സാധനങ്ങള്‍ തൂക്കി കൊടുക്കുമ്പോള്‍ പലപ്പോഴും ത്രാസ്സിലെ സൂചി മങ്ങുന്നതുപോലെ അനുഭവപ്പെട്ടിരുന്നു. അപ്പോഴത് കാര്യമാക്കിയില്ലെങ്കിലും പതിയെ കണ്ണിന്റെ മങ്ങല്‍ കൂടിക്കൂടി വന്നു. കാഴ്ച്ച പതിയെ ഇല്ലാതാകുന്നു എന്ന യാഥാര്‍ഥ്യം അനന്ദന്‍ തിരിച്ചറിയുകയായിരുന്നു. കച്ചവടം തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നു മനസിലാക്കിയതോടെയാണു മണ്ണിലേക്ക് തിരിച്ചിറങ്ങാന്‍ തീരുമാനിച്ചത്. 

ഇരുട്ടു കയറി തുടങ്ങിയ കണ്ണുമായി കൃഷിയിടത്തിന്റെ ഓരോ മുക്കും മൂലയും കൂടുതല്‍ ശ്രദ്ധയോടെ മനസ്സിലേക്കു പതിപ്പിച്ചു. പൂര്‍ണ്ണമായും ഇരുട്ടു വന്നു മൂടും മുമ്പേ എല്ലാം മനസ്സില്‍ പതിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു പിന്നീട്. അതില്‍ പൂര്‍ണ്ണമായും വിജയിക്കാന്‍ അദ്ദേഹത്തിനാവുകയും ചെയ്തു. അകക്കാഴ്ചകളുടെ ഉള്‍വെളിച്ചമാണ് അനന്ദനെ മുന്നോട്ട് നയിക്കുന്നത്.

പത്തു വര്‍ഷത്തിലധികമായി മനസ്സിന്റെ വെളിച്ചമാണ് ഓരോ അടിയും മുന്നോട്ടു വെക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്. മറ്റു ലോകവിശേഷങ്ങള്‍ അറിയുന്നതു റേഡിയോയിലൂടെയാണ്. അതിരാവിലെയുള്ള വാര്‍ത്തകള്‍ മുതല്‍ രാത്രിയിലെ നാടകം വരെ കേട്ട ശേഷമെ ഉറങ്ങാറുള്ളു. ശരീരത്തിനൊപ്പം ഒട്ടിച്ചേര്‍ന്ന മറ്റൊരു അവയവമാണ് അദ്ദേഹത്തിന്റെ ഭാഷയില്‍ റേഡിയൊ. മറ്റു സമയങ്ങളില്‍ കൂടെയുണ്ടാവുക തൂമ്പയാണ്. കൊത്തി കിളക്കാന്‍ മാത്രമല്ല, മുന്നോട്ടുള്ള വഴിയിലെ തടസ്സങ്ങള്‍ അറിയാനും തൂമ്പയാണു സഹായി. കൃഷിയിടത്തില്‍ നടക്കാനും കിടങ്ങുകള്‍ ചാടിക്കടക്കാനും വലതുകൈയില്‍ എപ്പോഴും മുറുക്കിപ്പിടിച്ച തൂമ്പയുണ്ടാകും.

ഒരു നിമിഷം പോലും കാഴ്ചയില്ലാത്ത കാലത്തെ കുറിച്ചു ചിന്തിക്കാന്‍ എളുപ്പമല്ല. എന്നാല്‍ മനസ്സുകൊണ്ടും മുന്നോട്ട് നടക്കാന്‍ സാധിക്കുമെന്ന് ജീവിച്ചു തെളിയിക്കുകയാണ് പാനൂരുകാരനായ അനന്ദന്‍. കണ്ണില്‍ ഇരുട്ടു കയറിയപ്പോഴും സ്വന്തമായി എങ്ങനെ അധ്വാനിച്ചു ജീവിക്കാം എന്ന ചിന്തയായിരുന്നു. ആ ആലോചനയില്‍നിന്നാണു സമൃദ്ധമായ പച്ചക്കറിത്തോട്ടം രൂപപ്പെട്ടുവന്നത്. ഇന്ന് ഒരേക്കറില്‍ നിറയെ വാഴയും ചേമ്പും ചേനയുമെല്ലാം വിളഞ്ഞു നില്‍ക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഇരുട്ടിനെ തോല്‍പ്പിക്കുകയാണ് അദ്ദേഹം. പഠിക്കാന്‍ ഒരുപാടുണ്ട് ആ കര്‍ഷക ജീവിതത്തില്‍ നിന്നും. അതിജീവനത്തിന്റെ അസാമാന്യ പാഠങ്ങളില്‍ ഒന്നാണ് അനന്ദന്‍.     

Anandan
അനന്ദന്‍ കൃഷിപ്പണിയല്‍ | ഫോട്ടോ: വിനോദ്‌

ഓര്‍മ്മകള്‍ നിറയെ കൃഷിയാണ്

കണ്ണൂര്‍ ജില്ലയിലെ കുന്നോത്തുപറമ്പ് എന്ന ഗ്രാമത്തിലാണ് അനന്ദന്‍ ജനിച്ചു വളര്‍ന്നത്. കുഞ്ഞിക്കണ്ണന്റെയും കല്ല്യാണിയുടെയും രണ്ടു മക്കളില്‍ ഇളയവനായിരുന്നു. പാരമ്പര്യമായി കാര്‍ഷിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മണ്ണറിഞ്ഞു വിതക്കാനുള്ള ആദ്യപാഠങ്ങള്‍ കണ്ടും അറിഞ്ഞും പഠിച്ചത് അച്ഛനില്‍നിന്നുതന്നെ. അച്ഛന്‍ വലിയരീതിയില്‍ സ്വാധീനിച്ച മനുഷ്യനാണ്. ദാരിദ്ര്യം കൊടികുത്തി വാണിരുന്ന കാലത്തും കുഞ്ഞിക്കണ്ണന്‍ മക്കളെ പട്ടിണി കിടത്തിയിരുന്നില്ല. അതിരാവിലെതന്നെ തൂമ്പയുമായി കൃഷിയിടത്തിലേക്കു പോകുന്ന അദ്ദേഹം ഇരുട്ട് വീഴുംവരെ മണ്ണിനോട് മല്ലിടും. ആ ദൃഢനിശ്ചയവും കാഴ്ചപ്പാടുകളും കണ്ടു വളര്‍ന്ന അനന്ദന്‍ സ്വന്തം ജീവിതത്തിലും അതെല്ലാം പകര്‍ത്തുകയായിരുന്നു. 

വറുതിയുടെ കാലത്തും ആറാം ക്ലാസുവരെ പഠിക്കാന്‍ സാധിച്ചു. അന്നത്തെ കാലത്തു ചെറുതല്ലാത്ത ഒരു പഠനമാണത്. സ്‌കൂള്‍ കാലത്തിനുശേഷം പഠനങ്ങളെല്ലാം മണ്ണിലായിരുന്നു. അതിരാവിലെ തന്നെ അച്ഛന്റെ കൂടെ തൂമ്പയുമായി പാടത്തേക്ക് ഇറങ്ങും. സാധ്യമാകും വിധം കൊത്തിയും കിളച്ചും അച്ഛന്റെ നിഴലില്‍ ചാരി നില്‍ക്കും. വൈകാതെ തന്നെ പാടത്തെ വെയില്‍ അനന്ദന് ആനന്ദകരമായി മാറുകയായിരുന്നു. ഒപ്പം കൃഷിയുടെ ഓരോ കാലവും ഹൃദയതാളമായി. മണ്ണിനോടുള്ള അടുത്ത ബന്ധം അച്ഛനെപ്പോലെ മികച്ച കര്‍ഷകനായി രൂപപ്പെടാന്‍ സഹായിച്ചു.

വൈകാതെതന്നെ വാഴയുള്‍പ്പെടെ സ്വന്തമായി കൃഷിചെയ്യാന്‍ തുടങ്ങി. സമീപ കൃഷിയിടങ്ങളും പാട്ടത്തിനെടുത്തു കൃഷി വിപുലമാക്കി. ഓരോ മണ്ണും അദ്ദേഹത്തിന് അനായാസം വഴങ്ങി. മണ്ണും മനുഷ്യനും ഒരേ താളത്തില്‍ ഇഴചേര്‍ന്നപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. തരിശ്ശായി കിടന്ന ഭൂമികള്‍ പച്ച പുതച്ചു. വേരറുത്തു മാറ്റപെട്ട മണ്ണില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ തഴച്ചു വളര്‍ന്നു. ഓര്‍മ്മകള്‍ നിറയെ ഈ വിധം പച്ച പുതച്ചു വിളഞ്ഞു കിടക്കുന്ന കൃഷിഭൂമിയാണ്. 

Anandan
അനന്ദന്‍ | ഫോട്ടോ: വിനോദ്‌

ചികിത്സയും കൃഷിയും

കാലത്തിനൊപ്പം അനന്ദന്റെ ജീവിതവും മാറിക്കൊണ്ടിരുന്നു. ജീവിതസഖിയായി ശാന്തയും മക്കളായി സജിലയും സജിത്തും വന്നു. കൃഷിക്കൊപ്പം തന്നെ ചെറിയ രീതിയില്‍ കച്ചവടവും ഉണ്ടായിരുന്നു. ഗ്രാമത്തിലേക്ക് ആവശ്യമായ എല്ലാം ലഭിക്കുന്ന ഒരു പലചരക്കു കട. കച്ചവടവും കൃഷിയും ഒരുപോലെ കൊണ്ടുപോയി. അപ്രതീക്ഷിത പേമാരിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായപ്പോഴും മണ്ണിനോടുള്ള ബന്ധം മുറിയാതെ സൂക്ഷിച്ചു. കൃഷിയില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതു തുടര്‍ക്കഥയായപ്പോഴും മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുത്തു വീണ്ടും തുടങ്ങുകയായിരുന്നു. 
 
സന്തോഷകരമായി ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണു കണ്ണില്‍ ഇരുട്ടു നിറയാന്‍ തുടങ്ങുന്നത്. മങ്ങിയ കാഴ്ചകള്‍ക്കു മുന്നില്‍ ആദ്യത്തെ കുറച്ചു നാള്‍ വല്ലാതെ മനസ്സു പതറി. പിന്നീട് ഇരുട്ടെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളുകയായിരുന്നു. മനസ്സിനെ പൊരുത്തപ്പെടാന്‍ സ്വയം ശീലിപ്പിച്ചു. ഇരുട്ടിനോടുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു അത്. 

എന്നാല്‍, കച്ചവടം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തവിധം കണ്ണു മങ്ങാന്‍ തുടങ്ങി. മകനെ കടയുടെ ചുമതല ഏല്‍പ്പിച്ചു കൃഷിയിലേക്ക് മടങ്ങാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. തൂമ്പയുമായി മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ ആദ്യമൊക്കെ ചെറിയ പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും അതിവേഗം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിച്ചു. മുന്നോട്ടുള്ള വഴികളില്‍ എന്താണുള്ളതെന്ന് അത്രമാത്രം മനസ്സില്‍ പതിഞ്ഞിരുന്നു. 

ചികിത്സകള്‍ പലതു നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ണിന്റെ ഞരമ്പുകള്‍ തളര്‍ന്നു പോകുന്നതാണു കാഴ്ച്ച കുറയാനുള്ള കാരണമായി ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്നാണ് ആയുര്‍വേദ ചികിത്സ തുടങ്ങിയത്. അതിലൂടെയാണു കുറച്ചെങ്കിലും ആശ്വാസം ലഭിച്ചത്. പൂര്‍ണ്ണമായും ഇരുളടഞ്ഞു പോകാതെ സംരക്ഷിക്കാന്‍ ചികിത്സയിലൂടെ സാധിച്ചിരുന്നു. എന്നാല്‍ പലപ്പോഴായി ചികിത്സ തുടരാന്‍ സാധിക്കാതെ വന്നതോടെ കണ്ണിലേക്കു വീണ്ടും ഇരുട്ടു കയറുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ഇരുട്ടാണ്. വലിയ പ്രകശം മാത്രം നിഴല്‍ പോലെ അവ്യക്തമായി കാണുന്ന അവസ്ഥ. എങ്കിലും മനസ്സില്‍ കൂട്ടിയും കുറച്ചും കൃഷിയിടത്തിന്റെ സ്പന്ദനമായി അനന്ദന്‍ മണ്ണില്‍ത്തന്നെയുണ്ട്.

Anandan
അനന്ദന്‍ | ഫോട്ടോ: വിനോദ്‌

മനസ്സാണ് മുന്നോട്ട് നയിക്കുന്നത്

അതിരാവിലെ എഴുന്നേറ്റു റേഡിയോയില്‍ വാര്‍ത്തകള്‍ കേള്‍ക്കും. ഓരോ ദിവസവും നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചു വ്യക്തമായി മനസിലാക്കും. ശേഷമാണു കൃഷിയിടത്തിലേക്കു പുറപ്പെടുക. വീട്ടില്‍നിന്നു രണ്ട് കിലോ മീറ്റര്‍ നടന്നുവേണം കൃഷിയിടത്തില്‍ എത്താന്‍. ആ യാത്രയാണ് ഇപ്പോഴത്തെ വെല്ലുവിളി. വാഹനങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ നടന്നെത്താന്‍ ബുദ്ധിമുട്ടാണ്. എത്ര കഷ്ടപെട്ടിട്ടാണെങ്കിലും അതിരാവിലെ കൃഷിയിടത്തില്‍ എത്തുക എന്നതു ജീവിതചര്യയാണ്. മരുമകന്‍ വിനോദും യാത്രക്കും കൃഷിപ്പണിക്കുമായി ഒപ്പം നില്‍ക്കാറുണ്ട്. ഓരോ വഴിയും മനസ്സില്‍ കൃത്യമാണെങ്കിലും നാടു വലുതായപ്പോള്‍ നടക്കാന്‍ സ്ഥലമില്ലാത്ത വിധം റോഡും വികസിച്ചു. അശാസ്ത്രീയമായ ഇത്തരം വികസനങ്ങള്‍ അടിമുടി ബാധിക്കുന്നുണ്ട്.  

നടന്നാണെങ്കിലും മേലേകുന്നത്തു പറമ്പിലെ ബാബുവിന്റെ ചായക്കട വരെ കൃത്യമായി എത്തും. അവിടെനിന്നു കടുപ്പത്തില്‍ ഒരു ചായ കുടിച്ച ശേഷമാണു കൃഷിയിടത്തിലേക്കു പോവുക. റോഡിനപ്പുറം കടക്കാന്‍ കടയിലെ ആരെങ്കിലും സഹായിക്കും. ബാക്കി വഴികളെല്ലാം മനസ്സിലുണ്ട്. റോഡുകടന്ന് ഇടവഴിയിലേക്ക് എത്തിയാല്‍ ചേരിക്കല്ല് പുഴയാണ്. ഓരം ചേര്‍ന്ന് അല്‍പ്പം കൂടെ മുന്നോട്ടു നടന്നാല്‍ കൃഷിയിടത്തിലെത്തും. ഓരോ തരിമണ്ണിന്റെ തുടിപ്പും കാണാപ്പാഠമാണ്. വാഴയില തൊട്ടു നോക്കി കായയുടെ മൂപ്പറിയും. സ്പര്‍ശനത്തിലൂടെ ബാക്കിയുള്ളവയുടെ വളര്‍ച്ചകൂടി മനസ്സിലാക്കും. സമീപത്തെ കൃഷിയിടങ്ങളിലെ കര്‍ഷകരും സഹായിക്കും. എങ്കിലും മൂപ്പെത്തി വിളവെടുക്കുന്നതുവരെ ഓരോ വിളകളും വളരുന്നത് അദ്ദേഹത്തിന്റെ മനസ്സില്‍ കൂടെയാണ്.    

കൊടും വേനലിലും ഉറവ വറ്റാത്ത ചേരിക്കല്ല് പുഴ പോലെയാണു കുന്നോത്തുപറമ്പുകാരുടെ അനന്ദേട്ടനും. ഏതവസ്ഥയിലും തളരാന്‍ സമ്മതിക്കാതെ മനസ്സിനെ ഉയര്‍ത്താന്‍ സാധിച്ചാല്‍ പ്രതിസന്ധികളെ അനായാസം നേരിടാമെന്നാണ് അദ്ദേഹം പറഞ്ഞുവക്കുന്നത്. ഉള്‍ക്കാഴ്ചകൊണ്ടു മണ്ണില്‍ പാകുന്ന ഓരോ വിത്തും അടയാളപ്പെടുത്തുന്നുണ്ട് ആ ധന്യജീവിതത്തെ. പടര്‍ന്നു പന്തലിക്കാന്‍ മനസ്സുണ്ടെങ്കില്‍, അതിനായുള്ള മണ്ണ് കാല്‍ച്ചുവട്ടില്‍ തന്നെ ഉണ്ടെന്ന പ്രകൃതിപാഠം കൂടെയാണ് അനന്ദന്റെ ജീവിതം.              

Content Highlights: