ന്യൂ ജെന്‍ തലമുറ തല താഴ്ത്തി മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലെയിലേക്കു ചുരുങ്ങുമ്പോള്‍ പെരുംകുളത്തെ ഫ്രീക്കന്മാര്‍ നന്മയുടെ വേരുകള്‍ മണ്ണിലാഴ്ത്തി മനുഷ്യരിലേക്കു പടരുകയാണ്. ഒരോ അണുവിലും നഷ്ടപെട്ട കാലത്തിന്റെ നന്മകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണവര്‍. അതിലൂടെ ഒരു ഗ്രാമമാണ് പുനഃസൃഷ്ടിക്കപ്പെടുന്നത്. പാടവരമ്പുകളില്‍ കാര്‍ഷികോത്സവമായും ആളുകള്‍ ചേരുന്നിടങ്ങളില്‍ പുസ്തകക്കൂടുകള്‍ സമര്‍പ്പിച്ചും വേദനിക്കുന്നവനു സാന്ത്വനമായും അവര്‍ പരസ്പരം ഒന്നായി ഉയരുകയാണ്. 

താടിയും മുടിയും നീട്ടി വളര്‍ത്തി ബൈക്കില്‍ കുതിച്ചു പായുന്നവര്‍ മാത്രമാണ് ഫ്രീക്കന്മാര്‍ എന്ന ധാരണ ഇവിടെ അസാധുവാണ്. അത്തരം എല്ലാ മുന്‍ധാരണകള്‍ക്കും ഇടവേള കൊടുക്കാം. കാരണം പെരുംകുളത്തിന്റെ അതിജീവന നാള്‍വഴികളെ വരി തെറ്റാതെ വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഒപ്പം പെരുംകുളത്തെ യുവത എങ്ങിനെയാണ് മാറുന്ന കാലത്തെ സ്വന്തം നാടിന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും തിരിച്ചറിയേണ്ടതുണ്ട്.

രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന സിനിമയുടെ അവസാന സീനില്‍ പ്രധാന കഥാപാത്രമായ ബൈജു സര്‍ക്കാരിന് ഒരു നിവേദനം അയക്കുന്നുണ്ട്. കളിക്കാനും കൂട്ടം കൂടാനും ഒരിടം വേണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ കൊല്ലം പെരുംകുളത്തെ യുവാക്കള്‍ കത്തയച്ച് ബൈജു ഇരുന്നതുപോലെ മറ്റാരുടെയോ ഉത്തരവാദിത്തമാണ് ഇതെല്ലാം എന്നു ചിന്തിച്ചിരിക്കാന്‍ തയ്യാറല്ലായിരുന്നു. 

പകരം തങ്ങള്‍ക്കു കളിക്കാനും കൂട്ടുകൂടാനും അത്തരമൊരു ഇടം അനിവാര്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ആ ചിന്തയില്‍നിന്നാണ് ഒത്തുകൂടാന്‍ വ്യക്തികള്‍ക്കപ്പുറത്ത് സമൂഹത്തിനായി ഒരു പിടി മണ്ണെങ്കിലും തങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാകണം എന്ന ചിന്ത വന്നത്. പിന്നീട് അതിനായുള്ള പോരാട്ടത്തിലായിരുന്നു. ഒടുവില്‍ 'പെരുംകുളം ഗ്രാമത്തിന് സ്വന്തമായൊരു കളിക്കളം' എന്ന പത്രവാര്‍ത്തയോളം ആ ചിന്ത സാക്ഷാത്ക്കരിക്കപ്പെട്ടു.

ഒരായിരം അതിജീവനങ്ങളുടെ കഥ ഈ ഗ്രാമത്തിനു പറയാനുണ്ടെന്ന് മദനകുമാര്‍ എന്ന പെരുംകുളത്തുകാരനെ പരിചയപ്പെട്ടതോടെ മനസ്സിലായി. സ്വപ്‌നഗ്രാമമായി പെരുംകുളത്തെ മാറ്റിമറിക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട് അദ്ദേഹം. ഗ്രാമത്തിന്റെ അതിജീവനകഥ പങ്കുവച്ച് തന്നതും അദ്ദേഹം തന്നെ. നാട്ടുകാരെ ഒരുമിപ്പിച്ച വായനശാല മുതല്‍ വീണ്ടെടുപ്പിന്റെ അതിശയിപ്പിക്കുന്ന പെരുംകുളം മാതൃക ഏറെയുണ്ട്. 

പണ്ട് ആനപ്പുറത്തിരുന്ന തഴമ്പുണ്ടെന്ന് പറയുകയല്ല ഇവര്‍. പകരം പെരുംകുളത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ്. ഉറപ്പിച്ചു പറയാം, ഈ കാലത്ത് ഒരക്ഷരം പോലും വിടാതെ പഠിക്കാവുന്ന പഠപുസ്തകമാണ് പെരുംകുളം എന്ന കൊച്ചു ഗ്രാമം. 

freek

ഗാന്ധിവധവും സ്മാരകങ്ങളും

1948-ല്‍ ഗാന്ധിജി വെടിയേറ്റു മരിച്ചത് ഏതൊരു ഇന്ത്യന്‍ ഗ്രാമത്തേയും പോലെ പെരുംകുളത്തെയും പിടിച്ചുലച്ചു. എക്കാലത്തും ബാപ്പുജിയെ  ചേര്‍ത്തുപിടിക്കാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യണം എന്ന ആഗ്രഹവുമായി ഒരു കൂട്ടം യുവാക്കള്‍ ഒത്തുചേര്‍ന്നു. ചര്‍ച്ചകള്‍ പലവഴിക്കു പോയി. ചിലര്‍ക്കു സ്മാരകങ്ങളും മറ്റു ചിലര്‍ക്കു കെട്ടിടങ്ങളുമായി ബാപ്പുജിയെ പെരുംകുളത്തിന്റെ മണ്ണില്‍ വേരാഴ്ത്തണമായിരുന്നു. ഒടുവില്‍ ആ നിര്‍ദ്ദേശം അവര്‍ക്കിടയില്‍നിന്ന് തന്നെ വന്നു. ബാപ്പുജി സ്മാരക വായനശാല.

ഒരുമിച്ചു കൈയടിച്ച് ആ നിര്‍ദ്ദേശത്തെ പിന്താങ്ങി. മറിച്ചൊരു ആലോചന അവര്‍ക്കതില്‍ ആവശ്യമില്ലായിരുന്നു. കാരണം  പുസ്തകങ്ങളിലൂടെ തങ്ങളുടെ ഗ്രാമം ബാപ്പുജിയെ ഓര്‍ക്കുന്നത് എത്ര മനോഹരമാണ് എന്നതു തന്നെ. അതിനായി നാല് സെന്റ് സ്ഥലം സമീപവാസി സൗജന്യമായി കൊടുത്തു. വായനശാലക്കായുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വൈകാതെ യുവതയുടെ സ്വപ്നം ലോകാരാധ്യാന്റെ പേരില്‍ മണ്ണില്‍ ഉയര്‍ന്നു. അത് മറ്റനേകം ഗാന്ധി സ്മാരക വായനശാലകള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രചോദനമായി. പിന്നീട് പെരുംകുളത്തിന്റെ സമൂഹിക സാംസ്‌കാരിക ചരിത്രത്തിന് കരുത്ത് പകര്‍ന്നത് ഗ്രന്ഥശാലയാണ്. നാടിന്റെ കൂടിച്ചേരലുകളുടെയും പുതിയ ചിന്തകളുടെയും കൂടായി ബാപ്പുജി സ്മാരക വായനശാല.

എന്നാല്‍ കാലത്തിന്റെ അതിവേഗമുള്ള ഓട്ടത്തില്‍ പഴകിപ്പോയ ഗ്രന്ഥശാല പതിയെ മറവിയിലേക്ക് ആണ്ടു. ആള്‍പ്പെരുമാറ്റം കുറഞ്ഞതോടെ വായനശാല കെട്ടിടം പഴക്കത്തിന്റെ നിറമണിഞ്ഞു. ചുമരുകളില്‍ വിള്ളല്‍ വീണ് നിലം പൊത്താവുന്ന അവസ്ഥയിലായി. പെരുംകുളത്തിന്റെ ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച പുസ്തകങ്ങള്‍ ചിതലുകള്‍ വായിക്കാന്‍ തുടങ്ങി. ഗ്രന്ഥശാല മൂടും വിധം അടിക്കാടുകള്‍ വളര്‍ന്നു.

freek

ഏറെ നാളായി ഇത്തരം കാഴ്ച്ചകള്‍ പെരുംകുളത്തിന്റെ ഉള്ളിലെ നീറ്റലായിരുന്നു. എന്നാല്‍ കൂട്ടുചേരാന്‍ മറന്ന ഗ്രാമത്തിന് ആ അവസ്ഥയെ അതിജീവിക്കാന്‍ അറിയില്ലായിരുന്നു. മൊബൈല്‍ ഫോണിലെ ലോകത്തുനിന്ന് കണ്ണെടുത്ത് തങ്ങളുടെ ഗ്രാമത്തെ കാണാനുള്ള കാഴ്ച്ച അവിടുത്തെ യുവതക്കും ഇല്ലായിരുന്നു. എന്നാല്‍ ഏറെ നാള്‍ ഈ കാഴ്ചകളെ അവഗണിക്കാന്‍ അവര്‍ക്കായില്ല. തങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്റെ നന്മകളെ സംരക്ഷിക്കേണ്ടത് കാലത്തിന്റെ അനുവാര്യതയാണെന്നവര്‍ തിരിച്ചറിയുകയായിരുന്നു.

ഫോണില്‍നിന്ന് തല ഉയര്‍ത്തിയപ്പോഴാണ് മനസ്സിലായത് തങ്ങളുടെ ഗ്രാമം അതിമനോഹരമാണെന്നും അതിന്റെ നഷ്ടപെട്ടു കൊണ്ടിരിക്കുന്ന  നന്മകളെ തിരിച്ചു പിടിക്കണമെന്നും. അങ്ങിനെ കാലത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിനായി യുവത ഒത്തുചേരുകയായിരുന്നു. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമില്‍നിന്ന് കെട്ടിടം പണിയാനുള്ള സഹായം ലഭിച്ചു. ഒപ്പം എന്‍.എസ്.എസിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അകമഴിഞ്ഞ സഹകരണം കൂടെ ആയപ്പോള്‍ ബാപ്പുജി സ്മാരക വായനശാലയ്ക്കു പുതുജീവന്‍ കിട്ടുകയായിരുന്നു.

വായനയുടെ പുതിയ അനുഭവങ്ങള്‍

freekരണ്ട് നിലയോളം ഉയരത്തില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് ഗ്രന്ഥശാല. വിപുലമായ പുസ്തക ശേഖരത്തിനൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും പ്രധാന ആകര്‍ഷണമാണ്. പന്ത്രണ്ടോളം മലയാളം മാഗസിനുകളും ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി അയ്യായിരത്തോളം ഡിജിറ്റല്‍ മാഗസിനുകളും ലഭ്യമാണ്. കേരളത്തില്‍ എവിടെയുള്ള ആള്‍ക്കും വായനശാലയില്‍ ഡിജിറ്റല്‍ അംഗത്വമെടുക്കാനുള്ള സൗകര്യവുമുണ്ട്. ഡിജിറ്റല്‍ വായനക്കായി ഗ്രന്ഥശാലയില്‍ എത്തുന്നവര്‍ക്ക് ടാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അംഗത്വമുള്ളവര്‍ക്ക് ടാബുകള്‍ വീട്ടില്‍ കൊണ്ടുപോയി വായിക്കാനുമുള്ള സൗകര്യമുണ്ട്.

കാഴ്ചയില്ലാത്തവര്‍ക്കു വേണ്ടി ചൊല്‍ക്കഥയും ഗ്രന്ഥശാലയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്കായി പുസ്തകകൂടും ഒരുക്കിയിട്ടുണ്ട്. കഥകളും നോവലുകളും ശബ്ദരൂപത്തില്‍ കേള്‍പ്പിക്കുന്ന സംവിധാനമാണ് ചൊല്‍ക്കഥ. ഇതിലൂടെ കാഴ്ച ഇല്ലാത്തവര്‍ക്കും വായനയുടെ ആഴവും പരപ്പും അനുഭവങ്ങളും ലഭ്യമാകും. ഒട്ടേറെ പേര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്. 

കേള്‍വികളുടെ ഉള്‍ക്കാഴ്ചയിലൂടെ മാത്രം ലോകത്തെ കാണുന്ന നൂറു കണക്കിന് പേരുടെ പ്രതീക്ഷയാണ് ഇന്ന് ബാപ്പുജി ഗ്രന്ഥശാല. അവിടെയെത്താന്‍ സാധിക്കാത്തവര്‍ക്കായാണ് പുസ്തകക്കൂട് ഒരുക്കിയിരിക്കുന്നത്. ടിന്‍ ഷീറ്റുകൊണ്ട് വെള്ളം കടക്കാത്ത വിധം ഉണ്ടാക്കിയ പ്രത്യേക പെട്ടിയാണ് പുസ്തകകൂട്. ഒന്നെടുത്ത് മറ്റൊന്ന് നിക്ഷേപിക്കുക എന്നതാണ് അതിന്റെ പ്രവര്‍ത്തന രീതി. ആളുകള്‍ ഒത്തുകൂടുന്ന പ്രധാന ഇടങ്ങളിലെല്ലാം ഇന്ന് പുസ്തകക്കൂടുകള്‍ ഉണ്ട്. ഇത് മാതൃകയാക്കി എന്‍.എസ്.എസിന്റെ നേതൃത്തത്തില്‍ പ്രദേശമാകെ ഇത്തരം പുസ്തകകൂടുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും മുന്നോട്ടു പോവുന്നു.

പ്രതീക്ഷയുടെ അക്ഷരങ്ങള്‍ പെരുംകുളത്താകെ പടരുന്നതിന് ഇത്തരം പുതിയ ആശയങ്ങള്‍ ഏറെ സഹായകമായിട്ടുണ്ട്. പുതിയ ചിന്തകളും പ്രതീക്ഷകളുമായി മാറുന്ന കാലത്തിനൊപ്പം നന്മകള്‍ നെഞ്ചേറ്റി ഒപ്പമുണ്ട് പെരുംകുളമെന്ന ഗ്രാമവും.  

freek

വിദ്യാലയം തന്നെ ദത്തെടുത്തു

അറുപതുകള്‍ മുതല്‍ പെരുംകുളം അക്ഷരം പഠിച്ചത് ഗ്രാമത്തിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ വിദ്യാലയത്തില്‍ നിന്നാണ്. എന്നാല്‍ കാലത്തിനൊപ്പം വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ മറന്നുപോയിരുന്നു വിദ്യാലയം. സാമ്പത്തിക പരാധീനതകള്‍ തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ഒപ്പം സമീപ പ്രദേശങ്ങളില്‍ മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളും ഇല്ലാതായി. എന്നാല്‍ തങ്ങളുടെ കാല്‍ മണ്ണില്‍ ഉറപ്പിക്കുകയും മനസ്സില്‍ അക്ഷരമരം വളര്‍ത്തുകയും ചെയ്ത വിദ്യാലയത്തെ ചേര്‍ത്ത് പിടിക്കാന്‍ പെരുംകുളം ഒന്നാകെ തയ്യാറെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായി വീണ്ടും യുവത ഒത്തുചേര്‍ന്നു.

പൊളിഞ്ഞടര്‍ന്ന ചുമരുകളില്‍ വീണ്ടും സിമെന്റ് തേച്ച് മിനുക്കി. കുഞ്ഞുടുപ്പുകളില്‍ പറ്റിപ്പിടിച്ചിരുന്ന കുമ്മായത്തിന് പകരം നിറമുള്ള പെയിന്റുകള്‍ അടിച്ച് ഭംഗിയാക്കി. ഒരുപാട് തലമുറയെ താങ്ങി തേഞ്ഞു പോയതും കാലൊടിഞ്ഞതുമായ ബെഞ്ചിനും ഡെസ്‌ക്കിനും പകരം പുതിയത് നിര്‍മ്മിച്ചു. എ.സിയും പ്രൊജക്റ്ററുമുള്ള ആധുനിക ക്ലാസ്സ് റൂമായി അതിവേഗം മാറി.

വാഹന സൗകര്യമായിരുന്നു മറ്റൊരു വെല്ലുവിളി.എ ന്നാല്‍ വായനശാലയുടെ നേതൃത്വത്തില്‍ തന്നെ അതും സജ്ജമാക്കി. ചുറ്റും പുതിയ ചെടികളും പൂക്കളും വച്ച്പിടിപ്പിച്ചു. അങ്ങിനെ മാറാല പിടിച്ചിരുന്ന വിദ്യാലയത്തില്‍ അവക്ക് പകരം ചിത്രശലഭങ്ങള്‍ കൂടുകൂട്ടി. 

പെരുംകുളത്തിന്റെ മാതൃക പഠിക്കാന്‍ ഓസ്ട്രേലിയയില്‍നിന്ന് എഴുത്തുകാരിയായ ജാക്കി മന്‍സുരിയന്‍ എത്തിയപ്പോള്‍ ഓണ്‍ലൈനായി ഇംഗ്‌ളീഷ് പഠിക്കാനുള്ള വഴികൂടി തെളിയുകയായിരുന്നു. പെരുംകുളത്തുനിന്ന് വിദേശത്ത് പോയവരും  സഹകരിച്ചതോടെ അതൊരു വലിയ മുന്നേറ്റമായി. ഇന്ന് കൃത്യമായ ഇടവേളകളില്‍ വിദേശത്തുനിന്നും അത്തരം ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. ഒപ്പം വായനശാല പൂര്‍ണ്ണമായും ദത്തെടുത്തത് കൊണ്ട് തന്നെ വായനക്കളരിയും മറ്റും നടക്കുന്നു. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും വായനശാല തന്നെയാണ്.

freek

വാട്‌സ്ആപ്പില്‍ നിന്നൊരു മൈതാനം

തെങ്ങിന്‍ തോപ്പിലെ ഇടുങ്ങിയ സ്ഥലത്തു തങ്ങളുടെ കായികസ്വപ്നങ്ങള്‍ ഇറക്കിവച്ചിരുന്നവരാണ് പെരുംകുളത്തുകാര്‍. സ്വന്തമായൊരു മൈതാനം വേണമെന്ന യുവതയുടെ ആവശ്യത്തിനൊപ്പം ആ ഗ്രാമമാകെ കൈകോര്‍ത്തു. നിവര്‍ന്നു നിന്ന് ഓടാനും ചാടാനും കളിക്കാനും പറ്റാത്തതിനാല്‍ പൂവണിയാതെ വന്ന സ്വപ്നങ്ങള്‍ നെഞ്ചേറ്റുന്ന വിദേശത്തുള്ള നാട്ടുകാരും ഒപ്പം ചേര്‍ന്നു. വായനശാലയില്‍ അവര്‍ കളിസ്ഥലത്തിനായി വീണ്ടും കൂട്ടം കൂടി. അത് നൂറ്റെഴുപതോളം പേര്‍ വരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വഴിവച്ചു. കായികസ്വപ്നങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചിറക് വിരിച്ചത് അവിടെനിന്നാണ്. ഒപ്പം പെരുംകുളം സ്‌പോര്‍ട്‌സ് ഹബ്ബ് എന്ന പേരില്‍ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 12 ലക്ഷത്തോളം രൂപ പിരിച്ചെടുത്തു.

സ്വപ്നസാക്ഷാത്ക്കാരത്തിനായി മുന്നില്‍ നയിച്ചത് പ്രസിഡന്റായ സുജേഷ് ഹരിയും സെക്രട്ടറി ഉല്ലാസ് ഉദയനും ട്രഷറര്‍ മനോജ് കുമാറുമായിരുന്നു. ഒരു മനുഷ്യായുസിന്റെ പ്രതീക്ഷകള്‍ സാധ്യമാക്കാന്‍ പെരുകുളമാകെ അവര്‍ക്കൊപ്പം നിന്നു. അത് 50 സെന്റ് പുരയിടം സ്വന്തമാക്കുന്നത് വരെ എത്തിനിന്നു. പിന്നീട് മൈതാനം ഒരുക്കലായിരുന്നു മറ്റൊരു പ്രയത്‌നം. അതിനായി അടിക്കാട് വെട്ടി വെളുപ്പിച്ചതും മണ്‍തിട്ടകള്‍ നിരപ്പാക്കി പിച്ചൊരുക്കിയതും യുവാക്കള്‍ തന്നെ. അഹോരാത്ര പ്രയത്‌നത്തിലൂടെ അങ്ങിനെ ആ സ്വപ്നം മണ്ണില്‍ മനുഷ്യനൊപ്പം ഇറങ്ങി നിന്നു.

കേരള ക്രിക്കറ്റ് റ്റീം ക്യാപ്റ്റന്‍ വി.എ. ജഗദീഷ് കഴിഞ്ഞ മാസം മൈതാനത്തെ പെരുംകുളത്തിന് സമ്മാനിച്ചു. അടുത്ത ലക്ഷ്യം മിനി സ്‌റേഡിയമാക്കി ഈ മൈതാനത്തെ മാറ്റുക എന്നതാണ്. കുട്ടികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയെടുക്കണം. അതും വൈകാതെ പത്രവാര്‍ത്തയായി ലോകത്തിന് വായിക്കാന്‍ സാധിക്കും. അത്ര മാത്രം ഇച്ഛാശക്തിയുടെ ആള്‍രൂപങ്ങള്‍ ഏറെയുണ്ട് പെരുംകുളത്തിന്.

freek
 
അതിര്‍ത്തികള്‍ക്കപ്പുറത്തെ കരുതല്‍

1970-ലാണ് കൈരളി കലാ സമിതിക്ക് ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തകര്‍ രൂപം കൊടുത്തത്. നാടകവും പാട്ടുമായി അവര്‍ ഒരു കാലഘട്ടത്തെത്തന്നെ ത്രസിപ്പിച്ചിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ നിശബ്ദമായി പോയെങ്കിലും 2016-ല്‍ പുനര്‍ജനിച്ചു. അത് പെരുംകുളത്തിന്റെ ആകെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്ന ഒന്നായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു സമിതിയുടെ പ്രവര്‍ത്തന രീതി. പെരുംകുളത്തിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്തരമൊരു താങ്ങ് ആവശ്യമായിരുന്നു.

കര്‍ഷകര്‍ക്ക് സ്ഥിരമായ വിപണി ഒരുക്കലും കാര്‍ഷിക വിളകളുടെ ഉത്പാദനം കൂട്ടുകയുമാണ് പ്രധാനം ലക്ഷ്യങ്ങളില്‍ ഒന്ന്. അതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പെരുംകുളം വയല്‍ വാണിഭം എന്ന പേരില്‍ കാര്‍ഷിക മേള കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്നു. വില്‍പ്പനയ്ക്കപ്പുറത്ത് മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും വിളകളുടെ പ്രദര്‍ശനവും അതിന്റെ ഭാഗമാണ്. അന്യം നിന്നുപോകുന്ന കലാരൂപങ്ങള്‍ക്ക് വയല്‍ വാണിഭത്തിലൂടെ വേദിയുമൊരുക്കുന്നുണ്ട്. മനുഷ്യന്റെയും മണ്ണിന്റെയും പച്ചയായ ഗന്ധം കൊണ്ട് ഇന്നേറെ പ്രസിദ്ധമാണ് പെരുംകുളം വയല്‍ വാണിഭം.

മനുഷ്യന്‍ അവനവനിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുമ്പോള്‍ പെരുംകുളം 'കരുതല്‍' എന്ന ആശയവുമായി മറ്റുള്ളവരിലേക്ക് പടരുകയാണ്. വിദേശത്തും സ്വദേശത്തുമുള്ള ആളുകള്‍ ദിവസം 10 രൂപ ഇതിനായി മാറ്റിവക്കുന്നുണ്ട്. ഇങ്ങനെ സ്വരൂപിക്കുന്ന പണം അവശത അനുഭവിക്കുന്നവര്‍ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ വേണ്ടവര്‍ക്കുമായാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 20 ലക്ഷത്തോളം രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. അതില്‍ വലിയൊരു തുക പെരുംകുളത്തിന്റെ കരുതലായി കാസര്‍കോട് വരെ എത്തിയിട്ടുണ്ട്. ഗ്രാമത്തിന് പുറത്തുള്ള ആളുകളും ഇതില്‍ അംഗങ്ങളാണ്. അതിനാല്‍ത്തന്നെ പ്രതിമാസം 30,000 രൂപയോളം സഹായം നല്കാന്‍ ഇന്ന് കഴിയുന്നുണ്ട്.

ശ്രേഷ്ഠജനസഭ എന്ന പേരില്‍ മുതിര്‍ന്നവര്‍ക്കുള്ള ഇടവും ബാലവേദി എന്ന പേരില്‍ കുട്ടികളിലെ കഴിവ് പ്രോത്സാഹിപ്പിക്കാനുള്ള സംഘങ്ങളും പെരുംകുളത്തിന് സ്വന്തമാണ്. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വീസ് മോഹങ്ങള്‍ സാക്ഷാത്കരിക്കാനായി വായനശാലയില്‍ പ്രത്യേക ക്ലാസും നടന്നു വരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വനിതാവേദിയും പെരുംകുളത്തിന്റെ സവിശേഷതയാണ്.

മനുഷ്യനെയും പ്രകൃതിയെയും ഒരു കുടക്കീഴില്‍ നിര്‍ത്തി മാതൃകകളുടെ ന്യൂ ജെന്‍ വാക്കായി മാറുകയാണ് പെരുംകുളമെന്ന ഗ്രാമം. സാമൂഹിക മാധ്യമങ്ങളുടെ വലക്കണ്ണികളില്‍ കുരുങ്ങിപ്പോയ ലോകം മുഴുവനുമുള്ള യുവജനതക്ക് പെരുംകുളമൊരു ഉത്തമ മാതൃകയാണ്. കാരണം ഇതേ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് പെരുംകുളം മുന്നേറുന്നത്. നല്ല കട്ട ഫ്രീക്കന്മാര്‍ തന്നെയാണ് അമരത്ത് എന്നതു കൂടെ കൂട്ടിച്ചേര്‍ക്കാം.

Content Highlights: Perumkulam village in Kollam district is a model for self sufficient system