• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

വേദനയ്ക്ക്‌ ഇത്ര വേദനയേ ഉള്ളൂ...! | അതിജീവനം 58

എ.വി. മുകേഷ് | mukeshpgdi@gmail.com
അതിജീവനം
# എ.വി. മുകേഷ് | mukeshpgdi@gmail.com
Oct 15, 2020, 11:16 AM IST
A A A
# എ.വി. മുകേഷ്
Shyam
X

ശ്യാം | ഫോട്ടോ: അരുണ്‍ എന്‍കോര്‍

'നിങ്ങള്‍ക്കു സാധിക്കില്ലെന്നു പറയരുത്.' 
ഒറ്റക്കാലുകൊണ്ട് സൈക്കിളില്‍ കുതിച്ചു പാഞ്ഞു വിസ്മയം സൃഷ്ട്ടിച്ച ജുവാന്‍ ജോസ് മെന്‍ഡസിന്റെ വാക്കുകളാണിത്. ഇടതുകാല്‍ പൂര്‍ണ്ണമായും നഷ്ട്ടപെട്ട അദ്ദേഹം മൂന്നു തവണയാണ് പാരാലിമ്പിക്സില്‍ പങ്കെടുത്തത്. ലോകത്തെ പ്രചോദിപ്പിച്ച വാക്കുകള്‍ അദ്ദേഹം പറയുമ്പോഴും കൈകള്‍ സൈക്കിളില്‍ മുറുകെ പിടിച്ചിരുന്നു. വലതുകാല്‍ നിലത്ത് ഊന്നി ശരീരഭാരം ക്രമപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അസാധ്യമായ ജീവിതത്തെ നിസ്സാരമായി കൈക്കുള്ളില്‍ ഒതുക്കിയ മനുഷ്യര്‍ അനേകമുണ്ട്. അത്തരമൊരു ജീവിതത്തിന്റെ പേരാണ് ശ്യാം. ചെറിയ വേദനകള്‍ക്കു മുന്നില്‍ പോലും ജീവിതത്തെ ശപിച്ചു കഴിയുന്നവര്‍ക്കുള്ള ഫലപ്രദമായ മരുന്നാണ് ശ്യാമിന്റെ ജീവിതം.

'ജനിച്ചു പത്തൊന്‍പതാം ദിവസം തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നു. മൂത്രം ശരിയായി പോകാത്തതിനാല്‍ മൂത്രനാളി വികസിപ്പിക്കാനായിരുന്നു ആ ശസ്ത്രക്രിയ. പക്ഷെ പരാജയമായിരുന്നു അത്. തുടര്‍ന്ന് വയറിന്റെ വലതുഭാഗത്തു സുഷിരമുണ്ടാക്കി പുറംതള്ളാന്‍ ശ്രമിച്ചു. അതും വിജയിച്ചില്ല. ജനിച്ച് ആകാശം കാണും മുന്‍പെ അനുഭവിക്കേണ്ടി വന്ന വേദനയാണ് ഇവയൊക്കെ.' 
'പിന്നെയും മൂത്രസഞ്ചിക്കു താഴെ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തി. അതും വേണ്ട രീതിയില്‍ ഫലം കണ്ടില്ല. എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം ട്യൂബിട്ടു മൂത്രം പുറംതള്ളുകയേ നിര്‍വാഹമൊള്ളു എന്ന് ഡോക്ടര്‍ വിധിയെഴുതി.'
'അവിടെയും ഒന്നും അവസാനിച്ചില്ല. വേദനയുടെയും നഷ്ടപെടലിന്റെയും തുടക്കം മാത്രമായിരുന്നു അത്. വലതുകാല്‍ നട്ടെല്ലുമായി ചേര്‍ന്നൊട്ടിയ നിലയിലായിരുന്നു ജനിച്ചത്. അതുകൊണ്ടു തന്നെ കാല്‍ വേര്‍പെടുത്തേണ്ടി വന്നു. ഇതിനായി മാത്രം രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്'. 

പതിനാലു തവണയാണ് ഇക്കാലത്തിനുള്ളില്‍ ശ്യാമിന്റെ ശരീരം ശസ്ത്രക്രിയകള്‍ക്കു വിധേയമായത്. മരുന്നുകള്‍കൊണ്ടു തുന്നിച്ചേര്‍ത്ത ശരീരത്തില്‍ ഇപ്പോള്‍ വേദന ഇല്ലാതാക്കാനുള്ള ഒരു മരുന്നും പ്രവര്‍ത്തിക്കുന്നില്ല. ഒടുവിലായി നടത്തിയ ശസ്ത്രക്രിയ പൂര്‍ണ്ണബോധത്തോടെയായിരുന്നു. കീറി മുറിച്ചു തുന്നിച്ചേര്‍ക്കുന്നതുവരെ ശ്യാം അസാമാന്യധൈര്യത്തോടെ കണ്ടിരുന്നു. വേദന അത്രമാത്രം തലച്ചോറിനു ശീലമായിട്ടുണ്ട്. എല്ലാത്തിലുമുപരി സ്വയം പാകപ്പെടുത്തിയെടുത്ത കരുത്തുറ്റ ഒരു മനസ്സുകൂടെയുണ്ട് അദ്ദേഹത്തിന്. മുന്നോട്ടുള്ള ഒരോ കാഴ്ച്ചയും സാധ്യമാക്കുന്നത് ആ മനസ്സാണ്.

Shyam
ശ്യാം | ഫോട്ടോ: കൃഷ്ണ ഫൊട്ടോഗ്രഫി

വേദനയുടെ പാഠങ്ങള്‍

തിരുവനന്തപുരം കാവനാട് ഗ്രാമത്തിലാണ് ശ്രീകുമാറിന്റെയും സരള കുമാരിയുടെയും മൂത്ത മകനായി ശ്യാം ജനിക്കുന്നത്. മണ്ണില്‍ കാലുകുത്തും മുമ്പേ വലതുകാല്‍ നഷ്ടപ്പെട്ടിരുന്നു. കണ്ണു തുറന്നതു വേദനയുടെ ലോകത്തേക്കാണെന്നു വൈകാതെതന്നെ അവന്‍ തിരിച്ചറിയുകയായിരുന്നു. ഈഴക്കോണം മഞ്ചാടി എല്‍.പി. സ്‌കൂളിലായിരുന്നു ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. വിദ്യാലയജീവിതവും നിറം മങ്ങിയ ഓര്‍മ്മയാണ്. ഒറ്റപ്പെടുത്തലും അവഗണനയും മാത്രമാണ് ആ ഓര്‍മ്മത്താളുകളിലുള്ളത്. 

അമ്മ എടുത്തുകൊണ്ടാണു വിദ്യാലയത്തില്‍ കൊണ്ടുപോയിരുന്നത്. ക്ലാസ്സു കഴിയുന്നതുവരെ നിഴലായി ജനലിനു പുറത്ത് അമ്മയുണ്ടാകും. ഓരോ രണ്ടു മണിക്കൂറിനുള്ളിലും മൂത്രം പുറത്തേക്കു വരുന്ന അവസ്ഥയായിരുന്നു. മിക്കസമയങ്ങളിലും അത് സ്വാഭാവികമായി പുറത്തേക്കു പോകും. അതുകൊണ്ടുതന്നെ മറ്റുകുട്ടികളെല്ലാം ശ്യാമിനെ അകറ്റി നിര്‍ത്തുകയായിരുന്നു. കളിയാക്കലും ഒറ്റപ്പെടുത്തലും സഹിക്കാവുന്നതിലും അപ്പുറമായപ്പോഴും പഠനം മുടങ്ങാതിരിക്കാന്‍ ശ്യാമിനെപോലെ കുടുംബവും പ്രത്യേകം ശ്രദ്ധിച്ചു.

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രണ്ടു തവണയാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ആദ്യവര്‍ഷം ക്ലാസുകള്‍ മുടങ്ങിയതിനാല്‍ രണ്ടു വര്‍ഷം ഒന്നാം ക്ലാസ്സില്‍ പഠിക്കേണ്ടി വന്നു. പക്ഷെ മറ്റൊരര്‍ത്ഥത്തില്‍ അത് ശ്യാമിനു ഗുണമാകുകയായിരുന്നു. അനിയത്തി സന്ധ്യയും ആ വര്‍ഷം തന്നെ വിദ്യാലയത്തില്‍ ചേര്‍ന്നു. തുടര്‍ന്നങ്ങോട്ടുള്ള ക്ലാസ്സുകളില്‍ സന്ധ്യയായിരുന്നു ശ്യാമിന്റെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നത്. ഒറ്റപ്പെടലുകളെ ഒരു പരിധിവരെ മറികടന്നത് അനിയത്തിയുടെ സാമീപ്യത്തിലൂടെയാണ്. എട്ടാം ക്ലാസ്സിലാണു കൂട്ടുകാരില്ലെന്ന വേദനയില്‍നിന്നു മോചനം ലഭിക്കുന്നത്. കൂടെയിരിക്കാനും ഒപ്പം നടക്കാനും സജിന്‍ എന്ന സഹപാഠി ചേര്‍ത്തു പിടിക്കുകയായിരുന്നു.

Shyam
ശ്യാം | ഫോട്ടോ: അരുണ്‍ എന്‍കോര്‍

സൈക്കിള്‍ മറ്റൊരു മനസ്സാണ്   

പ്രിയപ്പെട്ട കൂട്ടുകാരന്‍ സജിന്‍ തന്നെയായിരുന്നു സൈക്കിള്‍ വാങ്ങാനും പ്രചോദനമായത്. പത്താം ക്ലാസ്സില്‍ അവന്‍ സൈക്കിളില്‍ വരുന്നതു കണ്ടാണ് സൈക്കിളിനോടുള്ള ആഗ്രഹം മൊട്ടിട്ടു തുടങ്ങിയത്. ചെറുപ്പം മുതലെ കൂടെ കളി്ക്കാന്‍ ആരുമില്ലാത്തതിനാല്‍ ഒറ്റയ്ക്കു വീട്ടിനുള്ളില്‍തന്നെ ഇരിക്കാറാണു പതിവ്. അകത്തെ ജനലിലൂടെ നോക്കിയാല്‍ ദൂരെ സമപ്രായക്കാര്‍ കളിക്കുന്നതു കാണാന്‍ സാധിക്കും. ആദ്യമൊക്കെ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സങ്കടമായിരുന്നെങ്കിലും, പിന്നീടു സ്വയം മനസ്സിനെ പാകപ്പെടുത്തി. സൈക്കിള്‍ സ്‌കിഡ് ചെയ്ത് കളിക്കുന്ന കുട്ടികളുടെ രസകരമായ കാഴ്ചകള്‍ വലിയ പ്രതീക്ഷയാണു നല്‍കിയത്.

അധികനാള്‍ ആ കാഴ്ച ജനലിലൂടെ കണ്ടുകൊണ്ടിരിക്കാന്‍ ശ്യാം തയ്യാറായിരുന്നില്ല. കൃത്രിമക്കാലുമായി അവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്കരികിലേക്കെത്തി. സുഹൃത്തിന്റെ സൈക്കിള്‍ വാങ്ങി സാധിക്കും വിധം ഓടിച്ചു. വാനോളമായിരുന്നു അന്നുണ്ടായ ആഹ്ലാദം. എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരു സൈക്കിള്‍ സ്വന്തമാക്കണമെന്ന് ശ്യാം അന്നു മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു. വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീടു നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങേണ്ടിവന്നു. അന്നേവരെ സ്വരുക്കൂട്ടി വച്ച പെന്‍ഷന്‍ പൈസയെടുത്ത് അങ്ങനെ സൈക്കിള്‍ എന്ന സ്വപ്നം സാധ്യമാക്കി.

പിന്നീടങ്ങോട്ടു കഠിനമായ പരിശീലനമായിരുന്നു. കൃത്രിമക്കാല്‍ സൈക്കിള്‍ പെടലില്‍നിന്നു വിട്ടുപോകാതിരിക്കാന്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചു. എണ്ണമറ്റ തവണയാണു വീണതും മുറിവേറ്റതും. എന്നാല്‍ വേദനയ്ക്കു പകരം ഓരോ വീഴ്ചയും കൂടുതല്‍ കരുത്താണ് ശ്യാമിനു നല്‍കിയത്. അത്രമേല്‍ ശക്തമായിരുന്നു അവന്‍ കണ്ട സ്വപ്‌നങ്ങള്‍. ആ പ്രയത്‌നം പക്ഷെ കണ്ടുനിന്ന പലരിലും പരിഹാസം നിറച്ചു. അതു താങ്ങാനാവാതെ വന്നതോടെ പരിശീലനം രാത്രിയിലാക്കി. മിക്ക ദിവസങ്ങളിലും ഏറെ വൈകുംവരെ അതു തുടര്‍ന്നു. വൈകാതെതന്നെ പരിഹസിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് തെരുവിലൂടെ സൈക്കിള്‍ ഓടിച്ചു. അതും അസാധ്യമായ വേഗതയില്‍. തളര്‍ന്ന് അവശനായി ആശുപത്രിയില്‍നിന്നു വീട്ടിലേക്കു വന്നിരുന്ന വഴികളിലൂടെ അവനിപ്പോള്‍ സൈക്കിളില്‍ കുതിച്ചു പായുന്നുണ്ട്. പാരാലിമ്പിക്സ് എന്ന സ്വപ്നദൂരമാണ് ജീവിതലക്ഷ്യം.

Shyam
ശ്യാം | ഫോട്ടോ: കൃഷ്ണ ഫൊട്ടോഗ്രഫി

അമ്മയും പ്രതീക്ഷകളും

അടച്ച മുറിക്കുള്ളില്‍നിന്നു ഒറ്റയ്ക്കു പുറത്തു പോകാന്‍ തുടങ്ങിയപ്പോഴാണു ചുറ്റുമുള്ള ജീവിതങ്ങള്‍ കുറെകൂടി അടുത്തു കണ്ടത്. പല മനുഷ്യരും തന്നെപ്പോലെ സമാനവേദനകള്‍ സഹിച്ചു ജീവിക്കുന്നവരാണെന്നു മനസിലാക്കിയതും അത്തരം യാത്രകളാണ്. സാധ്യമാകുംവിധം അത്തരം മനുഷ്യരെക്കൂടെ സഹായിക്കണം എന്ന ചിന്തയായിരുന്നു പിന്നീട്. നാട്ടിലെ സാംസ്‌കാരിക സംഘടനകളുടെ ഭാഗമായി  പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. പ്രളയ സമയത്ത് വളണ്ടിയറായും പ്രവര്‍ത്തിച്ചിരുന്നു.

ഇക്കാലങ്ങളിലാണ് ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സേവ് ആലപ്പാട്ട് എന്ന ക്യാമ്പയിന്‍ നടത്തുന്നത്. ആലപ്പാട്ടെ സമരഭൂമിയിലേക്ക് സൈക്കിള്‍ റൈഡിനായിരുന്നു അവരുടെ അഹ്വാനം.  നൂറു കിലോ മീറ്ററില്‍ അധികമുണ്ടെങ്കിലും മറിച്ചൊന്നും ചിന്തിക്കാതെ ശ്യാം തയ്യാറാവുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും മൂത്രം പോകാനായി സജ്ജമാക്കിയ ട്യൂബ് കാലില്‍ ഉരഞ്ഞു രക്തം വരാന്‍ തുടങ്ങി. 
തീരദേശ റോഡിലൂടെയുള്ള യാത്രയായതിനാല്‍ പൊള്ളുന്ന കടല്‍ക്കാറ്റ് ആ ദുരിതം ഇരട്ടിച്ചു. എന്തൊക്കെ വന്നാലും പിന്മാറില്ല എന്നു മനസ്സില്‍ ഉറപ്പിച്ചു മുന്നോട്ടുതന്നെ ചവിട്ടി. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രി 12 മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും തുടയിലെ തൊലിയെല്ലാം ഉരഞ്ഞു രക്തം കിനിയുന്നുണ്ടായിരുന്നു. ആരോടും പറയാതെ എല്ലാം ഒറ്റയ്ക്കു വൃത്തിയാക്കി. 12 മണിക്കൂര്‍ കൊണ്ടു താന്‍ പിന്നിട്ട 220 കിലോ മീറ്റര്‍ മാത്രമായിരുന്നു മനസ്സില്‍.

അമ്മയും സൈക്കിളും ഉണ്ടെങ്കില്‍ ലോകത്തിന്റെ ഏതറ്റം വരെയും പോകാം എന്ന ആത്മവിശ്വാസത്തിലാണ് ഇന്ന് ശ്യാം. ഹിമാലയന്‍ റൈഡാണു മനസിലെ മറ്റൊരു സ്വപ്നം. പാരാലിമ്പിക്സില്‍ സൈക്കിളിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കണം എന്നതാണു പ്രധാന ലക്ഷ്യം. ആ ദൂരത്തിലേക്കുള്ള ഓട്ടത്തിലാണ് ശ്യാം. മുന്നിലെ പ്രതിസന്ധികള്‍ മലപോലെയാണ്. 32 ഗുളികകള്‍ കഴിക്കണം ഒരു ദിവസം. മറ്റ് ആശുപത്രി ചിലവുകള്‍ വേറെയും. സാമ്പത്തികമായി ഒരു കൈത്താങ്ങ് കിട്ടാതെ പാരാലിമ്പിക്സ് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ സാധിക്കില്ല. എല്ലാ പ്രതിസന്ധികളും അവസാനിക്കും എന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ശ്യാം. വേദനയുടെ ആഴങ്ങളില്‍നിന്നു പിടയുമ്പോഴും ചിരിച്ചു കൊണ്ട് അവന്‍ പറയുന്നത് വേദനക്ക് ഇത്ര വേദനയേയുള്ളു എന്നാണ്...!

Content Highlights: pain has liitle effect on Shyam, the cyclist | Athijeevanam 58

PRINT
EMAIL
COMMENT

 

Related Articles

ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Social |
Social |
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Social |
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Social |
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
 
  • Tags :
    • Athijeevanam
More from this section
Bindu
ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Arunukhan
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Bindu
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Delhi Chalo
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
Ananadan
കണ്ണിലെ ഇരുട്ടിനു മുന്നില്‍ മണ്ണില്‍ നൂറു മേനി കൊയ്ത് അനന്ദന്‍ | അതിജീവനം 61
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.