്കുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയ കുമാറിനും കൗസല്യക്കും അവര്‍ പട്ടിണിയുടെ ഒരു പങ്കും തലചായ്ക്കാന്‍ പുല്‍ക്കുടിലില്‍ ഇടവും നല്കി. ഭക്ഷണം പലപ്പോഴും അവര്‍ക്ക് സ്വപ്നം മാത്രമായിരുന്നു. ആ സമയത്തൊക്കെ വിശപ്പ് ശമിപ്പിച്ചത് യമുനയിലെ തെളിനീരായിരുന്നു.
പിന്നീടങ്ങോട്ട് നദിയോട് ചേര്‍ന്നുള്ള പുറംമ്പോക്കില്‍ മണ്ണിനോടുള്ള യുദ്ധമായിരുന്നു. ഉരുളക്കിഴങ്ങ് മുതല്‍ ഗോതമ്പ് വരെ അവിടെ കൃഷി ചെയ്തു. ജാതി ച്ചന്തകള്‍ പോലും ഉണ്ടായിരുന്നത്രെ അക്കാലത്ത്. അതുകൊണ്ട് തന്നെ അവരുടെ വിളകള്‍ക്ക് തുച്ഛമായ വിലമാത്രമാണ് ലഭിച്ചിരുന്നത്. കാരണം ജാതി നോക്കിയായിരുന്നത്രെ കൊണ്ടു വരുന്ന വിളകള്‍ക്ക് അധികാരി വിലയിട്ടിരുന്നത്. ഇത്തരത്തില്‍ അവരുടെ അതിജീവനത്തിന്റെ എല്ലാ കഥകളും കൃഷ്ണക്ക് അമ്മ ചെറുപ്പത്തിലെ പറഞ്ഞു കൊടുത്തതാണ്.
ചെളിപുരണ്ട് അവിടെയും ഇവിടെയും കീറിയ ഉടുപ്പിനുള്ളിലെ മനസ്സില്‍ കൃഷ്ണ ആ കഥകളെല്ലാം ചിതലരിക്കാതെ അടുക്കി വച്ചിട്ടുണ്ട്. കാലത്തെ മനക്കരുത്തുകൊണ്ട് അതിജീവിക്കാന്‍ ശ്രമിച്ച പൂര്‍വ്വികരുടെ കഥയല്ല കൃഷ്ണയിലൂടെ പറയുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ജാതിയുടെയും ലിംഗ വിവേചനങ്ങളുടെയും കേട്ടാലറക്കുന്ന ഒട്ടനവധി കഥകളുണ്ട്. ആ സാഹചര്യങ്ങളിലൂടെ ഒറ്റക്ക് കടന്നു വന്ന കൃഷ്ണയുടെ ജീവിതമാണിത്. സ്ത്രീ ആയതിനാലും സമൂഹം പറയുന്ന താഴ്ന്നജാതിയില്‍ ജനിച്ചതുകൊണ്ടും ഒറ്റപ്പെട്ടുപോയ ഒരുപാട് മനുഷ്യരുടെ പ്രതിനിധിയാണ് കൃഷ്ണ.
ആകാശത്തേക്ക് പറത്തുന്ന പട്ടങ്ങളില്‍ പോലും ജാതിപ്പേരെഴുതുന്ന തലമുറയോട് അവര്‍ക്ക് പറയാന്‍ ഏറെയുണ്ട്. മാതൃകകള്‍ ഏതുമില്ലാതെ കൃഷ്ണ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ അടയാളപ്പെടുത്തുക തന്നെ വേണം. കാരണം അവരുടെ കഥ ഈ രാജ്യത്തിന്റെ ഗ്രാമീണജീവിതങ്ങളുടെ പച്ചയായ അനുഭവങ്ങളാണ്. നേര്‍സാക്ഷ്യങ്ങളാണ്. എല്ലാത്തിലുമുപരി മനുഷ്യന് ഒരു അത്ഭുതമാകുന്നത് കൃഷ്ണയുടെ കഥയിലെ ഉള്ളറകളില്‍ നിന്ന് വായിച്ചെടുക്കാം.

ചിത്രം: സുജികുമാര്‍
വിശപ്പിന്റെ നിറം
ഗ്രാമത്തിലെ വിദ്യാലയം ഏറെ ദൂരെനിന്ന് കണ്ട ഓര്‍മ്മ മാത്രമെ ഉള്ളു കൃഷ്ണക്ക്. അതിന് പ്രധാന കാരണം പട്ടിണിയിയാണ്. മറ്റൊന്ന് ഒരു തരത്തിലുമുള്ള രേഖകള്‍ ഇല്ലാത്തതിനാലുമാണ്. അമ്മയുമായുള്ള ഒളിച്ചോട്ടത്തിന് ശേഷം അച്ഛന് താമസിച്ചിരുന്ന വീട് ജാതി പ്രമാണിമാര്‍ കത്തിച്ചു കളയുകയായിരുന്നു. പിന്നീട് മരണം വരെ അദ്ദേഹത്തിന് അവിടേക്ക് പോകാന്‍ സാധിച്ചിട്ടില്ല. അത്രത്തോളം ആഴത്തില്‍ മനുഷ്യനുള്ളില്‍ ജാതി ചിന്ത അവിടെ ഉണ്ട്. അമ്മയെ മരിച്ചതായി കണക്കാക്കി മരണാനന്തര ക്രിയകളും അവര്‍ നടത്തി. അങ്ങനെയാണ് അമ്മയ്ക്കും പിച്ചവച്ച മണ്ണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത മനുഷ്യരായി ആ കുടുംബം മാറുകയായിരുന്നു. വിദ്യാലയം സ്വപ്നങ്ങളില്‍ നിന്നുപോലും അകലം പാലിച്ചതിനുള്ള കാരണങ്ങളും ഇതൊക്കെയാണ്.
കുട്ടിക്കാലത്ത് അനുഭവിച്ച വിശപ്പിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും കൃഷ്ണയുടെ നെഞ്ചുപിടയുന്നത് കാണാം. യമുനയിലെ വെള്ളമായിരുന്നു പ്രാതല്‍. ഉച്ചക്ക് വഴിവക്കില്‍ നിന്നും പറിച്ചു കൊണ്ടുവരുന്ന ഏതെങ്കിലും കിഴങ്ങ് വേവിച്ചത് ഉണ്ടാകും. മിക്കവാറും ദിവസങ്ങളില്‍ വെള്ളം മാത്രമാണ് വിശപ്പിന് മരുന്നാവാവുക. പുറമ്പോക്കിലെ കൃഷിയില്‍നിന്നും ഒന്നും കിട്ടാറില്ല. പാകമായ വിളകള്‍ തുച്ഛമായ വിലക്കാണ് വ്യാപാരികള്‍ വാങ്ങാറുള്ളത്. എങ്കിലും അത്തരം ദിവസങ്ങളിലാണ് രണ്ടുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കാറുള്ളത്. മൂന്നുനേരം ഭക്ഷണം എന്നുള്ളത് കേട്ടുകേള്‍വി മാത്രമുള്ള പഴഞ്ചൊല്ലാണ്.
കാലങ്ങള്‍ വേദനകള്‍ നിറച്ച് കടന്നുപോയിക്കൊണ്ടേയിരുന്നു. പേരറിയാത്ത അസുഖങ്ങള്‍ കൂടപ്പിറപ്പുകളെയും കൊണ്ടുപോയി. വിശപ്പും രോഗങ്ങളും കാരണം പൊറുതി മുട്ടി. ജീവിക്കുക എന്നതായിരുന്നു വലിയ ബാധ്യത. പതിനാലാം വയസ്സോടെ സ്ത്രീ ആയെന്ന ബോധ്യം ആര്‍ത്തവത്തിലൂടെ ശരീരം അടയാളപ്പെടുത്തി. അത്തരം ദിവസങ്ങളില്‍ അനുഭവിച്ച വേദനയും അമര്‍ഷവും വാക്കുകള്‍ക്ക് അതീതമാണ്. പ്രായവും പട്ടിണിയും അമ്മയെയും അച്ഛനെയും രോഗങ്ങള്‍ കൊണ്ട് മൂടി. വൈകാതെ തന്നെ അവരും പേരറിയാത്ത അസുഖങ്ങളുടെ രക്തസാക്ഷികളായി.
അച്ഛനും അമ്മയും മരിച്ചതോടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മുന്‍പിലൂടെ ഒഴുകുന്ന യമുനക്ക് പോലും ഒരു ലക്ഷ്യസ്ഥാനമുണ്ട്, എന്നാല്‍ അതുപോലും തനിക്ക് ഇല്ലാതായിരിക്കുന്നു എന്ന അവസ്ഥയില്‍ കൃഷ്ണ മരണത്തെ മുഖാമുഖം കണ്ടു. വലിയ മാനസികസംഘര്‍ഷങ്ങളാണ് അക്കാലത്ത് അവള് അനുഭവിച്ചത്. ആ ഇടക്കാണ് ഡല്‍ഹിയില്‍ വഴിവക്കില്‍ ചായക്കച്ചവടം നടത്തുന്ന കിഷന് ഭയ്യ വീട്ടിലേക്ക് വരുന്നത്. അദ്ദേഹം അച്ഛന്റെ അടുത്ത സുഹൃത്തും ഏക ആശ്രയവുമായിരുന്നു. ഡല്‍ഹിയിലേക്ക് കൂടെ വന്നാല്‍ എന്തെങ്കിലും ജോലി നോക്കാം എന്ന് പറയാനായിരുന്നു അദ്ദേഹം വന്നത്. ഒരു നിമിഷം പോലും മറിച്ച് ആലോചിക്കാന്‍ ഇല്ലായിരുന്നു. ആകെയുള്ള രണ്ടു ജോഡി മുഷിഞ്ഞ വസ്ത്രവും കൈയ്യില്‍ ചുരുട്ടി പിടിച്ച് അദ്ദേഹത്തെ അനുഗമിച്ചു. നടന്നകന്ന ശേഷം തങ്ങളുടെ കുടിലും, നിശബ്ദമായി ഒഴുകുന്ന യമുനയെയും ഒരിക്കല്‍ കൂടി നോക്കി. നിറഞ്ഞ കണ്ണുകളാല്‍ അതുവരെയുള്ള ജീവിതത്തിന് യാത്ര മൊഴി നല്കി.
ജീവിതം അവസാനിക്കാത്ത യാത്രയാണ്
ജീവിതത്തില്‍ ആദ്യമായാണ് തീവണ്ടി കാണുന്നത്. വല്ലാത്ത ഇരമ്പലോടെ നിരങ്ങി വന്നു നിന്ന തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം ഇന്നും സ്വപ്നങ്ങളില്‍ മുഴങ്ങാറുണ്ടത്രേ. ഏറ്റവും അവസാനത്തെ ബോഗിയില്‍ കിഷന് ഭയ്യയുടെ കൂടെ കയറിപ്പറ്റി. കാഴ്ചകള്‍ എല്ലാം പുതിയതായിരുന്നു. മുന്നോട്ട് നിരങ്ങി നീങ്ങിയ തീവണ്ടി ഏറെ ഭയപ്പെടുത്തി. നല്ല വസ്ത്രമില്ലാത്തതിനാല്‍ ആളുകളുടെ പരിഹാസരൂപേണയുള്ള നോട്ടങ്ങളായിരുന്നു. അതോടെ മനസ് കൂടുതല്‍ നിസ്സഹായമായി. കിഷന് ഭയ്യ കൂടെ ഉള്ളതായിരുന്നു ഏക ആശ്വാസം. 'പരിഷ്ക്കാരികളായിട്ടുള്ള മനുഷ്യര്‍ ഇങ്ങനെ തന്നെയാണ് പാവങ്ങളോട് പെരുമാറുക, അതൊന്നും കാര്യമാക്കേണ്ട' എന്ന് പറഞ്ഞ് അദ്ദേഹം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും വല്ലാത്തൊരു ഭയം മനസ്സിനെ അലട്ടി. അതു കാരണം കക്കൂസിന്റെ വാതിലിന് പുറത്ത് കൂനിക്കൂടി ഇരുന്നായിരുന്നു യാത്ര ചെയ്തത്.
ആറുമണിക്കൂറുണ്ട് ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്ക്. ഓരോ മണിക്കൂറും ഓരോ ദിവസം പോലെ ഇഴഞ്ഞു നീങ്ങി. മഹാനഗരത്തോട് അടുക്കും തോറും ചൂട് കൂടിക്കൂടി വന്നു. ബോഗികള്‍ ചുട്ടുപഴുക്കാന്‍ തുടങ്ങി. കാറ്റിന് തീയുടെ ഗന്ധവും അസഹനീയമായ ചൂടുമായി. വിശപ്പ് കൂടുതല്‍ ശകതമായത്തോടെ ആരോ ഉപേക്ഷിച്ചു പോയ ഒരു കുപ്പിയിലെ ബാക്കി വന്ന വെള്ളം കൊണ്ട് ചുണ്ട് നനച്ചു. ക്ഷീണം കൊണ്ട് കിഷന് ഭയ്യ ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ലാതെ വന്നപ്പോള്‍ തട്ടി വിളിച്ചു. ആ വിളിയുടെ ശബ്ദം കൂടിക്കൂടി വന്നു. അദ്ദേഹം എന്നിട്ടും കണ്ണുതുറന്നില്ല. മഹാ നഗരത്തിലേക്ക് തീവണ്ടി പതിയെ വന്നു നിന്നു. കിഷന് ഭയ്യ ജീവന് വെടിഞ്ഞിരുന്നു അപ്പോഴേക്കും. ആര്‍ത്തു കരയാനല്ലാതെ മറ്റൊന്നിനും ആ അവസ്ഥയില്‍ ആയിരുന്നില്ല. അതിനിടക്ക് എപ്പോഴോ ബോധം പോയി.
കണ്ണു തുറന്നപ്പോള്‍ ആളും ബഹളവും ഒന്നുമില്ല ഒരു സിമന്റ് ബെഞ്ചില്‍ കിടത്തിയിരിക്കുന്ന അവസ്ഥയിലായിരുന്നു. വന്ന തീവണ്ടി മറ്റേതോ ലക്ഷ്യത്തിലേക്ക് പോയിരുന്നു. കിഷന് ഭയ്യയുടെ ചേതനയറ്റ ശരീരവും കാണാനില്ല. എന്ത് ചെയ്യണം എന്നറിയാതെ ഏറെ നേരം അവിടെയിരുന്ന് കരഞ്ഞു. അതുകണ്ട് വന്ന ഒരു പൊലീസുകാരനാണ് കിഷന് ഭയ്യയെ ഏതോ ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞത്. അത് ഏത് ആശുപത്രിയാണെന്ന് അവിടെ ഉണ്ടായിരുന്ന ആര്‍ക്കും അറിയില്ലായിരുന്നു. സൂര്യന് പതിയെ ഇരുട്ടിന് വഴിമാറി കൊടുത്തു. റെയില്‍വെ സ്റ്റേഷനിലെ പൈപ്പില്‍ നിന്നും ആവോളം വെള്ളംകുടിച്ചു. ചവറ്റുകൂനയില്‍ ആരോ ഉപേക്ഷിച്ച ഭക്ഷണപൊതി അന്നത്തെ വിശപ്പകറ്റി.
പുലരാന്‍ തയ്യാറല്ലാത്തതു പോലെ ഇരുട്ട് കനത്തു വന്നു. മുന്നില്‍ മരണം തളംകെട്ടി നിന്നു. എന്നാല്‍ ആ രാത്രിയാണ് പ്രതീക്ഷയുടെ വെളിച്ചം മനസ്സില്‍ പടര്‍ന്നത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ക്ഷീണിച്ചു തളര്‍ന്ന ശരീരത്തിനുള്ളിലെ മനസ്സിനെ കൃഷ്ണ കരുത്തുറ്റതാക്കുകയായിരുന്നു. അന്ന് രാത്രി പുലര്‍ന്നത് പുതിയൊരു കൃഷ്ണയുമായിട്ടായിരുന്നു. ജോലിയാണ് അടിയന്തരമായി കണ്ടെത്തേണ്ടതെന്ന് മനസ്സിലാക്കി അതിന്റെ വഴികള്‍ ഓര്‍ത്തു തുടങ്ങി. പരിസരത്തുള്ള ഒട്ടുമിക്ക ഹോട്ടലുകളിലും മറ്റും ജോലിതേടി കയറി ഇറങ്ങി. എന്നാല്‍ എല്ലാവരും മുഖം തിരിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയി. വൈകാതെ തന്നെ റോഡരികില്‍ കച്ചവടം നടത്തുന്ന അനുജിത് കുമാറിന്റെ തട്ടുകടയില്‍ ജോലി കിട്ടി. ഇരുപത് രൂപയായിരുന്നു കൂലിയായി കിട്ടിയത്. കൂടാതെ മൂന്ന് നേരം റൊട്ടിയും പരിപ്പ് കറിയും കിട്ടും. അതായിരുന്നു ഏറ്റവും വലിയ ആശ്വാസം. രാത്രി ഉന്തു വണ്ടിയോട് ചേര്‍ന്ന് ടാര്‍പോളിന്‍ വലിച്ചുകെട്ടി കൂടാരം ഉണ്ടാക്കും. അതിലായിരുന്നു ഉറക്കം. നമ്മുടെ പൊതുബോധത്തിന് ഇതില്‍ ഒന്നും തന്നെ വലിയ നേട്ടമായി കാണാന്‍ ഒരു പക്ഷെ സാധിക്കുമായിരിക്കില്ല. പക്ഷെ എല്ലാം നഷ്ടപ്പെട്ട ഇടത്തുനിന്നും വിദ്യാഭ്യാസമില്ലാത്ത, ലോകപരിചയം ലവലേശം ഇല്ലാത്ത ഒരു സ്ത്രീ വെല്ലുവിളികളെ അതിജീവിച്ച് അധ്വാനിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് തന്നെ നേട്ടമാണ്. വലിയ മാതൃകയുമാണ്.
വേദനയും തണലും
വളരെ വേഗം കൃഷ്ണ അവിടുത്തുകാരുടെ പ്രിയപ്പെട്ടവളായി. എന്നാല്‍ തലസ്ഥാനനഗരം തണല്‍ മാത്രമല്ലായിരുന്നു തന്നത്. രാത്രിയില്‍ തനിച്ചാകുന്ന അവളെ തിരിഞ്ഞ് കഴുകന്‍കണ്ണുകള്‍ വട്ടമിട്ട് പറന്നു. പിടിച്ചുനില്‍ക്കാനാകില്ല എന്നു കണ്ടതോടെ അവിടം വിട്ടു. ചെന്നെത്തിയത് ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്താണ്. ജോലി അന്വേഷിച്ച് ഏറെ നടന്നെങ്കിലും സ്ഥിരമായി ഒന്നും ശരിയായില്ല. എന്നാല്‍ ഹോട്ടലുകളില്‍ നിന്ന് ബാക്കിയാകുന്ന ഭക്ഷണങ്ങള്‍ ചെറിയകാശിന് അവര്‍ കൃഷ്ണയ്ക്ക് നല്കി. രാത്രികളില്‍ മസ്ജിദിന് സമീപം അന്തിയുറങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നോമ്പുകാലം തുടങ്ങി. പിന്നീട് ഭക്ഷണത്തിന് ഒരു പ്രയാസവും ഉണ്ടായില്ല. മസ്ജിദില്‍ വരുന്നവര്‍ പലരും കൃഷ്ണയുടെ അവസ്ഥ കണ്ട് ചെറിയ ചില സഹായങ്ങളും നല്കി കൊണ്ടിരുന്നു. എന്നാല്‍ മാനസികമായി മറ്റൊരാള്‍ക്ക് മുന്പില് കൈ നീട്ടേണ്ടി വരുന്നതിനോട് അവള്‍ക്ക് പൊരുത്തപ്പെടാനായില്ല.
അങ്ങനെയാണ് സ്ഥിരവരുമാനമുള്ള ഒന്നിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. സഹായഹസ്തവുമായി ചിലര്‍ അതിലേക്ക് വഴിതുറന്നു. വൈകാതെ തന്നെ ഭാരം അളക്കുന്ന വൈയിറ്റിങ് സ്കെയില്‍ മെഷീന് അങ്ങിനെ കൃഷ്ണക്ക് സ്വന്തമായി. അതി രാവിലെ മുതല്‍ അതുമായി റോഡരികില്‍ ഇരിപ്പുറപ്പിക്കും. ഒരു രൂപയാണ് ഒരാള്‍ക്ക് ഭാരമറിയാനുള്ള പ്രതിഫലമായി ഈടാക്കുന്നത്. പലരും അതില്‍ കൂടുതല്‍ നല്‍കും. എന്നാല്‍ ഇനി ഒരിക്കലും അധ്വാനിക്കാത്ത പണം സ്വീകരിക്കില്ല എന്നുറപ്പിച്ച കൃഷ്ണ ചിരിച്ചുകൊണ്ട് ഒരു രൂപ മാത്രമെടുത്ത് ബാക്കി തിരിച്ചുകൊടുക്കും. അക്കാലത്ത് നാല്‍പ്പത് രൂപമുതല്‍ നൂറ്റിയമ്പത് രൂപവരെ കിട്ടാറുണ്ടായിരുന്നു. അതില്‍ നിന്നും ചെറിയൊരു തുക മിച്ചം പിടിക്കാനും തുടങ്ങി.
ആയിടക്കാണ് മാനസിക അസ്വാസ്ഥ്യമുള്ള ഒരാളെ കൃഷ്ണ വഴിയരികില്‍ നിന്നും കണ്ടുമുട്ടുന്നത്. ആളുകള്‍ക്ക് മുന്പില് കൈനീട്ടി കിട്ടുന്ന നാണയത്തുട്ടുകളായിരുന്നു അദ്ദേഹത്തിന്റെ ഏക ആശ്വാസം. ചായക്കു പോലും പലപ്പോഴും അത് തികയാറുമില്ല. കാഴ്ചശക്തിയും കേള്‍വിയും അദ്ദേഹത്തിനില്ല എന്നറിഞ്ഞതോട് കൂടി ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. കൈപിടിച്ച് മസ്ജിദിന് അരികില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച തന്റെ ടെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. പേരറിയാത്ത, നാടറിയാത്ത ആ മനുഷ്യനെ മോനു എന്ന് കൃഷ്ണ വിളിച്ചു. അന്ന് പിടിച്ച കൈ വര്‍ഷങ്ങള്‍ക്കിപ്പുറവും വിടാതെ പിടിച്ചിട്ടുണ്ട്. ആ ബന്ധം അക്ഷരങ്ങള്‍ കൊണ്ട് പ്രതിഫലിപ്പിക്കാന്‍ ആവുന്നതിലും ഏറെ അപ്പുറത്താണ്.

ഒരു സ്ഥലത്ത് തന്നെ സ്ഥിരമായി ഇരിക്കാതെ പല സ്ഥലങ്ങളിലായി മോനുവിനെയും കൂട്ടി ആളുകള്‍ക്ക് ഭാരം പറഞ്ഞു കൊടുത്തു. ഒരുവയറുകൂടെ നിറക്കേണ്ടത് തന്റെ ഉത്തരവാദിത്തമായതോടെ കൂടുതല്‍ സമയം തെരുവോരങ്ങളില്‍ കുത്തിയിരുന്നു. യാത്രയ്ക്കും സാധനങ്ങള്‍ സൂക്ഷിക്കാനുമായി ഒരു മുച്ചക്ര സൈക്കിള്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും എന്ന ആശയം മനസ്സില്‍ വന്നു. പിന്നീട് ഓരോ നാണയത്തുട്ടുകളും കൂടുതല്‍ സൂക്ഷ്മതയോടെയാണ് ചെലവാക്കിയത്. 5000 രൂപയോളം വേണമായിരുന്നു സൈക്കിളിന്. അത് കയ്യെത്തി പിടിക്കാവുന്നതിലും ഏറെ അകലയാണെന്ന് ബോധ്യമുണ്ടായിട്ടും പിന്മാറാന് തയ്യാറാവാതെ പരിശ്രമിച്ചു കൊണ്ടേയിരുന്നു. മാസങ്ങള്‍ നീണ്ട നീക്കിയിരിപ്പ് ബാക്കിയാക്കിയത് 2300 രൂപയാണ്. ഇതെല്ലം മനസ്സിലാക്കിയ കരോള്‍ബാഗിലെ സൈക്കിള്‍ കച്ചവടക്കാരന് ആ തുകയ്ക്ക് സൈക്കിള്‍ കൊടുക്കാന്‍ തയ്യാറായി. എന്നാല്‍ വെറുതെ തനിക്ക് ഒന്നും വേണ്ട എന്നതില്‍ കൃഷ്ണ ഉറച്ചുനിന്നു. ബാക്കി തുക തവണകളായി കൊടുത്തു തീര്‍ത്തോളം എന്ന വ്യവസ്ഥയില്‍, അങ്ങനെ മുച്ചക്ര സൈക്കിള്‍ കൃഷ്ണ സ്വന്തമാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അര്‍ധപട്ടിണി കിടന്ന് ബാക്കി തുക കൂടി ഉണ്ടാക്കി. ആ പണം കൊടുത്തപ്പോള്‍ ഉടമസ്ഥന്റെ നിറഞ്ഞ കണ്ണുകള്‍ ഇന്നും കൃഷണ ഓര്‍ക്കുന്നുണ്ട്.
നാല്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു കൃഷ്ണ തലസ്ഥാന നഗരിയുടെ മകളായിട്ട്. ഇപ്പോള്‍ ഡല്‍ഹിയിലെ കൃഷിഭവന് മുന്പിലെ സ്ഥിരസാന്നിധ്യമാണ് കൃഷ്ണയും മോനുവും. വിശേഷ ദിവസങ്ങളില്‍ മിക്കവാറും പേര് അവര്‍ക്കായി ഒരു ഭക്ഷണപ്പൊതിയും കയ്യില്‍ കരുതാറുണ്ട്. അത്രമേല്‍ പലര്‍ക്കും അവര്‍ പ്രിയപ്പെട്ടവരാണിന്ന്. എങ്കിലും ഇപ്പോഴും ജനിച്ചു വളര്‍ന്ന നാടും വീടും രണ്ടുപേര്‍ക്കും തീര്‍ത്തും അന്യമാണ്. അവര്‍ ഉറങ്ങുന്നതും ഉണരുന്നതും ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ തന്നെയാണ്. അര്‍ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും മോനുവിനെ ഊട്ടാന്‍ കൃഷ്ണ മറക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. പെണ്‍ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊന്നു കളയുന്ന, പെണ്‍കുട്ടികളോട് വീടകങ്ങളില്‍ കടുത്ത വിവേചനം കാണിക്കുന്ന, ഈ രാജ്യത്തു തന്നെയാണ് കൃഷ്ണ അറ്റുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ പൊരുതുന്നത്. ഓരോ മനുഷ്യനും അവനവനിലേക്ക് ചുരുങ്ങുമ്പോള്‍ ഒറ്റയായി പോയ മോനുവിനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവര്‍ പറയുന്നത്, ആരെയും ഒറ്റപ്പെടാന്‍ അനുവദിക്കരുത് അത് മരണത്തിനും അപ്പുറത്തെ വേദനയാണെന്നാണ്.

കൃഷ്ണയുടെ ജീവന് നിലനിര്‍ത്തിയിരുന്ന യമുനാ നദി ഡല്‍ഹില്‍ എത്തുമ്പോഴേക്കും കറുത്തിരുണ്ട് ദുര്ഗന്ധവാഹിനിയായിട്ടുണ്ടാകും. മനുഷ്യന്റെ എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങി അത് എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യനുള്ളിലെ സത്യങ്ങളും ഇന്ന് ഏറെക്കുറെ അങ്ങനെ തന്നെയായി മാറിക്കൊണ്ടിരിക്കുകയുമാണല്ലോ. അവിടെയാണ് കൃഷ്ണയുടെ പ്രസക്തിയും വിലമതിക്കാനാവാത്ത അവരുടെ മാനുഷികമൂല്യങ്ങളും ഉള്‍ക്കൊള്ളേണ്ടത്. പഠിക്കേണ്ടത്. അത്ഭുതപ്പെടുത്തുന്ന അതിജീവന സാധ്യതകള്‍ ഏറെ ആഴത്തില്‍ അവര്‍ക്കുള്ളിലുണ്ട്. വേദനിക്കുന്ന ഓരോ മനുഷ്യനെയും തിരിച്ചറിയുകയെന്നതും കൂടെ നിര്ത്തുകയെന്നതുമാണ് കൃഷ്ണയുടെ ജീവിതത്തിന്റെ രത്നച്ചുരുക്കം. ബെന്യമിന് പറഞ്ഞതുപോലെ, ''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.''
content highlights: story of krishna, uttharakhand native who lives in delhi outskirts