"അന്നും പതിവുപോലെ ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുകയായിരുന്നു. വഴിയില്‍ സ്ഥിരമായി പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്യുന്ന ആളെ അന്ന് കണ്ടതേയില്ല. ആ സമാധനത്തില്‍ സഹോദരന്റെ കൂടെ കഥകളൊക്കെ പറഞ്ഞാണ് പോയിരുന്നത്. പെട്ടെന്നാണ് അതിവേഗം വന്ന ഒരു ബൈക്ക് ഞങ്ങളുടെ മുന്നില്‍ നിര്‍ത്തിയത്. ആരെയാണോ കാണരുത് എന്ന് ആഗ്രഹിച്ചത് അയാളായിരുന്നു ആ ബൈക്കില്‍. പൊതുവെ അവശനായി തോന്നിയ അയാളുടെ കൈയില്‍ ഒരു ബിയര്‍ കുപ്പിയും ഉണ്ടായിരുന്നു.

"പൊടുന്നനെ തന്നെ എന്റെ കയ്യില്‍ കയറി പിടിച്ച് അയാള്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. അതിനും കുറച്ചു ദിവസം മുന്‍പ് വീട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇനി ശല്യം ചെയ്യില്ല എന്നൊക്കെ പറഞ്ഞു പോയതായിരുന്നു. കുറച്ചു ദിവസം അയാളുടെ ശല്യം ഇല്ലാതിരുന്നപ്പോള്‍ രക്ഷപെട്ടു എന്നും കരുതി. വീണ്ടും വന്ന് ഇഷ്ടമാണെന്ന് പറഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അയാളുടെ പെരുമാറ്റം. കൈവിടാന്‍ പറഞ്ഞ് ബഹളം വച്ചെങ്കിലും കേട്ടഭാവം നടിക്കാതെ കൂടെ ചെല്ലാന്‍ പറയുകയായിരുന്നു.

"എന്ത് സംഭവിച്ചാലും കൂടെ വരില്ലെന്നും ഇഷ്ടമല്ലെന്നും വീണ്ടും തറപ്പിച്ചു പറഞ്ഞു. എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാവണം  ബലമായി പിടിച്ച അയാള്‍ കൈ പെട്ടെന്ന് പിന്‍വലിച്ചു. തിരികെപോകാന്‍ ഭാവിച്ച അയാള്‍ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു വന്നു. എനിക്ക് വേണ്ടെങ്കില്‍ ആര്‍ക്കും വേണ്ട എന്നു പറഞ്ഞ് കയ്യില്‍ കരുതിയ ബിയര്‍ കുപ്പിയുടെ അടപ്പ് തുറന്ന് എന്റെ ദേഹത്തേക്ക് ഒഴിച്ചു.

"ചൂടുള്ള എന്തോ വെള്ളമാണ് ഒഴിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. അതുപോലെ ഒരു അവസ്ഥയായിരുന്നു അപ്പോള്‍. ഉടന്‍ തന്നെ അയാള്‍ സുഹൃത്തിന്റെ കൂടെ ബൈക്കില്‍ കയറി രക്ഷപെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ വെള്ളം വീണ ഭാഗത്ത് കൈകൊണ്ട് തൊട്ടുനോക്കിയപ്പോള്‍ കൈയ്യില്‍ നിറയെ ചോരയായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. പൊടുന്നനെയായിരുന്നു തല പിളര്‍ക്കുന്ന വേദന അനുഭവപ്പെട്ടത്. കൂടെ ശരീരം കരിയുന്ന ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. അവന്‍ ഒഴിച്ചത് ആസിഡാണെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. 

"ആ വേദന എങ്ങനെയാണ് പറയുക എന്ന് ഇപ്പോഴും എനിക്കറിയില്ല. നിന്നു കത്തുകയായിരുന്നു ഞാനപ്പോള്‍. എന്ത് ചെയ്യണമെന്നറിയാതെ കണ്ടു നിന്നവര്‍ പലരും നിസ്സഹായരായി തളര്‍ന്നിരിക്കുകയായിരുന്നു. അപ്പോഴേക്കും ആരൊക്കെയോ ഓടി വന്ന് ദേഹത്തേക്ക് വെള്ളമൊഴിക്കാന്‍ തുടങ്ങി. മരണവേദനയില്‍ എപ്പോഴോ എന്റെ ബോധം നഷ്ടപ്പെട്ടു."

Pramodini Raul
പ്രമോദിനി റൗള്‍ തന്റെ
പഴയ ചിത്രവുമായി.
ഫൊട്ടൊ: നീരജ്‌ ഗേര

2009-ലാണ് പ്രമോദിനി റൗള്‍ ജന്മനാടായ ഒഡിഷയില്‍വച്ച് ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. മനുഷ്യത്വവിരുദ്ധമായ ഈ കുറ്റം ചെയ്തത് ഇരുപത്തെട്ടുകാരനായ ഒരു പട്ടാളക്കാരനായിരുന്നു. ഭുവനേശ്വര്‍ എന്ന ചെറുപട്ടണത്തിന് അന്നേവരെ ആസിഡ് ആക്രമണത്തെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു.

ആക്രമണത്തില്‍ തല്‍ക്ഷണം ഇടതുചെവി കരിഞ്ഞു പോയിരുന്നു. കാഴ്ച്ച പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ടു. തല മുതല്‍ മാറു വരെ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങളോളം നീണ്ട വേദനയുടെ ആഴങ്ങളില്‍ പലകുറി മരണത്തിന് അരികില്‍ വന്നുനിന്നു. തോറ്റു കൊടുക്കരുത് എന്ന മനസ്സിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ മരണം വിട്ടു നില്‍ക്കുകയായിരുന്നു.

അതീവ ഗുരുതരമായ ആസിഡ് ആക്രമണത്തെ മനഃശക്തികൊണ്ട് അതിജീവിച്ചു വന്ന പ്രമോദിനി റൗളിന്റെ  അസാമാന്യ ജീവിത കഥയാണിത്. തന്നെപ്പോലെ ആസിഡിന് മുന്നില്‍ വെന്തുരുകി ജീവിക്കുന്ന മനുഷ്യര്‍ക്ക് കൂടെ അവരിന്ന് പ്രചോദനമാണ്. 'സ്റ്റോപ് ആസിഡ് അറ്റാക്' എന്ന ക്യാംപയിനിന്റെ ഒഡിഷയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും പ്രമോദിനി റൗളാണ്.

പ്രതിസന്ധികളുടെ ഓര്‍മ്മകള്‍

Pramodini Raul
പ്രമോദിനി റൗള്‍ 
ഫൊട്ടൊ: സരോജ് സാഹൂ

ഒഡീഷയിലെ ഭുവനേശ്വറിനോട് ചേര്‍ന്നു കിടക്കുന്ന ചെറുഗ്രാമത്തിലാണ് പ്രമോദിനിയും കുടുബവും കഴിയുന്നത്.
കവിത റൗളിന്റെയും ആനന്ദ് ചരണ്‍ റൗളിന്റെയും നാലു മക്കളില്‍ മൂത്ത കുട്ടിയായിരുന്നു പ്രമോദിനി. ഇലക്ട്രീഷ്യനായ അച്ഛന്‍ ആനന്ദ് ചരണ്‍ ജോലിക്കിടെ ഷോക്കേറ്റാണ് മരണപ്പെട്ടത്. ഇതേതുടര്‍ന്ന് പ്രമോദിനിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം അനാഥമായ അവസ്ഥയായിരുന്നു. അമ്മാവനാണ് ജീവിതത്തില്‍ പിന്നീട് തണലേകിയത്.

പഠിക്കാന്‍ മിടുക്കിയായ പ്രമോദിനിക്ക് സ്വപ്നങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. അമ്മക്കും സഹോദരിമാര്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കണം എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിന് വേണ്ടി മുന്നിലുള്ള ഏക വഴി പഠനമാണെന്ന് പ്രമോദിനി ചെറുപ്പത്തില്‍തന്നെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് അക്ഷരങ്ങളോട് രാപ്പകല്‍ ഇല്ലാത്ത പോരാട്ടമായിരുന്നു. ഓരോ പരീക്ഷാഫലങ്ങളിലും അത് വ്യക്തവുമായിരുന്നു.

കഷ്ടതകളുടെ മുന്നില്‍ നീറുമ്പോഴും പത്താം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ പ്രമോദിനിക്ക് കഴിഞ്ഞു. ഉള്ളിലെ  സ്വപ്നങ്ങളുടെ തീച്ചൂള അത്രമേല്‍ എരിഞ്ഞു ജ്വലിക്കുന്നുണ്ടായിരുന്നു. സമീപത്തെ വിദ്യാലയത്തില്‍ വളരെ എളുപ്പം തന്നെ പ്ലസ് വണ്ണിന് പ്രവേശനവും കിട്ടി.

സ്വപ്നങ്ങള്‍ ചിറകുവിരിക്കാന്‍ തുടങ്ങുന്ന അക്കാലത്താണ് ജീവിതം പൂര്‍ണ്ണവിരാമമിട്ടതുപോലെ നിശ്ചലമാകുന്നത്. ഒരു പട്ടാളക്കാരനാണ് ജീവിതത്തിന്റെ വേരറുത്തത്. വിദ്യാലയത്തില്‍ പോകുന്ന വഴിക്ക് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് പതിവായിരുന്നു. അത് വളരെ പെട്ടന്നുതന്നെ അസഹ്യമായി മാറുന്ന തരത്തിലുള്ള പ്രകടനമാവുകയായിരുന്നു. അക്കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ അവരുടെ ഇടപെടല്‍ കാരണം അയാള്‍ പിന്നീട് വന്നിരുന്നില്ല. മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. എന്നാല്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി കയ്യില്‍ കയറി പിടിച്ചപ്പോഴാണ് ഒന്നും അവസാനിച്ചിട്ടില്ലെന്ന് മനസ്സിലായത്.

പൊള്ളിയ ശരീരവും മനസ്സും

Pramodini Raul
പ്രമോദിനി റൗള്‍
ഫൊട്ടൊ: നീരജ്‌ ഗേര

ബിയര്‍ കുപ്പിയില്‍ നിറച്ച ആസിഡ് മുഖത്തേക്ക് ഒഴിച്ച ശേഷം അതിവേഗം അയാള്‍ സുഹൃത്തിന്റെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ ആര്‍ക്കും അറിയില്ലായിരുന്നു ആസിഡിന്റെ പൊള്ളലേറ്റാല്‍ എന്ത് ചെയ്യണമെന്ന്. ആരൊക്കെയോ ദേഹത്ത് വെള്ളമൊഴിച്ച ചെറിയ ഓര്‍മ്മയുണ്ട്. വേദനയുടെ കാഠിന്യം കൊണ്ട് അതിനിടക്ക് എപ്പോഴോ ബോധം നഷ്ട്ടപ്പെട്ടു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്ത് ശീലമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് വിട്ടു. ഒന്നര മണിക്കൂര്‍ ദൂരമുണ്ടായിരുന്നു അവിടെനിന്നും ജില്ലാ ആശുപത്രിയിലേക്ക്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അപ്പോഴേക്കും. പോകുന്ന വഴി വണ്ടി കേടായതോടെ
കൂടെ വന്നവര്‍ക്ക് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണ് മറ്റൊരു വണ്ടിയില്‍ ആശുപത്രിയില്‍ എത്താനായത്. കത്തികരിഞ്ഞ ആ ശരീരത്തില്‍ അവസാനശ്വാസവും നിലക്കാറായെന്ന് വേദനയോടെ അവര്‍ തിരിച്ചറിഞ്ഞു. എല്ലാ പ്രതീക്ഷയും അവസാനിച്ചുവെന്ന അര്‍ത്ഥത്തിലാണ് ഡോക്ടര്‍മാരും കൈകാര്യം ചെയ്തത്. ജില്ലാ ആശുപത്രിയിലും രക്ഷയില്ലെന്ന് കണ്ടാണ് സമീപത്തെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റിയത്.

മികച്ച ചികിത്സ ലഭ്യമായെങ്കിലും വലിയ ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും പ്രമോദിനിയുടെ തിരിച്ചുവരവിനായി കുടുംബവും നാടും ഒരുമനസ്സായി നില്‍ക്കുകയായിരുന്നു. അവസാനിക്കാത്ത വേദനയോടെ പുളയുന്ന പ്രമോദിനി മരണപ്പെടുന്നതാണ് നല്ലതെന്ന് പോലും അവര്‍ക്ക് ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. അത്രത്തോളം കണ്ടു നില്‍ക്കുന്നവരുടെ പ്രാണന്‍ പിടയുന്ന കാഴ്ചയായിരുന്നു അത്.

ദിവസങ്ങള്‍ കഴിയുംതോറും ഡോക്ടര്‍മാര്‍ക്കും പ്രമോദിനിയില്‍ ഉള്ള വിശ്വാസം കുറഞ്ഞു വന്നു. അത്രത്തോളം ഗുരുതരമായിരുന്നു അവസ്ഥ. ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പ്രമോദിനിയുടെ മനസ്സിനും അനുഭവപ്പെട്ടിരുന്നു. അപ്പോഴൊക്കെ തിരിച്ചുവരണമെന്ന് കഠിനമായി മനസ്സിനെ പറഞ്ഞ് ശീലിപ്പിക്കുകയായിരുന്നു. ആ ആത്മവിശ്വാസത്തിന് മുന്നില്‍ ഉണങ്ങാന്‍ കൂട്ടാക്കാത്ത മുറിവുകളും കൂടിച്ചേര്‍ന്നു. പതിയെ കത്തിക്കരിഞ്ഞ ചിറകുകള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു.

സരോജിലൂടെ പുനര്‍ജന്മം

Pramodini Raul
പ്രമോദിനിയും സരോജും
ഫൊട്ടൊ: സരോജ് സാഹൂ

വര്‍ഷങ്ങളോളം നീണ്ട ചികിത്സ കുടുംബത്തിന്റെ സാമ്പത്തിക നിലയാകെ തകിടം മറിച്ചിരുന്നു. ആയിടക്കാണ് അവിചാരിതമായി സരോജ് സാഹു എന്ന ചെറുപ്പക്കാരന്‍ പ്രമോദിനിയെ കാണാന്‍ ഇടയാകുന്നത്. പകുതിയോളം കത്തിക്കരിഞ്ഞ അവസ്ഥയില്‍ കിടക്കുന്ന പ്രമോദിനിയെ കണ്ടപാടെ നെഞ്ച് പൊള്ളുന്ന വേദനയായിരുന്നു. ആ കാഴ്ച്ച അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആശുപത്രിയില്‍ വന്ന സരോജ് പ്രമോദിനിയുടെ അമ്മയില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

എല്ലാ രീതിയിലും ആ കുടുംബത്തിന്റെ സാഹചര്യം മോശമാണെന്ന് അദ്ദേഹം മനസിലാക്കി. അത് കൂടുതല്‍ തവണ സരോജിനെ ആശുപത്രിയില്‍ എത്തിച്ചു. പ്രമോദിനിയുമായി കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഒരു അസാധ്യ സ്ത്രീയാണെന്ന് സരോജ് മനസിലാക്കിയത്. പിന്നീടങ്ങോട്ട് ആശുപത്രിച്ചെലവ് ഉള്‍പ്പെടെ അവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് അദ്ദേഹമാണ്.

സാമ്പത്തിക സഹായത്തിനൊപ്പം തന്നെ  മനസ്സുകൊണ്ടും ആവുംവിധം ധൈര്യം കൊടുക്കാന്‍ സരോജ് ശ്രമിച്ചു. അത് പ്രമോദിനിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. എന്നാല്‍ വിധി പ്രമോദിനിയെ വീണ്ടും പരീക്ഷിച്ചുകൊണ്ടേ ഇരുന്നു. കാലിലുണ്ടായ രോഗബാധ മൂര്‍ച്ഛിച്ച് കാലുകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥ വന്നു. അവിടെയും സാമ്പത്തികമായും മാനസികമായും സരോജ് കൂടെനിന്നു. ഡോക്ടര്‍മാരെ അതിശയിപ്പിച്ചുകൊണ്ട് മുറിച്ചു മാറ്റണം എന്നുപറഞ്ഞ കാലില്‍ പ്രമോദിനി നിവര്‍ന്നു നിന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുറിവുകള്‍ പൂര്‍ണ്ണമായി ഭേദമായെങ്കിലും നടക്കാന്‍ സാധിക്കാതെ വലതുകാല്‍ പണിമുടക്കി. സരോജ് സ്വന്തം കാലിന് മുകളില്‍ പ്രമോദിനിയുടെ കാല്‍ കയറ്റി വച്ച് നടത്താന്‍ തുടങ്ങി. പതിയെ സ്വയം നടക്കാവുന്ന അവസ്ഥയിലെത്തി. രാത്രികാലങ്ങളില്‍ വാഹനം കുറയുമ്പോള്‍ വിജനമായ റോഡുകളിലൂടെ അവളുമായി പുലരുവോളം സരോജ് നടന്നിരുന്നു. ആ നിമിഷങ്ങളാണ് പ്രമോദിനിക്ക് കൂടുതല്‍ കരുത്ത് കൊടുത്തത്. വൈകാതെ തന്നെ സാധാരണ രീതിയില്‍ കാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചു.

കാഴ്ച്ച തന്ന പ്രണയം

Pramodini raul
പ്രമോദിനി റൗള്‍
ഫൊട്ടൊ: സരോജ് സാഹൂ

ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം പ്രമോദിനിയുടെ കൂടെ സരോജ് നിഴല്‍ പോലെ നിന്നു. ആ സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. എന്നാല്‍ പരസ്പരം തുറന്നുപറയാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. കാലം വീണ്ടും കടന്നുപോയി.
ഇനിയും ഒന്നും ചെയ്യാതെ ഇരിക്കാന്‍ പാടില്ല എന്ന ചിന്തയില്‍നിന്ന് പുതിയ ഒരാളായി മാറുകയായിരുന്നു പ്രമോദിനി. അങ്ങനെയാണ് സ്റ്റോപ് ആസിഡ് അറ്റാക് ക്യാംപയിനില്‍ ചേരാനായി ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.

പ്രമോദിനി വണ്ടിയില്‍ കയറുന്നതുവരെ സാധാരണ അവസ്ഥയില്‍ നിന്ന സരോജ് പെട്ടന്ന് പൊട്ടിക്കരഞ്ഞു. നീയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞായിരുന്നു അദ്ദേഹം വാവിട്ട് കരഞ്ഞത്. ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു പ്രമോദിനി അത്രനാള്‍ കാത്തിരുന്നത്. എന്നാല്‍ അവര്‍ വണ്ടിയില്‍നിന്ന് തിരിച്ചിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതെങ്കിലും എനിക്ക് ഒറ്റക്ക് ചെയ്യണം എന്നു പറഞ്ഞ് തിരിച്ചുവരുമെന്ന ഉറപ്പു കൊടുത്ത് അവര്‍ പോകുകയായിരുന്നു.

ഈ സമയത്തിനുള്ളില്‍ സരോജിന് തന്റെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനും സാധിച്ചു. അങ്ങനെ സമാനതകളില്ലാത്ത ആ പ്രണയം സാര്‍ത്ഥകമായി. ഡല്‍ഹിയില്‍നിന്നാണ് ഷീറോസിനെ കുറിച്ച് പ്രിമോദിനി അറിയുന്നത്. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായ ആളുകളുടെ സംഘമാണത്. ലഖ്‌നൗവിലും ആഗ്രയിലും ഡല്‍ഹിയിലും അവര്‍ക്ക് ഭക്ഷണ ശാലകളും ഉണ്ട്. ഏതാനും നാള്‍ പ്രമോദിനിയും അവര്‍ക്കൊപ്പം ചേര്‍ന്നു. പല സാഹചര്യങ്ങള്‍കൊണ്ടും ആസിഡിന്റെ  പൊള്ളലേല്‍ക്കേണ്ടി വന്ന വലിയൊരു സമൂഹത്തെയാണ് അവര്‍ അവിടെ കണ്ടത്.

പലര്‍ക്കും നീതിനിഷേധത്തിന്റെ ഒട്ടേറെ  കഥകളും പറയാന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് സരോജിന്റെ സഹായത്തോടെ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെ കുറിച്ച് അവര്‍ക്ക് അഭിമാനം തോന്നിയത്. തന്റെ നേരെ ആസിഡ് ഒഴിച്ച പട്ടാളക്കാരന് കടുത്ത ശിക്ഷതന്നെ വാങ്ങി കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സമാനമായ അവസ്ഥയില്‍ ഒട്ടേറെ പേര്‍ ഒഡിഷയില്‍ ഉണ്ടെന്ന് വൈകാതെ തന്നെ പ്രമോദിനിക്ക് മനസിലാക്കാന്‍ സാധിച്ചു.

കുറച്ചു നാളുകള്‍ക്ക് ശേഷം തിരികെ വണ്ടി കയറി. നാട്ടില്‍ എത്തിയ ശേഷം സ്റ്റോപ് ആസിഡ് അറ്റാക് ക്യാമ്പയിനിന്റെ മുഖമായി അവര്‍ മാറി. അവരുടെ സാമിപ്യം സമാനമായ അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനമായി. ആയിടക്കാണ് കാഴ്ച്ച തിരിച്ചു കിട്ടാനുള്ള ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഏറെ നാളുകള്‍ക്ക് ശേഷം സരോജുമായുള്ള വിമാനയാത്രയില്‍ കണ്ണിലേക്ക് വെളിച്ചം വരുന്നത് അവര്‍ തിരിച്ചറിഞ്ഞു. നഷ്ട്ടപ്പെട്ട കാഴ്ച ചെറിയ രീതിയിലെങ്കിലും പ്രമോദിനിക്ക് ലഭിച്ചു. ആ മങ്ങിയ കണ്ണുകളിലൂടെ മേഘങ്ങള്‍ക്കിടയില്‍ അവള്‍ സരോജിനെ മതിയാവോളം നോക്കിയിരുന്നു.

തുടര്‍ന്ന് സരോജമായുള്ള വിവാഹനിശ്ചയം ആര്‍ഭാട പൂര്‍വ്വം നടത്തി. വൈകാതെ തന്നെ വിവാഹവും ഉണ്ടാകും. ശരീരം വെന്തുരുക്കുന്ന  മനുഷ്യവിരുദ്ധരോട് സന്ധിയില്ലാ പോരാട്ടത്തിലാണവര്‍. മനുഷ്യത്വവിരുദ്ധവും നീചവുമായ ഇത്തരം ആക്രമണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകണം. അതുവരെ നീതിക്കായുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേ ഇരിക്കുമെന്ന് ഉറക്കെ പറയുന്നുണ്ടവര്‍.

Content Highlights: Pramodini Raul, Story of an acid attack survivor | Athijeevanam 53