കരുമാലൂര്‍ ഗ്രാമത്തിലെ പാലക്കല്‍ പാടത്ത് അന്ന് സൂര്യവെളിച്ചത്തിനൊപ്പം പടര്‍ന്നത് ഒരു മഹാരോഗം കൂടെ ആയിരുന്നു. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പേരറിയാത്ത മഹാമാരി. പാടത്തും പറമ്പിലും വലിയ ശബ്ദത്തോടെ കൂട്ടങ്ങളായി വന്ന് ഇരതേടി പോകുന്ന താറാവുകള്‍ അന്ന് കൂട്ടില്‍ നിന്ന് പുറത്തിറങ്ങിയതേ ഇല്ല. നടക്കാനാവാത്ത വിധം കാലുകള്‍ തളര്‍ന്ന് പോയിരുന്നു അവയ്ക്ക്. വലിയ തകര ഷീറ്റും വലയും കൊണ്ട് നിര്‍മ്മിച്ച താറാവുകൂട്, പതിവു പോലെ തുറന്ന പരീതിന് ആ കാഴ്ച ശ്വാസം മുട്ടിക്കുന്നതായിരുന്നു.
നിമിഷ നേരം കൊണ്ട് ഉള്ളിലെ ജീവന് വറ്റിപ്പോകുന്നത് പോലെയാണ് അനുഭവപ്പെട്ടത്. തന്റെ പ്രാണന് പോലെ സ്നേഹിച്ചു വളര്‍ത്തിയ നൂറുകണക്കിന് താറാവുകള്‍ ജീവനറ്റ് വീണ് കിടക്കുന്നു. അവയ്ക്കുമുകളില്‍ ശ്വാസത്തിനായി തളര്‍ന്നശരീരം കൊണ്ട് അവസാനശ്രമം നടത്തുകയാണ് മറ്റുള്ളവ. തലപോലും ഉയര്‍ത്താനാവാതെ വീണകിടപ്പില്‍ ദയനീയമായി ചത്തുപോയത് നൂറുകണക്കിന് താറാവുകളാണ്. അവയുടെ പ്രാണന് പിടയുന്ന വേദന ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും പരീതിന്റെ ഉള്ളിലുണ്ട്. അത് മനസ്സിനെ ചിക്കിച്ചികഞ്ഞ് ഇപ്പോഴും വേദനപ്പിക്കുന്നുണ്ട്.
ജീവിതത്തിന്റെ നിത്യ പട്ടിണിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗമായിട്ടാണ് താറാവുകൃഷി തുടങ്ങുന്നത്. ഉപ്പ സെയ്ത് മുഹമ്മദിന് പശുവളര്‍ത്തലും കൃഷിയുമായിരുന്നു. ആറുമക്കളുടെ വിശപ്പിന്റെ ആന്തല് ശമിപ്പിക്കാന്‍ അക്കാലത്ത് അത് പര്യാപ്തമായിരുന്നില്ല. അതിനാലാണ് താറാവ് വളര്‍ത്തലിലേക്ക് പരീത് തിരിഞ്ഞത്. വിദ്യാലയം എന്നത് സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത ഒന്നായിരുന്നു.
പാടങ്ങളില്‍നിന്നും പശു വളര്‍ത്തലില്‍ നിന്നുമാണ് ജീവിതപാഠങ്ങള്‍ പഠിച്ചത്. സൂര്യന് മുമ്പേ ഉണര്‍ന്ന് പാടത്ത് വിയര്‍പ്പൊഴുക്കിയാലും അരവയര്‍ നിറഞ്ഞ ദിവസങ്ങള്‍ ഓര്‍മ്മയില്‍ പോലുമില്ല. അങ്ങനെയാണ് മറ്റൊരു ജീവിതമാര്‍ഗ്ഗത്തെ കുറിച്ച് പരീത് ചിന്തിച്ചു തുടങ്ങിയത്. അത് ചെന്നെത്തിയത് താറാവുകൃഷിയിലായിരുന്നു. 200 താറാവുമായി ഉപ്പയുടെ സഹായത്തോടെ കൃഷി തുടങ്ങി. കഠിനാധ്വാനം കൊണ്ട് 200 എന്നത് രണ്ടായിരത്തിന് മുകളിലാകാന്‍ അധികസമയം വേണ്ടി വന്നില്ല.
ജീവിതം വിശപ്പില്‍ നിന്നും കരകയറി തുടങ്ങിയ കാലം കൂടെ ആയിരുന്നു അത്. അക്കാലത്താണ് സൈനബയെയും ഒപ്പം കൂട്ടിയത്. എന്നാല്‍ അപ്രതീക്ഷിതമായി താറാവുകള്‍ക്ക് വന്ന അസുഖം ജീവിതത്തെ ആകെ മാറ്റിമറിച്ചു. താങ്ങായി നിന്ന ഉപ്പയും ഉമ്മയും കാലത്തിനൊപ്പം കടന്നുപോയി. മുന്നോട്ടു പോകാന്‍ ഒരു കച്ചിത്തുരുമ്പ് പോലുമില്ലാതെ ഒറ്റപ്പെട്ടു.
ജീവിച്ചു തീര്‍ക്കാനുള്ള കാലം മാത്രം പിന്നെയും ബാക്കിയായി. പൂര്‍ണമായും ഒറ്റപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. പിന്നീട് രണ്ട് പെണ്മക്കളും സൈനബയുമായി ജീവിതം കരകയറ്റാന്‍ പരീത് എന്ന മനുഷ്യന് നടത്തിയ അതിജീവനത്തിന്റെ കഥയാണിത്. ജീവിത പ്രതിസന്ധികളില്‍ കൈപിടിച്ചു കയറ്റാന്‍ ആരുമില്ലാത്ത ഒരായിരം മനുഷ്യരുണ്ടിവിടെ. അവരുടെ അതിജീവനപാഠങ്ങള്‍ പങ്കുവെക്കേണ്ടതുണ്ട്. അത് അവനവനു വേണ്ടി ജീവിക്കാന്‍ മറന്നുപോയ മനുഷ്യരോടുള്ള കരുതലാണ്.
ഓര്‍മ്മകളില്‍ മുഴുവന്‍ പട്ടിണിയുടെ വേദനയാണ്
കേരള സംസ്ഥാനം നിലവില്‍ വന്ന 1956ല്‍ ആണ് പരീതിന്റെ ജനനം. കാണുന്നതും തൊടുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്ന കാലത്തിനുമീതേ ജനാധിപത്യത്തിന്റെ പുതിയ കൊടിക്കൂറകള്‍ ഉയര്‍ന്നു പാറിയ സമയം. മണ്ണില്‍ കാലുറച്ച് നടക്കുന്ന കാലത്താണ് മറ്റൊരു ചരിത്രസംഭവം കൂടെ നടന്നത്. ഇന്ത്യയില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇ.എം.എസ്. മുഖ്യമന്ത്രിയുമായി. സാമൂഹിക മാറ്റങ്ങളുടെ കാലം കൂടെയായിരുന്നു അത്.
കാലത്തിന്റെ പുരോഗതി അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് എത്തുന്നത് വീണ്ടും രാപ്പലുകള്‍ ഏറെ കഴിഞ്ഞിട്ടാണ്. സൂര്യന് ഉദിക്കുന്നത് മുതല്‍ അസ്തമിക്കുന്നത് വരെ അധ്വാനമാണ്. എങ്കിലും വിശപ്പിനോട് ജയിക്കാന്‍ അതിനൊന്നും ആകുമായിരുന്നില്ല. അങ്ങനെയാണ് ചെറിയ പ്രായത്തിലെ സഹായിയായി ഉപ്പയുടെ കൂടെ അന്നത്തിനായി പാടത്തേക്ക് ഇറങ്ങിയത്. പിന്നീടങ്ങോട്ട് എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ വയര്‍ നിറക്കാനുള്ള പോരാട്ടമായിരുന്നു. പാടത്ത് ചോര നീരാക്കി അധ്വാനിച്ചാല്‍ പോലും പലപ്പോഴും പാട്ടം കൊടുക്കാനുള്ള പൈസ പോലും കിട്ടാറില്ല. വീട്ടില്‍ വളര്‍ത്തുന്ന പശുവായിരുന്നു ആകെയുള്ള ആശ്വാസം.
കഞ്ഞിയും ചുട്ട പപ്പടവുമാണ് ഏറ്റവും ആഡംബരമായി അക്കാലത്ത് കഴിച്ച ഭക്ഷണം. അതും കഞ്ഞിയില്‍ നിന്ന് ഒരുവറ്റ് എങ്കിലും കിട്ടിയാല്‍ ലോട്ടറി അടിച്ച സന്തോഷമാണ്. കാലം മാറുന്നതിന് അനുസരിച്ച് കൂടപ്പിറപ്പുകള്‍ പലവഴിക്കായി. പാടത്തുനിന്നും പഠിച്ച പാഠങ്ങള്‍ ജീവിത പ്രാരാബ്ധങ്ങളെ അതിജീവിക്കാന്‍ മതിയാകാതെ വന്നു. അങ്ങിനെയാണ് മറ്റൊരു ജീവിതമാര്‍ഗം എന്ന ആശയം മനസ്സില്‍ വന്നത്. അത് ചെന്നെത്തിയത് താറാവുകൃഷിയില്‍ ആയിരുന്നു. ഉമ്മ വളര്‍ത്തിയ നാലു താറാവുകളാണ് അതിലേക്ക് വഴികാട്ടിയത്. പക്ഷെ അവിടെയും പണം ഒരു പ്രതിസന്ധിയായി. ഉപ്പയുടെ അവസാന കരുതലായ ചില്ലറത്തുട്ടുകള്‍ വരെ ഉപയോഗിച്ചും കടം വാങ്ങിയും ചെറിയ രീതിയില്‍ താറാവ് വളര്‍ത്തല്‍ തുടങ്ങി.
വെല്ലുവിളികള്‍ നിറഞ്ഞ കാര്‍ഷികജീവിതം
ഉപ്പയുടെ കൃഷി അനുദിനം കടുത്ത പ്രതിസന്ധിയിലേക്ക് പോയതും ആ കാലത്താണ്. പൊതുവെ വിളകള്‍ക്ക് വില ലഭിക്കാത്ത കാലം കൂടെയായിരുന്നു അത്. പ്രായവും സാമ്പത്തിക ബുദ്ധിമുട്ടുകളും അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. കാലമങ്ങനെ ഓരോ ദിവസവും ഓരോ പ്രതിസന്ധികളെ ജീവിതത്തിന് മുന്നില്‍ കൊണ്ട് ഇട്ടുകൊണ്ടേയിരുന്നു. എങ്കിലും അക്കാലത്ത് കഠിനാധ്വാനം കൊണ്ട് പരീതിന് ചെറിയ തോതില്‍ എങ്കിലും മുന്നേറാന്‍ സാധിച്ചു. അതിലൂടെ ഏറെക്കുറേ ഉപ്പയ്ക്ക് താങ്ങാവാനും കഴിഞ്ഞു. ആ ഇടയ്ക്കാണ് സൈനബയെ വിവാഹം കഴിക്കുന്നത്.
ജീവിതത്തിന്റെ പാതിയായ സൈനബ തന്നെയാണ് പിന്നീട് താറാവുകൃഷിയില്‍ സഹായി ആയതും. അതിരാവിലെ എഴുന്നേറ്റ് കൂടു തുറക്കുന്നത് മുതല്‍ പാതിരാ വരെ താറാവുകൂട്ടങ്ങളുടെ കൂടെ ഇരുവരും ഉണ്ടാകും. അതിനിടക്ക് വേണം വീട്ടിലെ മറ്റ് കാര്യങ്ങള്‍ കൂടെ ചെയ്യാന്‍. രണ്ട് പെണ്മക്കള് കൂടെ അവര്‍ക്ക് കൂട്ടായി വന്നു. അതോടെ അവരുടെ ജീവിതത്തിലും വെളിച്ചം വന്നു തുടങ്ങിയിരുന്നു. താറാവുമുട്ട വാങ്ങാന്‍ എപ്പോഴും ആവശ്യക്കാര്‍ ഉണ്ടാകും. എങ്കിലും അമിതലാഭം വാങ്ങാതെയുള്ള വില്‍പ്പന ആയതിനാല്‍ പരീതിന് വളരെ വേഗം നല്ല പേര് സമ്പാദിക്കാന്‍ സാധിച്ചു. അങ്ങനെ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് താറാവുകള്‍ക്ക് അസുഖം പിടിപെടുന്നത്.
കാലുകുഴഞ്ഞ് ഒന്നിന് പുറകെ ഒന്നായി ചത്തുവീണത് ഓര്‍ക്കുമ്പോള്‍ ഇന്നും ആ കണ്ണില്‍ നനവ് പടരുന്നുണ്ട്. പകുതിയോളം താറാവുകളെയാണ് പേരറിയാത്ത മഹാമാരി കൊണ്ടുപോയത്. മിക്കവയും ചത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് അധികാരികള്‍ അവിടെ എത്തുന്നത്. അപ്പോഴേക്കും വലിയ കുഴിയെടുത്ത് എല്ലാത്തിനെയും അതിലിട്ട് കത്തിച്ചുകളഞ്ഞിരുന്നു. എരിഞ്ഞടങ്ങിയത് തന്റെ ജീവിതം കൂടെയാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. മനസില്‍ നിസ്സഹായതയുടെ ഇരുട്ട് കനത്തു നിന്ന ദിവസങ്ങളായിരുന്നു പിന്നീട്. അവശേഷിച്ച താറാവുകളെ കിട്ടുന്ന വിലക്ക് വിറ്റു. അതില്‍ നിന്നാണ് ഏറെ നാള് കഞ്ഞിക്കുള്ള വക കിട്ടിയത്. വൈകാതെ അതും തീര്‍ന്നു. മണ്ണിനെയും പ്രകൃതിയെയും അത്രമേല്‍ സ്നേഹിച്ചിരുന്ന പരീതിന് മറ്റൊരു മേഖലയില്‍ ജോലി ചെയ്യുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു.
അന്നം തേടലാണ് ജീവിതം
അറിയാവുന്നതും അല്ലാത്തതുമായ ഒട്ടേറെ നാട്ടുപണികള്‍ ചെയ്തു. പക്ഷെ ഒന്നിലും കാലുറപ്പിച്ചു നിര്‍ത്താനായില്ല. അതിന് പ്രധാനകാരണം മനസ്സ് അപ്പോഴും കൃഷിയിലായിരുന്നു എന്നത് തന്നെയാണ്. എന്നാല്‍ കൃഷിക്കായുള്ള മൂലധനം ഇല്ലാത്തത്ത് കൊണ്ട് ആ ചിന്ത എന്നെക്കുമായി കുഴിച്ചു മൂടി. ഒന്നിന് പുറകെ ഒന്നായി ജീവിതത്തില്‍ പ്രതിസന്ധികളുടെ ഇരുണ്ടദിനങ്ങളായിരുന്നു. വിശപ്പിന്റെ മൂര്‍ധന്യത്തില്‍ നിന്നാണ് പുതിയ ചിന്ത വന്നത്. അങ്ങനെയാണ് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന പാലക്കല്‍ പാടത്തേക്ക് ചൂണ്ടയുമായി പോകുന്നത്. വീട്ടുപറമ്പില്‍ നിന്ന് മണ്ണിരയും എടുത്ത് അതി രാവിലെതന്നെ ചൂണ്ടയുമായി നേരെ പാടത്തേക്ക് പോകും.
മണ്ണിര കോര്‍ത്ത് ചൂണ്ട വെള്ളത്തിലേക്കിട്ട ശേഷം പിന്നെയൊരു കാത്തിരിപ്പാണ്. വിശപ്പും ദാഹവും ആകെ വലയ്ക്കുമെങ്കിലും അന്നത്തിനുള്ള വക കിട്ടാതെ ചൂണ്ടയില്‍ നിന്ന് കൈവിടില്ല. കാരണം വിശന്ന് പൊരിയുന്ന മൂന്ന് വയറുകള്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്. ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ കാരിയോ, ബ്രാലോ കിട്ടും. അതുമായി നേരെ ആവശ്യക്കാരെ തിരഞ്ഞ് ആലുവ പറവൂര്‍ റോഡിലേക്ക് പോകും. അവിടെയൊരു കാത്തിരിപ്പിന്റെ ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം.
പരീതിന്റെ കയ്യിലെ ജീവന് തുടിക്കുന്ന മീനിന് ആവശ്യക്കാര്‍ ഏറെയാണ്. 200 മുതല്‍ 400 രൂപവരെ പരമാവധി കിട്ടും. എന്നാല്‍ പല ദിവസങ്ങളിലും ചൂണ്ടയില്‍ പ്രതീക്ഷയ്ക്കുള്ള വകയൊന്നും കിട്ടറില്ല. മിക്ക ദിവസങ്ങളിലും അത് തന്നെയാണ് അവസ്ഥ. ആ ഇടക്കാണ് പെണ്മക്കളുടെ കല്യാണവും നടക്കുന്നത്. നാട്ടുകാരും കുടുംബവും അതിനായി ഒന്നിച്ചു കൈകോര്‍ക്കുകയായിരുന്നു. വരുമാനം കുറഞ്ഞതും പ്രാരാബ്ധങ്ങളും ജീവിതം വീണ്ടും സൈനബയ്ക്കും പരീതിനും മുന്നില്‍ വലിയ ചോദ്യചിഹ്നമായി നിന്നു. പാടങ്ങള്‍ക്ക് മുകളില്‍ വികസനത്തിന്റെ പാറമണലുകള് വീണതോടെ മത്സ്യസമ്പത്ത് പകുതിയായി കുറഞ്ഞു. മിക്ക ദിവസങ്ങളിലും ഒഴിഞ്ഞകീശയും വിശന്നു ചുരുങ്ങിയ വയറുമായാണ് പരീത് വീട്ടിലേക്ക് തിരിക്കുന്നത്. ജീവിത സായാഹ്നത്തില്‍ ആ മനുഷ്യരുടെ അവസ്ഥയാണിത്. എങ്കിലും ഒരുറപ്പുമില്ലാത്ത അന്നത്തിന് വേണ്ടി പ്രതീക്ഷയോടെ അദ്ദേഹം കാത്തിരിക്കുന്നുണ്ട്.
പാലക്കല്‍ കാരുകുന്നില്‍ താമസിക്കുന്ന പരീതിന്റെ മാത്രം അവസ്ഥയല്ലിത്. ഓര്‍മ്മവച്ച കാലം മുതല്‍ പ്രാരാബ്ധങ്ങളുടെ ചുഴിയില്‍ അകപ്പെട്ട്, ജീവിത സന്ധ്യകളില്‍ ഒറ്റപ്പെട്ടുപോകുന്ന അനേകം മനുഷ്യരുണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് പരീത്. സമാനതകളില്ലാത്ത അതിജീവനത്തിന്റെ പാഠങ്ങളാണ് ഇത്തരം ഒരോ മനുഷ്യരും. പലപ്പോഴും ആ മനുഷ്യര്‍ കാഴ്ചയില്‍ പെടുമെങ്കിലും അവരെയാരും അറിയാന്‍ ശ്രമിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. അത്തരം അശ്രദ്ധ ഒരു കാലത്തെ അടയാളപ്പെടുത്തിയ മനുഷ്യരോടുള്ള നീതികേടാണെന്ന് കൂടെ ഓര്‍ക്കേണ്ടതുണ്ട്...
content highlights: pareeth- representative unparalleled survival