കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് വീട്ടില്‍ നിന്നും കുഞ്ഞു മുനീസ പുറത്തേക്ക് ഓടി ഇറങ്ങിയത്. കണ്ണില്‍ ഇരുട്ടാണെങ്കിലും അകക്കണ്ണിന്റെ വെളിച്ചം അവളില്‍ നന്നായിട്ടുണ്ട്. പുറത്ത് കൂട്ടുകാരികള്‍ സന്ദോഷം കൊണ്ട് ആര്‍ത്തു വിളിക്കുകയാണ്. അവരില്‍ ആരോ ആണ് പറഞ്ഞത്, കശുവണ്ടിക്ക് മരുന്ന് തളിക്കുന്ന ഹെലികോപ്റ്റര്‍ ആണതെന്ന്. ആ വലിയ ശബ്ദം മറയുന്നത് വരെ അവള്‍ വീട്ടുമുറ്റത്തു ചെവി വട്ടംപിടിച്ചുനിന്നു. പിന്നീട് കൂട്ടുകാരികളില്‍ ഓരോരുത്തരായി അവരവരുടെ ഹെലികോപ്റ്റര്‍ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം സസൂക്ഷമതയോടെ മുനീസ കേട്ടിരുന്നു. കാരണം അവരൊക്കെയാണ് ഓരോന്നിന്റെയും കാഴ്ച മുനീസയുടെ മനസ്സില്‍ ഉറപ്പിച്ചത്. അവരില്‍ ചിലര്‍ ഹെലികോപ്റ്റര്‍ പോകുമ്പോള്‍ താഴേക്ക് വീഴുന്ന മരുന്ന്, മഴപോലെ കൊള്ളാറുണ്ടത്രെ. മറ്റ് ചിലര്‍ക്ക് കിണറ്റിലെ വെള്ളത്തിലേക്കും കുളത്തിലേക്കും മുകളില്‍ നിന്ന് വീഴുന്നത് കാണാനാണത്രെ ഇഷ്ടം. കാഴ്ച ശക്തി കിട്ടിയാല്‍ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് മഴ കാണലാണെന്ന് മുനീസ മനസ്സില്‍ കുറിച്ചിട്ടത് ഓര്‍ത്തെടുത്തു.
ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് മഴപോലെ വന്നിരുന്നത് വിഷമാണെന്ന് അറിയാതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവര്‍ ആവോളം നനഞ്ഞിരുന്നു. വൈകല്യങ്ങളുടെ മഹാമാരിയായിരുന്നു പിന്നീട്. മരണം കയ്യകലത്തുനിന്ന് കാസര്‍കോട് ജില്ലയെ അടിമുടി വിറപ്പിച്ചുകൊണ്ടേ ഇരുന്നു. തല മാത്രമുള്ള കുട്ടികള്‍ പോലും ജനിച്ചു, മരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മുനീസയും തിരിച്ചറിഞ്ഞു തന്റെ കാഴ്ചയും എടുത്തത് എന്‍ഡോസള്‍ഫാന്‍ ആണെന്ന സത്യം. പിന്നീടങ്ങോട്ട് ഇന്നുവരെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഏടുകളാണ് അവരുടെ ജീവിതം. മുനീസയിലൂടെ പറയുന്നത് ഒരു ജനസമൂഹത്തിന്റെ ജീവിതത്തിന് മുകളില്‍ ഭരണകൂടം പെയ്യിച്ച വിഷമഴയുടെ കഥയാണ്. ഇവിടെ കഥയും കഥാപാത്രങ്ങളും ഭരണകൂടത്തിന് തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം കാലം സാങ്കല്‍പികമായി തോന്നിയേക്കാം. അത് തന്നെയാണ് അനുദിനം ഉരുകി തീരുന്ന ഈ ജനതയോട് നമ്മള്‍ ചെയ്ത അനീതിയും.
മനുഷ്യനെ ഭരണകൂടം മറന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ ലോക മാതൃക ൂടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. മരിക്കാതെ മരിച്ച് ദുരിതം പേറുന്ന ആയിരക്കണക്കിന് മനുഷ്യരുടെ മുഖങ്ങളിലുണ്ട് ഭരണകൂട ഭീകരതയുടെ യഥാര്‍ഥമുഖം. ആരോഗ്യ വകുപ്പ് സര്‍വ്വെ തന്നെ വ്യക്തമാക്കുന്നത് നാനൂറിലേറെ പേര്‍ മരണപ്പെട്ടു എന്നും, രണ്ടായിരത്തില്‍ ഏറെ പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശങ്ങള്‍ ഉണ്ടെന്നുമാണ്. പലപ്പോഴായി നടത്തിയ സര്‍വേകള്‍ വ്യാജമാണെന്നും സത്യസന്ധമായി നടത്തണം എന്നുമുള്ള മുറവിളികള്‍ക്ക് ഒടുവില്‍ വന്ന കണക്കാണ് ഇത്. ഇരകളുടെഎണ്ണം പോലും ബഹുരാഷ്ട്ര കമ്പനി തീരുമാനിക്കുന്ന തരത്തില്‍ സര്‍ക്കാരുകള്‍ വഴങ്ങി കൊടുകുകയായിരുന്നു.
മനുഷ്യാവകാശമെന്ന വാക്ക് പോലും ഇവിടെ പ്രഹസനമാണ്. കണ്ണു നനയാതെ കാണാന്‍ സാധിക്കില്ല, അതിര്‍ത്തിഗ്രാമത്തിലെ മനുഷ്യജീവനുകളെ. നൂറ് ശതമാനം ഭരണകൂടനിര്‍മിതമായ ദുരന്തമാണ് കാസര്‍കോട്ട് ഉണ്ടായത്. അവരുടെ കൂടെ നിന്നവരും കൂടെ കൂട്ടിയവരും രംഗം വിട്ട് ഒഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ദുരിതം പേറുന്ന കുറച്ച് മനുഷ്യര്‍ മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ ഇരകള്‍ തന്നെ നീതിക്കായി സമരം നടത്തേണ്ടി വരുന്നു എന്നതാണ് ഇപ്പോഴത്തെ ദയനീയഅവസ്ഥ. അതീവ സൂക്ഷ്മതയോടെ വേണം ഓരോ രോഗബാധിതനെയും കൈകാര്യം ചെയ്യാന്‍. എന്നാല്‍ അത്തരം രോഗികളുമായാണ് കാസര്‍കോട്ടെ അമ്മമാര്‍ നീതിക്കായി പലതവണ നിയമസഭയിലേക്ക് വണ്ടി കയറേണ്ടി വന്നതും. ഓരോ തവണയും നടക്കാത്ത പ്രഖ്യാപനങ്ങള്‍ നല്‍കി ക്രൂരമായി വഞ്ചിക്കുകയാണ് വീണ്ടും ഭരണകൂടം.
യാഥാര്‍ഥ്യം ഇതൊക്കെയാണെങ്കിലും ഇന്ന് ആ ജനത ഒറ്റയ്ക്കല്ല. അകക്കണ്ണ് കൊണ്ട് മുന്നില്‍നിന്ന് നയിക്കാന്‍ മുനീസയുണ്ട്. തീര്‍ത്തും അവശത അനുഭവിക്കുന്നവര്‍ക്കായി കാഞ്ഞങ്ങാട് സ്‌നേഹവീട് എന്ന ആശ്രയ ഭവനമൊരുക്കിയിട്ടുണ്ട് . മുപ്പതോളം കുട്ടികള്‍ക്ക് സ്‌നേഹവീട് തണലൊരുക്കിയിട്ടുണ്ട്. അതിനെ മുന്നോട്ട് നയിക്കുന്നതിന്റെ അമരത്തിരിക്കുന്നതും മുനീസയാണ്. ഒപ്പം നീതിക്കുവേണ്ടിയുള്ള അവസാനിക്കാത്ത സമരങ്ങളും അവരുടെ ദിനചര്യയാണ്. അകക്കാഴ്ചകൊണ്ട് അതിജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് നിസ്സഹായതയുടെ ഉള്‍ക്കടലില്‍ തിരയനക്കം പോലുമില്ലാതെ നിശ്ചലമായിപ്പോയ ജനതയെയാണ്.

അകക്കണ്ണിലെ അക്ഷരങ്ങള്‍
കാഞ്ഞങ്ങാട്ടെ അമ്പലത്തറ ഗ്രാമത്തില്‍ ഹസൈനാരുടെയും നബീസയുടെയും മകളായാണ് മുനീസ ജനിച്ചത്. ലോകം അവളെ കണ്ടെങ്കിലും കാഴ്ചയുടെ ലോകം മുനീസക്ക് അന്യമായിരുന്നു. പിന്നീട് കേള്‍വിയിലൂടെയാണ് അവള്‍ അന്യമായ ലോകത്തേക്ക് കാലുറപ്പിച്ചത്. അതിന് സാങ്കേതികമായി പ്രാപ്തയാക്കിയത് വിദ്യാനഗര്‍ അന്ധവിദ്യാലയമായിരുന്നു. താമസിച്ചു പഠിക്കുന്ന രീതിയായിരുന്നു അവിടെ. കണ്ണീരോടെ ഉമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും വിട്ടുമാറി അവള്‍ അവിടെ ഒറ്റയ്ക്കായി. അന്നേവരെ അകക്കണ്ണില്‍ കണ്ടു ശീലിച്ച വഴികള്‍ക്കും വിശ്രമമുറികള്‍ക്കും പകരം പുതിയസ്ഥലങ്ങളും പുതിയരീതികളുമായി.
ജീവിതം എന്തായിത്തീരുമെന്ന് ഉള്‍ക്കൊള്ളാനാവാത്ത പ്രായത്തില്‍ ആ ഒറ്റപ്പെടല്‍ കരഞ്ഞു തീര്‍ത്തു. വാര്‍ഡന്റ ശകാരം കൂടെ ആയപ്പോള്‍ കണ്ണിലെ ഇരുട്ട് ജീവിതത്തിലും പടര്‍ന്നു. ആകെ ഉണ്ടായിരുന്നത് സമാന പ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന സഹപാഠികള്‍ മാത്രമായിരുന്നു. നല്ല ആഹാരം പോലുമില്ലാതെ നാളുകള്‍ ഇരുണ്ടുനീങ്ങി. പഴയതും കേടുവന്നതുമായ അരികൊണ്ടുണ്ടാക്കുന്ന ചോറിന്റെ ഗന്ധം ഇന്നും മനസ്സില്‍ ഉണ്ട്. പട്ടിണി കിടക്കാന്‍ ശീലിപ്പിച്ചതും ആ ദുര്‍ഗന്ധമായിരുന്നു. കാഴ്ചയില്ലാത്ത ഭരണകൂടങ്ങള്‍ കാഴ്ചയില്ലാത്ത മനുഷ്യരെ പരിഗണിക്കുന്നത്തിന്റെ രീതിയും അന്നുമുതല്‍ ആ ദുര്‍ഗന്ധത്തിലൂടെ തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു.
ഓരോ സ്‌കൂള്‍ അവധികളിലും വീട്ടില്‍ പോകുമ്പോള്‍ കൂടുതുറന്നിട്ട തത്തയുടെ മനസ്സായിരുന്നു. തിരികെ എത്തിയാല്‍ വീണ്ടും അടുത്ത അവധിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. അതങ്ങനെ വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. ബ്രെയില്‍ ലിപിയുടെ സഹായത്തോടെ തൊട്ടറിഞ്ഞ അക്ഷരങ്ങള്‍ മനസ്സില്‍ പതുക്കെ വേരുകള്‍ ആഴ്ത്താന്‍ തുടങ്ങി. കഥകളും,കവിതകളും അവളില്‍ പുതിയൊരു മുനീസയെത്തന്നെ സൃഷ്ടിച്ചെടുത്തു. ആകാശവാണിയായിരുന്നു മറ്റൊരു ലോകകാഴ്ച സാധ്യമാക്കിയത്. രാവിലെ 5.50 തുടങ്ങുന്ന സുഭാഷിതം മുതല്‍ വൈകും വരെ അവളുടെ ദിനങ്ങളെ സമ്പുഷ്ടമാക്കിയതില്‍ വലിയ പങ്ക് റേഡിയോക്കുണ്ട്. അക്ഷരങ്ങള്‍ക്ക് കൂടുതല്‍ തെളിമ കിട്ടിയതും അവിടെനിന്നുതന്നെ.
എന്‍ഡോസള്‍ഫാന് എതിരെയുള്ള പോരാട്ടങ്ങള്‍
ഏഴാം ക്ലാസ്സിനു ശേഷം അന്ധവിദ്യാലയത്തിന്റെ പടവുകള്‍ ഇറങ്ങി. അമ്പലത്തറ സര്‍ക്കാര്‍ വിദ്യാലയത്തിലേക്കാണ് അതിനു ശേഷം പോയത്. പിന്നീടായിരുന്നു യഥാര്‍ത്ഥപരീക്ഷണം ആരംഭിക്കുന്നത്. കാഴ്ചയുള്ളവരുടെ ലോകത്ത് അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടു. അന്നേവരെ ശീലിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പഠനരീതികള്‍ കൂടെ ആയതോടെ പൂര്‍ണമായും വലഞ്ഞു. മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒപ്പമെത്താന്‍ കണ്ണിലെ ഇരുട്ട് പലപ്പോഴും തടസ്സമായി. എന്നാല്‍ തന്മയത്ത്വത്തോടെയുള്ള ഇടപെടല്‍ കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി. ദിലീപ് മാഷ് പാഠഭാഗങ്ങള്‍ കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തു. മുംതാസും സുരഭിയും നോട്ടുപുസ്തകങ്ങള്‍ പകര്‍ത്തി എഴുതുന്നതിനു സഹായിച്ചു. അങ്ങനെ ഒരുപാട് പേര്‍ അക്ഷരങ്ങള്‍ മുനീസയില്‍ നിറയ്ക്കാന്‍ കൂടെനിന്നു.
കടന്നുപോകുന്ന കാലത്തെ മുനീസ കാഴ്ചക്കതീതമായി സധൈര്യം നേരിട്ടുകൊണ്ടേ ഇരുന്നു. അങ്ങിനെ തുടര്‍പഠനത്തിനായി കാസര്‍കോട് സര്‍ക്കാര്‍ കോളേജില്‍ എത്തി. ബി.എ. ചരിത്രവിദ്യാര്‍ഥി ആയിട്ടായിരുന്നു അക്ഷരങ്ങളുടെ പുതിയ ലോകത്തേക്ക് കടന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ കൈ നിറയെ പൂക്കള്‍ നല്‍കി മുനീസയെ സ്വീകരിച്ചു. കലാലയം മുഴുവന്‍ അവള്‍ക്ക് കണ്ണായി വഴികാട്ടി. എന്നാല്‍ ഹോസ്റ്റല്‍ സൗകര്യം അവിടെ പ്രതിസന്ധിയായി. അങ്ങിനെ ഏതാനും സുഹൃത്തുക്കളുമായി കോളേജിന് സമീപം തന്നെ താമസസൗകര്യം ഒരുക്കി.
അക്കാലങ്ങളില്‍ ആണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ആയ മധുരാജ് പകര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കുറിച്ചുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. അത് നാട്ടിലെന്നപോലെ വിദ്യാര്‍ഥികള്‍ക്കിടയിലും വലിയ ചര്‍ച്ചക്കാണ് ഇടയാക്കിയത്. സുഹൃത്തുക്കളിലൂടെയാണ് ആ ചിത്രങ്ങളില്‍ കണ്ട ദുരിതങ്ങളുടെ ആഴം മുനീസ മനസ്സിലാക്കുന്നത്. അവിടം മുതലാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്. അനുദിനം വെന്തുനീറുന്ന മനുഷ്യരുടെ വേദന ഓരോ വാര്‍ത്തകളിലൂടെ കേള്‍ക്കുമ്പോഴും മുനീസയുടെ നെഞ്ചില്‍ വേദനയുടെ തീയാളിയിരുന്നു.
പഠനത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകള്‍കളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പങ്കാളിയായി തുടങ്ങിയിരുന്നു. ഡിഗ്രി കരുതിയതിലും നന്നായി വിജയിക്കാന്‍ സാധിച്ചു. ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം എങ്കിലും കാഴ്ച അതിന് തടസ്സമാണെന്ന യാഥാര്‍ഥ്യത്തെ ചെറുപ്പത്തിലെ ഉള്‍കൊണ്ടിരുന്നു. അങ്ങിനെയാണ് അധ്യാപികയാവന്‍ തീരുമാനിക്കുന്നത്. അതിനായി കോട്ടയത്ത് ബി.എഡ് അഡ്മിഷന്‍ എടുത്തു. എന്നാല്‍ അത് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ശാരീരിക വ്യത്യസ്തതകളുള്ള മനുഷ്യരെ തിരിച്ചറിയുന്നതില്‍ ഇനിയും മലയാളി പാകപ്പെട്ടിട്ടില്ല എന്നതായിരുന്നു കാരണം. വൈകാതെ തന്നെ നിരാശയോടെ കാഞ്ഞങ്ങാടേക്ക് തിരിച്ചു.
എന്നാല്‍ സ്വപ്നങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ മുനീസ തയ്യാറല്ലായിരുന്നു. അടുത്ത ദിവസം തന്നെ കാഞ്ഞങ്ങാടുള്ള ബി.എഡ് പഠനകേന്ദ്രത്തില്‍ ചേര്‍ന്നു. അപ്പോഴും യാത്ര ഒരു പ്രതിസന്ധിയായി വന്നു. അങ്ങിനെയാണ് ചെറിയ കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുപോകുന്ന ഓട്ടോയില്‍ അവരുടെ കൂടെ പോയി വരാം എന്നു തീരുമാനിച്ചത്. ആ യാത്ര കരുതലിന്റെയും സ്‌നേഹത്തിന്റെയും നിമിഷങ്ങളാണ് മുനീസക്ക് സാധ്യമാക്കിയത്. കാരണം ഓട്ടോയിലുള്ള മറ്റ് ചെറിയ ക്ലാസ്സിലെ കുട്ടികളുമായുള്ള യാത്ര മനസ്സിനെ വീണ്ടും ചെറുപ്പമാക്കി. അവര്‍ക്ക് ഓരോ ദിവസവും പറഞ്ഞു കൊടുക്കാനുള്ള കഥയുമായിട്ടാണ് ദിവസേന വണ്ടിയില്‍ കയറുന്നത്. വൈകാതെ തന്നെ ബി.എഡ് എന്ന സ്വപ്നവും കൈപ്പിടിയിലായി.
അക്കാലത്താണ് എന്ഡോസള്ഫാന് ഇരകളെ കണ്ടെത്താന്‍ ഗ്രാമങ്ങള്‍ തോറും ക്യാമ്പുകള്‍ നടത്തിയിരുന്നത്. ശാരീരിക പ്രത്യേകതകള്‍ ഉള്ള ആളുകളെ ക്യാമ്പില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം അതത് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു. അതനുസരിച്ചാണ് അങ്കണവാടി ടീച്ചറായ പത്മാവതി മുനീസയെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. അവിടെനിന്നാണ് തന്റെ കാഴ്ച കൊണ്ടുപോയത് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ എന്‍ഡോസള്‍ഫാന്‍ ആണെന്ന് മുനീസ തിരിച്ചറിയുന്നത്. വലിയ തലയുള്ള ബോബിക്കാനത്തെ സുബിത്തും, ശരീരമാകെ വിറക്കുന്ന രഹനയുമൊക്കെ ചുറ്റും നിന്ന് ആര്‍ത്തുകരയുന്നത് പോലെ തോന്നി അപ്പോള്‍. വീട്ടിലെത്തി കുറച്ചു ദിവസം നിശ്ശബ്ദയായിരുന്നു. ഒപ്പം കാഴ്ച മറച്ച വിഷത്തോടുള്ള അടങ്ങാത്ത രോഷവും.
2012ല്‍ ആണ് ഉപ്പയുടെ സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ കുഞ്ഞികൃഷ്‌ണേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് കാസര്‍ക്കോട് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാനെതിരെ നടത്തുന്ന സമരത്തെ കുറിച്ചു പറഞ്ഞതും,സമരത്തിന് ക്ഷണിച്ചതും. അവിടെനിന്നുമാണ് അനുദിനം വേദന തിന്ന് ജീവിക്കുന്ന ഒരുപാട് മനുഷ്യരെ മുനീസ അകക്കണ്ണുകൊണ്ട് കാണുന്നത്. അവരുടെ അമ്മമാരുടെ ദുരിതങ്ങള്‍ കേള്‍ക്കുന്നത്. മിക്കവരും ആത്മഹത്യാ മുനമ്പിലാണെന്ന സത്യം തിരിച്ചറിയുന്നത്. അങ്ങിനെയാണ് ആ വേദിയില്‍ വച്ച് മനുഷ്യരെ ചുട്ടെരിക്കുന്ന വിഷത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്. തിരിച്ചു കാഞ്ഞങ്ങാടെക്ക് വണ്ടി കയറിയത് കത്തിയാളുന്ന മനസ്സുമായിട്ടായിരുന്നു.
സ്‌നേഹവീടും പ്രതീക്ഷയും
അങ്ങിനെയാണ് ഇനിയുള്ള ജീവിതം വേദനിക്കുന്ന മനുഷ്യര്‍ക്കായി മാറ്റിവക്കണം എന്ന തീരുമാനമെടുക്കുന്നത്. അതിനോടൊപ്പം ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്ന ആഗ്രഹവും മനസ്സില്‍ ശക്തമായി. തുടര്‍ന്നാണ് കാസര്‍കോട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പോകുന്നത്. ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ ഭരണകൂടത്തോട് യോജിക്കാനായിരുന്നില്ല പോയത്. മറിച്ച് യോഗ്യതക്ക് അനുസരിച്ചുള്ള ജോലിയാണ് ആവശ്യപ്പെട്ടത്. അതും നീണ്ട 12 മണിക്കൂര്‍ വരിനിന്ന്. എന്നിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. ജോലിക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. അങ്ങിനെ അതിര്‍ത്തി ഗ്രാമത്തില്‍ ദിവസവേതനത്തില്‍ അധ്യാപികയായി.
കണ്ടുതീര്‍ത്ത സ്വപ്നങ്ങള്‍ പറന്നുയരാന്‍ തുടങ്ങിയത് അവിടെനിന്നായിരുന്നു. അകക്കണ്ണിന്റെ ആഴങ്ങളില്‍ നിന്നും വിദ്യാര്‍ഥികളിലേക്ക് അക്ഷരങ്ങള്‍ അനായാസം മുനീസ പകര്‍ന്നു കൊടുത്തു. വൈകാതെ തന്നെ വിദ്യാര്‍ഥികളും മുനീസയുമായി കടുത്ത ആത്മബന്ധമായി. എന്നാല്‍ ആ ഇടയ്ക്കാണ് എന്‍ഡോസള്‍ഫാന്‍ സമരത്തിന് വലിയ ജനകീയമുഖം കൈവരുന്നത്. ഒരു നിമിഷം പോലും മാറിനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി. പലപ്പോഴായി സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തും മറ്റും പോകുന്ന സംഘത്തില്‍ മുനീസയും ഉണ്ടായിരുന്നു. പിന്നീട് നടന്ന ഒട്ടനവധി സമരങ്ങള്‍ നയിച്ചതും അവര്‍ തന്നെ. അത് താല്‍ക്കാലിക ജോലി നീട്ടി കിട്ടുന്നതിന് തടസമായി. ആഗ്രഹിച്ച ജോലി നഷ്ട്ടമായെങ്കിലും വേദനിക്കുന്ന
മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തി.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്നതാണ് ഓരോ കുടുംബവും നേരിടുന്ന പ്രധാന പ്രശ്‌നം. അതിന് വരുന്ന സാമ്പത്തിക പ്രശ്‌നത്തിന് അപ്പുറമാണ് അവരുടെ മാനസിക സംഘര്‍ഷങ്ങളെ തിരിച്ചറിയുന്നത്. അങ്ങിനെയാണ് അവര്‍ക്കായി ഒരു ഇടം വേണമെന്ന എക്കാലത്തെയും ആവശ്യം സമരസമിതി ശക്തമായി ഉന്നയിക്കുന്നത്. അതിനായി പലതവണ അധികാരകേന്ദ്രങ്ങളില്‍ ശക്തമായ സമരങ്ങള്‍ വരെ നടത്തിയിരുന്നു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. അങ്ങിനെയാണ് സ്‌നേഹം സൊസൈറ്റിക്ക് രൂപം കൊടുക്കുന്നത്. തുടര്‍ന്ന് സമീപത്തെ നാലുകുട്ടികളുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അതിന്റെ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു മുനീസ. സ്വന്തമായി ഒരു കെട്ടിടമായിരുന്നു പിന്നീടുള്ള വെല്ലുവിളി.
വൈകാതെ തന്നെ സ്‌നേഹവീടിന് കേരളം ഒറ്റക്കെട്ടായി നിന്നു. സുരേഷ്ഗോപിയും,വിദേശത്തുള്ള മറിയാമ്മ വര്‍ക്കിയും, നെഹ്‌റു കോളേജും തുടങ്ങി ഒട്ടനവധി മനുഷ്യര്‍ വേദനിക്കുന്നവര്‍ക്കായി കൈകോര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടത്
ആയിരത്തോളം മനുഷ്യര്‍ക്കാണ്. അതിന്റെ വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല എന്നത് ഇതിന്റെ പുറകിലുള്ള ഗുഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കും. അടിമുടി വിലക്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് നമ്മുടെ ഭരണ സംവിധാനങ്ങളെ ആകെ. അവിടെയാണ് ഇരകളായ ജനത നീതിക്ക് വേണ്ടി പോരാടുന്നത്. മുനീസ രോഷത്തോടെ പറഞ്ഞു നിര്‍ത്തി. വി എസിന്റെ ഇടപെടലും ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐ, നടത്തിയ പ്രക്ഷോഭങ്ങളും ഏറെക്കുറെ ഗുണം ചെയ്തിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ മനുഷ്യഇരകള്‍ ഒറ്റക്കാണ് എന്നുകൂടെ പറഞ്ഞു വെക്കുന്നുണ്ട് അവര്‍. ഒറ്റയ്ക്കാണെന്ന തോന്നല്‍ ആ മനുഷ്യര്‍ക്ക് ഒരു നിമിഷം പോലും ഉണ്ടാവാതിരിക്കാന്‍ അകകണ്ണിന്റെ വെളിച്ചവുമായി കൂടെയുണ്ട് മുനീസ.
content highlights: muneesa life of endosulfan victim and her survival