• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

പൊഴിയൂരിനെ കടല്‍ വിഴുങ്ങുന്നു; ഫുട്‌ബോള്‍ മാത്രമല്ല വഴിമുട്ടുന്നത്, ജീവിതവും | അതിജീവനം 46

എ.വി. മുകേഷ് | mukeshpgdi@gmail.com
അതിജീവനം
# എ.വി. മുകേഷ് | mukeshpgdi@gmail.com
Jul 11, 2020, 01:33 PM IST
A A A

വള്ളങ്ങള്‍ കയറ്റിയിട്ടിരുന്ന മണല്‍ത്തിട്ടകളില്‍ ഇപ്പോള്‍ കടല്‍ ആര്‍ത്തിരമ്പുകയാണ്. സുനാമിയും ഓഖിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇപ്പോഴും തീരവും മനുഷ്യരും പൂര്‍ണ്ണമായി അതിജീവിച്ചിട്ടില്ല.

# എ.വി. മുകേഷ് \ ഫോട്ടോ: നോബിള്‍ ജോണ്‍
Pozhiyur
X

പൊഴിയൂര്‍ ഗ്രാമത്തെ വിഴുങ്ങി തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നു.
ഫോട്ടോ: നോബിള്‍ ജോണ്‍

Kumar
കുമാര്‍

'സര്‍ക്കാരില്‍നിന്നു കിട്ടുന്ന അരി മാത്രമാണ് ഇപ്പോള്‍ പുരയില്‍ ഉള്ളത്, പഞ്ചസാരപാത്രം ഉള്‍പ്പെടെ കാലിയായിട്ട് ആഴ്ചകളായി.'. മത്സ്യതൊഴിലാളിയായ കുമാറിന് പിന്നീടൊന്നും പറയാന്‍ കഴിയാത്ത വിധം തൊണ്ട ഇടറി. ഏറെ നേരം നെഞ്ചുപൊട്ടുന്ന ദയനീയ ഭാവത്തോടെ  കടലിലേക്ക് തന്നെ നോക്കി  ഇരുന്നു. കടലപ്പോഴും കരയെ വിഴുങ്ങാനുള്ള ആവേശത്തോടെ ഇരമ്പി വരുന്നുണ്ടായിരുന്നു. കടലിന്റെ സ്വാഭാവികതയെ അത്രമേല്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുറിവേല്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമാണ് പൊഴിയൂര്‍. മത്സ്യബന്ധനമാണ് ഇവിടത്തെ പ്രധാന ഉപജീവന മാര്‍ഗം. ഇന്ത്യന്‍ ഫുട്‌ബോളിന് എട്ട് മികച്ച കളിക്കാരെ സംഭാവന ചെയ്ത ഗ്രാമം കൂടെയാണ് പൊഴിയൂര്‍. അങ്ങനെയാണ് കേരത്തിലെ സന്തോഷ് ട്രോഫി ഗ്രാമമെന്ന പെരുമ ഈ കൊച്ചുഗ്രാമത്തിന് സ്വന്തമായത്. 2018-ലെ സന്തോഷ് ട്രോഫിയില്‍  ബംഗാളിനെ തകര്‍ത്ത് മലയാളിക്ക് അഭിമാന നിമിഷം സമ്മാനിച്ച വിജയഗോള്‍ അത്ര എളുപ്പം കേരളം മറക്കില്ല. ബംഗാളിന്റെ ഗോള്‍ വല വിറപ്പിച്ച സീസന്‍ സെല്‍വന്‍ ആദ്യമായി ഭൂട്ടണിഞ്ഞത് ജനിച്ചു വളര്‍ന്ന പൊഴിയൂരിലാണ്. 

പന്ത് തട്ടി പഠിച്ച തീരങ്ങളില്‍  ഇപ്പോള്‍ കടല്‍ ആര്‍ത്തിരമ്പുകയാണ്. ഇനിയൊരു പൊഴിയൂരുകാരനും ലോകത്തെ  കാല്പത്തിലേക്ക് ആവാഹിക്കാന്‍ സാധിക്കാത്ത വിധം തീരമില്ലാത്ത ഗ്രാമമായി പൊഴിയൂര്‍ മാറിക്കഴിഞ്ഞു. ഓരോ മഴക്കാലം കഴിയുംതോറും ഗ്രാമം  ഭൂപടത്തില്‍നിന്നു പോലും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അനുദിനം കരയെ കീഴടക്കി കടല്‍ ജനജീവിതം അസാധ്യമാക്കുകയാണ്. ഈ പ്രതിഭാസം ഒരേപോലെ ഗ്രാമത്തിന്റെ ഉപജീവന മാര്‍ഗ്ഗമായ മത്സ്യബന്ധനത്തെയും ഫുട്‌ബോള്‍ സ്വപ്നങ്ങളെയുമാണ് തൂത്തെറിയുന്നത്.

വള്ളങ്ങള്‍ അടുപ്പിച്ചിരുന്ന തീരത്തിപ്പോള്‍ ഒരാള്‍ പൊക്കത്തില്‍ കടലാണ്. വൈകുന്നേരങ്ങളില്‍ ഫുട്‌ബോള്‍ ആരവങ്ങള്‍ ഉയര്‍ന്നിരുന്ന തീരങ്ങളിലും കടലിന്റെ കാതടപ്പിക്കുന്ന ഇരമ്പല്‍ മാത്രം. തമിഴ് നാട്ടില്‍ നടക്കുന്ന അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്. പൊഴിയൂരിന് തെക്കുള്ള നാല് തീരങ്ങളിലാണ് തമിഴ്‌നാട് കടലിലേക്ക് നീട്ടി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നത്. കടലിന്റെ സ്വാഭാവികതക്ക് വലിയ ഭീഷണിയാണ് ഈ നാല് പുലിമുട്ടുകളും. 

വളരെ ഗുരുതരമായ രീതിയില്‍തന്നെ കടലിന്റെ സ്വാഭാവികക്രമത്തെ ഈ നിര്‍മാണങ്ങള്‍ ഇപ്പോഴേ ബാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൂര്‍ണ്ണമായും കടലെടുത്ത പൊഴിയൂരിന്റെ തീരപ്രദേശങ്ങള്‍. കരയിലേക്ക് പാഞ്ഞടുക്കുന്ന തിരയെടുത്ത് പോകുന്നത് തൊഴിലും വിനോദവും മാത്രമല്ല, ഒരു ജനതയെ മുച്ചൂടുമാണ്. ഇനി ഒരിക്കലും മുളപൊട്ടാന്‍ സാധ്യതയായില്ലാത്ത വണ്ണം പൊഴിയൂര്‍ എന്ന ഗ്രാമത്തിന്റെ അടിവേരറുക്കപ്പെടുകയാണ്.

Pozhiyur

പുലിമുട്ട് ഉയര്‍ത്തുന്ന വെല്ലുവിളി

തുറമുഖങ്ങളെയും തീരങ്ങളെയും തിരമാലകളില്‍നിന്ന് സംരക്ഷിക്കുന്നതിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കുമായി കടലിലേക്ക് കല്ലുകളിട്ട് നിര്‍മ്മിക്കുന്നതാണ് പുലിമുട്ടുകള്‍. കപ്പലുകള്‍ക്ക് നങ്കൂരമിടാനും ഇത്തരം ശാന്തമായ സമുദ്രഭാഗം ഉപയോഗപ്പെടുത്താറുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ തിരമാലകളെ പ്രതിരോധിക്കുന്ന പ്രതിരോധച്ചിറയാണ് പുലിമുട്ടുകള്‍. എന്നാല്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇത്തരം ചിറകള്‍ മറ്റു തീരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കന്യാകുമാരി ജില്ലയിലെ തീരദേശങ്ങളായ നീരോടി, മാര്‍ത്താണ്ടന്‍തുറൈ, വള്ളവിളൈ, ചിന്നത്തുറൈ എന്നീ പ്രദേശങ്ങളിലാണ് തമിഴ്‌നാട് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നത്. തല്‍ഫലമായാണ് സമീപഗ്രാമങ്ങളായ പൊഴിയൂരിലും പരിസര പ്രദേശങ്ങളിലും കടലേറ്റം ഉണ്ടാകുന്നത്. ഗുരുതരമായ അവസ്ഥയിലേക്കാണ് ഓരോ ദിവസം കൂടുംതോറും കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. വ്യാപകമായി പൊഴിയൂരിന്റെ തീരത്തേക്ക് കടല്‍ കയറിയ അവസ്ഥയിലാണിപ്പോള്‍. കോളനി ഭാഗം മുതല്‍ പൊഴിക്കരവരെയുള്ള തീരപ്രദേശം ഏറെക്കുറെ പൂര്‍ണ്ണമായും കടല്‍ കയ്യടക്കി കഴിഞ്ഞിട്ടുണ്ട്.

വള്ളങ്ങള്‍ കയറ്റിയിട്ടിരുന്ന മണല്‍ത്തിട്ടകളില്‍ ഇപ്പോള്‍ കടല്‍ ആര്‍ത്തിരമ്പുകയാണ്. സുനാമിയും ഓഖിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇപ്പോഴും തീരവും മനുഷ്യരും പൂര്‍ണ്ണമായി അതിജീവിച്ചിട്ടില്ല. വീണ്ടും ജീവിതം സ്വപ്നം കണ്ടു തുടങ്ങുന്ന മനുഷ്യര്‍ക്കിടയിലേക്കാണ് ഇരുട്ടടി പോലെ കടല്‍ അധിനിവേശം നടത്തുന്നത്. പലപ്പോഴായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കടല്‍ ഉണ്ടാക്കിയത്.

പ്രാദേശികമായി തമിഴ്‌നാട് സര്‍ക്കാരുമായി പുലിമുട്ട് നിര്‍മ്മാണം നിര്‍ത്തിവക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. പൊഴിയൂരിനോട് ചേര്‍ന്ന് കിടക്കുന്ന മാര്‍ത്താണ്ടന്‍തുറൈ അടക്കമുള്ള മിക്കവാറും സ്ഥലങ്ങളില്‍ ഇതിനകംതന്നെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

കടലിന്റെ സ്വാഭാവികമായ ഒഴുക്കിനെ കീഴ്‌മേല്‍ മറിക്കുന്ന പ്രവൃത്തിയാണ് ബ്രേക്ക് വാട്ടര്‍ ടെക്‌നോളജിയായ പുലിമുട്ട് നിര്‍മ്മാണം. ഇത്തരത്തില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ തെക്കു ഭാഗത്ത് കര രൂപപ്പെടുകയും വടക്ക് ഭാഗം വലിയ രീതിയില്‍ കടല്‍ കയറുകയും ചെയ്യുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. 

പെരുമാതുറ മുതലപ്പൊഴിയുടെയും വിഴിഞ്ഞത്തിന്റെയും ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ക്കത് അടിവരയിട്ട് ഉറപ്പിക്കാനും സാധിക്കുന്നുണ്ട്. വിഴിഞ്ഞത്തു നിര്‍മ്മിച്ച പുലിമുട്ട് കാരണമാണ് വടക്ക് ഭാഗത്തുള്ള പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള കടലോരപ്രദേശങ്ങള്‍ മുഴുവനായി കടലെടുത്ത് പോയത്. പെരുമാതുറ മുതലപ്പൊഴി പൂര്‍ണ്ണമായും കടലിലേക്ക് തുറന്ന് പുലിമുട്ട് നിര്‍മ്മിച്ചതുകൊണ്ടാണ് അഞ്ചുതെങ്ങ് പ്രദേശം കടലെടുത്തു പോയത്.

ഇങ്ങനെ ഒട്ടേറെ വസ്തുതകള്‍ നിരത്തി പൊഴിയൂരുകാര്‍ക്ക് തങ്ങള്‍ക്ക് വന്ന ദുരന്തത്തെ വ്യക്തമായി പറയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദം ഇപ്പോഴും അധികാര ഇടനാഴികളില്‍ എത്തിയിട്ടില്ല. കടല്‍ ഉപജീവനമാര്‍ഗ്ഗമായ ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് മുകളിലേക്കാണ് യഥാര്‍ത്ഥത്തില്‍ തിരയടിച്ചു കയറുന്നത്. ഇനി വരുന്ന ഓരോ മഴയും എത്രത്തോളം ഗുരുതരമായാണ് ബാധിക്കുകയെന്നത് പ്രവചനാതീതം.

Pozhiyur

കര ഉണ്ടാക്കി എടുക്കണം

പുലിമുട്ട് നിര്‍മ്മിക്കുമ്പോള്‍ പരിസര പ്രദേശങ്ങളില്‍ ചെയ്യേണ്ട മുന്‍കരുതലിനെ കുറിച്ചും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
പുലിമുട്ട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഒരു ഭാഗത്ത് വന്നടിയുന്ന മണല്‍ തീരശോഷണം സംഭവിച്ച മറുഭാഗത്ത് നിക്ഷേപിക്കുന്ന രീതിയാണത്. സാന്‍ഡ് ബൈപ്പാസിങ് എന്നാണ് അതിനെ പറയുന്നത്. പുലിമുട്ട് നിര്‍മ്മാണത്തിലൂടെ ഒരു വശത്ത് രൂപപ്പെടുന്ന മണല്‍ അതുപോലെ എടുത്ത് തീരം നഷ്ടപ്പെട്ട സ്ഥലത്ത് നിക്ഷേപിക്കുന്നതിലൂടെ കടല്‍ കയറുന്നത് കുറക്കാനാകും. എന്നാല്‍ ഇന്നുവരെ കേരളത്തിന്റെ ഒരു കരയിലും സാന്‍ഡ് ബൈപാസ്സിങ് പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

Pozhiyur

പൊഴിയൂരും ഫുട്‌ബോളും

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച എട്ടോളം താരങ്ങള്‍ക്കാണ് പൊഴിയൂര്‍ ജന്മം നല്‍കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കായി ഇവര്‍ എട്ടു പേരും സന്തോഷ് ട്രോഫിക്ക് വേണ്ടി ഭൂട്ടണിഞ്ഞിട്ടുണ്ട്. 2008-ല്‍ കേരളം ശ്വാസമടക്കി പിടിച്ച് കണ്ട സന്തോഷ് ട്രോഫിയില്‍, വിജയ ഗോള്‍ പറത്തിയ സീസന്‍ സെല്‍വന്‍ പൊഴിയൂരിന്റെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നാണ് വരുന്നത്. ബംഗാളിനെതിരെ കേരളത്തെ നയിച്ചതുംസീസന്‍  ആയിരുന്നു. കടല്‍കാറ്റേറ്റ് മനസ്സും തീരത്തെ മണ്ണില്‍ താഴ്ന്നു പോകാതെ പറക്കാന്‍ പഠിച്ച കാലുകളുമാണ് അന്ന് ആ വിജയഗോളിന് വഴിയൊരുക്കിയത്. തിരിച്ചെടുക്കാന്‍ ആകാത്ത വിധം ആ മണ്ണില്‍ ഇന്ന് കടലാണ്.

1954 മുതല്‍ തീരത്ത് ഫുട്‌ബോള്‍ ഉണ്ട്. പിന്നീടത് കാലങ്ങള്‍ക്ക് അനുസരിച്ച് ലോകത്തോടൊപ്പം പരിഷ്‌ക്കരിക്കപെട്ടിട്ടുമുണ്ട്. എന്നാല്‍ ജനതയുടെ ജീവിതപരിസരം മാത്രം മാറ്റമില്ലാതെ തുടരുകയായിരുന്നു. സീസന്‍ സെല്‍വനെ കൂടാതെ ലിജോയ് അടക്കമുള്ള മറ്റു താരങ്ങളും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. ഉറച്ച മനസ്സും ശരീരവുമായി പ്രതികൂല സാഹചര്യത്തില്‍ കളിച്ചു വളര്‍ന്നത് കൊണ്ടാണ് അവര്‍ക്ക് മറ്റെല്ലാം ഏറെക്കുറേ അനായസമാകുന്നത്. എന്നാല്‍, പുതിയൊരു താരത്തിനും അവസരം കൊടുക്കില്ലെന്ന പ്രതികാരബുദ്ധിയോടെ കടല്‍ ജീവിതങ്ങളിലേക്ക് ഇരച്ചു കയറുകയാണ്.

കടല്‍ മണക്കുന്ന മനുഷ്യര്‍

Picha
അന്തോണിയര്‍പ്പിച്ച

മത്സ്യത്തൊഴിലാളിയായ അന്തോണിയര്‍പ്പിച്ച ഉറങ്ങിയിട്ട് കാലങ്ങളായി. കടല്‍തീരത്തിനും മീറ്ററുകള്‍ അകലെയായിരുന്ന വീട് കലി തുള്ളി വന്ന കടലെടുത്തത്ത് നിമിഷങ്ങള്‍ കൊണ്ടാണ്. അന്തോണിയര്‍പ്പിച്ചക്ക് കടല്‍ കൂടപ്പിറപ്പാണ്. അന്നം തന്ന് ഊട്ടുന്നതും തണുത്ത കാറ്റു വീശി  ഉറക്കുന്നതും എല്ലാം കടല്‍ തന്നെയാണ്. ഓരോ തിരയിരമ്പലിന്റെ താളവും മിടിപ്പും അദ്ദേഹത്തിന് മനഃപാഠമായിരുന്നു.

കടല്‍ കയ്യേറി നിര്‍മ്മാണം തുടങ്ങിയതോടെയാണ് കടലിന്റെ സ്വഭാവം  മാറിയതെന്നാണ് അന്തോണിയര്‍പ്പിച്ച അനുഭവത്തിന്റെ ആഴം കൊണ്ട് പറയുന്നത്. ഇപ്പോള്‍ കടലിന്റെ മനസ്സ് അദ്ദേഹത്തിന് അന്യമാണ്. പക്ഷെ ഒന്നറിയാം, ജലത്തിന് മുറിവേറ്റിരിക്കുന്നു. അത് ഏത് നിമിഷവും കരയെ വിഴുങ്ങാനായി വരികതന്നെ ചെയ്യും.

കണ്‍മുന്നില്‍നിന്നാണ് താന്‍ ജനിച്ചു വളര്‍ന്ന വീട് അദ്ദേഹത്തിന് നഷ്ടമായത്. ആകാശംമുട്ടെ ആര്‍ത്തലച്ചു വന്ന തിരയെ തടുക്കാന്‍ മനുഷ്യന്‍ നിസഹായനായിരുന്നു. പിന്നീട് അക്കാലമത്രയും സ്വരൂപിച്ചു കൂട്ടിയത് എല്ലാമെടുത്ത് മറ്റൊരു വീടുകൂടി  ഉണ്ടാക്കി. കടലില്‍നിന്നു കുറേക്കൂടി അകലത്താണ് വീട് ഉണ്ടാക്കിയതെങ്കിലും കടല്‍ വീണ്ടും അടുത്തെത്തിയിട്ടുണ്ട്. 

ആ വീടും ഏതുനിമിഷവും വിഴുങ്ങാന്‍ പാകത്തിന് കടല്‍ തൊട്ടടുത്ത് ഇരമ്പി അലറുകയാണിപ്പോള്‍. ഉറക്കമില്ലാത്ത രാത്രികളാണ് അദ്ദേഹത്തിനും സമീപവാസികളായ കുടുംബങ്ങള്‍ക്കും. കണ്ണടച്ചാല്‍ കടല്‍ ഇരമ്പി വരുന്നത് പോലെ തോന്നും. പിന്നീട് ഉറങ്ങാന്‍ സാധിക്കില്ല. എണ്ണിയാലൊടുങ്ങാത്ത രാത്രികളാണ് വീടിന് പുറത്തെ മണല്‍ത്തിട്ടയില്‍ കിടന്ന് നേരം വെളുപ്പിച്ചത്.

ഒരു ജനതയുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളില്‍ തീകോരിയിട്ടിട്ട് നടത്തുന്ന പ്രവൃത്തികളെ വികസനം എന്ന ഒറ്റവാക്കില്‍ ചുരുക്കാന്‍ പ്രയാസമാണ്. വികലമായതൊക്കെയും ഭരണകൂടത്തിന് മാത്രമാണ് വികസനം. ജനതക്ക് അത് മറ്റൊന്നാണ്. പ്രകൃതിയുടെ സ്വാഭാവികതയെ തകര്‍ക്കുന്ന അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ നടത്താതിരിക്കുക എന്നതുതന്നെയാണ് ഏക പ്രതിവിധി. 

കടലിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നത് ഇനിയും ഭരണകൂടങ്ങള്‍ പഠിക്കാത്ത പാഠമാണ്. അതുകൊണ്ടാണ് വലിയ ദുരന്തങ്ങള്‍ പലത് നടന്നിട്ടും അവര്‍ക്ക് കടല്‍ ഇന്നും അന്യമാകുന്നത്. പരമ്പരാഗത  മത്സ്യത്തൊഴിലാളികളുടെ  ഉപജീവനമാര്‍ഗ്ഗം കൂടെയാണ് കേരളത്തിന്റെ പല കരകളിലും എന്നേക്കുമായി ഇല്ലാതാകുന്നത്. അവരുടെ കടല്‍ മണക്കുന്ന ജീവിതത്തിന് ഭരണകൂടവും ഉത്തരവാദികളാണ്. ആ ജനത അഭയാര്‍ത്ഥികള്‍ ആകുന്നതിന് മുമ്പെങ്കിലും ഭരണകൂടത്തിന്റെ കണ്ണ് തുറക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക്‌ പണമുണ്ടാക്കാന്‍ മാത്രമായി കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ ചുരുങ്ങി ദുരന്തം വിതക്കും.

Content Highlights: Sea erosion killing Pozhiyur village, famous for Football | Athijeevanam 46

PRINT
EMAIL
COMMENT

 

Related Articles

ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Social |
Social |
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Social |
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Social |
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
 
  • Tags :
    • Athijeevanam
More from this section
Bindu
ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Arunukhan
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Bindu
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Delhi Chalo
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
Ananadan
കണ്ണിലെ ഇരുട്ടിനു മുന്നില്‍ മണ്ണില്‍ നൂറു മേനി കൊയ്ത് അനന്ദന്‍ | അതിജീവനം 61
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.