തിശൈത്യത്തില്‍ നിന്നും രാജ്യതലസ്ഥാനം സ്വാഭാവിക കാലാവസ്ഥയിലേക്ക് പതിയെ വന്നുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കടുമ സെഷന്‍ കോടതിക്ക് മുന്നില്‍ വണ്ടി ഇറങ്ങുമ്പോള്‍ സമയം മൂന്നുമണിയോട് അടുത്തിരുന്നു. എന്തുകൊണ്ടോ വലിയ ആള്‍ത്തിരക്കായിരുന്നു കോടതി വളപ്പിനുള്ളില്‍. ന്യായവും അന്യായവും നിയമപുസ്തകങ്ങളില്‍ പഴുതുകള്‍ തിരയുമ്പോള്‍, ജീവിതപുസ്‌കത്തിന്റെ മറ്റൊരു അധ്യായം കോടതിക്ക് പുറത്ത് നടവഴിയിലുണ്ട്. അത് തിരഞ്ഞുള്ള യാത്രയാണ് നീതിന്യായങ്ങളുടെ മതിലിന് പുറത്തെ റോഡരികില്‍ എത്തിച്ചത്. നീല ബനിയന്‍ ധരിച്ച ചെറുപ്പക്കാരനായ ഒരാള്‍ മുന്നില്‍ ഇരിക്കുന്ന കുട്ടികളെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിക്കുകയാണ്. വണ്ടികളുടെ പരക്കം പാച്ചിലിന്റെ വലിയ ശബ്ദം പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളെ കീറി മുറിക്കുന്നുണ്ട്. എങ്കിലും ക്ഷമയോടെ വീണ്ടും ആവര്‍ത്തിച്ച് അക്ഷരങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് അദ്ദേഹം.  

പറഞ്ഞു വരുന്നത് ഡിജിറ്റല്‍ ഇന്ത്യയിലെ, തെരുവുബാല്യങ്ങളുടെ അതിജീവനത്തിന്റെ കഥയാണ്. വിദ്യാഭ്യാസം സൗജന്യമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന രാജ്യതലസ്ഥാനത്തിലെ കുട്ടികളുടെ അവസ്ഥയെ കുറിച്ചാണ്. വിദ്യാലയം ഇനിയും സാധ്യമല്ലാത്ത അനേകായിരം ബാല്യങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ അസ്തമിച്ചു പോകുന്നുണ്ട്. പട്ടിണിയുടെ ചേരികളില്‍ മതവും രാഷ്ട്രീയവും എത്തിക്കാന്‍ സംഘടനകള്‍ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ എത്തിക്കാന്‍ അവരാരും തന്നെ തയ്യാറാകാറില്ല. അതുതന്നെയാണ് വളര്‍ന്നുവരുന്ന ഒരു തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും.

എന്നാല്‍ അത്തരം ബാല്യങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് ഡല്‍ഹിയിലെ രജിത് ജോണ്‍ എന്ന ചെറുപ്പക്കാരന്‍. നാല്‍പ്പതോളം തെരുവ് ബാല്യങ്ങള്‍ക്കാണ് രജിത് അക്ഷരങ്ങള്‍ പകര്‍ന്നുകൊടുക്കുന്നത്. മേല്‍ക്കൂരയായി ആകാശം. നിറം മങ്ങി അവിടവിടങ്ങളിലായി കീറിയ ടാര്‍പ്പോളിന്‍ പായ ഇരിപ്പിടം. കോടതി മതിലിനോട് ചാരിവച്ച കറുത്ത ബോര്‍ഡില്‍ രജിത്ത് എഴുതുന്ന അക്ഷരങ്ങളിലൂടെയാണ്  മുന്നിലിരിക്കുന്ന ബാല്യങ്ങള്‍ പുതിയ ലോകം  സ്വപ്‌നം കാണുന്നത്. മിക്കവരും വരുന്നത് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത കൂരകളില്‍ നിന്നാണ്. എങ്കിലും പതിവ് തെറ്റാതെ ആകാശ മേല്‍ക്കൂരയ്ക്ക് താഴെയിരുന്ന്  അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വിശപ്പ് മറക്കാറുണ്ട്. ഉച്ചക്ക് ഒന്നര മുതല്‍ നാലുവരെയുള്ള സമയങ്ങളില്‍ അവര്‍ രജിത്തിനൊപ്പം ആ തെരുവോരത്ത് തന്നെയുണ്ടാകും. ജീവിതം തെരുവില്‍ നിന്ന് വലിച്ചുകയറ്റണമെങ്കില്‍ പഠിക്കുക മാത്രമാണ് ഏക മാര്‍ഗ്ഗമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.

rajith john

വിശപ്പിന്റെ പാഠങ്ങള്‍

ഉത്തര്‍ പ്രദേശിലെ തിലപ്ത എന്ന ഗ്രാമത്തില്‍ നിന്നാണ് രജിത് ജോണ്‍ തലസ്ഥാന നഗരിയിലേക്ക് അതിജീവനത്തിനായി എത്തിപ്പെടുന്നത്. ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നാലുമക്കളില്‍ മുതിര്‍ന്നവനായിരുന്നു രജിത്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ അച്ഛനെ സഹായിക്കേണ്ട ഉത്തരവാദിത്തം കൂടെ വന്നുചേര്‍ന്നു. എട്ടാം ക്ലാസ് മുതല്‍ പാടത്തും മറ്റ് തൊഴിലിടങ്ങളിലും അച്ഛനൊപ്പം അന്നത്തിനായി വിയര്‍പ്പൊഴുക്കി. കൃഷിയുടെ പുതിയ പാഠങ്ങള്‍ വിശപ്പടക്കി എങ്കിലും മനസ്സില്‍ നിറയെ വിദ്യാലയമായിരുന്നു. തനിക്ക് നഷ്ടപ്പെടുന്ന അക്ഷരങ്ങളുടെ ഓര്‍മ്മ പാടത്തെ ചൂടിനെക്കാള്‍  പൊള്ളലേല്‍പ്പിച്ചു.

അങ്ങനെയാണ് പഠനം വീണ്ടും തുടരാന്‍ തീരുമാനിക്കുന്നത്. ഗ്രാമത്തില്‍ ഭൂരിഭാഗം ആളുകളും പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ്. അതു കൊണ്ട് തന്നെ പലര്‍ക്കും ഗ്രാമത്തിനപ്പുറത്തെ ലോകത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ല. നന്നായി കൃഷിചെയ്യുക, വിളകള്‍ ഉല്‍പാദിപ്പിക്കുക എന്നതിന് മാത്രമാണ് പ്രാധാന്യം. അതേ ജീവിതരീതി തന്നെയാണ് വളര്‍ന്നു വരുന്ന തലമുറയെയും പഠിപ്പിക്കുന്നത്. സമയം കളയാനുള്ള ഒരു സ്ഥലം മാത്രമാണ് വിദ്യാലയം എന്ന ധാരണയാണ് പലര്‍ക്കും. അതുകൊണ്ടാണ്  ഇപ്പോഴും ഗോതമ്പ് പാടങ്ങളിലെ കൊടുംവെയിലില്‍ കാലുറയ്ക്കാത്ത ബാല്യങ്ങള്‍ വീണ് പൊലിയുന്നത്.

പത്തംക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ പ്രതികൂല സാഹചര്യത്തിലും രാജിത്തിന് സാധിച്ചിരുന്നു. അങ്ങനെയാണ് മകന്റെ ഉള്ളിലെ പഠിക്കാനുള്ള ആഗ്രഹം എത്രമാത്രം ശക്തമാണെന്ന് അച്ഛന് ബോധ്യമാകുന്നത്. പിന്നീട് ഒരിക്കലും പഠനം നിര്‍ത്തി ജോലിക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിട്ടില്ലത്രെ. സ്വന്തം വഴിക്ക് പഠിക്കാന്‍ വിടുകയായിരുന്നു. പഠനത്തോടൊപ്പം ചെയ്യാന്‍ സാധിക്കുന്ന ജോലി തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഓഫീസുകളില്‍ തൂപ്പുജോലികള്‍ കരാര്‍ എടുത്ത് ചെയ്യുന്ന രാം ഭയ്യയയാണ് വഴി തുറന്ന് കൊടുത്തത്. അതിരാവിലെ മുതല്‍ ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിടത്തിലെ ഓഫീസുകള്‍ വൃത്തിയാക്കണം. തന്റെ സ്വപ്നങ്ങള്‍ക്ക് അതിലേറെ ഉയരമുള്ളതിനാല്‍ രജിത്തിന് അതൊരു ഭാരിച്ച ജോലിയായി തോന്നിയതേ ഇല്ല. അങ്ങനെ തുടര്‍ച്ചയായ രണ്ടുവര്‍ഷം രാപ്പകലില്ലാതെ പഠിക്കാനായി അദ്ധ്വാനിച്ചു.

നല്ല ഒഴുക്കോട് കൂടി രജിത് അതിനോടകം തന്നെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും തുടങ്ങിയിരുന്നു. എന്നാല്‍ വീട്ടിലെ സാമ്പത്തികാവസ്ഥ അനുദിനം മോശമായി മാറുകയായിരുന്നു. സ്ഥിരവരുമാനമുള്ള ജോലി അനിവാര്യമായി വന്നതോടെ പഠനം വീണ്ടും നിര്‍ത്തേണ്ടി വന്നു. പിന്നീടങ്ങോട്ട് സ്വന്തമായ വഴിയിലൂടെയുള്ള വായനകളും പഠനങ്ങളുമായിരുന്നു. പ്രാരാബ്ധങ്ങളുടെ മരണച്ചുഴിയില്‍ നില്‍ക്കുമ്പോഴും വായനക്കായി ഒരു സമയം കണ്ടെത്തിയിരുന്നു. ബി.എ., എം.എ. എന്നിവ സിലബസ് സമയം ക്രമീകരിച്ച് പഠിച്ചു. എല്ലാ കഷ്ടപ്പാടിനും പുറകില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. തന്നെപ്പോലെ മറ്റാര്‍ക്കും പണമില്ലാത്തത്തിന്റെ പേരില്‍ വിദ്യ നഷ്ടമാകരുത്.

rajith john

തെരുവിന്റെ അക്ഷരവെളിച്ചം

പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിക്കെങ്കിലും അക്ഷരങ്ങള്‍ പകര്‍ന്ന് കൊടുക്കണം എന്ന ചിന്ത ഏറെ നാളായി മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ എവിടെ തുടങ്ങണം എന്നും എന്ത് ചെയ്യണം എന്നും അറിയില്ലായിരുന്നു. ഒരു ദിവസം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകും വഴിയാണ് തന്റെ ജീവിതലക്ഷ്യം എന്താകണമെന്ന് രജിത് തിരിച്ചറിയുന്നത്. ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുന്ന സമയത്ത് പേന വില്‍ക്കാന്‍ വന്ന പത്തുവയസ്സുകാരി രശ്മി എന്ന പെണ്‍കുട്ടിയാണ് ജീവിതത്തിലെ വഴിത്തിരിവായത്. 'ദയവു ചെയ്ത് ഈ പേന വാങ്ങിക്കണം. അസുഖമായി കിടക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങി കൊടുക്കാനാണ്' എന്ന്  പറഞ്ഞായിരുന്നു രശ്മി വന്നത്. അവളുടെ മുഖത്തെ നിസ്സഹായത തന്റെ ചെറുപ്പകാലത്തേക്ക് കൊള്ളിയാന്‍ പോലെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഒന്നും നോക്കാതെ അവിടെ ഇറങ്ങുകയായിരുന്നു. രശ്മിയെയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് തിരിച്ചു. ഏറെ നേരത്തെ നടത്തത്തിന് ശേഷം നഗരത്തിരക്കുകള്‍ പിന്നിട്ട് റെയില്‍വെ പുറമ്പോക്കില്‍ എത്തി. അവിടെ കണ്ട കാഴ്ച ഇന്നും അദ്ദേഹത്തിന്റെ കണ്ണില്‍ നനവ് പടര്‍ത്തുന്നുണ്ട്.

നഗരത്തിലെ പരിഷ്‌കൃത മനുഷ്യരുടെ സകലമാലിന്യങ്ങളും വന്നടിയുന്ന ഒരിടമായിരുന്നു അത്. അവിടെ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയ ടെന്റുകള്‍. അതിലൊന്നിലേക്ക് ചെളിപിടിച്ച ഫ്‌ളക്‌സിന്റെ മറ നീക്കി അവള്‍ രജിത്തിനെ അകത്തേക്ക് കയറ്റി. വേദന കടിച്ചമര്‍ത്തിക്കൊണ്ട് മുരളുന്ന സ്ത്രീരൂപത്തെയാണ് അരണ്ട വെളിച്ചത്തില്‍ രജിത്തവിടെ കണ്ടത്. കാന്‍സര്‍ ബാധിച്ച് നരകിക്കുന്ന അവരെ കണ്ടപ്പോള്‍,  മരണത്തിന് പോലും ദയയില്ലെന്ന് തോന്നിയെന്നാണ് രജിത് പറഞ്ഞത്. തന്റെ കയ്യിലുള്ളതെല്ലാം രജിത് രശ്മിക്ക് കൊടുത്തു. കൂടുതല്‍ അവളോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത്, പല പ്രായത്തിലുള്ള നൂറോളം കുട്ടികള്‍ അവിടെയുണ്ടെന്നും അവര്‍ക്കൊന്നും അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ പോലും അറിയില്ല എന്നും. പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് കണ്ണ് നിറഞ്ഞ് തല താഴ്ത്തുകയല്ലാതെ അവള്‍ക്കൊന്നും പറയാനില്ലായിരുന്നു.

ഞാന്‍ ഉണ്ടാകും എന്ന് മാത്രം പറഞ്ഞ്, മരിച്ചു  ജീവിക്കുന്ന മനുഷ്യരുടെ ശവപ്പറമ്പില്‍ നിന്നും രജിത് തിരിച്ചു നടക്കുകയായിരുന്നു. അടുത്ത ദിവസം വൈകിയിട്ടോടെ അദ്ദേഹം അവിടെ എത്തി. കയ്യില്‍ ഒരുകെട്ട് നോട്ടുപുസ്‌കകങ്ങളും അമ്പതോളം പെന്‍സിലും ഉണ്ടായിരുന്നു. ഏതാനും തെരുവുകുട്ടികള്‍ക്ക് കുറച്ച് അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്ത് പോകാനല്ലായിരുന്നു രജിത്തവിടെ എത്തിയത്. അക്ഷരത്തിനൊപ്പം ജീവിക്കാനുള്ള പ്രതീക്ഷ കൊടുക്കാന്‍ കൂടിയായിരുന്നു. ജോലികഴിഞ്ഞ് സ്ഥിരമായി അവിടെയെത്തി ക്ലാസ് എടുക്കുന്നത് പതിവായി. രജിത്തിലൂടെ പലരും പിന്നീട് അവര്‍ക്കാശ്വാസവുമായി എത്തി. അത് വലിയ തോതില്‍ ഫലം കണ്ടു. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന പല കുട്ടികളും ഇന്ന് വിദ്യാലയങ്ങളിലെ സ്റ്റാറാണ്.

rajith john

മാറേണ്ടത് സമീപനമാണ് 

വിവാഹത്തിന് ശേഷം ഡല്‍ഹി ആനന്ദ് വിഹാറിലെ ഒറ്റമുറി വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. 2017 മുതലാണ് കര്‍ക്കടുമ കോടതിക്ക് പുറത്തുള്ള ഇന്നത്തെ പാഠശാല ആരംഭിക്കുന്നത്. ഭാര്യ ജ്യോതിയും മകന്‍ ജെയിംസും നിഴല്‍ പോലെ കൂടെയുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ സമീപത്തെ ഫ്‌ളാറ്റുകളില്‍ പോയി ട്യൂഷനെടുത്താണ് അരിക്കുള്ള വക കണ്ടെത്തുന്നത്. ഉച്ചമുതല്‍ വൈകിട്ട് വരെയാണ് ആകാശത്തിന് താഴെയുള്ള ഈ വിദ്യാലയം സജീവമാവുക. സമീപത്തെ ചേരികളില്‍ നിന്നും കണ്ടെത്തിയ ആറുകുട്ടികളുമായിട്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പല സമയങ്ങളിലയി നാല്‍പ്പതോളം കുട്ടികള്‍ അവിടെ എത്തുന്നുണ്ട്.

rajith john

തെരുവില്‍ ഒറ്റപ്പെട്ടുപോയവര്‍ മാത്രമല്ല അവിടെ എത്തുന്ന എല്ലാ കുട്ടികളും. എന്നാല്‍ സമാനമായ സാഹചര്യങ്ങള്‍ കാരണം പഠനം നിഷേധിക്കപ്പെട്ടവര്‍ തന്നെയാണ്. അവര്‍ക്കും നാടിനും രജിത് ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ഇന്ന് രജിത് ഭയ്യയാണ്. നടപ്പാതയില്‍ കടല വില്‍ക്കുന്ന അച്ഛനും അമ്മയ്ക്കും തന്റെ സംശയങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാലാണ് കീര്‍ത്തി, രജിത് ഭയ്യയുടെ അടുത്തെത്തിയത്. കണക്കിലെ സംശയങ്ങള്‍ രജിത് ഭയ്യ പറഞ്ഞു തരുമ്പോള്‍ മാത്രമെ തലയില്‍ കയറാറുള്ളു എന്നാണ് ഒമ്പതാം ക്ലാസ്സുകാരനായ ലക്കിക്ക് പറയാനുള്ളത്. നദാലും സുഹൃത്തുക്കളും വരുന്നത് സമീപത്തെ ചേരിയില്‍ നിന്നാണ്. മനുഷ്യന്‍ എന്ന മിനിമം പരിഗണന അവര്‍ക്ക് ലഭിക്കുന്നത് ആകാശ മേല്‍ക്കൂരക്ക് കീഴില്‍ എത്തുമ്പോഴാണത്രെ. ഇത്തരത്തില്‍ ഓരോ കാരണങ്ങളാണ് അവിടെയെത്തുന്ന ഓരോ കുട്ടികള്‍ക്കും പറയാനുള്ളത്.

കൂടിച്ചേരലിന് ഇങ്ങനെയൊരു തണലോരവും രജിത്തും ഇല്ലെങ്കില്‍, പലരും ട്രാഫിക്ക് ബ്ലോക്കുകളില്‍ കൈനീട്ടി ഇരക്കുന്ന ദൈന്യതയുടെ രൂപങ്ങള്‍ മാത്രമായി ഒടുങ്ങുമായിരുന്നു. അത്തരം കാഴ്ചകള്‍ ദിവസേന നമ്മള്‍ കാണാറുണ്ടെങ്കിലും ഒരിക്കല്‍ പോലും അതൊന്നും ഭൂരിപക്ഷം പേരെ അലോസരപ്പെടുത്താറില്ല. അതുകൊണ്ട് തന്നെ എണ്ണമറ്റ കുരുന്നുകളാണ് അനുദിനം തെരുവുകളില്‍ ഒറ്റപ്പെടുന്നത്. മാറേണ്ടത്  സമൂഹത്തിന്റെ ആകെ സമീപനം തന്നെയാണ്. രജിത് ജോണ്‍ എന്ന ചെറുപ്പക്കാരന്റെ മതിലികളില്ലാത്ത തുറന്ന പാഠശാലപോലെ മനുഷ്യന്റെ മനസ്സും തുറന്നിടേണ്ടതുണ്ട്. 

content highlights: Rajith John man who teaches poor children of delhi